7.1.11

കാണാപ്പുറങ്ങള്‍

ഒക്കാനത്തിനിടെ പുറം തടവിക്കൊടുക്കുന്ന സൂരജിനോട് സ്മിത തളര്ന്ന സ്വരത്തില്‍ പറഞ്ഞു.
”തീരെ വയ്യ സൂരജ്‌. തല കറങ്ങുന്നുമുണ്ട്. ഇന്ന് ലീവെടുക്കാമോ.?”
“പറ്റില്ല മോളെ..നിനക്കറിയില്ലേ..എന്റെ ജോലിയെപ്പറ്റി. ഈ ഒരു വര്ഷം പ്രൊബേഷനറി പീരീഡ്‌ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ..?..ലീവും ചോദിച്ചു എങ്ങനെ ആ ബോസ്സിനടുത്തു ചെല്ലും...? അയാള്ക്ക് ഓരോ നേരത്തും ഓരോ മൂഡാണ്.
സ്മിതയെ താങ്ങിപ്പിടിച്ചു കട്ടിലില്‍ കൊണ്ടു കിടത്തുന്നതിനിടയില്‍ സൂരജ്‌ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ പരിഭവത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ അയാള്‍ ആശ്വാസ വാക്കുകള്‍ പറഞ്ഞു
”നോക്കട്ടെ ഒരു ജോലിക്കാരിയെ കിട്ടുമോ എന്ന്‍. സത്യത്തില്‍ നീയിങ്ങനെ ക്ഷീണിച്ചു കിടക്കുന്നത് കാണുമ്പോള്‍ എനിക്ക് ജോലിക്ക് പോകുവാന്‍ കൂടെ തോന്നുന്നില്ല.”

സ്മിത, വീണ്ടും ചര്ദ്ദിക്കുമോ എന്ന് സന്ദേഹിച്ച് കട്ടിലില്‍ തളര്ന്നു കിടന്നു. ഒന്നും കഴിക്കുവാന്‍ തോന്നുന്നില്ല. വായ്ക്കുള്ളിലാകെ കൈപ്പുരസം സഞ്ചാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം സൂരജ്‌ വാങ്ങിക്കൊണ്ടു വന്ന ഫ്രൂട്ട്സ് മേശമേല്‍ അത് പടി ഇരിക്കുന്നു. അത് കാണുമ്പോള്‍ തന്നെ മനം പിരട്ടുകയാണ്..സൂരജ്‌ പറഞ്ഞ പോലെ എടുത്തു ചാട്ടമാണോ താന്‍ ചെയ്തത്....? ഈയിടെയായി ആ തോന്നല്‍ ശക്തമാകുന്നത് പോലെ. ചേച്ചി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും എത്ര ആഹ്ലാദത്തോടെയാണ് ചേച്ചിയെ കാണുവാന്‍ പോയത്‌. താന്‍ ഗര്ഭിണിയാണെന്നറിയുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കും...? എല്ലാ പ്രേമ വിവാഹങ്ങളിലെയും അകല്ച്ച ഒരു കുഞ്ഞുണ്ടാകുന്നത് വരെ ഉള്ളു എന്ന് പറയുന്നത് തന്റെ ജീവിതത്തിലും ശരിയാകുമോ..?
സൂരജ്‌ കുളി കഴിഞ്ഞു വന്നു പെട്ടെന്ന് തന്നെ തയ്യാറാകുന്നത് നോക്കി അവള്‍ കിടന്നു.എഴുന്നേല്ക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ അയാള്‍ തടഞ്ഞു. പോകുമ്പോള്‍ വാതിലടക്കാന്‍ എഴുന്നേറ്റാല്‍ മതിയെന്ന് പറഞ്ഞു അവളെ വിലക്കി.
“സ്മിതേ... വന്നു വാതിലടച്ചേക്ക്”
എന്ന് കാര്പോര്ച്ചില്‍ നിന്നും സൂരജിന്റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ സാവധാനം എഴുന്നേറ്റു ചെന്നു. ബൈക്ക് സ്റ്റാര്ട്ടാക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
“ഇന്ന് തന്നെ മറക്കാതെ ജോലിക്കാരിയെ അന്വേഷിക്കാം. നീ പോയി കിടന്നോ.വൈകിട്ട് നമുക്ക് ചെക്കപ്പിന് പോകാനുള്ളതാ. ഒരുങ്ങി ഇരുന്നേക്കണം.”
സ്മിത അത് കേട്ട് സാവധാനം തലയാട്ടി. അയാളുടെ ബൈക്ക് ഗേറ്റ് കടന്നു പോയപ്പോള്‍ അവള്‍ വാതിലടച്ചു വീണ്ടും വന്നു കിടന്നു.
തിരക്കേറിയ നഗര വീഥിയിലൂടെ ബൈക്ക് നീങ്ങുമ്പോള്‍ സൂരജ്‌ സ്മിതയെക്കുറിച്ചായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്. എന്തൊരു വിഡ്ഢിത്തരമാണ് ശരിക്കവള്‍ കാണിച്ചത്‌. പെട്ടൊരു ദിവസം ബാഗുമായി വന്നു തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുക!!!!! സാവകാശം ചെയ്യേണ്ട കാര്യമാണ് എന്നൊക്കെ പറഞ്ഞ് അവളെ വീട്ടിലേക്ക് തിരികെ കൊണ്ടാക്കുവാന്‍ തുനിഞ്ഞപ്പോള്‍
“വീട്ടിലേക്കു തിരികെ പോകേണ്ടി വന്നാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും” എന്ന അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ പിന്നെ അയാള്ക്ക് ‌ വേറൊന്നുമാലോചിക്കാനായില്ല.

