9.1.09

നിഹാരി മൌസി

നിര്ത്താതെയുള്ള കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉച്ച മയക്കത്തില്‍ നിന്നും കണ്ണ് തുറന്നത്. തൊട്ടിലില്‍ ഉറങ്ങുന്ന മോനെ ആ ശബ്ദം ഉണര്ത്തിയോ എന്നാണു ഞാന്‍ ആദ്യം നോക്കിയത്. ഇല്ല സമാധാനം. എന്ന് ആശ്വസിച്ചു കൊണ്ടു ഉച്ചയുറക്കം നഷ്ടപ്പെട്ടതിന്റെ ഈര്ഷ്യയില്‍ ഞാന്‍ ബാല്ക്കണിയിലേക്ക് നടന്നു. വാതില്‍ തുറന്നപ്പോള്‍ മെലിഞ്ഞു പല്ലുന്തിയ ഒരു സ്ത്രീ. നാല്പ്പലതു വയസ്സിനു മുകളില്‍ പ്രായം വരും. ചിരപരിചിതയെപ്പോലെ ചിരിക്കുന്നുണ്ട്.
“ക്യാ ചാഹിയേ..?”
എനിക്കറിയാവുന്ന തട്ടുമുട്ടു ഹിന്ദിയില്‍ ഞാന്‍ അവരോടു സംസാരിക്കുവാന്‍ ശ്രമിച്ചു.
അവര്‍ പക്ഷെ ഒറിയായിലാണ് മറുപടി പറയുന്നത്. എനിക്ക് അവര്‍ പറഞ്ഞതൊന്നും മനസ്സിലായില്ല. ഒരു വര്ഷമായി ഒറിസ്സയില്‍ താമസമെങ്കിലും ഹിന്ദി പോലും അത്ര വശമില്ലാത്ത എനിക്ക് എത്ര ശ്രമിച്ചിട്ടും അവര്‍ പറയുന്നത് മനസ്സിലാകുന്നില്ല. ഒടുവില്‍ ഞാന്‍ അടുത്ത വീട്ടിലെ ബെഹറയുടെ ഭാര്യയെ വിളിച്ചു വരുത്തി ഇവര്‍ പറയുന്നതെന്തെന്നു ചോദിച്ചു.
അവര്‍ ആ സ്ത്രീയോട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്‌. വീട്ടു വേലക്ക് വന്നതാണത്രേ. അപ്പോഴാണ്‌ തണുപ്പുകാലം തുടങ്ങിയപ്പോള്‍ മോനെ നോക്കലും വീടുജോലിയും ഒരുമിച്ചു കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ട് അനീനയോട് പറഞ്ഞ കാര്യം ഓര്മ വന്നത്‌. അവള്‍ പറഞ്ഞു വിട്ടതാണ് ഇവരെ. പേര് നിഹാരി. നിഹാരി മൌസി എന്നാണ് എല്ലാവരും വിളിക്കുന്നത്. ബംഗാളിയാണ്. ബംഗ്ലാദേശ രൂപീകരണ സമയത്ത്‌ ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശ അഭയാര്ഥി. ഇക്കൂട്ടര്‍ ഒറിസ്സയില്‍ ധാരാളമുണ്ട്. ഒട്ടു മിക്ക റിക്ഷാക്കാരും വീട്ടു ജോലിക്കാരും അവരാണ്.
പിറ്റേ ദിവസം മുതല്‍ നിഹാരി മൌസി വീട്ടില്‍ രണ്ടു നേരവും ജോലിക്ക് വന്നു തുടങ്ങി. മൌസിക്ക് ഹിന്ദി അറിയില്ല മാതൃഭാഷയായ ബംഗ്ലയും പിന്നെ ഒറിയയും മാത്രമേ അറിയൂ. എന്നോടു സംസാരിക്കുന്നത് മുഴുവനും ഒറിയയിലാണ്. സത്യം പറഞ്ഞാല്‍ രണ്ടു മൂന്നു മാസം കൊണ്ടു ഹിന്ദി ശരിക്കറിയാത്ത ഞാന്‍ ഒറിയ പഠിച്ചെടുത്തു.
എന്റെ മോനോടും മൌസി പെട്ടെന്ന്‍ അടുത്തു. അവന്‍ മൌസിയെ “മോച്ചീ” എന്ന് വിളിക്കുനത് കേള്ക്കു്മ്പോള്‍ ബാപ്പുന്നീ... എന്ന് വിളിച്ചു കൊണ്ടു അവനെ അവര്‍ എടുത്തുയര്ത്തും. പക്ഷെ ജോലി ചെയ്യുന്നത് ഒക്കെ ഒരു വകയാണ്. വേറെ ആളെ കിട്ടുന്നത് വരെ മൌസി നില്ക്കട്ടെ എന്ന് ഞാന്‍ വിചാരിച്ചു. ഒരു ദിവസം അവര്‍ പറഞ്ഞു.
