17.3.10

നിവേദിതയുടെ സ്വപ്നങ്ങള്‍

അങ്ങു ദൂരെ മീന്‍ പിടുത്തക്കാരുടെ തോണികള്‍ തിരകളിലൂടെ നീങ്ങുന്നതു നോക്കി ഗിരീന്ദ്രന്‍ ഇരുന്നു. തൊട്ടരികില്‍ വാതോരാതെ സംസാരിച്ചു കൊണ്ട് നിവേദിത. ഗിരീന്ദ്രന്‍ മിക്കാവറും അവളുടെ കേള്‍വിക്കാരനാണ്. ശനിയാഴ്ചയായതുകൊണ്ട് കുടുംബത്തോടെ സായാഹ്നം പോക്കാന്‍ ബീച്ചില്‍ വന്നിരിക്കുന്നവര്‍ ധാരാളം. കടലക്കാരന്‍ കാദര്‍ക്കാ പതിവുപോലെ അവരുടെ അടുത്തു വന്ന് കടല കൊടുത്തിട്ടു ധൃതിയില്‍ നടന്നു പോയി. എന്നും ഒരേ സ്ഥലത്തു വന്നിരിക്കാറുള്ള അവരെ നാളുകളായി അയാള്‍ക്കറിയാം. നിവേദിത സംസാരിച്ചു സംസാരിച്ച് പതിവുപോലെ അവള്‍ കണ്ട സ്വപ്നങ്ങളില്‍ എത്തിച്ചേര്‍ന്നു.

“ഞാന്‍ തീരെ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്വര്‍ണ്ണ മുടിയുള്ള പാവ എന്നെ പേടിപ്പിക്കുന്ന സ്വപ്നം കണ്ടിട്ടുണ്ട്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു സെക്കന്‍റ് ഹാന്‍ഡ് കാറു വാങ്ങി. അപ്പോള്‍ അതാ ആ കാറില്‍ അതേ പാവ. സ്വര്‍ണ്ണമുടിയും നീല കണ്ണുകളുമായി. ഒരു തിളങ്ങുന്ന ചരടില്‍ തൂക്കിയിട്ടിരിക്കുകയാണതിനെ.”
“എന്നിട്ട് ആ പാവ നിന്നെ പേടിപ്പിച്ചോ“
“ഇല്ല.. എന്നാലും ആ പാവയെ എനിക്കു ഭയങ്കര പേടിയായിരുന്നു. അതിനെ പേടിച്ച് തനിയെ  കാറില്‍ കയറുകയും ഇല്ലായിരുന്നു. ഈ കാറു നമുക്കു വേണ്ട വേറെ വാങ്ങാം എന്നൊക്കെ അച്ഛനോട് വഴക്കു കൂടിയത് ഓര്‍മ്മയുണ്ട്.”
“പേടിപ്പിക്കുമെന്നു വിചാരിച്ചാ…?”
“അതു തന്നെ…. ഞാന്‍ അന്ന് നേഴ്സറിയിലോ മറ്റോ ആയിരുന്നു.” അവള്‍ ആ ഓര്‍മ്മയില്‍ ചിരിച്ചു.
“പിന്നെ എന്തൊക്കെ വിചിത്ര സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട് നിവേദിത ?” ഗിരീന്ദ്രന്റെ ചോദ്യം കേട്ട് നിവേദിത ഒരു നിമിഷം മിണ്ടാതെ ഇരുന്നു. പിന്നെ തിരകളെ നോക്കി പറഞ്ഞു.
“എന്റെ സ്വപ്നങ്ങളെ വിചിത്ര സ്വപ്നങ്ങള്‍ എന്നല്ല വിശേഷിപ്പിക്കേണ്ടത് സംഭവിച്ചിട്ടുള്ള സ്വപ്നങ്ങള്‍ എന്നാണ് , ദാറ്റ് മീന്‍സ് സത്യങ്ങള്‍”
“സ്വപ്നങ്ങള്‍ സംഭവങ്ങളാകുന്നതു വിചിത്രമല്ലേ. അതൊകൊണ്ട് അവ വിചിത്രസ്വപ്നങ്ങള്‍ തന്നെ.”
“ഗിരീന്ദ്രനുകേള്‍ക്കണോ…? ഈ കടല്‍ ഒരിക്കല്‍ എന്റെ വീടിന്റെ പിന്‍ഭാഗത്തു വന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്“
“ഉവ്വോ..?”
ഗിരീന്ദ്രന്‍ കൌതുകത്തോടെ കേട്ടു നിന്നു.
“ഞാനപ്പോള്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണെന്നു തോന്നുന്നു. അപ്പോള്‍ ഒരു സന്ധ്യക്ക് എന്റെ വീട്ടിലെ പറമ്പിന്റെ പടിഞ്ഞാറെ അതിരില്‍ അതാ സൂര്യന്‍ അസ്തമിക്കുന്നു. സത്യം പറഞ്ഞാല്‍ കടലല്ല ഞാന്‍ ആദ്യം കണ്ടത്. അസ്തമിക്കുന്ന ചുവന്ന സൂര്യനെയാണ്. ഞാന്‍ ഓടി വിശാലമായ പുരയിടത്തിന്റെ അതിരില്‍ ചെന്നു നോക്കിയപ്പോഴാണ് കടലിനെ കാണുന്നത്. കടല്‍ അതിരുകള്‍ താണ്ടി എന്റെ മുന്നില്‍ വന്ന് തിരയടിക്കുന്നു.”
“എന്നിട്ട്..?”
“ആകാശം മുഴുവന്‍ ചുവന്ന പട്ടുപുതച്ചിരിക്കുന്നു. ഒരു ചുവന്ന വലിയ തീ ഗോളമയി കടലിലേക്കു താഴുവാന്‍ തുടങ്ങുന്ന സൂര്യന്‍. തീ ഗോളം കടലില്‍ മുങ്ങുമ്പോള്‍ തീക്കട്ട വെള്ളത്തില്‍ വീഴുന്ന ശബ്ദം കേള്‍ക്കുമെന്നു പ്രതീക്ഷിച്ചു ഞാന്‍ സൂര്യന്‍ അസ്തമിക്കുന്നതു വരെ അവിടെ നിന്നു. പക്ഷേ ശബ്ദം ഒന്നും കേട്ടില്ല. അസ്തമയം കഴിഞ്ഞ് ഇരുട്ടു വന്നപ്പോള്‍ ഇരുട്ടിലൂടെ നടന്ന്‍ വീട്ടിലേക്ക് തിരികെപ്പോകുവാന്‍ ഭയന്നു കരഞ്ഞ നേരത്ത് ഞാന്‍ കണ്ണുതുറന്നു. കണ്ണു തുറന്നിട്ടും പറമ്പിന്റെ അതിരില്‍ കടല്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിച്ച് നേരം പുലരാന്‍ കാത്തു കിടന്നു. രാവിലെ പല്ലുതേക്കുന്നതുനു മുന്‍പേ ഞാന്‍ പടിഞ്ഞാറെ പറമ്പിലേക്ക് ഓടി. വേലിക്കരുകില്‍ എത്തിയപ്പോള്‍ അവിടെ ഒന്നുമില്ല. തെങ്ങിന്‍ തോപ്പു മാത്രം. നിറഞ്ഞ കണ്ണുകളുമായി വീട്ടിലേക്കു കയറി വന്ന എന്നെ നോക്കി എന്തു പറ്റി നിവേദിതക്കുട്ടി..? എന്ന് അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഞാന്‍ മുഖം വീര്‍പ്പിച്ചു നിന്നു.”
ഗിരീന്ദ്രന്‍ കൌതുകത്തൊടെ അവളെ നോക്കി. അവള്‍ അപ്പോഴും ആ സ്വപ്നലോകത്താണെന്നു തോന്നി.
“എന്നിട്ട് അതു സംഭവിച്ചോ..?”
“സംഭവിച്ചു. അതു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം. എന്റെ വീടിന്റെ പിന്‍ഭാഗത്തുമല്ല സംഭവിച്ചത്”
“പിന്നെവിടെ..?”
“അതറിയില്ലേ..… ട്യൂബ് ലൈറ്റേ !!!!!!! അതല്ലേ നമ്മുടെ സുനാമി !!! സുനാമി വന്നിട്ട് കുറെ നാള്‍ കഴിഞ്ഞാണ് എനിക്കു മനസ്സിലായത് , ഇതെന്റെ കുഞ്ഞു നാളിലെ ഒരു സ്വപ്നമാണല്ലോ എന്ന്. പക്ഷേ ഞാന്‍ കണ്ട ആ സ്വപ്നം സുനാമി പോലെ ദുരന്ത സ്വപ്നമായിരുന്നില്ല. ആരുടെയും കരച്ചില്‍ ഞാന്‍ അതില്‍ കേട്ടതുമില്ല.“
“കടല്‍ നിന്റെ വീടു വരെ സഞ്ചരിക്കുമ്പോള്‍ അതിനിടക്കു തീര്‍ന്നു പോയ ജീവിതങ്ങളെ കുറിച്ചോര്‍ക്കുവാനുള്ള പ്രായം അന്നില്ലായിരുന്നല്ലോ. അതായിരിക്കും.”
“ആയിരിക്കും.”
കുറച്ചകലെയായി കുട്ടികള്‍ പട്ടം പറത്തുന്നു. പലനിറങ്ങളിലുള്ള പട്ടങ്ങള്‍ ആകാശത്തു പറന്നു കളിക്കുന്നു. അതും നോക്കി നിവേദിദ കുറച്ചു നേരം ഇരുന്നു.. പിന്നെ തുടര്‍ന്നു.

“രഘുനാഥിനെ ഞാന്‍ ആദ്യം കണ്ടതും ഒരു സ്വപ്നത്തിലായിരുന്നു. എന്നെ കല്യാണം കഴിക്കുന്നതായിട്ട്. പിന്നീട് കുറേ മാസങ്ങള്‍ക്കു ശേഷം രഘുവിന്റെ പ്രൊപ്പോസല്‍ വന്നപ്പോള്‍ അതു തന്നെ വേണമെന്നു ഞാന്‍ അച്ഛനോടു വാശി പിടിച്ചു.”
“അതിശയമായിരിക്കുന്നു. അതും കണ്ടിട്ടില്ലാത്ത ഒരാളെ..?”
“വാരികകളില്‍ വരാറുണ്ടായിരുന്ന രഘുവിന്റെ കഥകള്‍ പണ്ടേ എനിക്കിഷ്ടമായിരുന്നു. പിന്നെപ്പൊഴോ ഒരിക്കല്‍ ഫോട്ടോ കണ്ടപ്പോഴാണ് ആള്‍ ഒരു ചെറുപ്പക്കാരണെന്നു മനസ്സിലയത്. അന്നു രാത്രിയിലെ സ്വപ്നത്തില്‍ രഘു എന്റെ കൂടെയുണ്ടായിരുന്നു. എന്റെ വരനായി. പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞ് പ്രൊപോസല്‍ വരുമ്പോള്‍ എനിക്കു തന്നെ വിശ്വസിക്കനായില്ല.”
ഗിരീന്ദ്രന്‍ പിന്നിടവളോടൊന്നും ചോദിച്ചില്ല. വീട്ടിലേക്കു നടക്കുമ്പോഴും അവള്‍ വല്ലാതെ മൌനിയായി കാണപ്പെട്ടു.

ഫ്ലാറ്റിനുള്ളിനെ മടുപ്പിക്കുന്ന ഏകാന്തത അവളെ പഴയ നിവേദിതയിലേക്കു കൂട്ടികൊണ്ടു പോയി.
അച്ഛന്റെയും അമ്മയുടെയും നിവേദിതക്കുട്ടി എത്ര മാറിപ്പോയി..?രഘുവുമായുള്ള ആലോചനയാണോ അവളെ മറ്റൊരാളാക്കിയത്..?

“ജോലിയൊന്നുമില്ലാതെ എഴുത്തുകാരന്‍ എന്നൊക്കെ പറയുമ്പോള്‍ എന്തോ ഒരു തൃപ്തിക്കുറവ്. വീട്ടിലോ അമ്മ മാത്രം. ” കല്യാണാലോചനയുമായി വന്നയാള്‍ തിരിച്ചു പോയ ഉടനെ അച്ഛന്റെ പ്രതികരണം അതായിരുന്നു.
“ജോലിയില്ല എന്നു പറയുന്നത് ശരിയല്ല അച്ഛാ..രഘുനാഥിന്റെ രണ്ടു നോവലുകള്‍ സിനിമയാക്കിയിട്ടുണ്ട്.”
“എന്തോ..എനിക്ക് കേട്ടിട്ട് അത്ര തൃപ്തി വരുന്നില്ല മോളേ…നിനക്കിഷ്ടമാണെങ്കില്‍ വന്നു കണ്ടിട്ടു പോകട്ടെ.”
ഒരു സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷമായിരുന്നു രഘു വന്നു കണ്ടിട്ടു പോയ ദിവസം. അധികം താമസിയാതെ നടത്താം എന്ന് രഘുവിന്റെ അമ്മ പറഞ്ഞിട്ടു പോയിട്ടും അച്ഛന്റെ മുഖത്തൊരു തൃപ്തി കണ്ടില്ല.
അടുത്ത ദിവസം തന്നെ അച്ഛന് ആ വിവരം കിട്ടി. രഘുനാഥിന് ഒരു സ്ത്രീയുമായി ബന്ധമുണ്ട്. അയാളുടെ അമ്മക്ക് അത് തീരെ ഇഷ്ടമല്ല. അതില് നിന്നും രക്ഷപ്പെടുത്തുവാനാണത്രേ അമ്മ തിരക്കിട്ട് മകന് കല്യാണം അലോചിക്കുന്നത്.