ഒരു വര്ഷത്തിനു മുന്പു ഫീല്ഡു വര്ക്കിനിടയില്‍ തികച്ചു യാദൃശ്ചികമായി പരിചയപ്പെട്ട പെണ്കുട്ടി. അവള്‍ വീടിനെക്കുറിച്ചും അച്ഛനമ്മമാരെ കുറിച്ചും വാതോരാതെ സംസാരിച്ചപ്പോള്‍ അയാളും അറിയാതെ അവള്ക്കൊപ്പം എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഒടുവില്‍ നിന്നെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു.
ഒരിക്കല്‍ സ്മിതയുടെ കൂടെ കോഫീ ഹൌസില്‍ നിന്നിറങ്ങുന്നത് കണ്ട ബോസ്സ് പിറ്റേന്നു കണ്ടപ്പോഴേ ചോദിച്ചു.
”നീ പെണ്കുട്ടികളെ വളയ്ക്കാന്‍ നടക്കുന്നോ, അതോ ഏല്പ്പിച്ചിരിക്കുന്ന ജോലി ചെയ്യാന്‍ നോക്കുന്നോ..?
അയാള്‍ ഒന്നും മിണ്ടാതെ നിന്നപ്പോള്‍ പിന്നില്‍ നിന്നും സഹീര്‍ പിറുപിറുക്കുന്നത് കേള്ക്കാമായിരുന്നു.
“ഉം...ഞങ്ങളില്ലെങ്കില്‍ അറിയാം. എപ്പോഴേ ഈ കമ്പനി പൂട്ടി പോയേനെ..എന്നിട്ട് ശ്വാസം വിടണമെങ്കില്‍ ഇയാളുടെ അനുവാദം ചോദിക്കുകയും വേണം” .
സൂരജ്‌ ഒന്നും മിണ്ടാതെ അന്നത്തെ ഡ്യൂട്ടിയുള്ള ഏരിയ ഏതെന്നു ചോദിച്ചു പെട്ടെന്നു സ്ഥലം വിട്ടു. അല്ലെങ്കില്‍ സ്മ്തിയെക്കുറിച്ചുള്ള കൂടുതല്‍‍ വിവരങ്ങള്‍ പറയേണ്ടി വരും.
പെട്ടൊരു ദിവസം വിവാഹിതനായി എന്നറിഞ്ഞപ്പോള്‍ ബോസ്സ് ഇത്ര മാത്രം പറഞ്ഞു.
“ഇപ്പോള്‍ കമ്പനി ലാഭത്തില്‍ പോകുന്നത് കൊണ്ടു കൊള്ളാം. ഇടക്ക് കമ്പനിക്ക് വരുമാനം കുറഞ്ഞാലും സ്വയം പിടിച്ചു നിന്നേക്കണം. അപ്പോള്‍ പരാതി പറയാന്‍ ആരും ഇങ്ങു വന്നേക്കരുത്. കമ്പനിയുടെ വരുമാനമാനുസരിച്ചേ ശമ്പളമുള്ളു എന്ന കാര്യം നിങ്ങള്ക്ക് അറിവുള്ളതാണല്ലോ..?”
അപ്പോഴും അയാളൊന്നും മിണ്ടിയില്ല. കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ആ കമ്പനിയില്‍ അധിക കാലം തുടര്ന്നു പോകുവാന്‍ അയാള്ക്ക് താല്പര്യമില്ലായിരുന്നു. പുതിയതൊന്നു കണ്ടു പിടിക്കണം. അത് വരെ ഒന്നും മിണ്ടാതിരിക്കുകയാണ് നല്ലത്.
സ്മിത അവളുടെ വീട്ടുകാര്‍ വിവാഹത്തിനു വേണ്ടി വാങ്ങിയ ആഭരണങ്ങളുമായാണ് വീടുപേക്ഷിച്ച് വന്നത്. വീട് വാടകക്കെടുക്കുവാനും അത്യാവശ്യം വീട്ടു സാധനങ്ങള്‍ വാങ്ങുവാനും അതില്‍ നിന്നും കുറച്ചെടുത്ത് വില്ക്കേണ്ടി വന്നു.
“ലോക്കറില്‍ വെച്ചേക്കാം”എന്ന് പറഞ്ഞു വാങ്ങുമ്പോള്‍
”അത് നല്ലതാ..സൂരജ് ജോലിക്ക് പോകുമ്പോള്‍ ഞാനിവിടെ തന്നെയല്ലേ ഉള്ളു.വല്ല കള്ളന്മാരും കൊണ്ടു പോയാലോ”
എന്ന് പറഞ്ഞു അവള്‍ ആഭരണങ്ങള്‍ എടുത്തു തരുമ്പോള്‍ അയാള്ക്ക് കുറ്റബോധം കൊണ്ട് അവളുടെ മുഖത്ത് നോക്കാനായില്ല . പിന്നെ സ്വയം ആശ്വസിച്ചു. സാരമില്ല വേറെ മാര്ഗമില്ലഞ്ഞിട്ടല്ലേ. നല്ലൊരു ജോലി കിട്ടുമ്പോള്‍ മാറാവുന്നതെ ഉള്ളു ഈ പ്രയാസങ്ങളെല്ലാം. ഇന്നെന്തായാലും ഒരു സന്തോഷം തോന്നുന്നു. ഈ കമ്പനിയിലെ തന്റെ അവസാനത്തെ ജോലി ദിവസമാണ്. .

