19.3.12

ഒരു മരുക്കാറ്റിന്‍റെ അവസാനം

കത്തിക്കാളുന്ന വിശപ്പോടെ ഗായത്രി ഊണ് മേശയില്‍ മൂടി വെച്ചിരുന്ന ഭക്ഷണം എടുത്തു കഴിക്കാന്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ മുന്‍പ്‌ കഴിക്കാന്‍ പ്ലേറ്റില്‍ കൈ വെച്ചതേ ചാന്ദ്നി ദീദി അവളെ ജോലിക്കായി വിളിച്ചു. അപ്പോള്‍ തന്നെ  അത് അവിടെ മൂടി വെച്ച് പോകേണ്ടി വന്നു. അതാണവളുടെ ജോലിയുടെ സ്വഭാവം. പ്രത്യേക സമയം എന്നൊന്നും ഇല്ല.  ജോലി വന്നാല്‍ അത് സമയം കളയാതെ ചെയ്യുക. ഒന്ന് ദീര്‍ഘമായി നിശ്വസിച്ച ശേഷം അവള്‍ തണുത്തു മരച്ച ഭക്ഷണം വേഗം കഴിച്ചു തുടങ്ങി.

ഇപ്പോള്‍ ഒന്നര വര്‍ഷമായിരിക്കുന്നു അവള്‍ ഈ മണല്‍ നഗരത്തില്‍ വന്നു ചേര്‍ന്നിട്ട്. വന്നതില്‍ നിന്നും തന്‍റെ രൂപം  എത്ര മാറിപ്പോയി. മുഖം കഴുകവേ അവള്‍ കണ്ണാടിയില്‍ കണ്ട തന്‍റെ പ്രതി രൂപത്തെ സൂക്ഷിച്ചു നോക്കി. വില്ല് പോലെ ഷേപ്പ് ചെയ്ത പുരിക കൊടികള്‍. ആഴ്ചയിലൊരിക്കല്‍ ഉള്ള ഫേഷ്യലിങ്ങ് കവിളിനു നല്ല മിനുമിനുപ്പ്‌ നല്‍കിയിരിക്കുന്നു. എണ്ണ തേച്ചു ഇട തൂര്‍ന്ന്‍ കിടന്നിരുന്ന മുടി ഷാംപൂ ചെയ്തു തോളറ്റം വരെ .മുറിച്ചിട്ടിരിക്കുകയാണ്. തന്നെ കണ്ടാല്‍ സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളുടെ അമ്മയാണെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. അവള്‍ മുഖം ടവ്വലില്‍ തുടച്ചു മുറിയില്‍ പോയി കിടക്കാന്‍ തിരക്ക് കൂട്ടി. ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ് കുറച്ചു നേരമെങ്കിലും സമയം കളയാതെ കിടക്കാമല്ലോ.

അവള്‍ ആയൂര്‍വേദ ആശുപത്രിയില്‍ തിരുമ്മു ചികില്‍സയുമായി കഴിയുന്ന ചന്ദ്രേട്ടനെയും നാലാം ക്ലാസില്‍ പഠിക്കുന്ന ആതിരയെയും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചനയെയും ഓര്‍ത്തു. ഒന്നര കൊല്ലം കൊണ്ടു അവര്‍ രണ്ടു പേരും പൊക്കം വെച്ച് കാണും. എല്ലാ ഞായറാഴ്ചയും ചാന്ദ്നി ദീദിയുടെയും സഹായികളുടെയും സാന്നിധ്യത്തില്‍ അനുവദിച്ചിട്ടുള്ള അഞ്ചു മിനിറ്റു ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്ന അവരുടെ കൊഞ്ചല്‍ എത്ര കേട്ടാലും അവള്‍ക്ക് മതിവരാറില്ല. ഒന്നര കൊല്ലത്തെ ചികില്‍സ കൊണ്ടു ചന്ദ്രേട്ടന്‍ മിക്കവാറും നടക്കാറായിരിക്കുന്നു. അന്നത്തെ അപകടത്തിനു ശേഷം “ചന്ദ്രനിനി എഴുന്നേറ്റു നടക്കുമെന്ന് തോന്നുന്നില്ല.” എന്നാണു പലരും പറഞ്ഞത്‌. ഇടിച്ചു കിടക്കുന്ന ലോറി കണ്ടാല്‍ ഓടിച്ചിരുന്ന ആള്‍ രക്ഷപ്പെട്ടു എന്ന് ആരും വിശ്വസിക്കില്ലായിരുന്നു. ഇപ്പോഴുള്ള ചെറിയ എന്തല്‍ കുറച്ചു നാളത്തെ വ്യായാമം കൊണ്ടു ശരിയാകുമെന്നു ഡോക്ടര്‍ പറഞ്ഞതെന്നു പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “താമസിയാതെ എനിക്ക് പഴയ പോലെ ലോറിയും ഓടിക്കാനാവും. ഇനി എന്‍റെ പെണ്ണ് മരുഭൂമിയില്‍ കിടന്നു വീട്ടു വേല ചെയ്തു കഷ്ടപ്പെടണ്ട” എന്ന സ്നേഹപൂര്‍വമായ ശബ്ദം കേട്ടപ്പോള്‍ കരഞ്ഞത് ഗായത്രിയായിരുന്നു.

ഗായത്രി പോരുമ്പോള്‍ ചന്ദ്രേട്ടന്‍ കട്ടിലില്‍ നിന്നും പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കുവാന്‍ പോലും ആവാത്ത സ്ഥിതിയിലായിരുന്നു. പ്രായമായ അമ്മ എങ്ങനെ ചന്ദ്രേട്ടനെ ഉയര്‍ത്തി ഇരുത്തും എന്ന ആധിയിലാണ് അവള്‍ വീടിന്‍റെ പടി ഇറങ്ങിയത്.

“ഒന്നും വിഷമിക്കേണ്ട. മോള് ധൈര്യായിട്ടു പോക്കോ... മീനാക്ഷിയമ്മ വിളിക്കുമ്പോഴെല്ലാം ഓടി വരാന്‍ കൈ സഹായത്തിന് ഞങ്ങട  അഷറഫില്ലേ.. ചന്ദ്രന്‍റെ ചികില്‍സക്ക് പണോണ്ടാവാന്‍ മോള്ക്ക് പോകാത പറ്റുവോ..?. ഒരു രണ്ടു കൊല്ലം വേലേടുത്താല്‍ പോരെ...? മോട ആദ്യ ശമ്പളം വരുമ്പോഴേക്ക് ഞങ്ങള് ചന്ദ്രനെ ആശൂത്രിലാക്കീട്ടുണ്ടാകും”.

എയര്‍ പോര്‍ട്ടില്‍ ഇറങ്ങി ജോലിചെയ്യേണ്ട വീട്ടിലേക്ക്‌ കൊണ്ടു പോകാന്‍ വരുന്ന ഏജന്റിനെ കാത്തിരുന്ന ഗായത്രിയുടെ മനസ്സില്‍ അപ്പോഴും അയലത്തെ ഖാദറിക്കയുടെ വാക്കുകള്‍ ആയിരുന്നു. അവിടെ തൊട്ടടുത്ത കസേരയില്‍ അവളെപ്പോലെ മറ്റൊരു സ്ത്രീയും ഏജന്റിനെ കാത്തിരിപ്പുണ്ടായിരുന്നു. കോട്ടയംകാരി ഒരു രജനി. കല്യാണത്തിനു പൈസ ഉണ്ടാക്കാനാണത്രേ അവള്‍ ഈ ജോലിക്കിറങ്ങി തിരിച്ചത്. മുപ്പതു വയസ്സ് കഴിഞ്ഞിട്ടും മംഗല്യ ഭാഗ്യം വരാഞ്ഞത് അവളുടെ അച്ഛന്‍റെ കൈയ്യില്‍ കാശൊന്നും ഇല്ലാഞ്ഞിട്ടു തന്നെയായിരുന്നു.

ഏജന്റിന്‍റെ കൂടെ താന്താങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള വീടുകളില്‍ പോകുവാനായി ഒരേ കാറില്‍ തന്നെയാണവര്‍ തിരിച്ചത്. കിട്ടുന്ന വീടുകള്‍ അവരവരുടെ ഭാഗ്യം പോലെ ഇരിക്കും എന്ന് നാട്ടിലെ  ഏജന്റു പറഞ്ഞിരുന്നു.

