10.3.09
കിളികളുടെ ഭാഷ
“ബാലേട്ടാ ഈ മരത്തിന്റെ ചില്ലകള്‍ വല്ലാതെ ബാല്‍ക്കണിയിലേക്കു ചാഞ്ഞിരിക്കുന്നു.സന്ധ്യക്കു ചേക്കേറുന്ന കിളികളുടെ കാഷ്ടം ശല്യം ചെയ്യുന്നു” ലതികയുടെ പരാതി ബാലചന്ദ്രനെ തെല്ലൊന്നമ്പരപ്പിച്ചു .കാരണം ലതികയുടെ ഉറ്റതോഴരാണ് ആ ചെറിയ പക്ഷികള്‍.
“എന്താ നീ നിന്റെ കിളികളുമായി പിണങ്ങിയോ?” ബാലചന്ദ്രന്‍ അവളെ കളിയാക്കി ചോദിച്ചു
“അതല്ലാ ..ബാലേട്ടാ…കുറച്ചു ശാഖകള്‍ മാത്രം മുറിച്ചാല്‍ മതി..ലതിക ചമ്മലോടെ ചിരിച്ചുകൊണ്ടു പറഞ്ഞു”
അതു ഗോപാലനെക്കൊണ്ടു ശരിയാക്കിക്കാം എന്നുപറഞ്ഞാണ് ബാലചന്ദ്രന്‍ ഓഫീസിലേക്കു പോയത്.ഗോപാലനാണ് കോളനിയിലെ അങ്ങനെയുള്ള ചില്ലറ ജോലികള്‍ ചെയ്യുന്നയാള്‍
ലതിക അടുക്കളയില്‍ പച്ചക്കറിയരിഞ്ഞുകോണ്ടിരിക്കുമ്പോള്‍ ഗോപാലന്‍ വന്നു ബെല്ലടിച്ചു
“ഞാന്‍ തൊട്ടടുത്ത ഫ്ലാറ്റിലെ മതിലുപണി നടക്കുന്നടുത്ത് സഹായിയായി നില്‍ക്കുന്നുണ്ട് ,ഉച്ചസമയത്തെ ഇടവേളക്കു വരാം “എന്നേറ്റിട്ടു പോയി
സത്യം പറഞ്ഞാല്‍ കിളികളോട് ഒരു തരം സൌഹൃദമുണ്ടവള്‍ക്ക്.പക്ഷേ ബാല്‍ക്കണി വൃത്തികേടാക്കുന്നത് സഹിക്കാനാവുന്നില്ലാ.ബാല്‍ക്കണിയില്‍ കഴുകിയിടുന്ന തുണികളിലെല്ലാം വന്നിരുന്നു കാഷ്ടിക്കുകയും ചെയ്യും.പകല്‍സമയം മിക്കവാറും കിളികള്‍ ആ പരിസരത്തെല്ലാം ചുറ്റിപ്പറ്റിയുണ്ടാകും.ശാഖകള്‍ മുറിച്ചു കളഞ്ഞാല്‍ അവരെന്നോട് പിണങ്ങുമോ എന്ന് ഒരുവേള അവള്‍ ചിന്തിച്ചു.
“സാരമില്ല.കുറച്ചു ശാഖകളല്ലേ മുറിക്കുന്നുള്ളു.അവരെന്നോട് അങ്ങനെ പിണങ്ങുകയൊന്നും ഇല്ലാ“ലതിക സമാധാനിച്ചു.ഇടക്ക് ചില കുസൃതികള്‍ ബാല്‍ക്കണിയിലെ സ്വാതന്ത്യം മുതലെടുത്ത് മുറിക്കകത്തേക്ക് പറന്നു കയറിക്കളയും
“.നിങ്ങളെക്കൊണ്ട് തോറ്റു”എന്നു ശാസിച്ച് അവളവരെ പുറത്തേക്ക് പറത്തി വിടും.ഒരിക്കല്‍ മുറിയിലേക്ക് കയറിയ കിളികളെ ഓടിച്ചു വിടാനുള്ള ശ്രമത്തിനിടെ അതിലൊരു ഒരു കിളി പുറത്തേക്കുള്ള വഴിയറിയാതെ ,മുറിയില്‍ അങ്ങിങ്ങു പറന്ന്, അലമാരയുടെ മുകളില്‍ ചില്ലിട്ട് വച്ചിരുന്ന അച്ഛന്റെയുംഅമ്മയുടെയും ഫോട്ടോ തട്ടിയുടച്ചപ്പോള്‍ മാത്രം അവളതിനോട് ദേഷ്യപ്പെട്ടു.“നിങ്ങള്‍ക്ക് കളിക്കാനുളളവരല്ലട്ടോ ഇത്..ഇവരാരെന്നു കരുതീ നിങ്ങള്‍..? എന്റച്ഛനുമമ്മയോടുമാണോ കളിക്കുന്നത്..?മൂക്കത്തു ശുണ്ഠിക്കാരാണെന്നോര്‍മ്മവേണം”.കിളിക്ക് അതു മനസ്സിലായെന്നു തോന്നി അത് പെട്ടെന്നു പുറത്തേക്കു പറന്നു പോയി
കിളികളെന്താ ആ ഒരു മരത്തില് മാത്രം ചേക്കേറുന്നതെന്നു അവളെപ്പോഴും ആലോചിക്കാറുണ്ട്.അതാണെങ്കിലൊരു മുള്ളു മരം.പണ്ടെപ്പോഴോ തണലിനു വേണ്ടി ആരോ നട്ടതായിരിക്കണം.തൊട്ടടുത്ത് കോളാമ്പിപ്പൂവിന്റെയും ചുവന്ന അരളിയുടെയും ചെറുമരങ്ങളുണ്ട്.പക്ഷേ അവറ്റകള്‍ക്ക് ആ മുള്ളുമരം തന്നെ മതി. തന്നോടുള്ള സ്നേഹംകൊണ്ടാണ് അവര്‍ വീടിനു നേരെയുള്ള മുള്ളുമരത്തില്‍ വന്നിരിക്കുനതെന്ന് അവള്‍ വിശ്വസിച്ചു
ബാലചന്ദ്രന്‍ വീട്ടിലുള്ളപ്പോള്‍ അവളവരോട് ചങ്ങാത്തതിനു പോകാറില്ലാ.അയാള്‍ ഓഫീസില്‍പ്പോയാല്‍ പിന്നെ അവള്‍ക്ക് കിളികള്‍തന്നെ കൂട്ട്.
കിളികള്‍ എവിടെയെല്ലാം. പറന്നു നടക്കുന്നുണ്ടാകാം പകലല്‍ സമയങ്ങളില്‍ തന്റെ വീടു വരെ പറക്കുന്നുണ്ടാകുമോ..തന്റെ മുറിക്കക്കരികെയുള്ള മാവിന്റെ കൊമ്പില്‍ പോയി ഇരിക്കുന്നുണ്ടാകും..അവിടെയിരുന്ന് ജനലിലൂടെ തന്റെ മുറിയിലേക്ക് നോക്കുമായിരിക്കും…ചുമരില്‍തൂങ്ങുന്ന താന്റെ പഴയ ഫോട്ടോകള്‍- കോളേജില്‍ പെയിന്റിങ്ങ് മത്സരത്തിനു സമ്മാനം നേടിയ ചിത്രം ഫ്രെയിം ചെയ്തത്.. ലാമിനേറ്റ് ചെയ്തു, മേശപ്പുറത്തു സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്ന ചിത്രം…ആദ്യമായി സാരിയുടുത്തപ്പോള്‍ എടുത്തതാണത്.അച്ഛന്റെയും അമ്മയുടെയും തോളില്‍ കൈയ്യിട്ടു ചിരിച്ചുനില്‍ക്കുന്നത്…അങ്ങനെ പലതും..ഇതെല്ലാം അവര്‍ നോക്കുന്നുണ്ടാകുമൊ..ആലോചിച്ചപ്പോള്‍ അവള്‍ക്ക് സങ്കടം വന്നു…താന്‍ പോരുമ്പോളിരുന്നതുപോലെ തന്നെയായിരിക്കുമോ ആ മുറി ഇപ്പോഴും. അതോ തന്നോടുള്ള ദേഷ്യത്തിന് അമ്മയും അച്ഛനും അതെല്ലാം മാറ്റിയിട്ടുണ്ടാകുമോ?
തന്റെ അച്ഛനെയും അമ്മയെയും എന്നും കിളികള്‍ കാണുന്നുണ്ടായിരിക്കും.കിളികള്‍ക്ക് സംസാരിക്കാനറിയാമെങ്കില്‍ പറഞ്ഞേനെ അവരുടെ ലതിയിവിടെ തനിച്ചിരിക്കുന്നകാര്യം…അവരെ കാണാന്‍ കൊതിക്കുന്നകാര്യം…തന്നെ അച്ഛനുമമ്മയും അന്വേഷിക്കുന്നുണ്ടാകുമോ എന്ന് കിളികളോട് ചോദിച്ചറിയാമെന്നുവച്ചാല്‍ അവള്‍ക്ക് .അവരുടെ ഭാഷയറിയില്ല.
ചോദിക്കാതെ തന്നെ അറിയാമവള്‍ക്ക്…. അച്ഛനുമമ്മയും മനം നൊന്ത് ശപിച്ചിട്ടുണ്ടാകും.അവര്‍ക്ക് അപമാനം വരുത്തിവെച്ചതിന്…,ബാലേട്ടന്റെകൂടെ ഇറങ്ങിപ്പോന്നതിന്...
“ഇല്ലാ ലതീ അവര്‍ താമസിയാതെ ഇവിടെ വരും.നീ നോക്കിക്കോ…നിന്നെ അധികം നാള്‍ കാണാതിരിക്കാനാകുമോ അവര്‍ക്ക്..എനിക്ക് ആരുണ്ട് വരാന്‍…?അവരുടെ ഒരു ശല്യം ഒഴിവായി എന്നു കരുതുകയല്ലാതെ.ഏതെങ്കിലും രണ്ടാനമ്മ ഭര്‍ത്താവിന്റെ ആദ്യ മകനെപ്പറ്റിച്ചിന്തിക്കാറുണ്ടോ...?അച്ഛന്‍ അവരുപറയുന്നതിപ്പുറത്തേക്ക് പണ്ടേ സഞ്ചരിക്കാറുമില്ലല്ലോ ”ബാലേട്ടന്‍ തന്നെ ആശ്വസിപ്പിക്കനായി പറയാറുള്ള വാക്കുകള്‍..ചിരിച്ചു കൊണ്ടാണ് പറയുന്നെങ്കിലും മുഖത്തെ വിഷമം വായിച്ചെടുക്കാവുന്നതേയുള്ളു.
