28.4.12

മേരീ..കശ്മീ..ര്‍..ബൈ ബൈ ..കശ്മീര്‍

മേജര്‍ രവി സംവിധാനം ചെയ്ത ‘കുരുക്ഷേത്ര’ എന്ന ചിത്രം ഓരോ പ്രാവശ്യം ടി വി യില്‍ കാണുമ്പോഴും എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു ബിജു മേനോന്‍ അവതരിപ്പിച്ച മേജര്‍ രാജേഷിന്‍റെ കഥാപാത്രം മരിക്കുമ്പോള്‍ ഭാര്യയായ ആര്‍മി ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന രംഗം. നമ്മുടെ രാജ്യത്തെ എത്രയോ സൈനികരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന്‍റെ പ്രതീകമാണ് സാനിയ സിംഗ് എന്ന നടിയുടെ കവിളിലൂടെ ഒഴുകിയ ആ കണ്ണ് നീര്‍. എത്രയോ പേരുടെ സ്വപ്നങ്ങളാണ് ആ കണ്ണു നീരിലൂടെ ഒലിച്ചിറങ്ങിയത്. കാശ്മീരില്‍ ജീവിച്ചിട്ടുള്ള ആര്‍ക്കും ഒരു ഗദ്ഗദത്തോടെ മാത്രമേ ആ രംഗം  കാണുവാന്‍ കഴിയുകയുള്ളൂ.


മൂന്നു വര്ഷം മുന്‍പുളള മാര്‍ച്ച് മാസത്തില്‍ സൂററ്റില്‍ നിന്നും കാശ്മീരിലേക്ക് സ്ഥലം മാറ്റം എന്ന സ്ഥലമാറ്റ ഉത്തരവ് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. ഇത് പോലെ ഉത്സാഹം കെടുത്തിയ ഒരു സ്ഥലം മാറ്റം ഇതിനു മുന്‍പ്‌ ഉണ്ടായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളെ പറഞ്ഞു സമാധാനിപ്പിക്കാനായിരുന്നു പ്രയാസം.


കുറച്ചു ക്ലേശകരമായ റോഡു യാത്ര ചെയ്തു വേണം ഞങ്ങള്‍ താമസിക്കുന്ന കിസ്തവാര്‍ഡില്‍ എത്തിച്ചേരുവാന്‍. എട്ടു മണിക്കൂര്‍ സമയം എടുത്ത് ആറായിരത്തില്‍ കൂടുതല്‍ അടി ഉയരത്തിലേക്കുള്ള ഹിമാലയ യാത്ര  കഴിഞ്ഞു ഇവിടെ എത്തിച്ചേര്‍ന്നപ്പോള്‍ മനസ്സിന്‍റെ തളര്‍ച്ച പൂര്‍ണ്ണമായി. പക്ഷേ ഏതാനും ദിവസങ്ങള്‍ കൊണ്ടു  ഈ സ്വര്‍ഗ്ഗ തുല്യമായ സ്ഥലത്തെ ഞാന്‍ അറിയാതെ സ്നേഹിച്ചു തുടങ്ങി. ഇവിടത്തെ ഓരോ ദിവസവും എനിക്ക് പുതുമയായി. ചുറ്റും കോട്ട കെട്ടിയ പോലെ ആകാശം മുട്ടെ ഉയരത്തില്‍ ഹിമാലയം ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ചെനാബ് നദിക്കരയിലുള്ള ക്വാര്‍ട്ടെസിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഇടക്കൊക്കെ ഞാന്‍ തമാശക്ക് ഭര്‍ത്താവിനോട് പറയാറുണ്ട് ”എനിക്കിന്ന് ഒന്നും കഴിക്കേണ്ട. ഞാന്‍ ഈ ബാല്‍ക്കണിയില്‍ നിന്നും ഈ ഹിമാവാനെയും നോക്കി അങ്ങനെ നിന്ന് കൊള്ളാം.” എന്ന്.


ഇവിടെ വന്നതിനു ശേഷം ആദ്യത്തെ മഞ്ഞു വീഴ്ച ഉണ്ടായ ദിവസം  രാത്രിയില്‍ ഞാന്‍ ഉറങ്ങിയതേ ഇല്ല. കനത്തില്‍ പഞ്ഞി നിറച്ച ‘രജായി’ യിക്കടിയില്‍ നിന്നും തല ഉയര്‍ത്തി ജനല്‍ കര്‍ട്ടന്‍ മാറ്റി ഞാന്‍ പഞ്ഞി കഷണങ്ങള്‍ പോലെ താഴേക്ക്‌ പാറി വീഴുന്ന മഞ്ഞു മഴ കണ്ടു കൊണ്ടു കിടന്നു. പക്ഷെ വീട്ടിനടുത്തു തന്നെയുള്ള ജവാന്മാരുടെ ഡ്യൂട്ടി പോസ്റ്റുകളില്‍ നിന്ന് കാണുന്ന ചുവന്ന നിറത്തിലെ ഹീറ്ററിന്‍റെ വെളിച്ചം കാണുമ്പോള്‍ ആ സന്തോഷമെല്ലാം പെട്ടെന്ന് പോകും. താപ നില മൈനസ് ആറും ഏഴും ഒക്കെ ആകുന്ന രാത്രികളില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഭടന്മാര്‍. “നിങ്ങള്‍ ഉറങ്ങിക്കൊള്ളൂ.. ഞാന്‍ ഉറങ്ങാതെ നിങ്ങള്ക്ക് കാവലാളായി ഇവിടെ ഉണര്‍ന്നിരിക്കുന്നു” എന്ന ‘കുരുക്ഷേത്ര’ യിലെ വാചകങ്ങള്‍ ആ ചുവന്ന വെളിച്ചം പറയുന്നപോലെ.


എത്ര സ്നേഹമുള്ളവരാനെന്നോ ഇവിടത്തെ മനുഷ്യര്‍. കടകളിലോ മറ്റു പൊതു സ്ഥലങ്ങളിലോ പോകുമ്പോള്‍ എത്ര ഉപചാരത്തോടു കൂടിയാണ് അവര്‍ മറ്റുള്ളവരോടു പെരുമാറുന്നത്.  രൂപം പോലെ തന്നെ ഭംഗിയുള്ള മനസ്സുള്ളവര്‍. മുന്തിരിയുടെ നിറമുള്ള കണ്ണുകളും ചുവന്നു തുടുത്ത കവിളുകളുമുള്ള അതി സുന്ദരിമാരുടെയും സുന്ദരന്മാരുടെയും നാട്. ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണം ഈ സ്ഥലത്തിനു ഒട്ടും അധികമല്ല. പക്ഷെ ഈ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് കാശ്മീര്‍ എന്നാല്‍ ഭീകരന്മാര്‍ മാത്രം ജീവിക്കുന്ന ഒരു സ്ഥലം എന്ന ധാരണയാണ്. നല്ലവരായ ഈ മനുഷ്യരില്‍ ചിലരുടെ  ഉള്ളില്‍ വിഷ വിത്തെറിഞ്ഞു ഒരു സംസ്ഥാനത്തെ മുഴുവനും അശുദ്ധമാക്കുവാന്‍ തിന്മയുടെ ശക്തികള്‍ക്കായി എന്നതാണ് വാസ്തവം. അങ്ങനെ ഉള്ളവരില്‍ നല്ലൊരു ശതമാനവും കീഴടങ്ങി മറ്റു ജോലികള്‍ തിരഞ്ഞെടുത്തു എന്നത് വളരെ ആശ്വാസം തന്നെ. കീഴടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്.