“ജോലി കൂടുതലില്‍ ഒരു പരാതിയും പറയില്ല. രണ്ടു വര്‍ഷത്തെ കാര്യമല്ലേ ഉള്ളു. എന്‍റെ ചന്ദ്രേട്ടനെ എങ്ങനെ എങ്കിലും ഒന്ന് എഴുന്നേല്‍പ്പിച്ച് നടത്തിയാല്‍ മതി എനിക്ക്.” എന്നാണു അന്ന് ഗായത്രി പറഞ്ഞത്.

“ഈശ്വരാ.. നല്ല മനുഷ്യരുള്ള വീട് തന്നെ കിട്ടണേ..” എന്ന് മനസ്സില്‍ ഉരുവിട്ടു കൊണ്ടാണ് ചെന്ന് ചേരും വരെയുള്ള സമയം കാറില്‍ ഇരുന്നത്. രജനി അവളെ ശ്രദ്ധിക്കാതെ ഉത്സാഹത്തോടെ ചുറ്റുമുള്ള നഗര കാഴ്ചകള്‍ നോക്കിക്കണ്ടുകൊണ്ടിരുന്നു. നഗരത്തിന്‍റെ അവസാനം എന്ന് തോന്നിക്കുന്ന ഒറ്റപ്പെട്ടു നില്‍ക്കുന്ന വലിയ വീടിനു മുന്നില്‍ എത്തിയപ്പോള്‍ കാര്‍ നിന്നു.

ഇവിടെ ഒന്ന് വിശ്രമിച്ചിട്ട് തങ്ങള്‍ക്കുള്ള വീടുകളില്‍ പോകാം എന്ന് പറഞ്ഞു വന്നയാള്‍ സ്ഥലം വിട്ടപ്പോള്‍ എന്തോ ഒരു അപകട ശങ്ക മനസ്സില്‍ നിറഞ്ഞു.. മനോഹരമായി ഒരുക്കിയിട്ടിരുന്ന ഒരു വീടായിരുന്നു അത്. ചാന്ദ്നി ദീദി അവരെ തനിക്കറിയാവുന്ന ഹിന്ദി കലര്‍ന്ന മലയാളത്തില്‍  അകത്തേക്കാനയിച്ചു. അവരുടെ മലയാളിയായ ഭര്‍ത്താവിനെ പിന്നീടാണ് കണ്ടത്. കുളിക്കും ഭക്ഷണത്തിനും ശേഷം രാജനിക്കും ഗായത്രിക്കും കൂടെ നല്ലൊരു ഒരു മുറി കൊടുത്ത ശേഷം പറഞ്ഞു.

“ഇവിടെ വിശ്രമിച്ചു കൊള്ളൂ. ജോലി വരുമ്പോള്‍ വിളിക്കാം.”

“ഞങ്ങള്‍ ജോലി ചെയ്യുന്ന വീട് ഇതാണോ..?” എന്ന രജനിയുടെ ചോദ്യത്തിന്.

“ഇത് തന്നെ”

എന്ന് പറഞ്ഞ ശേഷം അവര്‍ പെട്ടെന്ന് മുറി വിട്ടു പോയി.

വേലക്കാരികള്‍ക്ക് ഇത്ര സൌകര്യമുള്ള മുറിയോ...? എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ്

“ഏജന്‍റ് അങ്ങനയല്ലല്ലോ ചേച്ചീ പറഞ്ഞത് “ എന്ന് രജനി ഭയപ്പടോടെ ചോദിച്ചത്.

ആ വീട്ടില്‍ അപ്പോള്‍ വേറെ ആരും ഉള്ളതായി തോന്നിയതും ഇല്ല. ഖാദറിക്കയുടെ അനിയന്‍റെ മകള്‍ സൈനത്ത പറഞ്ഞത് ഇങ്ങനെയല്ലല്ലോ. രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന നിറയെ ആളുകളുള്ള അറബികളുടെ വീട്, പല പ്രായക്കാര സ്ത്രീകള്‍ കുട്ടികള്‍,  വേലക്കാര്‍.....നല്ല വീടാണ് കിട്ടുന്നതെങ്കില്‍ സുഖമായി കഴിയാം. നല്ലൊരു തുക നാട്ടിലേക്ക്‌ അയക്കുകയും ആകാം.

“എനിക്കൊന്നു മനസ്സിലാകുന്നില്ല മോളെ..”എന്ന്  വിഹ്വലതയോടെ പറയാനേ ഗായത്രിക്ക്‌ അപ്പോള്‍ കഴിഞ്ഞുള്ളൂ.

ഒരഞ്ചു നിമിഷം കഴിഞ്ഞു കാണും ചാന്ദ്നി ദീദി വീണ്ടു പ്രത്യക്ഷപ്പെട്ടു.

“രണ്ടു പേരും വരു ..ആ മേശ മേല്‍ ഇരിക്കുന്ന കവര് കൂടെ എടുത്തുകൊള്ളു.”

എന്ന് പറഞ്ഞു അവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍  മേശമേല്‍ കണ്ട ഗര്‍ഭ നിരോധന ഉറയുടെ കവറിലേക്ക് നോക്കിയ ഗായത്രിക്ക് തൊണ്ട വരണ്ടു താഴെ വീഴും എന്ന് തോന്നി. അവരെ സംശയത്തോടും പേടിയോടും കൂടെ നോക്കുന്നത് കണ്ടപ്പോള്‍ അത്രയും നേരം കണ്ട അവരുടെ സൌഹൃദ ഭാവം പെട്ടെന്ന് മാറി.

‘എടുക്ക്” എന്ന ആജ്ഞ കേട്ടപ്പോള്‍ വിറയ്ക്കുന്ന കൈകളോടെ അതെടുത്ത് അവര്‍ രണ്ടു പേരും പാവ കണക്കെ നിന്നു. ബെല്ലടിച്ചു സഹായികളായ രണ്ടു പുരുഷന്‍മാരെ വിളിച്ചു ബലം പ്രയോഗിച്ചാണ് അവരെ രണ്ടു പേരെയും കസ്റ്റമേഴ്സിനു മുന്നില്‍ എത്തിച്ചത്. സഹായികളായ. ആ തടിമാടന്മാര്‍  ആ വീട്ടില്‍ തന്നെയുള്ള വരാണെന്നു പിന്നീടവര്‍ക്ക്‌ മനസ്സിലായി. എതിര്‍ത്തു നില്‍ക്കാന്‍ ശ്രമിച്ച രജനിയുടെ കവിളില്‍ ദീദിയുടെ സഹായിയുടെ കൈ ഉച്ചത്തില്‍ പതിക്കുന്നത് കണ്ട ഗായത്രി നിസ്സഹായയായി അവരെ നോക്കി. രണ്ടു പേരും സഹായികളുടെ കയ്കളില്‍ ദുര്‍ബലരായി കുതറിക്കൊണ്ട് മൂന്നാം നിലയിലേക്കുള്ള നടകള്‍ കയറി.

അതി മനോഹരമായി അലങ്കരിച്ച മുറിയില്‍ എന്താണ് സംഭവിച്ചതെന്ന് അപ്പോഴും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി അപ്പോഴും തളര്‍ന്നു കിടന്നു. മുറിയില്‍ ഉണ്ടായിരുന്ന മനുഷ്യന്‍ എല്ലാം കഴിഞ്ഞു കവിളില്‍ ഒന്ന് തട്ടിയിട്ടു സ്ഥലം വിട്ടുകഴിഞ്ഞു.  പരിചയമില്ലാത്ത ഏതോ ഭാഷ സംസാരിച്ച ആ മനുഷ്യന്‍റെ ആക്രമണത്തിനു മുന്നില്‍ ചന്ദ്രേട്ടനും അര്‍ച്ചനയും ആതിരയും ചേര്‍ന്ന് സൃഷ്ടിച്ച സ്വര്‍ഗലോകം താന്‍ മുന്‍പെങ്ങോ ജീവിച്ച ജന്മത്തിലേതായിരുന്നു എന്ന്‍ തോന്നി.