ബൈക്ക് പോര്ച്ചില്‍ വെച്ചു ബോസ്സിനടുത്തു ചെന്ന് അന്നത്തെ ഏരിയ ആരായുമ്പോള്‍ മേശ വലിപ്പില്‍ നിന്നും കീ എടുത്തു കൊടുത്തു കൊണ്ടയാള്‍ പറഞ്ഞു .
“ഇന്ന് റഫീക്കിനെ കൂടെ കൊണ്ടു പൊയ്ക്കോ. നിന്നെക്കൊണ്ടു തനിയെ ആവില്ല. കാറുമെടുത്തോളൂ..വണ്ടി റഫീക്ക്‌ ഓടിച്ചോളും . ഏരിയ അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്.”
സ്റ്റേഡിയം റോഡിലെ ബ്ലോക്കില്‍ കുറച്ചു സമയം കാത്തു കിടക്കുമ്പോള്‍ പിരിഞ്ഞു പോകുന്നു എന്നറിമ്പോഴുള്ള ബോസ്സിന്റെ പ്രതികരണം മനസ്സില്‍ കാണുവാന്‍ ശ്രമിച്ചു.ആദ്യമായി ഇവിടെ ജോലിക്കു വന്നപ്പോഴുള്ള അതേ സംഘര്ഷം അനുഭവപ്പെടുന്നപോലെ.
“നീ എന്താ ആലോചിക്കുന്നത്.സൂരജ്‌...?” എന്ന റഫീക്കിന്റെ ശബ്ദമാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തിയത്‌.
“ഒന്നുമില്ല..”എന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും തന്റെ മുഖഭാവം കണ്ടു അവന്‍ വീണ്ടും എന്തെങ്കിലും ചോദിക്കും എന്നാണു തോന്നിയത്‌ .
“ഈ ബോസ്സിന്റെ ഒരു കാര്യം.അയാള്‍ എന്ത് തീരുമാനിച്ചോ അതുപോലെ തന്നെ നടപ്പിലാക്കണം. കഴിഞ്ഞ ദിവസം ഞാന്‍ ഏരിയ മാറി ജോലി ചെയ്തു എന്നറിഞ്ഞപ്പോള്‍ എന്നോടു അയാള്‍ എത്ര ദേഷ്യപ്പെട്ടെന്നോ..? ജോലി ചെയ്യുന്നത് നമ്മളല്ലേ. അപ്പോള്‍ കുറച്ചെങ്കിലും നമ്മുടെ ഇഷ്ടത്തിനു വിട്ടു തരണ്ടേ..?. ഇതുപോലെ ജോലിക്കാര്ക്ക് സ്വാതത്ര്യം തരാത്ത ഒരു കമ്പനി.. പല പ്രാവശ്യം ആലോചിചിട്ടുള്ളതാണ് വിട്ടു പോകണമെന്ന്.” റഫീക്ക്‌ അമര്ഷത്തോടെ പറഞ്ഞു
സൂരജ്‌ ഒരു നിമിഷം റഫീക്കിനെ നോക്കി എന്നിട്ട് പറഞ്ഞു.
“റഫീക്ക്‌ ഇന്ന് ഞാന്‍ ഈ കമ്പനിയിലെ ജോലി വിട്ട് പോവുകയാണ്. ഇന്ന് മുപ്പതാം തീയതിയല്ലേ. ഈ മാസത്തെ ശമ്പളം വാങ്ങി എനിക്ക് പോയേ പറ്റൂ.”
റഫീക്ക്‌ അമ്പപ്പോടെ അയാളെ നോക്കി.
“നീ...നീ പോവുകയാണോ സൂരജ്‌....? ബോസ്സ് സമ്മതിക്കുമോ..?” ഞാനൊരു പ്രാവശ്യം ഇതുപോലെ പോകാനൊരുങ്ങിയിട്ടുള്ളതാ. അന്നയാള്‍ വേറൊരാളെ ട്രെനിയിംഗ് ചെയ്യിപ്പിച്ചെടുക്കുവാനുള്ള പ്രയാസങ്ങള്‍ പറഞ്ഞു എന്റെ കാല് പിടിച്ചു കളഞ്ഞു. ശമ്പളവും കൂട്ടിത്തന്നു.”.
“ഞാനും ഇതിനു മുന്പ് ഒരു പ്രാവശ്യം പോകാനോരുങ്ങിയിട്ടുണ്ട്,പക്ഷെ ബോസ്സ് സമ്മതിക്കേണ്ടേ..പക്ഷെ ഇനിയും എനിക്ക് പോകാതെ വയ്യ. സ്മിതയാണെങ്കില്‍ ഇപ്പോള്‍ ഗര്ഭിണിയും. ഞങ്ങള്ക്ക് മര്യാദക്കൊന്നു ജീവിക്കേണ്ടേ....?എത്ര നല്ല നിലയില്‍ കഴിഞ്ഞിരുന്ന കുട്ടിയാണെന്നോ അവള്‍. എന്റെ കൂടെ പോന്നു എന്ന കുറ്റം കൊണ്ട് അവളെ കഷ്ടപ്പെടുത്തുവാനെനിക്ക് വയ്യ..”
ബ്ലോക്ക് നീങ്ങി കാര്‍ വീണ്ടും ഓടി തുടങ്ങിയിരുന്നു.
“പോകുന്ന വഴി ഡോ.ലേഖയുടെ ഹോസ്പിറ്റലിന്റെ അടുത്തൊന്നു നിര്ത്തണം. ഇന്ന് സ്മിതയ്ക്ക് ചെക്കപ്പുള്ള ദിവസമാണ്.”
ആശുപത്രയില്‍ വൈകുന്നേരത്തെ ചെക്കപ്പിന് പേര് ബുക്ക് ചെയ്യുമ്പോള്‍ റിസ്പ്ഷനിസ്റ്റു പറഞ്ഞു
“ഒരു ഏഴരയാകുമ്പോള്‍ വന്നാല്‍ മതി. ഇന്നു ധാരാളം പേഷ്യന്സുണ്ട്. ഇന്ന് സര്ജറിയുള്ളതു കാരണം ഡോക്ടര്ക്ക് രാവിലെ ഓ.പി.ഇല്ല. അതാ വൈകിട്ട് ഇത്ര തിരക്ക്.”
“അതുമതി എനിക്ക് അപ്പോഴേ ജോലികഴിഞ്ഞു അവളെ കൂട്ടി വരാനാകൂ.”
ധൃതിയില്‍ തിരിച്ചു നടക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.”