‘കീര്‍ത്തി ചക്ര’ സിനിമയില്‍ ദള്‍ തടാകത്തിലൂടെ തുഴഞ്ഞു പോകുന്ന ഒരു കശ്മീരിക്ക് വേണ്ടി പ്രശസ്ഥ സൂഫി ഗായകന്‍ കൈലാഷ് ഖേര്‍ പാടിയ ഗാനം എന്‍റെ മനസ്സില്‍ അലയടിക്കുന്നു. മനസ്സ് അവര്‍ക്കൊപ്പം പ്രാര്‍ഥിക്കുന്നു. ഓ..അള്ളാ...ഇവര്‍ക്ക്‌ ആ പഴയ സ്വര്‍ഗത്തെ തിരിച്ചു കൊടുക്കൂ...എന്തിനാണ് കശ്മീരിനെ നീ എത്ര ശാന്ത സുന്ദരമായ സ്ഥലമായി സൃഷ്ടിച്ചത്...? ഇപ്പോള്‍ ഇവിടെ വാളും മരണവും രക്തവും മാത്രമേ ഉള്ളു എന്ന് വിലപിക്കുന്ന ആ സാധാരണ മനുഷ്യന്‍. കാശ്മീരിന്‍റെ പണ്ടത്തെ ശാന്തിയും സൌന്ദര്യവും ഇനി എന്ന് ഞങ്ങള്‍ക്ക്‌ തിരികെ തരും..? എന്ന രോദനം ഏതു ഇന്ത്യാക്കാരന്‍റെ മനസ്സിലാണ് അസ്വസ്ഥത ഉണ്ടാക്കാത്തത്...? അവര്‍ക്കുമില്ലേ സ്വസ്ഥമായി ജീവിക്കാനുള്ള ആഗ്രഹം..? എന്നെ കൊന്നോളൂ എന്‍റെ മക്കളെ എങ്കിലും ജീവിക്കാന്‍ അനുവദിക്കൂ എന്നയാള്‍ വിലപിക്കുന്നു.


ഇപ്പോള്‍ ഇവിടെ മൂന്ന് വര്ഷം തികച്ച ഈ സമയത്ത് ഞങ്ങള്‍ക്ക്‌ കാശ്മീരില്‍ നിന്ന് പോകുവാന്‍ സമയമായിരിക്കുന്നു. ഇങ്ങോട്ട് സങ്കടപ്പെട്ടു വന്ന ഞാന്‍ ഇവിടെ നിന്നും പോകുന്നത് അതിലേറെ സങ്കടത്തോടെയാണ്. എല്ലാ പ്രഭാതങ്ങളിലും ഉണരുമ്പോഴേ വരാന്തയില്‍ നിന്ന് കാണുന്ന, വര്‍ഷത്തില്‍ മിക്കവാറും മാസങ്ങള്‍ മഞ്ഞു മൂടി കിടക്കുന്ന എന്‍റെ ബെക്കര്‍വാളുകളി  ലെ  എനിക്ക് പ്രിയപ്പെട്ട ചതുരമല. അതിനു ചുറ്റും കാണുന്ന ഓരോ മലയിലും പ്രഭാതം വിടരുന്നതനുസരിച്ച് ഓരോ തരത്തില്‍ വെയില്‍ പരന്നു തുടങ്ങുന്നത്. പെട്ടെന്നൊരു മഴക്കാര്‍ വന്നു മല നിരയെ മൊത്തം മറച്ചു കളയുന്നത്. ചിലപ്പോള്‍ നമ്മള്‍ യാത്ര ചെയ്യുന്ന വാഹനത്തിനു മുന്നിലൂടെ മഴമേഘങ്ങള്‍ പറക്കുന്നത്. ഇതെല്ലം ഇനി ജീവിതത്തില്‍ ഞാന്‍ കാണില്ല. എന്നാലും എനിക്കിവിടം വിട്ട് പോകണം. ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും “സ്ഥലം മാറ്റം വന്നില്ലേ മോളെ...?”  എന്ന് ആധിയോടെ അന്വേഷിക്കുന്ന എന്‍റെ അമ്മ, മറ്റു ബന്ധുക്കള്‍. എല്ലാവര്‍ക്കും എന്‍റെ ഭര്‍ത്താവിന്  “ബോംബെക്ക് സ്ഥലം മാറ്റം വന്നു” എന്ന് കേട്ടപ്പോള്‍ അതിയായ സന്തോഷം.


ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അകമ്പടി വാഹനത്തിന്‍റെ സഹായത്തോടെ  ആയുധധാരികളുമായി ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ നെഞ്ചിടിപ്പോടെ, പ്രാര്‍ഥനയോടെ വീട്ടില്‍ ഞാന്‍ കാത്തിരുന്ന ദിവസങ്ങള്‍ ഇനി വേണ്ട. മഞ്ഞു കാലത്ത് ഓഫീസില്‍ പോകുമ്പോള്‍ വാഹനത്തിന്‍റെ ചക്രം മഞ്ഞില്‍ തെന്നല്ലേ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന ആശങ്കയുടെ ദിനങ്ങളും തീരുന്നു. ചെനാബ് നദിയെ എനിക്ക് അതിരറ്റ സ്നേഹമാണെങ്കിലും മഞ്ഞു കാലങ്ങളില്‍ അവളുടെ കരയിലൂടെ മലമുകളിലെ മഞ്ഞുറച്ച റോഡിലൂടെ വാഹനത്തില്‍ ഇരുന്നു ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ അവള്‍ എന്നെ ഭയപ്പെടുത്താറുണ്ട്. എത്രയോ വാഹനങ്ങളെ അവള്‍ തന്‍റെ തണുത്തുറഞ്ഞ അഗാധ ഗര്‍ത്തത്തിലേക്ക് വിഴുങ്ങി മറച്ചു കളഞ്ഞിരിക്കുന്നു...എല്ലാത്തിനും വിട.


നിറയെ റോസാപ്പൂക്കള്‍ വിരിഞ്ഞു നിലക്കുന്ന, ആപ്പിളും ആപ്രിക്കോട്ടും വാള്‍നട്ടും വിളയുന്ന ഈ താഴ്വര ഈ മേയ് മാസം തീരുന്നതിനു മുന്‍പ്‌ എനിക്ക് ഒരു ഓര്‍മ്മ മാത്രം ആകും. തിരക്കേറിയ മുംബെ നഗരം എന്നെ കാത്തു നിലക്കുന്നു. ഇനി ആ മഹാ നഗരത്തിന്‍റെ തിരക്കുകളിലേക്ക്. ഓ..മേരീ..കശ്മീര്‍..ബൈ  ബൈ കശ്മീര്‍..

71 comments:

 1. ഹ്യൂമന്‍ റെസിസ്റ്റ് ടു ചേഞ്ച് എന്നാണു... തുടക്കത്തില്‍ വെറുക്കും, പിന്നെ അഡ്ജസ്റ്റാവും, പിന്നെ പതിയെ ഇഷ്ടപ്പെടും... അതാണു എല്ലാ സ്ത്ഥലങ്ങളും

  നല്ല കുറിപ്പ്

  ReplyDelete
 2. സന്തോഷത്തോടെ കടന്നു വരൂ ഈ മാറാട്ട രാജധാനിയിലേക്ക് ...

  ഇനി ഇവിടെ ഞങ്ങള്‍ കുറച്ചു ബ്ലോഗേഴ്സ് ഉണ്ട് എന്ന് എനിക്ക് ഞെളിഞ്ഞു നിന്ന് പറയാമല്ലോ?

  കാശ്മീരിനെ പോലെ എഴുതാന്‍ ഒരു പാട് വിഭവങ്ങള്‍ ഈ മഹാനഗരവും തരും എന്ന കാര്യത്തില്‍ സംശയം ഏതും വേണ്ട ...

  അതാണ്‌ മുംബൈ ... ആശംസകള്‍

  ReplyDelete
 3. വേദനകളും, സന്തോഷങ്ങളും ഇഴചേർന്ന കാശ്മീരിനെ പ്രണയിച്ചു പോകുന്നു ഈ എഴുത്തിലൂടെ

  ReplyDelete
 4. അള്ളാ...ഇവര്‍ക്ക്‌ ആ പഴയ സ്വര്‍ഗത്തെ തിരിച്ചു കൊടുക്കൂ...എന്തിനാണ് കശ്മീരിനെ നീ എത്ര ശാന്ത സുന്ദരമായ സ്ഥലമായി സൃഷ്ടിച്ചത്...?

  oru praavashyam enkilum pokanam ennu aagarichu pokunna sthalam..