അന്ന് തന്നെ രണ്ടു പേര്‍ക്കും നാലോ അഞ്ചോ കസ്റ്റമേഴ്സുണ്ടായിരുന്നു. വന്നു പെട്ട കെണിയെപ്പറ്റി ഒന്നോര്‍ത്തു കരയാന്‍ പോലും സമയം ലഭിക്കാഞ്ഞ ദിവസം. രക്ഷപ്പെടാന്‍ വഴി ആലോചിച്ച അന്ന് രാത്രി “ഞാന്‍ മരിക്കും..ഞാന്‍ മരിക്കും...”എന്ന് പറഞ്ഞു കൊണ്ടു രജനി  കട്ടിലിന്‍റെ പടിയില്‍ തല തല്ലി  കരഞ്ഞു കൊണ്ടിരുന്നു. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവും രണ്ടു പെണ്കുഞ്ഞുങ്ങളും ഉള്ള ഒരമ്മക്ക് മരിക്കും എന്ന് ചിന്തിക്കാന് പോലും സ്വാതന്ത്ര്യമില്ലല്ലോ എന്നവള്‍ നിസ്സഹായതയോടെ ഓര്‍ത്തു.

പിറ്റേ ദിവസം തന്നെ ബ്യൂട്ടീഷന്‍ വന്നു രണ്ടു പേരെയും നഗര സുന്ദരികളാക്കി മാറ്റി. അപ്പോഴാണ്‌ അവര്‍ ആ വീട്ടിലെ മറ്റു അന്തേവാസിനികളെ പരിചയപ്പെട്ടത്‌ .അവര്‍ പറഞ്ഞത്‌ ഒന്നും രണ്ടു പേര്‍ക്കും മനസ്സിലായില്ല അവരില്‍ ഫിലിപ്പീന്സുകാരികളും പാക്കിസ്ഥാന്‍കാരികളും ഒക്കെയായി ആറു പേരുണ്ടായിരുന്നു. അവരുടെ ഭാഷയൊക്കെ മനസ്സിലായത്‌ പിന്നെയും കുറെ മാസങ്ങള്‍ കഴിഞ്ഞാണ്. രജനിയുടെ കണ്ണ്നീര്‍ അപ്പോഴും തോര്ന്നിരുന്നില്ല. മരിയ എന്ന ഫിലിപ്പീനി പെണ്‍കുട്ടി  അവളുടെ കണ്ണ്നീര്‍ തുടച്ചു ചേര്‍ത്തു പിടിച്ച് എന്തൊക്കെയോ അവളോടു പറഞ്ഞു ആശ്വസിപ്പിച്ചു. പിന്നീട് ആഴ്ചയിലൊരിക്കല്‍ ബ്യൂട്ടി റൂമില്‍  ഫേഷ്യല്‍ തുടങ്ങിയ മിനുക്കു പണികള്ക്ക് ചെല്ലുമ്പോള്‍ അവരെ കണ്ടു മുട്ടാറുണ്ടായിരുന്നു. എപ്പോഴെങ്കിലും തമ്മില്‍ കണ്ടാല്‍ ഒന്നും സംസാരിക്കരുതെന്നാണ് ദീദിയുടെ ആജ്ഞ. സഹായികള്‍ എപ്പോഴും അവിടെ ഒക്കെ ഉള്ളത് കൊണ്ടു സംസാരിക്കാനും പേടിയായിരുന്നു. സെക്യൂരിറ്റിയും സഹായികളായ അറബികളും  ഉള്ള ആ വലിയ വീട്ടില്‍ ദീദിയുടെ ഭര്‍ത്താവ്‌ ആഴ്ചയില്‍ ഒരിക്കലേ വരാറുള്ളൂ. അയാള്‍ക്ക് വേറെ എവിടെയോ ആണ് ജോലി എന്ന് തോന്നി.

കസ്റ്റമേഴ്സിനു മുന്നില്‍ ദുര്മുഖം കാട്ടിയാല്‍ അവര്‍ സ്വീകരണ മുറിയിലെ ഡയറിയില്‍ പരാതി എഴുതി പോകും. അതിനു ലഭിക്കുന്ന ശിക്ഷയോര്‍ത്തു നിശബ്ദം എല്ലാം സഹിക്കേണ്ടി വരുന്ന അവസ്ഥ. ജോലി ചെയ്തു തളരാതിരിക്കാന്‍ ഏറ്റവും മേന്മയേറിയ ഭക്ഷണവും വിറ്റാമിന്‍ ഗുളികകളും മാസത്തിലെ നാല് ദിവസം പാഴാക്കി കളയാതിരിക്കാന്‍ പ്രത്യേകം ഗുളികകളും നല്‍കപ്പെട്ടു. ആ ഗുളികകളെല്ലാം ദീദിയുടെ മുന്നില്‍ വെച്ചു തന്നെ കഴിക്കണം. “ഒരാള്‍ നാല് ദിവസം നഷ്ടപ്പെടുത്തിയാല്‍ എത്ര രൂപയാണെന്നോ വെറുതെ പോകുന്നത്..?” എന്ന് പറഞ്ഞു അവരുടെ നേരെ ആക്രോശിക്കും


വന്ന്‍ ഒരാഴ്ച കഴിഞ്ഞ ദിവസമാണ് തുണി വിരിക്കാനെന്ന ഭാവേന ടെറസ്സില്‍ കയറിയ രജനി താഴേക്ക്‌ ചാടിയത്. പാരപ്പെറ്റില്‍ തട്ടി താഴേക്ക്‌ വീണ്  മരണത്തിനു രക്ഷിക്കാനാവാതെ അവളുടെ ജീവിതം രണ്ടു മാസത്തോളം കൈ കാലുകള്‍ ഒടിഞ്ഞു പ്ലാസ്റ്ററില്‍ കഴിഞ്ഞു. വെറുതെ കുറെ ദിവസം പാഴാക്കിയതിലൂടെ നേരിട്ട നഷ്ടത്തിന്‍റെ കണക്ക് പറഞ്ഞു ദീദി ആ ദിവസങ്ങളില്‍ അവളെ ശാസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അതിനു ശേഷം വീണ്ടും പഴയ പതിവുകള്‍.

ദിവസവും പത്തും പതിനഞ്ചും പേരെ സ്വാഗതം ചെയ്യുന്ന ദിവസങ്ങള്‍ പിന്നീട് ശീലമായി. പല ഭാഷക്കാരായ പല തരക്കാരായ ആളുകള്‍. അത്തറിന്‍റെ സുഗന്ധമുള്ള അറബികള്‍, ഹിന്ദി പറയുന്നവര്‍, തമിഴന്മാര്‍ അങ്ങനെ പല തരത്തിലുള്ളവര്‍. ചിലര്‍ സ്നേഹ പൂര്‍വം എന്തെങ്കിലും കൊച്ചു   സമ്മാനങ്ങളും തരും. അതെല്ലാം ഗായത്രി ആതിരക്കും അര്ച്ചനക്കുമായി പെട്ടിയുടെ അടിയില്‍ സൂക്ഷിച്ചു വെച്ചു.

എല്ലാ മാസവും വീട്ടിലേക്ക്‌ ദീദി തന്നെ ശമ്പളം അയച്ചു കൊടുക്കുമായിരുന്നു. ചികില്‍സയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നുള്ള ചന്ദ്രേട്ടന്‍റെ വാക്കുകള്‍ മാത്രമാണ് ആ മരുഭൂമിയില്‍ ആകെ കണ്ട ഒരു മരുപ്പച്ച. ഞായറാഴ്ചകളില്‍ ഫോണിലൂടെ വരുന്ന  “ഗായീ...”എന്ന സ്നേഹ പൂര്‍വമായ വിളിക്കു വേണ്ടി ജീവിച്ചു നീക്കിയ ദിവസങ്ങള്‍. കിടക്ക മുറിയിലെ ജനല്‍ വിരി നീക്കി നോക്കിയാല്‍ കാണുന്ന കണ്ണെത്താ ദൂരം കിടക്കുന്ന മണല്‍ക്കാടുകളിലേക്ക് നോക്കുമ്പോള്‍ ഇനി രക്ഷപ്പെടണം എന്ന ആശയെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഇടക്ക്‌ ചീറി അടിക്കുന്ന മരുക്കാറ്റില്‍ ഈ കെട്ടിടമാകെ നിലം പതിച്ചു താനൊന്നു മരിച്ചിരുന്നെങ്കില്‍ എന്നവള്‍ വ്യര്‍ഥമായി മോഹിച്ചു.