കാര്‍ സ്റ്റേഡിയം റോഡു പിന്നിട്ടുള്ള ഇടവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. എസ്സ്.റ്റി.ഡി. ബൂത്ത് കഴിഞ്ഞുള്ള വളവു കഴിഞ്ഞപ്പോള്‍ റഫീക്ക്‌ കാര്‍ സ്ലോ ചെയ്തു. “പ്രത്രീക്ഷാ ഭവന്‍” എന്നെഴുതിയ വീടിനു മുന്നില്‍ നിറുത്തി. കാറില് നിന്നിറങ്ങി പരിസരം വീക്ഷിച്ചുകൊണ്ട് താഴു മിനിട്ടുകള്ക്കുള്ളില്‍ നീക്കി സൂരജ്‌ ഗെയിറ്റ് തുറന്നിട്ടു.
“പിന്‍ വാതിലിനു തീരെ ബലമില്ല എന്നാണു ബോസ്സ് പറഞ്ഞത്. ഇത്രയ്ക്കു വിഡ്ഢികളായ മനുഷ്യരുണ്ടാകുമോ..?”. വലിയ ബംഗ്ലാവ് പണിതിട്ട് തീരെ ബലം കുറഞ്ഞ പിന്‍ വാതില്‍ വെക്കുക്ക..?” കാറ് പോര്ച്ചില്‍ പാര്ക്ക് ചെയ്തു തുറന്നിറങ്ങുന്നതിനിടയില്‍ റഫീക്ക്‌ പറഞ്ഞു.
“ഭാര്യയും ഭര്ത്താവും ജോലിക്ക് പോയാല്‍ വൈകിട്ടേ വരൂ അയല്ക്കാരും അങ്ങനെ തന്നെ ഒട്ടു പേടിക്കാനില്ല” പിന്വാ്തില്‍ ശബ്ദമുണ്ടാകാതെ തകര്ക്കുന്നതിനിടയില്‍ റഫീക്ക്‌ പറഞ്ഞു കൊണ്ടിരുന്നു.
സൂരജ്‌ ജോലിയിലുടനീളം മൌനിയായിരുന്നു. ഇന്നത്തെ ദിവസം എത്രയും പെട്ടെന്ന്‍ ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍... ഒരു ചിലന്തി ഇരയെ വലയില്‍ കുടുക്കിയപോലെ ഇത്രയും നാള്‍ ബോസിന്റെ അനുവര്ത്തിയായി ജീവിക്കേണ്ടി വന്നു. ഈ വലക്കണ്ണിയുടെ കെട്ടുപാടില്ലാത്ത പുതിയ ജീവിതം അയാളെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടിരുന്നു. അതെ വലയില്‍ കുടുക്കിയ ചിലന്തി കാലുകള്‍ കൊണ്ടു തന്നെ വരിഞ്ഞു മുറുക്കുന്നതിനു മുന്പ് രക്ഷപെടണം . ഇത്രയും നാളത്തെ തന്റെ ജീവിതം ഒരു പഴംകഥപോലെ മറന്നു കളയണം. സ്മിതയോടെല്ലാം തുറന്നു പറയുമ്പോള്‍.എന്തായിരിക്കും അവളുടെ പ്രതികരണം.”ചതിയന്‍” എന്ന് കരഞ്ഞു കൊണ്ടു വിളിച്ചു ശപിക്കുമോ...?.
എങ്ങനെ അവളെ സ്വാന്ത്വനിപ്പിക്കും എന്ന ഒരു എത്തും പിടിയും കിട്ടാത്തതുപോലെ. അയാള്ക്ക് ‌ ശരീരമാകെ തളരുന്നത് പോലെ തോന്നി. സ്മിതയോടൊപ്പം ജീവിച്ചു തുടങ്ങിയ നാളുകളില്‍ പോലും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യണ്ടി വരും എന്നാലോചിച്ചിട്ടില്ല,.
"നീ ഇത് എന്താലോചിച്ചു നില്ക്കുകയാ..?വേഗമാകട്ടെ .." റഫീക്കിന്റെ ശബ്ദം കേട്ട് അയാള്‍ പെട്ടെന്നു പ്രവര്ത്തന നിരതനായി.