ഉച്ചമയക്കത്തിലായിരുന്ന ലതിക ഗോപാലന്റെ കോളിങ്ങ് ബെല്ലടി കേട്ടാണ് ഉണര്‍ന്നത്. “എന്റെ കാശു തന്നേക്ക് കുഞ്ഞേ.. നല്ല ഭംഗിയായി വെട്ടിയിട്ടുണ്ട്..,ഇനി ബാല്‍ക്കണിയില്‍ തുണിയെല്ലാം ഇടാം നല്ല വെയിലും കിട്ടും.“ലതിക പൈസകൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍ അയാള് പറഞ്ഞു“ കുഞ്ഞേ, ആ കൊമ്പെല്ലാം മുഴുവനങ്ങു വെട്ടി.അടുത്ത മഴക്കു കിളിര്‍ത്തോളും.“
“എന്ത് മുഴുവനുമോ..?”ലതിക ബാല്‍ക്കണിയിലേക്ക് പാഞ്ഞു..ഞെട്ടലോടെ അവള്‍ കണ്ടു ഒരൊറ്റ ശാഖ പോലുമില്ല.തായ്ത്തടി മാത്രം അവിടെയുണ്ട്..വൈകുന്നേരം കിളികള്‍ വരുമ്പോള്‍ എന്തു ചെയ്യും..? അവര്‍ ക്ഷമിക്കുമോ എന്നോട്…?അവള്‍ക്ക് കരച്ചില് വന്നു.മരത്തിന്റെ വെട്ടിയ ശാഖകളെല്ലാം ഗോപാലന്‍ എടുത്തു കൊണ്ടു പോകുന്നത് കണ്ടു.
ലതിക തളര്‍ന്ന് മുറിക്കുള്ളില്‍ വന്നിരിരുന്നു.അവള്‍ക്ക് ബാലചന്ദ്രനെ ഫോണ്‍ ചെയ്യണമെന്നു തോന്നി..പിന്നെ ചിന്തിച്ചു..വേണ്ട..കിളികളുടെ കാര്യം പറയുമ്പോഴെല്ലാം കുട്ടിത്തം മാറിയിട്ടില്ലെന്നു പറഞ്ഞു കളിയാക്കാറുള്ളതാണ്
അന്നു വൈകുന്നേരത്തെ സായാഹ്ന സവാരിക്കിറങ്ങിയ ലതികയുടെ അടുത്തേക്ക് ഒരു പ്രാപ്പിടിയന്‍ താണു വരുന്നത്കണ്ട് അവള്‍ ഭയന്നു പോയി . കിളികള്‍ ചെന്ന് ആ പ്രാപ്പിടിയനോട് പരാതി പറഞ്ഞുകാണുമോ….
.അതിന്റെ കാലിലെ കൂര്‍ത്ത നഖങ്ങള്‍ അവളെ തൊട്ടു തൊട്ടില്ല എന്നപോലെയാണ് താഴേക്ക് പറന്നു വന്നത്.പിന്നീടാണവള് കണ്ടത് ഏതോ ഇര താഴെക്കിടന്നത് അത് കൊത്തിയെടുക്കുന്നത്.. ഇല്ല… കിളികള്‍ക്കങ്ങനെയൊന്നും അവളോട് പ്രതികാരം ചെയ്യാനാവില്ല.പക്ഷേ ഇന്ന് വൈകുന്നേരം അവരെവിടെ ചേക്കേറും? …അവളുടെ ചിന്ത മുഴുവനും അതായിരുന്നു..അവരവിടം വിട്ടു പോകുമോ..?
തിരിച്ചു വീടിനു മുന്നിലെത്തിയ ലതിക സന്തോഷകരമായ ആ കാഴ്ച കണ്ടു കിളികളെല്ലാം കോളാമ്പിച്ചെടിയില്‍ ചേക്കേറിയിരിക്കുന്നു!!അവള്‍ കോളാമ്പിച്ചെടിയുടെ അടുത്തുചെന്നു നോക്കി .പാവങ്ങള്‍… ഒരു പരാതിയുമില്ല. അവള്‍ക്ക് പശ്ചാത്താപം തോന്നി. എത്ര പെട്ടെന്നു അവരെല്ലാം മറന്നു…?.ആശ്വാസത്തോടെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ ബാലേട്ടന്‍ വന്നിട്ടുണ്ടെന്നു മനസ്സിലായി.ആരുമായോ സംസാരിക്കുന്നതും കേള്‍ക്കാം.ഏതോ അഥിഥികളെത്തിയിരിക്കുന്നു.തിടുക്കത്തില്‍ വീടിനുള്ളിലേക്ക് കയറിയ ലതിക, തടിച്ച കണ്ണാടിക്കകത്തെ അച്ഛന്റെ ചിരിക്കുന്ന കണ്ണുകളും “ലതീ“ എന്ന് കരച്ചിലിന്റെ ശബ്ദത്തില്‍ വിളിച്ചുകൊണ്ടടുത്തേക്കു വരുന്ന അമ്മയുടെ ഇളം നീല സാരിയും മാത്രമേ കണ്ടുള്ളു…..അവള്‍ ഒരു സ്വപ്നാടകയെപ്പോലെ അകത്തേക്കു കടന്നു… കണ്ണീര്‍പ്പാട അവളുടെ കാഴ്ച മറച്ചു..
.അമ്മയുടെ തോളില്‍ കണ്ണടച്ച് തല ചായ്ചുനിന്ന ലതിക കിളികളുടെ ശബ്ദം കേട്ട് കണ്ണു തുറന്നു ജനലിലൂടെ നോക്കി കോളാമ്പിച്ചെടികളുടെ ശാഖകളിലിരുന്ന് സന്തോഷസൂചകമായുള്ള അവരുടെ സംസാരം അവള്‍കേട്ടു.അന്നാദ്യമായി കിളികളുടെ ഭാഷ അവള്‍ക്ക് മനസ്സിലായി..അവരവളോട് ചോദിക്കുന്നു..“ഞങ്ങള് ചെന്നു പറഞ്ഞാല്‍ വരാതിരിക്കാനാവുമോ നിന്റെ അച്ഛനുമമ്മക്കും…?”
3.3.09
ജീവിക്കാനറിഞ്ഞു കൂടാത്തവള്‍
“എന്തിനാ വന്നത്”? ചേച്ചി ചോദിച്ചു
“അമ്മിണിച്ചേച്ചിയോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ അമ്മ? “തിരിച്ചൊരു ചോദ്യം
ഈ നേരം കൊണ്ട് അമ്മ എത്തി.”ഓ അമ്മിണി പറഞ്ഞ ആളാണല്ലേ..“
വീട്ടില്‍ ആഴ്ചയില്‍ ഒരു ദിവസം വന്ന് തുണിയലക്കാന്‍ ആളെ വേണമെന്ന് അമ്മ കൂട്ടുകാരി അമ്മിണിച്ചേച്ചിയോട് ചട്ടം കെട്ടിയിരുന്നു. അതനുസരിച്ച് വന്നതാണ് സൌദാമിനി.സൌദാമിനി അമ്മിണിച്ചേച്ചിയുടെ വീട്ടിലും ജോലി ചെയ്യുന്നുണ്ട്.എല്ലാ ശനിയാഴ്ചകളിലും വരാം എന്നു പറഞ്ഞു സൌദാമിനി പോയി.
ഞങ്ങള്‍ക്കെന്തുകൊണ്ടോ സൌദാമിനിയെ അത്ര ഇഷ്ടമായില്ല.ഒരു ആനച്ചന്തവും വല്ലാത്ത അണിഞ്ഞൊരുക്കവും.വീട്ടില്‍ മിക്കവാറും പറമ്പില്‍ ജോലിക്ക് പുരുഷന്മാരായ ജോലിക്കാരുണ്ടാകും.അതു കൊണ്ട് ആകെ ഒരു പന്തികേടു തോന്നി
“ നമുക്കിതിനെ വേണ്ടമ്മേ വേറെ ആരെയെങ്കിലും നോക്കാം” ചേച്ചി പറഞ്ഞു നോക്കി
“ഓ ആഴ്ചയില്‍ ഒരു ദിവസം വന്നു ജോലിചെയ്തിട്ടുപോകുന്ന കാര്യമല്ലേ..അവളവളുടെ പണി ചെയ്തിട്ടു പൊയ്ക്കോളും” അമ്മയുടെ മറുപടി.പിന്നെ ഞങ്ങളൊന്നും പറഞ്ഞില്ല
പിറ്റെ ശനിയാഴ്ച മുതല്‍ സൌദാമിനി വന്നു തുടങ്ങി.ആളെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ കരുതിയതെല്ലാം തെറ്റാണെന്നു മനസ്സിലായി.വേഷ വിധാനം കണ്ടു തെറ്റിധരിച്ചപോല ആളു കുഴപ്പക്കാരിയൊന്നുമല്ല സൌദാമിനി എല്ലാദിവസവും ഓരോരോ വീടുകളില്‍ ജോലിചെയ്യും.മുപ്പതു വയസ്സോളം പ്രായമുണ്ട്.ഇതുവരെ കല്യാണമൊന്നും ആയില്ല.ആളോരു സിനിമാഭ്രാന്തിയാണ്.നസീര്‍,മധു,ഷീല,ജയഭാരതി തുടങ്ങിയവരുടെ കടുത്ത ആരാധിക.ഉമ്മറിനെ കണ്ടുകൂടാ.അവന് പെണ്ണുങ്ങളെ കണ്ടാല്‍ വെറുതെ വിടില്ല എന്നാണ് പറയുന്നത്.എല്ലാ വെള്ളിയാഴ്ചയും സാബൂ ടാക്കീസില് സിനിമ മാറി വരുമ്പോള് മുടങ്ങാതെതെ കാണും. ഞങ്ങള്‍ സൌദാമിനി വരുമ്പോഴേ അടുത്തുകൂടും തലേ ആഴ്ചത്തെ സിനിമാ കഥ കേള്‍ക്കാന്‍.പുതിയ താരങ്ങളെയൊന്നും സൌദാമിനിക്ക് അത്ര പിടുത്തമല്ല.അവര്‍ക്കൊന്നും പഴയ താരങ്ങളെപ്പോലെ സൌന്ദര്യം ഇല്ല എന്നാണ് ഇഷ്ടത്തി പറയുന്നത്.എല്ലാം എല്ലു പോലത്തെ നടികള്....ആയിടെയാണ് റഹ് മാന്‍ ഒരു തരംഗമായി സിനിമയില്‍ വന്നത്.ഒരു വര്‍ഷത്തെ കറങ്ങിതിരിയലിനു ശേഷം “കാണാമറയത്ത്” സാബൂ ടാക്കീസില് വന്നു.പിറ്റെ ആഴ്ച ഞാന് സൌദാമിനിയോടു ചോദിച്ചു.
“എങ്ങനെയുണ്ട് സൌദേ... റഹ് മാന്‍..?”
“ഓ….ഒരു എല്ലുപോലത്തെ ചെറുക്കന് ..ഒരു വികൃത രൂപം. വെറുതെ എന്റെ കാശു കളഞ്ഞു..”
“ അപ്പോ ശോഭനയോ..?”
“ഓ അതും കണക്കാ…ഒരു എലുമ്പി…നമ്മുടെ ഷീലയുടെയും ജയഭരതിയുടെയും അടുത്തു വരുമോ ഇപ്പോഴത്തെ നടിമാര്..”
ഇതാണ് സൌദയുടെ എല്ലാക്കാര്യത്തിലുമുള്ള മനോഭാവം.വീട്ടില്‍ സൌദാമിനിയെക്കുടാതെ അമ്മ, അച്ഛന്‍,അനുജന്‍ ഗോപീകൃഷ്ണന് എന്നിവരുണ്ട്.ചേച്ചിയുടെയും അനുജത്തിയുടെയും കല്യാണം കഴിഞ്ഞു.