ഇടക്ക് താനൊരു പക്ഷിയാണെന്ന് അവള്‍ സങ്കല്‍പ്പിക്കും. മരുഭൂമിയിലെ കൊടും ചൂടിലും ഉഷ്ണ കാറ്റിലും തളരാത്ത പക്ഷി. അതിനു വലിയ ചിറകുകള്‍ ഉണ്ട്. ആ പക്ഷി മണല്‍ക്കാടുകള്‍ക്ക് മീതെ പറന്നു നാട്ടിലെ കൊച്ചു വീട്ടിലെ മാവിന്‍ കൊമ്പത്ത് ചെന്നിരിക്കും. മുടന്തിയെങ്കിലും നടന്നു തുടങ്ങിയ ചന്ദ്രേട്ടനെ കാണും. സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും ആയി ധൃതിയില്‍ അര്‍ച്ചനയെയും കൈപിടിച്ചു നടക്കുന്ന അതിര കാണാതെ അത് താഴ്ന്നു പറക്കും. ഈ സ്വപ്നങ്ങള്‍ക്കിടയില്‍ ചാന്ദ്നി ദീദിയുടെ വിളി കേള്‍ക്കുമ്പോള്‍ ആ പക്ഷി ചിറകുകള്‍ അറ്റു താഴെ വീഴും

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ പരിചയപ്പെട്ട വാസവന്‍ എന്ന തമിഴനാണ് അവളോടു ഏറ്റവും ദയയും സ്നേഹവും കാണിച്ചിട്ടുള്ളത്.. അയാള്‍ മറ്റു കസ്റ്റമേഴ്സിനെ പോലെ വേട്ടപ്പട്ടിയായി അവളെ ഒരിക്കലും ആക്രമിക്കില്ലായിരുന്നു. മേല്‍ ചുണ്ടില്‍ ചെറുതായി കടിച്ചാണ് അയാള്‍ അവളോടു സ്നേഹം പ്രകടിപ്പിക്കാറുള്ളത്. അവളുടെ ചന്ദ്രേട്ടനെപ്പോലെ. അയാള്‍ക്ക്‌ ചന്ദ്രേട്ടന്‍റെ വിദൂര ച്ഛായയും അവള്‍ക്കു തോന്നി. അത് കൊണ്ടു തന്നെ കസ്റ്റമര്‍ വന്നു എന്ന അറിയിപ്പ് കിട്ടുമ്പോഴെല്ലാം അത് വാസവന്‍ ആയിരിക്കുമോ എന്നവള്‍ പ്രതീക്ഷിച്ചു. തനിക്കയാളോടു സ്നേഹം തുടങ്ങിയോ എന്ന് വരെ അവള്‍ അതിശയിച്ചിട്ടുണ്ട്. അങ്ങനെ ഒരു ചിന്ത മനസ്സില്‍ വരുമ്പോഴെല്ലാം അവള്‍ പെട്ടെന്ന് ചന്ദ്രേട്ടനെയും ആതിരയെയും അര്‍ച്ചനയെയും കൂട്ട് പിടിക്കും.

വിഭാര്യനായ അയാള്‍ അവളെ അവിടെ നിന്നും രക്ഷപ്പെടുത്തി വിവാഹം കഴിക്കാം എന്ന് പറഞ്ഞ ദിവസമാണ് അങ്ങ് നാട്ടിലെ കൊച്ചു വീട്ടില്‍ മുടന്തി നടന്നു തുടങ്ങിയ ചന്ദ്രേട്ടനെയും അര്ച്ചനെയും ആതിരയെയും കുറിച്ചു അയാളോടു പറഞ്ഞത്‌. രക്ഷപെടാനുള്ള ആശ മനസ്സില്‍ വന്നതോടെ അയാളുടെ നിര്‍ദേശ പ്രകാരം ആദ്യ വഴിയായി അയാളുടെ ഫോണില്‍ നിന്നും ചന്ദ്രേട്ടനെ വിളിച്ചത് പിന്നെയും കുറെ ദിവസം കഴിഞ്ഞായിരുന്നു.

അസമയത്ത് ചെന്ന വിളി ചന്ദ്രേട്ടനെ അത്ഭുതപ്പെടുത്തിയെന്നു ആ ശബ്ദത്തില്‍ നിന്നു തന്നെ ഗായത്രിക്ക് മനസ്സിലായി. സംഭവിച്ചതെല്ലാം വലിയൊരു സങ്കട തിരത്തള്ളലില്‍ കുറഞ്ഞ നേരം കൊണ്ടു പറഞ്ഞു കേള്പ്പിച്ചപ്പോഴേ ചന്ദ്രേട്ടന്‍ നിശബ്ദനായിക്കളഞ്ഞു. പിന്നെ കുറെ നേരം വസവനോടും സംസാരിക്കുന്നത് കേട്ടു. മങ്ങിയ മുഖത്തോടെ വാസവന്‍ ഫോണ്‍ തിരികെ തരുമ്പോള്‍ ചന്ദ്രേട്ടന്‍റെ സ്വരം.

“അത് പിന്നെ ഗായത്രി..ഇതെന്തോക്കെയാണ് ഞാന്‍ ഈ കേള്‍ക്കുന്നത്.ഇത്രയും നാള്‍ നീ ഇങ്ങനെ ഒരു സ്ഥലത്ത്.... നിന്നെ അയാള്‍ രക്ഷപ്പെടുത്തിയാലും ഇനി നമുക്ക്‌ പഴയപോലെ ജീവിക്കാന്‍ പറ്റുമോ..? .എന്‍റെ പഴയ ഗായി അല്ലല്ലോ നീ ഇപ്പോള്‍. .നമുക്ക്‌ രണ്ടു പെണ്മക്കളാണെന്ന ഓര്‍മ്മ വേണം. നിനക്ക് പറ്റിയ ഈ ചീത്തപ്പേര് എങ്ങനെ എങ്കിലും നാട്ടില്‍ അറിഞ്ഞാല്‍ പിന്നെ അവരുടെ ഭാവിയെന്തായിരിക്കും..?”

പിന്നീട് ചന്ദ്രേട്ടന്‍ പറയുന്നത് കേള്‍ക്കുവാന്‍ ശക്തിയില്ലാതെ ഗായത്രി ഫോണ്‍ കട്ട് ചെയ്തു വാസവന് തിരികെ കൊടുക്കുമ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ ഒന്നും അവളെ ആശ്വസിപ്പിക്കുവാന്‍ പോന്നതായിരുന്നില്ല.

“സങ്കടപ്പെടരുത്. നിനക്ക് ഞാനുണ്ട്. നിന്നെ ഞാന്‍ ഇവിടെ നിന്ന് രക്ഷിച്ചു കൊണ്ടു പോകും.”

എന്ന് പറഞ്ഞു അയാള്‍ പോകുമ്പോഴും ഒന്നും പറയാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി നിന്നു. ഇവിടെ വന്ന ദിവസം ചതിക്കുഴിയിലാണ് വന്ന് വീണതെന്നറിഞ്ഞപ്പോള്‍ തോന്നിയ  അതേ ശൂന്യത. പെട്ടെന്ന് അളുടെ തലക്കുള്ളില്‍ ഒരു മരുക്കാറ്റ്‌ ചീറി അടിക്കുവാന്‍ തുടങ്ങി. അത് തലക്കുള്ളില്‍ ഒരു ചുഴലിയായി രൂപം കൊണ്ടു പുറത്തേക്ക് പോവാനാവാതെ അതിനുള്ളില്‍ കിടന്നു ചുറ്റിക്കറങ്ങി. അതിന്‍റെ ചൂടില്‍ അവളുടെ സ്വപ്‌നങ്ങള്‍ കണ്ണു നീരായി ഉരുകി ഒലിച്ചിറങ്ങി. മരുഭൂമിയിലെ വലിയ ചിറകുകളുള്ള ആ പക്ഷി ശക്തി ക്ഷയിച്ചു ഭൂമിയിലേക്ക്  തളര്‍ന്നു വീണു. ചീറിയടിച്ച മരുക്കാറ്റ്‌ അതിനെ ഒരു നിമിഷം കൊണ്ടു മൂടിക്കളഞ്ഞു. ക്ഷണ നേരം കൊണ്ടു അതിന്മേല്‍ ഒരു മണല്‍ കൂന ഉയര്‍ന്നു.