  ReplyDelete
 5. പഴയതിനെ ഓര്‍ത്തുകൊണ്ട് പുതിയതിനെ സ്നേഹിക്കുക... നല്ലത് വരട്ടെ താങ്കള്ക്കും കാശ്മീരികള്‍ക്കും.... ആശംസകള്‍.

  ReplyDelete
 6. മാറ്റങ്ങൾ അതാണല്ലൊ ജീവിതം,

  ReplyDelete
 7. നന്നായി ഈ രചന ..ഞങ്ങള്‍ക്കും രചനയിലൂടെ കാശ്മീരിലെ ചേച്ചിയുടെ അടുത്തെതാനായി...സ്വാഗതം മുംബൈ.

  ReplyDelete
 8. കാശ്മീര്‍ സുന്ദരിയാ
  വല്ലാത്ത സംഭവമാ
  അവളെ കുറിച്ച് കേള്‍ക്കുന്ന തേ കൌതുകം

  ReplyDelete
 9. പ്രിയ റോസപ്പൂവേ.....
  നിങ്ങളും കാശ്മീര്‍ വിട്ടു പോവാണോ .....:-(
  കാശ്മീരിനെ ഞാന്‍ പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു .ഈ ഒരു വര്‍ഷത്തില്‍ കാശ്മീരിന്‍റെ സ്പന്ദനങ്ങള്‍ ചിലപ്പോഴൊക്കെ അറിഞ്ഞിരുന്നത് വല്ലപ്പോഴുമെങ്കിലും നിങ്ങള്‍ പറയാറുള്ള വിശേഷങ്ങളില്‍ നിന്നും ,പോസ്റ്റ്‌ ചെയ്യാറുണ്ടായിരുന്ന ചിത്രങ്ങളില്‍ നിന്നുമായിരുന്നു എന്നതും സത്യം.ഒരിക്കലെങ്കിലും കിസ്തവാര്‍ഡില്‍ വരണമെന്നും ആഗ്രഹിച്ചിരുന്നു.എന്തായാലും മുംബയിലെ ജീവിതം ഇതിലും സന്തോഷം നിറഞ്ഞതാകട്ടെ.
  സ്ഥലം മാറ്റം കിട്ടിയതില്‍ അമ്മയ്ക്ക് സന്തോഷമായല്ലോ.
  മഞ്ഞും മഴ മേഘങ്ങളും മനസ്സില്‍ എന്നും മായാതെ നില്‍ക്കും തീര്‍ച്ച .

  പിന്നെ ‘കുരുക്ഷേത്ര’ സിനിമയില്‍ ദള്‍ തടാകത്തിലൂടെ തുഴഞ്ഞു പോകുന്ന ഒരു കശ്മീരിക്ക് വേണ്ടി പ്രശസ്ഥ സൂഫി ഗായകന്‍ കൈലാഷ് ഖേര്‍ പാടിയ ഗാനം എന്‍റെ മനസ്സില്‍ അലയടിക്കുന്നു"എന്ന് എഴുതികണ്ടു .ആ ദൃശ്യം കീര്‍ത്തി ചക്രയിലെ അല്ലെ ?.കാണുമ്പോഴെല്ലാം എന്നെ കരയിക്കാറുണ്ട് ആ ഗാനം .
  "കാശ്മീരിന്‍റെ പണ്ടത്തെ ശാന്തിയും സൗന്ദര്യവും ഇനി എന്ന് ഞങ്ങള്‍ക്ക്‌ തിരികെ തരും..? "
  സൗന്ദര്യം തിരികെ വരുമെങ്കിലും ........പണ്ടത്തെ ശാന്തി എന്നെങ്കിലും കാശ്മീരിന് തിരികെ കിട്ടുമോ ??????

  അക്ഷരങ്ങളിലൂടെ എന്‍റെ കാശ്മീര്‍ യാത്ര ഞാന്‍ ഇന്നും തുടരുന്നു.
  സസ്നേഹം
  സുജ-വയല്‍ പൂവുകള്‍

  ReplyDelete
 10. കാശ്മീര്‍ ഒരു സുന്ദര സ്വപ്നമായി അവശേഷിക്കുന്നു....സൗന്ദര്യം ഒട്ടും ചോരാതെ വായനക്കാരിലേക്ക് പകര്‍ന്നതിന് നന്ദി...

  ReplyDelete
 11. സുജ,തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി.തിരുത്തിയിട്ടുണ്ട്

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. അപ്പോള്‍ ഒരു പറിച്ചു നടലിനുള്ള തയ്യാറെടുപ്പായി...

  ReplyDelete
 14. മനോഹരമായ പോസ്റ്റ്‌. കവിതയോട് ചേര്‍ന്ന് നില്‍ക്കുന്ന വിവരങ്ങള്‍. കഷ്മീര്‍ പോലെയുള്ള ഒരു സുന്ദരിയോട് യാത്ര ചോദിക്കുമ്പോള്‍ എഴുതേണ്ട വരികള്‍ തന്നെ. ഇനി, കഷ്മീര്‍ എങ്ങനെ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഈ വരികള്‍ റഫര്‍ ചെയ്യാമല്ലോ. ഇത്ര നല്ല ഒരു അതിഥിയെ കൈ വീശി യാത്രയാക്കുമ്പോള്‍ കഷ്മീരി ബാലികമാര്‍ പാടുന്നുണ്ടാകണം. 'അഭി ന ജാഓ ചോഡ്‌ കര്‍ കെ ദില്‍ അഭി ഭറാ നഹി' എന്ന് പാടുന്നുണ്ടാകണം. ഏതായാലും അവര്‍ സംതൃപ്തരാകും കാരണമുണ്ട്, തങ്ങള്‍ പുറം ലോകത്ത്‌ പൈശാചിക വല്‍ക്കരിക്കപ്പെടുന്ന തങ്ങളെ മനുഷ്യന്മാരായി അവതരിപ്പിക്കുന്ന ഒരെഴുത്ത് കാറി ഉണ്ടാകുമല്ലോ.
  റോസാപൂവേ ആശംസകള്‍,താങ്കളുടെ പുതിയ വാസസ്ഥലവും മനോഹരമാകട്ടെ.

  ReplyDelete
 15. വിശദമായ ഈ രചനയിലൂടെ ഹിമകണങ്ങളെ തൊട്ടറിഞ്ഞു..സുന്ദരീസുന്ദരന്മാരെ കണ്ട് അവരുടെ ഉപചാരവാക്കുകള്‍ കേള്‍ക്കാനിടയായ പോലെ...

  അഭിനന്ദങ്ങള്‍ റോസിലി...
  ഒപ്പം നാട്ടിലേക്ക് സ്വാഗതവും....

  ReplyDelete
 16. അപ്പോള്‍ ഈ സുന്ദരലോകം വിടുക ആണല്ലേ?? സന്തോഷവും ഒപ്പം സങ്കടവും... സന്തോഷം , വെടിയുടെ ഇടയില്‍ നിന്നുള്ള മോചനം ഓര്‍ത്തിട്ടു.. സങ്കടം,ഇനി കാശ്മീര്‍ കത്ത് ആര്‍ എഴുതും എന്നോര്‍തിട്ടു.. ആശംസകള്‍..

  ReplyDelete
 17. ഈ ബ്ലോഗിലേക്ക് ആദ്യം എത്തിച്ചത് കാശ്മീരില്‍ നിന്നും ഒരു സ്ത്രീ എഴുതുന്നു എന്ന അറിവാണ്. പിരാനയും, ബെക്കെര്‍ വാളുകളും വായിച്ചപ്പോള്‍ രോസിലിക്ക് അങ്ങനെയൊരു ഐഡന്റിറ്റിയുടെ ആവശ്യമില്ലെന്ന് തോന്നി.
  നമ്മുടെ മനോവിചാരങ്ങള്‍ക്കനുസരിച്ച് ഏതു സ്ഥലവും സ്വര്‍ഗ്ഗവും നരകവുമൊക്കെയാവും. പുതിയ സ്ഥലവും സ്വര്‍ഗ്ഗമാവട്ടെ.
  അതി വൈകാരികത ലവലേശമില്ലാതെ എഴുതിയ യാത്രാമൊഴി ആസ്സലായി.