“അനുജത്തിയുടെ കല്യാണം നടത്തിയിട്ട് സൌദാമിനിക്കെന്താ കല്യാണം ആവാഞ്ഞേ..?” ഞാന്‍ ചോദിച്ചു
അപ്പോള്‍ സൌദാമിനി വീട്ടിലെ അവസ്ഥ പറഞ്ഞു.ചേച്ചിയെ എങ്ങനെയൊക്കെയോ അച്ഛന്‍ കല്യാണം കഴിപ്പിച്ചു വിട്ടു.മുറച്ചെറുക്കന്‍ കല്യാണം കഴിച്ചതു കൊണ്ട് വലിയ ബുധിമുട്ടില്ലാതെ അതു കഴിഞ്ഞു അനുജന്‍ ജോലിക്കൊന്നും പോകില്ല.അവന്‍ പത്താം ക്ലാസ്സു പഠിച്ചുണ്ടത്രേ.അതു കൊണ്ട് മറ്റു പണിക്കൊന്നും പോകാന്‍ അവനു വയ്യ.കുലത്തൊഴിലായ തെങ്ങുകയറ്റം ചെയ്യാന്‍ അഛനും അമ്മയും സമ്മതിക്കുന്നില്ലത്രേ...ആകെയുള്ള ആണിനെ അങ്ങനെയുള്ള പണികള്‍ക്കൊന്നും അയക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ല ഇപ്പോള്‍ വീട്ടില്‍ വരുമാനം ഉള്ള ഏകയാള്‍ സൌദാമിനി മാത്രം.അഛനും അമ്മക്കും ഇപ്പോള്‍ പണിക്കൊന്നും പോകാന്‍ വയ്യ.അനുജത്തി പണിക്കുപോകുമ്പോള്‍ പണിസ്ഥലത്തെ ഒരാളെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.അല്ലാതെ വീട്ടുകാര്‍ നടത്തിക്കൊടുത്തതൊന്നും അല്ല.ഏക വരുമാനമായ സൌദമിനിക്ക് കല്യാണം ആലോചിക്കാനൊന്നും ആരും മിനക്കെടുന്നില്ല.
ഇതെല്ലാം കേട്ട് ഞാന് സൌദാമിനിയോട് ചോദിച്ചു.
“സൌദക്കും ആരെയെങ്കിലും സ്നേഹിച്ച് വിവാഹം കഴിച്ചുകൂടെ.? വീട്ടുകാര് ഇങ്ങനെയൊക്കെയാണെന്നറിയാമല്ലൊ”
“എന്നെ ആരെങ്കിലും സ്നേഹിക്കുകയാണെങ്കില് അയാള് തന്നെ എന്നെ വിവാഹം കഴിക്കണം.ഇനി അയാള്‍ക്ക് എന്നെ വിവാഹം കഴിക്കാന്‍ പറ്റിയില്ലെങ്കില് ഞാന്‍ ഒരു പേരുദോഷക്കാരിയായി കഴിയേണ്ടി വരില്ലേ…?ഒരാളെ മനസ്സു തുറന്നു സ്നേഹിച്ചിട്ട് പിന്നെ മറ്റൊരാളുടെ ഭാര്യയാകുന്നതെങ്ങിനെ..? ഇനി ചിലര്‍ക്കൊക്കെ എന്റെ സ്നേഹം കുറച്ചു നേരത്തേക്കു മതി..അവരുടെ കാര്യം കാണാന്‍എങ്ങനെ വിശ്വസിച്ച് ഒരാളെ സ്നേഹിക്കും” ഞാന്‍ ഒന്നും പറഞില്ല
കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ ചേച്ചിക്ക് കല്യാണമായി. കല്യാണത്തിന് സൌദാമിനി വരികയും ചെയ്തു.
ഒരു ശനിയാഴ്ച്ച സൌദാമിനി വീട്ടില്‍ വന്നപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പറഞ്ഞു.അവളെ പെണ്ണു കാണാന്‍ ഒരാള്‍ വന്നിരുന്നുവത്രേ.അടുത്ത വീട്ടിലെ ചേട്ടന്‍ അയാളുടെ കൂട്ടുകാരനു വേണ്ടി ആലോചിച്ചതാണ്.വലിയ സ്ത്രീധനം ഒന്നും വേണ്ട.അത്യവശ്യം കുറച്ചു സ്വര്‍ണ്ണം മാത്രം കൊടുത്തല് മതി
“ എങ്ങനെയുണ്ട് സൌദാമിനീ ആള്...സുന്ദരനാണോ..?” ഞാന്‍ ചോദിച്ചു
“ഏയ്...ഞാന്‍ മുഖത്തേക്കുനോക്കിയില്ല ....”നാണത്തോടുകൂടെയുള്ള മറുപടി.
“പണിയെടുക്കാനൊക്കെ നല്ല ആരോഗ്യമുള്ളയാളെന്നാണ് എല്ലാവരും പറഞ്ഞത്.എന്നെ അവര്‍ക്കിഷ്ടമായി എന്നും അറിയിച്ചു“
പക്ഷേ അടുത്തയാഴ്ച വന്ന സൌദാമിനി ആകെ ദു:ഖിതയായിരുന്നു
“എന്തു പറ്റി ഇന്ന് കളിയും ചിരിയും ഒന്നും ഇല്ലല്ലോ?” ഞാന്‍ അന്വേഷിച്ചു
“എന്റെ ആ കല്യാണാലോചന വേണ്ടെന്നു വച്ചു. അച്ഛന്റെ കയ്യില്‍ കാശില്ലന്ന്” സൌദാമിനി സങ്കടത്തോടെ പറഞ്ഞു.എനിക്ക് ഇത് കേട്ടപ്പോള്‍ ആകെ വിഷമം തോന്നി.ഞാന്‍ ചോദിച്ചു
“സൌദാമിനി എല്ലാ ദിവസവും ഓരോരോ വീടുകളില്‍ ജോലിയെടുക്കുന്നില്ലേ...ആ പൈസ ഒരുമിച്ചു വെച്ചാന്‍ മതിയായിരുന്നല്ലോ കുറച്ചു സ്വര്‍ണ്ണമെങ്കിലും വാങ്ങാന്‍?”
“അപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടക്കില്ലല്ലോ” നിന്ദയോടെ അവള്‍ പറഞ്ഞു
“ അമ്മക്കിപ്പോള് എങ്ങനെയെങ്കിലും ഗോപീകൃഷ്ണന്റെ കല്യാണം നടതിയാല് മതി എന്നാണ്..എനിക്കു ആലോചന വന്നതേ അവര്‍ക്കാര്‍ക്കും അത്ര പിടിച്ചിട്ടില്ലായിരുന്നു.അടുത്ത വീട്ടിലെ ചേട്ടന്റെ നിര്‍ബന്ധത്തില്‍ വന്നു പെണ്ണു കണ്ടു എന്നു മാത്രം” സൌദാമിനി കുറച്ച് രോഷത്തോടെ പറഞ്ഞു
പിന്നെയും വര്‍ഷങ്ങളോളം സൌദാമിനി വീട്ടില്‍ ജോലിക്ക് വന്നു കൊണ്ടിരുന്നു.ഞാന്‍ കൌമാരക്കാരിയായപ്പോള്‍ വന്ന സൌദാമിനി,ഞന്‍ കല്യാണ പ്രായമായിട്ടും ഒരു മാറ്റമില്ലാതെ ജോലിക്കു വന്നു കൊണ്ടിരുന്നു.പഴയ പ്രസരിപ്പൊന്നും ഇല്ല.ഇപ്പോള്‍.
ആയിടക്ക് എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകള്‍ സോഫി കല്യാണം കഴിഞ്ഞ് നവവരനുമായി വീട്ടില്‍ വിരുന്നു വന്നു.സോഫി സൌദാമിനിയുടെ അയലക്കാരിയാണ്.അപ്പോള്‍ സൌദാമിനി വീട്ടില്‍ ജോലിചെയ്തുകൊണ്ട് നില്‍പ്പുണ്ട്.സൌദാമിനിയെ കണ്ടതു സോഫിയുടെ മുഖം പെട്ടെന്നു മാറി.പെട്ടെന്ന് സോഫി മാറിക്കളഞ്ഞു.സൌദാമിനിയോട് ഒന്നും സംസാരിച്ചുമില്ല.അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ സൌദാമിനി എന്നോട് ചോദിച്ചു
“ സോഫി എങ്ങനെ? സന്തോഷമായിട്ടിരിക്കുന്നോ?”
“ ഇതെന്തു ചോദ്യം സൌദേ…അവള് പുതുമണവാട്ടിയല്ലേ..കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.സന്തോഷം ഇല്ലാതിരിക്കുമോ..? ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞിട്ട് തീരുന്നില്ല അവള്‍ക്ക്”
“ എന്റെ ഭഗവാനേ….” സൌദാമിനി മൂക്കത്തു വിരല് വച്ചു
“ എന്താ സൌദേ..?” എനിക്ക് ആകാംഷയായി”
“ഈ സോഫി കല്യാണത്തിനു രണ്ടു ദിവസം മുന്പ് എന്റടുത്ത് വന്നിരുന്നു.ഞാന്‍ എന്റെ വീടിനടുത്ത് ഞാന്‍ ജോലിചെയ്യുന്ന ഒരു വീടുണ്ട് അവിടത്തെ പ്രകാശനുമായി സ്നേഹത്തിലായിരുന്നു സോഫി .കയ്യില് ഒരു കത്ത് തന്നിട്ട് അതു എങ്ങനെയെങ്കിലും പ്രകാശനെ ഏല്പ്പിക്കണം പറഞ്ഞു.ഞാന്‍ ഒഴിവായിക്കളഞ്ഞു.കല്യാണത്തലേന്ന് അവള്‍ക്ക് അവനുമായി ഒളിച്ചോടാനുള്ള പ്ലാനായിരുന്നു.എനിക്കു വയ്യ ഇതിനിടയില് നില്‍ക്കാന്‍.ഒടുവില് സോഫി എന്നോട് പറഞ്ഞത് കേള്‍ക്കണോ , അവളുടെ ശവമേ കല്യാണ ദിവസം പള്ളിയില് കൊണ്ടുപോകുകയുള്ളു എന്ന്..സത്യം പറഞ്ഞാല്‍ ആ പെണ്ണിന്റെ കല്യാണം കഴിയുന്നതു വരെ എന്റെയുള്ളില്‍ തീയായിരുന്നു.വല്ല കടും കയ്യും ചെയ്തുകളയുമോ എന്ന് പേടിച്ചിട്ട്”
ഞാന്‍ ഇത്കേട്ട് അത്ഭുതപ്പെട്ടുപോയി.പിന്നെ പറഞ്ഞു
“എന്തു ചെയ്യാന്‍ പറ്റും പിന്നെ അവള്‍ക്ക്..പാവം എങ്ങനെയെങ്കുലും ജീവിക്കട്ടെ”
“എന്നാലും ഇതു കുറച്ചു കടുപ്പം തന്നെ”.സൌദാമിനി വീണ്ടും പ
റഞ്ഞു
ഞാന്‍ ജീവിതത്തിന്റെ പ്രാക്ടിക്കല് വശം പറഞ്ഞുകൊടുത്തതിനോട് സൌദാമിനിക്ക് യോജിക്കാന്‍ പറ്റിയില്ല
പിന്നെ കുറച്ചുനാള് കഴിഞ്ഞപ്പോള് ഞാന്‍ വിവാഹിതയായി.കല്യാണത്തിന് വിളിച്ചിട്ട് സൌദാമിനി വന്നതും ഇല്ല.എനിക്ക് അവളോട് പരിഭവം ഒന്നും തോന്നിയതും ഇല്ല.പഴയ തുടിപ്പെല്ലാം നഷ്ടപ്പെട്ട്.മധ്യ വയസ്സിലായിക്കഴിന്നിരുന്നു സൌദാമിനി അപ്പോള്.പിന്നെയും കുറച്ചു വര്‍ഷങ്ങള്‍കൂടി സൌദാമിനി എന്റെ വീട്ടില് ജോലിക്ക് വരുമായിരുന്നു.പിന്നെയെപ്പോഴോ വരാതായി…അന്വേഷിച്ചപ്പോള് വയ്യാതായി എന്നു കേട്ടു.എന്നുമുള്ള അധ്വാനം അവളെ രോഗിയാക്കി കഴിഞ്ഞിരുന്നു
ഇപ്പോള് സൌദാമിനി അനുജന്‍ ഗോപീകൃഷ്ണന്റെ മക്കളെയും നോക്കി വീട്ടില് കഴിയുന്നുണ്ടാകാം…ജീവിക്കാനറിഞ്ഞു കൂടാത്തതിന്റെ തെറ്റു കൊണ്ട്…
22.2.09
തകര്‍ന്നുടഞ്ഞ വിഗ്രഹം
മാലതിയാന്റിയും ഭര്‍ത്താവും അടുത്തു വന്നിരുന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി..വിഷമിച്ചൊന്നു ചിരിച്ചശേഷം വേഗം നിരഞ്ജനുമായി പുറത്തു കടന്നു.
