30.5.12

ഉയിര്‍പ്പുകള്‍


എന്തോ തട്ടിയുടയുന്ന ശബ്ദം കേട്ടാണ് ഞാന്‍ മയക്കത്തില്‍ നിന്നും കണ്ണ് തുറന്നത്. തല തിരിച്ചു നോക്കിയപ്പോള്‍ അടുത്ത കട്ടിലിലെ രോഗി ശര്‍ദ്ദിക്കുന്നതിനിടെ മരുന്ന് കുപ്പി ഘടിപ്പിച്ചിരിക്കുന്ന സ്റ്റാന്റ് തട്ടി താഴെ ഇട്ടിരിക്കുന്നു. വാര്‍ഡിലെ അറ്റന്‍റെര്‍മാര്‍ ഓടി വന്നു അത് നേരെ വെച്ചു തറയിലെ ശര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ തുടച്ചു നീക്കി. ഇതൊരു സാധാരണ സംഭവമായതിനാല്‍ ഞാന്‍ ദൃഷ്ടികള്‍ മാറ്റി എന്റെ ഞെരമ്പിലൂടെ ഒഴുകാന്‍ തയാറെടുക്കുന്ന മരുന്ന് തുള്ളികളെയും നോക്കി കിടന്നു. മിക്കവാറും ഞാന്‍ മയക്കത്തിലായിരിക്കും. ഇടക്കിടക്ക് മയക്കത്തില്‍ നിന്നും ഉണരും. എന്നിരുന്നാലും കൂടുതലും ഉറക്കം തന്നെ. ഉറക്കത്തിനിടയിലെ ഈ ഉണര്‍ച്ചയില്‍ കിട്ടുന്ന സമയം കൊണ്ടു എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.


ഇത് കാന്‍സര്‍ സെന്ററിലെ കീമോ തെറാപ്പി വാര്‍ഡാണ്. എല്ലാ മുഖങ്ങളും മടുപ്പിന്റെ‍ ആവരണമണിഞ്ഞു, വന്നു പെട്ട രോഗത്തെ ശപിച്ച് കൊണ്ട് കിടക്കുന്ന വാര്‍ഡ് ‌. മരുന്ന് കയറ്റാന്‍ തുടങ്ങുമ്പോഴേ ചിലര്‍ ഓക്കാനം തുടങ്ങും. അതൊന്നും കാണുവാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടു ഞാന്‍ തന്നെ ഒരു മാര്‍ഗം കണ്ടു പിടിച്ചു. കീമോ തെറാപ്പി നിശ്ചയിച്ചിട്ടുള്ള ദിവസത്തിന്റെ  തലേ രാത്രിയില്‍ ഉറങ്ങാതിരിക്കുക്ക. കൂട്ടിനാരും ഇല്ലാതെയുള്ള ഈ കിടപ്പും കൂടെയാകുമ്പോള്‍ താനേ മയങ്ങിക്കൊള്ളും. നല്ല ഐഡിയ അല്ലെ.


ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണുമല്ലോ ഞാന്‍ ഒരു അര്‍ബുദ രോഗിയാണെന്ന്. എന്റെ രണ്ടു മക്കളും ഭൂമിയിലേക്ക് പിറക്കും മുന്‍പ് അവര്‍ പത്തു മാസം കിടന്ന്‍ വളര്‍ന്ന എന്റെ ഗര്‍ഭപാത്രത്തെയാണ് ക്യാന്‍സര്‍ എന്ന കരിം തേള്‍ അതിന്റെ വിഷ മുള്ളുകള്‍ കൊണ്ട് എന്നെ ആക്രമിച്ചത്‌. ആദ്യമായി ഈ വാര്‍ത്ത എന്റെ‍ ഡോക്ടര്‍ ജോര്‍ജ് ജോസഫില്‍ നിന്നും കേട്ടപ്പോള്‍ ഏതൊരു ക്യാന്‍സര്‍ രോഗിയെയും പോലെ ഞാന്‍ തളര്‍ന്നില്ല എന്നതാണ് സത്യം. നിസ്സംഗതയോടെ രോഗ വിവരം കേട്ടു നിന്ന എന്നെ അദ്ദേഹം വിസ്മയത്തോടെ നോക്കി. “അസാമാന്യ ധൈര്യവതിയായ രോഗി” എന്ന്‍ എന്നെ അന്നദ്ദേഹം വിശേഷിപ്പിച്ചു. തുടര്‍ന്ന് ‍  മന:ധൈര്യം കൊണ്ടു ജീവിതത്തിലേക്ക്‌ തിരിച്ചു വന്ന കുറച്ചു രോഗികളുടെ ഉദാഹരണവും  അദ്ദേഹം പറഞ്ഞു തന്നു. എനിക്കത് കേട്ടിട്ട് ചിരിയാണ് വന്നത്. ജീവിതം!!!!! അതാര്‍ക്കു വേണം..?


നിങ്ങള്‍ക്ക് ഇത് കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ...? ഈ മഹാരോഗം വന്ന ആര്‍ക്കും ജീവിതം, ആയുസ്സ്‌ എന്നൊക്കെ കേള്‍ക്കുമ്പോഴേ എന്തെന്നില്ലാത്ത ഒരു കൊതിയല്ലേ തോന്നേണ്ടത്...? പക്ഷെ, എന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. കാരണം എന്തെന്നറിയേണ്ടേ...? ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ഭര്‍ത്താവ്‌ എന്നെയും ഞങ്ങളുടെ രണ്ടു മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടേതായി കഴിഞ്ഞിരുന്നു. ആ ദുഖത്തിന് മുന്‍പില്‍ എനിക്ക് ഈ രോഗബാധ ഒരു അനുഗ്രഹമായാണു തോന്നിയത്‌. കാരണം ഈ ദിവസങ്ങളില്‍ മക്കളെ കൂട്ടി എങ്ങനെ വിജയകരമായി ആത്മഹത്യ ചെയ്യാം എന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള എനിക്ക് ക്യാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്ന അറിവ്‌ എത്ര ആശ്വാസമാണെന്നോ നല്കിയത്‌. പക്ഷേ താമസിയാതെ ആ സമാധാനം എനിക്ക് നഷ്ടപ്പെട്ടു. ക്യാന്‍സര്‍ എനിക്കല്ലേ ഉള്ളു എന്റെ മക്കളുടെ കാര്യമോ..? എന്നെ രോഗം കൊണ്ടു പോയാലും അവര്‍ ഭൂമിയില്‍ തനിച്ചാകുമല്ലോ.