“ആ ആലോചനയില്‍ നിന്നും ഒഴിഞ്ഞതായി ബ്രോക്കറോടു പറഞ്ഞു. നമുക്കു പറ്റിയതല്ല അത്. “
എന്ന് അച്ഛന്‍ അമ്മയോടു പറയുന്നതു കേട്ടപ്പോള്‍ അവള്‍ ആകെ തകര്‍ന്നു പോയി.
“എനിക്കുതു തന്നെ മതി അച്ഛാ.. ആരെങ്കിലും വെറുതെ പറഞ്ഞതായിരിക്കും “എന്നു കരഞ്ഞു പറഞ്ഞു നോക്കി.
“അങ്ങനെ ആരെങ്കിലുമല്ല മോളേ… പലര്‍ക്കും അറിയാവുന്ന കാര്യമാണ് അത്. നമ്മളിത് ഇപ്പോഴേ അറിഞ്ഞുള്ളു എന്നു മാത്രം. അയാളുടെ ആദ്യത്തെ കഥ സിനിമയാക്കിയില്ലേ അതില്‍ അഭിനയിച്ച ഒരു പ്രശസ്ത നര്‍ത്തകിയുമായിട്ടാണ് അയാള്ക്ക് ബന്ധമുള്ളത്.“
ഉടഞ്ഞു പോയ ഒരു സ്വപ്നത്തിന്റെ ആഘാതത്തില്‍ നിവേദിത എന്ന സ്വപ്നജീവി ഇതെല്ലാം കേട്ടു തരിച്ചു നിന്നു. ഇല്ലാ…എന്റെ സ്വപ്നങ്ങള്‍ എന്നെ ചതിക്കുകയില്ല. ഞാന്‍ ഭാര്യയാകുന്നെങ്കില്‍ അതു രഘുനാഥ് താലികെട്ടുമ്പോള്‍ മാത്രം അവളുടെ മനസ്സു ഉറപ്പിച്ചു പറഞ്ഞു. മരവിച്ച മനസ്സുമായി കോളേജില്‍ പോയിക്കൊണ്ടിരുന്ന നാളുകള്‍‍‍. അപ്രതീക്ഷമായി ഒരു ദിവസം കോളേജില്‍ തന്നെ കാണാനെത്തിയ രഘുനാഥിന കണ്ട് നിവേദിത അമ്പരന്നു.
“അതെല്ലാം പ്രശസ്തയായ അ സ്ത്രീയെ കരിതേക്കുവാനുള്ള ഗോസിപ്പുകളാണ് നിവേദിത…”
നിവേദിത ഒന്നും മിണ്ടാനില്ലാതെ അയാളുടെ മുഖത്തേക്കു നോക്കി നിന്നു.”നോക്കു… വിശ്വാസം വരുന്നില്ലേ..അടുത്ത ആഴ്ച അവരുടെ വിവാഹമാണ്. പത്രത്തില് വാര്‍ത്തയുണ്ട്.”
അവള്‍ ആശ്വാസത്തോടെ അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു. സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയെന്നോണം എപ്പോഴോ അവള്‍ അയാളുടെ കാമുകിയായി മാറി. കേട്ടതെല്ലാം ഗോസിപ്പുകളായിരുന്നു എന്നും മകളെ വിവാഹം കഴിപ്പിച്ചു തരണം എന്ന രഘുവിന്റെ അഭ്യര്‍ഥനയും അച്ഛന്‍ ചെവിക്കൊണ്ടില്ല.
“എന്റെ മകളുടെ ജീവിതം വെച്ചൊരു പരീക്ഷണത്തിന് ഞാനില്ല“ എന്നു പറഞ്ഞ് രഘുവിനെ പറഞ്ഞയക്കുമ്പോള് സ്വപ്നം തന്ന ധൈര്യത്തില്‍ അവള്‍ അച്ഛനോട് രഘുവിനു വേണ്ടി വാദിച്ചു. മകള്‍ രഘുവോടൊപ്പം പോകും എന്നു മനസ്സിലായപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇന്നും മറന്നിട്ടില്ല.
“ജീവിതം എന്നത് അയാള് എഴുതുന്ന കഥകള്‍ പോലെയായിരിക്കും എന്നു നീ ധരിക്കരുത്. അവന്റെ കൂടെപ്പോയാലുള്ള ഭവിഷ്യത്ത് നീ ഒറ്റക്ക് അനുഭവിക്കെണ്ടി വരും.”
രഘുവിനോടൊപ്പം ഈ നഗരത്തില്‍ ജീവിതം ആരംഭിക്കുമ്പോള് സ്വപ്നത്തേക്കാള്‍ എത്രയോ മാധുര്യമുള്ളതാണ് ജീവിതം എന്നവള്‍ക്കു മനസ്സിലായി. എഴുത്തുകാരന്റെ ഭാര്യയാണ് ലോകത്തില്‍ ഏറ്റം ധന്യ എന്നത് അവളെ ഊറ്റം കൊള്ളിച്ചു . അയാളുടെ എഴുത്തിന്റെ തിരക്കിന് പുര്‍ണ്ണ പിന്തുണ നല്‍കുന്ന ഭാര്യയായി അവള്‍ മാറി.
മാസങ്ങള്‍ കഴിയവെ ഞെട്ടിക്കുന്ന ഒരു സത്യം മൂടുപടം നീക്കി അവളുടെ മുന്നില്‍ വന്നു.. ഭര്‍ത്താവുമായി അകന്ന ജീവിക്കുന്ന തന്റെ പഴയ കാമുകിയുടെ അടുത്തേക്ക് രഘു മടങ്ങിപ്പോയിരിക്കുന്നു. എന്തോ തെറ്റിധാരണയുടെ പേരില്‍ അകന്നു മറ്റൊരാളെ വിവാഹം കഴിച്ച കാമുകിയെ തോല്പ്പിക്കാന്‍ വേണ്ടി കരുവാക്കുകയിരുന്നു അയാള്‍ നിവേദിത എന്ന സ്വപ്ന ജീവിയെ. ജീവിതം വലിയ ചോദ്യ ചിഹ്നമായി മുന്പില്‍ നിന്നപ്പോള്‍ ഒരു സ്വപ്നവും അവളെ രക്ഷിക്കാനെത്തിയില്ല. എങ്കിലും തെറ്റു തിരുത്തി രഘു മടങ്ങിവരുന്ന സ്വപ്നം കാണുവാന്‍ കൊതിച്ച് അവള്‍ ഫ്ലാറ്റിനുള്ളില്‍ ഏകാന്ത ജീവിതം തള്ളി നീക്കി.
“ഞങ്ങള്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. കാരണം ഞങ്ങളുടെ രണ്ടു പേരുടെയും വിവാഹ ജീവിതം പരാജയമായിരുന്നു. അതില്ലാതെയും സമൂഹത്തില്‍ ജീവിക്കാം എന്നു കാണിച്ചു കൊടുക്കുകായാണ് ഞങ്ങള്‍”.
എന്ന അയാളുടെ കാമുകിയുടെ അഭിമുഖം കേട്ട നിവേദിദ തളര്‍ന്നു പോയി.
“ഇനിയെങ്കിലും നീ യധാര്‍ത്ഥ്യത്തിലേക്ക് മടങ്ങി പുതിയ ഒരു ജീവിതം തുടങ്ങൂ.” എന്ന ഗിരീന്ദ്രന്റെ ഉപദേശത്തെയും അവള്‍ അവഗണിച്ചു
“രഘു തിരികെ വരാതെ എനിക്കൊരു ജീവിതമില്ല ഗിരീ.രഘു തിരികെ വരുന്നതാണ് എന്റെ യാധാര്ഥ്യം.”
“നിന്നോടെനിക്കു പുച്ഛം തോന്നുന്നു നിവേദിത. നീ ഏതു യുഗത്തിലാ ജീവിക്കുന്നത് …?പണ്ടത്തെ ശീലാവതി ജീവിച്ച യുഗത്തിലോ..? ഭര്ത്താവിനെ വേശ്യാഗൃഹത്തില്‍ ചുമന്നു കൊണ്ടു പോകുവാന്‍ തയ്യാറായി നില്ക്കുന്ന നിന്നെപ്പോലുള്ള സ്ത്രീകള്‍ പെണ് വര്‍ഗ്ഗത്തിനു അപമാനമാണ്. ഈ ജോലിയില്ലായിരുന്നുവെങ്കില്‍ നീ എങ്ങനെ ജീവിക്കുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ…?”
പിന്നിടൊരു രാത്രിയില്‍ നിവേദിത അവള്‍ കാത്തിരുന്ന ആ സ്വപ്നം കണ്ടു. രഘു അവളുടെ മുന്നില്‍ വന്നു നില്ക്കുന്നു !!!
“രഘൂ..ഇതു സത്യമോ…അതോ സ്വപ്നമോ..?”അവള്‍ ഉന്മാദിനിയായി അയാളോടു ചോദിച്ചു”
“സത്യം…സംശയമുണ്ടെങ്കില്‍ ദാ…എന്നെ നുള്ളി നോക്കു..”
നിവേദിത അയാളെ നുള്ളി ,പിന്നെ ഒരു നായക്കുട്ടിയെപ്പോലെ കടിച്ചു,പൂച്ചക്കുട്ടിയെപ്പോലെ അയാളുടെ ശരീരം മൃദുവായി മാന്തിപ്പറിച്ചു“
“പതുക്കേ…പെണ്ണേ…ഇങ്ങനെ വിചിത്രമായ രീതിയില്‍ സ്നേഹം പ്രകടിപ്പിക്കുന്ന ഒരേ ഒരു പെണ്ണ് ഭൂമിയില്‍ നീ മാത്രമേ കാണൂ..” രഘു അവളോടു മന്ത്രിച്ചു കൊണ്ടിരുന്നു.
“അതേ..എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളു. അല്ലെങ്കില്‍ ഇത്രയും നാള്‍ ഞാന്‍ കാത്തിരിക്കുമായിരുന്നോ.. ? ഈ നാളുകളില്‍ എനിക്കു നഷ്ടപ്പെട്ട സ്നേഹം ഈ ഒറ്റ നിമിഷം കൊണ്ട് എനിക്കു തിരിച്ചു കിട്ടണം.”
അവള്‍ കിതപ്പിനിടെ പറഞ്ഞു
സ്വപ്നം മുറിഞ്ഞ് എപ്പോഴോ ഉണര്ന്ന നിവേദിത വെളിച്ചം തെളിച്ച് കിടക്കയിലും വീട്ടിലും രഘുവിനെ പരതി.
പിറ്റേന്ന് ഗിരീന്ദ്രനെ കാത്തുനിന്ന നിവേദിത തലേ രാത്രിയിലെ സ്വപ്നത്തെ ക്കുറിച്ചു പറയാന്‍ വെമ്പല്‍ കൊണ്ടു
“എനിക്കു കേള്‍ക്കേണ്ട നിന്റെ സ്വപ്നം. നിന്റെ എല്ലാ സ്വപ്നങ്ങളും ദുരന്ത പര്യവസായിയണ്. അതു നീ മനസ്സിലാക്കുന്നില്ല. നീ നിന്റെ സ്വപ്ന ലോകത്തു നിന്നും എന്റെ ജീവിതത്തിലേക്കു വരുമെന്നു കാത്തിരിക്കുന്ന ഞാനാണു വിഡ്ഡി.“ഗിരീന്ദ്രന്‍ ഈര്ഷ്യയോടെ പറഞ്ഞു.
പിന്നെയും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നിവേദിതക്കു പറയാനുണ്ടായിരുന്നത് സ്വപ്നത്തെക്കുറിച്ചായിരുല്ല. യാധാര്‍ത്ഥ്യത്തെക്കുരിച്ചായിരുന്നു. ക്ഷമാപണം പറഞ്ഞു കൊണ്ട് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന രഘുവിന്റെ ഫോണ്‍ കോളിനെക്കുറിച്ചായിരുന്നു.
“ഇന്നു ബീച്ചില്‍ വന്നു സംസാരിക്കാമെന്നു പറയുന്നു. ഗിരീ..നീയും കൂടെ വരണം എന്റെ കൂടെ .എനിക്കെന്തോ ഇത്രയും നാള്‍ കൂടി കാണുന്നതിന്റെ ഒരു ധൈര്യക്കുറവ്.“
സ്വപ്നം ഫലിക്കുവാന്‍ പോകുന്നതിന്റെ അഹ്ലാദം അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. തീര്ത്തും നിരാശനായാണ് ഗിരീന്ദ്രന്‍ അതു കേട്ടു നിന്നത്.
ഗിരീന്ദ്രന്റെ കൂടെ ബീച്ചില്‍ ചെന്ന നിവേദിത ദൂരെ നിന്നു തന്നെ രഘുവിനെ കണ്ടുപിടിച്ചു.
“ദാ…രഘുവെത്തി. ഞാന് സംസാരിച്ചു വന്നിട്ടു നിന്നെ പരിചയപ്പെടുത്താം“ അവള്‍ ഉത്സാഹത്തോടെ പറഞ്ഞു
“ഞാനിവിടെ നില്‍ക്കാം . നീ ചെന്നു സംസാരിച്ചിട്ടു വരൂ. അല്ലെങ്കിലും ഇനി നിനക്ക് എന്റെ ആവശ്യമെന്താ..? “ഗിരീന്ദ്രന്‍ തന്റെ നിരാശ മറയ്ക്കാനായില്ല.
ആദ്യമായി സ്കൂളില്‍ ചേരുവാന്‍ പോകുന്ന കൊച്ചു കുട്ടിയുടെ സങ്കോചത്തോടെ നടന്നു പോകുന്ന നിവേദിതയെ അയാള്‍ ദുഖത്തോടെ നോക്കി നിന്നു.
യാതൊരു മുഖവുരയും ഇല്ലാതെയാണ് രഘു സംസാരിച്ചു തുടങ്ങിയത്.
“കഴിഞ്ഞതൊന്നും നമുക്കിനി സംസാരിക്കേണ്ട രഘൂ…അതിനല്ല ഞാന്‍ വന്നത്” അവള്‍ അയാള്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിച്ചു.
“അതെ…ഞാന്‍ ആ കുരുക്കില്‍ വീണ്ടും ചെന്നു വീണു. ഇപ്പോള്‍ അതില്‍ നിന്നും വിട്ടു പോരുകയും ചെയ്തു. നീയും ചെന്നു പെട്ടല്ലോ ആ സമയത്ത് മറ്റൊന്നില്”
“മറ്റൊന്നിലോ..ഞാനോ..? രഘൂ എന്താ ഈ പറയുന്നത്..?” അവള്‍ക്ക് അയാള്‍ ഉദ്ദേശിച്ചതെന്തെന്നു മനസ്സിലായില്ല.
“നീ ഇത്രയും കാലം ആ ഗിരീന്ദ്രന്റെ കൂടെയായിരുന്നു എന്നെല്ലാം ഞാനറിഞ്ഞു. ഞാന്‍ നിന്നെക്കുറിച്ച് അന്വേഷിച്ചു കൊണ്ടു തന്നെയാണ് ഇരുന്നത്. അതുകൊണ്ട് നമ്മള്‍ തമ്മിലൊരു കുറ്റപ്പെടുത്തലിന്റെ ആവശ്യം ഇനി ഉദിക്കുന്നില്ല”
“എന്താ രഘു ഈ പറയുന്നത്. ഒറ്റക്കായിപ്പോയ എനിക്ക് ഒരു ഫ്രെണ്ട് മാത്രമായിരുന്നു ഗിരി. എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നതും വാസ്തവമാണ്. പക്ഷേ ഈ രണ്ടു വര്‍ഷവും ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ .” അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
“അതൊന്നും നീ പറയേണ്ട. തനിച്ചായ ഒരു പെണ്ണ് എത്രനാള്‍ ഒരു ആണിനെ വെറും സുഹൃത്തായി വെക്കും എന്നൊക്കെ എനിക്കറിയാം. അതും ആണിന്റെ ചൂടറിഞ്ഞ ഒരു പെണ്ണ്. അതു പോകട്ടെ..കൂടുതലൊന്നും ചോദിക്കുന്നില്ല. അയാളില്‍ നിന്നും പിരിയാന്‍ സമ്മതമായതു കൊണ്ടാണല്ലോ നീ ഇപ്പോള്‍ വന്നത്..?“

വാക്കുകള്‍ നഷ്ടപ്പെട്ട നിവേദിത കടലിനെ നോക്കി ഏതാനും നിമിഷം വെറുതെ നിന്നു. അവളുടെ കണ്ണില്‍ രൂപം കൊണ്ട കണ്ണുനീര്‍ താഴേക്കു വീഴാതെ കണ്ണിനുള്ളിലേക്കു ഉള്‍വലിഞ്ഞു. കുഞ്ഞു നാളില്‍ കണ്ട സ്വപ്നം പോലെ ഈ തിരകള്‍ അതിരു വിട്ട് സഞ്ചരിച്ച് തന്റെ മേല്‍ ആഞ്ഞടിച്ചിരുന്നെങ്കില്‍ എന്ന് അവള്‍ ആശിച്ചു പോയി. തന്റെ അവസാനത്തെ സ്വപ്നവും ദുരന്ത സ്വപ്നമായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവള്‍ തിരിച്ചു വന്നു. ആ തിരിച്ചറിവില്‍ അടുത്തു നില്ക്കുന്ന രഘു അവളുടെ മുന്നില്‍ നിന്നും മറഞ്ഞു.”എന്താ നീ ഒന്നും മിണ്ടാതെ നില്ക്കുന്നത്” എന്ന അയാളുടെ ചോദ്യവും അവള്‍ കേട്ടില്ല. ബൈക്കില്‍ ചാരി കാത്തു നില്ക്കുന്ന ഗിരീന്ദ്രന്റെ മുന്നില്‍ എങ്ങനെയാണ് അവള്‍ അത്ര പെട്ടെന്ന് എത്തിയത്..? എപ്പോഴാണ് അവള്‍ അയാളിലേക്ക് കുഴഞ്ഞു വീണത്..? അവള്‍ക്കറിയില്ല.

“എന്റെ സ്വപ്നങ്ങളെ ഞാന്‍ ഉപേക്ഷിച്ചു…..എന്നെന്നേക്കുമായി…..എന്നെ ജീവിതത്തിലേക്ക് കൊണ്ടു പോകൂ…..“ഗിരിയുടെ തോളില്‍ ചിറകറ്റ പക്ഷിയായി തളര്‍ന്നു കിടന്ന് നിവേദിത പറഞ്ഞു കൊണ്ടിരുന്നു.

10.2.10

ജെയിനിന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്

കല്ലറക്കുള്ളില്‍ വല്ലാത്ത തണുപ്പായിരുന്നു.ഇരുട്ടും.അതിനുള്ളില്‍ ജൈനിന്റെ ശരീരം തണുത്തു മരവിച്ചുകിടന്നു.ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു അവളുടെ സംസ്കാരം നടന്നിട്ട്. ദുര്മ്മരണം സംഭവിച്ച അവളുടെ ശരീരത്തിന്റെ അടുത്തു നിന്നും പോകുവാന്‍ കൂട്ടാക്കാതെ ആത്മാവ് അവളുടെ കൂടെ നിന്നു.പണ്ടേ ഇരുട്ട്
പേടിയുള്ള പെണ്കുട്ടിയായിരുന്നു ജെയിന്‍.കല്യാണത്തിനു മുന്പ് കറണ്ടു പോകുന്ന ദിവസങ്ങളില് അവള്‍ മമ്മിയുടെ മുറിയിലേ ഉറങ്ങുമായിരുന്നുള്ളു.കല്യാണം കഴിഞ്ഞ് രണ്ടു ദിവസമായിക്കാണും പെട്ടെന്നു രാത്രി കറണ്ടു പോയപ്പോള്‍ ഭയന്നു കെട്ടിപ്പിടിച്ച ജെയിനിനെ ടോം കുറച്ചൊന്നുമല്ല കളിയാക്കിയത്.ആ ജെയിനാണ് ഇപ്പോള്‍ കൂരിരുട്ടില്‍ തനിയെ....കല്ലറക്കു മുകളില്‍ നല്ല മഴ പെയ്യുന്നുണ്ട്. പെരുമഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി അവളുടെ ശരീരത്തെ നനക്കുമോ എന്ന് ആത്മാവ് സന്ദേഹിച്ചു..

