30.10.11

ദൈവത്തിന്റെ വികൃതികള് (ഒരു ഓര്മ്മക്കുറിപ്പ്)

അവര്‍ മൂന്നു പേരുണ്ടായിരുന്നു.പക്ഷേ ഞാന്‍ ആദ്യമൊക്കെ വിചാരിച്ചിരുന്നത് ഒരാളേ ഉള്ളു എന്നാണ്. മൂന്നു പേരില്‍ ഒരാള്‍ രണ്ടു വര്ഷം മുന്‍പ് മരിച്ചു പോയിരുന്നു. പിന്നെയുള്ള രണ്ടു പേരെയും ഞാന്‍ ഒരുമിച്ചു കണ്ടിരുന്നുമില്ല. ഒരമ്മക്ക് ഒറ്റ പ്രസവത്തിലുണ്ടായ മൂന്നു മക്കളായിരുന്നു അവര്‍. മൂന്നും ഊമകള്‍. സംസാരിക്കില്ല, ചെവിയും കേള്‍ക്കില്ല. മരിച്ചു പോയ ആള്  ലക്ഷ്മണന്‍  ഇപ്പൊള്‍ ഉള്ളവര്‍ രാമനും കിച്ചനും. അവരാണ് ചെന്നെയില് ഞങ്ങള്‍ താമസിച്ചിരുന്ന ആ തെരുവിന്റെ കാവല്ക്കാര്‍ എന്നു പറയാം. എന്റെ വീടിന്റെ ഒരു വീടിന് അപ്പുറമാണ് അവരുടെ വീട്. എതിര്‍ വശത്ത് ഒരു കോളേജിന്റെ പിന്‍ഭാഗമായതു കൊണ്ട് ആ വശത്ത് വീടുകളുമില്ല. മതിലുമാത്രം. കോളേജിലെ തണല്‍ മരങ്ങളുടെ തണുപ്പുമുണ്ട് വഴിയില്‍. അതുകൊണ്ട് രണ്ടുപേരും എതിവശങ്ങളില്‍ കസേരയുമിട്ട് വഴിയിലൂടെ പോകുന്നവരെയും നോക്കി അങ്ങനെ ഇരിപ്പുണ്ടാകും.

കിച്ചന്‍ ആളുകളോട് അധികം ഇടപഴകില്ല. കുറച്ച് ഗൌരവക്കാരനാണ്. രാമന്‍ അങ്ങനെയല്ല എല്ലവരോടും ആംഗ്യത്തിലും പിന്നെ ഒരു തരം ശബ്ദമുണ്ടാക്കിയും സംസാരിക്കും. ഒരു അമ്പതു വയസ്സു കാണും രണ്ടു പേര്‍ക്കും. തല പാതിയും കഷണ്ടി . മുണ്ടു മാത്രമുടുത്താണ് എപ്പോഴും കാണുക. തടിച്ച വലിയ വയറുള്ള ശരീരത്തിനു മേല് കിടക്കുന്ന പൂണൂലില്‍ എപ്പോഴും പിടിച്ചുകൊണ്ടിരിക്കും. കിച്ചന് തയ്യല് ജോലി അറിയാം.ഇടക്കിടക്ക് അവരുടെ വീട്ടില് നീന്നും മെഷീന്റെ കട കട ശബ്ദം കേള്ക്കാം. രാമന് അതുമില്ല കാര്യാന്വേഷണം തന്നെ പണി. അനുജന്‍ ശേഷന്റെ കുടുംബത്തിന്റെ കൂടെ ഒരു പഴയ ചെറിയ വീട്ടിലാണ് അവരുടെ താമസം. ഒരു അയ്യങ്കാര്‍ കുടുംബം.

ഞങ്ങള്‍ അവിടെ താമസിക്കാന്‍ വന്ന ഉടനെ തന്നെ രാമന്‍ വന്നു. പരിചയപ്പെട്ടു. ഊമനും ബധിരനുമാണെന്നുള്ള പരിമിതികള്‍ രാമന് ഒരു പ്രശ്നമല്ല. വന്നു കുറച്ചു ദിവസം കഴിഞ്ഞ് എവിടെയോ പോയിട്ടു നടന്നു വരുമ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ ആ കാഴ്ച !!!!!! രാമനും കിച്ചനും ഒരുമിച്ച് റോഡരികില്‍. അതു വരെ കിച്ചനെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ രണ്ടു പേരെയും അന്തം വിട്ടു മാറി മാറി നോക്കി. ദൈവമേ... ഇതെന്തു കളി. ഒന്നിന്‍റെ ഡ്യൂപ്പ്ലിക്കേറ്റ് മറ്റൊന്ന്. റോഡിനിരുവശവും കസേരയിട്ട് അങ്ങനെ ഇരിക്കുകയാണ്. ഒന്ന് ഒന്നിന്റെ പ്രതിബിംബം പോലെ. ഞാന്‍ അവരെ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് വീട്ടിലേക്കു പോയി. മുകളിലത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമസ്ഥന്റെ അമ്മ അലമേലു അമ്മാളോട് ചോദിച്ചു.