  ReplyDelete
 18. ജീവിതത്തിലെ ഇടത്താവളങ്ങളോരോന്നും ഇതുപോലെ അല്പം മധുരം നമ്മുടെ മനസ്സിൽ ബാക്കി വെയ്ക്കും. പുതിയ ചുറ്റുപാടുകളും മനോഹരമായ രചനകൾക്ക് ഊർജ്ജം തരട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 19. ഇനി മുംബായ് നഗരത്തെ പ്രണയിച്ചുകൊള്ളൂ ചേച്ചീ...സുന്ദരിയായ കാഷ്മീര്‍ സ്വസ്ഥശാന്തയായി സ്വപ്നങ്ങളില്‍ വരട്ടെ...

  നല്ല കുറിപ്പ്...

  ReplyDelete
 20. റോസിലി ജോയിയെപ്പോലൊരു എഴുത്തുകാരിയെ കാശ്മീര്‍ താഴ്വാരങ്ങളുടെയും മലകളുടെയും ലാവണ്യം എത്രമാത്രം സ്പര്‍ശിച്ചിട്ടുണ്ടാവുമെന്നു ആലോചിക്കുകയായിരുന്നു. സ്ഥലപരിമിതിമൂലം ആ അനുഭവത്തിന്റെ ചെറിയൊരു ഭാഗമാവും ഇവിടെ പങ്കുവെച്ചത്..... ആ താഴ്വരയുടെ തണുപ്പും സൌന്ദര്യവും, മനസ്സില്‍ അതേല്‍പ്പിക്കാന്‍ പോവുന്ന ഗൃഹാതുരത്വവുമൊക്കെ വായനക്കാര്‍ക്ക് നല്‍കുവാന്‍ ഈ ചെറുകുറിപ്പിന് സാധ്യമായിരിക്കുന്നു.

  തികച്ചും വ്യത്യസ്ഥമായ അനുഭവങ്ങളായിരിക്കും മുബൈ പോലൊരു മഹാനഗരം നല്‍കാന്‍ പോവുന്നത്. റോസിലി ജോയിയിലെ എഴുത്തുകാരിക്ക് ആ അനുഭവങ്ങളും എഴുത്തിനുള്ള മൂലധനമായി വര്‍ത്തിക്കും എന്ന കാര്യം ഉറപ്പാണ്.

  ആശംസകള്‍......

  ReplyDelete
 21. മുംബെയുടെ കഥകള്‍ പറയാനാവാം ഇനി റോസിലിക്ക് നിയോഗം.. വിടപറയല്‍ പോസ്റ്റ് മനോഹരമാക്കിയിരിക്കുന്നു.. സത്യത്തില്‍ കാശ്മീരിനെ അത്രയേറെ ഇഷ്ടപ്പെടുവാന്‍ പ്രേരിപ്പിക്കുന്നുണ്ട് ഈ കവിത്വം തുളുമ്പുന്ന എഴുത്ത്..

  ReplyDelete
 22. സൗന്ദര്യം മിക്കപ്പോഴും നമ്മെ അകറ്റിനിര്‍ത്തും.
  സ്നേഹിച്ചുപോയാലോ ഭയപ്പെടുത്തിക്കൊണ്ടുമിരിക്കും.
  എന്നാല്‍ പിരിയാന്‍ നോക്കുമ്പോള്‍....

  ഓരോ നഗരവും ഓരോ അനുഭവമാകട്ടെ.
  ആശംസകള്‍.

  ReplyDelete
 23. കാശ്മീരിന്റെ പഴയ സ്വർഗ്ഗീയത തിരികെ ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.... സന്ദർശിക്കേണ്ട ഇന്ത്യയിലെ പ്രധാനമായ ഒരിടം....

  മനസ്സിലെ സങ്കടം പങ്കിടുന്നു... ഒപ്പം കാശ്മീരിനെ അനുഭവിക്കാൻ കഴിയാത്തതിലുള്ള എന്റെ സങ്കടവും.... ഒരിക്കലെങ്കിലും കാണാൻ കൊതിയാവുന്നു ആ ദേശം... :)

  ReplyDelete
 24. ഭംഗിയായി എഴുതി. എന്നെ പോലൊരു കൂപമണ്ഡൂകത്തിന് കശ്മീർ കണ്ട പ്രതീതി..
  നന്ദി..

  ReplyDelete
 25. വായിച്ചപ്പോള്‍ നിങ്ങളെ പോലെതന്നെ ...,
  സങ്കടമാണോ..സന്തോഷമാണോ എന്നൊന്നും എനിക്കറിയില്ല...
  കാശ്മീരിനെ കുറിച്ചും അവിടുത്തുകാരെ കുറിച്ചുമോര്‍ക്കുമ്പോള്‍,
  അവിടെ ജോലി ചെയ്യുന്ന എന്റെ സ്നേഹിതനടക്കമുള്ള സഹോദരങ്ങളെ ഓര്‍ക്കുമ്പോള്‍...
  അവര്‍ സഹുക്കുന്ന ത്യാഗങ്ങലോര്‍ക്കുമ്പോള്‍....
  അവരെ കാത്തിരിക്കുന്നവരെ ഓര്‍ക്കുമ്പോള്‍...

  പ്രാര്‍ത്ഥിക്കുന്നു..ഒരു നല്ല നാളേക്ക് വേണ്ടി..

  ReplyDelete
 26. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്..
  ഓരോ സ്ഥലത്തെ ജീവിതവും അത് പോലെ ...
  ഒരു എഴുത്ത്കാരിക്ക് വേണ്ട വിഭവങ്ങള്‍ ഒരുക്കിവേക്കുന്നതില്‍ മ്ടുക്കിയാണ് മുംബൈ നഗരം എന്ന് കേട്ടിട്ടുണ്ട്...
  ഇനി രോസാപൂക്കളില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് മുംബൈയുടെ സ്പന്ദനങ്ങളാണ്..

  നന്മകള്‍ നേരുന്നു... കൂടെ ശുഭയാത്രയും

  ReplyDelete
 27. വേണുവേട്ടന്‍ പറഞ്ഞതുപോലെ സന്തോഷത്തോടെ യാത്ര തിരിക്കൂ മുംബൈയുടെ തിരക്കിലേക്ക് ... കുറിപ്പ് മനോഹരമായി ...

  ReplyDelete
 28. ബൈ ബൈ കാശ്മിര്‍...വെല്‍കം മുംബൈ. (കാശ്മിര്‍: ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടെയാണ്..)

  ReplyDelete
 29. നന്നായി, മനസ്സിൽ തട്ടി തന്നെ എഴുതി... അവിടെ തുടരുന്നതിനേക്കാൾ സന്തോഷം വിടുന്നതാണെന്ന് വരികളിൽ നിന്നും മനസ്സിലാവുന്നു... സുരക്ഷിതത്വമാണ് പ്രധാനം... ബോംബെ അധോലോകത്തേക്ക് വലത് കാൽ വെച്ച് പ്രവേശിച്ചാലും. ഉലകം ചുറ്റി നടക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ഒരിക്കലും ഭാവന മരിക്കില്ല. കാരണം ഒരെഴുത്തുകാരന് വേണ്ടത് നിരീക്ഷണവും അനുഭവങ്ങളുമാണല്ലോ?