ഗായത്രി മുറിക്കു പുറത്തിറങ്ങി, ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ്‌ തന്‍റെ മുറിയിലേക്ക്‌ നടന്നു. പെട്ടിയില്‍ കരുതി വെച്ചിരുന്ന  പഴങ്ങള്‍ മുറിക്കുന്ന ചെറിയ കത്തിയുമായി ബാത്ത് റൂമില്‍ കയറി. ഇടത് കയ്യിലെ ഞരമ്പിനെ സൂക്ഷമതയോടെ നോക്കുമ്പോള്‍ അവളുടെ മനസ്സില്‍ അര്ച്ചനയോ ആതിരയോ ചന്ദ്രേട്ടനോ ഉണ്ടായിരുന്നില്ല.

57 comments:

  1. നാലഞ്ചു വര്ഷം മുന്പ്ര‌ ഒരു ദിവസം വാര്ത്ത യില്‍ കണ്ട രണ്ടു പെണ് മക്കളുടെ അമ്മയായ വിധവയായ ഒരു യുവതിയാണ് ഈ കഥ എഴുതാനുള്ള പ്രേരണ.ഗള്ഫില്‍ ജോലിക്കെന്നു പറഞ്ഞു കൊണ്ടു പോയിട്ട് സെക്സ് റാക്കറ്റിന്റെ ചതിയില്‍ വീണു പോയി,എങ്ങനെയോ രക്ഷപെട്ട ആ യുവതിയുടെ വാക്കുകള്‍ കുറെ ദിവസത്തേക്ക്‌ എന്റെ ഉറക്കം കെടുത്തി കളഞ്ഞു. ഇതിലെ ഗായത്രിയുടെ അനുഭവം അവരുടെ വാക്കുകളില്‍ നിന്ന് തന്നെ എഴുതിയതാണ്

    ReplyDelete
  2. ഒരു കാലത്ത് ദുബായ് ഉള്‍പടെ പല നഗരങ്ങളും ടൂറിസത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞ സോവിയറ്റ് യൂണിയനില്‍ നിന്നും വിശപ്പകറ്റാന്‍ നിവര്‍ത്തിയില്ലാതെ ഭാര്യമാരെയും പെണ്മക്കളെയും ഈ പണിക്കു മറ്റു നിവര്‍ത്തിയില്ലാതെ പറഞ്ഞയച്ച അനേകായിരം പുരുഷന്മാരെയും ഓര്‍ത്തുപോയി.
    ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ വേശ്യകള്‍ ഉള്ളത് റഷ്യയിലാണ്.

    മുന്‍ മുഖ്യമന്ത്രി നായനാര്‍ പറഞ്ഞപോലെ ഇതൊരു ചായകുടിപോലെ അത്രവലിയ കാര്യമില്ല എന്ന രീതിയില്‍ ഇന്നു സമൂഹം കാണുന്നുണ്ടോ? വേദന നഷ്ടപ്പെടുന്നവര്‍ക്കും കുറ്റബോധം തോന്നുന്നവര്‍ക്കും മാത്രം.

    ReplyDelete
  3. ഇടക്ക് താനൊരു പക്ഷിയാണെന്ന് അവള്‍ സങ്കല്‍പ്പിക്കും. മരുഭൂമിയിലെ കൊടും ചൂടിലും ഉഷ്ണ കാറ്റിലും തളരാത്ത പക്ഷി. അതിനു വലിയ ചിറകുകള്‍ ഉണ്ട്. ആ പക്ഷി മണല്‍ക്കാടുകള്‍ക്ക് മീതെ പറന്നു നാട്ടിലെ കൊച്ചു വീട്ടിലെ മാവിന്‍ കൊമ്പത്ത് ചെന്നിരിക്കും. മുടന്തിയെങ്കിലും നടന്നു തുടങ്ങിയ ചന്ദ്രേട്ടനെ കാണും. സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും ആയി ധൃതിയില്‍ അര്‍ച്ചനയെയും കൈപിടിച്ചു നടക്കുന്ന അതിര കാണാതെ അത് താഴ്ന്നു പറക്കും. ഈ സ്വപ്നങ്ങള്‍ക്കിടയില്‍ ചാന്ദ്നി ദീദിയുടെ വിളി കേള്‍ക്കുമ്പോള്‍ ആ പക്ഷി ചിറകുകള്‍ അറ്റു ഈ വീടിനുള്ളില്‍ കിടക്കുന്നത് അവള്‍ കാണും
    ----------------------------------------------------------------------

    ഹൃദയ സ്പര്‍ശിയായി...ആശംസകള്‍.

    ReplyDelete
  4. വേദനിപ്പിച്ചുവല്ലോ റോസാപ്പൂവേ.....
    ഹൃദയസ്പർശിയായി എഴുതി.

    ഞാൻ പിന്നെ വരാം. ഇപ്പോൾ ഒന്നും എഴുതാൻ പറ്റുന്നില്ല.

    ReplyDelete
  5. റോസപൂക്കള്‍ ..നൊന്തു പൊയീ ..
    സത്യമായും ,ഉള്ളിലൊരു വേവ്..
    ഗായത്രീ നൊമ്പരമാകുന്നു ,
    ആദ്യപാദം മുതല്‍ അവസ്സാനം വരെ
    തീവ്രതയും,നോവും ഒട്ടു ചോരാതെ
    പകര്‍ത്തപെട്ടിരിക്കുന്നു അബലയായ് ഒരു സ്ത്രീയുടെ
    എവിടെയും സംഭവിക്കാവുന്ന ദുരവസ്ത്ഥ ..
    ഈ വരികളില്‍ നേരുണ്ട് ,2004 ല്‍ ഏഷ്യാനെറ്റിന്
    വേണ്ടീ ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ ഈ മേഖലകളില്‍ പോയപ്പൊള്‍ നേരിട്ടറിഞ്ഞതൊക്കെ ഹൃദയം പൊടിക്കും ..
    എഴുതുന്ന മനസ്സ് ഒരു സ്ത്രീയായതു കൊണ്ടാണോ
    എന്നറിയില്ല ഗായത്രിയുടെ മനസ്സിലൂടെയുള്ള സഞ്ചാരം
    ഭംഗിയായ കരയൊതുക്കത്തൊടെ പകര്‍ത്തിയിട്ടുണ്ട് ..
    എന്താണ് പറയേണ്ടത് എന്നറിയില്ല ഞാന്‍ ഗായത്രിയോ
    ചന്ദ്രേട്ടനൊ ,വാസവനൊ ഒക്കെ ആയതു പൊലെ !
    ശരീരം പുറം തള്ളുന്ന രക്തം പൊലും
    തടഞ്ഞു നിര്‍ത്തീ ഇവരൊക്കെ നേടുന്ന സ്വത്തുക്കള്‍
    കൊണ്ട് എന്തു നേടുന്നു ഇവരൊക്കെ ..
    ഇന്ന് ഗള്‍ഫ് നാടുകളില്‍ ഇതിന്റെ തോത് നിയമത്തിന്റെ പിടി മുറുക്കം കൊണ്ട് കുറഞ്ഞിട്ടുണ്ടെങ്കിലും ഇവിടുത്തേ ഗല്ലികളിലും ഫ്ലാറ്റുകളിലും ഇന്നും നരകികുന്ന
    ജീവനുകള്‍ എത്രയോ ഉണ്ടെന്നുള്ളത് വാസ്തവമാണ്..
    വലിയ സ്വപ്നങ്ങള്‍ പേറീ വരുന്നവര്‍ ,ഒരു താങ്ങിന്
    വേണ്ടീ കടലു താണ്ടുന്നവര്‍ ,നമ്മുടെ ലോകം വിട്ട്
    ഇവിടെ വരുമ്പൊള്‍ ഞാന്‍ അനുഭവിച്ച വേദന
    എത്രയാണെന്ന് എനിക്കറിയാം ,അങ്ങനെ ഒരൊ പ്രവാസിയും അപ്പൊള്‍ ഇതുപൊലെ സംഭവിച്ചു പൊകുന്ന പെണ്മനസ്സുകള്‍ മരവിച്ചു പൊയേക്കാം, ഒരു കത്തിമുനയില്‍ ജീവനേ കളഞ്ഞേക്കാം ..
    ഈ നേര്‍ പകര്‍ത്തലില്‍ നോവിന്റെ കണം അടുക്കി വച്ചിട്ടുണ്ട് . ഒരു കഥ വായിച്ച ഞാന്‍ ഇത്ര അസ്വസ്ത്ഥനായിട്ടില്ല ..
    "ആടു ജീവിതം " പൊലെ ഇതു മനസ്സിനേ പൊള്ളിക്കുന്നു വെറും വാക്കല്ല , സത്യം.. ഒരിക്കലെപ്പൊഴൊ നേര്‍ മുന്നില്‍
    കണ്ടതു പൊലെ പാവം "ഗായത്രീ" ...
    ചന്ദ്രേട്ടനേ എതു പദത്തില്‍ വച്ച് നീതി കല്പ്പിക്കും
    അറിയുവതില്ല .. തെറ്റാകാം ,ശരിയാകാം ..
    നന്നായീ എഴുതിയേട്ടൊ ..ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..