ആയിടെയുള്ള പഴയ പത്രങ്ങളെല്ലാം ശേഖരിച്ച് കൂട്ട ആത്മഹത്യകളുടെ വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചു. പലരും പലതരത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. അതോടെ എനിക്ക് ഏതു മാര്‍ഗം സ്വീകരിക്കണം എന്ന ആശയക്കുഴപ്പമായി. ചില സംരഭങ്ങളില്‍ ആരെങ്കിലും രക്ഷപ്പെട്ടു എന്ന വാര്‍ത്ത എന്നെ പരിഭ്രാന്തയാക്കുകയും ചെയ്തു . ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍  ഭൂമിയില്‍ തനിച്ചാവുക....എനിക്ക് അത് ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു.മരിയ്ക്കാന്‍ ആഗ്രഹിക്കുന്ന ഞാന്‍ എന്തിനു ചികില്സ തേടണം എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകകരാണ് എന്നെ ഇവിടെ ആക്കിയിരിക്കുന്നതും എന്റെ ചികില്സയുടെ ഉത്തരവാദിത്വം എറ്റെടുത്തിരിക്കുന്നതും. എന്നെ അത്രയധികം സ്നേഹിക്കുന്ന അവരെ എനിക്ക് നിഷേധിക്കാനാവില്ലായിരുന്നു. സ്നേഹം...അതെനിക്ക് വല്ലാത്ത ബലഹീനതയാണ്. സ്നേഹിക്കുന്നവരെ എനിക്ക് ഒരിക്കലും നിഷേധിക്കാനാവില്ല. സ്നേഹം നിഷേധിക്കുന്നത് സഹിക്കാനും. എനിക്ക് വല്ലാതെ ഉറക്കം വരുന്നു. ഞാനൊന്നുറങ്ങട്ടെ. നിങ്ങള്‍ ക്ഷമയോടെ ഞാന്‍ ഉണരുന്നതും കാത്തിരിക്കുമല്ലോ.


കണ്ടോ..ഇത്രയേ ഉള്ളു എന്റെ ഉറക്കം. ഇതിനെ ഉറക്കം എന്ന് പറയാമോ...? ഒരു പൂച്ച മയക്കം. അത്ര തന്നെ. മയക്കത്തില്‍ ഞാന്‍ എന്റെ  വിവാഹം കഴിക്കുന്നതിനു മുന്‍പു ള്ള കാലം സ്വപ്നത്തില്‍ കണ്ടു. ഞാനും നൌഷാദും കോഫീ ഹൌസില്‍ ഇരുന്നു സൊറ പറയുന്നു. എന്റെ മുന്‍പില്‍ പതിവ് പോലെ ഐസ് ക്രീം. നൌഷാദിന് കോഫി. അതാണ്‌ ഞങ്ങളുടെ ചിട്ട. നൌഷാദ് ആരെന്നു ഇതിനകം നിങ്ങള്‍ മനസ്സിലാക്കി കാണുമല്ലോ. ഞാന്‍ പ്രേമിച്ചു വിവാഹം കഴിച്ച എന്റെ ഭര്‍ത്താവ്‌.


ഈ  പ്രേമം എന്നത് ലോകത്തില്‍ എത്രയോ പേര്‍ ഏതെല്ലാം തരത്തില്‍ നിര്‍വചിച്ചിരിക്കുന്നു. എന്നാല്‍ ജീവിതാനുഭവങ്ങളുടെ അറിവില്‍ ഞാന്‍ പ്രേമത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. ചുറ്റുമുള്ള എന്തിനെയും നിസ്സാര വല്ക്കരിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു വികാരം. അല്ലെങ്കില്‍ ഒരു യാഥാസ്ഥിതിക നസ്രാണി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ഒരു മുസ്ലീമായ നൌഷാദിന്റൊ ഭാര്യയാകുമായിരുന്നോ..? അതാണ്‌ പ്രേമത്തിന്റെ‍ ശക്തി. അത് ബന്ധങ്ങളെ, എതിര്‍പ്പുകളെ നിസ്സാര വല്ക്കരിച്ചു കൊണ്ടു ജീവിത ഗതി മാറ്റി മറിക്കുന്ന ഒരു കൊടുങ്കാറ്റ് തന്നെയാണ്. ഒരിക്കല്‍ നിങ്ങള്‍ പ്രേമത്തിനു പൂര്‍ണ്ണമായും അടിമയായി എന്ന് വിചാരിക്കുക. അപ്പോള്‍ ആരെങ്കിലും നിങ്ങളോടു പ്രേമത്തിന്റെ വിജയത്തിനു വേണ്ടി ഒരു മരുഭൂമി താണ്ടുവാന്‍ പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും അതിനു വേണ്ടി തുനിയും. ഒരു കടല്‍ നീന്തിക്കടക്കുവാന്‍ പറഞ്ഞാല്‍ അതും.


നൌഷാദിന്റെ ഭാര്യയായി ജീവിതം തുടങ്ങുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരുടെയും വീട്ടുകാര്‍ ഞങ്ങളെ തള്ളിപ്പറഞ്ഞു എന്നത് ഞങ്ങള്‍ക്ക് വിഷയമേ ആയിരുന്നില്ല. കാരണം ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ മാത്രമേ ഞങ്ങള്‍ കണ്ടുള്ളൂ. ഒരു വിചിത്ര ഗ്രഹം ഞങ്ങള്‍ക്കായി ഉണ്ടാകപ്പെട്ടു. അതിന് ഉപഗ്രഹങ്ങളോ മാതൃ നക്ഷത്രമോ ഇല്ലായിരുന്നു. അതില്‍ രണ്ടേ രണ്ടു ജീവികള്‍. ഞാനും നൌഷാദും. പക്ഷെ, പിന്നീട് ഞങ്ങള്‍ക്ക് സ്നേഹിക്കുവാന്‍ ഒരു മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ സാവധാനം ആ ഗ്രഹത്തിന് പുറത്തെ ലോകം കാണുവാന്‍ തുടങ്ങി. നഷ്ടപ്പെട്ട ബന്ധങ്ങളുടെ വില കുറച്ചെങ്കിലും ഞങ്ങള്‍ രണ്ടു പേരും മനസ്സിലാക്കി. ഒരു മകളെ അച്ഛനും അമ്മയും എത്ര സ്നേഹിക്കുന്നു എന്നത് ഞാന്‍ ജീവിതത്തില്‍ നിന്നും സാവധാനം പഠിച്ചു തുടങ്ങി. എന്നിരുന്നാലും അപ്പോഴുള്ള ജീവിതത്തില്‍ പരിപൂര്‍ണ്ണു സംതൃപ്തയായിരുന്നു ഞാന്‍. നൌഷാദും അങ്ങനെ തന്നെയായിരുന്നു.  ഞാന്‍ ആഗ്രഹിച്ച സ്നേഹം തന്നെയാണ് അദ്ദേഹം എനിക്ക് നല്കി്യത്. സ്വകാര്യ സ്ഥാപനത്തിലെങ്കിലും മാന്യമായ ഒരു ജോലി അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനും ഒരു ഉദ്യോഗസ്ഥയായിരുന്നു. അല്ലലില്ലാതെ നീങ്ങുന്ന ജീവിതത്തില്‍ ഒരു കുഞ്ഞു കൂടി ഞങ്ങള്‍ക്ക്  പിറന്നു.


പിന്നെ എപ്പോഴാണ് ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിയത്..? എങ്ങനെയാണ് ഞാന്‍ ഭര്‍ത്താവിനു വേണ്ടാത്ത ഭാര്യയായി മാറിയത്‌..? കമ്പനി ഉടമയുടെ വിവാഹ മോചിതയായ മകളുമായി അദ്ദേഹം അടുത്തു കഴിഞ്ഞു എന്ന് വളരെ വൈകിയ വേളയിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് നേരത്തെ കണ്ടു പിടിച്ച് ഞാന്‍ ജീവിതം തിരിച്ചു പിടിക്കേണ്ടിയിരുന്നു എന്നൊക്കെ പലരും അന്നെന്നെ കുറ്റപ്പെടുത്തി. അതെങ്ങനെ എന്ന് മാത്രം എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.  സ്നേഹം ആര്ക്കെങ്കിലും അങ്ങനെ പിടിച്ചു വാങ്ങാവുന്ന ഒന്നാണോ..? അങ്ങനെയുള്ള ഒരു സ്നേഹത്തെക്കുറിച്ച് എനിക്ക് അറിവില്ല. ഞാന്‍ ഇത്രയും നാള്‍ ജീവിച്ച സ്നേഹലോകത്ത് ഈ ഒരു പാഠം പഠിച്ചതേ ഇല്ല.