  ആശംസകൾ

  ReplyDelete
 30. കശ്മീരിന്റെ കഥകള്‍ ഇനി റോസിലി എഴുതുന്നത്‌ ഓര്മ പുസ്തകത്തില്‍ നിന്നാവും ...മഞ്ഞു പെയ്തു തീര്‍ന്നാലും തണുപ്പ് അന്തരീക്ഷമാകെ തീരാതെ നിറഞ്ഞു നില്‍ക്കും ..ബോംബെ നഗരം കഥകളുടെ കടന്നല്‍ക്കൂടാണ് എത്രയോ എഴുത്തുകാരെ കുത്തി ഉണര്ത്തിയിട്ടുള്ള മഹാരണ്യകം ...നിശബ്ദതയില്‍ നിന്ന് ശബ്ദായമാനമായ ഒരു ഭൂമികയിലേക്ക് വരുമ്പോള്‍ പോലും ഒരു നിശബ്ദത നമ്മെ ചൂഴ്ന്നു നില്‍പ്പുണ്ടാകും ..ആ നിശബ്ദതയില്‍ ഇരുന്നു അവള്‍ വിളിക്കും ..കാശ്മീര്‍... ഇതാ ഞാന്‍ ഇവിടെയും നിന്നെ വിടാതെ ...പിന്തുടര്‍ന്നെത്തിയെന്ന്....ആശംസകള്‍ ..

  ReplyDelete
 31. ഒരുപാട് കാലത്തിനു ശേഷമാണ് ഞാനും ഒരു പോസ്റ്റ്‌ വായിക്കുന്നത്.
  മറക്കാനാവാത്ത ശാന്ത സുന്ദരമായ ആ നല്ല ദിനങ്ങള്‍ പേറി ഇനി തിരക്കുകളുടെ ലോകത്തേക്ക്.

  നന്നായി എഴുതി. ഞങ്ങളും കൂടെ പാടുന്നു. "മേരാ കശ്മീര്‍...... ഓ ഓ ..."

  ReplyDelete
 32. കാഷ്മീരിൽ നിന്നുള്ള വിടവാങ്ങലിന്റെ കുറിപ്പിൽ സ്നേഹവും സൌന്ദര്യവും തുളുമ്പി നിൽക്കുന്നു. ജീവിതത്തിലെ ഒരു മഹാഭാഗ്യം. ഇനി തുടങ്ങുന്ന മുബൈ ജീവിതത്തിന് ആശംസകൾ

  ReplyDelete
 33. സുപ്രഭാതം...
  മഞ്ഞു പെയ്യുന്ന നാടിനോട് വിട പറയുന്ന തേങ്ങലുകൾ മനസ്സിലാക്കുന്നു ട്ടൊ..
  ഏതാനും നിമിഷങ്ങൾ മാത്രം ചിലവഴിച്ചിട്ടുള്ള ഇടങ്ങളോട് തന്നെ നമുക്ക് പ്രത്യേക മമതയോ സ്നേഹമൊ തോന്നാറുണ്ട്...അപ്പോൾ പിന്നെ ഇത്രയും നാള് താങ്കള്‍ക്കും തൂലികയ്ക്കും വളരെ നല്ല നിമിഷങ്ങൾ സമ്മാനിച്ച കാശ്മീരിനെ കുറിച്ച് ഊഹിയ്ക്കാവുന്നതേയുള്ളു..
  ഇനിയും ഇത്തരം നല്ല അനുഭവങ്ങളും സന്തോഷങ്ങളും പങ്കു വെയ്ക്കാൻ മുംബൈ നഗരവും നൽകും എന്ന് ആശംസിച്ചു കൊണ്ട്...
  സസ്നേഹം..

  ReplyDelete
 34. മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന ദാല്‍ തടാകം പോലെ മനോഹരമായ പോസ്റ്റ്‌. ഓര്‍മ്മകളില്‍ എപ്പോഴും കശ്മീര്‍ ഓര്‍മ്മകള്‍ നിങ്ങള്ക്ക് കുളിര് പകരട്ടെ..ആശംസകള്‍

  ReplyDelete
 35. എന്റെ റൂം മേറ്റ്‌ കാശ്മീരില്‍ നിന്നായിരുന്നു . . . മൂന്നു കൊല്ലവും അവന്റെ കൂടെ ഉണ്ടായിട്ടും, അവന്‍ ഓരോ തവണ വീട്ടില്‍ പോകുംബോയും ക്ഷണിച്ചിട്ടും പോകാന്‍ അവസരം ഒത്തു വന്നില്ല . . . അവന്റെ കല്യാണത്തിന് വരണം എന്ന് പറഞ്ഞിട്ടുണ്ട് . . . . ആ സമയം നാട്ടിലുണ്ടെങ്കില്‍ ഭൂമിയിലെ സ്വര്‍ഗത്തില്‍ ഒന്ന് പറ്റുകയാണെങ്കില്‍ പോകണം. . .
  എഴുത്തില്‍ കശ്മീര്‍ ജനതയെ കുറിച്ച് കുറച്ച കൂടെ detail ആയിട്ട് പറയാമായിരുന്നു. . . . ഞങ്ങള്‍ പത്രത്തില്‍ കണ്ട കാശ്മീരും , ചേച്ചി നേരില്‍ കണ്ട കാശ്മീരും ഒന്നാണോ എന്നറിയാന്‍ ?
  പുതിയ സ്ഥലത്തേക്കുള്ള യാത്രക്ക് ആശംസകള്‍

  ReplyDelete
 36. കൊതിയോടെ വായിക്കുകയാണ് ചേച്ചിയുടെ കാശ്മീര്‍ കുറിപ്പുകള്‍. പടങ്ങളില്‍ മാത്രം കണ്ട കാശ്മീര്‍, എന്തിന്? ഇന്ത്യയുടെ ചരിത്രമുറങ്ങുന്ന സൌധങ്ങല്പ്പോലും കാണുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

  നമ്മുടെ നാടിനെ സംരക്ഷിക്കുന്ന ഭര്‍ത്താവിനു താങ്ങായി നിന്ന് അഭിമാനപൂര്‍വം അനുഗ്രഹീതമായ ആ യാത്രാ, ജീവിതാനുഭവങ്ങള്‍ ഞങ്ങളോട് പങ്കുവയ്ക്കുവാനും കാട്ടുന്ന സമയത്തിനും സന്മ്മനസിനും അളവറ്റ നന്ദി രേഖപ്പെടുത്തിക്കൊണ്ട്, പുതിയ സ്ഥലത്തേയ്ക്കുള്ള ചെക്കേറ്റ്ത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്, പുതിയ വിശേഷങ്ങള്‍ക്ക് കണ്ണും നട്ട്, സ്നേഹപൂര്‍വ്വം
  ജോസെലെറ്റ്‌. :)

  ReplyDelete
 37. അഭിപ്രായങ്ങള്‍ നല്‍കി എന്റെ കവിതകള്‍ വായിച്ചു പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി
  നല്ല കശ്മീര്‍ വര്‍ണ്ണന ഇഷ്ടമായി ഇനി തിരക്കേറിയ മായാ നഗരിയാം മുംബയിലേക്ക് സ്വാഗതം

  ReplyDelete
 38. മാറ്റങ്ങൾ മാറ്റാൻ പറ്റാത്തവയാണു...ഓർമ്മകളിൽ ഇനി അവളെ പടി തള്ളി തിരക്കിന്റെ ആരവങ്ങളിലേക്ക് യാത്രയാവൂ...ശാന്തമായ മനസ്സോടെ..ഇടയ്ക്കൊക്കെ ഗൃഹാതുരതയുമായി ഓർമ്മകളിൽ അവൾ വിരുന്നു വരട്ടെ...ആശംസകൾ..

  ReplyDelete
 39. ജീവിതത്തില് ഒരിക്കലെങ്കിലും കാണണമെന്ന് കൊതിക്കുന്ന ആ സ്വര്‍ഗ്ഗ ഭൂമിയെ പിരിയുകയാണോ....

  വേര്‍പാട് എന്നും വേദന തന്നെ അല്ലെ ?