”മാജീ.. എന്റെ പേരക്കുട്ടി ഹര്ഷനും ഇതേ പ്രായക്കാരനാണ്. ഒരു വയസ്സ്. ഇവന്റെ പഴയ ഉടുപ്പു വല്ലതും ഉണ്ടെങ്കില്‍ എനിക്ക് തരുമോ..? എന്റെ് ഹര്ഷന് കൊടുക്കുവാനാണ്.”
ഞാന്‍ എന്റെ മോന്റെ പഴയ ഉടുപ്പുകളും സ്വെറ്ററും മൌസിക്ക് കൊടുത്തു.
അവര്‍ അത് സന്തോഷത്തോടെ വാങ്ങിക്കൊണ്ടു പറഞ്ഞു.
“ഇതൊക്കെ ഇടുമ്പോള്‍ എന്റെങ ഹര്ഷനും ഒരു നല്ല വീട്ടിലെ കുട്ടിയെപ്പോലെ ഇരിക്കുമായിരിക്കും അല്ലെ മാജി...?”.
ഞാന്‍ മൌസിയോടു അവരുടെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ച ഒരു ദിവസം അവര്‍ കണ്ണീരോഴിക്കിക്കൊണ്ടു തന്റെ ജീവിത കഥ പറഞ്ഞു.
വീടും നാടും ഉപേക്ഷിച്ച ഇങ്ങോട്ടു കുടിയേറിയ അച്ഛനമ്മമാരെക്കുറിച്ച്, മൌസിയുടെ വിവാഹത്തിനു മുന്പ്, അവര്‍ രണ്ടുപേരും ഒരേ ദിവസം കെട്ടിടം പണിക്കിടെ അപകടത്തില്‍ മരിച്ചു പോയത്‌, ഒടുവില്‍ റിക്ഷാക്കാരനായിരുന്ന ഭര്ത്താവ്‌ അനില്‍ മണ്ടലിനെക്കുറിച്ചും. ഭര്ത്താനവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോള്‍ പെട്ടെന്ന് മൌസി നിശബ്ദയായി.
“എന്താ..? എന്തു പറ്റി മൌസീ..?”
എന്റെന ചോദ്യത്തിന് മറുപടിയായി മൌസി ഒന്നും മിണ്ടിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു കൊണ്ടു അവര്‍ കുറച്ചു നേരം മിണ്ടാതിരുന്നു. പാവം അദ്ദേഹം മരിച്ചു പോയിരിക്കും. അതായിരിക്കും മൌസി കരഞ്ഞത്‌. ഞാന്‍ പിന്നീട് ഒന്നും ചോദിച്ചില്ല, പക്ഷെ ജോലി കഴിഞ്ഞു ചായ കുടിച്ചു പോകുവാന്‍ തുടങ്ങിയപ്പോള്‍ മൌസി പെട്ടെന്ന് തന്റെ ഭര്ത്താ്വിനെക്കുറിച്ച് പറഞ്ഞു.
“മാജി എന്റെ ഭര്ത്താവ്‌ എന്നെ എന്റെ ഇരുപതാമത്തെ വയസ്സില്‍ മകന് ഒരു വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചതാണ്.”
ഒരു നിഷം മിണ്ടാതിരുന്നിട്ട് അവര്‍ പെട്ടെന്ന് ചോദിച്ചു.
“ഒന്നോര്ത്തു നോക്കൂ മാജി... ഒറ്റക്കായിപ്പോയ ഒരു ഇരുപതു വയസ്സുകാരി ഒരു വയസ്സുള്ള മകനുമായി എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന്..?
ഞാന്‍ ഒന്നും മിണ്ടാതെ അവരെ നോക്കി. ചായ കുടി കഴിഞ്ഞു പിന്നെയും പോകാതെ നിന്ന് അവര്‍ തന്റെപ ദുരിത കഥ പറഞ്ഞു. മകനെ പോറ്റുവാനായി അനുഭവിച്ച കഷ്ടപ്പാടുകള്‍. ഭര്ത്താവ് പുതിയ ഭാര്യയുമായി അവര്‍ താമസിച്ച വീടിനടുത്ത് വന്നു താമസമാക്കിയത്‌, അയാളെ “ബാബാ” എന്ന് വിളിക്കുവാന്‍ സ്വാന്ത്യമില്ലാത്ത മകന്‍ വളര്ച്ചയുടെ പടവുകള്ക്കിടയില്‍ ഒരു നാള്‍ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്തതിനു വഴിയില്‍ വച്ചു അയാള്‍ തന്നെ ദേഹോപദ്രവം ഏല്പ്പിച്ചത്, അത് കണ്ടു അയാളുടെ പുതിയ ഭാര്യ പുച്ഛത്തോടെ നോക്കി ചിരിച്ചത്‌. അങ്ങനെ ഓരോ ചെറിയ കാര്യവും ഇടക്ക് കണ്ണ്നീര്‍ തുടക്കുനതിനിടയില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇപ്പോള്‍ ആ മകന്‍ വളര്ന്നു മിടുക്കനായി. നല്ലൊരു റിക്ഷാക്കാരനായി. മകന്‍ പണിയെടുക്കുവാന്‍ തുടങ്ങിയതോടെ കഷ്ടപ്പാടുകള്‍ പകുതിയും കുറഞ്ഞെന്നു മൌസി സന്തോഷത്തോടെ പറഞ്ഞു. പക്ഷെ മകന്റെ ഭാര്യ ലക്ഷ്മിയെ മൌസിക്ക് തീരെ ഇഷ്ടമല്ല. അവര്‍ അവളെ ലക്കി എന്നാണു വിളിക്കുന്നത.
“ഒരു ജോലിക്കും പോകില്ല, കുഞ്ഞിനേയും ശരിക്ക് നോക്കില്ല. മാജി എത്ര ശ്രദ്ധയോടെയാണ് ഈ മോനെ നോക്കുന്നത്. ഞാന്‍ അതെല്ലാം അവളോടു പറയുമ്പോള്‍. കാശുള്ളവര്‍ കുഞ്ഞിനെ നോക്കുന്നത് പോലെ നമുക്കാവുമോ..?”എന്നവള്‍ എന്നോടു ചോദിക്കും. അവനവന്റെ കുഞ്ഞിനെ ശ്രദ്ധയോടെ നോക്കുവാന്‍ കൈയ്യില്‍ പൈസ വേണോ..? ഒരല്പം മനസ്സ് പോരെ മാജി..?”
ഞാന്‍ ഒന്നും മിണ്ടിയില്ല. എന്തുകാര്യം പറഞ്ഞു തുടങ്ങിയാലും മൌസി അവസാനിപ്പിക്കുന്നത് ലക്കിയുടെ കുറവ് പറഞ്ഞായിരിക്കും.
മൌസി പറഞ്ഞു കേട്ട് എനിക്കും ലക്കിയോടു ഒരുതരം വെറുപ്പായിരുന്നു.
ഒരു ദിവസം മൌസിക്ക് പകരം ജോലിക്ക് വന്നത്. ലക്കിയാണ്. മെലിഞ്ഞു പൊക്കമുള്ള ഒരു യുവതി കഷ്ടി ഒരു ഇരുപതു വയസ്സ് കാണും. കൊച്ചു കുട്ടികളുടെതു പോലെ നിഷ്കളങ്കമായ മുഖം. ഒരു കുഞ്ഞിന്റെ അമ്മയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒരു കൊച്ചു കുട്ടിയെ സാരി ഉടുപ്പിച്ചത് പോലുണ്ട്. മൌസി പനിയായി കിടക്കുകയാണ്. ജോലി കഴിഞ്ഞു അവള്‍ ധൃതിയില്‍ പോകാനൊരുങ്ങി പറഞ്ഞു.
“അമ്മ പാവം പനി പിടിച്ചു കുടക്കുകയല്ലേ. മോന്‍ അവരെ ഒന്നു കിടക്കുവാന്‍ കൂടി സമ്മതിക്കില്ല. ശല്യപ്പെടുത്തും.”
എനിക്ക് അത്ഭുതം തോന്നി എപ്പോഴും മരുമകളുടെ കുറ്റം മാത്രം പറയുന്ന മൌസിയെക്കുറിച്ച് ഈ മരുമകള്‍ പറയുന്നതോ...
ഈ പാവം പെണ്ണിനെക്കുറിച്ചാണോ മൌസി ഈ കുറ്റങ്ങളെല്ലാം പറയുന്നത്..?
പിന്നെയും ഇടക്കിടക്ക്‌ ലക്കി ജോലിക്ക് വരുമായിരുന്നു. നല്ല വെടിപ്പായി ജോലി ചെയ്യുകയും ചെയ്യും. ചിരിച്ചു കൊണ്ടല്ലാതെ അവളെ കണ്ടിട്ടേയില്ല. മൌസിയുടെ ആ തടിയന്‍ രാക്ഷസനെപ്പോലുള്ള ആ മകന് കിട്ടിയ ഒരു ഭാഗ്യമാണല്ലോ ഇവള്‍ എന്ന് ഞാന്‍ മനസ്സില്‍ ഓര്ത്തുക. മൌസിയുടെ മകനെയും ഞാന്‍ കണ്ടിട്ടുണ്ട്. അയാളുടെ റിക്ഷയില്‍ കയറിയിട്ടുമുണ്ട്.
ഒരിക്കല്‍ ഞാന്‍ അവള്ക്ക് എന്റെ ഒരു പഴയ സാരി കൊടുത്തപ്പോള്‍ അത് വാങ്ങാന്‍ മടിച്ചിട്ടു പറഞ്ഞു.
”ഇത് അമ്മക്ക് കൊടുത്തേക്കൂ, അമ്മ സ്ഥിരം ജോലി ചെയ്യുന്ന വീടല്ലേ ഇത്. ഞാന്‍ ഇത് വാങ്ങിയാല്‍ ശരിയാകില്ല.”