ആത്മാവ് അവളില്‍ നിന്നും വേര്പിരിയാനുണ്ടായ സാഹചര്യങ്ങളെല്ലാം ഓര്ത്തുകൊണ്ട് അവളുടെ ശരീരത്തെ ചുറ്റിപ്പറ്റി നിന്നു. അല്ലാതെ പിന്നെ അതെന്തു ചെയ്യും അതിന് ശരീരത്തിലെക്ക് വീണ്ടുമൊരു തിരിച്ചു പോക്ക്
സാധ്യമല്ലല്ലോ. ഇപ്പോള്‍ അവളുടെ ശരീരവും ആത്മാവും രണ്ടും രണ്ടായി പിരിഞ്ഞിരിക്കുന്നു.ശരീരത്തിലായിരിക്കുമ്പോള് താന്‍ അവള്‍ തന്നെയായിരുന്നു.അവളുടെ മനസ്സായിരുന്നു.ഇപ്പോള്‍ നല്ലവളായ ഈ പെണ്കുട്ടിയില്‍ നിന്നും പിരിയേണ്ടി വന്നല്ലോ എന്ന് ആത്മാവ് ഖേദത്തോടെ ഓര്ത്തു.സംഭവങ്ങളിലേക്ക് പിന്നോട്ട് ആത്മാവ് സഞ്ചരിച്ചു തുടങ്ങി.

ഒരു മഴക്കാലത്താണ് അവളുടെ മരണം സംഭവിച്ചത്.ശവമടക്കു സമയത്തും പെരുമഴ.കൂടി നിന്നവര്ക്ക് എങ്ങനെ എങ്കിലും ഇതൊന്നു കഴിഞ്ഞെങ്കില്‍ എന്നായിരുന്നു.അല്ലെങ്കിലും അധികം ആളൊന്നും അവളുടെ ശവ സംസ്കാരത്തിനുണ്ടായിരുന്നില്ല. അവളുടെ അമ്മയും ബന്ധുക്കളെല്ലാം കരഞ്ഞു കൊണ്ട് ആ മഴയത്തു നിന്നു.മറ്റുള്ളവര്‍ സെമിത്തേരിയില്‍ തന്നെ മരിച്ചവര്ക്കു വേണ്ടിയുള്ള പ്രാര്ഥനക്കായി കെട്ടിയുണ്ടാക്കിയിട്ടുള്ള ചെറിയ കപ്പേളയിലേക്ക് നീങ്ങി നിന്നു.തുള്ളിക്കൊരു കുടമുള്ള മഴയില്‍ നിന്നും രക്ഷപ്പെടാമല്ലോ.മഴ ശക്തിയായപ്പോള്‍ പണിക്കാരാരോ കൊണ്ടു കൊടുത്ത കുട ടോമിന്റെ അപ്പന്‍ നിവര്ത്തി അവനെക്കുടെ അതിന്റെ ചുവട്ടില്‍ നിറുത്തി. കുഴി മൂടിക്കഴിഞ്ഞിട്ടും ജെയിനിന്റെ അമ്മ ആലീസ് ആ പെരുമഴയത്തു നിന്നു.പിന്നെ അവളുടെ കുഞ്ഞമ്മ ലിസ്സാമ്മ അവരെ നിര്ബന്ധിച്ചു കൊണ്ടു വന്നു കപ്പേളയിലെ ബെഞ്ചില്‍ ഇരുത്തി.നനഞ്ഞു
കുതിര്ന്ന വസ്ത്രങ്ങളുമായി ആ സ്ത്രീ പതുക്കെ പ്രഞ്ജയറ്റ് ബെഞ്ചിലേക്കു വീണു.

പുരാതന തറവാടായ വലിയകുളത്തില്‍ വീടിന്റെ വിശാലമായ ഹാള്‍. പോസ്റ്റുമാര്ട്ടം കഴിഞ്ഞ ജയിന്റെ മൃതദേഹം പെട്ടിയില്‍ അലങ്കരിച്ചു കിടത്തിയിരിക്കുന്നു. വീടിനുള്ളില്‍ അയല്ക്കാരും ബന്ധുക്കളും..ആരുടെയും മുഖത്ത് യാതൊരു സഹതാപ ഭാവവുമില്ല. ഒരു ഞെട്ടലാണ് എല്ലാ കണ്ണുകളിലും. അവള്‍ എന്തിന് ഇതു ചെയ്തു എന്നൊരു ചോദ്യ ഭാവമാണ് എല്ലാ മുഖത്തും. എല്ലാവരും അവളുടെ ഭര്ത്താവ് ടോമിനെ ഓര്ത്ത് ദു:ഖിച്ചു.അവള്ക്ക് ശവസംസ്കാര ചടങ്ങുകള് ഒന്നും ഉണ്ടായിരുന്നില്ല.എപ്പോഴോ പള്ളിയില് നിന്നും അച്ചന്‍ വന്ന് പ്രാര്ഥിച്ചിട്ടു പോയി.അത്രമാത്രം. അല്ലാതെ തൂങ്ങി മരിച്ച പെണ്ണിന്റെ അടക്കിന് പള്ളിക്കാര്‍ വരുമോ..?. പണ്ടായിരുന്നെങ്കില്‍ തെമ്മാടിക്കുഴിയിലായിരുന്നു അവള്‍ക്ക് സ്ഥാനം.പുതുമ മങ്ങാത്ത റോസ് നിറത്തിലുള്ള മന്ത്രകോടിയാണ് അവളെ ഉടുപ്പിച്ചിരിക്കുന്നത്.തലയില്‍ വെളുത്ത പൂക്കളുടെ കിരീടം.കയ്യില്‍ ചെറിയ ഒരു കുരിശും കൊന്തയും.ആറു മാസം
മുന്പ് ഇതു പോലെ പൂക്കള് കൊണ്ടുള്ള കിരീടവും കൈകളില് ബെക്കെയുമായി വെളുത്ത ഗൌണനിഞ്ഞു വന്ന മണവാട്ടിയെ കാണുവാന്‍ വന്നതിന്റെ പകുതി പോലും ആളുകള്‍ ഇപ്പോഴവിടില്ല.അന്ന് ആ മണവാട്ടിയുടെ ചുണ്ടുകളില്‍ മന്ദസ്മിതമായിരുന്നെങ്കില്‍ ഇന്ന് തണുത്ത മരണത്തിന്റെ നിര്ജ്ജീവത.

“വല്ലാത്ത പിടി വാശിക്കാരി പെണ്ണായിരുന്നു.ഒറ്റ മോളായി വളര്ത്തിയതിന്റെയാ...”
“അതേ..അതേ...അല്ലെങ്കില് കെട്ട്യോന്‍ എന്തോ പറഞ്ഞതിന് പെണ്ണുങ്ങള് ഇതു മാതിരി കടും കൈ ചെയ്യാമോ...?”
“പാവം ടോം.എന്തു നല്ല ചെറുക്കനാ..അവന്റെ ജീവിതം പോയി..”
“അമ്മായിയപ്പന്‍ വര്ഗ്ഗീസിന് പിടിപാടുണ്ടായതു ഭാഗ്യം.അല്ലെങ്കില്‍ ഇത്ര പെട്ടെന്നു പോസ്റ്റുമാര്ട്ടം കഴിഞ്ഞ് ശരീരം കിട്ടുമായിരുന്നോ..?”
ചുറ്റും കൂടിനിന്ന പെണ്ണുങ്ങള്‍ ഓരോരുത്തരായി അടക്കം പറയുന്നുണ്ടായിരുന്നു. ജെയിനിന്റെ ആത്മാവിനു ചിരി വന്നു അതു നിശ്ശബ്ദം ചിരിച്ചു. അതു കുറച്ചു ഉറക്കെ ചിരിച്ചാലും കുഴപ്പമില്ല. അതിനെ കേള്ക്കാന് ജയിനിന്റെ
ശരീരത്തിനല്ലാതെ മറ്റാര്ക്കുമാവില്ലല്ലോ.ടോം അതീവ ദു:ഖിതനായി ശവത്തിനരികെ നിന്നു.അതു ദു:ഖമല്ല, പരിഭ്രമമാണെന്ന് ആത്മാവിനു മാത്രം മനസ്സിലായി.അവളുടെ അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടിരുന്നു.

ജെയിനിന്റെ മൃതദേഹം ചുറ്റുമുണ്ടായിരുന്ന കുറച്ചാളുകളുടെ സഹായത്തോടെ പോലീസ് താഴെയിറക്കി.“അവളുടെ വീട്ടില് അറിയിക്കണ്ടേടാ… കോണ്ട്രാക്ടര് വര്ഗ്ഗീസ് മകനോടു ചെവിയില്‍ ചോദിച്ചു.ടോം ഒന്നും മിണ്ടാനില്ലാത്തവനെപ്പോലെ അപ്പനെ നോക്കി.
“അല്ലെങ്കില്‍ വേണ്ട കുറച്ചു കഴിയട്ടെ..ഇതൊന്നു കൊണ്ടു പോയിട്ടു മതി.“
അര മണിക്കൂര്‍ യാത്രയേ ഉള്ളു ജെയിനിന്റെ വീട്ടിലേക്ക്.മൃതദേഹം കയറ്റിയ ആംബുലന്സ് ഗേറ്റു കടന്നു പോയപ്പോള് വര്ഗ്ഗീസിന്റെ സുഹൃത്തായ മേടയില്‍ ആണ്ട്രൂസ് ധൃതിയില് ലാന്ഡ് ഫോണിനടുത്തേക്ക് ചെന്ന് ജെയിനിന്റെ വീട്ടിലേക്ക് വിളിച്ചു വിവരമറിയിച്ചു.ആണ്ട്രൂസ് വലിയ കുളത്തില് വീടിന് വേണ്ടപ്പെട്ട ആളാണ്.വര്‍ഗ്ഗീസിന്റെ വലം കൈ. രാഷ്ട്രീയത്തിലും നല്ല പിടിപാട് ഉണ്ട്.

തലേന്നു രാത്രി….ടോം കിടക്ക മുറിയുടെ പുറത്ത് ഡൈനിങ്ങ് ഹാളിലെ കസേരയില്‍ അസ്വസ്ഥനായി ഇരിക്കുന്നു.അകത്തു നിന്നും അപ്പന്‍ ജെയിനിനോട് സംസാരിക്കുന്നത് കേള്ക്കാം.അയാള്‍ അത് ചെവിയോര്ത്തു നില്ക്കുകയാണ്.
“അതു നിനക്കായിട്ടു തന്നതല്ലേ..? പിന്നെന്തിനാ നിന്റെ മമ്മിയുടെ ഒരു സമ്മതം..?”
“മമ്മി എതിരൊന്നും പറയുകയുകയില്ല.പക്ഷേ “മമ്മിയോടു ചോദിക്കാതെങ്ങനെയാ..?” ജെയിന്‍ വിഷമത്തോടെ ചോദിക്കുന്നു
“കല്യാണം കഴിഞ്ഞാല്‍ പിന്നെ കെട്ടിയ വീട്ടുകാരോടാ ചോദ്യവും സമ്മതവുമൊക്കെ.അല്ലാ.... ആ മൂന്നേക്കര്‍ തോട്ടം തന്നില്ലായിരുന്നെങ്കില്‍ നിനക്കീ വീട്ടില്‍ കാലു കുത്തുവാന് പറ്റുമായിരുന്നോ..? ഈ വീടിന്റെ നിലയും വിലയും നിന്റെ വീട്ടുകാര്ക്കും അറിയാവുന്നതല്ലേ..?”
അപ്പന് ദേഷ്യം വരുന്നുണ്ടെന്നു ടോമിനു മനസ്സിലായി.ഇനി എന്തെല്ലാമായിരിക്കും സംഭവിക്കുക എന്നോര്‍ത്തയാള്‍ ആശങ്കാ ഭരിതനായി. തെല്ലു നിശബ്ദതക്കു ശേഷം അപ്പന്റെ ശബ്ദം വീണ്ടും കേട്ടു.
“ഇപ്പോ എനിക്കു കുറച്ചു പൈസക്കാവശ്യം വന്നു. അതിനു വേണ്ടിയല്ലേ ആ തോട്ടമങ്ങു വില്ക്കാമെന്നു പറഞ്ഞത്. നിന്റെ മൊതല് ഈ വീട്ടിലെ മൊതലാ..അല്ലെങ്കില് ജപ്തിയാ വരാന് പോകുന്നേ..ജപ്തി..ഞാന്‍ മാത്രമല്ല നീയും ഇറങ്ങേണ്ടി വരും കെട്ട്യവന്റെ കൂടെ.ഈ കുടുബത്തിന്റെ അന്തസ്സും കൂടെയിറങ്ങും.നാട്ടുകാരിതറിഞ്ഞാല്‍ പിന്നെ എനിക്ക് തലയുയര്ത്തി നടക്കാണോ..വലിയ കുളത്തില്‍ തറവാട് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് നിനക്ക് നിന്റെ വീട്ടുകാരെ അറിയിച്ചേ അടങ്ങൂ..അല്ലേ…?”
“വില്ക്കുന്നതിലൊന്നും എനിക്കു തടസ്സമില്ല.മമ്മിയോടൊന്നു പറയണം എന്നേ പറഞ്ഞുള്ളു.”വീണ്ടും ജെയിനിന്റെ അപേക്ഷാ സ്വരം.
ടോം അസ്വസ്ഥനായി കൈ നഖം കടിച്ചു കൊണ്ട് കസേരയില്‍ നിന്നും എഴുന്നേറ്റു.അയാള്ക്കും വല്ലാതെ അരിശം വരുന്നുണ്ടയിരുന്നു.മുറിക്കു പുറത്തേക്ക് ക്രുദ്ധനായി ഇറങ്ങിയ വര്ഗ്ഗീസ് മകനോടലറി.
“ഒന്നു സമ്മതിപ്പിക്കടാ..ആ അനുസരണകെട്ടവളെ…കെട്ടിയവനാണെന്നും പറഞ്ഞു നടക്കുന്നു..നാണമില്ലാതെ..“
കലി തുള്ളി മുകളിലേക്കു കയറിപ്പോയ അപ്പനെ ടോം ഒരു നിമിഷം നോക്കി നിന്നു.പിന്നീട് കിടക്കമുറിയിലേക്കു പാഞ്ഞു. മുറിക്കുള്ളിലേക്കു വന്ന ടോമിനെ ജെയിന്‍ ഭീതിയോടെ നോക്കി.അവന്റെ ഇങ്ങനെയൊരു ഭാവം അവള്‍
ആദ്യമായിട്ടാണ് കാണുന്നത്.

താഴെനിന്നും ടോമിന്റെ പരിഭ്രാന്തമായ വിളികേട്ട് മുകളിലത്തെ മുറിയിലായിരുന്ന വര്ഗ്ഗീസ് അങ്ങോട്ടു ചെന്നു.ജെയിനിന്റെ ചേതനയറ്റ ശരീരം കണ്ട് അയാള്‍ മിഴിച്ച കണ്ണുകളോടെ മകനെ നോക്കി. അന്നു രാത്രി പന്ത്രണ്ടു മണിയോടെ കോണ്ട്രാക്ടര്‍ വലിയ കുളത്തില് വര്ഗ്ഗീസിന്റെ മകന്റെ ഭാര്യ ജെയിന്‍ തൂങ്ങി മരിച്ചു.അത് ആ കുടുംബത്തിന്റെ സല്പ്പേരിന് കളങ്കമായി.