“അവര്…..?അവര് രണ്ടു പേരുണ്ടോ…?”
“ആര്…? രാമന്റെയും കിച്ചന്റെയും കാര്യമാണോ..? അവരു രണ്ടുപേരല്ല. മൂന്നു പേരായിരുന്നു. ഒരാള് രണ്ടു കൊല്ലം മുന്പു മരിച്ചു പോയതല്ലേ…”
“ങ്ഹേ….മൂന്നെണ്ണമോ…? ഒരാളെങ്ങനെ മരിച്ചു..?”
“ചെവി കേള്‍ക്കില്ലായിരുന്നല്ലോ. മീനമ്പക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പാളത്തില്‍ കൂടെ നടക്കുകയായിരുന്നു. പുറകില്‍ നിന്ന് വന്ന ട്രെയിന്‍ കയറി മരിച്ചു.” അലമേലു പാട്ടി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു.
അന്നു വൈകുന്നേരം ഭര്ത്താവും മക്കളും വന്നപ്പോള്‍ എനിക്കു പറയാനുണ്ടായ പ്രധാന വിശേഷം ഇതു തന്നെയായിരുന്നു.
“അമ്മ ഇപ്പോഴാണോ ഇക്കാര്യം അറിയുന്നത്. ഞങ്ങള് സ്കൂളില്‍ പോകുമ്പോള് രണ്ടാളും കൂടെ അവിടെ നില്ക്കുന്നത് കാണുന്നതല്ലേ “ മക്കള്‍ക്ക് ചിരി.

പിന്നിടെപ്പോഴോ അലമേലുപാട്ടി മരിച്ചു പോയ ലക്ഷ്മണനെപ്പറ്റി പറഞ്ഞു. മൂന്നു പേരില്‍ അയാള്‍ മാത്രം വിവാഹിതനായിരുന്നു. എട്ടു വയസ്സുള്ള ഒരു മകളുമുണ്ട്. സെയ്താപ്പേട്ട് ഒരു കമ്പനിയില് ജോലിയും ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു അപകടം. രാമനെയും കിച്ചനെയും പോലല്ലായിരുന്നു സ്വഭാവം. ശാന്തനായിരുന്നു. രൂപം അതു തന്നെ. രാമനും കിച്ചനും ഇടക്കിടക്ക് എവിടെയെങ്കിലുമൊക്കെ ജോലിക്കു ചേരും. എങ്ങും ഉറച്ചു നില്ക്കുകയില്ല. രണ്ടു പേര്‍ക്കും മൂക്കത്താണ് ദേഷ്യം. അതുകൊണ്ടു തന്നെ “ചണ്ഠ പോട്ടു വേല തുലക്കും.”
ഞങ്ങള്‍ അവിടെ മൂന്നു വര്‍ഷം താമസിച്ചതിനിടക്ക് ഇവര്‍ ഇടക്കിടക്ക് ജോലിക്കു പോകലും വേല തുലക്കലും ഒക്കെ ഉണ്ടായി.
“എന്നിട്ടു ലക്ഷ്മണന്റെ ഭാര്യയും മകളുമെവിടെ പാട്ടി..? ആ വീട്ടില്‍ ഇല്ലെന്നു തോന്നുന്നു…?”
“ഇവിടെ ശേഷന് അത്ര സാമ്പത്തികമൊന്നുമില്ലല്ലോ. അവന്‍ മരിച്ചതിനു ശേഷം അവളവളുടെ സഹോദരന്റെ അടുത്ത് തിരുനല്‍വേലിക്കു പോയി. അവിടെ അവള്‍ക്ക് ഒരു ജോലിയും ശരിയായി. അവധിക്ക് മകളുമായി ഇവിടെ വരും.

അടുത്ത ദീപാവലി വന്നപ്പോള് ഞാന്‍ ലക്ഷമണന്റെ  ഭാര്യയെയും മകള്‍ പൂര്‍ണ്ണിഗായത്രിയെയും കണ്ടു. എട്ടു വയാസായ പെണ്‍കുട്ടിയെ രാമനും കിച്ചനും പിഞ്ചു കുഞ്ഞിനെയെന്ന വണ്ണം താലോലിച്ചു കൊണ്ടു നടക്കുന്നു. അവളെ സൈക്കിള്‍ ഓടിക്കുവാന്‍ പഠിപ്പിക്കുന്നു. അവളുടെ ഒപ്പം കൊച്ചു കുട്ടികളെന്ന പോലെ പടക്കവും കമ്പിത്തിരിയുമെല്ലാം മത്സരിച്ചു കത്തിക്കുന്നു. ചെവി കേള്‍ക്കാത്ത രണ്ടു പേരും പടക്കത്തിനു തീ കൊടുത്ത ശേഷം അതിനടുത്തു തന്നെ നില്ക്കുന്നത് കണ്ടു ഞാന്‍ പേടിച്ചു കണ്ണ് പൊത്തി. രാമന്‍ അവളെ എന്റെ‍ അടുത്തു കൊണ്ട് കാണിച്ച് അയാളുടെ ഭാഷയില്‍ അവളെപ്പറ്റി പറഞ്ഞു. ഞാന്‍ അതെല്ലാം തല കുലുക്കി കേട്ടു. രാമന്‍ എന്തു പറഞ്ഞാലും നമ്മള്‍ തല കുലുക്കണം. അല്ലെങ്കില്‍ മനസ്സിലായില്ലെന്നു വിചാരിച്ച് വീണ്ടും വീണ്ടും പറയും.ചിലപ്പോള്‍ ആള്‍ക്ക് ദേഷ്യവും വരും.