ജീവനു  തുല്യം സ്നേഹിച്ചിരുന്ന മക്കളെ പോലും മറന്നു അദ്ദേഹം എന്നില്‍ നിന്നും എന്നെന്നേക്കുമായി അകന്നപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ മരണത്തെക്കുറിച്ച് ചിന്തിച്ചു. അതിലേക്കുള്ള വിവിധ വഴികള്‍ തേടി.  അപ്പോഴാണ്‌ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ഈ മാരക വ്യാധി എന്നെ പിടികൂടിയത്‌. പക്ഷെ എന്റെ മക്കള്‍... അവരെയും എനിക്ക് കൂടെ കൂട്ടിയേ പറ്റൂ. തനിച്ചു ഈ ലോകത്തില്‍ അവരെ എനിക്ക് വിട്ടിട്ട് പോകാനാവില്ല. അതിനുള്ള മാര്‍ഗമാണ് എന്റെ മുന്നില്‍ ഇനി എനിക്ക് തെളിഞ്ഞു കിട്ടേണ്ടത്.


കുടുംബത്തിലെ അലോസരങ്ങള്‍ കാരണം കുറച്ചു മാസങ്ങളായി ഞാന്‍ മക്കളെ ബോര്ഡിംഗ് സ്കൂളില്‍ ചേര്‍ത്തിരിക്കുകയായിരുന്നു. അച്ഛന്‍ വിട്ടു പോയതും ഞാന്‍ രോഗിയായതും അവരെ അറിയിക്കാതിരിക്കാന്‍ ഞാന്‍ പെടുന്ന പാട്...അത് എനിക്ക് മാത്രമേ അറിയൂ. അമ്മക്ക് ഓഫീസിലെ തിരക്ക് കാരണവും അച്ഛന് പെട്ടെന്നുണ്ടായ സ്ഥലം മാറ്റവും മൂലം അവരെ വന്നു കാണുവാനാകുന്നില്ല എന്ന എന്റെ വാക്ക് വിശ്വസിച്ച് ജീവിക്കുകയാണ് എന്റെ പാവം മക്കള്‍. പക്ഷേ സത്യം അറിയുന്നതിന് മുന്പ് എനിക്ക് അവരെ കൂട്ടി ഈ ഭൂമിയില്‍ നിന്നും മറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഉറക്കമില്ലാത്ത രാവുകളും വിരസമായ പകലുകളും  ഇതിന്‍റെ പൂര്‍ത്തീകരണത്തിനായി നീക്കി വെച്ചിരിക്കുകയാണ്.


പക്ഷെ, കുറച്ചു ദിവസങ്ങളായി എന്റെ് എല്ലാ എല്ലാ പദ്ധതികളും തകിടം മറിക്കുന്ന ഒരു സംഭവം നടന്നിരിക്കുന്നു. താമസിയാതെ എന്റെ മക്കള്‍ എന്നെ തേടി ഈ ആശുപത്രി കിടക്കയില്‍ എത്തും. എന്റെ ചികില്സാ കാര്യങ്ങള്‍ നോക്കുന്ന എന്റെ സഹപ്രവര്ത്തകര്‍ എന്റെ എതിര്‍പ്പുകള്‍ അവഗണിച്ച്  മക്കളെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു കഴിഞ്ഞു. പന്ത്രണ്ടും പത്തും വയസ്സും പ്രായമുള്ള കുട്ടികള്‍ക്ക് ‌ അവരുടെ അമ്മയുടെ രോഗ വിവരവും അച്ഛന്റെ വേര്‍പിരിയലും ഉള്‍ക്കൊള്ളാനാകും എന്നാണു അവരുടെ വാദം. എത്ര കാലം എനിക്കിത് അവരില്‍ നിന്ന് മറക്കാനാകും എന്ന അവരുടെ ചോദ്യത്തിന് എനിക്ക് മറുപടിയൊന്നും പറയാനില്ല. എന്റെ കണക്ക് കൂട്ടലില്‍ അധികകാലം വേണ്ട എന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു സത്യമാണല്ലോ.


എന്റെ മൂത്ത മകള്‍ സ്നേഹയ്ക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം. അവളെ പ്രസവിക്കാന്‍ ആശുപത്രിയില്‍ പോയത്‌ ഇന്നലെയെന്നവണ്ണമാണ് എന്റെ മനസ്സിലുള്ളത്. വേദന കൊണ്ടു പുളയുന്ന എന്നെ ഒരു കൈ കൊണ്ടു ചേര്ത്തു പിടിച്ചു കാര്‍ ഓടിച്ചാണ് നൌഷാദ് ആശുപത്രിയില്‍ എത്തിച്ചത്‌. അവളെ പ്രസവിച്ചു മുറിയില്‍ വന്ന ഉടനെ നൌഷാദ് എന്റെ‍ നെറ്റിയില്‍ നല്കിയ ചുംബനത്തിന്റെ ചൂട്  ഇപ്പോഴും അവിടെ തന്നേയുണ്ട്. ഇളയവള്‍ പത്തു വയസ്സുകാരി സൈന ബോര്ഡിങ്ങില്‍ എങ്ങനെ നില്ക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്ന കാര്യമാണ്. എപ്പോഴും എന്റെ‍യും നൌഷാദിന്റെയും മധ്യത്തില്‍ കിടന്നുറങ്ങാനായിരുന്നു അവള്ക്കിഷ്ടം. പാവം എന്റെ‍ കുഞ്ഞുങ്ങള്‍. സ്നേഹം നഷ്ടപ്പെട്ട ഈ ലോകത്ത്‌ എന്തിനവര്‍ ജീവിക്കണം...? ഉള്ള കാലമത്രയും ആവതു കിട്ടിയതല്ലേ. അതിന്റെ മാധുര്യം നഷ്ടപ്പെടാതെ തന്നെ അവര്‍ ഈ ലോകത്ത് നിന്നും പിരിയട്ടെ.. എനിക്ക് വീണ്ടും ഉറക്കം വരുന്നു. മണിക്കൂറുകള്‍ എത്രയായെന്നോ ഈ കിടപ്പു തുടങ്ങിയിട്ട്.  സന്ധ്യയാകാതെ ഈ കുപ്പിയിലെ മരുന്ന് തുള്ളികള്‍ തീരുകയില്ല. അതിനിനിയും ഇനിയും ധാരാളം സമയമുണ്ട്.