  ReplyDelete
 40. ഇനി ആ മഹാ നഗരത്തിന്‍റെ തിരക്കുകളിലേക്ക്. ഓ..മേരീ..കശ്മീര്‍..ബൈ ബൈ കശ്മീര്‍..

  ഇനി പുതിയ തട്ടകത്തിലിരുന്നു ഓര്‍മ്മയിലെ കാശ്മീരിനെ കുറിച്ച് എഴുതി തുടങ്ങാം. മനോഹരമായി ഈ വിടവാങ്ങല്‍ പോസ്റ്റ്. ആശംസകളോടെ.

  ReplyDelete
 41. കാശ്മീര്‍ കി കലി! ..., ഇനി മഹാനഗരം പേനത്തുമ്പില്‍ ആവാഹിക്കൂ ..!!! ആശംസകള്‍ ...യാത്രകള്‍ക്ക് ..കൂട് മാറ്റത്തിന് ..മറ്റൊരു പ്രവാസ ഭൂമികയിലെക്കുള്ള പ്രയാണത്തിന്

  ReplyDelete
 42. മനോഹരമായി എഴുതി. ഒരിക്കല്‍ അവിടെ പോയിട്ടുണ്ട്. കുറച്ചധികം ദിവസത്തിനു ഇനി ഒരിക്കല്‍ കൂടെ അവിടെ പോകണം എന്നുമുണ്ട്. അപ്പോള്‍ ഈ ബ്ലോഗറെ അവിടെ വന്നു കാണണമെമെന്നും മനസ്സില്‍ കരുതിയിരുന്നു. ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല :)

  ReplyDelete
 43. വളരെ ഹൃദയ സ്പര്‍ശിയായി എഴുതി .യാത്രാ മംഗളങ്ങള്‍ ,ഇനി മുംബയില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടി കഥ എഴുതുന്നത്‌ റോസാപ്പൂക്കള്‍ എന്ന് മാറ്റാം നമുക്ക് വരികള്‍ ,അല്ലെ ..:)

  ReplyDelete
 44. രോസ്ലി ചേച്ചീ..കശ്മീര്‍ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു കാശ്മീര്‍ രൂപം വന്നു നിന്നു. കാശ്മീര്‍ കാണാന്‍ ഒരു മോഹം. കാശ്മീരിനെ എല്ലാവരും വളരെ ഭീതിയോടു കൂടെയാണ് കാണുന്നത് എന്നത് വളരെ സങ്കടം തോന്നുന്ന കാര്യം തന്നെ. പട്ടാളക്കാരും ഭീകരവാദികളും നിറഞ്ഞു നില്‍ക്കുന്ന തണുത്തു മഞ്ഞു വീണു കൊണ്ടിരിക്കുന്ന ഒരു സ്ഥലം മാത്രമായാണ് പണ്ടൊക്കെ കരുതിയിരുന്നത്. പിന്നീട് വന്ന മേജര്‍ രവി സിനിമകളില്‍ നമ്മുടെ മാതൃഭാഷയില്‍ കാശ്മീരിനെ വരച്ചു കാണിച്ച സമയത്താണ് ആദ്യമായി കശ്മീര്‍ കാണാന്‍ ഒരു ചെറിയ മോഹം വന്നത്. ഇപ്പോള്‍ ചേച്ചിയുടെ ഈ വര്‍ണനയും കൂടി കേട്ടപ്പോള്‍ ഞാന്‍ ഒന്ന്‍ ഉറപ്പിച്ചു. അടുത്ത വര്‍ഷം അവധിക്കു നാട്ടിലെത്തിയാല്‍ ഒരു കശ്മീര്‍ യാത്ര തരപ്പെടുത്തണം. ഇനി ഞാന്‍ കാശ്മീര്‍ യാത്ര നടത്തുന്ന ദിവസം വല്ല ഭീകരാക്രമണമോ മറ്റോ ഉണ്ടായി ഞാന്‍ തട്ടിപോയാലും എനിക്ക് വിഷമമില്ല. കാരണം എല്ലാവരും മരിച്ചിട്ട് സ്വര്‍ഗത്തില്‍ എത്തുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തില്‍ കിടന്നല്ലേ മരിച്ചത് എന്നാലോചിച്ച് ഞാന്‍ സന്തോഷിക്കും.

  ReplyDelete
 45. റോസപ്പൂക്കൾ...മനോഹരമായ കാശ്മീർ വിവരണം..വർഷങ്ങളായുള്ള കാശ്മീർ സന്ദർശനം എന്ന ആഗ്രഹം ഇന്നും മനസ്സിൽ പൂവണിയാതെ നിൽക്കുകയാണ്.. ഡൽഹിയിലുള്ള രണ്ട് കാശ്മീരി സുഹൃത്തുക്കളുടെ നാടിനെക്കുറിച്ചുള്ള വിവരണം കേൾക്കുമ്പോൾ ആ ആഗ്രഹം വീണ്ടും വർദ്ധിയ്ക്കാറുണ്ട്...ഈ വിടപറയൽ കുറിപ്പ് വായിയ്ക്കുമ്പോൾ അത് ഏറി വരുന്നു.. ഒരിയ്ക്കൽ തീർച്ചയായും പോകും..സുജയും, റോസാപ്പൂക്കളും വർണിച്ചുകൊതിപ്പിച്ച ആ നാട്ടിലേയ്ക്ക്....ആശംസകൾ

  ReplyDelete
 46. This comment has been removed by the author.

  ReplyDelete
 47. വളരെ ലളിതമായീ ഹൃദയത്തിലേക്ക്
  വിരിച്ചിട്ടു കാശ്മീരെന്ന സുന്ദരമായ
  പ്രദേശത്തിന്റെ മഞ്ഞിന്‍ കണമുള്ള ചിത്രം ..
  ആകുലതയൊടെ ഒരു പറിച്ചു നടീലിന്
  കാലം കാരണമായപ്പൊള്‍ , അതു കാത്ത് വച്ചത്
  മനസ്സിലേക്കൊരു മഞ്ഞുതുള്ളിയുടെ കുളിരാണെന്ന്
  അറിയുവാന്‍ വൈകി പൊവുകയും , അറിഞ്ഞതിന്
  ശേഷം അവിടം വിട്ടു പൊരുവാന്‍ മനസ്സിപ്പൊള്‍ മടിക്കുന്നു ..
  ഉണ്ടാവാതെ തരമെങ്ങനെ !
  ഭൂമിയിലേ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന "കാശ്മീര്‍ " ഇന്നും
  ആഗ്രഹമെന്ന വെറും കൊതിയോടെ മനസ്സില്‍ അവശേഷിക്കുന്നുണ്ട് ..
  പുറത്ത് ഭയത്തിന്റെ ആവരണം കൊണ്ട് പുതച്ച്
  തീണ്ടാപാടകലെ നിര്‍ത്തുമ്പൊഴും നേരുകള്‍
  നേരുകളില്‍ ചെന്നു തന്നെ തറക്കുന്നു ..
  ഒരിക്കല്‍ പൊകണം ,ഈ വരികളിലൂടെ മനസ്സിലേക്ക്
  മോഹത്തിന്റെ പക്ഷികള്‍ വീണ്ടും ശക്തിയോടെ
  ചേക്കേറുന്നു ,കൂടെ ഏട്ടന്റെ കൂടെ ജോലിയുടെ
  ഭാഗമായീ ഭാരത്തതിന് വേണ്ടി പൊകുകവാനും
  ജീവിക്കുവാനും കാണിക്കുന്ന മനസ്സിന് ഒരു കുഞ്ഞു "സല്യൂട്ട് "
  ജോലി എന്താണെന്ന് എനിക്കവറിവതില്ലേട്ടൊ ..
  എങ്കിലും ..ആര് അറിയുന്നു അതൊക്കെ ,
  മരണത്തിന്റെ മുഖാമുഖത്തിലും നാമൊക്കെ
  സുഖമായി ഉറങ്ങുമ്പൊള്‍ നമ്മേ കാക്കുന്ന
  ധീര ജാവാന്‍ മാരെ ..സിനിമകളിലും ,
  അവരുടെ മരണത്തിലും മാത്രം ഹൃദയത്തില്‍
  ചേര്‍ക്കുന്ന അവര്‍ക്ക് ജീവിച്ചിരിക്കുമ്പൊള്‍
  നാം മതിയായ പരിഗണന നല്‍കുന്നുണ്ടൊ ?
  പണ്ടൊക്കെ നാട്ടിന്‍പുറങ്ങളിലെ ചായക്കടകളില്‍
  പട്ടാളക്കാരന്‍ ലീവിന് വന്നിട്ട് വരുമ്പൊള്‍
  നമ്മളൊക്കെ എഴുന്നേല്‍ക്കാറുണ്ട്
  ആ മനുഷ്യന്റെ പട്ടാളത്തിലേ ജോലിയോ
  റാങ്കോ ഞങ്ങള്‍ക്കറിയില്ലയിരുന്നു
  പക്ഷേ അയാള്‍ ഞങ്ങള്‍ക്ക് പട്ടാളക്കാരന്‍ മാത്രം ..
  അതൊക്കെ ഇന്നുണ്ടൊ ആവോ ? ഇവര്‍ക്കും തിരിച്ചും ..
  നല്ല വരികള്‍ കൊണ്ടീ പൊസ്റ്റ് വര്‍ണ്ണാഭമാക്കി ..
  മഞ്ഞു മലകളുടെ താഴ്വരയില്‍ കാശ്മീര്‍
  സുന്ദരിയായ് ഇന്നും ചിരിക്കുന്നു
  നല്ലൊരു കാലം സ്വപ്നം കണ്ടു യാത്രയാകുക ..
  ജീവിതത്തിന്റെ വഴികളില്‍ ഇനി തിരക്കുകളുടെ ,
  കടലോരങ്ങളുടെ നഗരം സ്വാതമരുളട്ടെ ..
  സ്നേഹാശംസകളൊടെ .. റിനീ