ഞങ്ങള്‍ ചെന്നെയില്‍ വന്ന് ഒരു വര്‍ഷമാകുന്നതിനു മുന്പേ എന്റെ ഭര്‍ത്താവിന് ഒരു കൊല്ലം വിദേശത്തു ജോലി ചെയ്യേണ്ടി വന്നു. എങ്ങുമില്ലാത്ത ഓട്ടോ ചാര്‍ജുള്ള സ്ഥലമാണ് ചെന്നെ. അതുകൊണ്ടു തന്നെ പോകുന്നതിനു മുന്പ് ഒരു സ്കൂട്ടി വങ്ങി പഠിപ്പിച്ചിട്ടു പോകാം എന്നായി അദ്ദേഹം. കഷ്ടകാലത്തിന് പോകുന്നതിനു മുന്പ് സ്കൂട്ടി എത്തിയില്ല. പോയതിന്റെ പിറ്റേദിവസം ദാ വന്നിരിക്കുന്നു പുതു പുത്തന്‍ സ്കൂട്ടി. പക്ഷേ എനിക്കൊന്നു തള്ളുവാന്‍ പോലും  അറിയാതെ എന്റെ വീടിന്റെ മുന്നില് അതങ്ങനെ നിന്നിത്തിളങ്ങി കിടന്നു. പിന്നെ സൈക്കിള്‍ ബാലസിന്റെ ധൈര്യത്തില്‍ വീട്ടുടമസ്ഥന്റെ ഭാര്യയുടെ കോച്ചിങ്ങില്‍ രണ്ടു ദിവസം കൊണ്ട് ഞാന്‍ സ്കൂട്ടി പഠിച്ചെടുത്തു. മൂന്നാം ദിവസം പഠിച്ചു എന്നതിന്റെ‍ അഹങ്കാരത്തില്‍ ഞാന്‍ വീടിനു മുന്നിലെ റോഡിലൂടെ നല്ല ഗമയില്‍ അങ്ങനെ സ്കൂട്ടി ഓടിക്കുകയാണ്. .രണ്ടാം നിലയില്‍ നിന്ന് വീട്ടുടമസ്ഥന്റെ മകള്‍ രാഗിണി അതു നോക്കി നില്ക്കുന്നു. അതു കണ്ടപ്പോള്‍ എനിക്ക് ധൈര്യം കൂടി. പക്ഷേ നിമിഷങ്ങള്‍ക്കകം എങ്ങനെയോ എന്റെ ബാലന്‍സു തെറ്റി വണ്ടി മറിഞ്ഞു. ഞാന്‍ ശരീരത്തിന്റെ പെയിന്റൊന്നും പോകാതെ രക്ഷപ്പെട്ടു എങ്കിലും പുതിയ വണ്ടി റോഡില് വീണു ആകെ ഉരഞ്ഞു നാശമായി. രാഗിണി ഓടി വന്ന് സ്കൂട്ടിയെടുത്ത് നേരെ വെച്ചിട്ടു രാമന്റെയും കിച്ചന്റെയും വീട്ടിലേക്കു നോക്കി പറഞ്ഞു.
“ആന്റീ…അന്ത ഊമെയ്കള്‍ ഇങ്കെ ഇല്ല. നിമ്മതി .....”
“അതെന്താ…?”
“എങ്കില് അവരു പിന്നെ ആന്റിയെ ഈ സ്കൂട്ടി തൊടാന്‍ സമ്മതിക്കില്ലായിരുന്നു. ഞാന്‍ ഒരിക്കല്‍ എന്റെ അമ്മയുടെ സ്കൂട്ടി എടുത്ത് ഓടിച്ചു പഠിക്കുന്നതിടയില്‍ വീഴുന്നത്  അവര്‍ കണ്ടു. പിന്നെ എപ്പോ വണ്ടിയെടുത്താലും താഴെ വീഴും എന്നു പറഞ്ഞ് രണ്ടാളും കൂടെ ഓടി വരും. അവരെ പേടിച്ച് ഞാന്‍ സ്കൂട്ടിയെടുക്കുമ്പോള്‍ അവരുടെ വീടിന്റെ മുന്നിലൂടെ പോകാറില്ല.”
നിറയെ സമാന്തര റോഡുകളുള്ള ആ സ്ഥലത്ത് മുമ്പോട്ടു പോയാലും പുറകോട്ടു പോയാലും ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്താം.
“സമാധാനം. അവരവിടെ ഇല്ല രാഗിണീ ” ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു. അതാണ് അവരുടെ സ്വഭാവം. സ്നേഹം കൊണ്ടു നമ്മളെ ബുദ്ധിമുട്ടിച്ചു കളയും.