ആരോ എന്നെ വിളിക്കുന്ന ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. എന്റെ സഹപ്രവര്‍ത്തകയോടോപ്പം എന്റെ മുന്നില്‍    നില്ക്കുന്ന സ്നേഹയെയും സൈനയെയും ആണ് ഞാനിപ്പോള്‍ കാണുന്നത്. എത്ര മാസങ്ങളായി ഞാന്‍ എന്റെ മക്കളെ കണ്ടിട്ട്..? ഇത് സ്വപ്നമോ സത്യമോ എന്നറിയാന്‍ ഞാന്‍ ശരീരത്തില്‍ ചെറുതായി നുള്ളി നോക്കി. അതെ, ഇത് സത്യം തന്നെ. പുറത്തേക്ക് കുതിച്ചു ചാടുവാന്‍ വെമ്പുന്ന വികാരങ്ങളെ അടക്കിപ്പിടിച്ച ഞാന്‍ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ നില്ക്കുന്ന എന്റെ മക്കളെ നോക്കി.  അവര്‍ എന്നെ അരുമയോടെ നോക്കുന്നു. റേഡിയേഷന്‍ ചെയ്തു കറുത്തു കരിവാളിച്ച എന്റെ ശരീരത്തില്‍ തലോടുന്നു. മിക്കവാറും പൊഴിഞ്ഞു തീര്‍ന്ന എന്റെ തലമുടി അവര്‍ ഒതുക്കി നേരെ വെച്ചു തരുന്നു. എന്റെ കൈപ്പത്തികള്‍ ചേര്ത്തു പിടിച്ചു കിടക്കയില്‍ കിടക്കുന്ന എന്റെ തോളിലേക്ക് ചായുവാന്‍ ശ്രമിക്കുന്നു. നമുക്ക്‌ വേണ്ടാത്ത അച്ഛനെ നമുക്കും വേണ്ട എന്ന് പറഞ്ഞവര്‍ എന്നെ ആശ്വസിപ്പിക്കുന്നു. അസുഖം മാറി പെട്ടെന്ന് വീട്ടില്‍ തിരിച്ചു പോകാമെന്ന് പറഞ്ഞ് എനിക്ക് പ്രതീക്ഷ നല്കുന്നു.


നിസ്സാര കാര്യങ്ങള്ക്ക് പോലും അമ്മയുടെ സഹായം തേടുമായിരുന്ന എന്റെ മക്കളാണോ മുതിര്ന്ന പെണ്കുട്ടികളെപ്പോലെ ഇങ്ങനെ പെരുമാറുന്നത്..? എന്റെ കൈകളില്‍ കിടന്നു വലുതായ എന്റെ മക്കള്‍. ഇവരുടെ കളിയും ചിരിയും എനിക്ക് എന്തെന്തു പ്രതീക്ഷകള്‍ നല്കിയിരുന്നു..? സ്നേഹ ആദ്യമായി മുല കുടിച്ചപ്പോള്‍ മാറില്‍ എനിക്കുണ്ടായ വേദന ഈ നിമിഷം എനിക്കനുഭവപ്പെടുന്നു. അമ്മിഞ്ഞ കുടിക്കുമ്പോള്‍ സൈനക്ക്‌ എപ്പോഴും എന്റെ ചെവിയില്‍ പതുക്കെ പിടിച്ചു കൊണ്ടിരിക്കണം. കുറച്ചു സമയം കഴിയുമ്പോള്‍ എനിക്ക് ഇക്കിളിയാകും. ആ ഓര്‍മയുടെ ഇക്കിളിയില്‍ ഞാന്‍ ചെറുതായി പിടഞ്ഞു. ഇവരുടെ വളര്ച്ചയുടെ ഓരോ പടവുകള്‍.... വളര്‍ന്നു കഴിയുമ്പോള്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ, വിടര്‍ന്ന കണ്ണുകളോടെ അവര്‍ പറഞ്ഞ മറുപടികള്‍....അത് കേട്ട ഞാന്‍ അവരെക്കാള്‍ ഏറെ അഭിമാനം കൊണ്ടത്‌.


ഒരൊറ്റ നിമിഷം....എന്റെ തീരുമാനങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്റെ ശരീരത്തിന് അര്‍ബുദമാണ് ബാധിച്ചതെങ്കില്‍ എന്റെ മനസ്സിനെ ബാധിച്ചത്‌ കടുത്ത അന്ധതയായിരുന്നു എന്ന് ഈ നിമിഷം ഞാന്‍ തിരിച്ചറിയുന്നു. അന്ധതയുടെ ഈ കയത്തില്‍ നിലയില്ലാതെ മുങ്ങിത്താഴുവാന്‍ തുടങ്ങിയ ഞാന്‍ പ്രതീക്ഷയുടെ തുരുത്തുകളായി മുന്നില്‍ നില്ക്കുന്ന എന്റെ മക്കളെ കുറ്റബോധത്തോടെ നോക്കി. ഇവരെ മരണ ദേവന് കാഴ്ച വെക്കുവാന്‍ എനിക്കാരാണ് അധികാരം തന്നത്....? അവര്‍ക്ക് ‌ വേണ്ടി ജീവിക്കണം എന്ന് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചില്ലല്ലോ. ഒരു ഭാര്യയുടെ സ്വാര്‍ഥ ദു:ഖത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഏറ്റവും നീചമായ വഴി ചിന്തിച്ച എനിക്ക് എന്നോടു തന്നെ വെറുപ്പ്‌ തോന്നി. വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്കുണ്ടാകേണ്ടിയിരുന്ന ജീവിതം, അതെന്തേ ഞാന്‍ കണ്ടില്ല..? മരണ ത്വരയുടെ ഇരുളില്‍ കണ്ണ് പൊത്തിയിരിക്കാന്‍ ഞാന്‍ ശ്രമിച്ചതെന്തേ..?


വാക്കുകള്‍ നഷ്ടപ്പെട്ട ഞാന്‍ എന്റെ മക്കളെ ചേര്ത്തു് പിടിച്ചു കരഞ്ഞു തുടങ്ങി. മനസ്സ് കൊണ്ടു അവരെ കൊലപാതകം ചെയ്ത ഞാന്‍ കണ്ണീരു കൊണ്ടു പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിച്ചു. കുറച്ചു കണ്ണീരു കൊണ്ട് തീരുന്നതാണോ ഞാന്‍ ആലോചിച്ചു കൂട്ടിയ കൊടും പാതകങ്ങള്‍...? “കരയല്ലേ..അമ്മേ..” എന്ന അവരുടെ സ്വന്തനം കേട്ടപ്പോള്‍ അമ്മയെന്ന പേരിന് പോലും അര്ഹത ഇല്ലാതെ ഞാന്‍ ഒരു കീടത്തിന് സമാനയായി.മുന്നില്‍ കിടക്കുന്ന ജീവിതം എന്നെ പ്രലോഭിപ്പിച്ചു തുടങ്ങി. ഇല്ല, എനിക്ക് എന്റെ മക്കളോടൊപ്പം ജീവിക്കണം. ഡോ. ജോര്ജ് ജോസഫ്‌ പറഞ്ഞപോലെ അസാമാന്യ ധൈര്യവതിയായ ഒരു രോഗിയാണ് ഞാന്‍. എന്റെ ഈ മന:ധൈര്യത്തിനു ഏതു രോഗത്തെയും മറികടക്കാനാവും. . ഞാന്‍ പതുക്കെ എഴുന്നേറ്റിരിക്കുവാന്‍ ശ്രമിച്ചു. സ്നേഹയും സൈനയും ചേര്‍ന്നെന്നെ താങ്ങി ഇരുത്തി.