    ReplyDelete
  6. നല്ല കഥ. ആശംസകള്‍.

    ReplyDelete
  7. പറഞ്ഞു ഒഴിവാക്കിയത് വേദനകളാണ് . അതുകൊണ്ട് തന്നെ മനസ്സില്‍ കനം തൂങ്ങുന്നു.

    ReplyDelete
  8. പുറത്തറിയുന്നതും അതിലേറെ അറിയാത്തതും ആയി ഒട്ടേറെ സ്ത്രീ ജന്മങ്ങള്‍ ഇത്തരം ചതിക്കുഴികളില്‍ അകപ്പെട്ടു നരക ജീവിതം നയിക്കുന്നതിന്റെ വേദന നന്നായി പകര്‍ത്തി .. എത്തിപ്പെട്ട കുരുക്കിന്റെ മുറുക്കില്‍ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി കേള്‍ക്കേണ്ടി വരുന്ന പ്രതീക്ഷയെ തകിടംമറിക്കുന്ന വാക്കുകള്‍ അവരുടെ സമനില തെറ്റിക്കുന്നു ..

    ! വെറുമെഴുത്ത് !

    ReplyDelete
  9. Razal sadathMarch 19, 2012

    Ee Kaalakattathinte kadha...vallare hridayasparshiyayi ezhudiyirikunnu..Nammal arinjum ariyatheyum ethramathram janmangall ethupolulla chathikuzhiyil jeevidam homikunnu...realy fantastic and nice...all the very best wishes......

    ReplyDelete
  10. നന്നായീ എഴുതി....ഹൃദയ സ്പര്‍ശിയായി...ആശംസകള്‍.

    ReplyDelete
  11. തന്റേതല്ലാത്ത തെറ്റുകളാല്‍ ഒരു വന്‍ ചതി കുഴിയില്‍ വീഴുന്ന ഗായത്രിയുടെ ദുര്യോഗം വായനക്കാരന്റെ മനസ്സ് ഏറ്റുവാങ്ങുമ്പോള്‍ കഥയില്‍ പോലും ഈ ദുര്‍വിധി ഒരു സ്ത്രീക്കും വരരുതേ എന്ന് മനസ്സ് പ്രാര്‍ഥിക്കയാണ്.

    പറ്റിയ പിഴകള്‍ ഭര്‍ത്താവിനോട് ഏറ്റു പറഞ്ഞതാണോ അവള്‍ ചെയ്ത തെറ്റ്?

    വേദനയോടെ വായിച്ചു തീര്‍ത്ത കഥ ....

    ReplyDelete
  12. ഗായത്രിമാര്‍ എവിടെയും ഉണ്ട്, ഗള്‍ഫില്‍ മാത്രമല്ല. . . ലോകം എമ്പാടും. . . .പലരും ചതിക്കപെട്ടവര്‍, ഇത്തരം ചതികളില്‍ ഒരു വില്ലത്തി ഉണ്ടാകുന്നത് എപ്പോളും എങ്ങനെ പെണ്ണുങ്ങള്‍ ആകുന്നു എന്നാണു എനിക്ക് മനസിലാകാത്തത്. അവസാനം ചെന്ദ്രേട്ടന്റെ സദാചാരം പുറത്തു വരുന്നത് നൊമ്പരമുണര്‍ത്തി, തന്റെ ഭാര്യ നശിച്ചു പോയതിലല്ല. തന്റെ കുടുംബത്തിനും കുട്ടികള്‍ക്കും വരാന്‍ പോകുന്ന മാനഭംഗത്തിനെ പറ്റിയാണ് അയാള്‍ വ്യാകുലപ്പെടുന്നത്‌ അല്ലെ ചേച്ചി, സത്യമാണ്. എന്ത് ചെയ്യാം

    ReplyDelete
  13. കഥയേക്കാളേറെ ഇത് ഇന്ന് നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതമായതുകൊണ്ടാവാം വല്ലാതെ വേദനിച്ചു.. പറഞ്ഞറിയിക്കാനാവാത്ത ഒരു അസ്വസ്ഥത സമ്മാനിച്ചു ഈ വായന. കഥയുടെ വിജയവും അതാണല്ലൊ.

    ReplyDelete
  14. ചില വേദനകളെ ഇല്ലാതാക്കാന്‍ മരണത്തിനു മാത്രമേ കഴിയൂ ...ഏതൊരു പ്രവാസിയും അനുഭവിക്കും ഇത് പോലെ പീഡനം.പലതരം ആയിരിക്കും നന്നായി റോസാ പുഷ്പ്പമേ ....

    ReplyDelete
  15. ചേച്ചി, ഈയിടെ ഒരു സുഹൃത്ത്‌ നിനക്ക് കഥക്കൊരു പ്രമേയമാവും എന്ന് പറഞ്ഞുകൊണ്ട് വിദേശത്ത് നടക്കുന്ന സെക്സ് രാക്കറ്റിനെ കുറിച്ച് വിവരിച്ചപ്പോള്‍ തരിച്ചിരുന്നുപോയി... എത്ര ആലോചിച്ചിട്ടും മുഖമറിയാത്ത ആരുടെയൊക്കെയോ കരച്ചില്‍ മാത്രം മനസ്സില്‍ നിറഞ്ഞ്, ഭാവന ഉണ്ടായതെയില്ലാ.. ഇത് വായിച്ചപ്പോള്‍.... എന്താ പറയ്യാ.. ശരിക്കും കഷ്ടം തോന്നി... ഇതൊരു കഥ അല്ലെന്ന തോന്നല്‍ വീണ്ടും വിഷമം ഉണ്ടാക്കുന്നു... ഇത്തരം കഥകള്‍ ഇങ്ങനെയേ അവസാനിക്കൂ ല്ലേ...

    ReplyDelete
  16. നന്നായി ..നല്ല കഥ..... പക്ഷെ ഇപ്പൊ കുട്ടികള്‍ പോക്കറ്റ്‌ മണി ക്ക് വേണ്ടിയും ഇങ്ങനെ വഴി പിഴച്ചു പോകുന്നു . കണ്മുന്നില്‍ കാണുന്ന അനുഭവങ്ങള്‍ വച്ച് പറഞ്ഞതാ

    ReplyDelete
  17. താഴ്ന്നു പറന്ന പക്ഷി വീണു പോയല്ലോ ,കഷ്ടം ,,ചതിയുടെ കാണാപ്പുറങ്ങള്‍ ..

    ReplyDelete
  18. എഴുതിയാല്‍ തീരത്താതാണ് ഇവിടെ സംഭവിക്കുന്നത്. അറിയാതെ അറിയിക്കാതെ മുങ്ങിപ്പോകുന്നതാണ് അധികവും.
    മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു.

    ReplyDelete
  19. ഇതും വെറും ഒരു കഥ മാത്രമല്ലല്ലോ റോസ പൂവ്
    സങ്കടങ്ങളും വേദനകളും .....
    സ്ത്രീയുടെ വേദന ഒരു സ്ത്രീ മനസ്സില്‍ നിന്നും വന്നപ്പോള്‍ വേദനയ്ക്ക് ആഴം കൂട്ടി എന്നു പറയാതിരിക്കാന്‍ വയ്യ..
    വെന്നുവേട്ടന്‍ പറഞ്ഞത് പോലെ തന്റേതല്ലാത്ത തെറ്റുകളാല്‍ ഒരു വന്‍ ചതി കുഴിയില്‍ വീഴുന്ന ഗായത്രിയുടെ ദുര്യോഗം വായനക്കാരന്റെ മനസ്സ് ഏറ്റുവാങ്ങുമ്പോള്‍ കഥയില്‍ പോലും ഈ ദുര്‍വിധി ഒരു സ്ത്രീക്കും വരരുതേ എന്ന് എന്റെയും മനസ്സ് പ്രാര്‍ഥിക്കയാണ്.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. എത്ര ഗായത്രിമാര്‍ വന്നു പെട്ടു പോകുന്നു ഈ മണല്‍ക്കാടുകളില്‍. എല്ലാത്തിനും പിന്നില്‍ ഒരു മലയാളി കാണാതിരിക്കുകയുമില്ല. കഥ വായിച്ച് അല്പം വിഷമം തോന്നാതിരുന്നില്ല.