ഒരു ദിവസം ഒരു വെള്ളിയാഴ്ച എന്റെ മക്കള്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിവെട്ടി തിരിച്ചു വരികയായിരുന്നു. കിച്ചന് കണ്ടപ്പോഴേ മനസ്സിലായി അവര്‍ മുടി വെട്ടി വരികയാണെന്ന്. ഉടനെ എന്റെടുത്തു വന്ന് എന്തൊക്കെയോ പറയാന്‍ തുടങ്ങി എത്ര ആഗ്യം കാണിച്ചിട്ടും എനിക്കങ്ങു മനസ്സിലാകുന്നില്ല. എന്റെ മക്കളും ഒന്നും പിടികിട്ടാതെ പരസ്പരം നോക്കി നില്ക്കു്കയാണ്. ഇനി ആ മുടിവെട്ടുകാരന്റെ അടുത്തു പോകണ്ട എന്നോ മറ്റോ ആണോ..?
ഒടുവില് കിച്ചന് ദേഷ്യം വരാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ എന്റെ വീടിനുള്ളിലേക്ക് കയറി വന്ന് കലണ്ടറിലെ അന്നത്തെ ദിവസം വെള്ളിയാഴ്ച കാണിച്ചു തന്നിട്ടു വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് കാര്യം പിടികിട്ടി. ഈ ദിവസം മുടിവെട്ടുന്നത് കുട്ടികള്‍ക്ക് ദോഷമാണത്രേ…ആ പാവം അതെന്നെ മനസ്സിലാക്കുവാന് എത്ര പണിപ്പെട്ടു. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന പാവങ്ങള്‍. സംശയാസ്പദമായി ആരെയെങ്കിലും ഞങ്ങളുടെ തെരുവില്‍ കണ്ടാല് മതി രണ്ടു പേരും ഉടനെ പ്രത്യക്ഷപ്പെട്ട് അവരെ വിരട്ടി ഓടിക്കും. ചെന്നെയില് ആയിടെ പകല്‍ പോലും കളവും പിടിച്ചു പറിയും പതിവായിരുന്നു. അലമേലു പാട്ടി പറയും.
“നമ്മ തെരുവില് അപ്പടിയൊന്നും ആഹാത്. “കാരണം ഞങ്ങളുടെ രാമനും കിച്ചനുമല്ലേ അവിടുള്ളത്.
അതെ അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട കാവലാളുകള്‍ തന്നെയായിരുന്നു. ഞങ്ങളുടെ രാമനും കിച്ചനും. ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന പാവം ഊമേയ്കള്‍. ദൈവത്തിന്റെ വികൃതികള്‍. പൂര്‍ണ്ണിയെ എനിക്കു പരിചയപ്പെടുത്തി തന്ന ദിവസവും കിച്ചന്റെ കണ്ണില്‍ കണ്ണുനീരുണ്ടായിരുന്നു. മരിച്ചു പോയ സഹോദരന്‍റെ മകളാണ് അവളെന്ന്‍ എന്നെ മനസ്സിലാക്കി തരുന്നതിനിടെ ബ്ബെ…ബ്ബേ എന്ന ആ വികൃത ശബ്ദം കരച്ചില്‍ ചേര്‍ന്ന് മറ്റെന്തോ ആയി. പിന്നെ പൂര്‍ണ്ണിയുടെ ഓരോ കുസൃതികള് പറഞ്ഞ് പെട്ടെന്നു തന്നെ കണ്ണുനീര്‍ തുടച്ചു ചിരിച്ചു. തീവണ്ടി കയറി മരിച്ച കൂടപ്പിറപ്പിന്റെ ശരീരം നോക്കി അവര്‍ എത്ര കരഞ്ഞു കാണും.

വിദേശത്തു പോയ എന്റെ ഭര്‍ത്താവ് ഇടക്ക് അവധിക്കുവന്നപ്പോള്‍ രണ്ടു പേരുടെയും സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. മൂന്നഴ്ചത്തെ അവധി കഴിഞ്ഞ് തിരികെപ്പോയപ്പോള് എന്റെ ഒപ്പം അവരും സങ്ക്ടപ്പെട്ടു.ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വന്നപ്പോള്‍, ഇനി പോകേണ്ടതില്ല എന്നറിഞ്ഞപ്പോള്‍ അവര്‍ ആശ്വാസ നെടുവീര്‍പ്പിട്ടു.