അതെ. ഇരുളിന്റെ കയത്തില്‍ നിന്നും എന്നെന്നേക്കുമായി ഞങ്ങള്‍ രക്ഷപ്പെട്ടു കഴിഞ്ഞു. ഞങ്ങള്‍ മൂവരും ചേര്‍ന്ന് വെളിച്ചത്തിന്റെ ഈ ജീവിത നദി സാവധാനം തുഴയും. ഇടക്ക്‌ കാറും കോളും ഉണ്ടായെന്നു വരാം. അതിനി സാരമാക്കാനില്ല.  ഭൂമിയില്‍ ഏതു നദിയാണ്  കാറും കോളും ഇല്ലാതെ ഒഴുകിയിട്ടുള്ളത്‌..? ഞങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു തീര്‍ക്കുവാനായി മനോഹരമായ കാലം.അത് ഞങ്ങളെ നോക്കി മന്ദഹസിച്ചു.

45 comments:

 1. ഒരു വിചിത്ര ഗ്രഹം ഞങ്ങള്ക്കായി ഉണ്ടാകപ്പെട്ടു. അതിന് ഉപഗ്രഹങ്ങളോ മാതൃ നക്ഷത്രമോ ഇല്ലായിരുന്നു.

  ചില്ലക്ഷരങ്ങള്‍ ശരിയാക്കൂ.

  ReplyDelete
 2. രോഗാതുരമായ മനസ്സിന്റെ വിങ്ങലുകലും തേങ്ങലുകളും. അക്ഷരതെറ്റുകള്‍ പതിവില്ലാതെ കടന്നുകൂടിയിട്ടുണ്ട്. അവ ഉഴിവാക്കണെ.

  ReplyDelete
 3. ജീവിതത്തിന്റെ പച്ചപ്പ് നഷ്ടപ്പെട്ടുവെന്ന്‍ തോന്നുന്നവന്റെ വിഹ്വലതകള്‍....നന്നായിട്ടുണ്ട് ചേച്ചീ..

  ReplyDelete
 4. റോസ് ലി ചേച്ചി ആദ്യം കഥ പറഞ്ഞു തുടങ്ങിയ സമയത്ത് വളരെ നെഗറ്റീവ് തരംഗം ഉണര്‍ത്തുന്ന അന്തരീക്ഷം അനുഭവപ്പെട്ടുവെങ്കിലും കഥാവസാനം വളരെ പോസിടീവ് ആയി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ അവസാനിപ്പിച്ചത് വളരെ ഇഷടപ്പെട്ടു. കാന്‍സര്‍ രോഗികളെ കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. അവരെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ മനസ്സ് വല്ലാതെ വേദനിക്കാറുണ്ട്. അത് കൊണ്ട് ഇത് വെറും ഒരു കഥയായി ഞാന്‍ വായിച്ചില്ല. കഴിഞ്ഞ വര്‍ഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രെണ്ട്സ് എന്ന സിനിമ കണ്ടപ്പോള്‍ സത്യത്തില്‍ പല രംഗങ്ങളിലും ഞാന്‍ കരഞ്ഞു പോയി.

  അക്ഷരത്തെറ്റുകള്‍ അങ്ങിങ്ങായി കണ്ടതൊഴിച്ചാല്‍ എനിക്ക് മറ്റൊരു തരത്തിലും മോശമെന്ന് പറയാന്‍ തോന്നിയില്ല. അത് പോലെ തന്നെ മക്കളെ കണ്ട സമയത്ത് ദേഹത്ത് നുള്ളി നോക്കി എന്ന് പറയുന്ന ആ ഭാഗം കഥയുടെ ഗൌരവ സ്വഭാവത്തെ ലഘൂകരിക്കാന്‍ ശ്രമിച്ച പോലെയും തോന്നി. ബാക്കി എല്ലാം എനിക്കിഷ്ടമായി ചേച്ചീ..

  ആശംസകള്‍..

  ReplyDelete
 5. ഒരമ്മയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്ന സ്നേഹഗാഥ. ഇതിന്റെ മാസ്മരികതയില്‍ അക്ഷരത്തെറ്റുകള്‍ പോലും മാഞ്ഞുപോകുന്നു.


  "ഭൂമിയില്‍ ഏതു നദിയാണ് കാറും കോളും ഇല്ലാതെ ഒഴുകിയിട്ടുള്ളത്‌..? ഞങ്ങള്ക്ക് മുന്നില്‍ ജീവിച്ചു തീര്ക്കുവാനായി മനോഹരമായ കാലം.അത് ഞങ്ങളെ നോക്കി മന്ദഹസിച്ചു."

  Great.

  ReplyDelete
 6. ഒറ്റപ്പെട്ട രോഗിയായ ഒരമ്മയുടെ ചിന്തകള്‍.

  ReplyDelete
 7. ഞങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു തീര്‍ക്കുവാനായി മനോഹരമായ കാലം.അത് ഞങ്ങളെ നോക്കി മന്ദഹസിച്ചു....

  ഇത്തരമൊരു ജീവിതവീക്ഷണത്തിലേക്ക് കഥ ഒഴുകി എത്തിയപ്പോള്‍ കേവലവായന എന്നതിനപ്പുറം ചില ചിന്തകളിലേക്കും പാOങ്ങളിലെക്കും വായന എത്തിച്ചേരുന്നു....

  ReplyDelete
 8. സ്ത്രീത്വത്തിന്റെ വിഹ്വലതകളെ അവസാനം മാതൃത്വം അതിജയിക്കുന്നു എന്നു പറയുന്നതിലൂടെ, ജീവിതത്തിന്റെ പ്രസന്നമായ മുഖത്തേയ്ക്കു നോക്കാൻ വായനക്കരെ കഥാകാരി പ്രേരിപ്പിക്കുന്നു. നല്ല എഴുത്ത്.

  ReplyDelete
 9. ഞങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു തീര്‍ക്കുവാനായി മനോഹരമായ കാലം.അത് ഞങ്ങളെ നോക്കി മന്ദഹസിച്ചു......

  നല്ല കഥ

  ReplyDelete
 10. നല്ല കഥ. സങ്കടത്തില്‍ തുടങ്ങി പ്രതീഷയില്‍ അവസാനിച്ചു. വളരെ നന്നായിരിക്കുന്നു.

  ReplyDelete
 11. വിധിയുടേ കറുത്ത ,കരുത്താര്‍ന്ന കരങ്ങളില്‍
  ഉരുകി തീരുന്ന ഒരു സ്ത്രീയുടെ മനസ്സ് ..
  പിന്നീട് സ്നേഹത്തിന്റെ മുന്നില്‍ എല്ലാമറന്ന്
  ജീവിതത്തിലേക്ക് ,പ്രതീഷയുടെ വെളിച്ചം കാട്ടുന്നു ..
  പോസിറ്റീവ് എനര്‍ജി പകര്‍ന്നു കൊടുക്കുന്ന വരികള്‍ ..മനസ്സ് തന്നെ പ്രധാനം ,
  ഏതു ആഴിയും നീന്തി കടക്കുവാന്‍
  നമ്മളേ പ്രാപ്തമാക്കുന്ന ഒന്ന് ..
  "പ്രണയത്തില്‍ നമ്മള്‍ ഒരു ഗ്രഹമാകുകയും
  ബാക്കിയൊന്നും നമ്മേ ബാധികാതിരിക്കുകയും ചെയ്യുന്നു എന്ന സത്യം "
  ഏതു കടലും ,മരുഭൂവും കടക്കുവാന്‍ നമ്മേ പ്രാപ്തമാക്കും പ്രണയത്തിന് വേണ്ടി , പ്രണയനിമിഷങ്ങളില്‍ "
  നല്ല കണ്ടെത്തെലുകള്‍ ,, നേരും ..