ഒരു റൌണ്ട് ഫ്ലാഷ് ബാക്ക് കഴിഞ്ഞപ്പോള് ആത്മാവ് ഇഹലോകത്തിന്റെ നാടകങ്ങളോര്ത്ത് ചിരിക്കാന്‍ തുടങ്ങി.കുറച്ച് ഉറക്കെ..അത് കേട്ട് ജെയിന്റെ ശരീരം ചോദിച്ചു.
“എന്താ നീ സാധാരണ ആത്മാവുകളെപ്പോലെ എന്നില്‍ നിന്നും പിരിഞ്ഞ ഉടനെ പരലോകത്തേക്കു പോകാത്തത്..? എന്റടുത്തു നിന്നും പോകാന് ഇത്ര വിഷമമാണോ നിനക്ക്..?”
“എന്താണെന്ന് എനിക്കും വ്യക്തമായി അറിയില്ല.അപ്പോള്‍ എനിക്കു നിന്നെ വിട്ടു പോകാന്‍ തോന്നിയില്ല നിന്നോട് ആര്ക്കും തോന്നാത്ത കരുണ തോന്നിയതു കൊണ്ടായിരിക്കും. ഒരു ആത്മാവും ചെയ്യാത്ത കാര്യമാണ് നിനക്കു ഞാന്‍ നല്കിയത് …എനിക്കു പോകാന് സമയമായി..തിരിച്ചു ഞാന് നിന്റെ ശരീരത്തില് കയറി
ജീവന്‍ ലഭിക്കുമെന്നു നീ വിചാരിക്കുന്നുണ്ടോ..?ഏതെങ്കിലും ആത്മാവിന് സാധിച്ചിട്ടുണ്ടോ അത്..?”
“ആത്മാവിനു പോകണമെങ്കില്‍ ശരീരത്തിന്റെ അനുവാദം വേണോ..?എന്റെ ശരീരത്തില്‍ നിന്നും പിരിഞ്ഞ നിന്റെ മേല്‍ എനിക്ക് എന്തു നീയന്ത്രണമാണ് ഉള്ളത്.പിന്നെ നീ പോകാതെ നില്ക്കുന്നത് എനിക്ക് ഒരു ആശ്വാസമാണെന്നു മാത്രം” ശരീരം മറുപടി പറഞ്ഞു
“നീ ഭൂമിയില്‍ ജീവിച്ചു കൊതി തീരാത്തവളായതു കൊണ്ടായിരിക്കും എനിക്ക് അപ്പോള്‍ പോകാന്‍ തോന്നാതിരുന്നത്”
“ഭൂമിയില്‍ ജീവിച്ചു കൊതി തീരുക അത്ര ഏളുപ്പമുള്ള കാര്യമണോ ഒരു മനുഷ്യ ജന്മത്തിന്..?”
“അതില്ല...പക്ഷേ നിന്റെ ഈ പ്രായത്തില്‍ ഒരു ജന്മം ഒടുങ്ങുക എന്നത് ദു:ഖകരമായ സത്യം തന്നെ”
“അതേ..ഞാന്‍ എത്ര ദു:ഖിക്കൂന്നു..ഇഹലോകം എനിക്കു നഷ്ടപ്പെട്ടതോര്ത്ത്..എന്റെ മമ്മിയെ ഓര്ത്ത്,ബന്ധുക്കളെ ഓര്ത്ത്.അങ്ങനെ പലതും…”
“അപ്പോള് നിന്റെ ടോം..?”
“അവനെയും എനിക്കു സ്നേഹിച്ചു മതിയായില്ല..”
“നിന്നെ കൊന്നവനായിട്ടും..?”
“ടോമിനെ ഞാന്‍ അത്രക്കു സ്നേഹിച്ചിരുന്നതല്ലേ…എന്റെ ആത്മാവായിരുന്നിട്ടും നിനക്ക് എന്റെ മനസ്സു മനസ്സിലാകുന്നില്ലേ…?”
“കഷ്ടം!!!!!!!!!“ആത്മാവ് ശബ്ദമില്ലാതെ പറഞ്ഞു

“കഴിഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും നിനക്ക് ഓര്മ്മയുണ്ടോ…?” ആത്മാവ് വീണ്ടും ചോദിച്ചു
“പൂര്ണ്ണമായും ഇല്ല..ടോം എന്നെ കൊല്ലണം എന്നോര്ത്തായിരിക്കില്ല അടിച്ചത്.ടോം ഏറ്റവും സ്നേഹം തോന്നുമ്പോള്‍ എന്റെ കഴുത്തിലാണ് ചുംബിക്കാറുള്ലത്. അടികൊണ്ട് വീഴാന്‍ പോയ എന്റെ കഴുത്തിലേക്ക് കൈ കൊണ്ടു
വന്നപ്പോള് ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു കണ്ണുകളടച്ചു പോയി. എന്നെ സാന്ത്വനിപ്പിക്കാന്‍ വരുന്നു എന്നാണ് ഞാന്‍ കരുതിയത്. അത്രയേ എനിക്കോര്മ്മയുള്ളു.പിന്നീടെന്താ സംഭവിച്ചതെന്നു എനിക്കറിയില്ല.
എന്റെ ബോധം അപ്പോള്‍ മറഞ്ഞു പോയായിരുന്നല്ലോ..“
ആത്മാവ് അവളെ സഹതാപത്തോടെ നോക്കി..പിന്നെ പറഞ്ഞു.
“അപ്പോള്‍ ഞാന്‍ നിന്നില്‍ നിന്നും വേര്പെടാതിരിക്കുവാനുള്ള തത്രപ്പാടിലായിരുന്നല്ലോ. വേര്പെടാതിരിക്കാന്‍
ഞാന്‍ ആവതു ശ്രമിച്ചതാണ്.നീയും ദീര്ഘമായി ശ്വാസം വലിച്ച് എന്നെ പിരിയാതിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നല്ലോ.സാരമില്ല നിന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ നമ്മള്‍ തമ്മില്‍ പിരിയണം എന്നത് വിധിയായിരിക്കും“
“ഓ…നീയോര്പ്പിച്ചതു നന്നായി നാളെ എന്റെ പിറന്നാളാണ്…“
“പിറന്നാളെല്ലാം ഭൂമിയില്‍ ജീവിച്ചിരികുന്നവര്ക്കല്ലേ..നീ ഇപ്പോള്‍ ഭൂമിയില്‍ നിന്ന് മറഞ്ഞവളാണ്..ശരീരവും ആത്മാവും രണ്ടായവള്‍ .അതു നീ മറന്നോ..?”
“മറന്നിട്ടല്ല…എന്റെ കഴിഞ്ഞ പിറന്നാളുകള് ആഘോഷിച്ചത് ഓര്ത്ത് അറിയാതെ പറഞ്ഞു പോയതാണ്..”ശരീരം ദു:ഖത്തോടെ പറഞ്ഞു.
“ഇനിയും നിന്റെ കൂടെ നില്ക്കുവാന്‍ എനിക്ക് സാധിക്കില്ല .ഇപ്പോള് തന്നെ ഞാന്‍ എന്റെ ലോകത്തേക്കു പോകുവാന്‍ എത്ര വൈകി.ഇനിയും വൈകിയാല്‍ എനിക്ക് ഇനി ആ ലോകത്തേക്ക് പ്രവേശനം നിഷേധിച്ചെന്നിരിക്കും.ഗതി ഇട്ടാതെ ഭൂമിയില് അലയുക എന്നത് നമുക്കു രണ്ടുപേര്ക്കും നല്ലതല്ല..”ആത്മാവ് ഓര്മ്മിപ്പിച്ചു
“ശരി എനിക്ക് എന്റെ വിധി നിനക്ക് നിന്റെയും“

ജെയിനിന്റെ ശരീരം മനസ്സില്ലാ മനസ്സോടെ തന്നിന്‍ ഇന്നും പിരിഞ്ഞ ആത്മാവിനെ അതിന്റെ ലോകത്തേക്കു യാത്രയാക്കി. ജെയിനിന്റെ ശരീരത്തെ ഒരു നിശ്വാസത്തോടെ നോക്കിയ ശേഷം അതിനെ ആറടി മണ്ണിനു വിട്ടു കൊടുത്തു കൊണ്ട് അവളുടെ ആത്മാവ് പരലോകത്തേക്കുള്ള യാത്രയായി. പോകുന്ന വഴിയില് അത് ജെയിനിന്റെ കല്ലറയെ ഒന്നു തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

ജെയിന്‍ ടോം
ജനനം: 10-6-1987
മരണം: 9-6-2009

2.1.10

കൈതപ്പൂക്കള്‍ പറഞ്ഞത്

തൊട്ടടുത്തുള്ള സ്കൂള്‍ വിട്ടതിന്റെ ആരവം കേട്ടു. സമയം നാലുമണിയായിരിക്കുന്നു.ഇറയത്തിന്റെ മൂലയിൽ ചാരിവെച്ചിരുന്ന ഊന്നുവടി കയ്യിലെടുത്തു രാമസ്വാമി നായിക്കന്‍ താഴേക്കിറങ്ങി, വലിയപറമ്പിലെ റീത്താമ്മയുടെ വീട്ടിലേക്ക് നടന്നു. റീത്താമ്മ ഉച്ചയുറക്കം കഴിഞ്ഞ് ചായ അനത്തുന്ന സമയമായിട്ടുണ്ട്. പണിക്കുപോയ മകന്‍ ബാലനും ഭാര്യയും വരുന്നതിനിയും സമയമുണ്ട്. അവര്‍ വരുന്നതിനുമുന്പ്‍ ചായ കുടിച്ച് അയാള്ക്ക് വീട്ടില്‍ തിരിച്ചെത്തണം. അല്ലെങ്കില്‍ “പതിവു തെണ്ടലിനു‍ പോയി” എന്ന് കനകത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും. എന്തു വേണമെങ്കിലും പറയട്ടെ നായിക്കന് വലിയപറമ്പിലെ നാലുമണിച്ചായ ഒഴിവാക്കുവാന്‍ പറ്റില്ല. ആയകാലത്ത് അവിടത്തെ പണിക്കാരനായിക്കുമ്പോഴേ കുഞ്ഞമ്മച്ചേടത്തി തുടങ്ങിവെച്ച ശീലമാണത്. കുഞ്ഞമ്മച്ചേടത്തിയുടെ ശേഷവും മരുമകള്‍ റീത്താമ്മ ആ പതിവിനു മുടക്കം വരുത്തിയില്ല. എത്രയോ കൊല്ലം വലിയമ്പറമ്പില്‍ പണിയെടുത്ത് കുഞ്ഞമ്മച്ചേടത്തിയുടെ കഞ്ഞിയും പുഴുക്കും കഴിച്ചിരിക്കുന്നു!!!!!!!

വയസ്സു നൂറ്റിരണ്ടു കഴിഞ്ഞെന്നു മക്കള്‍ പറയുന്നു. അത്രയും ആയോ എന്നു അയാള്‍ക്ക് നല്ല നിശ്ചയമില്ല. ആ പ്രായത്തിലും വലിയ കുഴപ്പമില്ലാതെ നടക്കുന്ന നായിക്കന്‍ കാഞ്ഞരപ്പള്ളിക്കാര്‍ക്ക് അതിശയം തന്നെ.

അയാളുടെ തലവെട്ടം കണ്ടയുടന്‍ “ദാ രാമസ്വാമീ…. ചായ“ എന്നു പറഞ്ഞ് റീത്താമ്മ അടുക്കള വരാന്തയില്‍ ചായയും ചക്ക പുഴുക്കും കൊണ്ടു വച്ചു.
അവിടെയിരുന്ന് സാവധാനം ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്തേക്കിറങ്ങി വന്ന പെണ്‍കുട്ടിയെ നോക്കി അയാള്‍ ചോദിച്ചു
“ആരാ റീത്താമ്മേ ഈ കുട്ടി..?”
“ഇതെന്റെ അനിയത്തിയുടെമോളാ“
“ഡെല്‍ഹിയിലുള്ള റീനയുടേതോ….? ഇവളെ ഞാന്‍ തീരെ കുഞ്ഞിലേ കണ്ടിട്ടുള്ളതാണല്ലോ?”
“അതേ… അവള്‍ക്കിപ്പോ അവധിയാണ് കുറച്ചുദിവസം കഴിഞ്ഞു തിരികെപ്പോകും”
“നീതു എന്നല്ലേ മോളുടെ പേര്..?” അവളെ നോക്കിച്ചിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. പ്രായമേറെയായെങ്കിലും നായിക്കന് നല്ല ഓര്‍മ്മ ശക്തിയാണ്.
“അതേ” അവളയാളെ സസൂഷ്മം നോക്കിക്കൊണ്ട് പറഞ്ഞു.
“മോളെന്തു ചെയ്യുവാ..പഠിക്കുവാണോ അതോജോലിയോ..?”ചായ കുടിക്കുന്നതിനിടെ അയാള്‍ ചോദിച്ചു.
“പഠിക്കുവാ..ഇക്കൊല്ലം കഴിയും."
ഡെല്‍ഹി യൂണിവേര്സിറ്റിയില്‍ ചരിത്ര ഗവേഷകയായ നീതു അവധിക്ക് നാട്ടിലെത്തിയിട്ട് രണ്ടു ദിവസമായി. പണ്ടേങ്ങോ ചെറിയകുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ കൂടെ വന്നതാണ് റീത്താമ്മന്റിയുടെ വീട്ടില്‍.അന്നു നായിക്കനെ കണ്ടതൊന്നും അവള്‍ക്ക് ഓര്‍മ്മയില്ല.

അടുക്കളയിലേക്കു പോയ റീത്താമ്മയോട് നീതു ചോദിച്ചു..

“അയാള്‍ ആരാ അന്റീ..? തമിഴനാണോ….? നല്ല മലയാളമല്ലല്ലോ പറയുന്നത്…?”
“അതു ഞങ്ങളുടെ രാമസ്വാമിയല്ലേ.... രാമസ്വാമി നയിക്കന്‍. ഇവിടത്തെ പണിക്കാരനായിരുന്നു. അവര്‍ നായിക്കന്മാരാണ്. തെലുങ്കാണു വീട്ടില്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നിന്നും പണ്ടേങ്ങോ പലാക്കാടുവന്നു താമസമാക്കിയ അവര്‍ മലബാര്‍ ലഹളയുടെ കാലത്ത് നമ്മുടെ നാട്ടിലേക്ക് കുടിയേറിയതാണ് .

“ഓ…..നമ്മുടെ സ്വാതന്ത്ര്യ സമരത്തിനും മുന്പോ…?“ നീതുവിനു കൌതുകമായി.. “ഞാനയാ‍ളോടു ചോദിക്കട്ടെ ആന്റീ.. അവരുടെ കാര്യങ്ങള്‍.“
“വേണ്ട മോളേ അയാള്ക്ക് പഴയ കാര്യങ്ങളൊന്നും പറയുന്നതിഷ്ടമല്ല.കല്യാണം കഴിഞ്ഞ് വന്ന കാലത്ത് ഞാന്‍ പലപ്രാവശ്യം അവരുടെ കാര്യങ്ങള്‍ ചോദിച്ചിട്ടുള്ളതാ‍.അന്നെല്ലാം മറുപടി പറയാതെ അയാള്‍ ഒഴിഞ്ഞു കളഞ്ഞു.പിന്നീട് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല.
“അതെന്താ...?”
പാലക്കാടെങ്ങോ നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണവര്‍,കൃഷിയിടങ്ങളും മറ്റു സൌകര്യങ്ങളൊക്കെയുമായി. രാമസ്വാമിയുടെ അച്ഛന്‍ ഒരു പാഠശാലയില്‍ അധ്യാപകനായിരുന്നു എന്നു അമ്മച്ചി പറഞ്ഞിട്ടുകേട്ടിട്ടുണ്ട്.“
“ആ അപ്പൂപ്പന്റെ വീടെവിടെയാ..?”
“നമ്മുടെ പറമ്പിന്റെ അതിരില്‍ കാണുന്ന ആ ഇഷ്ടിക കെട്ടിയ ചെറിയ വീടില്ലേ… അതാണയാളുടെ വീട്.“ റീത്താമ്മ പറമ്പിന്റെ അതിരിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു.

നീതു വീണ്ടും വരാന്തയില്‍ വന്ന്‍ അയാള്‍ ചായ കുടിക്കുന്നതും നോക്കി നിന്നു.
കുറച്ചു സമയം കൂടെ റീത്താമ്മയോടും നീതുവിനോടും കുശലം പറഞ്ഞിരുന്ന ശേഷം നായിക്കന്‍ സാവധാനം വീട്ടിലേക്കു പോയി.
“ആന്റീ….നായിക്കന്മാരെക്കുറിച്ച് അറിയാനെന്താ വഴി.മക്കളോടു ചോദിച്ചു നോക്കിയാലോ…?”നീതു പിന്നെയും റീത്താമ്മയുടെ പിന്നാലെ കൂടി.
“നിനക്കു വേറെ പണിയൊന്നുമില്ലേ..നീതു..മക്കളെല്ലാം അയാളിവിടെ വന്നു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായവരാണ്. അവര്‍ക്കാര്‍ക്കും പഴയ കാര്യങ്ങള്‍ ചോദിക്കുന്നതേ ഇഷ്ടമല്ല.അവര്‍ക്ക് ഈ കാ‍ഞ്ഞരപ്പിള്ളിക്ക് അപ്പുറത്തൊരു ലോകവുമില്ല.
റീത്താമ്മയുടെ വാക്കുകള്‍ നീതുവിലെ ചരിത്ര ഗവേഷയെ തീരെ തൃപ്തിപ്പെടുത്തിയില്ല. നേരിട്ടു തന്നെ കാര്യങ്ങള്‍ ചോദിച്ചറിയാന് അവള്‍ തീരുമാനിച്ചു.കാഞ്ഞരപ്പള്ളിയിലെ നായിക്കന്മാരുടെ ചരിത്രവും ചരിത്രകാരനും രാമസ്വാമി മാത്രമാണെന്നവള്‍ക്കു മനസ്സിലായി.

പിറ്റെ ദിവസം നാലുമണിയാകുവാന്‍ നീതു കാത്തിരുന്നു.റിത്താമ്മയോട് കുശലം പറഞ്ഞ് നായിക്കന്‍ ചായയും പുഴുക്കും കഴിക്കുന്നതിടെ അവള്‍ പതുക്കെ തൊടിയിലേക്കിറങ്ങി.അവളുടെ മനസ്സു നിറയെ നായിക്കന്മാരുടെ കഥയറിയാനുള്ള ജിജ്ഞാസയായിരുന്നു. ആന്റിയുടെ മുന്നില്‍ വച്ച് വിവരങ്ങള്‍ തിരക്കിയാല്‍ അയാള്‍ പറയില്ലെന്നവള്‍ക്കു തോന്നി. അവള്‍ നായിക്കന്റെ വീട്ടിലേക്കുള്ള നടവഴിയിലൂടെ നടന്നു.വളവു തിരിഞ്ഞ് ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ അയാളുടെ വരവും കാത്ത് നിന്നു.ഒരു നൂറ്റാണ്ടിന്റെ ജീവിത ഭാണ്ടവും പേറി സാവധാനം നടന്നടുക്കുന്ന നായിക്കന്റെ വലിയ നിഴല്‍ അയാള്‍ക്കു മുന്‍പേ നടക്കുന്നുണ്ടായിരുന്നു.