“നീ വാങ്ങിക്കോ ലക്കീ..മൌസി ഇതൊക്കെ എങ്ങനെ അറിയാനാണ്.”
“വേണ്ട മാജീ.. എന്ന് പറഞ്ഞു സാരി തിരികെ തന്നിട്ട് അവള്‍ തുടര്ന്നു .
“ഇപ്പോള്‍ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടി വീട്ടിലുണ്ട്. അത് കൊണ്ടു എനിക്കിപ്പോള്‍ എന്തെങ്കിലും ജോലിക്ക് പോകാനാകും. കുഞ്ഞിനെ അവള്‍ നോക്കിക്കൊള്ളുമല്ലോ. ഇപ്പോള്‍ ഒന്നു രണ്ടു വീടുകള്‍ എനിക്ക് സ്ഥിരമായി കിട്ടി.”
“എങ്കില്‍ മൌസിക്ക് പകരം നിനക്ക് ഇവിടെ സ്ഥിരമായി വന്നു കൂടെ ലക്കീ..?” ഞാന്‍ അവളോടു ചോദിച്ചു.
“അയ്യോ..അത് അമ്മ സമ്മതിക്കില്ല. ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോഴേ എന്റെ സ്ഥിരം വീടുകള്‍ തട്ടിയെടുത്തെക്കരുത് എന്നു ആദ്യമേ അമ്മ പറഞ്ഞിട്ടുണ്ട്.”
ഒരു ദിവസം ജോലിക്കു വന്ന മൌസി വലിയ ഉത്സാഹത്തോടെ പറഞ്ഞു.
“മാജി..ഞാന്‍ നാളെ ജോലിക്കു വരില്ല. ഒരിടം വരെ പോകുവാനുണ്ട്.”
“അപ്പോള്‍ നാളെ ലക്കി വരുമായിരിക്കും അല്ലെ..?”
“ഇല്ല..അവളും വരില്ല.”
“അതെന്താ..? നിങ്ങള്‍ രണ്ടു പേരും കൂടിയാണോ പോകുന്നത്...?”
മൌസി ഒരു രഹസ്യം പറയാനെന്നവണ്ണം എന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടു പറഞ്ഞു
“അതല്ല മാജി.. എന്റെ് മകന്‍ അവളെ ഉപേക്ഷിക്കുകയാണ്. അവനു നല്ലൊരു പെണ്ണിനെ ഞങ്ങള്‍ കണ്ടു വെച്ചിട്ടുണ്ട്. നാളെ നിശ്ചയമാണ്. നാളെ ഞങ്ങള്‍ അവിടെയാണ് പോകുന്നത്. ഒരു ആപ്പീസില്‍ പ്യൂണായി സ്ഥിര ജോലിയുള്ള പെണ്ണാണ്. നിശ്ചയം കഴിഞ്ഞു വന്നു ഞങ്ങള്‍ ലക്കിയെ അവളുടെ വീട്ടില്‍ പറഞ്ഞു വിടും. അവളോടു ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല.”
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
“അപ്പോള്‍ മൌസിയുടെ മകനും സമ്മതമാണോ ഇക്കാര്യം..?”
“പിന്നെന്താ... വീട്ടുവേല ചെയ്തു നടക്കുന്ന ഒരു പെണ്ണിനെക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ ഒരു ജോലിയുള്ള പെണ്ണ്. എന്റെ മകന്‍ ഞാന്‍ പറയുന്നതേ കേള്ക്കൂല..”
ഞാന്‍ സ്തബ്ദയായി നിന്നു. വീണ്ടും ഒരു ഇരുപതുകാരി…. ഒരു വയസ്സുള്ള കുഞ്ഞ്.. എപ്പോഴും കൊച്ചു കുട്ടികളെപ്പോലെ ചിരിക്കുന്ന ലക്കിയുടെ കണ്ണുകള്ക്ക് ‌ ഇനി ചിരിക്കാനാവുമോ..? ആ കുഞ്ഞിനെ എന്ത് ചെയ്യും മൌസീ എന്നും എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. നൂറായിരം ചോദ്യങ്ങള്‍ ഒരേ സമയം മനസ്സിലുദിച്ച് അവ എന്റെ തൊണ്ടയില്‍ തടഞ്ഞു നിന്നു. എന്നോടു യാത്ര പറഞ്ഞു മൌസി പോയിക്കഴിഞ്ഞിട്ടും ഒരു പ്രതിമ പോലെ ഞാന്‍ അവിടെത്തന്നെ നിന്നു