എത്ര പെട്ടെന്നാണ് അവര്‍ ജോലി പൂര്ത്തി യാക്കിയത്‌. വര്ഷ്ങ്ങളുടെ ജോലി പരിചയം അവരെ അതില്‍ അത്രക്ക് പ്രാവീണ്യം ഉള്ളവരാക്കിയിരിക്കുന്നു. സ്വര്ണ്ണവും പൈസയുമെല്ലാം പൂട്ടിവെക്കാത്ത കുടുംബാഗങ്ങളോട് സൂരജ്‌ മനസ്സില്‍ നന്ദി പറഞ്ഞു. ഇലക്ടോണിക്ക് സാധനങ്ങള്‍ റഫീക്ക്‌ ആദ്യം തന്നെ കാറിന്റെ പിന്സീറ്റില്‍ കൊണ്ടു വെച്ചിരുന്നു. വിചാരിച്ചതില്‍ പെട്ടെന്ന് ജോലി തീര്ത്ത്തിന്റെ ആശ്വാസത്തില്‍ മുകള്‍ നിലയിലെ മുറികള്‍ ഒന്നു കൂടി പരിശോധിക്കുകയായിരുന്നു അവര്‍. തെളിവുകള്‍ അവശേഷിപ്പിക്കാതെ ജോലി ചെയ്യുന്നതിലാണ് ഒരാളുടെ മിടുക്ക്. എത്ര കിട്ടി എന്നതിലല്ല. എന്ന ബോസ്സിന്റെ ഉപദേശം എല്ലാ ദിവസത്തെ ജോലിയും തീര്ക്കു മ്പോള്‍ അവര്‍ മറക്കാറില്ല.

പെട്ടെന്നാണ് താഴെ എന്തോ ശബ്ദം കേള്ക്കുന്നപോലെ തോന്നിയത്‌..വീടിനു മുന്നില്‍ ഏതോ വാഹനത്തിന്റെ ശബ്ദം. ജോലി നിര്ത്തി ജനാലയിലൂടെ പരിഭ്രമത്തോടെ നോക്കുമ്പോള്‍ സൂരജ് ആ കാഴ്ച കണ്ടു. ഇനിയും എന്ജിന്‍ ഓഫാക്കിയിട്ടില്ലാത്ത പോലീസ് ജീപ്പിനുള്ളില്‍ നിന്നും ധൃതിയില്‍ ഇറങ്ങുന്ന കാക്കിധാരികള്‍. ഒരു നിമിഷം കൊണ്ട് നാവും തൊണ്ടയും മരുഭൂമിയിലെത്തിയ യാത്രികനെപ്പോലെ വരണ്ടുണങ്ങുന്നതറിഞ്ഞു. ഞെട്ടലോടെ റഫീക്കിനെ നോക്കുമ്പോള്‍,അടുത്ത നിമിഷം അവന്‍ താഴേക്കോടുന്നതാണു കണ്ടത്‌. താഴെ റഫീക്കിനെ പിടികൂടുന്ന ശബ്ദങ്ങള്ക്ക് പിന്നാലെ മുകളിലേക്ക് ഓടിയടുക്കുന്ന കാലടികളെ കേള്ക്കുവാന്‍ സാധിക്കാതെ ബധിരനായിപ്പോയെങ്കില്‍ എന്നയാള്‍ ആശിച്ചു ചെവികള്‍ പൊത്തി....

വൈകുന്നേരം.ഡോ.ലേഖയുടെ പരിശോധനാ മുറിക്കു മുന്നില്‍ പേര് വിളിച്ചു കൊണ്ടിരുന്ന നേഴ്സ് അടുത്ത പേഷ്യന്റിന്റെ പേര് വിളിച്ചു.
“സ്മിതാ സൂരജ്‌”.
ഒരു നിമിഷം ചാരുബെഞ്ചിലിരിക്കുന്ന മുഖങ്ങളിലൂടെ കണ്ണോടിച്ച ശേഷം അവള്‍ വീണ്ടും ഒന്ന് കൂടെ ആ പേര്‍ ആവര്ത്തി ച്ചു.
“സ്മിതാ സൂരജ്‌”
“എത്തിയില്ലെന്ന് തോന്നുന്നു” എന്ന് പതുക്കെ ഉരുവിട്ട ശേഷം അടുത്ത ഫയല്‍ എടുത്ത്‌ പേര് വിളിച്ചു.
സൌമ്യാ ശ്രീജിത്ത്‌”
ഒരാള്ക്ക് ‌ മുന്പേ ഡോക്ടറെ കാണാനായതിന്റെ ആശ്വാസത്തില്‍ സൌമ്യാ ശ്രീജിത്ത്‌ വലിയ വയറും താങ്ങി ഡോക്ടറുടെ മുറിയിലേക്ക് കയറിപ്പോയി.

32 comments:

 1. എന്തൂട്ടാ പറയ്യാ..
  ന്ന് വെച്ചാ, ഗര്‍ഭിണിക്ക് വല്ലോം പറ്റുമോന്ന് ആകാംഷയില്‍ വായിച്ച് വന്ന് ആകെ തകിടം മറിച്ചു കഥയുടെ അവസാനം.

  ആ സസ്പെന്‍സ് മനസ്സിലാവാന്‍ പാതിക്ക് വെച്ച് ഒന്നൂടെ വായിക്കേണ്ടി വന്നു. ഏരിയ, ഫീല്‍ഡ് വര്‍ക്ക്... നന്നായി തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചു.

  ജീവിതത്തിന്റെ ഒരു ‘ബെല്‍ കെര്‍വ് ’ വരച്ചിരിക്കുന്നു.. ഇഷ്ടപ്പെട്ടു.