  ReplyDelete
 48. കാശ്മീര്‍ കുറിപ്പുകള്‍ ഭംഗിയായി എഴുതി റോസാപ്പൂവേ ..!!
  സിനിമയില്‍ ഒക്കെ കാശ്മീര്‍ എന്ന സുന്ദരിയെ കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് കാണണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാവും എന്ന് ഒട്ടും പ്രതീക്ഷയില്ല ...!
  പുതിയ സ്ഥലവും സ്വര്‍ഗ്ഗമാവട്ടെ...!
  വളരെ മനോഹരമായൊരു വിടവാങ്ങല്‍ പോസ്റ്റ്....!!

  ReplyDelete
 49. എന്നെങ്കിലും ഒരിക്കല്‍ പോകണം..കാശ്മീര്‍ എന്ന ഭൂമിയിലെ സ്വര്‍ഗം കാണാന്‍..


  യാത്രാമൊഴി നന്നായി...

  ReplyDelete
 50. വായനക്ക് നന്ദി
  സുമേഷ്‌,ജെഫു,വേണുഗോപാല്‍,
  മിനി,ആചാര്യന്‍,ഷാജഹാന്‍ ,
  അംജത്‌ ,മിനി,കൊമ്പന്‍
  സുജ , മുബി,ആരിഫ്‌ സൈന്‍
  റാംജി, മിനുപ്രേം,മനോ രാജ്,
  ഷാനവാസ്‌ ,നാസര്‍,പ്രദീപ്‌ കുമാര്‍,
  ശ്രീക്കുട്ടന്‍,സമീര്‍,
  അരൂപന്‍,വിഡ്ഢിമാന്‍,
  കാദു,ഇസ്മൈല്‍,ഹാഷിക്ക്,
  അജിത്‌,മോഹിയുദീന്‍,

  ഇവിടെ താമസിച്ച ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സ്ഥലമാണ് കാശ്മീര്‍ എന്ന സുന്ദരി.

  ReplyDelete
 51. വായനക്ക് നന്ദി
  രമേശ്‌,സുല്‍ഫി,ശ്രീനാഥന്‍ മാഷ്‌,വര്‍ഷിണി, മുഹമ്മദ്‌ ഷാജി,യൂനസ്‌ കൂള്‍,ഉസ്മാന്‍,ജോസ്ലെട്റ്റ്‌,കവിയൂ,സീത,ഐക്കരപടിയന്‍,തെച്ചിക്കോടന്‍,അക്ബര്‍,കാറ്റ് കുറിഞ്ഞി,വള്ളിക്കുന്ന്,പ്രവീണ്‍ ശേഖര്‍,സിബു തോവാള,സിയാഫ്‌,റിനി.

  യൂനസ്‌ കൂള്‍,ഞാന്‍ കാശ്മീര്‍ കഥകള്‍ ഒന്ന് രണ്ടെണ്ണം എഴുതിയിട്ടുണ്ട്.അതില് ഉണ്ട് അവരുടെ ജീവിതം. ഇതില്‍ തന്നെ പറഞ്ഞിട്ടുട്ടുള്ള ബെക്കര്‍വാളുകള്‍ ,ദൈവത്തിനു വേണ്ടപ്പെട്ടവന്‍ ,മെഹക്ക്
  ഈ മൂന്നു കഥകളും കാശ്മീര്‍ കഥകളാണ്.
  ഷിബു,തീര്‍ച്ചയായും വരണം .കശ്മീര്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെ.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യസ്ത്യസ്തം.
  ബഷീര്‍,ഞാനില്ലെങ്കിലെന്താ കിസ്തവാദ്‌ ഒന്ന് വന്നു പോകൂ.ഇവിടെ സിന്ധന്‍ ടോപ്‌,പാഡര്‍,ബദര്‍വാ ഇങ്ങനെ നല്ല സ്ഥലങ്ങള്‍ ധാരാളം ഉണ്ട് കാണുവാന്‍..
  പ്രവീണ്‍ അങ്ങനെ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല..ധൈര്യമായി വന്നു പോകൂ. ഫോര്സില്‍ ആയിട്ട് കൂടെ ഞങ്ങള്‍ ഇവിടെ മൂന്ന്‍ വര്ഷം ജീവിച്ചില്ലേ.സാധാരണ സിവിലിയന്‍സിനു ഇവിടെ പ്രശ്നം ഒന്നും ഇല്ല.

  ReplyDelete
 52. വായിച്ചു ..നല്ല രസമുള്ളയൊരു ജീവിതമാണ്‌ ചേച്ചിടെ.പലയിടങ്ങളില്‍ ..പല ജീവിതങ്ങള്‍ കണ്ടു കുറച്ചു വേദനിച്ചും കുറച്ചു ചിരിച്ചും ..അങ്ങനെ അങ്ങനെ ...മുബൈ നല്ല ജീവീതം തരട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 53. കാശ്മീരിന്‍റെ മനസ്സറിഞ്ഞ അവതരണം.അഭിനന്ദനങ്ങള്‍

  ReplyDelete
 54. മഞ്ഞുകണങ്ങളെക്കാള്‍ നിര്‍മലമായ ഈ അക്ഷരങ്ങള്‍ക്ക്,
  റോസാപൂവിനെക്കാള്‍ നറുമണമുള്ള അതിലെ ജീവിതത്തിന് എന്‍റെ സല്യൂട്ട്..!

  റോസാപൂവിന്..ആശംസകള്‍.

  ReplyDelete
 55. മഞ്ഞുകണങ്ങളെക്കാള്‍ നിര്‍മലമായ ഈ അക്ഷരങ്ങള്‍ക്ക്,
  റോസാപൂവിനെക്കാള്‍ നറുമണമുള്ള അതിലെ ജീവിതത്തിന് എന്‍റെ സല്യൂട്ട്..!

  റോസാപൂവിന്..ആശംസകള്‍.