അനാഥാലയത്തിന് ഒരു സമ്മാനം കൂടി


ഗൈനക്കോളജിസ്റ്റിന്റെ മുറിയില്‍നിന്നിറങ്ങുമ്പോള്‍ സ്നേഹക്ക് ആശ്വാസം തോന്നി…ഇനി അധികം നാളില്ല.എത്രനാളായി ഈ ഭാരം ചുമന്നു നടക്കുന്നു….അവള്‍ അറിയാതെ തന്റെ വയറിലേക്കു നോക്കി.. വീര്‍ത്ത് വികൃതമായിരിക്കുന്നു…നാശം… ഒന്നു കഴിഞ്ഞു കിട്ടിയെങ്കില്‍ മതിയായിരുന്നു.ഇതിന്റെ തുടക്കത്തിലേ ഒഴിവാക്കാമായിരുന്ന ഈ ദുരന്തവും പേറിനടക്കേണ്ടിവന്നല്ലോ എന്നോര്‍ത്തപ്പോള്‍ തന്നോടു തന്നെ ദേഷ്യം തോന്നുന്നുണ്ട്….

അമ്മയുടെ മുഖത്ത് ഉല്‍ക്കണ്ഠയുണ്ട്… രണ്ടു മാസമായി സ്നേഹയും അമ്മയും അവിടെ വന്നിട്ട്…അവളെപ്പോലെയുള്ള വേറേയും പെണ്‍കുട്ടികള്‍ അവിടെയുണ്ടെങ്കിലും അവള്‍ ആരുമായും ഒരടുപ്പത്തിനും പോയില്ല…എന്തിനു പോകണം…?..ഏറിയാല്‍ രണ്ടാഴ്ച പിന്നെ ഈ സ്ഥലം പോലും തന്റെ മനസ്സിലുണ്ടാകരുത്..

ഇപ്പോള്‍ തന്നെ ക്ലാസ്സില്‍ എത്രയോ പിന്നിലായിപ്പോയി താന്‍…ഒരു സെമസ്റ്റര്‍ നഷ്ടപ്പെടും എന്നാണ്‍ തോന്നുന്നത്

ആദ്യമായി ഇവിടെ വന്നപ്പോഴ് അവരുടെ നിബന്ധനകള് ഓര്‍ത്തു…പ്രസവശേഷം ആശുപത്രിയില്നിന്നേ പോകാം…കുഞ്ഞിനെ കാണിക്കില്ല, അതിനു മുല കൊടുപ്പിക്കില്ല..അമ്മിഞ്ഞ കൊടുത്തു തുടങ്ങിയാല് പിന്നെ അമ്മമാര്‍ കുഞ്ഞിനെ പിരിയുകയില്ലത്രേ…സ്നേഹക്കു ചിരിവന്നു