“എന്താ മോളിവിടെ തനിയെ നില്ക്കു ന്നത്..?” അയാളവളോട് ചോദിച്ചു.
“വെറുതെ… അപ്പൂപ്പന്‍ വീട്ടിലേക്കാണോ..?”
“അതേ”
“അവിടെ ആരൊക്കെയുണ്ട്..?” അവള്‍ ആരാഞ്ഞു
“മകനും മരുമകളും പിന്നെ മൂന്നു കൊച്ചുമക്കളും.“
“അവരൊക്കെ അവിടെയുണ്ടോ..?”
“മകനും ഭാര്യയും പണിക്കുപോയിരിക്കുകയാ‍.മക്കള് പഠിക്കാനും. അവരെത്തുമ്പോള്‍ സന്ധ്യയാകും“.
“ഞാന്‍ അപ്പൂപ്പന്റെ കൂടെ വീട്ടിലേക്ക് വരട്ടെ” താല്പര്യത്തോടെ നീതു ചോദിച്ചു.
“എന്തിനാ..?”
“വെറുതെ…. കാണാന്‍”
“പാവങ്ങളുടെ വീട്ടില്‍ കാണാനെന്തിരിക്കുന്നു കുഞ്ഞേ…?”
“വീട്ടില്‍ അമ്മൂമ്മയില്ലേ..?”
“ഇല്ലാ…അവള്‍ പത്തിരുപതു കൊല്ലം മുമ്പേ പോയി. മൂത്ത രണ്ട് ആണ്മക്കള്‍ വേറെയാണ് താമസം. ഇപ്പോള്‍ ഇളയ മകന്‍ മാത്രമേ നോക്കാനുള്ളു. അവനും എന്നെ അത്ര കാര്യമല്ല. പിന്നെ വീട് കിട്ടിയതുകൊണ്ട് നോക്കേണ്ടി വന്നു എന്നു മാത്രം. ഈ പന്തു കളിക്കുമ്പോള്‍ നൂറെണ്ണമാകുന്നതിന് നിങ്ങളൊക്കെ എന്തോ പറയുമല്ലോ കുഞ്ഞേ..എന്നാത്..?”
“സെഞ്ചുറിയോ..?”
“ആ..അതു തന്നെ...സെഞ്ചുറിയടിച്ചിട്ടും അപ്പൂപ്പന്‍ സ്ഥലം വിടുന്നില്ല എന്നാണ് പേരക്കുട്ടികള്‍ പറയുന്നത്. ഈ ദീര്ഘായുസ്സ് എന്നു പറയുന്നത് അത്ര വലിയ യോഗമൊന്നുമല്ല കുഞ്ഞേ…. അതൊരു ശാപം തന്നെയാണ്.അതനുഭവിച്ചാലേ മനസ്സിലാകൂ. ”

അയാള്‍ ദു:ഖത്തോടെ തുടര്ന്നു .
“ഞങ്ങളിങ്ങനെയൊന്നും കഴിഞ്ഞരുന്നവരല്ല മോളേ…. പാലക്കാടുനിന്നും ഇങ്ങോട്ട് പോരുന്നത് വരെ.”
നീതുചോദിക്കാതെ തന്നെ അയാള്‍ കഥ പറയാന്‍ തുടങ്ങി.ആരോടോ പറയാന്‍ വെമ്പിയിരുന്നതു പോലെ.
“അവിടത്തെ കാര്യങ്ങളെല്ലാം അപ്പൂപ്പനിപ്പോഴും ഓര്‍മ്മയുണ്ടോ..?”
അവള്‍ അയാളെ പ്രോത്സാഹിപ്പിച്ചു.
“ഉണ്ടെന്നോ…..? ഇന്നലത്തെപ്പോലെ…. കുഞ്ഞിവിടെ ഇരി…“
തൊട്ടടുത്ത പാറക്കല്ലു ചൂണ്ടിക്കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു.

നീതുവിന് അത്ഭുതം തോന്നി .അവള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് ചോദിക്കാതെ തന്നെ നായിക്കന്‍ പറയാന്‍ തുടങ്ങുകയാണ്…. അടുത്തു തന്നെയുളള കയ്യാലമേലിരുന്ന് അയാള്‍ കഥ പറയാന്‍ തുടങ്ങി.

അവളുടെ മുന്നില്‍ ഇപ്പോള്‍ രാമസ്വാമി നായിക്കന്‍ എന്ന വൃദ്ധനില്ല.
പകരം ഒരു പതിനഞ്ചുകാരന്‍. പൊടിമീശയും തിളങ്ങുന്ന കണ്ണുകളുമുള്ള രാമു. പാലക്കാട്ടെ ഒരു കൊച്ചു ഗ്രാമത്തിലുള്ള വീട്. അതിനു പിന്നിലൂടെ ഒഴുകുന്ന കോരിക്കല്‍ തോട്.കൈതക്കാടുകള്‍ തിങ്ങിനില്ക്കുന്ന തോട്ടു വക്കില്‍ വെയില്‍ ചായുമ്പോള്‍ കുളിച്ചലക്കാന്‍ വരുന്ന സുഗന്ധി.വീട്ടിലെ കാളകളെ കുളിപ്പിക്കാനെന്ന വ്യാജേനെ എന്നും അവിടെപ്പോയി ഇരിക്കുന്ന അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നവള്‍. അടുത്ത വീട്ടില്‍ വിരുന്ന്‍ വന്നതാണവള്‍. ആ വീട്ടിലെതന്നെ വസന്തയെ അവനു നന്നേ ചെറുപ്പത്തിലേ‍ കല്യാണം പറഞ്ഞു വെച്ചിരിക്കുന്നതാണ്. പക്ഷേ വസന്തക്കവനെയും അവന് അവളെയും തീരെ ഇഷ്ടമല്ല. വല്ലാത്തൊരു സ്വഭാവക്കാരിയാണവള്‍. കളിക്കാനിരുന്നാല്‍ അടിപിടികൂടി പിരിയുന്നവള്‍. ആരോടും കൂട്ടുകൂടാനറിയാത്ത ആ കുറുമ്പുകാരി അവനെ എപ്പോള്‍ കണ്ടാലും മുഖം വീര്‍പ്പിച്ചു നടക്കും.

എപ്പോഴാണ് രാമുവിന് സുഗന്ധിക്ക് തന്നെ ഇഷ്ടമാണെന്നു മനസ്സിലായത്…? അയാള്‍ക്കതു കൃത്യമായി ഓര്മ്മിച്ചെടുക്കുവാന്‍ പറ്റുന്നില്ല. തോട്ടുവക്കില്‍ അയാളെ കാണാതിരുന്ന ഒരു വൈകുന്നേരം അവള്‍ കാത്തു നിന്നപ്പോഴോ…?
“എന്തിനാ കാത്തു നിന്നത്..?” എന്ന ചോദ്യത്തിനും ഒന്നും പറയാതവള്‍ പുഞ്ചിരിച്ചു..
അവള്‍ക്കും അവന്റെ തന്നെ പ്രായമായിരുന്നെന്നു തോന്നുന്നു. അവന്‍ പറിച്ചു കൊടുക്കുന്ന കൈതപ്പുക്കള്‍ മണത്തുകൊണ്ട് ഒന്നും മിണ്ടാതെ അവനെത്തന്നെ നോക്കി നില്ക്കും . ഒരേയൊരു ദിവസം മാത്രമേ അവളവനോടു സംസാരിച്ചിട്ടുള്ളു. അവളെ അവസാനമായി കണ്ട ആ ദിവസം.

“നാളെ ഞാനിവിടന്നു പോകും..…എന്റെ വീട്ടിലേക്ക്..അച്ഛന്‍ വന്നിട്ടുണ്ട് എന്നെ കൊണ്ടുപോകുവാന്‍” സങ്കടത്തോടെയാണവള്‍ അതറിയിച്ചത്.
“ഇനിയെന്നു വരും..?”ഉല്‍ക്കണ്ഠയോടുള്ള അയാളുടെ ചോദ്യത്തിന്
“അറിയില്ല” എന്നായിരുന്നു അവളുടെ മറുപടി.
“പോയാല്‍ പിന്നെ എന്നെ മറന്നു കളയുമോ…?”
“എന്തിനാ ഓര്‍ക്കുന്നത്… വസന്തയ്ക്കു കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന ആളല്ലേ.. പോയിക്കഴിഞ്ഞാല്‍ എന്നെ കണ്ടുമുട്ടിയ കാര്യം പോലും ഓര്‍ക്കരുത്..”
വിതുമ്പലോടെയാണവള്‍ പറഞ്ഞത്
“ഇല്ലാ…..വസന്തയെ എനിക്കിഷ്ടമല്ലാ..ഞാനത് അച്ഛനോട് തുറന്നു പറയും”

സന്ധ്യയായിട്ടും സുഗന്ധിയെ കാണാതെ അന്വേഷിച്ചു വന്ന വസന്ത കണ്ടത് തോട്ടുവക്കിലെ കൈതക്കാട്ടിലെ ഇരുളില്‍ നില്ക്കുന്ന ഇരുവരെയും. വസന്തയുടെ മൂര്‍ച്ചയേറിയ നോട്ടത്തില്‍ രണ്ടുപേരും ഉത്തരമില്ലാതെ നിന്നു.

“മലബാറിലാകെ ലഹള നടക്കുന്ന കാലമായിരുന്നു അത്. അന്നു രാത്രിയിലെ ആ കലാപത്തില്‍ ഗ്രാമവാസികള്‍ പലയിടത്തേക്ക് ചിന്നിച്ചിതറി. വീട്ടിലേക്കു തിരിച്ചു പോയ സുഗന്ധിയും അവളുടെ അച്ഛനും കലാപകാരികളുടെ കയ്യിലകപ്പെട്ടു. അവരെപ്പറ്റി പിന്നീടൊന്നും കേട്ടില്ല. ആ വാര്‍ത്ത കേട്ടു തളര്‍ന്നു പോയ എന്നെ സംതൃപ്തിയോടെ നോക്കി നിന്ന വസന്തയുടെ മുഖം ഇന്നും എനിക്കു മറക്കാന്‍ കഴിയുന്നില്ല.“


“പിറ്റേ ദിവസം കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി ഓരോരോ കൂട്ടര്‍ ഗ്രാമം വിട്ടു.എന്റെ കുടുംബം, വസന്തയുടെ കുടുംബം അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍….. അച്ഛനു സ്വന്തമായി കാളവണ്ടിയുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ അതില്‍ കയറി യാത്ര പുറപ്പെട്ടു. ലക്ഷ്യമെന്തെന്നറിയാത്ത യാത്ര… യാത്രക്കിടയില്‍ ഇളയ അനുജന്‍ എട്ടുവസ്സുകാരന്‍ മുത്തുരാജന്‍ സുഖമില്ലാതായി. ജ്വരം മൂര്‍ച്ഛിച്ച അവന്‍ ഒരു രാത്രിയില്‍ കാളവണ്ടിയില്‍ തന്നെ കിടന്നു മരിച്ചു. മുത്തുരാജന്‍ മരിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്റെയോ അച്ഛനെയോ കണ്ണില്‍ നിന്നും വന്നില്ല. മറിച്ച് അവന്റെ ശരീരം എന്തു ചെയ്യും എന്ന ആധിയായിരുന്നു.അലമുറയിട്ടു കരഞ്ഞ അമ്മയെയും ഞങ്ങള്‍ക്ക് ആശ്വസിപ്പിക്കാനായില്ല. അന്നു രാത്രിയില്‍ത്തന്നെ ആരുമില്ലാത്ത സമയം നോക്കി ഞാനും അച്ഛനും ചേര്‍ന്ന് വഴിയരികില്‍ കുഴിയുണ്ടാക്കി അവനെ അവിടെത്തന്നെ സംസ്കരിച്ചു. മുത്തുരാജനെ അടക്കിയ സ്ഥലത്തുനിന്നും നിന്നും വരാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ ബലമായി പിടിച്ചുകൊണ്ട് അച്ഛന്‍ വണ്ടിയില്‍ കൊണ്ടുചെന്നിരുത്തുകയായിരുന്നു. കാഞ്ഞിരപ്പിള്ളിയില്‍ എത്തുന്നതുവരെയും അമ്മ ജലപാനമില്ലാതെ ആ വണ്ടിയില്‍ തളര്‍ന്നു കിടന്നു…അവന്‍ മരിച്ചപ്പോള്‍ വീഴാതിരുന്ന കണ്ണുനീരെല്ലാം പിന്നീടവനെക്കുറിച്ചോര്ക്കുമ്പോള്‍‍ താനെ വീഴും കുഞ്ഞേ….“

നായിക്കന്റെ കണ്ണുകളില്‍ നിന്നും പൊടിഞ്ഞ നീര്ത്തുള്ളികള്‍ ചുളിവുകള്‍ വീണ കവിളിലേക്കു വീണു. പിന്നീടവ നരച്ച താടി രോമങ്ങളില്‍ കുരുങ്ങി നിന്നു.
നീതു വിഷണ്ണയായി നോക്കി നിന്നു. റീത്താമ്മാന്റി പറഞ്ഞതുപോലെ ഒന്നും ചോദിക്കേണ്ടതില്ലായിരുന്നു എന്നവള്ക്ക് തോന്നി.
ഒരു നെടുവീര്‍പ്പോ ടെ അയാള്‍ തുടര്ന്നു ….
“ഞങ്ങളുടെ കൂട്ടര്‍ക്കിങ്ങനെ അലയാനാ വിധി. പണ്ടു ഞങ്ങളുടെ പൂര്‍വ്വികര്‍ പിറന്ന നാടുപേക്ഷിച്ചു വന്നതാണ് മലബാറില്‍.

“ഉവ്വോ…നീതുവിന് അതിശയമായി
“അതേ ..കുഞ്ഞേ….അതെല്ലാം എന്റെ അച്ഛനും മുത്തച്ഛനും മെല്ലാം പറഞ്ഞു കേട്ടിട്ടുള്ള കഥകളാണ്..കുഞ്ഞു വിജയ നഗര സാമ്രാജ്യത്തെപ്പറ്റി കേട്ടിട്ടില്ലേ.. ടിപ്പു വിജയ നഗരം കീഴടക്കിയപ്പോള്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ ‍ബെല്ലാരിയില്‍ നിന്നും പലയിടങ്ങളിലേക്ക് ചിന്നി ചിതറിപ്പോയി . ഞങ്ങള്‍ എത്തപ്പെട്ടത് പാലക്കാട്ടാ‍. കുറെപ്പേര്‍ അന്യദേശങ്ങളില്‍ ഉണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു. വിജയ നഗരത്തിലെ സമ്പല്‍ സാമൃദ്ധിയില്‍ നിന്നും പാലക്കാട്ടേക്ക് പറിച്ചെറിയപ്പെട്ട ഞങ്ങള്‍ രണ്ടു തലമുറയുടെ പ്രയത്നം കൊണ്ട് സാമാന്യം നല്ല നിലയിലെത്തി. അപ്പോഴാണ് അതേ ദു:ര്‍‍വിധി മലബാര്‍ ലഹളയുടെ രൂപത്തില്‍ ഞങ്ങളെ പിടികൂടിയത്.“

“ബെല്ലാരിയിലെ നായിക്കന്മാരെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്.അവരുടെ പിന്മുറക്കാര്‍ തന്നെയാണോ നിങ്ങളും..?

“അതേ കുഞ്ഞേ…ഞങ്ങളുടെ പൂര്‍വ്വികര്‍ പടനായകന്മാരായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരെ ധാര്‍വ്വാഡില്‍ പട നയിച്ച സിധൂര്‍ ലക്ഷ്മണന്റെയും ബല്ഗാമില്‍ പൊരുതിയ റാണി കിട്ടൂര്‍ ചന്നമ്മയുടെയും പിന്മുറക്കാരാ ഞങ്ങളെന്ന് അച്ഛനെപ്പോഴും അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.
“ഈ കഥകളെല്ലാം കാഞ്ഞരപ്പിള്ളിക്കാര്‍ക്കറിയില്ലേ അപ്പൂപ്പാ...”നീതു അത്ഭുതത്തോടെ ചോദിച്ചു.
“അതെല്ലാം പഴങ്കഥകളല്ലേ കുഞ്ഞേ… പറഞ്ഞ് അഭിമാനിക്കാന്‍ മാത്രമുള്ളവ. എന്റെ മക്കള്‍ക്കു പോലും അതൊന്നും കേള്‍ക്കാന്‍ താല്പര്യമില്ല. കാഞ്ഞരപ്പിള്ളില്‍ ഞങ്ങള്‍ വെറും കൂലിപണിക്കാര്‍ മാത്രം.”