“ എന്തു പറ്റി നിനക്ക്..?” നിരഞ്ജനു കാര്യം മനസ്സിലായില്ല.
“അത് അമ്മയുടെ ഓഫീസിലുള്ള ആന്റിയാണ്..ഉടനെ തന്നെ അമ്മയെ വിളിച്ചു പറയും”
“പറയട്ടെ..“ ...നിരഞ്ജന്‍ ധൈര്യപ്പെടുത്തി.“.എന്നായാലും ഒരു ദിവസം പറയേണ്ടതല്ലേ”
“പക്ഷേ ...നിരഞ്ജന്‍ ആരെങ്കിലും പറഞ്ഞറിയുന്നതിനു മുന്‍പേ ഞാന്‍ തന്നെ പറയുന്നതായിരുന്നു നല്ലത്..അതായിരുന്നു ശരി.അമ്മക്കിതു കേള്‍ക്കുമ്പോഴേ വിഷമമാകും”
“ഇനിയിപ്പൊ പറഞ്ഞിട്ടെന്താ..ധൈര്യമായി ഫെയിസ് ചെയ്യ്…’
മാലതിയാന്റി ഉടനെ അമ്മക്ക് ഫോണ്‍ ചെയ്യുമെന്നാണ് കരുതിയത്..പക്ഷേ അതുണ്ടായില്ല.
ഇന്ന് ഓഫീസില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു കാണും
“പുകയില വാങ്ങിയോ ശ്രീലതേ, നീയ്..”മുത്തശ്ശി ചോദിക്കുന്നതു കേട്ടു
“ഇല്ല, മറന്നുപോയി” അമ്മയുടെ മറുപടി
“നിന്റെ ഒരു കാര്യം.. മറക്കരുതെന്ന് ഓര്‍പ്പിച്ചലും മറന്നിട്ടേ വരൂ..നീ..?”
അതേ... ഇന്നു മറന്നുപോയി.അതിന് അമ്മക്ക് നാളേക്കുകൂടി പുകയിലയിരിപ്പുണ്ടല്ലോ” കുറച്ചു കുപിതയായിട്ടാണ് അമ്മയുടെ മറുപടി.അമ്മയുടെ ദേഷ്യം കണ്ടപ്പോഴേ ദിവ്യക്കു മനസ്സിലായി ഉറപ്പായും മാലതിയാന്റി അമ്മയോട് കാര്യം പറഞ്ഞിരിക്കുന്നു.പറയാതിരിക്കുമോ..? അമ്മയുടെ പ്രിയ ചങ്ങാതിയല്ലേ.
കഷ്ടം..അമ്മയോട് നേരത്തെ തന്നെ ഇക്കാര്യം നേരിട്ട് പറയേണ്ടതായിരുന്നു.അപ്പോഴെല്ലാം സമയമാകട്ടെ എന്ന് പറഞ്ഞ് നിരഞ്ജനാണ് തടസ്സപ്പെടുത്തിയത്.ഇപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെ അമ്മയുടെ മുന്നില്‍ നില്‍ക്കേണ്ടിവരുമല്ലോ
ചായക്കപ്പ് കൊണ്ടു കയ്യില്‍ കൊടുക്കുമ്പോള്‍ അമ്മ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് മുത്തശ്ശി കേള്‍ക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു
“നീ മുറിയിലേക്ക് വാ..ഒരു കാര്യം ചോദിക്കാനുണ്ട്...ഇന്ന് മാലതി എന്നോടൊരു കാര്യം പറഞ്ഞു”
അമ്മയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അമ്മ ആകെ പരവശയായി നില്‍ക്കുന്നതണ് കണ്ടത്.ദിവ്യക്ക് വല്ലാത്ത വിഷമം തോന്നി.ചെറുപ്പത്തിലേ വിധവയായതാണ് അമ്മ. വീട്ടുകാരെ മുഷിപ്പിച്ചു വിവാഹം ചെയ്തതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുമായി ഒരടുപ്പവുമില്ല. അച്ഛന്‍ അപകടത്തില്‍ മരിച്ചശേഷവും ഒരു സഹായവും അവരില്‍ നിന്നുണ്ടായില്ല.അമ്മമ്മ പിന്നെ ആണ്മക്കളെ മുഷിപ്പിച്ചാണ് കൂടെ വന്നിരിക്കുന്നത്.ദിവ്യയുടെ പി.ജി. കഴിഞ്ഞയുടനെ പറ്റിയ കല്യാണം വന്നാല്‍ ഉടനെ നടത്തണം എന്ന് അമ്മ കാണുന്നവരോടെല്ലാം പറയുകയും ചെയ്യും
“അമ്മേ ഞാന്‍ അമ്മയോട് പറയണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു... നിരഞ്ജനെ എനിക്ക് രണ്ടു വര്‍ഷമായി പരിചയം ഉണ്ട് സിറ്റിയില്‍ ബിസ്സിനസ്സ് നടത്തുന്നയാളാണ്. പി.ജി.ചെയ്തിട്ടുണ്ട് ഒരിക്കല്‍ നിരഞ്ജന്റെ കടയില്‍ ഡ്രെസ്സെടുക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ് .സമയമാകുമ്പോള്‍ അമ്മയെ വന്നു കാണാം എന്ന് എനിക്ക് വാക്കു തന്നിട്ടുണ്ട്”.
അമ്മ എന്തെങ്കിലും പറയുന്നതിനു പുന്‍പേ ദിവ്യ ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു
അമ്മ കുറച്ചൊന്നു ശാന്തയായെന്നു തോന്നി.എങ്കിലും പറഞ്ഞു “അയാളുടെ മറ്റു വിവരങ്ങള്‍ പറയൂ ദിവ്യാ…നമുക്ക് ചേരുന്നവരാണെന്ന് എങ്ങനെ അറിയാം?”
ദിവ്യ ചുരുങ്ങിയ വാക്കുകളില്‍ നിരഞ്ജന്റെ വീട്ടുവിശേഷങ്ങള്‍ പറഞ്ഞു.പക്ഷേ നിരഞ്ജന്റെ വീട്ടിലെ വിവരങ്ങള്‍ കേട്ടിട്ട് ശ്രീലതക്ക് ഇഷ്ടമായില്ല. ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍…എങ്ങനെ ഒത്തുപോകും ഇങ്ങനെ ഒരു കുടുംബവുമായി…ഇവളിതെന്തു ഭാവിച്ചാണ്..?
“നിനക്കറിയില്ലേ ദിവ്യേ നമ്മുടെ അവസ്ഥ ..?നമ്മളുമായി ചേരാത്ത ഒരു ബന്ധത്തില്‍ ചെന്നു ചാടിയതെങ്ങിനെ..?നിനക്കിത്ര വീണ്ടു വിചാരമില്ലാതെ പോയല്ലോ” അമ്മ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു
“നമ്മുടെ കാര്യങ്ങളെല്ലാം നിരഞ്ജന് അറിയാം.ഞാന്‍ ഇക്കാരണം കൊണ്ട് ഒഴിവാകാന്‍ ശ്രമിച്ചതുമാണ്.നിരഞ്ജന് അതൊന്നും പ്രശ്നമല്ലമ്മേ...നിരഞ്ജന്‍ അമ്മയെ വന്ന് കാണാനിരുന്നതാണ്”
“ശരി എങ്കില്‍ താമസിയാതെ വന്ന് എന്നെ കാണുന്‍ പറയ് അവനോട്.നിനക്ക് പ്രയാസമുണ്ടാക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല.“
അപ്പോള്‍ തന്നെ നിരഞ്ജനെ വിളിച്ചു പറഞ്ഞു
“നിരഞ്ജന്‍, അമ്മ നിന്നെ കാണണമെന്ന് പറയുന്നു..പറ്റിയ ഒരു സമയം പറയൂ..
“നീ പറയൂ..അമ്മക്ക് എപ്പോഴാണ് സൌകര്യം..?”
“നാളെ ക്ലാസുകഴിഞ്ഞായാലോ..അമ്മ ഓഫീസില്‍ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാമെന്നേറ്റിട്ടുണ്ട്“
“ഓ.ക്കേ...ഞാന്‍ നാളെ അഞ്ചു മണിക്ക് സുഭാഷ് പാര്‍ക്കിന്റെ ഗിയിറ്റിനരികില്‍ വെയിറ്റ് ചെയ്യാം..”
നിരഞ്ജനുമായി സംസാരിക്കുമ്പോള്‍ അമ്മയുടെ തെറ്റിധാരണയെല്ലാം നീങ്ങും.നിരഞ്ജന്റെ വീട്ടുകാരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ വിഷമിക്കും എന്നാണ് അമ്മ പറയുന്നത്.നിരഞ്ജനെ കാണുമ്പോള്‍ അമ്മക്കിഷ്ടപ്പെടും തീര്‍ച്ച.
പിറ്റെ ദിവസം ക്ലാസ്സുകഴിഞ്ഞ് കോളെജിന്റെ ഗെയിറ്റിനരികില്‍ കാത്തുനില്‍ക്കുന്ന അമ്മയെ കൂട്ടി പാര്‍ക്കിനു മുന്നിലെത്തിയപ്പോള്‍ നിരഞ്ജന്‍ അവിടെയുണ്ട്.
“ഹല്ലോ ആന്റി..”നിരഞ്ജന്‍ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു
ശ്രീലത ചിരിച്ചുകൊണ്ട് തലയാട്ടിയതേ ഉള്ളു.അമ്മയുടെ ചിരി കണ്ടപ്പോഴേ ദിവ്യക്കു സമാധാനമായി.നിരഞ്ജനെ അമ്മക്കിഷ്ടപ്പെട്ട ലക്ഷണമാണ്.
“വരൂ..നമുക്കവിടെ ഇരുന്നു സംസാരിക്കാം” അകത്തേക്കു നടക്കുമ്പോള്‍ നിരഞ്ജന്‍ പറഞ്ഞു. വൈകുന്നേരമായതിനാല്‍ പാര്‍ക്കില്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.നിറയെ മഞ്ഞപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മരത്തിനടുത്തുള്ള ചാരുബഞ്ചില്‍ മൂവരും ഇരുന്നു.ബഞ്ചില്‍ പൂക്കള്‍ കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു.