“ആര്ക്കു വേണം കുഞ്ഞിനെ..ആര് അമ്മിഞ്ഞ കൊടുക്കുന്നു.. “

…അമ്മയ്ക്ക് അതു കേട്ടതോടെ ആശ്വാസമായി

ദിവങ്ങള്ക്കു ശേഷം ഒരു ഉച്ചകഴിഞ്ഞനേരത്ത് ആടിവയറില്‍ വെള്ളിടിവെട്ടിയതിന്റെ അവസാനം, ആശുപത്രിക്കിടക്കയില് സ്നേഹ കണ്ണു തുറന്നു…ഉടനെ നോക്കിയത് തന്റെ വയറിലേക്കാണ്..അവിടെ ഒരു ശുന്യത…

അമ്മ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു

“നമുക്ക് ഉടനെ പോകാം മോളെ……“അച്ഛന്‍ ഇപ്പോള് വരും..“

ഇത്രയും സതോഷവതിയായി അമ്മയെ കാണുന്നത് മാസങ്ങള്ക്കു ശേഷമാണ്

അവള് വീണ്ടും തന്റെ ശരീരത്തേക്കു നോക്കി മുലപ്പാലൊഴുകി നനഞ്ഞിരിക്കുന്ന മാറിടം

പെട്ടെന് അവള് ചാടിയെഴുന്നേറ്റു

“അയ്യോ മോളെ പതുക്കെ“ അമ്മ പെട്ടെന്നു വന്നു താങ്ങി

“കുഞ്ഞെവിടെയമ്മേ…?”

“കുഞ്ഞിനെ അവരു അപ്പോള്തന്നെ കൊണ്ടുപോയല്ലോ…ഞാന് നോക്കിയതു പോലുമില്ല“ നിസ്സംഗമായ മറുപടി….

“എങ്ങോട്ട്…? ഇങ്ങു തരാന് പറയ്…“അവളുടെ ശബ്ദം കുറച്ച് ഉയര്‍ന്നുപോയി..,,തനിക്കുതന്നെ അപപരിചിതമായ ശബ്ദം… …

അവളുടെ ഭാവമാറ്റം അമ്മയെ ഭയപ്പെടുത്തി…

ചുറ്റും നോക്കിയിട്ട് അമ്മ പറഞ്ഞു.

“.മോളേ ഒച്ചവെക്കാതേ…“

അവള്‍ ഒരു നിമിഷം ശൂന്യമായ കണ്ണുകളുമായി നിന്നു…അതെ…എല്ലാം പറഞ്ഞുറപ്പിച്ചകാര്യങ്ങളല്ലേ ..

കുഞ്ഞ് ആരെപ്പോലെയായിരിക്കും..? അഭിഷേകിനെപ്പോലെയായിരിക്കുമോ…സ്നേഹയുടെ സ്നേഹത്തിനു പുല്ലു വിലകല്‍പ്പിച്ച അഭിഷേക്..

‘വേണ്ട എനിക്കാരെയും കാണണ്ട…“

അവള്‍ ഒന്നും മിണ്ടാതെ കണ്ണുകളടച്ചു കിടന്നു…

മനസ്സ് ഉരുവിടുവാന്‍ ശ്രമിച്ചു“സ്നേഹമില്ലാത്ത അഭിഷേകിന്റെ കുഞ്ഞിനെ ഈ സ്നേഹക്കു വേണ്ട..”

ആരോ വാതില്‍ തുറന്നു വരുന്ന ശബ്ദം കേട്ട് കണ്ണു തുറന്നു.അച്ഛനാണ്‍ ‍. അച്ഛനു കുറച്ചു ധൃതിയുണ്ടെന്നു തോന്നി..

അവള്‍ വേദനിക്കുന്ന മാറിടങ്ങളുമായി ആശുപത്രി നടകള്‍ ഇറങ്ങി……വല്ലാത വിങ്ങല് ഇപ്പോള്‍ത്തന്നെ മാറിയ ഡ്രെസ്സാണ്‍.. നനഞ്ഞു നാശമായി…

എതിരെ ഒരു കൈക്കുഞ്ഞുമായി ഒരു അമ്മ നടന്നു വരുന്നു…അതിന്‍ വെയില്‍ കൊള്ളാതെ മുഖം കൈകൊണ്ടു മറച്ച് ശരീരത്തോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്..