  ReplyDelete
 12. ജിവിതം ചിലര്‍ക്ക് മുമ്പില്‍ ഇങ്ങിനെയും . ചിലകഥകള്‍ നമ്മളെ ദൈവം നമുക്ക് തന്ന സൌഭാഗ്യങ്ങളെ കുറിച്ച് ചിന്തിപ്പിക്കും ആശംസകള്‍

  ReplyDelete
 13. കഥ നന്നായി പറഞ്ഞു .അഭിനന്ദനങ്ങള്‍.

  ReplyDelete
 14. ഒരു നല്ല കഥ, നല്ല അവതരണ രീതി.ജീവിതത്തെ ജീവിച്ചു തന്നെ തീര്ര്‍ക്കുവാന്‍ മനസ്സിനെ സജ്ജമാക്കുന്ന എഴുത്ത്. പ്രദീപ്‌ മാഷ്‌ പറഞ്ഞത് പോലെ ഇത് ആഴത്തില്‍ ചിന്തിച്ചു പ്രകാശിപ്പിക്കേണ്ടുന്ന വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു...അഭിനന്ദനങ്ങള്‍ റോസാപ്പൂക്കള്‍ ..!

  ReplyDelete
 15. ജീവിത തുരുത്തില്‍ ഒറ്റപെട്ട ഒരമ്മയുടെ മാനസിക വിഹ്വലതകള്‍ വളരെ നന്നായി വരച്ചു.

  ജീവിതം വ്യര്‍ത്ഥ ചിന്തകളുടെ തിര തള്ളലില്‍ മുങ്ങി തീരാന്‍ ഉള്ളതല്ല മറിച്ച് ഏതു പ്രതിബന്ധത്തെയും ധൈര്യപൂര്‍വം നേരിട്ടു ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതാണ് എന്ന പോസിറ്റീവ് നോട്ടില്‍ കഥ തീര്‍ത്തത് ഇഷ്ടായി ...

  ആശംസകള്‍

  ReplyDelete
 16. ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ മാത്രമേ ഞങ്ങള്‍ കണ്ടുള്ളൂ. ഒരു വിചിത്ര ഗ്രഹം ഞങ്ങള്‍ക്കായി ഉണ്ടാകപ്പെട്ടു. അതിന് ഉപഗ്രഹങ്ങളോ മാതൃ നക്ഷത്രമോ ഇല്ലായിരുന്നു. അതില്‍ രണ്ടേ രണ്ടു ജീവികള്‍. ഞാനും നൌഷാദും. പക്ഷെ, പിന്നീട് ഞങ്ങള്‍ക്ക് സ്നേഹിക്കുവാന്‍ ഒരു മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ സാവധാനം ആ ഗ്രഹത്തിന് പുറത്തെ ലോകം കാണുവാന്‍ തുടങ്ങി. നഷ്ടപ്പെട്ട ബന്ധങ്ങളുടെ വില കുറച്ചെങ്കിലും ഞങ്ങള്‍ രണ്ടു പേരും മനസ്സിലാക്കി. ഒരു മകളെ അച്ഛനും അമ്മയും എത്ര സ്നേഹിക്കുന്നു എന്നത് ഞാന്‍ ജീവിതത്തില്‍ നിന്നും സാവധാനം പഠിച്ചു തുടങ്ങി.

  സംഗതി വളരെ നന്നായി പറഞ്ഞിരിക്കുന്നു ചേച്ചീ. രോഗാതുരമായ മനസ്സിലുണരുന്ന പ്രതീക്ഷയും പ്രത്യാശയും എത്ര വലുതാണെന്ന് ചേച്ചി വളരെ വൃത്തിയായി വിശദീകരിച്ചിരിക്കുന്നു ഇതിൽ. നന്നായിരിക്കുന്നു ചേച്ചി വളരെ വളരെ നന്നായിരിക്കുന്നു. ഞാനിത്രയ്ക്കും പറയാൻ കാരണം ഈ താഴേയുള്ള ഇതിലെ അവസാന വാക്കുകളാണ്.

  ഞങ്ങള്‍ മൂവരും ചേര്‍ന്ന് വെളിച്ചത്തിന്റെ ഈ ജീവിത നദി സാവധാനം തുഴയും. ഇടക്ക്‌ കാറും കോളും ഉണ്ടായെന്നു വരാം. അതിനി സാരമാക്കാനില്ല. ഭൂമിയില്‍ ഏതു നദിയാണ് കാറും കോളും ഇല്ലാതെ ഒഴുകിയിട്ടുള്ളത്‌..? ഞങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു തീര്‍ക്കുവാനായി മനോഹരമായ കാലം.അത് ഞങ്ങളെ നോക്കി മന്ദഹസിച്ചു.
  ആശംസകൾ.

  ReplyDelete
 17. വളരെ ആകസ്മികം എന്ന് പറയട്ടെ...അടുത്ത ഒരു സുഹൃത്ത്‌ അസുഖത്തിന്റെ രണ്ടാം ഖട്ടതിലേക്ക് കടന്നു എന്നാ വാര്‍ത്ത കാലത്തെ കേള്‍ക്കേണ്ടി വന്നതിന്റെ മനോവിഷമത്തില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ഈ കഥ വായിക്കാനിടയായത്. അയാളെ എങ്ങനെ ഞാന്‍ ആശ്വസിപ്പിക്കും എന്ന ആലോചനയില്‍ ആയിരുന്നു ഞാന്‍..കാണാന്‍ ചെല്ലുമ്പോള്‍ എന്ത് ആശ്വാസവാക്കുകളാവാം എനിക്ക് പറയാന്‍ കഴിയുക എന്നും ഞാന്‍ ഓര്‍ത്തു.

  ഇന്ന് ഞാന്‍ പോകും...അദ്ദേഹത്തെ കാണാന്‍...ഈ കഥ തന്ന ആത്മവിശ്വാസം ധാരാളം.. നന്ദി..

  ReplyDelete
 18. റോസ്ലി... കഥ പതിവ് പോലെ മനോഹരം... ഒരു അമ്മയ്ക്ക് മാത്രം മനസ്സിലാവുന്ന വിചാരങ്ങള്‍...

  ReplyDelete
 19. വായിച്ചു... കഥ കുഴപ്പമില്ലാതെ പറഞ്ഞു..
  പക്ഷെ പതിവു നിലവാരതിലെത്തിയില്ല...

  എഴുത്ത് തുടരട്ടെ..
  ആശംസകള്‍..

  ReplyDelete
 20. പതിവ് പ്പോലെ തന്നെ റോസാപ്പൂ നല്ലൊരു വായന നല്‍കി വെത്യസ്തമായ ഭാവവും തലവും കഥ ക്കുണ്ടായി എന്നത് തന്നെ ആണ് ഇതിലെ മികവു

  ReplyDelete
 21. തികച്ചും പോസിറ്റീവായ ഒരു കാഴ്ചപ്പാട്.അഭിനന്ദനീയം. കഥ പക്ഷേ വല്ലാതെ ഒഴുക്കൻ രീതിയിലാണ് പറഞ്ഞത്.ഇതിലും നന്നായി എഴുതാനാകുമല്ലോ റോസിലിക്ക്.