  പിടിക്കപ്പെടുന്നത് ഏത് നിമിഷത്തിലാണെന്ന് ഓര്‍ക്കണം!


  (ഓ.ടോ : സ്മിത, വീണ്ടും ചര്‍ദ്ദിക്കുമോ എന്ന് സന്ദേഹിച്ച് കട്ടിലില്‍ തളര്‍ന്നു കിടന്നു. - ഒരു കോമ ആവാം)

  ReplyDelete
 2. ഇതും ഇപ്പോള്‍ മാന്യമായ ഒരു ജോലി ആയിത്തീര്‍ന്നിരിക്കുന്നു. പണം പെട്ടെന്നു ഉണ്ടാക്കാന്‍ പറ്റുന്ന ജോലി കേമം. ജോലിയുടെ മാന്യത പണത്തിന്റെ പെരുമ അനുസരിച്ച് മറ്റുള്ളവര്‍ ധരിച്ചോളും എന്ന ധാരണ പിടിക്കപ്പെടുന്നത് വരെ മാത്രം. ഇത്രയും നല്ല ഒരു മനസോ അയാള്‍ക്ക് എന്ന് ഞാന്‍ സംശയിച്ചുപോയി.
  നല്ലൊരു സന്തോഷമായ സ്നേഹജീവിത്ത്തിലൂടെ ഒഴുകിവന്ന കഥ നല്ല മുഖത്തിന്റെ ജീര്‍ണ്ണത കഥയുടെ അവസാനത്തിലൂടെ നന്നാക്കി.
  ആശംസകള്‍.

  ReplyDelete
 3. ജോലിയുടേയും പ്രണയത്തിന്റേയും ജീർണ്ണതകൾ വേറിട്ടയൊരുരീതിയിലൂടെ അവതരിപ്പിച്ച് പുത്തൻ ഒളിചോട്ടക്കാർക്ക് നല്ലോരു സന്ദേശവും കാഴ്ച്ചവെച്ചിരിക്കുന്ന ഒരു നല്ല കാണാപ്പുറം തന്നെയിത്...!
  ഒപ്പം എല്ലാവിധ പുതുവത്സരാശംസകളൂം ഈ റോസാപ്പൂക്കൾക്ക് നേർന്നുകൊള്ളുന്നു

  ReplyDelete
 4. വ്യത്യസ്തവും മനോഹരവുമായ കഥ, അവസാനത്തെ ഫീൽഡ് വർക്കിൽ പരാജയപ്പെട്ടു പോയല്ലോ അയാൾ, മാനം മര്യാദയായിട്ട് പിരിയാനും സമ്മതിക്കില്ല അല്ലേ? അഭിനന്ദനം!

  ReplyDelete
 5. പ്രണയത്തില്‍ നിന്നും തുടങ്ങി കഥയെ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചതിന്‌ എന്റെ അഭിനന്ദനങ്ങള്‍. ആദ്യത്തെ വായനയില്‍ "ഫില്‍ഡു വര്‍ക്ക്" എന്താണെന്ന് പിടികിട്ടിയില്ല. രണ്ടാമതും വായിച്ചപ്പോഴാണ്‌ സംഗതി ക്ലിയറായത്. ഗംഭീര ട്വിസ്റ്റ്!

  ReplyDelete
 6. വ്യത്യസ്തം മനോഹരം.

  ReplyDelete
 7. ആദ്യ ഭാഗം നന്നായി ഇഷ്ടപ്പെട്ടു

  ReplyDelete
 8. ആവര്‍ത്തിച്ചു വായിക്കേണ്ടി അന്ന്, ഇതുപോലുള്ള കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു

  ReplyDelete
 9. വീടുകരെ ധികരിച്ചു ഇങ്ങനെ കാമുകന്റെ കൂടെ ഓടുന്നവര്‍ക്കിതൊരു പാഠം ആകട്ടെ, ചെക്കന്റെ വര്‍ക്ക്‌ എങ്കിലും അന്വേഷ്ച്ചാല്‍ നന്ന്, സ്മിതയുടെ കാര്യം ആലോചിച്ചു നിക്ക പൊറുതി ഇല്ല

  ReplyDelete
 10. ഈ പെണ്ണുങ്ങള്‍ എല്ലാം ഒരു കണക്കിനു മണ്ടികളാ.. ആരാ എന്താ എന്നറിയാതെ അങ്ങ് കയറി പ്രേമിക്കും .. പിന്നെ പ്രേമം മൂത്ത് ആത്മഹത്യ ഭീഷണിയും ..

  വിത്യസ്തമായ രീതിയില്‍ ഒരു കള്ളന്‍റെ കഥ പറയുമ്പോ കര്‍ത്താവാണേ ഞാന്‍ കരുതിയില്ല അവന്‍ കള്ളനാണെന്ന്... ശമ്പളം കുറവായതുകൊണ്ടാവും ജോലി ഒഴിവാക്കുന്നത് എന്നൊക്കെ മനസ്സില്‍ കണക്ക് കൂട്ടി കഥ വായിച്ചു വന്നപ്പോള്‍ അന്ധാളിപ്പ് ...ശ്ശോ കഥയെങ്ങാനും മാറുപ്പോയോ എനിക്ക് എന്ന്... അത്ര മനൊഹരമായിട്ടാ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പറഞ്ഞ് പോയത് എവിടെയാണ് കൂട്ടിയോജിപ്പിച്ചതെന്ന് മനസ്സിലായതേ ഇല്ല.... മനോഹരം....