പെട്ടെന്ന് അവളുടെ മാറിടത്തില്‍ നിന്ന് മുലപ്പാല്‍ പൊട്ടിയൊഴുകുവാന്‍ തുടങ്ങി…

രണ്ട് കൊച്ചരുവികള്‍..‍,പിന്നെ അരുവികള്‍ ചേര്‍ന്ന് ഒരു പുഴയായി…പുഴയൊരു കായലായി…ഇപ്പോള്‍ അതൊരു സമുദ്രമാണ്‍….തിരയടിക്കുന്ന…മുലപ്പാല്‍‍ സമുദ്രം..എന്തൊരു ശക്തിയാണ്‍ ഇതിന്റെ തിരകള്‍ക്ക്…അവള്‍ ആ സമുദ്രത്തില്‍ ശ്വാസത്തിനുനേണ്ടി കൈകാലിട്ടടിച്ചു..

മാരി പാസ് ആവു..രെ……


ചിക്ക്കു…ഭാഭി…..ചിക്കൂ…..മീരാ ബെന്‍ എന്നചിക്കുവാലി നീട്ടിവിളിച്ചു.. അവരുടെ വിളികേട്ടാല്‍ തോന്നും എന്റെ പേരു ചിക്കു എന്നാണെന്ന്..അവര്‍ എന്നും അങ്ങനെയാണ്‍.കോളിങ്ങ് ബെല്ല് അടിക്കില്ല..നീട്ടിയൊരു വിളിയാണ്‍..

വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുട്ട നിറയെ ചിക്കു(സപ്പോട്ട)വുമായി ചിക്കൂവാലി.‍ മുഖത്തു പതിവുള്ള നിറഞ്ഞ ചിരി,.

“ ദസ് കാ ദസ് “ ചിക്കൂവാലി ചോദിക്കാതെ തന്നെ പറഞ്ഞു. ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ചിക്കുവാലി വരും.കുറച്ചു ദൂരെയുള്ള ദൂമസ് ഗ്രാമത്തിലാണ്‍ അവരുടെ വീട്..ഞാന്‍ ചിക്കുവാലിയോട് ചോദിച്ചു…

“ ഇത്രയും ചിക്കു എവിടെ നിന്നു കൊണ്ടുവരും.? “

“.ഭാഭീ….( അവര്‍ അങ്ങനെയാണ്‍ എന്നെ വിളിക്കുന്നത് ) എന്റെ വീട്ടില്‍ ചിക്കുവിന്റെ തോട്ടമുണ്ട്“

“.പിന്നെന്തൊക്കെ കൃഷിയുണ്ട്?“ ഞാന്‍ വീണ്ടും ചോദിച്ചു..

“.പിന്നെ നാരിയല്‍ ( തേങ്ങ )

“എങ്കില്‍ എനിക്ക് തേങ്ങാ കൊണ്ടുവാ…ഞാന്‍ വാങ്ങാം“

“അയ്യോ തേങ്ങക്കു നല്ല ഭാരമല്ലേ…ഭാഭീ…ഞാന്‍ ബസ്സില്‍ കയറ്റി കൊണ്ടുവരേണ്ടെ…?”

.“ശരി എങ്കില്‍ വേണ്ട“

എനിക്ക് ഇവിടെ പരിചയമുള്ള ഏക ഗ്രാമവാസിയാണ് ഈ ചിക്കൂവാലി.. ഗുജറാത്തിരീതില്‍,സാരി തിരിച്ചുടുത്ത് ,തലപ്പ് തലയിലപുതച്ചാണ്‍ അവരുടെ വരവ്. ആദ്യമൊക്കെ എനിക്കിതൊരു കൌതുകമായിരുന്നു.

പരമ്പരാഗത വസ്ത്രധാരികളായ ചുരുക്കം ചിലരെ ഇവിടെയുള്ളു---അതും വല്ലാപ്പോഴും കാണുന്ന ചിക്കുവാലിയെപ്പോലുള്ള ഗ്രാമീണര്‍.

വൈകുന്നേരങ്ങളില്‍ അപേക്ഷാ ഥാക്കറിനൊപ്പം നടക്കാനിറ്ങ്ങുമ്പോള്‍, .,ഗ്രാമത്തിലേക്കു വഴി ഒരിക്കല് അവള്‍ ‍കാണിച്ചു തന്നു..ആ വഴിയിലൂടെ ഒരു ഗ്രാമീണന്‍,എരുമകളെ തെളിച്ചുകൊണ്ട് പോകുന്നു..തലയില്‍ തുണി പിരിച്ച് പലവട്ടം ചുറ്റിയ കെട്ട്, മുണ്ട് താറുടുത്തിരിക്കുന്നു, കുട്ടിയുട്പ്പുപോലുള്ള മേല്‍ വസ്ത്രം.,.ചെറിയ ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തില് കണ്ടിട്ട് ഈ വേഷം. കയ്യില്‍ എരുമകളെ തെളിക്കുവാനുള്ള വടി..