“ഇവിടെയെത്തിയ ഞങ്ങള്ക്ക് ഇവിടത്തെ ജോണിക്കുട്ടിയുടെ വല്ല്യപ്പന്‍‍‍‍ ചാക്കോമാപ്പിള കയറി കിടക്കാനൊരിടം തന്നു. ഞങ്ങള്‍ അവരുടെ കുടിയാന്മാരായി. അങ്ങനെ ഞങ്ങളും കാഞ്ഞിരപ്പള്ളിക്കാരായി. ഇവിടത്തെ റബ്ബര്‍ തോട്ടത്തിലും കാപ്പിത്തോട്ടത്തിലുമെല്ലാം പണിക്കാരായി. വസന്തയുടെ കുടുബവും ഈ ഭാഗത്തേക്കു തന്നെയാണ് വന്നത്. പത്തിരുപതു വയസ്സു കഴിഞ്ഞപ്പോള്‍ അവളെത്തന്നെ കല്യാണം കഴിച്ചു. വളര്‍ന്നു വലിയ പെണ്ണായിട്ടും വസന്തയുടെ പഴയ സ്വഭാവത്തിന് മാറ്റമുണ്ടായിരുന്നില്ല. വര്ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിന് അവളെന്നോട് കുത്തു വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു.“
“ആ ലഹളയില്‍ ചത്ത സുഗന്ധിയെ ഓര്ത്താ നിങ്ങളെന്നെ തൊടുന്നത്.പിന്നെങ്ങനെയാ ഈശ്വരന്‍ നിങ്ങള്‍ക്കു കുഞ്ഞുങ്ങളെത്തരുന്നത്..?“
“അവളുടെ കുത്തുവാക്കുകള്‍ ദിവസം തോറും കൂടിക്കൊണ്ടിരുന്നു. അതിനറുതി വരുത്തുവാനെന്നോണം ഈശ്വരന്‍ നാല്‍പ്പതാം വയസ്സില്‍ ഞങ്ങള്‍ക്ക് ആദ്യത്തെ കുഞ്ഞിനെ തന്നു. ഇളയവന്‍ ബാലരാജുവിന് പതിനഞ്ചു വയസ്സായപ്പോള്‍ അവള്‍ മരിച്ചു.“
“വസന്തയെ കല്യാണം കഴിച്ചിട്ടും അപ്പൂപ്പനെന്താ പഴയ സുഗന്ധിയെ ഓര്‍ത്തിരുന്നത്..?അതു ശരിയായില്ല അപ്പൂപ്പാ” നീതു പറഞ്ഞു.
“ഒരിക്കലുമില്ല കുഞ്ഞേ.. ഞാന്‍ മറക്കാന്‍ ശ്രമിക്കുന്തോറും വസന്ത കുത്തുവാക്കുകള്‍ പറഞ്ഞെന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.“
രാമസ്വാമി ചെറുചിരിയോടെ തുടര്ന്നു
“ചില പെണ്ജന്മങ്ങള്‍ അങ്ങനെയാ…..കെട്ടിയവന്മാര്ക്ക് സ്വൈര്യം കൊടുക്കുന്നത് ഇഷ്ടമല്ല. സത്യം പറഞ്ഞാല്‍ വസന്തയുടെ മരണത്തിനു ശേഷം സുഗന്ധിയെ ഞാനങ്ങനെ ഓര്‍ത്തിട്ടില്ല കുത്തുവാക്കുകള്‍ പറഞ്ഞോര്‍പ്പിക്കാന്‍ അളില്ലാഞ്ഞതു കൊണ്ടാവും. ഇന്നിപ്പോള്‍ വളരെ വര്‍ഷങ്ങള്‍‍‍ക്കു ശേഷം അവളെ ഓര്‍ത്തു .”
കഥപറഞ്ഞു തീര്‍ന്നി ട്ടും നായിക്കന്‍ പഴയ ഓര്‍മ്മരകളില്‍ നിന്നും വിടുതല്‍ പ്രാപിച്ചിട്ടില്ലെന്നവള്‍ക്കു മനസ്സിലായി. ചുളിഞ്ഞ കണ്‍പോളകള്‍ക്കുള്ളിലെ ആ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അയാള്‍ അഗാധമായ ചിന്തയിലാണെന്നു തോന്നി
“എന്താ അപ്പൂപ്പാ…അലോചിക്കുന്നത്..? സുഗന്ധിയെക്കുറിച്ചാണോ…?”
അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്ന് മന്ദഹസിച്ചു കൊണ്ട് അതേയെന്ന് തലയാട്ടി.

“ഞാന്‍ പോകുന്നു.നാളെ കാണാം” എന്ന് പറഞ്ഞവള്‍ തോട്ടത്തിലേക്കിറങ്ങി. വിശാലമായ തോട്ടത്തിന്റെ ഓരം ചേര്ന്നൊഴുകുന്ന ചെറു തോടിന്റെ അരികിലെ കൈതക്കടുകള്ക്കരികിലെത്തിയപ്പോള്‍ കൈതപ്പൂക്കളുടെ സുഗന്ധം... മുള്ളുകള്‍ വക വെക്കാതെ അവള്‍ കുറച്ചു കൈതപൂക്കള്‍ പൊട്ടിച്ചെടുത്തു. തിരിച്ചു വന്നപ്പോള്‍ അതേ കയ്യാലയില്‍ തന്നെയിരിപ്പുണ്ട് രാമസ്വാമി. കൈതപ്പൂക്കള്‍ പിന്നില്‍ ഒളിപ്പിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“അപ്പൂപ്പനിതുവരെ വീട്ടില്‍ പോയില്ലേ…?”
“പോകുന്നു കുഞ്ഞേ…കനകവും കുട്ടികളും വീട്ടിലെത്താറായിക്കാണും.ബാലന്‍ പിന്നെ ഇരുട്ടിയാലേ എത്തുകയുള്ളു”
“അപ്പൂപ്പനൊന്നു കണ്ണടച്ചേ..ഞാന്‍ ഒരു സമ്മാനം തരാം” കുസൃതിയോടെ അവള്‍ പറഞ്ഞു
കണ്ണുകളടച്ചിരുന്ന രാമസ്വാമിയുടെ കൈകളിലേക്ക് അവള്‍ ആ കൈതപ്പൂക്കള്‍ വച്ചു കൊടുത്തു. ശുഷ്ക്കിച്ച കൈ വിരലുകള്‍ കൊണ്ട് പരതി നോക്കിയ അയാള്‍ക്കു മനസ്സിലായി ആ വിലപ്പെട്ട സമ്മാനം എന്താണെന്ന്. കണ്ണുതുറക്കാതെ തന്നെ അയാള്‍ അതെടുത്ത് സാവധാനം മണത്തു.. അടഞ്ഞ കണ്ണുകളുമായി അയാള്‍ അത് മണത്തുകൊണ്ടിരുന്നു…. ആ കണ്ണുകളില്‍ നിന്നും ജലബിന്ദുക്കള്‍ പ്രവഹിച്ചു. ഒന്നു രണ്ടു നിമിഷം കഴിഞ്ഞിട്ടും അയാള്‍ കണ്ണു തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ നീതു പരിഭ്രമത്തോടെ അയാളെ വിളിച്ചു…
“അപ്പൂപ്പാ…”
കണ്ണുതുറന്നു അവളെ നോക്കിയ അയാള്‍ കണ്ണുകള്‍ തുടച്ചു കൊണ്ടു പറഞ്ഞു..
“നന്ദി….കുഞ്ഞേ…ഒരുപാടു നന്ദി…“
കൈതപ്പൂക്കളും നെഞ്ചോടു ചേര്ത്തുകൊണ്ട് യാത്രപോലും പറയാതെ ഊന്നുവടി നിലത്തമര്‍ത്തി ആ പടുവൃദ്ധന്‍ വീട്ടിലേക്കു നടന്നകന്നു.

പിറ്റേന്ന് രാവിലെ ഏഴുമണിയായിക്കാണും. റീത്താമ്മാന്റിയുടെ കൂടെ അടുക്കളയിലിരുന്നു ചായകുടിക്കുകയായിരുന്നു നീതു.
“റീത്താമ്മച്ചേച്ചി… ജോണിച്ചേട്ടനില്ലേ ഇവിടെ..?“ അടുക്കള വരാന്തയില്‍ നിന്നും പരിഭ്രമത്തോടെ വിളിക്കുന്ന കനകത്തിന്റെ ശബ്ദം.
“എന്താ കനകം..?എന്തു പറ്റി..? പല്ലുതേച്ചുകൊണ്ടിരുന്ന ജോണിക്കുട്ടി ശബ്ദം കേട്ട് റീത്താമ്മയോടൊപ്പം പുറത്തേക്കിറങ്ങി.
“അച്ഛന്‍ രാവിലെ വിളിച്ചിട്ട് ഉണരുന്നില്ല.എനിക്കെന്തോ വല്ലാതെ തോന്നുന്നു..” അവള്‍ കിതച്ചു കൊണ്ടു പറഞ്ഞു.
“ബാലനില്ലേ അവിടെ..?” നായിക്കന്റെ വീട്ടിലേക്കു ധൃതിയില്‍ നടക്കുന്നതിനിടയില്‍ ജോണിക്കുട്ടി അന്വേഷിച്ചു.
“ഇല്ല.. അവരച്ഛനും മക്കളും ഇന്നു നേരത്തേ പോയി. ഇന്നലെ രാത്രി കിടക്കുന്നതു വരെ എന്നുമില്ലാത്ത സന്തോഷമായിരുന്നു അച്ഛന്.
ഇന്നലെ ഈ മോളെക്കണ്ട കാര്യവും ഞങ്ങളോട് പറഞ്ഞായിരുന്നു.” അവരുടെ കൂടെ നടക്കുന്ന നീതുവിനെ നോക്കി കനകം പറഞ്ഞു.

അവരുടെ പിന്നാലെ രാമസ്വാമിയുടെ വീടിനുള്ളില്‍ കയറിയ നീതു, കട്ടിലില്‍ തഴപ്പായയില്‍ കിടക്കുന്ന വൃദ്ധന്റെ ചേതനയറ്റ ശരീരം കണ്ടു.മുറിയിലാകെ കൈതപ്പുക്കളുടെ സുഗന്ധം.നായിക്കന്റെ കട്ടിലില്‍ അവിടവിടെയായി വാടിയ കൈതപ്പൂക്കള്‍ ചിതറിക്കിടക്കുന്നു. ഒരു കൈതപ്പൂവിതള്‍ അയാളുടെ ചുരുട്ടിപ്പിടിച്ച കൈയ്യില്‍ നിന്നും പുറത്തേക്കു നീണ്ടു നിന്നു.

9.11.09

ഊര്‍മ്മിള

           അന്തപ്പുരത്തില്‍ ഊര്‍മ്മിള തനിച്ചാ‍യിരുന്നു. വര്‍ഷങ്ങള്‍ എത്രയായി അവള്‍ ഈ ഉറക്കറയില്‍ തനിച്ചായിട്ട്.. ലക്ഷ്മണനെ പിരിഞ്ഞിട്ട്...പത്തോ അതോ പതിനൊന്നോ...ഇപ്പോള്‍ അവള്‍ ദിവസങ്ങള്‍ കൊഴിയുന്നതോ ആഴ്ചകള്‍ നീങ്ങുന്നതോ ശ്രദ്ധിക്കാറില്ല.എത്രയോ കാലം അവള്‍ കാത്തിരുന്നു വര്‍ഷങ്ങള്‍ കൊഴിയുന്നതും കാത്ത്...ഈ ജന്മത്തില്‍ കാത്തിരിപ്പാണു തന്റെ നിയോഗമെന്ന് അവള്‍ മനസ്സിലാക്കിയിരിക്കുന്നു.

         കൈകേയി അമ്മ ദശരഥ മഹാരാജാവിനോട് വരം ചോദിച്ചപ്പോള്‍ രാമനു ലഭിച്ചത് പതിനാലു വര്‍ഷത്തെ വനവാസമാണെങ്കില്‍ ഈ ഊര്‍മ്മിളക്കു ലഭിച്ചത് പതിനാലു വര്‍ഷത്തെ വൈധവ്യമാണ്.തന്റെ മനസ്സ് ലക്ഷ്മണന്‍ പോലും മനസ്സിലാക്കിയില്ലല്ലോ.. .ജനകന്റെ മക്കള്‍ക്ക് സന്തോഷം എന്നൊന്നു വിധിച്ചിട്ടില്ലെന്നോ...ഈ അന്തപ്പുരത്തിലെ സുഖങ്ങളെക്കാളും എത്രയോ ഭേദമായിരുന്നു ലക്ഷ്മണന്റെ കൂടെ കാട്ടിലേക്കു പോയിരുന്നെങ്കില്‍. സീത കാണിച്ച ധൈര്യം തനിക്കില്ലാതെ പോയല്ലോ..അദ്ദേഹം എന്തേ തന്നെയും കൂടെ കൂട്ടാതിരുന്നത്..അതേ ഭ്രാതു ഭക്തിയുടെ പാരമ്യം മൂലം തന്നെ മറന്നു കളഞ്ഞതാണോ.....അദ്ദേഹത്തോടൊപ്പം ഞാനും കൂടെ എന്നു പറഞ്ഞ് ധൈര്യപൂര്‍വം ഇറങ്ങേണ്ടിയിരുന്നു..അതായിരുന്നില്ലേ ഒരു ഭാര്യയുടെ ധര്‍മ്മം..? കാട്ടിലെ ദുരിതപൂര്‍ണ്ണമയ ജീവിതം ഇതിലെത്രയോ ഭേദമായിരുന്നു.

             അവള്‍ എഴുന്നേറ്റ് പതിവു പോലെ ചില്ലു ജാലകം തുറന്ന് അതിന്റെ പട്ടു വിരികള്‍ മാറ്റി പുറത്തേക്കു നോക്കി നിന്നു. കൊട്ടാരവും അന്തപ്പുരവുമെല്ലാം ചന്ദ്രികയില്‍ കുളിച്ചു നില്‍ക്കുകയാണ്.അവള്‍  ആകാശത്തിലേക്കു നോക്കി..ഓ..ഇന്നു പൌര്‍ണ്ണമിയാണല്ലോ...ആകാശം നിറയെ താരകങ്ങളും പൂര്‍ണ്ണ ചന്ദ്രനും. ഈ ഊര്‍മ്മിളയുടെ ഉറക്കറയില്‍ എന്നും അമാവാസിയായിരിക്കുമ്പോള്‍ പുറത്തെ പൌര്‍ണ്ണമിക്കെന്തു പ്രസക്തി...അന്തപ്പുരത്തിനടുത്തുള്ള ഉദ്യാനത്തില്‍ നിന്നും നിശാ പുഷ്പങ്ങള്‍ പരത്തുന്ന സൌരഭ്യം ജനാലയിലൂടെ അവളുടെ ഉറക്കറയിലേക്ക് നുഴഞ്ഞു കയറി. നിലാവുള്ള രാത്രികളില്‍ താനുമായി ഉദ്യാനത്തില്‍ ഉലാത്തുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു.ഇപ്പോള്‍ അദ്ദേഹവും ഉറങ്ങിക്കാണുമോ..അതോ കാട്ടിലെ കുടിലിനു വെളിയില്‍ വന്ന് ആകാശത്തേക്ക് നോക്കുന്നുണ്ടാകുമോ.ഈ പൂര്‍ണ്ണചന്ദ്രനെയും ആകാശം നിറഞ്ഞു നില്‍ക്കുന്ന താരങ്ങളെയും കാണുന്നുണ്ടാകുമോ... ഉദ്യാനത്തില്‍ വച്ച് തന്റെ മടിയില്‍ തലചായ്ച്ച് പ്രേമ പരവശനായി അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകള്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ടാകുമോ..

          ആകാശത്തിലേക്ക് നോക്കി നില്‍ക്കവേ മറ്റു നക്ഷത്രകൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു കുഞ്ഞു നക്ഷത്രം തന്നെത്തന്നെ നോക്കുന്നതായി അവള്‍ക്കു തോന്നി. ലക്ഷ്മണന്റെ ദൂതാളാ‍യിരിക്കുമോ ആ കുഞ്ഞു നക്ഷത്രം.അതിന്റെ ചിമ്മല്‍ ലക്ഷ്മണന് തന്നോട് പറയാനുള്ള സന്ദേശം കൈമാറലായിരിക്കുമോ...അവള്‍ വീണ്ടും ആ നക്ഷത്രത്തെതന്നെ നോക്കി നിന്നു...അതാ...അതു തുടരെ തുടരെ ചിമ്മുന്നു..അതെ..ഇതു തന്റെ പ്രാണേശ്വരന്റെ ദൂതാളു തന്നെ.അവള് നിശ്ചയിച്ചു.എന്തായിരിക്കും ഈ ചിമ്മലിന്റെ അര്‍ഥം..?

“ഊര്‍മ്മിളാ...വിരഹത്തിലേ നമുക്ക് നമ്മുടെ സ്നേഹത്തിന്റെ ആഴം അളക്കാനൊക്കൂ..” എന്നാണോ..?
“അതേ..ഈ ഊര്‍മ്മിള അതു അളന്നുകഴിഞ്ഞു..ആ ആഴം ഞാന്‍ മനസ്സിലാക്കി.ഈ കാണുന്ന നക്ഷത്രങ്ങളെക്കാളേറെ..ആഴിയിലെ മണല്‍ത്തരികളെകാളേറെ..“ഊര്‍മ്മിള മറുപടി പറഞ്ഞു.
വീണ്ടും നക്ഷത്രം അവളോട് ചോദിക്കുന്നു....
“ഊര്‍മ്മിളാ..നീയെന്നെ വെറുത്തോ ഇത്രയും കാലം ഞാന്‍ നിനക്കു തന്ന വിരഹം കൊണ്ട്..?”
“ഇല്ലാ..എനിക്കങ്ങയെ വെറുക്കാനാകില്ല..ഞാന്‍ വെളിപ്പെടുത്തിയല്ലോ എനിക്ക് അങ്ങയോടുള്ള സ്നേഹം .പിന്നെങ്ങനെ അങ്ങയെ വെറുക്കാനാകും.”