ഞങ്ങള്‍ക്ക് ചെന്നെയില്‍ നിന്നും സൂററ്റിലേക്ക് ട്രാന്‍സ്ഫറായ സമയം. വീട്ടില്‍ ആകെ പാക്കിങ്ങിന്റെ ബഹളം.. ഞങ്ങള്‍ വീടു മാറുകയാണെന്നാണ് ധരിച്ച് എന്തോ വലിയ അത്യാഹിതം സംഭവിച്ചപോലെ രാമന്‍ വീട്ടിലേക്ക് കയറി വന്നു. സ്ഥലമാറ്റമാണെന്നറിഞ്ഞപ്പോള്‍ ആ തടിച്ച മുഖത്തെ കണ്ണുകള്‍ നിറഞ്ഞു വന്നു. ദു:ഖത്തോടെ ഓരോ ആംഗ്യങ്ങള്‍ കാണിച്ചു. ഓരോന്നായി പാക്കു ചെയ്യുന്ന വീട്ടു സാധനങ്ങളെ വ്യഥയോടെ നോക്കി താടിക്കു കൈ കൊടുത്തു നിന്നു.


ഞങ്ങള്‍ക്ക് റെയില് വേ സ്റ്റേഷനില്‍ പോകുവാനുള്ള ടാക്സി വീടിനു മുന്നില്‍ കാത്തു കിടക്കുന്നു. വീട്ടുടമസ്ഥനോടും അയല്‍പക്കക്കാരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ കാറിലേക്ക് കയറാന്‍ തുടങ്ങുകയാണ്. രാമനും കിച്ചനും ടാക്സിക്കടുത്തു നില്പ്പുണ്ട്. പെട്ടെന്ന് കരച്ചിലിന്റെ ഒരു വികൃത ശബ്ദം. അരാണ് കരഞ്ഞത്...? രാമനോ അതോ കിച്ചനോ…? എനിക്കു മനസ്സിലായില്ല. ഞാന്‍ രണ്ടു പേരെയും മാറി മാറി നോക്കി. ആ രണ്ടു മുഖങ്ങളിലും കണ്ണുനീരിന്റെ ഈറന്‍ ഉണ്ടായിരുന്നല്ലോ

45 comments:

 1. Dear Friend,
  Truth is often surprising...Words fail to feel this wonderful silent love!
  We should be more grateful to God after knowing the lives of the deaf and dumb!
  Touching life experience!Well written!
  Sasneham,
  Anu

  ReplyDelete
 2. ഒന്ന് മനസ്സറിഞ്ഞ് കരയാൻ പോലും പറ്റാത്ത കൂടപ്പിറപ്പുകളുടെ സങ്കടങ്ങൾ ....
  വളരെ ഉള്ളിൽ തട്ടും വിധം പറഞ്ഞിരിക്കുന്നു കേട്ടൊ റോസ്

  ReplyDelete
 3. ഊമകളായ ആ സഹോദരങ്ങളുടെ സ്നേഹവും കരുതകുമെല്ലാം നന്നായി ആവിഷ്ക്കരിച്ചിട്ടുണ്ട്.സ്കൂട്ടറായാലും മുടി വെട്ടായാലും ഒക്കെ. ഇഷ്ടപ്പെട്ടു.

  ReplyDelete
 4. ശരിക്കും ടച്ചിംഗ് ആയി എഴുതി ചേച്ചി...

  ReplyDelete
 5. ചിലര്‍ അങ്ങിനെയാണ് അവരുടെ സ്വകാര്യദുക്കങ്ങള്‍ പുറമേകാണിക്കാതെ സ്നേഹംകൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുക.അവര്‍ നമ്മളെക്കാളുംദൈവത്തെ അടുത്തരിയുന്നവരാകും,അവരുടെ നിഷ്കളങ്ക സ്നേഹത്തിനുമുന്നില്‍ നമ്മളാരു !! അവരുടെകാര്യം ആലോചിക്കുമ്പോള്‍ ഇത്തിരി സങ്കടംതോനുന്നു.അപ്പോള്‍ ന്നാ ശരി .......

  ReplyDelete
 6. ഉള്ളിൽ തട്ടും വിധം എഴുതിയിട്ടുണ്ട്.
  നന്നായി

  ReplyDelete
 7. ഹൃദയസ്പര്‍ശി എന്നെ എനിക്ക് പറയാനുള്ളൂ ..
  അവര്‍ക്ക് ചിലപ്പോള്‍ മറ്റുള്ളവരേക്കാള്‍ ചില കഴിവുകള്‍ കൂടുതല്‍ ഉണ്ടാവാം എന്ന് തോന്നുന്നു.
  ദൈവം ഒന്ന് കവര്‍ന്നെടുക്കുമ്പോള്‍ മറ്റു ചിലത് കൊടുക്കും .

  ഒരു കൈ കൊണ്ട് തല്ലുകയും ഒരു കൈ കൊണ്ട് തലോടുകയും ആണല്ലോ അവന്റെ രീതി !