ശ്രീലതയാണ് സംസാരം ആരംഭിച്ചത്.ദിവ്യ ഒന്നും മിണ്ടാതെ അമ്മയുടെയും നിരഞ്ജന്റെയും സംസാരം കേട്ടു കൊണ്ട് ബഞ്ചില്‍ കിടന്ന ഒരു പൂവ് കയ്യിലെടുത്ത് മണപ്പിച്ചുകൊണ്ടിരുന്നു. നിരഞ്ജന്‍ സിറ്റിയിലെ പ്രശസ്ഥമായ വ്യാപാരസ്ഥപനം നടത്തുന്ന അച്ഛനെക്കുറിച്ചും സ്റ്റേറ്റ്സില്‍ സെറ്റിലായിരിക്കുന്ന ചേട്ടന്റെ കുടുംബത്തെക്കുറിച്ചും സിറ്റിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ അമ്മയെക്കുറിച്ചും പറഞ്ഞു .
“നിരഞ്ജന്റെ വീട്ടില്‍ പ്രശ്നമുണ്ടാകില്ലേ ഈ ബന്ധം...”
ഇല്ലാ..ആന്റി..ഞാന്‍ അച്ഛനോട് പറയാം..അച്ഛന്‍ സമ്മതിക്കാതിരിക്കില്ല.”
“സമ്മതിച്ചില്ലെങ്കിലോ..?”
“പറഞ്ഞു നോക്കും..ആന്റിയുടെ കയ്യില്‍ ദിവ്യയുടെ അച്ഛന്‍ മരിച്ചതിന്റെ കോപന്‍സേഷന്‍സ് എല്ലാം കാണില്ലേ..? പിന്നെ ആന്റിക്കു നല്ലൊരു ജോലിയുമില്ലെ…പോരാത്തതിന് ദിവ്യ ഒറ്റമോളും ആന്റിക്കുള്ളതെല്ലാം അവളുടേതല്ലേ..”
നിരഞ്ജന്റെ ഈ മറുപടി ദിവ്യക്കു വിശ്വസിക്കാനായില്ല..നിരഞ്ജന്‍ തന്നെയോ ഈ പറഞ്ഞത്...?
“നിരഞ്ജന്‍…..“ അറിയാതെ ദിവ്യയുടെ ശബ്ദം പുറത്തേക്കുവന്നു. പക്ഷേ ശ്രീലതയും നിരഞ്ജനും അവളെ ശ്രദ്ധിക്കാതെ സംസാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
ശ്രീലത ഇതു കേട്ട് കുറച്ച് പതറിപ്പോയെങ്കിലും പറഞ്ഞു.
“അതെ...അതെല്ലാം അവള്‍ക്കുള്ളതു തന്നെ നിരഞ്ജന്‍,അതെല്ലാം എപ്പോഴേ ഫിക്സെഡില്‍ കിടക്കുന്നു..”
ദിവ്യ നിരഞ്ജനെ സൂക്ഷിച്ചു നോക്കി.തന്റെ നിരഞ്ജന്‍ തന്നെയോ ഇത്..?അവനു മറ്റേതോ മുഖമാണെന്നു തോന്നി...... തന്നെ കാണുമ്പോള്‍ തിളങ്ങുന്ന കണ്ണുകളില്‍ നിറഞ്ഞ സ്നേഹവുമായി നില്‍ക്കുന്ന മുഖമല്ല ഇത്.ഇതവന്‍ കടയിലെ ക്യാഷ് കൌണ്ടറില്‍ നിന്ന് പണമെണ്ണുമ്പോഴുള്ള മുഖം !!!!.. അതേ ഗൌരവം കണ്ണുകളില്‍ !!!.ഇല്ല ഈ നിരഞ്ജനെയല്ല രണ്ടുവര്‍ഷമായി താന്‍ നെഞ്ചിലേറ്റി നടന്നത്..ഇവന്റെ ഭാര്യയാകാനല്ല താന്‍ സ്വപ്നം കണ്ടു നടന്നത്.. എനിക്കു നിന്റെ സ്നേഹം മാത്രം മതിയെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുള്ള നിരഞ്ജന്‍ എവിടെ പോയി..?
“നമുക്ക് പോകാം അമ്മേ..” ദിവ്യ പെട്ടെന്ന് പോകാനായി എഴുന്നേറ്റു..
“എന്തു പറ്റി..ഞങ്ങള്‍ സംസാരിച്ചു തീര്‍ന്നില്ലല്ലോ മോളേ..നിരഞ്ജന് അവന്റെ അച്ഛനോട് കാര്യങ്ങള്‍ പറയേണ്ടേ..?
“ എന്തു കാര്യങ്ങള്‍...?ഇവനല്ലമ്മേ ഞാന്‍ പറഞ്ഞ നിരഞ്ജന്‍ ...ഇത് വേറെയാരോ ആണ്..ഇവനെയല്ല ഞാന്‍ സ്നേഹിച്ചത്...
എന്തു പറ്റി നിനക്ക്..”ശ്രീലത ദിവ്യയുടെ ഭാവമാറ്റം കണ്ട് അമ്പരന്നു... .പിന്നെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു നടക്കാന്‍ തുടങ്ങിയ മകളെ പിന്തുടര്‍ന്നു...
“ദിവ്യാ നില്‍ക്ക്...”നിരഞ്ജന്‍ പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു
ദിവ്യ അതു ശ്രദ്ധിക്കാതെ അമ്മയെകൂട്ടി തിരക്കിട്ടു പുറത്തേക്കു നടന്നു
16.2.09
തിരശ്ശീല മാറുമ്പോള്‍
“ഇനി മോന് നടക്ക് പപ്പാക്ക് തോള് വേദനിക്കുന്നടാ………..“എന്നു പറഞ്ഞ് അവനെ താഴെയിറക്കി
അവനെയും കൈ പിടിച്ച് നടക്കുമ്പോഴേ പെട്ടെന്നു സന്ധ്യയായി.അന്തരീക്ഷം ഇരുളുകയും ചെയ്തു…...നല്ല ഇരുട്ട്.ഇത്ര പെട്ടെന്ന്..ചുറ്റും ഒന്നും കാണാന് വയ്യാ.. എപ്പോഴോ മോന്റെ കൈയ്യിലുള്ള പിടുത്തം നഷ്ടപ്പെട്ടു പോയി..
“ആല്‍ബീ..” അവനെ ഉറക്കെ വിളിച്ചു
“പപ്പാ”..ദൂരെയെവിടെ നിന്നോ അവന്റെ ശബ്ദം കേട്ടു
അവന് വീണ്ടും വിളിക്കുന്നുണ്ട്, വളരെ ദൂരെ നിന്ന്...അവന് എങ്ങനെ ഇത്ര ദൂരെയായിപ്പോയി…..?ഇപ്പോള്‍ തന്റെ കൈ പിടിച്ചു നടന്നിരുന്നതല്ലേ..പരിഭ്രാന്തിയൊടെ വീണ്ടും വീണ്ടും തോമസ് അവനെ വിളിച്ചു കൊണ്ട് കല്ലറകള്‍ക്കിടയിലൂടെ പാഞ്ഞു…..എവിടെയൊക്കെയോ തട്ടി വീഴുകയും ചെയ്തു.
“ആല്‍ബീ” അയാള് സര്‍വ ശക്തിയുമെടുത്ത് വിളിച്ചു.. പക്ഷേ ശബ്ദം പുറത്തു വരാത്തപോലെ..അതോ ഏതോ വികൃതമായ ശബ്ദമായി പുറത്തു വന്നോ..?
പെട്ടെന്ന് തോമസ് ഞെട്ടി കണ്ണുതുറന്നു………..താന് കിടക്കയിലാണ്. .ആല്‍ബര്‍ട്ടിന്റെ മുറിയില്‍ വെളിച്ചമുണ്ട് സ്വപ്നമായിരുന്നോ അത്..?
ശബ്ദം കേട്ട് അടുത്ത മുറിയിലിരുന്ന് പഠിക്കുകയായിരുന്ന ആല്‍ബര്‍ട്ട് വന്നു നോക്കി യാതൊരു ഭാവഭേദവും കൂടാതെ തിരിച്ചു പോയി.
സ്വപ്നത്തില്‍ അവന്‍ ഒരു കൊച്ചു കുഞ്ഞായിരുന്നല്ലോ..തന്റെ തോളില്‍ തലചായ്ച്ചു കിടന്നിരുന്ന നേഴ്സറിക്കാരന്‍.പ്ലസ്- റ്റുവിന് പഠിക്കുന്ന അവന് കൊച്ചു കുട്ടിയായതെങ്ങിനെ…?തങ്ങള് പോയത് ടീനയുടെ കല്ലറക്കരികിലേക്കു തന്നെയാണ്.ടീന മരിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല.ബെഡ് ലൈറ്റിട്ട് സമയം എത്രയാണെന്നു നോക്കി .മണി പതിനൊന്നര കഴിഞ്ഞിട്ടേ ഉള്ളു.വല്ലാത്ത ദാഹം മേശപ്പുറത്തിരുന്ന ജഗ്ഗില് നിന്ന് വെള്ളം എടുത്ത് കുടിച്ച് ലൈറ്റ് അണച്ച് വീണ്ടും വന്നു കിടന്നു… സീലിങ്ങിലേക്ക് നോക്കി കിടക്കുമ്പോള് ഓര്‍ത്തു ആല്‍ബര്‍ട്ട് എത്ര മാറിപ്പോയി.ടീന മരിച്ചതില്‍പ്പിന്നെ അവന് തന്നോട് ശരിക്കു സംസാരിച്ചിട്ടുപോലുമില്ല ..സംസ്കാരം കഴിഞ്ഞ് തന്റെ മുറിയില് വന്ന് പരസ്പര ബന്ധമില്ലാതെന്തോ പുലമ്പിയതൊഴിച്ചാല്‍..
എന്തൊക്കെയാണ് അന്നവന്‍ പറഞ്ഞത്..താനാണ് മമ്മിയുടെ ആത്മഹത്യക്കു കാരണക്കാരന്‍ എന്നാണവന് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല.
പിന്നെ രണ്ടുദിവസം കഴിഞ്ഞ് ലീവ് ശരിയാക്കാന് വന്ന സഹപ്രവര്‍ത്തകന്‍ നൌഷാദിനോട് ആല്‍ബര്‍ട്ടിന്റെ പ്രശ്നം അവതരിപ്പിച്ചു.നൌഷാദ് സഹപ്രവര്‍ത്തകന്‍ എന്നതിലുപരി കുടുംബ സുഹൃത്തു കൂടിയാണ്.അടുത്ത ദിവസം ജാസ്മിനെക്കൂട്ടി വന്ന നൌഷാദ് ആല്‍ബര്‍ട്ടുമായി സംസാരിച്ചപ്പോഴാണ് അവന്റെ മനസ്സില് ചിലര്‍ വിതച്ച വിഷവിത്തിന്റെ കാഠിന്യം മനസ്സിലായത്.ടീനയുട സംസ്കാരദിവസം തന്റെ ഓഫീസിലെ രമണിയും സുമയും തമ്മില്‍ അടക്കം പറയുന്നത് അവന്‍ കേള്‍ക്കാന് ഇടയായത്രേ..