  ReplyDelete
 11. റോസ്, സത്യം പറഞ്ഞാല്‍ വല്ലാത്ത അത്ഭുതമായിരുന്നു. കഥ പകുതി വരെ എന്താ റോസിന്റെ കഥകളുടെ യാതൊരു ടച്ചുമില്ലാത്ത ഒരു സിമ്പിള്‍ പ്രമേയമാണല്ലോ എന്ന് കരുതി ഒഴുക്കന്‍ വായനയായിരുന്നു. പക്ഷെ പെട്ടന്നുണ്ടായ ആ ട്വിസ്റ്റ്. അത് ഗംഭീരം. പക്ഷെ അവസാനത്തെ ആ ഡോക്ടറുടെ മുറിക്ക് മുന്‍പിലെ സീന്‍ അത്ര തൃപ്തിയായില്ല. അതുപോലെ ആ ട്വിസ്റ്റ് അല്പം കൂടെ കഴിഞ്ഞ് അവസാനത്തേക്കാക്കിയിരുന്നെങ്കില്‍ കഥ അല്പം കൂടെ മനോഹരമാകില്ലേ എന്ന് തോന്നി. എന്ത് തോന്നുന്നു?

  ReplyDelete
 12. കഥയില്‍ ചോദ്യം ഇല്ലാത്തതു കൊണ്ട് ഒന്ന് ചോദിക്കുന്നില്ല

  ReplyDelete
 13. വായനക്ക് നന്ദി,
  നിശാസുരഭി,രാംജി,മുരളീ മുകുന്ദന്‍,വായാടി,ഹഫീസ്‌,അനീസ,ശ്രീനാഥന്‍,കാര്‍‍ന്നോര്,ഹംസ,മനോരാജ്,പഞ്ചാരക്കുട്ടന്‍.
  ഇത് മോശം കഥയെന്നു വിചാരിച്ച് ആദ്യം പോസ്റ്റുചെയ്യുവാന്‍ ഞാന്‍ ഒന്ന് മടിച്ചതാണ് .
  കഥയിലെ കാമുകി കാമുകനെ കണ്ടിട്ടെങ്കിലും ഉണ്ടായിരുന്നല്ലോ.നെറ്റിലൂടെയും ഫോണിലൂടെയും പരിചയപ്പെടുന്നവരോടോപ്പം ഒളിച്ചോടുന്ന ഒരു തലമുറ ഇവിടെ ഉണ്ട്.ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ബുദ്ധിമതികളാണ് എന്നൊക്കെ പറയാമെങ്കിലും.ചിലര്‍ വളരെ സഹാതാപം അര്‍ഹിക്കുന്നവരാണ്

  പഞ്ചാരകുട്ടാ, കഥയില്‍ ചോദ്യമില്ലെങ്കിലും ബ്ലോഗറോട് ചോദിക്കാം.

  ReplyDelete
 14. സാധാരണതകളിലെ അസാധാരണതകൾ ആണല്ലോ പുതുമ സൃഷ്ടിക്കുന്നത്.

  മോഷണം നടത്തുന്ന കമ്പനിയിലെ ജോലിക്കാരന്റെ പ്രണയവീവാഹം,

  അവരുടെ ദുരിതങ്ങൾ.

  നിസ്സഹായത

  ജീവിതത്തിന്റെ പൊയ്മുഖങ്ങളുടെ വിഹ്വലതകൾ കഥയിലുണ്ട്.

  സ്മിതയുടെ ജീവിതത്തിന്റെ ദുരിതങ്ങൾ തുടങ്ങുന്നല്ലേ ഉള്ളൂ.
  ഒന്നു മുറുക്കാമായിരുന്നു.

  ReplyDelete
 15. അഹാ ...നന്നായി റോസാപൂവേ ..ഒഴുക്കുള്ള കഥ..

  ReplyDelete
 16. നല്ല ട്വിസ്റ്റ്‌...സത്യത്തില്‍ പല സ്ഥാപനങ്ങളിലും പരോക്ഷമായിട്ടാനെങ്കിലും
  നടക്കുന്നത് ഇത് തന്നെയല്ലേ,,,,കള്ളന്‍ എന്ന് വിളിക്കാന്‍ വരട്ടെ ..let's call them trained parasites...
  -- congrats
  joe

  ReplyDelete
 17. നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ.
  ബൾബ്‌ കത്താൻ കുറച്ച താമസിച്ചു. ഒന്നു കൂടി വായിച്ചാലോ എന്നു തോന്നി പോയി!. ഫീൽഡ്‌ വർക്ക്‌ കൊള്ളാം. കഥയുടെ പേര്‌ 'ഫീൽഡ്‌ വർക്ക്‌' എന്നാക്കിയാൽ കൊള്ളാം. 'കാണാപ്പുറങ്ങൾ' എന്ന് പേരു കണ്ടപ്പോൾ തന്നെ കഥയിൽ ഒരു twist പ്രതീക്ഷിച്ചു..

  ReplyDelete
 18. അഭിനന്ദനങ്ങള്‍ റോസാപ്പൂക്കള്‍ ... ആരും പ്രതീക്ഷിക്കാത്ത ഒരു ഗതിമാറ്റം തന്നെയായിപ്പോയി കഥയ്ക്ക്‌... ഇനിയും വരാം ...

  ReplyDelete
 19. Kazchayude purangal...!

  Manoharam, Ashamsakal...!!!