  ReplyDelete
 8. രാമന്റെയും കിച്ചന്റെയും സ്നേഹവും ആത്മാര്‍ഥതയും എല്ലാം വളരെ ഉള്ളില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞു.
  നല്ലൊരു കുറിപ്പ്.

  ReplyDelete
 9. ശെരിക്കും മനസ്സില്‍ കൊള്ളുന്നു.... പാവങ്ങള്‍...

  ReplyDelete
 10. ഓര്‍മ്മക്കുറിപ്പ് ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. രാമനും കിച്ചനും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.. ആശംസകള്‍

  ReplyDelete
 11. രാമനും കിച്ചനും മനസ്സിനെ നൊമ്പരപ്പെടുത്തി..

  ReplyDelete
 12. നല്ല മനസുള്ളവരുടെ കൂടെ ദൈവംകാണും........
  നല്ല വിവരണം
  ആശംസകള്‍

  ReplyDelete
 13. മനസ്സില്‍ തട്ടുന്ന വിവരണം .ആശംസകള്‍ !

  ReplyDelete
 14. ഈ വരികളില്‍ എനിക്കൊട്ടും അതിശയോക്തി തോന്നുന്നില്ല കാരണം എഴു കൊല്ലമായിട്ടു ഞാനും ഒരു ഊമയുടെ സ്നേഹം അനുഭവിക്കുന്നു എന്റെ ഭാര്യുടെ പിതാവ് ഊമയാണ് ഒരു പക്ഷെ അയാള്‍ പ്രകടിപ്പിക്കുന്ന സ്നേഹം എന്റെ ഭാര്യ പോലും എന്നോട് ചെയ്യ്ന്നുണ്ടാവില്ല

  ReplyDelete
 15. അതെ അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട കാവലാളുകള്‍ തന്നെയായിരുന്നു. ഞങ്ങളുടെ രാമനും കിച്ചനും. ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന പാവം ഊമേയ്കള്‍. ദൈവത്തിന്റെത വികൃതികള്‍.

  സ്നേഹത്തിന്റെ കാര്യത്തില്‍ ഇത്തരക്കാര്‍ മുന്നിലാണെന്ന സത്യം ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഹൃദയത്തില്‍ തൊട്ടു പറഞ്ഞു . ആശംസകള്‍.... (തുഞ്ചാണി)

  ReplyDelete
 16. ടച്ചിംഗ്.....

  ReplyDelete
 17. രാമനേയും കിച്ചനേയും ഒന്നു കാണാൻ അറിയാതെ ആഗ്രഹിച്ചു പോകുന്നു..മനസിൽ നന്മ മാത്രം നിറച്ചതു കൊണ്ടാവും മറ്റു കുറവുകൾ ദൈവം വരുത്തിയത്...

  ReplyDelete
 18. ദൈവത്തിന് ഇങ്ങനെ ചില വികൃതികൾ ഉണ്ട്, റോസാപ്പൂവേ......നന്നായി എഴുതി കേട്ടൊ. ഉള്ളിൽത്തട്ടും വിധം..

  ReplyDelete
 19. രാമനെയും കിച്ചനെയും വായിച്ചപ്പോള്‍ എന്ടെ അടുത്ത വീട്ടിലെ പയ്യനെ ഓര്‍ത്തു പോയി ...അവനും ഇതെപോലാണ് മിണ്ടാന്‍ സാധിക്കില്ല കേള്‍ക്കുകയും ഇല്ല പക്ഷെ അവനു അറിയാവുന്ന രീതിയില്‍ ചുണ്ട് ചലിപ്പിച്ചും കൈകൊണ്ട് ആങ്ങിയം കാട്ടിയും നമ്മളോട് സംസാരിക്കും ....നല്ല സ്നേഹം ഉള്ള ആ പയ്യന് നല്ലൊരു പെണ്‍കുട്ടി ജീവിതസഖി ആയെത്തി ...എല്ലാരും മൊബൈലില്‍ സംസാരിക്കുമ്പോള്‍ അവര്‍ മെസ്സേജ് അയച്ചു ആശയവിനിമയം നടത്താറുണ്ട് ...അവരുടെ സംസാരം കാണുമ്പോള്‍ സത്യത്തിനു സങ്കടം തോന്നാറുണ്ട് ...അവര്‍ക്കും മറ്റുള്ളവരെ പോലെ സംസാരിക്കാന്‍ ആഗ്രഹം കാണില്ലേ എന്ന് ചിന്ടിക്കാറുമുണ്ട്... ദൈവത്തിന്റെ വികൃതികള്‍ അല്ലാതെന്ട്പറയാന്‍ ..എല്ലാരെയും ഒരുപോലെ സൃഷ്ടിക്കില്ലാല്ലോ എല്ലാ സൃഷ്ടികളും വേണ്ടേ ഭൂമിയില്‍ ..അവര്‍ക്ക്‌ നല്ല കഴിവുകള്‍ വേറെ കൊടുക്കും ദൈവം...