“നമ്മുടെ സ്നേഹം അസ്തമിക്കാത്തോളം കാലം ഈ വിരഹത്തിന് നമ്മെ എന്തു ചെയ്യാന് കഴിയും..? എന്റെ ഈ കാനന വാസത്തിന്റെ കഠിനതകള്‍ക്ക് എന്നെ തപിപ്പിക്കാനാകുമോ..എന്റെ ഓര്‍മ്മകള്‍ മായ്ക്കാനാകുമോ..?”

“ഇല്ലാ..ഒരിക്കലുമില്ലാ..”ഊര്‍മ്മിള സന്തോഷത്തോടെ ഉത്തരമരുളി.

                പെട്ടെന്ന് ഒരു മേഘം വന്ന് ആ നക്ഷത്രത്തെ മറച്ചു ഊര്‍മ്മിള പെട്ടെന്നു പരിഭ്രാന്തയായി..പിന്നീടവള്‍ക്കു മനസ്സിലാ‍യി..പുതിയ സന്ദേശത്തിനായി അത് ലക്ഷ്മണന്റെ അരികില്‍ പോയിരിക്കുകയാണ്.ജനലിനരികിലുള്ള ചിത്രപ്പണിചെയ്ത ഒരു പീഠത്തില്‍ അവള് നക്ഷത്രം വീണ്ടും വരുന്നതും കാത്തിരുന്നു..അദ്ദേഹം ഇപ്പോള്‍ എവിടെയായിരിക്കും ഇരിക്കുന്നത്.വെറും നിലത്തോ അതോ കല്ലിലോ പാറയിലോ...എത്രയോ വര്‍ഷങ്ങളായി രാത്രിയുടെ ഓരോരോ യാമങ്ങള്‍ കടന്നുപോകുന്നത് അവള്‍ ഈ പീഠിലിരുന്നു മനസ്സിലാക്കിയിരിക്കുന്നു..ഊര്‍മ്മിള എന്നാല്‍ ഉറക്കം വരാത്തവള്‍ എന്ന് അര്‍ത്ഥമുണ്ടോ..അവള്‍ ഇടക്കു സംശയിച്ചിട്ടുണ്ട്..പെട്ടെന്നവള്‍ തിരുത്തും ഊര്‍മ്മിള എന്നാല്‍ വിരഹിണി എന്നര്ത്ഥം.അതു ഈ ത്രേതാ യുഗത്തിലും വരുവാനിരിക്കുന്ന യുഗങ്ങളിലും അവള്‍ അങ്ങനെ തന്നെ അറിയപ്പെടും.അങ്ങനെയെങ്കിലും ഊര്‍മ്മിളക്ക് ലോകത്തില്‍ ഒരു സ്ഥാനം ഉണ്ടാകട്ടെ..

         നക്ഷത്രം നിന്നിരുന്ന ഭാഗത്തെ മേഘപ്പാളി മെല്ലെ മാഞ്ഞു പോകുന്നത് നോക്കി ഊര്‍മ്മിള പ്രതീക്ഷയോടെ കാത്തിരുന്നു.ഇപ്പോള്‍ അതാ വീണ്ടും ആ കുഞ്ഞു തോഴന്‍ പ്രത്യക്ഷനായി.അവളെ നോക്കി കുസൃതിയോടെ ചിമ്മി..
“എന്തേ..നീ തിരിച്ചു വരാന്‍ അമാന്തിച്ചത്..ഇത്രയേറെ സന്ദേശങ്ങള്‍ കൈമാറാനുണ്ടായിരുന്നോ എന്റെ പ്രിയന്‍..?”
“അതെ...ലക്ഷ്മണന് തന്റെ പ്രാണ പ്രേയസിക്കു കൊടുക്കുവാനുള്ള സന്ദേശങ്ങള്‍ എത്ര പറഞ്ഞിട്ടും തീരുന്നില്ല”
“ഇപ്പോള് അദ്ദേഹവും എന്നെപ്പോലെ ഉറങ്ങാതിരിക്കുകയാണോ അവിടെ..”
“എന്തൊരു വിഡ്ഡിച്ചോദ്യമാണിത് ഊര്‍മ്മിളേ..?”ഇത് “നക്ഷത്രം അവളോടു ചോദിച്ചു..പിന്നെ തുടര്‍ന്നു..“
“ഇതാണ് ഈ ഭൂമിയിലെ മനുഷ്യരുടെ ഒരു കാര്യം.സ്നേഹം മനസ്സിലാക്കുവാന്‍ അവര്‍ക്കു വളരെ പ്രയാസമാണ്.അവര് എപ്പോഴും തെളിവുകള്‍ ആവശ്യപ്പെടും“

ഊര്‍മ്മിള കുറ്റബോധത്തോടെ നക്ഷത്രത്തെ നോക്കി..

“സാരമില്ല..” എന്നു പറഞ്ഞ് നക്ഷത്രം വീണ്ടും കണ്ണു ചിമ്മി
“പിന്നീടെന്തു പറഞ്ഞു എന്റെ പ്രാണേശ്വരന്‍..?”അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു
“അതു പറയാന്‍ എനിക്കു നാണമാകും”നക്ഷത്രം വീണ്ടും കുസൃതിയോടെ കണ്ണു ചിമ്മി
”എന്താ ഇത്..പിന്നെന്തിനാണു നീ എന്റെ ലക്ഷ്മണന്റെ സന്ദേശവാഹകനാകുവാന്‍ സമ്മതിച്ചത്...മടിക്കാതെ പറയൂ”ഊര്‍മ്മിള അക്ഷമയായി
“പറയാം, അദ്ദേഹത്തിന്റെ വാക്കുകളില്‍ത്തന്നെ..“
നക്ഷത്രം തുടര്‍ന്നു...
         “ഊര്‍മ്മിളേ.....നീ ഇത്രയും വര്‍ഷങ്ങള്‍ രാത്രികളില്‍ ജാലകവിരികള്‍ മാറ്റി പുറത്തേക്കു നോക്കിയിരിക്കുന്നത് എന്റെ പ്രിയ ദൂതന്‍ ഈ കുഞ്ഞുനക്ഷത്രം വഴി ഞാന്‍ അറിഞ്ഞിരുന്നു.. എത്രയോ രാത്രികളില്‍ അവന്‍ എന്നോടു വന്നു പറഞ്ഞിരിക്കുന്നു നീ അവിടെ വിരഹിണിയായി എന്നെയും ചിന്തിച്ചിരിക്കുന്ന കാര്യം...ഈ പ്രിയ സ്നേഹിതന്‍ വര്‍ഷങ്ങളയി പരിശ്രമിക്കുന്നു നിന്റെ ഒരു കടാക്ഷം ലഭിക്കുവാന്‍...ഇന്ന് അതു ലഭിച്ചു എന്ന സന്തോഷ വാര്‍ത്തയുമായാണ് അവന്‍ എന്റെ അരികില്‍ തിരികെയെത്തിയത്. എന്റെ സന്ദേശം നിന്നെ അറിയിക്കുവാന്‍ കഴിഞ്ഞു എന്നത് എന്നെ എത്ര ആഹ്ലാദ ഭരിതനാക്കിയെന്നോ...അപ്പോള്‍ എന്റെ ഇത്രയും വര്‍ഷത്തെ കാനന ജീവിതത്തിന്റെ എല്ലാ വൈഷമ്യവും ഞാന് മറന്നു പ്രിയേ..”

ഊര്‍മ്മിളയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി....ആനന്ദാശ്രുക്കളോടെ അവള്‍ നക്ഷത്രത്തെ നോക്കി.എന്നിട്ട് പറഞ്ഞു

“ഇത്രയും വര്‍ഷം നീ എനിക്കായി എന്റെ മുന്നില്‍ വന്നു ചിമ്മിയിട്ടും ഞാനതു കണ്ടില്ലല്ലോ കൂട്ടുകാരാ..”

“സാരമില്ല..ഇപ്പോഴെങ്കിലും നമുക്കു കണ്ടുമുട്ടാറായല്ലോ...എന്റെ പ്രിയ തോഴന്‍ ലക്ഷ്മണന്റെ സന്തോഷം എനിക്കു കാണാനായല്ലോ..”

“നീ വലിയൊരു പുണ്യ പ്രവൃത്തിയാണു കൂട്ടുകാരാ ചെയ്യുന്നത്.പിന്നീടെന്തു പറഞ്ഞൂ ആര്യപുത്രന്‍...“നക്ഷത്രം ലക്ഷ്മണന്റെ വാക്കുകളില്‍ വീണ്ടും പറഞ്ഞു

“ഊര്‍മ്മിളേ...ഞാന്‍ എപ്പോഴും നിന്റെ തൊട്ടരികിലുണ്ട്. നിലാവുള്ള രാത്രികളില് നിന്റെ കോമളമായ മുഖത്തേക്കു വീഴുന്ന ചന്ദ്രിക ഞാന്‍ തന്നെയാണ്.ഏകാന്ത രാവുകളില് ജാലകവിരികള്‍ വകഞ്ഞ് മാറ്റി പുറത്തേക്കു നോക്കുമ്പോള്‍ നിന്നെ തഴുകുന്ന പൂന്തെന്നലിന് എന്റെ ഗന്ധം അനുഭവപ്പെറ്റുന്നില്ലെ..?”
“അതേ...അതേ നാഥാ..”ഊര്‍മ്മിള സന്തോഷത്തോടെ പറഞ്ഞു.

“നിന്റെ ഈ വിരഹദിനങ്ങളിലെ ശീതകാലത്ത് നിന്നെ പുണരുന്ന കുളിര് ഞാന്‍ തന്നെ പ്രിയേ..വര്‍ഷകാലങ്ങളില്‍ നീ കേള്‍ക്കുന്ന മഴയുടെ സംഗീതം ഞാന്‍ നിനക്കായി പാടുന്ന പ്രേമ കാവ്യങ്ങളാണ്..വേനലില്‍ നിന്റെ പൂമേനി വിയര്‍ത്തു കുളിക്കുംന്നുന്നത് എന്റെ ചുടു ചുംബനങ്ങളില്‍ നീ തളരുന്നതിനാലാണ്...”

        ഊര്‍മ്മിള ലക്ഷ്മണന്റെ സന്ദേശങ്ങള്‍ കേട്ട് കോരിത്തരിച്ചു നിന്നു അവളുടെ കണ്ണുകളിലെ ആനന്ദാശ്രുക്കളുടെ അരുവികള്‍ നിറഞ്ഞൊഴുകി.അവള്‍ നന്ദിയോടെ ആ കുഞ്ഞു നക്ഷത്രത്തെ നോക്കി..കണ്ണീര്‍പാടയിലൂടെയുള്ള കാഴ്ച ആ നക്ഷത്രത്തിന്റെ ചിമ്മല്‍ വര്‍ദ്ധിപ്പിക്കുന്നതായി അവള്‍ക്കു തോന്നി...അവള്‍ ജാലകത്തൊടു കുറച്ചു കൂടെ ചേര്‍ന്നു നിന്നു.പെട്ടെന്ന് ഒരു മേഘക്കീറു വന്ന് ആ കുഞ്ഞു നക്ഷത്രത്തെ പിന്നെയും മറച്ചു.ഊര്‍മ്മിള പ്രതീക്ഷയോടെ തന്റെ പ്രാണേശ്വരന്റെ അടുത്ത സന്ദേശങ്ങള്‍ക്കായി കാത്തു നിന്നു....

22.10.09

ഒറ്റക്കയ്യന്‍ അറുകൊല

അന്ന് ഏഴു ബി യിലെ പെണ്‍കുട്ടികളാരും ഉച്ചയൂണ് കഴിഞ്ഞ് കൊത്തങ്കല്ലു കളിക്കാന്‍ ക്ലാസു വിട്ടു പോയില്ല. എല്ലാവരും അനിത കുമാരിയുടെ ചുറ്റും കൂടി നിന്നു. ഉച്ചയൂണിനു വീട്ടില്‍ പോയപ്പോഴാണ് അവള്‍ ആ വാര്‍ത്തയറിഞ്ഞത്. തൈപ്പറമ്പിലെ ദാസപ്പന്‍ ചേട്ടന്‍ ചെത്തു കഴിഞ്ഞ് ഷാപ്പില്‍ കള്ളു കൊടുത്തു മടങ്ങുമ്പോള്‍ അതാ നില്‍ക്കുന്നു മനക്കപ്പറമ്പിലെ തൊടലിമുള്ളു കാട്ടില്‍ ഒറ്റക്കയ്യന്‍ അറുകൊല !!!!!!
“ആ കള്ളുമാട്ടം ഇങ്ങു താടാ……“ അറുകൊല അലറി.
ദാസപ്പന്‍ ചേട്ടന് അറുകൊലയോട് മാട്ടം കാലിയാണെന്ന് പറയാന്‍ പേടി. പുള്ളി തോളില്‍ നിന്നും മാട്ടം ഊരി അതിലൊന്നുമില്ലെന്ന് കമഴ്ത്തിക്കാണിച്ചിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ ഒട്ടം. ഏഴു ബി യിലെ പെണ് കൂട്ടം കണ്ടിട്ട് തൊട്ടടുത്ത ഏഴു എ ക്കാരികളും കഥ കേള്‍ക്കാന്‍ അവിടെ കൂടി. അനിതകുമാരിയുടെ വിവരണം തിര്‍ന്നപ്പോള്‍ എല്ലാവരും അവരവര്‍ക്കറിയാവുന്ന പോലെ അറുകൊലയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.

“ഇന്നളൊരിക്കല്‍ നട്ടുച്ചക്ക് എന്റെ ശേരന്‍കൊച്ചച്ചന്‍ കണ്ടതാ ആ അറുകൊലയെ. നട്ടുച്ചക്ക് ആളില്ലാത്തിടത്താണ് ഇതിന്റെ സഞ്ചാരം. മനക്കപ്പറിമ്പിന്റെ പരിസരത്തെപ്പോഴും കാണും അത്”. രജനി അവളുടെ അറിവു വെളിപ്പെടുത്തിപ്പെടുത്തി.

“ചിലപ്പോള്‍ ഈ അറുകൊല വേഷം മാറി നടക്കും. മനുഷ്യന്റെ വേഷത്തില്‍. ആളു ചത്തുകഴിയുമ്പോഴേ മറ്റുള്ളവര്‍ക്കു കാര്യം മനസ്സിലാവൂ. എന്റെ പൂത്തോട്ടയിലെ സുലോക്കുഞ്ഞമ്മ പറഞ്ഞിട്ടുണ്ട്.“
ഏഴു എയിലെ ഷര്‍മ്മിള പറഞ്ഞു.
“അതെന്താടീ..ഈ അറുകൊലക്ക് ഒറ്റ കൈ..?” എനിക്കു സംശയമായി

“ആ..അതങ്ങനെയാ..ഇതുങ്ങളു ചിലതു ഒറ്റക്കണ്ണന്മാരായിരിക്കും. ചിലവ ഞൊണ്ടിക്കാലന്മാര്. നിങ്ങളു മാപ്പളെച്ചികള്‍ക്ക് എന്തറിയാം..?” രാജി എന്നെ കളിയാക്കി.

“നിന്നോടു ചോദിച്ചില്ലല്ലോ..“ഞാന് ദേഷ്യപ്പെട്ടു. രാജിക്കല്ലെങ്കിലും എപ്പോഴും മാപ്ലേച്ചി എന്നു വിളിച്ച് എന്നെ കളിയാക്കണം.

“ശരിയാ…എന്റെ ചോറ്റാനിക്കരയിലുള്ള വസുമതി അമ്മായി പറഞ്ഞിട്ടുണ്ട് അവരുടെ നാട്ടില് ഒരു ഒറ്റക്കണ്ണന്‍ അറുകൊല ഉണ്ടെന്ന്.” സുലേഖ പറഞ്ഞു
“ചോറ്റാനിക്കരയിലാണേങ്കി പിന്നെന്താ പ്രശ്നം..? അങ്ങു തറച്ചാല്‍ പോരെ...?“ രാജി നിസ്സര മട്ടില്‍ ചോദിച്ചു
“അതിന് ആരുടെയെങ്കിലും മേല് കൂടണ്ടേ… എന്നാലല്ലേ തറക്കാന്‍ പറ്റുകയുള്ളു.ചുമ്മാ നടക്കുന്നതുങ്ങളെ പിടിക്കാന്‍ ഇച്ചിരി പടാ എന്റെ മോളേ…..“ സുലേഖ രാജിയെ ഒന്നിരുത്തി.

സ്കൂളില്‍ ഒന്നാം മണിയടിച്ചു. പിന്നെ രണ്ടാം മണിയും. പെണ്‍കുട്ടികള്‍ പിരിഞ്ഞുപോകാതെ അറുകൊലക്കഥകള്‍ പങ്കു വെച്ചുകൊണ്ടിരുന്നു. സാമൂഹ്യപാഠം പഠിപ്പിക്കുന്ന ദിനേശന്‍ സാറു വരുന്നതു കണ്ടപ്പോള്‍ എ കാര്‍ എല്ലാവരും അവരുടെ ക്ലാസ്സിലോക്കോടി.അവരെ അവരുടെ കണക്കു പഠിപ്പിക്കുന്ന സാവിത്രി ടീച്ചര്‍ പുറത്തു നിര്‍ത്തി ശകാരിക്കുന്നത് ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു.