  ReplyDelete
 22. ഉയിര്‍പ്പുകള്‍ ... ചില ഗുണ പാഠങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് ശരി. എങ്കിലും റോസാപ്പൂക്കളില്‍ ഇത്ര ദുര്‍ബ്ബലമായ ഒരു കഥ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്ത് പറ്റി ? കഥയുടെ ക്രാഫ്റ്റും പ്രമേയവും തമ്മില്‍ ഉള്ള മിസ്‌മാച്ച് ആണ് കാരണം എന്ന് തോന്നി.

  നിങ്ങള്‍ കാശ്മീര്‍ വിട്ടു അല്ലെ ? കഴിഞ്ഞ മാര്‍ച്ചില്‍ അവസാന വാരം ഞാന്‍ കുടുംബ സമേതം ശ്രീനഗറില്‍ ഉണ്ടായിരുന്നു . ബെക്കര്‍വാളുകളിലെ രംഗങ്ങള്‍ ഞാന്‍ ഓര്‍ത്തു . എനിക്ക് കാശ്മീര്‍ ഇഷ്ട്ടപ്പെട്ടു. കാഷ്മീരികളെയും. ആരൊക്കെയോ ചെയ്യുന്ന ഏതൊക്കെയോ തെറ്റുകള്‍ക്ക് പഴി കേള്‍ക്കുവാന്‍ വിധിക്കപ്പെട്ടവര്‍ .

  ReplyDelete
 23. അമ്മയുടെ സ്നേഹഗാഥ ഹൃദ്യമായി എഴുതി.... പതിവ് പോലെ മനോഹരമായ ഒരു കഥയ്ക്ക് അഭിനന്ദനങ്ങള്‍ റോസിലീ...!

  ReplyDelete
 24. വളരെ നല്ല കഥ

  ReplyDelete
 25. അതെ. ഇരുളിന്റെ കയത്തില്‍ നിന്നും എന്നെന്നേക്കുമായി അവര്‍
  രക്ഷപ്പെട്ടു കഴിഞ്ഞു. പ്രതീക്ഷയുള്ളപ്പോഴാണ് ജീവിക്കണമെന്ന ആശയുണ്ടാകുന്നത്. അപ്പോഴാണ് രോഗത്തെ ജയിക്കാനാകുന്നത്. ഒ.ഹെന്‍ട്രിയുടെ 'ദ ലാസ്റ്റ് ലീഫ് ' എന്ന കഥയും ഈ സത്യം വിളിച്ചറിയിക്കുന്നുണ്ട്. അര്‍ത്ഥവത്തായൊരു കഥ മലയാളത്തിനു സമ്മാനിച്ച റോസിന് അഭിനന്ദനങ്ങള്‍... ആശംസകള്‍...

  ReplyDelete
 26. രോഗിണിയായ ഒരമ്മയുടെ വേദന നന്നായി എഴുതി റോസാപ്പൂക്കള്‍ ..!

  കഴിഞ്ഞ ദിവസം വായിച്ചിരുന്നു ...കമന്റ്‌ ഇടാന്‍ സാധിച്ചില്ല...!!

  ReplyDelete
 27. ഈ കഥ റോസാപ്പൂവിന് ഇതിലും എത്രയോ സുന്ദരമായി എഴുതാനറിയുമെന്ന പരിഭവത്തോടെ .....വേണ്ടത്ര ശ്രമിച്ചിട്ടില്ലെന്ന പരാതിയോടെ....

  ReplyDelete
 28. ഒരു നല്ല കഥ/////അഭിനന്ദനങ്ങള്‍ റോസാപ്പൂക്കള്‍ ..!

  ReplyDelete
 29. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട്‌ അനാഥയാക്കപ്പെട്ട ഒരമ്മയുടെ, പ്രണയകാരണം അച്ഛനമ്മമാരെ നഷ്ടപ്പെട്ട, ബന്ധുക്കളാല്‍ വെറുക്കപ്പെട്ട ഒരമ്മയുടെ അവസാന അത്താണി മരണമാണെന്ന് വരുന്നു... മരിക്കാന്‍ ഒരു കാരണം കിട്ടിയതില്‍ സന്തോഷിക്കുന്ന കഥാപാത്രം സ്വന്തം മക്കളെ കാണുമ്പോള്‍ ഉണ്‌ടാകുന്ന ചാഞ്ചാട്ടത്തില്‍ സ്വതീരുമാനം പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കുന്നു... ഈ ജീവിതം ഒറ്റപ്പെട്ടവരുടേതാണ്‌, പ്രയാസങ്ങളുടേതാണെന്ന യാഥാര്‍ത്ഥ്യ ബോധം കഥാപാത്രം ഉള്‍ക്കൊള്ളുന്നതോടെ കഥക്ക്‌ പൂര്‍ണ്ണരൂപം കൈവരുന്നു... പ്രമേയത്തില്‍ പുതുമ തോന്നിയില്ലെങ്കിലും എഴുത്ത്‌ വായിക്കാന്‍ പ്രേരണ നല്‍കി... ആശംസകള്‍ ചേച്ചി...

  ReplyDelete
 30. ചിന്തകള്‍ ,രോഗം ,,ഓരോരുത്തരെയും കാത്തിരിക്കുന്ന അനിവാര്യമായ വിധി ,ഇവയെ എല്ലാം നന്നായി കൂട്ടിയിണക്കി .എങ്കിലും കഥ എവിടെയോ മിസ്സ്‌ ആയി എന്ന് തോന്നി ..

  ReplyDelete
 31. നനായിട്ടുണ്ട്.ആശംസകള്‍.

  ReplyDelete
 32. ഹൃദയത്തില്‍ തൊട്ടു ...ഒപ്പം ജീവിതത്തിലെ പല അവസ്ഥകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം കൂടി ...

  ReplyDelete
 33. ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കള്‍ മക്കളെ കൂടി കൊല്ലുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത വേദന തോന്നാറുണ്ട്. ഞാന്‍ അവരെ മനസ്സ് കൊണ്ട് ആയിരം വട്ടം ശപിക്കാറുണ്ട്.

  ഇവിടെ കഥാ നായികയുടെ തിരിച്ചറിവിലൂടെ ഒരു നല്ല സന്ദേശ നല്‍കാന്‍ ഈ കഥയ്ക്ക് കഴിഞ്ഞു. എഴുത്തിലെ ഈ നന്മക്കു ആശംസകള്‍.

  ReplyDelete
 34. വായനക്ക് നന്ദി
  ഹസീന്‍,മനോരാജ്,ശ്രീകുട്ടന്‍,പ്രവീണ്‍,അജിത്‌,രാംജി.പ്രദീപ്‌ കുമാര്‍,വരുണ്‍,ലംബന്‍,കുഞ്ഞു മയില്‍ പീലി,റിനി ശബരി,വെട്ടത്താന്‍,അമ്ജത്ത്,വേണു ഗോപന്‍,മണ്ടൂസന്‍,വില്ലെജ്മാന്‍,മഞ്ജു,ആചാര്യന്‍,കാദു,കൊമ്പന്‍,ശ്രീനാഥന്‍ മാഷ്‌,കണക്കൂര്‍,കുഞ്ഞൂസ്,ഗോപന്‍ കുമാര്‍,ബെന്ജി, കുംകുമം,എച്ചുമു കുട്ടി,കൈതപ്പുഴ,മോഹിയുദീന്‍, സിയാഫ്‌,വെള്ളിക്കുളങ്ങരക്കാരന്‍ ,അക്ബര്‍,അബ്സര്‍

  പതിവ് നിലവാരത്തില്‍ എത്തിയില്ല എന്ന അഭിപ്രായം ഉള്ള കൂട്ടുകാരോട് ക്ഷമ ചോദിക്കുന്നു. ഇനി ശ്രദ്ധിക്കാം കേട്ടോ.