  ReplyDelete
 20. മനസ്സിനെ സ്പര്‍ശിക്കുന്ന അതിസുന്ദരമായ എഴുത്ത്..അഭിനന്ദനങ്ങള്‍ ചേച്ചീ...

  ReplyDelete
 21. രാമനും കിച്ചനും മനസ്സില്‍ നിന്ന് മായുന്നതെയില്ല.
  വളരെയധികം ഇഷ്ടപ്പെട്ടു.

  ReplyDelete
 22. ഇവര്‍ നമുക്ക് വികൃതികളായി തോന്നാമെങ്കിലും ദൈവത്തിന്റെ ഏറ്റവും അധികം ശ്രദ്ധ കിട്ടുന്ന പൊന്നോമനകള്‍ ആയിരിക്കില്ലേ ഇവര്‍. അങ്ങിനെ ആശ്വസിക്കാം അല്ലേ.. കഥ (ഓര്‍മ്മ) നന്നായി എഴുതി.

  ReplyDelete
 23. മനസ്സില്‍ തട്ടും വിധം പറഞ്ഞിരിക്കുന്നു.
  ദൈവത്തിന്റെ വികൃതികള്‍ എന്നല്ലാതെ....

  ReplyDelete
 24. കണ്ണുണ്ടായാലും കാണാത്ത, ചെവിയുണ്ടായാലും കേള്‍ക്കാത്ത, നാവുണ്ടെങ്കിലും പറയാത്ത ഒരു സമൂഹത്തില്‍ അതില്ലാത്തതും ഒരു അനുഗ്രഹമാണ്..
  അത് കൊണ്ടല്ലേ ഇവര്‍ മനസ്സില്‍ ഇത്രയും സ്നേഹം ഉള്ളവരായി തീര്‍ന്നത്.. ഇവര്‍ ദൈവത്തിന്റെ വികൃതി അല്ല.. മറിച്ചു സമ്മാനങ്ങള്‍ ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട് റോസ്‌ലിന്‍ ചേച്ചി... ഹൃദയസ്പര്‍ശിയായി എഴുതി.... നല്ലത്..

  ReplyDelete
 25. ഹൃദയ സ്പര്‍ശിയായി എഴുതി....

  ReplyDelete
 26. സങ്കടായല്ലോ...

  ReplyDelete
 27. വായനക്കും അഭിപ്രായത്തിനും നന്ദി,

  അനുപമ,മുരളീമുകുന്ദന്‍,ശ്രീനാഥന്‍ മാഷ്‌,ശിവകാമി,ഇടശ്ശേരിക്കാരന്‍,വിഷ്ണു,വില്ലേജ്‌മാന്‍,ചെറുവാടി,മഞ്ജു,ഷബീര്‍,ലുലു,ഷാജു,മുഹമ്മദ്‌കുട്ടി,കൊമ്പന്‍,വേണുഗോപാല്‍,
  നൌഷാദ്,സീത,എച്ചുമുകുട്ടി,കൊച്ചുമോള്‍,
  മനോരാജ്,സന്ദീപ്‌,പ്രദീപ്‌ കുമാര്‍,റാംജി,ലിപി.

  ചെന്നെയില്‍ നിന്ന് പോന്നിട്ടു ആറു വര്ഷം കഴിഞ്ഞെങ്കിലും ഈ ഊമകളും അവരുടെ സ്നേഹവും കരുതലും മനസ്സില്‍ നിന്ന് പോകുന്നില്ല. നമ്മള്‍ അവരോടു എങ്ങനെ പെരുമാറുന്നു എന്ന് പരീക്ഷിക്കാനായിരിക്കും ദൈവം ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നത്.

  ReplyDelete
 28. വളരെ മനസ്സ് തട്ടി എഴുതി, ഒരു കുറവുണ്ടെങ്കില്‍ മറ്റൊന്ന് ദൈവം കൊടുക്കും, രാമനും കിച്ചനും..അവരുടെ സേനഹം അത് തന്നെയല്ലേ മറ്റെന്തിനെക്കാളും വലുത്.

  ആശംസകള്‍,

  ReplyDelete
 29. രാമനും കിച്ചനും, സംസാരിക്കാനാകത്തവർ. കേഴ്വിശക്തിയില്ലാത്തവർ.അവരും നമുക്കിടയിൽ നമ്മോടൊപ്പം... ചിരിച്ചും കരഞ്ഞും കരയിപ്പിച്ചും.എന്റെ ഒരു ബണ്ഡുവും ഉണ്ട് ഇങ്ങനെ. ശബ്ദങ്ങൾ കേൾക്കാത്തവന്റെ സങ്കടങ്ങൾ ഓർത്തു നോക്കു.“ദൈവം എല്ലാം അറിയുന്നുണ്ട്.”

  ReplyDelete
 30. ഞാന്‍ ഒരോ രംഗവും മനസ്സില്‍ കാണുകയായിരുന്നു.. !
  കൃത്യമായ് വര്ണ്ണിച്ചു തന്നു വാക്കുകള്‍ക്ക് അപ്പുറം ഹൃദയത്തിന്‍റെ ഭാക്ഷ..! ആശംസകള്‍!