“തോമസിന്റെ കയ്യില്‍ നിന്നെന്തെങ്കിലും കുഴപ്പം വന്നു കാണും.അല്ലാതെ ടീനയെപ്പോലൊരു പെണ്ണിന് ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ“ എന്ന്..നാവിന് എല്ലില്ലാത്ത സഹ പ്രവര്‍ത്തകമാരുടെ ഉപകാരം ഒരു കൌമാര മനസ്സിനെ എത്ര തകര്‍ത്തു കളഞ്ഞു..നൌഷാദ് എത്ര മനസ്സിലാക്കുവാന് ശ്രമിച്ചിട്ടും ആല്‍ബര്‍ട്ട് അംഗീകരിക്കുവാന് കൂട്ടാക്കിയില്ല.അവന് തന്റെ ധാരണയില് നിന്നും അണുവിടപോലും മാറിയില്ല.
“പപ്പയുടെ കൂട്ടുകാരന്‍ പിന്നെ പപ്പയെ ന്യായീകരിക്കുവാനല്ലേശ്രമിക്കൂ…ഇനി വേണമെങ്കില്‍ വേറെ കല്യാണവും കഴിക്കാന്‍ പറ കൂട്ടുകാരനോട് ” അതായിരുന്നു അവന്റെ മറുപടി
ആല്‍ബിക്ക് എത്ര സ്നേഹമായിരുന്നു നൌഷാദിനോട്.ഇങ്ങനെ കയര്‍ത്തു സംസാരിക്കുന്നത് കേട്ട് നൌഷാദും വല്ലാതായി..
“സാരമില്ല തോമസ് എല്ലാം കലങ്ങിത്തെളിയും “എന്നു പറഞ്ഞാണ് അവര് യാത്രയായത്…
മൂന്നാഴ്ചത്തെ ലീവ് കഴിഞ്ഞു ജോലിക്കു പോകുമ്പോഴും ആല്‍ബര്‍ട്ടിന് വലിയ മാറ്റമില്ലായിരുന്നു.പഠിത്തത്തില്‍ അലംഭാവം കാണിച്ചില്ല എന്നത് മാത്രമായിരുന്നു ഒരു ആശ്വാസം..
പിറ്റെ ദിവസം ഓഫീസില് വച്ച് കണ്ടപ്പോഴും നൌഷാദ് ആല്‍ബര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു.എന്തു പറയാന്‍.? ദിവസം ചെല്ലുംതോരും അകല്‍ച്ച കൂടിവരുമ്പോള്..ടീന ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതു വരെയൊന്നും കണ്ടുപിടിക്കാനും പറ്റിയിട്ടും ഇല്ല.അവളുടെ ഓഫീസിലും അന്വേഷിച്ചിരുന്നു.ആര്‍ക്കും ഒന്നും പറയാനില്ല
ഒടുവില് നൌഷാദ് ചോദിച്ചു.
“തോമസ് ഞാന്‍ ആല്‍ബര്‍ട്ടിന്റെ സംശയം തീര്‍ത്തുകൊടുക്കട്ടെ.ടീനക്കെന്തു സംഭവിച്ചതെന്താണെന്നറിഞ്ഞാല്‍ ആല്‍ബിയുടെ തെറ്റിധരണ മാറുമല്ലോ.എനിക്കറിയാം ടീന മരിക്കാനുണ്ടായ കാരണം“
“എന്താ നൌഷാദ് നീയിപ്പറയുന്നത്..നിനക്കെങ്ങനെയറിയാം..?” അമ്പരപ്പോടയാണ് ചോദിച്ചത്
“ഇത്രയും ദിവസം എന്നെ മറച്ചു വെക്കാന് നിനക്കെങ്ങിനെ സാധിച്ചു..?
നൌഷാദ് പറഞ്ഞകേട്ട് തകര്‍ന്നു പോയി.
ടീന മരിക്കുന്ന അന്ന് ഒരു അവധി ദിവസമായിരുന്നു.തോമസും ആല്‍ബിയും പുറത്തെവിടെയോ പോയിരിക്കുകയക്കയായിരുന്നു.അന്ന് ഉച്ചകഴിഞ്ഞ് നൌഷാദും ജാസ്മിനും വീട്ടില് വന്നപ്പോഴ്.ടീന തനിച്ചായിരുന്നില്ല .വീട്ടില് കിടക്കമുറിയില് അവളുടെ ബോസ്സും ഉണ്ടായിരുന്നു.
“രക്ഷപ്പെടാനാവാത്ത കുരുക്കില് പെട്ടുപോയി…അയാള് എന്നെ ഒരു ട്രാപ്പില് പെടുത്തുകയായിരുന്നു” എന്നു പറഞ്ഞ് ടീന കരഞ്ഞു
“പരിഹാരം ഉണ്ടാക്കാം “എന്നു പറഞ്ഞാണ് നൌഷാദും ജാസ്മിനും പോയത്.പക്ഷേ അന്നു തന്നെ ടീന അതിനൊരു പരിഹാരം കണ്ടു.ജീവിതത്തില് നിന്ന് ഒളിച്ചോടിക്കൊണ്ട്…തരിച്ചിരുന്നു പോയി.കുറച്ചു നാളുകളായി അവള്‍ക്കെന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്നു…ഓഫീസില് കുറച്ച് ടെന്‍ഷന് ഉണ്ട് എന്നയിരുന്നു മറുപടി..പക്ഷേ..ഇത്…
“ഇതു സത്യമോ നൌഷാദ്..?” അറിയാതെ ചോദിച്ചുപോയി
.”തോമസ് നിന്നോട് ഇതൊരിക്കലും പറയണ്ട എന്നു വിചാരിച്ചിരിക്കുകയായിരുന്നു.പക്ഷേ ആല്‍ബര്‍ട്ട്…അവനെ നമുക്ക് വീണ്ടെടുക്കണ്ടേ..?”മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.എങ്കിലും പറഞ്ഞു
“വേണ്ട നൌഷാദ്..അവന്റെ മമ്മിയെപ്പറ്റി നല്ലൊരു ചിത്രം അവന്റെ മനസ്സിലുണ്ട് .അതിന് ഇനി മങ്ങലേല്‍പ്പിക്കണ്ട്”
“ഇല്ല തോമസ് ഇത് പറയാതിരുന്നാല് ശരിയാവില്ല” നൌഷാദ് സമ്മതിച്ചില്ല
തകര്‍ന്ന മസസ്സുമായാണ് വീട്ടിലേക്ക് പോയത്.
ടീനയുടെ മരണമണോ അതോ ഈ പുതിയ വാര്‍ത്തയണോ തന്നെ കൂടുതല് തര്‍ത്തത്..?
വീട്ടില് ചെന്നു കയറിയപ്പോള് ആല്‍ബി വീട്ടില് ഉണ്ട്.ടീനയുടെ പെട്ടി വലിച്ചു വാരിയിട്ട് പരിശോധിക്കുകയാണ് അവന്.നൌഷാദ് അവനെ വിളിച്ച്, കാര്യങ്ങള്‍ അറിയിച്ചെന്നു പെട്ടെന്ന് മനസ്സിലായി.അങ്ങോട്ടു നോക്കാനേ പോയില്ല.അല്ലെങ്കിലും ഈയിടെ താന്‍ ഓഫീസില് നിന്നു വരുന്നതൊന്നും അവന് ശ്രധിക്കാറെ ഇല്ല.
ഡ്രെസ്സ് മാറിക്കൊണ്ടിരിക്കുമ്പോള്“പപ്പാ” എന്ന അവന്റെ വിളികേട്ടാണ് അവനടുത്തേക്ക് ചെന്നത്..എത്ര നാള്‍കൂടിയാണ് അവനങ്ങനെയൊന്നു വിളിക്കുന്നത്…ടീനയുടെ ഒരു ഡയറി കയ്യില് പിടിച്ച് ചോദ്യഭാവത്തില് നോക്കുന്നുണ്ട്..ചുണ്ടുകള് വിതുമ്പുന്നു…
ഒന്നും പറയാതെ തന്റെ തോളിലേക്ക് ചാഞ്ഞ് അവന്‍ തേങ്ങിക്കൊണ്ടിരുന്നു..കഴിഞ്ഞ ദിവസം കണ്ട സ്വപ്നത്തിലെ മൂന്നു വയസ്സുകാരനെപ്പോലെ…
30.1.09
മഞ്ഞുരുകുമ്പോള്‍....
ഏകദേശം പതിമൂന്നു വര്ഷങ്ങള്ക്കു മുന്പ് മോഹന്റെ അടുത്ത് ജോര്ജിന് സൂസനെ ചികിത്സക്കു കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്..കടുത്ത വിഷാദ രോഗിയായിരുന്നു..സൂസന്‍ അപ്പോള്…കുറച്ചു നാള് കൌണ്സിലിങ്ങും മറ്റുമായി കഴിഞ്ഞു.പക്ഷേ കാര്യമായ ഫലം കണ്ടില്ല.ഒടുവില് മോഹന്‍ തന്നെയാണ് പ്രതിവിധി പറഞ്ഞു തന്നത്.
“എങ്കില്‍പ്പിന്നെ ദത്തെടുക്കുന്നതിനെ പറ്റി ചിന്തിച്ചു കൂടെ ജോര്ജ്..?”
“ചിന്തിക്കാതിരുന്നിട്ടല്ല..സൂസനോട് എങ്ങനെ പറയും എന്നോര്ത്തിട്ടാണഎന്തു സജ്ജഷന് പറഞ്ഞാലും എന്റെ കുഴപ്പമല്ലെ എന്നു പറഞ്ഞു രണ്ടു മൂന്നു ദിവസം കരഞ്ഞു കൊണ്ടു നടക്കും.പിന്നെ വല്ലാത്ത മ്ലാനതയായിരിക്കും കുറച്ചു ദിവസത്തേക്ക്”
ഒടുവില് മോഹന്‍ തന്നെ കാര്യം അവളുടെ മുന്നില്‍ അവതരിപ്പിച്ചു.
ആദ്യമായി മണിക്കുട്ടിയെ കാണാന്‍ പോയദിവസം ഇന്നും മനസ്സിലുണ്ട്..നാലു മാസം പ്രായംആയിരുന്നു അവള്‍ക്കപ്പോള്‍ .സൂസന്‍ ചുമ്മാ ഒന്നു കൈ നീട്ടിയതേയുള്ളു,മണിക്കുട്ടി കുതിച്ചു ചാടി അവളുടെ ഒക്കത്തേക്കു ചെന്നു.അന്ന് അവിടെ നിന്നു തിരിച്ചു പോരുവാന്‍ പോലും മനസ്സുണ്ടായിരുന്നില്ല സൂസന്. നിയമ നടപടികള്‍ ശരിയാക്കി മോളെ കയ്യില് കിട്ടുമ്പോഴെക്കും സ്ഥലം മാറ്റവും ശരിപ്പെടുത്തിയെടുത്തിരുന്നു.
വര്ഷങ്ങളെത്ര കഴിഞ്ഞു .ഒരു കുഴപ്പവും ഇല്ലാതിരുന്ന സൂസന്‍ ദാ ഇപ്പോള് വീണ്ടും മോഹന്റെ രോഗിയായി വന്നിരിക്കുന്നു.എന്തെല്ലാം നുണ പറഞ്ഞിട്ടാണ് മണിക്കുട്ടിയെ ഈ യാത്രയില് നിന്നും ഒഴിവാക്കിയത്.മോഹനങ്കിളിന്റെ വീട്ടിലേക്കാണെന്നറിഞ്ഞാല്‍ അവള്‍ സമ്മതിക്കില്ല.കൂടെ പോരണം എന്ന് പറഞ്ഞ് വാശിപിടിക്കും.അമ്മക്ക് എന്തൊ സുഖമില്ലായ്കയുണ്ടെന്നു അവള്ക്കും തോന്നിയിരുന്നു.