ചിക്കൂവാലി എനിക്കു വേണ്ടി സപ്പോട്ടകള്‍ എണ്ണിയെടുക്കുവാന്‍ തുടങ്ങി…

എന്റെ മനസ്സിലേക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട “കാഴ്ച“ സിനിമയിലെ കുട്ടി കയറിവന്നു… അവന്റെ ഗ്രാമം……ജുഗുനു…രെ…ജുഗുനു…രെ…മാരി പാസ്സ് ആവുരേ...എന്ന പാട്ട്…അതിലെ ഗ്രാമീണനായ അവന്റെ അച്ഛന്‍....ചിക്കുവാലിയെപ്പോലുള്ള ..അവന്റെ അമ്മ…കുഞ്ഞനുജത്തി…

പിന്നെ ഞാന്‍ എന്റെ സാങ്കല്പിക ലോകത്താണ്‍..എട്ടുവറ്ഷം മുന്‍പുള്ള ഗുജറാത്ത് ഭൂഗമ്പം…ചിക്കൂവാലിയുടെ ഗ്രാമവും ഭൂകമ്പത്തില്‍പ്പെടുന്നു….....ചിക്കുവാലി യുടെ ചെറിയ വീടും സപ്പോട്ടമരങ്ങല്ലൂം തെങ്ങുമെല്ലാം ആടിയുലയുന്നു….....ചിക്കുവാലി സപ്പോട്ടകള്‍ പറിച്ചുകൊണ്ടിരിക്കുകയാണ്‍ ചിക്കു പിറക്കി കുട്ടയില്‍ അടുക്കിക്കൊണ്ടിരുന്ന ചിക്കുവാലിയുടെ മകന്‍…കാഴ്ചയിലെ കൊച്ചുണ്ടാപ്പിരി..ഭയവിഹ്വലനായി വീടുവിട്ടോടുന്നു…ഗ്രാമീണരെല്ലാം തലങ്ങും വിളങ്ങും ജീവനുവേണ്‍ടി പായുകയാണ്‍. വീടിനകത്തേക്കു പാഞ്ഞു തൊട്ടിലില്‍ കിടന്നുറന്നുറങ്ങുന്ന കുഞ്ഞിനെ എടുത്തു വെളിയില്‍ വന്ന ചിക്കുവാലി കൊച്ചിണ്ടാപ്പിരിയെ കാണാതെ നിലവിളിക്കുന്നു..കരഞ്ഞു കൊണ്ട് ഗ്രാമം മുഴുവന്‍ അവനെ തേടി അലയുന്നു…

.മാസങ്ങളുക്കുശേഷം .അവന്‍ എങ്ങനെയൊക്കെയോ…മമ്മൂട്ടിയുടെ കയ്യില്‍ എത്തപ്പെടുന്നു… ഒടുവില്‍ മമ്മൂട്ടി അവനെ ഗുജറാത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ തിരിച്ച് ഏല്‍പ്പിക്കുന്നു….നാളുകള്‍ക്ക് ശേഷം ചിക്കുവാലിക്ക് അവനെ തിരിച്ചു കിട്ടുന്നു…കണ്ണുനീര്‍ പൊഴിച്ചുകൊണ്ട്

ചിക്കുവാലി അവനെ “മാരി പാസ് ആവു…രെ..“എന്നു പറഞ്ഞു മാറോടണക്കുന്നു…

“ഭാഭി…എന്താ ആലോചിച്ചു നില്‍ക്കുന്നത് …?ചിക്കൂ വാങ്ങുന്നില്ലേ..?“

ചിക്കുവാലിയുടെ ശബ്ദം എന്നെ ചിന്തയില്‍നിന്നും ഉണര്‍ത്തി.

ഞാന്‍ ‍ഒരു ചെറുചിരിയോടെ ചിക്കുവാലിയുടെ കണ്ണുകളിലേക്കു നോക്കി..അതില്‍ മകനെ തിരിച്ചു കിട്ടിയതിലുള്ള ആനന്ദാശ്രുക്കള്‍ തങ്ങി നില്‍ക്കുന്നുണ്ടോ….?