  ReplyDelete
 31. റോസാപ്പൂവിന്റെ ഭാഷ ഓരോ ഇതളുകളായി വിരിയുകയും പിന്നെപിന്നെ നിറങ്ങളാലും സൌരഭ്യത്താലും മനം കവരുകയും ചെയ്യാറുണ്ട് .പ്രമേയത്തെ പറ്റി ഒരു സാധാരണ ബ്ലോഗ്‌ എന്നെ ഞാന്‍ പറയൂ .നല്ല കാമ്പുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള (പിരാന )ബ്ലോഗര്‍ ആയതിനാല്‍ പ്രത്യേകിച്ചും ...

  ReplyDelete
 32. ചില ജീവിതങ്ങൾ അങ്ങനേയാണ്
  അനുഭവം ഹൃദ്യമായി എഴുതി
  നല്ലാ വായനാനുഭവം
  എല്ലാ ആശംസകളും!

  ReplyDelete
 33. സ്നേഹിച്ചുബുദ്ധിമുട്ടിക്കുന്ന രാമന്റെയും കിച്ചന്റെയും കഥ വളരെ ഹൃദയസ്പര്‍ശിയായിരുന്നു ചേച്ചി. ആശംസകള്‍!!!

  ReplyDelete
 34. സംവേദിക്കാന്‍ ഭാഷ്യുണ്ടായിരുന്നിട്ടും മറ്റുള്ളവരുടെ വിഷമങ്ങള്‍ പങ്കു വെക്കാന്‍ ആശ്വസിപ്പിക്കുവാന്‍ തയ്യാറാകാത്ത വരുടെ മുന്നില്‍, ആഗ്യങ്ങളില്‍ ഭാഷ കാണുന്ന, മറ്റുള്ളവരുടെ സുഖ ദുഖങ്ങളില്‍ പങ്കു ചേരുന്ന രാമനും കിച്ചനും ദൈവത്തിന്റെ ദൃഷ്ടാന്തമാണ്. മറ്റുള്ളവര്‍ക്ക് മാതൃകയാണ്. അവതരണം മനോഹരം..മനസ്സില്‍ തട്ടുന്നു..

  ReplyDelete
 35. സങ്കടങ്ങള്‍ മനസ്സറിഞ്ഞു പറഞ്ഞപ്പോള്‍ നോവോടെ ഏറ്റുവാങ്ങി. അഭിനന്ദനങ്ങള്‍.

  ReplyDelete
 36. മനസ്സിൽ തട്ടുന്നതായി ഈ ഓർമ്മക്കുറിപ്പ്.

  ReplyDelete
 37. രാമനേയും കിച്ചനേയും നേരില്‍ കണ്ടതുപോലെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു..അതുതന്നെയാണ്‍ എഴുത്തുകാരിയുടെ കഴിവും..

  ReplyDelete
 38. അതീവ ഹൃദ്യം. ഓര്‍മ്മക്കുറിപ്പോ കഥയോ എന്ന സംശയം തോന്നിക്കുന്ന രചന.

  ReplyDelete
 39. സ്നേഹത്തിനു എത്രയെത്ര മുഖങ്ങള്‍ ,
  ഭാവങ്ങള്‍ .സ്നേഹത്തിന്റെ ചൂര് ഞാനറിയുന്നു ,
  ഈ അനുഭവങ്ങള്‍ വഴി. എന്റെ ബ്ലോഗില്‍
  വന്നതിനു ആയിരം നന്ദി.

  ReplyDelete
 40. Even they cannot cry ! A touching post. this is life. Thanks Rosappookkal for this post. (sorry.... my malayalam editor is not working today)

  ReplyDelete
 41. ഓര്‍മ്മക്കുറിപ്പ് ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.....

  ReplyDelete
 42. നന്നായ് എഴുതി..ശരിക്കും ഉള്ളിൽ തട്ടി..ആശംസകൾ...

  ReplyDelete
 43. nalla rosaapushpangal thanneyaanu ee ezhuthukal.... idaykku mullu kollundenkilum aa vedana ee ezhuthinte nirmmalathayil manassileykk aazhnnirangunnu... nalla vedana thonnunnu... hridayasparsham....

  ReplyDelete
 44. റോസിലി ചേച്ചി ... കഥ ഒരു പാട് ഒരു പാട് ഇഷ്ട്ടമായി .. എന്തോ വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ... വീണ്ടും വരാം .. സസ്നേഹം

  ReplyDelete
 45. മനോഹരമായി. ഹൃദ്യമായി അവതരിപ്പിച്ചിരിയ്ക്കുന്നു..മറ്റുള്ളവർക്കായി ജീവിക്കുന്ന എത്രയോ ജന്മങ്ങൾ ഇങ്ങനെ !

  ആശംസകൾ !

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