ഒരു ദിവസം മണിക്കുട്ടി വന്നു ചോദിച്ചു
“പപ്പാ ഈ അമ്മക്ക് എന്താ പറ്റിയത്..എന്നോട് ചോദികുവാ…നീ എന്നെ വിട്ടു പോകുമോ എന്ന്…? നല്ല തമാശ അല്ലേ എന്നെ പന്ത്രണ്ട് വയസ്സില് കല്യാണം കഴിപ്പിച്ചു വിടാന്‍ പോകുകയാണോ പപ്പാ..?”
അവളങ്ങനെയാണ് ഒരു പതിനെട്ടുകാരിയുടെ പക്വതയാണ് വാക്കിലും പ്രവൃത്തിയിലും
നെഞ്ചില് ഒരു വെള്ളിടി വെട്ടിയതാണ് തോന്നിയത്.ഭാവഭേദം കാണിക്കാതെ പറഞ്ഞു.
“മോളെ ,അമ്മ നിന്നെ കളിപ്പിക്കാന്‍ പറഞ്ഞതായിരിക്കും“
മണിക്കുട്ടിയെ കയ്യില്‍ തരുമ്പോഴുള്ള നിബന്ധനകളില് ഒന്നായിരുന്നു,കുട്ടിയെ അഞ്ചു വയസ്സിനുള്ളില്‍ സാവധാനം അറിയിച്ചിരിക്കണം തങ്ങളല്ലാ അവളുടെ അച്ഛനും അമ്മയും എന്ന്.
അവള്‍ നാലുവയസ്സും അഞ്ചു വയസ്സും എല്ലാം കടക്കുമ്പോഴും സൂസനെ അതോര്‍പ്പിച്ചു കൊണ്ടിരുന്നതുമാണ്.
“എനിക്കു വയ്യ ……എങ്ങനെ എന്റെ മോളോട് ഇതു പറയും“ എന്നു പറഞ്ഞ് സൂസന്‍ വിലപിക്കാന്‍ തുടങ്ങും.അങ്ങനെ മണിക്കുട്ടിയുടെ പിറന്നാളുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.പന്ത്രണ്ടാം പിറന്നാള് കഴിഞതിന്റെ പിറ്റേദിവസം താന്‍ കര്‍ശന നിലപാടെടുത്തതാണ് സൂസനെ പെട്ടെന്നു താളം തെറ്റിച്ചത്.
മോഹനെ കണ്ടതിനു ശേഷം അവള്ക്ക് കുറച്ചൊരു ആശ്വാസം ഉണ്ടെന്നു തോന്നി.തിരിച്ചു വീട്ടില് വന്നു കയറിയപ്പോള് മണിക്കുട്ടി റ്റ്യൂഷന്‍ കഴിഞ്ഞു വന്ന് പപ്പയേയും അമ്മയെയും കാത്ത് ബാല്ക്കണിയിലെ കസേരയിലിരിപ്പുണ്ട്
“എന്തു പറഞ്ഞു..ഡോക്ടറെ കണ്ടോ…?”
മണിക്കുട്ടിയുടെ ചോദ്യം കേട്ടപ്പോഴേ സൂസന്റെ ഭാവം വീണ്ടും മാറി കണ്ണുനീര്‍ തുടച്ചു കൊണ്ട് മുറിയിലേക്കു പോകുന്ന സൂസനെ അവളാദ്യം കാണുന്ന പോലെ നോക്കി..
“പപ്പാ…?”മണിക്കുട്ടി ചോദ്യ ഭാവത്തില് വിളിച്ചു..അമ്മക്കെന്താ കുഴപ്പം..? ഒരു ഡിപ്രഷന്‍ പോലെ…?”
“പറയാം, മോളു വാ…”
അവളെയും കൊണ്ട് പതുക്കെ തൊടിയിലേക്കു നടന്നു.“.നമുക്കിവിടെ കുറച്ചു നേരം ഇരുന്നാലോ മോളേ…?”
ചാമ്പ മരത്തിന്റെ അടുത്തെത്തിയപ്പോള് ചോദിച്ചു
“വാ ..പപ്പാ “അവളവിടെ ഇരുന്നു കഴിഞ്ഞു
അവിടെ വച്ച് അവളോട് മനസ്സു തുറന്നു…പതിമൂന്നു വര്‍ഷം മുന്പ് അമ്മ വിഷാദ രോഗിയായ കഥ..അതിന് മോഹനങ്കിളിന്റെ അടുത്ത് അമ്മയെ ചികിത്സിച്ച കഥ…പന്ത്രണ്ട് കൊല്ലം മുന്പ് കയ്യിലേക്കുവന്ന നാലു മാസം പ്രായമായ നിധിയുടെ കഥ…
മണിക്കുട്ടി ആദ്യം എല്ലാം ഒരു കഥ കേല്ക്കുന്ന കൌതുകത്തോടെ കേട്ടു കൊണ്ടിരുന...പിന്നെപ്പിന്നെ ഒരു പകപ്പ് അവളുടെ മുഖത്തു കാണായി . അവസാനമുണ്ടാകാന്‍ പോകുന്ന പ്രതികരണം ഓര്‍ത്ത് കഥ മുഴുമിപ്പിക്കുവാന്‍ നന്നേ ബുധിമുട്ടി…
കഴിഞ്ഞു..എല്ലാം പറഞ്ഞു കഴിഞ്ഞു …ഇനി എന്റെ കുഞ്ഞിന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കാന്‍ ധൈര്യം ഇല്ലാ…
ഒരു നിമിഷം..മണിക്കുട്ടി മൌനമായി നിന്നു…പെട്ടെന്ന് ഒന്നും പറയാതെ വീട്ടിലേക്കോടി…
ഇനിയെങ്ങനെ അവളെ അഭിമുഖീകരിക്കും….അവളുടെ പ്രതികരണം എന്തായിരിക്കും…?
കനത്ത കാല്‍ വെയ്പ്പുകളോടെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ സൂസന്‍ കിടക്കുന്ന മുറിയില്‍ നിന്നും മണിക്കുട്ടിയുടെ തേങ്ങല് കേട്ടു…
“ എന്തിനാ അമ്മേ എന്നോടിക്കാര്യം പറയാന് എന്റെ അമ്മ ഇത്രയും വിഷമിച്ചത്….മണിക്കുട്ടി കുട്ടിയായിരിക്കുംപ്പോഴേ അങ്ങു പറയായിരുന്നില്ലേ…ഒരിക്കല് തനിച്ചിരുന്നു വിഷമിച്ച അമ്മക്ക് ഒരു മാലാഖ കൊണ്ടുത്തന്നതാണ് എന്നെ എന്ന്....എന്റെ അമ്മക്കുട്ടി ഇത്രയും വര്ഷം ഇതും മനസ്സില് വെച്ച് വിഷമിച്ചു നടക്കുകയായിരുന്നല്ലോ…”
സാവധാനം നടന്നടുക്കുമ്പോള് കണ്ടു........ പന്ത്രണ്ടു വര്ഷത്തെ മഞ്ഞുരുകുന്ന കാഴ്ച….മണിക്കുട്ടിയുടെ മടിയില്‍ കൊച്ചു കുട്ടിയെപ്പോലെ കിടക്കുന്ന സൂസന്‍…അവളെ ആശ്വസിപ്പിക്കുന്ന മണിക്കുട്ടി…പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള തങ്ങളുടെ…സ്വന്തം മണിക്കുട്ടി…
17.1.09
വനജക്ക്
വനജ എന്റെ പ്രൈമറി സ്കൂള്‍ കാലത്തെ പ്രിയകൂട്ടുകാരിയായിരുന്നു.എന്തുകൊണ്ടൊ ഈയിടെ അവള് മനസ്സിലേക്കുവരുന്നു.ഒരിക്കല്‍ .അവളുടെ കൂടെ കായലു കാണാന്‍ പോയ കാര്യം ഓര്‍ക്കുമ്പോള്‍ ഇന്നും ചിരിവരും.കായല്‍ക്കരയിലാണ്‍ അവളുടെ വീട്..
വനജ അവളുടെ അച്ചന്‍ മീന്‍ പിടിക്കാന്‍ പോകുന്ന കാര്യമൊക്കെ എന്നോട് പറയും.മണ്ണെണ്ണ വിളക്കുമായി വലക്കു പോകുന്ന വീശേഷങ്ങള്‍,മീന്‍ പിടിച്ചുവരുന്ന അച്ചനെ കാത്ത് കരയില്‍ അവരു നില്‍ക്കുന്നത്…ഞാന്‍ ആരാധനയോടെ ഈ കഥകളെല്ലാം കേട്ടിരിക്കും.കായല്‍ കരയിലുള്ള അവളുടെ വീടുകാണുവാന്‍ എനിക്ക് കൊതിയായി.പക്ഷേ എങ്ങനെ പോകും.വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ല എന്നുറപ്പാണ്‍.പക്ഷേ എനിക്ക് പോയേ പറ്റൂ.അവളുതന്നെ അതിനുള്ള പ്രതിവിധിയും പറഞ്ഞു തന്നു. ഓണപരീക്ഷ അടുത്ത സമയം.ഉച്ച കഴിഞ്ഞാണ്‍ ഞങ്ങള്‍ക്കു പരീക്ഷ..പരീക്ഷ വേഗം എഴുതിയിട്ട് കായലു കാണാന്‍ പോകാം
വനജയുടെ വീട്ടിലേക്കുള്ള വഴി എന്റെ വീടിന്റെ ഒരു വശത്തുള്ള ഒരു ഊടുവഴിയിലൂടെ പടിഞ്ഞറന്‍ ദിശയില്‍ .ഒരു മുക്കാല്‍ മണിക്കൂറ് നടക്കണം വീടിന്റെ വശത്ത് മതിലുണ്ട് .പക്ഷേ പൊക്കമില്ല.അവിടെക്കൂടെ പോ കുമ്പോള്‍ ഞാന്‍ പിടിക്കപ്പെടുവാന്‍ സാധ്യതയുണ്ട്.
അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞ് ഞാനും വനജയും കൂട്ടുകാരികളും കൂടി പതുങ്ങി പതുങ്ങി എന്റെ വീടും കടന്ന് വനജയുടെ വീട്ടിലേക്ക് യാത്രയായി.വനജ മാത്രമല്ല വേറെയും കുട്ടികളുണ്ട് കായലിനടുത്തു താമസിക്കുന്നവര്‍.കുറെ നടന്നാപ്പോള്‍ കായലു കാണാറായി.വിസ്തൃതമായ കായല്‍…അങ്ങു ദൂരെ തെങ്ങിന്‍ കാടുകള്‍ തിങ്ങി നില്‍ക്കുന്ന മറുകര..കായലില്‍ അങ്ങിങ്ങു ചീനവലകള്‍..കായല്‍ക്കരയില്‍ കൊച്ചു കൊച്ച് വീടുകള്‍.കരയില്‍ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങള്‍..ഞാന്‍ ആ അത്ഭുതലോകം കണ്ട്കൊണ്ടിരുന്നു..അവിടെയുള്ള കുറെ വീടുകളിലേക്കു ചൂണ്ടി വനജ പറഞ്ഞു
‘ ഈ കാണുന്നത് എന്റെ വീട്,അതു കുമാരിയുടേത്,അതിനപ്പുറത്ത് വത്സയുടേത്”
അപ്പോഴാണ്‍ അവളുടെ അമ്മ വരുന്നത്.എന്നെ കണ്ടപ്പോഴേക്കും അവര്‍ അന്തം വിട്ടു,,
“,ഈ കൊച്ച് എങ്ങനെ ഇവിടെ വന്നടീ വനജേ” എന്നായി
എന്റെ കൂടെ വന്നതാമ്മേ കായലു കാണാന്‍”
മോളു വീട്ടില്‍ പറഞ്ഞിട്ടാണോ വന്നത്” അവരെന്നോടു ചോദിച്ചു
“അ….ല്ല” ഞാന്‍ വിക്കിവിക്കി പറഞ്ഞു
‘വേഗം ഇതിനെ വീട്ടില്‍ കൊണ്ടുവിടടീ..ഇത്രയും ദൂരെ വീട്ടില്‍ പറയാതെ കൊണ്ടുവന്നിരിക്കുന്നോ..അതിന്റെ വീട്ടുകാരറിഞ്ഞാല്‍ ഞാന്‍ പഴികേള്‍ക്കേണ്ടിവരും.“
“വേഗം പൊക്കോ മോളേ” അവര്‍എന്നെ നോക്കി പറഞ്ഞു
.അങ്ങനെ ഞങ്ങള്‍ തിരികെ പോകുവാന്‍ തുടങ്ങി.പോരാന്‍ നേരം ഞാന്‍ വനജയോടു പറഞ്ഞു “അമ്മയോടു ഒന്നു പറ വനജേ വീട്ടില്‍ വരുമ്പോള്‍ ഇക്കാര്യം പറയരുതെന്ന്”(അവളുടെ അമ്മ എന്റെ വീട്ടിലെ സ്ഥിരമ്മായി വരുന്ന മീന്‍ കച്ചവടക്കാരിയാണ്‍)
അതെല്ലാം ഞാന്‍ ശരിയാക്കിക്കൊള്ളാം നീ പേടിക്കേണ്ട എന്ന വനജ.
പക്ഷേതിരിച്ചു പോരുമ്പോള്‍ ഒരു അത്യാഹിതം സംഭവിച്ചു. ഞാന്‍ വനജയുടെ കൂടെ പടിഞ്ഞറുനിന്ന് വരുന്നത് എന്റെ ചേച്ചി കണ്ടു പിടിച്ചു
“എവിടെപ്പോയതാടി അവള്‍ടെ കൂടെ?” ചേച്ചിയുടെ ചോദ്യം..
ഇതു കേട്ടതോടെ വനജ ഒരു ഒറ്റ ഓട്ടം
.ഞാന്‍ പതുക്കെ പറഞ്ഞു
“വനജയുടെ വീട്ടില്‍”
“ആ..ഹാ..അത്രക്കയോ ആരോടുചോദിച്ചിട്ടാ നീപോയത്?“
ഞാന്‍ ഉടനെ എന്റെ സാധാരണ അടവെടുത്തു…ഒറ്റക്കരച്ചില്‍.അതോടെ ചേച്ചി അലിഞ്ഞു.
നാലാം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഹൈസ്കൂളിലീക്കു മാറി .വനജയു ഞാനും വേറെ,വേറെ ക്ലാസ്സുകളിലായി…എങ്കിലും ഞങ്ങള്‍ ഇടക്കൊക്കെ കാണുമായിരുന്നു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്‍ ആ സംഭവം കുട്ടികള്‍ പറഞ്ഞ് അറിഞ്ഞത്.വനജ അടുത്ത വീട്ടിലെ പയ്യനുമായി ഒളിച്ചോടിപ്പോയി..സാമാന്യം പഠിക്കുമായിരുന്ന വനജയുടെ പഠിത്തം അതോടെ തീര്‍ന്നു
പിന്നെ ഞാന്‍ കുറച്ചു വര്‍ഷങ്ങളോളം ശേഷം അവളെ കണ്ടതേയില്ലാ.
ഞാന്‍ പ്രീ-ഡിഗ്രിക്കു മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയം.ഒരുച്ചകഴിഞ്ഞ് രണ്ടര മണികഴിഞ്ഞു കാണും .ഞാന്‍ ഉച്ച ഭക്ഷണം ഒന്നും കഴിക്കാതെ വെയിലത്ത് ദാഹിച്ച്,വിശന്ന് ബസ്സിറങ്ങി വീട്ടിലേക്കു വരികയാണ്‍.വീടിന്റെ ഉമ്മറത്ത് അമ്മ ഏതോ മീന്‍കാരിയോടെ മീന്‍ വാങ്ങി പൈസ കൊടുക്കുന്നു.ഞാന്‍ നടന്നു നടന്നു വീടിന്റെ നടവരെ എത്തി. മീന്‍ കാരി തിരിഞ്ഞു നടന്നപ്പോഴാണ്‍ ഞാന്‍ ആ മുഖം കണ്ടത്…വനജ…
“വനജേ…നീ“…
അവള്‍ എന്നെ ദയനീയമായി നോക്കി.
.
ഞാന്‍ അവളെ അടിമുടി നോക്കി ഒരു പട്ടിണിക്കോലം.മുണ്ടും ബ്ലൌസുമാണ്‍ വേഷം...ആ ഭംഗിയുള്ള വലിയ രണ്ടു കണ്ണുകള്‍ തളര്‍ന്ന് തൂങ്ങിയിരിക്കുന്നു.
‘ജീവിക്കണ്ടെ റോസിലി” …രണ്ടു വയസ്സുള്ള ഒരു മകനുണ്ടെനിക്ക് “അവള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു
എന്റെ വിശപ്പും ദാഹവും എല്ലാം ഞാന്‍ മറന്നു..എനിക്ക് എന്തു പറയണം എന്നറിഞ്ഞു കൂടാ…
ഒരു നിമിഷം ഞാന്‍ അങ്ങനെ നിന്നു,,, പെട്ടെന്ന്‍ ബാഗ് നിലത്തു വെച്ചിട്ട് ഞാന്‍ പറഞ്ഞു.
വനജേ നീ നില്‍ക്ക്.നിനക്കു ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കാം
“വേണ്ടാ റോസിലി ഇനിയും കുറച്ചു കൂടി മീന്‍ ബാക്കിയുയുണ്ട് സമയം വൈകിയാല്‍ അത് മോശമാകും”എന്നു പറഞ്ഞ് അവള്‍ തിളക്കുന്ന വെയിലേക്ക് ഇറങ്ങി… പോകുമ്പോള്‍ അവളു ചോദിച്ചു
“റോസിലി ഇപ്പോള്‍ എവിടെയാ പഠിക്കുന്നത്”
“മഹാരാജാസില്‍” ഞാന്‍ മറുപടി പറഞ്ഞു.അവള്‍ അത് ശ്രധിച്ചില്ലെന്നു തോന്നി
എന്റെ ഭാവഭേദം മനസ്സിലാക്കാതെ അമ്മ പറഞ്ഞു. അവളാ എന്നും ഇവിടെ മീന്‍ കൊണ്ടു വരുന്നത്..നീ കോളേജില്‍ പോകുന്ന സമയത്തു വരുന്നകൊണ്ടല്ലേ നീ കാണാത്തേ...ഇന്നു കുറച്ചു വൈകി അതാ നീ കണ്ടത്.“
വനജ ഗേറ്റു കടന്നു പോയപ്പോള് ഒന്നു തിരിഞ്ഞു നോക്കി.ഞാന്‍ നടയില്‍ തന്നെ നില്‍ക്കുകയാണ്‍
പിന്നെ ഞാന്‍ അവള്‍ കാണുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‍.
പ്രവാസ ജീവിതിതത്തിനിടയില്‍ ഇടക്കെപ്പോഴോ നാട്ടില്‍ വന്നപ്പോഴ് ,ഒരിക്കല്‍ ഞാന്‍ എന്റെ മക്കളുമായി എര്‍ണാകുളത്ത് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.. അപ്പോള്‍ കലപില്‍ സംസാരിക്കുന്ന കുറേ സ്ത്രീളുടെ കൂട്ടത്തില്‍ ഒരു പരിചയമുള്ള ശബ്ദം.ഞാന്‍ പെട്ടെന്നു തിരിഞ്ഞു നോക്കി..അത് അവളുതന്നെ…വനജ.
പണ്ടു കണ്ട ദയനീയ ഭാവം ഒന്നും ഇല്ല…കുറെ അരയത്തികളുടെ കൂടെ സംസാരിച്ചു നില്‍ക്കയാണ്‍.
ഞാന്‍ പതുക്കെ അവളുടെ തോളില്‍ പിടിച്ചിട്ട് വിളിച്ചു..വനജേ….
ആദ്യം അവള്‍ക്കെന്നെ മനസ്സിലായില്ല.പെട്ടെന്ന്..അയ്യോ…റോസിലിയോ എന്ന് അതിശയത്തോടെ ചോദിച്ചു
ഞാന്‍ അവളോട് വിശേഷങ്ങളാരാഞ്ഞു
“നിന്റെ മോന്‍ എന്തു ചെയ്യുന്നു?“
“ഡിഗ്രിക്ക്…മഹരാജാസില്‍ പഠിക്കുന്നു..” അവള്‍ അഭിമാനത്തോടെ പറഞ്ഞു.“ഡിഗ്രിക്കോ….”? ഞാന്‍ അതിശയിച്ചു. എന്റെ മക്കള്‍ അപ്പോള്‍ പ്രൈമറി ക്ലാസ്സുകളിലാണ്‍.….പിന്നെയാണ്‍ ഓര്‍ത്തത് അവള്‍ പതിനഞ്ചു വയസ്സില്‍ അമ്മയായതാണല്ലോ എന്ന്
“എന്താ മെയിന്‍”? ഞാ ന്‍ ചോദിച്ചു
‘ഫിസിക്ക്സ്”
ഞാനും വനജയും തമ്മിലുള്ള സംസാരം ശ്രധിച്ചിരുന്ന എന്റെ മോന്‍ എന്നോട് ചോദിച്ചു
“ആരാ, അമ്മേ ഇത്?”
“ഇത് എന്റെ കൂട്ടുകാരി”
“അമ്മയുടെ ഫ്രെണ്ടോ..?” അവന്‍ അതിശയം
അതു കേട്ട് വനജ ചിരിച്ചു കൊണ്ടു പറഞ്ഞു
“കണ്ടൊ റോസിലി നമ്മള്‍ കൂട്ടുകാരായിരുന്നെന്ന് മോനു വിശ്വസിക്കാന്‍ പറ്റുന്നില്ല”
അവള്‍ മീന്‍ ഹോള്‍ സെയിലുകാരുടെ കയ്യില്‍ നിന്നും വാങ്ങി എറണാകുളത്ത്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ പോകുകയാണ്‍.
എനിക്കിറങ്ങാറായി റോസിലീ എന്നു പറഞ്ഞ് കലൂരായപ്പോള്‍, എന്റെ മകന്റെ കവിളില്‍ തോണ്ടിയിട്ട്,വനജ എന്ന അരയത്തി ധൃതിയില്‍ നഗരത്തിന്റെ തിരക്കിലേക്കിറങ്ങി