  ReplyDelete
 35. കാന്‍സര്‍ .. ഇന്നും ലോകം കേള്‍ക്കുമ്പോള്‍ നടുങ്ങുന്ന പേര് ... പാമരനെന്നോ ... പണക്കാരനെന്നോ .... ഇതിനു വക തിരിവില്ല...... കാന്‍സര്‍ വരുന്ന രോഗികളെ ജനങ്ങള്‍ അവഗനിക്കാതിരിക്കാന്‍ ഈ കഥ പ്രോജോധനം നല്‍കട്ടെ

  ReplyDelete
 36. കഥ ഒത്തിരി നന്നായിരിക്കുന്നു ചേച്ചി...എനിക്കൊരു സുഹൃത്തുണ്ട് അവരൊരു കാന്‍സര്‍ പേഷ്യന്റ് ആണ്.ആളുകളുടെ സഹതാപം കാണാന്‍ വയ്യാതെ ഇടയ്ക്കു മരിക്കുന്നതിനെ പറ്റി അവള്‍ ചിന്തിച്ചിരുന്നു എന്ന് ഈ ഇടയ്ക്കു അവളെ കാണാന്‍ പോയപ്പോള്‍ പറഞ്ഞിരുന്നു.അവളൊരു സൈകോളജിസ്റ്റ് ആണ്.എന്നിട്ട് കൂടെ.പിന്നിലൂടെ പതിയെ വരുന്ന മരണത്തെ പെട്ടെന്ന് ചെന്ന് കെട്ടിപിടിക്കുന്നതും ഒരു ത്രില്‍ ആണെന്നായിരുന്നു അവളുടെ പക്ഷം.പക്ഷെ ഇപ്പോള്‍ അവളൊരു പാട് സ്നേഹിക്കുനുണ്ട് ഈ ജീവിതത്തെ.നിങ്ങളുടെ കഥാപാത്രം ഇരുട്ടിനെ മാറ്റി പുറത്തു വന്നത് പോലെ....
  ആശംസകളോടെ മനു.

  ReplyDelete
 37. റോസിലി ചേച്ചി, ആദ്യമായാണ് ഈ ബ്ലോഗ്‌ വായിക്കുന്നത്. ജീവിതത്തിലേക്കുള്ള മടങ്ങിവരവ് നന്നായി.

  ഇതുപോലൊരു സംഭവം എന്റെ അയല്പക്കത്തും ഉണ്ടായി. നിങ്ങളൊക്കെ ന്യൂസ് പേപ്പറില്‍ വായിച്ചുകാണും, മുന്‍പ് ഒരു സ്ത്രീ ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കളെ പ്രസവിച്ചത്. ഇവിടെയാണ്‌ അത്. തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് എന്ന സ്ഥലത്ത്.

  നാല് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. അമ്പലത്തിലോക്കെ അവര്‍ ഒരുമിച്ചു വരുന്നത് കാണാന്‍ നല്ല രസമാണ്. ഒരു അമ്മയും കുറെ താറാവിന്‍ കുഞ്ഞുങ്ങളെയും പോലെ. അവരുടെ മുഖത്ത് മാതൃത്വം തുളുമ്പി നില്‍ക്കുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ നോക്കിനിന്നിട്ടുണ്ട്.

  ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മക്കളെ പഠിപ്പിക്കാന്‍ കാശില്ലാതെ കടം കയറി ആ സ്ത്രീയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അതോടെ പറക്ക മുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളും അമ്മയും ഒറ്റക്കായി. ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ അവര്‍ തളര്‍ന്നുപോയ നിമിഷങ്ങള്‍ . കണ്ടു നില്‍ക്കുന്നവരില്‍ സങ്കടം മാത്രമായിരുന്നു. എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ആളുകള്‍ . അതിനിടെ അവര്‍ ഹൃദ്രോഗിയായി.

  പിന്നെ ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഒരു ജോലി വാഗ്ദാനം ചെയ്തു. അങ്ങനെ ജോലിയില്‍ പ്രവേശിച്ച അമ്മ മക്കളെ പഠിപ്പിക്കുന്നു.

  ഇക്കഴിഞ്ഞ എസ്.എസ്.എല്‍..സി പരീക്ഷയില്‍ അഞ്ചുമക്കളും ഉന്നത വിജയം നേടിയതിന്‍റെ സന്തോഷത്തിലായിരുന്നു അവര്‍..

  ഇന്നും ആ സ്ത്രീയെ കാണുമ്പോള്‍ മനസിനുള്ളില്‍ എന്തൊക്കെയോ ധൈര്യമാണ് കിട്ടുന്നത്. വല്ലാത്തൊരു ബഹുമാനം ആണ് അവരോടു തോന്നുന്നത്. അവര്‍ നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു.

  വാര്‍ത്ത ഇവിടെയുണ്ട്. എല്ലാരും തീര്‍ച്ചയായും വായിക്കണം - http://www.mathrubhumi.com/static/others/special/story.php?id=241390

  പിന്നെ, ആത്മഹത്യ ചെയ്യാന്‍ തോന്നുന്നത് വലിയ തെറ്റൊന്നുമല്ല. എനിക്കും തോന്നിയിട്ടുള്ളത് തന്നെയാണ്. അതൊക്കെ സ്വാഭാവികം മാത്രമാണ്. അതില്‍ നിന്നും കരകയറി തിരികെ ജീവിതത്തിലേക്ക് വരുക എന്നതാണ് വലിയകാര്യം. അപ്പോള്‍ പിന്നിലേക്ക്‌ നോക്കി പരിതപിക്കേണ്ട കാര്യമില്ല.

  മക്കളെ നന്നായി വളര്‍ത്തുക. അവര്‍ക്ക്‌ സന്തോഷം മാത്രം നല്‍കുക.

  ReplyDelete
 38. കഥകള്‍ക്കായി കാത്തിരിക്കുന്നു... കുറേനാളായല്ലോ എഴുതിയിട്ട്...

  ReplyDelete
 39. നിരാശകള്‍ക്ക് മീതെ എന്നും പ്രതീക്ഷകളുടെ കാവല്‍ വിളക്കുകളാണ് ജീവിതത്തെ കൈ പിടിച്ചു നയിക്കുന്നത്... അത്തരം ഒരു കാവല്‍ വിളക്കാകാന്‍ ഈ രചനക്ക് കഴിയുന്നു..

  ReplyDelete
 40. നന്നായിട്ടുണ്ട് റോസിലി...ഒരു തിരിച്ചറിവ്...മക്കളെ ചേര്‍ത്തു പിടിച്ചൊരു ജിവിതം...

  ReplyDelete
 41. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണാനുള്ള സന്തേശം നല്‍കിയ ഒരു നല്ല കഥ ,,ഇഷ്ട്ടപ്പെട്ടു

  ReplyDelete
 42. This comment has been removed by the author.

  ReplyDelete
 43. ഈ ബ്ലോഗ്‌ ഇന്നാണ് വായിക്കുന്നത് മനോഹരമായ ലളിതമായ എഴുത്ത്....ഈ റോസാപ്പൂക്കള്‍ വാടാതെ പൊഴിയാതെ എന്നെന്നും നിലനില്‍ക്കട്ടെ....

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