    ReplyDelete
  22. ആ പത്ര വാര്‍ത്ത ഞാനും ശ്രദ്ധിച്ചിരുന്നു. ദുബായ്‌ മേഖലയില്‍ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ പണ്‌ട്‌ ഉണ്‌ടായത്‌ വാര്‍ത്തയായിരുന്നു. മതിയായ രേഖകളോ, കുടിയേറ്റ നിയമങ്ങളോ പാലിക്കാതെയുള്ള ഇത്തരത്തിലുള്ള പ്രവാസം തടയാം ഗവണ്‍മെന്‌റ്‌ ഈയിടയായി ചില നടപടികള്‍ എടുത്തിട്ടുണ്‌ടെന്ന് തോന്നുന്നു. കഥയുടെ ആദ്യ ഭാഗങ്ങളില്‍ പ്രതേകിച്ചൊന്നും അനുഭവപ്പെട്ടില്ലെങ്കിലും അവസാന ഭാഗം ഹൃദയ സ്പര്‍ശിയായിരിക്കുന്നു റോസിലി മേഡം. ആശംസകള്‍

    ReplyDelete
  23. പകുതി വായിച്ച് നിർത്തി

    പിന്നെ വായിക്കാം

    ReplyDelete
  24. ഒരാളുടെ തീവ്രമായനുഭവം ...
    നല്ലൊരു അവതരണ ഭംഗിയോടെ കഥയാക്കി മാറ്റിയിരിക്കുന്നു കേട്ടൊ റോസ്

    ReplyDelete
  25. നൊമ്പരപ്പെടുത്തുന്ന കഥ...ഒരു പത്ര വാര്‍ത്തയെ ഇത്ര നല്ലൊരു കഥയാക്കി മാറ്റിയ താങ്കളുടെ കഴിവിനെ എങ്ങനെ അഭിനദ്ധിക്കണം എന്നറിയില്ല. ആശംസകള്‍ ചേച്ചി.

    ReplyDelete
  26. ഗള്‍ഫിലെത്തി ചതിക്കപ്പെടുന്നവര്‍ അനേകമാണ്, വിരലിലെണ്ണാവുന്നവരുടെ കഥകള്‍ മാത്രമേ നമ്മളറിയുന്നുള്ളൂ.. എത്രയെത്ര ഹതഭാഗ്യര്‍ ..
    നൊമ്പരപ്പെടുത്തുന്ന കഥ..

    ReplyDelete
  27. കഥ സ്പർശിച്ചില്ല എന്നു പറയുമ്പോൾ തന്നെ ‘ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂ’ എന്ന് പറയാവുന്ന അവസ്ഥയിലെത്തിയോ ഞാൻ എന്നു ഭയപ്പെടുകയും ചെയ്യുന്നു.

    ReplyDelete
  28. മ്..
    ജീവിതത്തിന്റെ മണമുള്ള കഥയെപ്പറ്റി ഒന്നും പറയുന്നില്ല..

    ആര്‍ക്കും വരാതിരിക്കട്ടെ ഇത്തരം ദുരനുഭവങ്ങള്‍.

    ReplyDelete
  29. എത്രയെഴുതിയാലും തീരാതായിരിക്കുന്നു ഇത്തരം വാര്‍ത്തകളും കഥകളും നമ്മുടെ നാട്ടില്‍. എത്രയെത്ര ഗദ്ദാമ ജീവിതങ്ങള്‍ കേട്ടുകഴിഞ്ഞു. ഇനിയും കേള്‍ക്കാനിരിക്കുന്നു. കഥ തെറ്റില്ലാതെ അവതരിപ്പിച്ചു. വായിക്കുന്നത് റോസിലിയുടെ കഥയായത് കൊണ്ടാവും തെറ്റില്ലാതെ എന്നേ എനിക്ക് പറയാന്‍ കഴിയൂ..

    ReplyDelete
  30. ഏകദേശം സമാനമായ ജീവിതാനുഭവത്തിലൂടെ കടന്നുപോയ ഒരു സ്ത്രീയെ എനിക്കറിയാം .അതുകൊണ്ടു തന്നെ കേവലം ഫിക്ഷന്‍ എഴുത്തായി ഇതു വായിക്കാനാവുന്നില്ല....

    ഏകാഗ്രമായ എഴുത്തും ശൈലിയും ഇഷ്ടമായി.

    ReplyDelete
  31. എനിക്കൊന്നും പറയാനില്ല- ഒന്നും...

    ReplyDelete
  32. യാഥാര്‍ത്ഥ്യങ്ങളുടെ നിഴല്‍ വീണ വരികള്‍ .ആശംസകള്‍

    ReplyDelete
  33. സത്യം പറയാമല്ലോ ചേച്ചീ,വല്ലാതെ സങ്കടം വന്നു. പക്ഷെ ആഭർത്താവിന്റെ വാക്കുകൾ കേട്ടപ്പോൾ സങ്കടമെല്ലാം ദേഷ്യമായി മാറി. ഈ കയ്യടക്കത്തെ ഞാൻ കുമ്പിടുന്നു,നമിക്കുന്നു. വഴിതെറ്റി പോകുവാൻ സാധ്യതയുള്ള, ഒരു വായനയെ ഒരിക്കലും വഴിതെറ്റിക്കാതെ നേർവ്വഴിക്ക് നടത്തിയത്, ആ എഴുത്തിലെ,എനിക്ക് വിശദീകരിക്കാനാകാത്ത ഒരു കയ്യടക്കമാണ്. അതിന് മുന്നിൽ ഞാൻ കുമ്പിടുന്നു. ഈ കഥയിൽ പറഞ്ഞ കാര്യങ്ങളെ പറ്റി ഇനി ഞാൻ കൂടി വിശദീകരിക്കുന്നില്ല. ഹൃദയസ്പർശിയായ ഒരു അവതരണം. ആശംസകൾ.

    ReplyDelete
  34. റോസാപ്പൂമുള്ളുകൊണ്ട് മനസ്സിലൊന്നു പോറി.. ഒരു വിങ്ങല്‍.. നീറ്റല്‍... എങ്കിലും സുഖമുണ്ട്...

    ReplyDelete
  35. കഥകള്‍ മറ്റൊരാളുടെ അനുഭവത്തില്‍ കൂടിയാകുമ്പോള്‍ ..ജീവിതം വരയ്ക്കല്‍ ആകുന്നു..ആശംസകള്‍

    ReplyDelete
  36. excellent... keep going.

    ReplyDelete
  37. നൂറു കണക്കിന് സ്ത്രീകള്‍ ഇങ്ങനെ വഞ്ചിക്കപെട്ടിട്ടുണ്ട്. ജീവിത തിരക്കുകള്‍ക്കിടയില്‍ നാം ഓരോര്‍ത്തരും ഇത്തരം വാര്‍ത്തകള്‍ കണ്ടില്ലന്നു നടിക്കുന്നു.അത് തന്നെയാണ് ഇത്തരം റാക്കറ്റു ശക്തി പ്രപിക്കുന്നതിനു മുഖ്യകാരണം. റോസ് നന്നായി എഴുതി. അഭിനന്ദനങ്ങള്‍ ...

    ReplyDelete
  38. ഹൃദയസ്പര്‍ശിയായിരുന്നു....

    കഥയില്‍ ഒരു ആയുര്‍വേദം കടന്നു വാന്നത് പെരുത്ത് ഇഷ്ടായീ.....:)

    ReplyDelete
  39. വളരെ ഹൃദയഹാരിയായി...ജീവിത സത്ത്യങ്ങള്‍ കൂട്ടിചേര്‍ത്തിരിക്കുന്നു...എല്ലാ ആശംസകളും...

    ReplyDelete
  40. കേട്ട്, വായിച്ച്, നമുക്കിതൊന്നും വന്നില്ലല്ലോ എന്ന് ആശ്വസിച്ച് പേപ്പര്‍ മറിക്കുമ്പോഴും ഒക്കെ മറക്കാന്‍ ശ്രമിക്കുമ്പോഴും പലതും ഇതുപോലെ കുറെ നാളുകള്‍ എങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കും. ഇപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളിലൂടെ ഇത്തരത്തില്‍ ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്നതുതന്നെ വലിയൊരു ആശ്വാസം.