  ReplyDelete
 20. തീര്‍ത്തും ഒരു പുതുമയുള്ള കഥ.ശമ്പളം പറ്റുന്ന കള്ളനും, അവരെ ഭരിക്കുന്ന ബോസും.
  പലരും പറഞ്ഞപോലെ, കഥ വായിച്ചപ്പോള്‍ സംശയം.അത് തീര്‍ക്കാന്‍ വീണ്ടും വായിച്ചു, എന്നിട്ടും അങ്ങ് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.
  മനോഹരമായ തുടക്കം.വായനയെ പെട്ടെന്ന് മറ്റൊരു ദിശയിലേക്ക് തിരിച്ചു വിട്ടതെപ്പോഴെന്നു
  മനസ്സിലാകണമെങ്കില്‍ ഇനിയും വായിക്കണം.

  ബ്ലോഗ്‌ വായനയില്‍ വായനക്കാര്‍ക്ക് നല്ലോരനുഭവം നല്‍കാന്‍ എല്ലാ എഴുത്തിലും അതീവ ശ്രദ്ധ പുലര്‍ത്താ രുള്ള "റോസാപ്പൂക്കള്‍"
  അതിന്റെ നറുമണം പരത്തിക്കൊണ്ട്
  പതിവ് ശൈലിയില്‍ നിന്നും, ഒരു വ്യത്യസ്ഥാശയം
  വായനക്കാരന് നല്‍കിയിരിക്കുന്നു.

  ഒരു ബൈക്കോ, കാറോ കൊണ്ട് വിലസുന്നവനെ കാണുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രേമം മൂക്കുന്ന
  ഇന്നത്തെ അവസ്ഥയില്‍,പെണ്‍കുട്ടികള്‍ക്കുള്ള താക്കീത് കൂടിയാണ് ഈ കഥ

  ആകാംക്ഷ നില നിര്‍ത്തി കൊണ്ട്,ഒഴുക്കൊടെയുള്ള അവതരണ രീതിയും,ഭാഷാ ലാളിത്യവുംകൊണ്ട് കഥ ആസ്വാദ്യകരം.

  ഈ നല്ലോരെഴുത്തിനു
  ആശംസകള്‍ നേര്‍ന്നുകൊണ്ട്.
  ---ഫാരിസ്‌

  ReplyDelete
 21. തികച്ചും വെത്യസ്ഥം!
  ആദ്യപകുതിവരെ ഒരുപ്രത്യേക സ്വഭാവത്തിലും രണ്ടാം പകുതിയുടെ അവസാനത്തോടെ വായനക്കാരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് കഥ ദിശമാറി വന്നു. കമ്പനിയും ബോസും ഫീല്ഡുവര്‍ക്കുമെല്ലാം കേട്ടപോള്‍ ഒരുപെരും കള്ളനാണു സൂരജെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

  എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 22. നല്ല ആശയം.നന്നായിഅവതരിപ്പിച്ചു.ആശംസകള്‍..!!

  ReplyDelete
 23. കഥ വ്യത്യസ്തമായി തോന്നി.കൊള്ളാം

  ReplyDelete
 24. റോസ് ..ആഹാ എന്ത് മനോഹരമായ പര്യവസാനം ...ഓ .ഹെന്‍ട്രി യെപ്പോലുള്ള വിശ്വ വിഖ്യാത എഴുത്തുകാരൊക്കെ ചെയ്യുന്നത് പോലുള്ള ഒരു മാന്ത്രിക സ്പര്‍ശം ..എങ്ങനെയാ അഭിനന്ദിക്കുക എന്നറിയില്ല ..
  സന്തോഷമായി ..അവസാനത്തെ ഗര്‍ഭിണിയുടെ ആശ്വാസ നിശ്വാസവും ഈ കഥയുടെ ക്ഷീണം മാറ്റി(ഗര്‍ഭിണികള്‍ക്ക് ക്ഷീണം കൂടുതല്‍ ആണല്ലോ )

  ReplyDelete
 25. കഥ നന്നായിട്ടുണ്ട് ..ഒരുപാട് ഇഷ്ടപ്പെട്ടു ...ഇനിയും ഇതുപോലെയുള്ള നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു ....

  ReplyDelete
 26. നന്ദി,
  സുരേഷ്,സിദ്ധിക്ക,ജോല്സ്ന,സാബു,സുജിത്,വിനുവേട്ടന്‍,സുരേഷ്കുമാര്‍,ഫാരിസ്‌,മുഹമ്മദ്‌ കുഞ്ഞി,പ്ര്ഭാന്‍,മൊയ്ദീന്‍,രമേശ്‌,മഞ്ഞുതുള്ളി

  ReplyDelete
 27. nannayittundu.
  by
  http://malayalathirakkatha.blogspot.com
  http://lekhanasamaaharam.blogspot.com

  ReplyDelete
 28. mail i d onnu tharuu oru sadanam tharam

  ReplyDelete
 29. എല്ലാവിധ ആശംസകളൂം ഈ റോസാപ്പൂക്കൾക്ക് നേർന്നുകൊള്ളുന്നു

  ReplyDelete
 30. നല്ല കഥ!നല്ല ട്വിസ്റ്റ്!നല്ല എന്‍ഡ്!വായിക്കാന്‍ ഒത്തിരി വൈകി!ഭാവുകങ്ങള്‍!

  ReplyDelete
 31. mashe!!!
  Accidentaly Ivide vannethiyathaanu..
  brilliant narration
  excellent suspense..
  njan 99% blogum ishtapedaathe pokunna oraalaanu..
  but ithu sheriku above expectatoin..
  briliant stuff..
  keep writing..

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