  ReplyDelete
 56. ഓ..അള്ളാ...ഇവര്‍ക്ക്‌ ആ പഴയ സ്വര്‍ഗത്തെ തിരിച്ചു കൊടുക്കൂ...എന്തിനാണ് കശ്മീരിനെ നീ എത്ര ശാന്ത സുന്ദരമായ സ്ഥലമായി സൃഷ്ടിച്ചത്...? ഇപ്പോള്‍ ഇവിടെ വാളും മരണവും രക്തവും മാത്രമേ ഉള്ളു എന്ന് വിലപിക്കുന്ന ആ സാധാരണ മനുഷ്യന്‍. കാശ്മീരിന്‍റെ പണ്ടത്തെ ശാന്തിയും സൌന്ദര്യവും ഇനി എന്ന് ഞങ്ങള്‍ക്ക്‌ തിരികെ തരും..? എന്ന രോദനം ഏതു ഇന്ത്യാക്കാരന്‍റെ മനസ്സിലാണ് അസ്വസ്ഥത ഉണ്ടാക്കാത്തത്...? മനസ്സില്‍ കൊളുത്തി വലിക്കുന്ന വരികള്‍ ..നന്ദി ഈ നല്ല വരികള്‍ക്ക്.

  ReplyDelete
 57. ഹൃദ്യമായ താങ്കളുടെ കാശ്മീര്‍ പോസ്റ്റുകള്‍ അപ്പൊ ഇനി ഉണ്ടാവില്ല..
  എന്റെ ധാരണകള്‍ക്ക് അപ്പുറത്തെ കാശ്മീര്‍ എന്താണെന്ന് എനിക്ക് ആദ്യമായി മനസിലാക്കി തന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ണാടകയില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരനായി കിട്ടിയ കാശ്മീരുകാരന്‍ 'അല്‍താഫ്' ആയിരുന്നു. സ്നേഹിക്കാന്‍ മാത്രം അറിയുന്ന അല്‍താഫ് നിഷ്കളങ്കരായ കാശ്മീരികളുടെ പ്രതീകമായിരുന്നു. കാശ്മീരികള്‍ക്കും ഒരുപാട് പറയാനുണ്ടെന്നും അതില്‍ പലതും പുറം ലോകത്തിന്റെ വിചാരങ്ങളോട് യോജിക്കാത്തതാനെന്നും അന്നെനിക്ക് മനസ്സിലായി. മനസ്സ് തുറന്നു ഹൃദ്യമായി ചിരിക്കാനും മൃദുവായി പെരുമാറാനും അവനോളം കഴിയുന്ന മറ്റൊരുതനെയും ഞാന്‍ കണ്ടിട്ടില്ല.
  ഒരിക്കല്‍ ഞങ്ങള്‍ അവന് "ഖുദാ സെ മന്നത് ഹേ മേരി, ലോട്ടാ ദേ ജന്നത്ത്... കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ കണ്ണടച്ചിരുന്നു കണ്ണീര്‍ വാര്‍ക്കുന്നത് കണ്ടു ഞങ്ങള്‍ക്ക് പോലും കണ്ണ് നിറഞ്ഞു പോയി.. പിന്നീട് പലപ്പോഴും ആ ഗാനം അവന്‍ ഒറ്റക്കിരുന്നു കേള്‍ക്കുമായിരുന്നു, മനസ്സറിഞ്ഞു പാടുമായിരുന്നു "ഓ ഖുദായാ ലോട്ടാ ദേ കശ്മീര്‍ ദുബാരാ" എന്ന്....

  ReplyDelete
 58. റോസാപ്പൂവേ, അതി മനോഹരമായി എഴുതി കേട്ടോ. അഭിനന്ദനങ്ങൾ....

  ReplyDelete
 59. ഒരുപാട് ഒരുപാട് നാളുകള്‍ക്ക് ശേഷം റോസാപ്പൂവേ, സ്നേഹം നിറച്ച നമസ്ക്കാരം...

  ReplyDelete
 60. മുംബൈ നോട്ട്സ് ആയിരിക്കും ഇനി അല്ലേ.. :)

  ReplyDelete
 61. സത്യം പറഞ്ഞാല് റോസാപ്പൂക്കള്‍ പറഞ്ഞ
  സൌന്ദര്യം ഒന്നും എന്‍റെ തലയില്‍ കയറിയില്ല.
  കാശ്മീര്‍ സന്ദര്‍ശിക്കണം എന്ന എന്‍റെ ആഗ്രഹം
  ഞാന്‍ പണ്ടേ കുഴിച്ചു മൂടി...‍ അത്രയ്ക്ക് തീവ്രം
  ആയി പത്ര വാര്‍ത്തകള്‍ ആ നാടിനെ എന്നില്‍ നിന്നും
  അകറ്റി...
  പ്രത്യേകിച്ച് ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ചേട്ടന്‍ ജോലിക്ക്
  പോകുന്ന കാര്യം കൂടി വായിച്ചപ്പോള്‍ അമ്മയുടെ മനസ്സു
  ആണ്‌ എനിക്കും..ബോംബെ എങ്കില്‍ ബോംബെ..വേഗം വിട്ടോളൂ
  അവിടെ നിന്നും..സൗകര്യം പോലെ ബോംബെ കഥകളും
  (ഇനി കാശ്മീര്‍ ഓര്‍മ്മകള്‍ ആയാലും സാരമില്ല) ആയി വീണ്ടും
  കാണാം എന്ന് ആശിക്കുന്നു..അതൊരു വലിയ ആശ്വാസം തന്നെ..!!

  ReplyDelete
 62. നന്നായി എഴുതി . എങ്കിലും പെട്ടെന്ന് തീര്‍ന്നുപോയെന്നു തോന്നി. അപ്പോ ഇനി സ്വര്‍ഗ്ഗം വിട്ട് ഭൂമിയിലേക്ക് പോരൂ.. മുംബൈയെപ്പറ്റിയും എന്തെങ്കിലും നല്ലത് എഴുതാന്‍ അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു :)

  ReplyDelete
 63. നല്ല അവതരണം ....
  ആശംസകള്‍...

  ReplyDelete
 64. ചേച്ചീ, വായിക്കാനൊത്തിരി വൈകി ഈ നല്ല പോസ്റ്റ്..

  ReplyDelete
 65. അവതരണ മികവ് കൊണ്ട് സംഗതി ഇഷ്ട്ടായി ആശംസകള്‍

  ReplyDelete
 66. ഹൃദ്യമായ വിവരണം.ഓരോ തവണ കഷ്മീരിനെക്കുറിച്ച് വായിക്കുമ്പോഴും ആ മനോഹര ഭൂമികയില്‍ ഒരിക്കലെങ്കിലും പോകാന്‍ മനം തുടിക്കുന്നു.ഹിമവാന്റെ ചുവട്ടില്‍ പോയി ആ മനോഹാരിത ഒപ്പിയെടുക്കണം .അറിയാത്ത വഴികളും,അറിയാത്ത മനുഷ്യരും എന്നും മനസ്സില്‍ ജിഞാസയും, കൌതുകവും ജനിപ്പിക്കുന്നു.അടങ്ങാത്ത സഞ്ചാര ദാഹം മനസ്സില്‍ വീണ്ടും ഉയിര്‍ന്നെഴുന്നേല്‍ക്കുന്നത് പോലെ.....

  ReplyDelete
 67. KASHMIRINE KURICHU YEZHUTHIYATHINU NANNI. YENNAL AYYAYARTHIKAL AKKAPETU DELHIYILUM BOMBAYILUM BHARATHATHINTE PALAKONILUM JEVIKKAN PADUPEDUNNA AVAREKURICHU ADUTHA THAVANA EZHUTHUM YENNU VIJARIKKUNNU

  ReplyDelete
 68. KASHMIRINE KURICHU YEZHUTHIYATHINU NANNI. YENNAL AYYAYARTHIKAL AKKAPETU DELHIYILUM BOMBAYILUM BHARATHATHINTE PALAKONILUM JEVIKKAN PADUPEDUNNA AVAREKURICHU ADUTHA THAVANA EZHUTHUM YENNU VIJARIKKUNNU

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