    ReplyDelete
  41. മനസ്സിനെ വിഷമിപ്പിച്ചു..ഏറെ..

    മറ്റൊന്നും പറയാനില്ല..

    ReplyDelete
  42. വായിച്ചപ്പോള്‍എവിടെയോ ഒരു നൊമ്പരം. ഇപ്പോഴും ഇങ്ങനെയൊരുപാട് പേര്‍ ഇതില്‍ പെടുന്നുണ്ട്.

    ReplyDelete
  43. വായനക്ക് നന്ദി
    ജോസെലെട്ടു,ഷാജഹാന്‍,എച്ചുമു കുട്ടി
    റിനി ശബരി,വരുണ്‍,ഓക്കേ.കോട്ടക്കല്‍
    കൈതപ്പുഴ,വേണു ഗോപാല്‍
    സിവില്‍ എന്‍ജിനീയര്‍,ഇലഞ്ഞി പൂക്കള്‍
    പ്രദീപ്‌ പൈമ,ശിവകാമി,സിയഫ്‌,റാംജി
    ആര്‍ട്ട്‌ ഓഫ് വേവ്,അജിത്ത്,മൊഹിയുദ്ദീന്‍
    മുരളീ മുകുന്തന്‍,ഷാജു അത്താണിക്കല്‍
    സഹയാത്രികന്‍,വിഡ്ഢിമാന്‍,നിശാസുരഭി
    പ്രദീപ്‌ കുമാര്‍,ബാവ,ഗീതാ കുമാരി
    മണ്ടൂസന്‍,ശ്രീജിത്ത്‌,ദീപു നായര്‍
    സിറിയന്‍ വോയിസ്‌,അബ്സര്‍,സോണി
    വില്ലേജ്‌ മാന്‍,സുനി.

    ഇപ്പോള്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ കുറവാണെന്ന് വായനക്കാരില്‍ നിന്നും അറിഞ്ഞതില്‍ ആശ്വാസം.ദിവസവും പത്തും പതിനഞ്ചും"പണികാണും" എന്നാണു വാര്‍ത്താ ചാനലില്‍ കണ്ട മുഖം വ്യക്തമാക്കാത്ത ആ സ്ത്രീ പറഞ്ഞത്.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ അതവിടെ ഇട്ടു പോകണമായിരുന്നത്രേ. ചതിക്കുഴികള്‍ ഒരുക്കി ഇനിയും ഇവരെ കാത്തിരിക്കുന്ന ആളുകള്‍ ഇനിയും കാണും അല്ലെ..?അകപ്പെടാന്‍ പാവം സ്ത്രീകളും

    ReplyDelete
  44. ഗായത്രി വിഷമിപിച്ചല്ലോ ചേച്ചി.. ഇഷ്ടായിട്ടോ ഒരുപാട്

    ReplyDelete
  45. ഹൃദയത്തില്‍ തട്ടിയ കഥ, റിയാലിറ്റി ഉണ്ടോ എന്ന് സംശയിച്ചിരുന്നു. വളരെ നന്നായി പറഞ്ഞു.

    ReplyDelete
  46. റോസാപ്പൂക്കൾ, ഇതിനെ വെറുമൊരു കഥ എന്ന് വിളിയ്ക്കുവാൻ മനസാക്ഷിയുള്ളവർക്ക് സാധിയ്ക്കുമോ..? ജീവിതത്തിന്റെ ഇടുങ്ങിയ വഴിത്താരകളിൽ, സ്വയമറിയാതെ വഴി തെറ്റിപ്പോയ അനേകായിരങ്ങളുടെ ആത്മനൊമ്പരങ്ങളും,ജീവിതവും ഇവിടെ അക്ഷരങ്ങളായി ചിതറിക്കിടക്കുന്നു..വളരെയേറെ ഇഷ്ടമായി... എല്ലാം വായിയ്ക്കണം..ഇന്നാണ് ഇവിടെ എത്തുവാൻ സാധിച്ചത്. ഹൃദയസ്പർശിയായ അവതരണശൈലിയും, കൈയ്യടക്കവും പ്രത്യേകം അഭിനന്ദങ്ങൾ അർഹിയ്ക്കുന്നു..

    ReplyDelete
  47. ഇത്തരം എത്രയെത്ര ഞെട്ടിപ്പിക്കുന്ന കഥകളാണ് നിത്യജീവിതത്തില്‍ നാം കേള്‍ക്കുന്നത്. നന്നായി പറഞ്ഞു.

    ReplyDelete
  48. പെണ്ണന്ന നിലയില്‍ പറയാന്‍ വാക്കുകള്‍ ഇല്ല ചേച്ചി,,വായിച്ചു തീര്‍ന്നപ്പോള്‍ ഉള്ള മനസ്സിന്റെ നീറ്റല്‍ ഇപ്പോഴും ഉണ്ട് ,

    ReplyDelete
  49. ഇഷ്ടായിട്ടോ

    ReplyDelete
  50. പ്രതീക്ഷകളാണ് ഏതു സാഹചര്യങ്ങളിലും 'ജീവിതപ്പെട്ടു' പോകാന്‍ പ്രേരിപ്പിക്കുന്നത് എന്നോര്മിപ്പിക്കുന്ന നല്ല രചന.. ആശംസകള്‍.

    ReplyDelete
  51. നന്നായിട്ടുണ്ട് ...........ആശയ അവത രനത്ത്തില്‍ പുലര്‍ത്തുന്ന മികവ് പ്രശംസനീയം എന്റെ ബ്ലോഗ്‌ വായിക്കുക "cheathas4you-safalyam.blogspot.com " and "cheathas4you-soumyam.blogspot.com "

    ReplyDelete
  52. നെടുവീര്‍പ്പിട്ടു പോയി, ഇത് വായിച്ചപ്പോള്‍

    ReplyDelete
  53. ഒന്നും എഴുതാന്‍ കഴിയുന്നില്ലല്ലോ റോസെ... ..ഹൃദയസ്പർശിയായി എഴുതി...

    ReplyDelete
  54. hridayasparshi ayittundu...... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane.....

    ReplyDelete
  55. കഥാവതരണം നന്നായിട്ടുണ്ട്. പ്രത്യേകിച്ചും മാഡത്തിന്റെ ശൈലി. ഇത് കഥയല്ലല്ലോ... എന്നാലും പെട്ടെന്നുള്ള ഒരു ഫോണ്‍ വിളിയും തുറന്നു പറച്ചിലും , പെട്ടെന്ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് പോലെ. ആ ഭാഗം മാത്രം ഒന്ന് മുഴച്ചു നില്‍ക്കും പോലെ. നല്ല ഹൃദയ സ്പര്‍ശിയായ ഭാഷ.

    ReplyDelete
  56. അനുഭവത്തിന്റെ പ്രതലത്തിലേ ഹൃദയസ്പര്‍ശിയായ രചനകള്‍ പിറവിയെടുക്കൂ..സമാനസം ഭവങ്ങള്‍ കുറച്ച് കാലങ്ങള്‍ ക്ക് മുന്‍ പ് വരെ മരുഭൂമിയുടെ താപത്തില്‍ ആരും അറീയാതെ വറ്റിയമര്‍ ന്നിട്ടുണ്ട്..ഉള്ളിലൊരു വിങ്ങലോടെ മാത്രമേ ഏറെ പറഞ്ഞ് കേട്ടതും വായിച്ചതുമായ ഒരു വിഷയമാണെങ്കിലും റോസിലിയുടെ പദവിന്യാസങ്ങളിലൂടെ മടുപ്പില്ലാതെ വായിക്കാനായത്..അതു കഥാകാരിയുടെ എഴുത്തിന്റെ മികവ് തന്നെ..ആശംസകള്‍ !!

    ReplyDelete
  57. ഞെട്ടിയില്ല, പക്ഷെ വളരെ വേദനിപ്പിച്ചു,ഏതാണ്ടിതുപോലത്തെ കാഴ്ചകള്‍ പലപ്പോഴും മനസ്സിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്, പക്ഷെ നിസ്സഹായത ഒരു തരത്തില്‍ ഏറ്റവും വലിയൊരു ദുഖമാണ് !

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