ദിനേശന്‍ സാര്‍ യൂഫ്രട്ടീസ്- റ്റൈഗ്രീസ് നദീതട സംസ്കാരത്തെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ “കള്ളുമ്മാട്ടം ഇങ്ങു താടാ” എന്നലറുന്ന ഒറ്റക്കയ്യന്‍ അറുകൊലയായിരുന്നു.

“കള്ളു കൊടുക്കാഞ്ഞതിന് അറുകൊലക്ക് ദാസപ്പന്‍ ചേട്ടനോട് കലികാണുമോ അനിതേ…?“ ഞാന്‍ അനിതകുമാരിയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
“കാണും..“ അവള്‍ ഉറപ്പിച്ചു പറഞ്ഞു.
“അയാളുടെ കയ്യില്‍ കള്ളില്ലെങ്കില്‍ പിന്നെങ്ങനെ കൊടുക്കും..”ഞാന്‍ ദാസപ്പന്‍ ചേട്ടനെ പിന്താങ്ങിക്കൊണ്ടു ചോദിച്ചു.

“അതു വല്ലതു അറുകൊലക്കറിയണോ…ഇതു പോലുള്ള സാധനങ്ങള്‍ എന്തെങ്കിലും മനസ്സില്‍ വിചാരിച്ചാല്‍ അതു നടത്തിയിരിക്കും. ദാസപ്പന്‍ ചേട്ടനോട് അറുകൊലക്ക് വിരോധം തുടങ്ങിയിട്ടുണ്ട്. എപ്പോഴെങ്കിലും അയാളെ അറുകൊല പിടിക്കും.“
അനിത രഹസ്യമായി എന്റെ ചെവിയില്‍ ഒരു പ്രവചനം നടത്തി.

“അതിനു ദാസപ്പന്‍ ചേട്ടന്‍ ഇനി മനക്കപ്പറമ്പ് വഴി പോകാതിരുന്നാല്‍ പോരെ…?” ഞാന് ചോദിച്ചു
“നിന്റെ ഒരു കാര്യം… അറുകൊലക്കാണോ വഴി മാറി നടന്നാലും ഒരാളെ പിടിക്കാന്‍ പ്രയാസം“ അനിത ചോദിച്ചു.

ഞാനും അനിതയും ക്ലാസ്സില്‍ ശ്രധിക്കാതെ സംസാരിച്ചിരിക്കുന്നത് ദിനേശന്‍ സാര്‍ കണ്ടു. ഞങ്ങളെ രണ്ടു പേരെയും സാര്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഞങ്ങള്‍ക്കതു സൌകര്യമായി. ഞങ്ങള്‍ വെളിയില്‍ നിന്നും അറുകൊലയെപറ്റി അടക്കം പറഞ്ഞു കൊണ്ടിരുന്നു.

രണ്ടു മൂന്നാഴ്ച കഴിഞ്ഞ് അനിത തന്നെയാണ് ആ വാര്‍ത്തയും രാവിലെ ക്ലാസ്സില്‍ കൊണ്ടു വന്നത്.
“ദാസപ്പന്‍ ചേട്ടന്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നു. അറുകൊല കൂടി കൂടെ കൊണ്ടു പോയതാണ്.“
“എന്റെ ദൈവമേ..നീ പറഞ്ഞത് ശരിയായല്ലോ അനിതേ…അറുകൊലക്കിത്ര ശക്തിയോ..” ഞാന്‍ അല്‍ഭുതപ്പെട്ടു.
“പിന്നെന്തു കരുതി നീ..?”
അനിത സ്കൂളിലേക്കു വരുന്ന വഴിയിലാണ് ദാസപ്പന്‍ ചേട്ടന്റെ വീട്.വരുന്ന വഴിയില്‍ അവള്‍ അത് കണ്ടിട്ടാണ് വന്നത്.

“നീ കണ്ടൊ അത്..?”എനിക്കു വിശ്വസിക്കാനായില്ല
“അതേ…സത്യമായിട്ടും കണ്ടു. എല്ലാവരും കയറി നോക്കുന്നുണ്ട്. പോലീസു വന്നലേ താഴെ ഇറക്കുകയുള്ളു. മണിയടിക്കാനിനിയും സമയമുണ്ട് വേണമെങ്കില്‍ എന്റെ കൂടെ വാ..കാണിച്ചു തരാം”

അനിതയുടെ കൂടെ ഞാനും ഞങ്ങളുടെ ക്ലാസ്സിലെ കുറച്ചു കുട്ടികളും ദാസപ്പന്‍ ചേട്ടന്റെ വീട്ടിലേക്കോടി. മുറ്റത്തു ചെറിയ ആള്‍ക്കൂട്ടം.ജനലിലൂടെ മറ്റു കുട്ടികളുടെ പിന്നില്‍ നിന്നും ഞാന്‍ എത്തിവലിഞ്ഞു നോക്കി. മുട്ടോളം നീളമുള്ള വലിയ ഒരു ചുട്ടിക്കരയന്‍ ചെത്തുതോര്‍ത്തുമുടുത്ത് ചുരുട്ടിയ കൈവിരലുകളും പുറത്തേക്കു നീണ്ട നാവുമായി തൂങ്ങി നില്‍ക്കുന്ന ശരീരം ഞാന്‍ ഒന്നേ നോക്കിയുള്ളു….
“ഈ പിള്ളെരെന്താ ഇവിടെ…?.. പോ..പിള്ളേരെ സ്കൂളില്…” വടക്കേടത്തെ അവരാന്‍ ചേട്ടന്‍ ഞങ്ങളെ ഓടിച്ചു.

തിരിച്ച് സ്കൂളിക്കോടുമ്പോഴും ആ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കയ്യുമായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍. നാലു മണി വിട്ട് വീട്ടിലെത്തിയിട്ടും എന്റെ ഭയം മാറിയിരുന്നില്ല. നോക്കുന്നിടത്തെല്ലാം തൂങ്ങി നില്‍ക്കുന്ന ആ രൂപം. ഒടുവില്‍ സന്ധ്യയായപ്പോള്‍ പേടിച്ചു പേടിച്ച് ഞാനിക്കാര്യം ചേച്ചിയോട് പറഞ്ഞു. അമ്മയിതറിഞ്ഞപ്പോള്‍ വലിയ ഭൂകമ്പമായി.
“തൂങ്ങി മരിച്ചതു കാണാന്‍ പോയോ... അസത്തേ… പോയിരുന്നു കുരിശു വരക്ക് പേടിയെല്ലം പൊയ്ക്കൊള്ളും” എന്നു പറഞ്ഞ് അമ്മ ഒരു കൊന്ത കഴുത്തിലിട്ടു തന്നു.
“രാത്രി ചോറുണ്ണാനിരിക്കുമ്പോള്‍ വലിയേട്ടനോട് ചാച്ചന്‍ പറയുന്നത് കേട്ടു. ആ ചെത്തുകാരന്‍ ദാസപ്പന്‍ തൂങ്ങി മരിച്ചു. അവനു അക്കരയിലെങ്ങാണ്ടു വേറെ ഭാര്യയും മക്കളുമുണ്ടായിരുന്നു. അതു പുറത്തറിഞ്ഞപ്പോള്‍ അവനങ്ങു തൂങ്ങി. അനാഥ മായതു രണ്ടു കുടുംബമാ… കഷ്ടം..”
“അതൊന്നുമല്ല അറുകൊല കൊണ്ടു പോയതാ…എനിക്കു വിളിച്ചു പറയണം എന്നുണ്ടായിരുന്നു..” ഭയം കൊണ്ട് ഞാന്‍ ഒന്നും മിണ്ടാതെ ‍ചോറിലേക്കും നോക്കിയിരുന്നു.
എല്ലാവരും അത്താഴമുണ്ടെഴുന്നേറ്റപ്പോള്‍ ചേച്ചി ചാച്ചന്‍ കേള്‍കാതെ രഹസ്യമായി ചേട്ടനോടു പറഞ്ഞു.
”ഇവളയാളു തൂങ്ങിയതു കാണാന്‍ പോയി.ഇപ്പോ പേടിച്ചിട്ട് കൊന്തയുമിട്ടാണ് നടത്തം”
“എടീ…” ചേട്ടന്‍ എന്റെ നേരെ നോക്കി കണ്ണുരുട്ടി.ഞാന്‍ പേടിച്ച് മുറിയുടെ മൂലയിലേക്കു മാറി.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല പനി..കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ വയ്യ
“ആ ദാസപ്പന്‍ തൂങ്ങിയതു കാണാന്‍ പോയതു കണ്ടു പേടിച്ചിട്ടാ. പെണ്ണിന്നു തീ പോലത്തെ പനി. പള്ളിയില്‍ കൊണ്ടു പോയി അച്ചനെക്കൊണ്ട് തലക്കു പിടിപ്പിക്കണം“ അമ്മ ചാച്ചനോടു പറഞ്ഞു.
“ഓ…അതു ചുമ്മാ പനിയായിരിക്കും . വല്ലപ്പോഴുമൊക്കെ .അവള്‍ക്കിങ്ങനെ പനി വരാറുള്ളതല്ലേ. തലക്കു പിടിപ്പിക്കേണ്ട കാര്യമൊന്നും ഇല്ല. “ചാച്ചന്‍ നിസ്സാരമായി പറഞ്ഞു.
“എന്റെ മേരമ്മേ…ഇതാ കണിയാന്‍ ചങ്കരനെക്കൊണ്ടൊന്നു ജപിച്ചു കെട്ടിച്ചാല്‍ തീരുന്ന കാര്യമല്ലേ ഉള്ളൂ…“ ജോലിക്കരി ജാനകി ഞാന്‍ കിടക്കുന്ന കട്ടിലിനരികെ നിന്ന് അമ്മയോടു ചേദിച്ചു.
“അതൊന്നും വേണ്ട ജാനകി..പള്ളീലച്ചനെക്കൊണ്ടു തലക്കു പിടിപ്പിക്കാം എന്നു പറഞ്ഞിട്ടു കൂടെ സമ്മതിച്ചില്ല. ഇനിയിപ്പം കണിയാന്റെ കാര്യം കൂടെ കേട്ടാല്‍ മതി.
“എന്നാലും ഈ കൊച്ചിനെ സമ്മതിക്കണം.തൂങ്ങിച്ചത്തതു കാണാന്‍ പോയിക്കളഞ്ഞല്ലോ..”
ഞാന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.

രണ്ടു ദിവസം കഴിഞ്ഞു പനിമാറി സ്കൂളില്‍ ചെന്നപ്പോള്‍ അനിത ക്ലാസ്സില്‍ വന്നിട്ടില്ല. അവളും രണ്ടു ദിവസമായിട്ട് ക്ലാസ്സില്‍ വരുന്നില്ലെന്ന് രാജി പറഞ്ഞു. അവള്‍ക്കും എന്നെപ്പോലെ പേടിച്ച് പനി പിടിച്ചു കാണുമോ..?

നാലാം ദിവസം അനിത ക്ലാസ്സില്‍ വന്നത് പുതിയ ഉടുപ്പും ചെരുപ്പുമൊക്കെയിട്ടാണ്. കയ്യിലും കഴുത്തിലും പുതിയ സ്വര്‍ണ്ണ വളയും മാലയും.  കവിളാകെ മിനുത്ത് തുടുത്തിരിക്കുന്നു. നാലു ദിവസം കൊണ്ട് ഇവളാകെ സുന്ദരിയായല്ലോ എന്നു ഞാന് മനസ്സിലോര്‍ത്തു.
“എന്താ അനിതേ…നീ ഇത്രയും ദിവസം വരാതിരുന്നത്. പനിയായിട്ടു ഞാനും രണ്ടു ദിവസം വന്നില്ല. ദാസപ്പന്‍ ചേട്ടനെക്കണ്ടു പേടിച്ചതാണെന്നാണ് അമ്മ പറയുന്നത്. നിനക്കും പനിയായിരുന്നോ.?“
അവള്‍ ചിരിച്ചുകൊണ്ട് ബാഗില്‍ നിന്നും ലഡ്ഡുവിന്റെയും ഉണ്ണിയപ്പത്തിന്റെയും രണ്ടു പൊതികള്‍ എന്റെ ബാഗില്‍ വച്ചു തന്നിട്ടു രഹസ്യമായി പറഞ്ഞു.
“എന്റെ തിരണ്ടു കല്യാണമായിരുന്നു. അതാ വരാതിരുന്നത്. ഇത് അതിന്റെ പലഹാരമാ. നീ ആരോടും പറയണ്ട..“ ഞാന്‍ വീണ്ടും അവളുടെ പുതിയ ഉടുപ്പിലെക്കും ചെരുപ്പിലേക്കും നോക്കി ഒന്നും മനസ്സിലാകാതെ.

മാസങ്ങള്‍ കഴിഞ്ഞു പോയി. അനിതകുമാരിയുടെ അമ്മ ആസ്മ കൂടി പെട്ടെന്നു മരിച്ചു. അമ്മക്ക് വാവടുക്കുമ്പോള്‍ ആസ്മ വരാറുള്ള കാര്യം അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ക്ലാസ്സ് ടിച്ചറുടെ കൂടെ ഞങ്ങളെല്ലാവരും അവളുടെ വീട്ടില്‍ ശവദാഹ സമയത്ത് പോയിരുന്നു. ഞങ്ങളെയെല്ലാം കണ്ടപ്പോള്‍ അവള്‍ ഉറക്കെ പതം പറഞ്ഞു കരഞ്ഞു. അവളുടെ വീടിന്റെ തന്നെ തെക്കു ഭാഗത്താണ് അമ്മയെ ദഹിപ്പിച്ചത്.

പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് അനിത കുമാരി ക്ലസ്സില്‍ വന്നത്. അവളുടെ കണ്‍പോളകളുടെ വീക്കം അപ്പോഴും മാറിയിരുന്നില്ല. ഒന്നു രണ്ടു പിരിയഡ് കഴിയുന്നതു വരെ അവള്‍ അരോടും ഒന്നും സംസാരിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിക്ക് അമ്മ മരിച്ച കാര്യങ്ങള് ഇന്റെര്‍വെല്ല് സമയത്ത് എന്നെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.

“ആ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയെങ്ങനുമാണോ അനിതേ..അത്..” ഞാന്‍ അവളോട് സംശയം ചോദിച്ചു
“ഏയ്..അല്ല…അമ്മ അസുഖം വന്നല്ലേ മരിച്ചത്. അസുഖക്കാരെ അറുകൊലക്കു വേണ്ട. അറുകൊല കൂടുന്നവര് ചാകുന്നത് ദാസപ്പന്‍ ചേട്ടനെപ്പോലെ തൂങ്ങിച്ചത്തോ, വിഷം കുടിച്ചോ ആയിരിക്കും“. അവള്‍ പറഞ്ഞു

അവളുടെ പ്രീഡിഗ്രീ തോറ്റ അനിലേച്ചിയുടെ കല്യാണം പെട്ടെന്നു നടത്താന്‍ പോവുകയാണത്രേ. അമ്മയില്ലാത്തെ പെണ്‍കുട്ടികളെ ഇങ്ങനെ വീട്ടില്‍ നിറുത്തുന്നതു ശരിയല്ല എന്നെല്ലാവരും അച്ഛനെ ഉപദേശിക്കുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്കു ശേഷം അനിലേച്ചിക്ക് കല്യാണമായെന്നുള്ള സന്തോഷ വാര്‍ത്ത അനിത അറിയിച്ചു. അമ്മ മരിച്ചതിന്റെ സങ്കടം അവള്‍ക്കും ചേച്ചിക്കും കുറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞു ചേച്ചിയും സുധാകരന്‍ ചേട്ടനും അവളുടെ വീട്ടില്‍ത്തനെ താമസിക്കും. വീട്ടില്‍ ആളാകുമല്ലോ. അല്ലെങ്കില്‍ പിന്നെ അവളും അച്ഛനും തനിയെ എന്തു ചെയ്യും.

അക്കൊല്ലം നടക്കാവ് ഭഗവതിയുടെ അമ്പലത്തിലെ ഉത്സവവും വെടിക്കെട്ടും പൊടിപൂരമായിരുന്നു. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളഞ്ഞ് ഉത്സവം കാണാന്‍ പോകുന്നവരെ നോക്കി ഞാന്‍ വീടിന്റെ ഗെയിറ്റില്‍ പിടിച്ച് നിന്നു. അമ്പലത്തില്‍ നിന്നും തിരിച്ചു വരുന്നവരുടെ കയ്യില്‍ വിവിധ തരം സാധനങ്ങള്‍. കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടങ്ങള്‍, ബലൂണുകള്‍...റോഡിലാകെ പീപ്പിയുടെ ശബ്ദം. സന്ധ്യകഴിഞ്ഞപ്പോള്‍ താലം വരവുണ്ടായിരുന്നു. താലപ്പോലിയേന്തിയ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ നടക്കുന്ന അനിതയും അനിലേച്ചിയും എന്നെ നോക്കി ചിരിച്ചു. അവരണിഞ്ഞ പട്ടു പാവാടയും ബ്ലൌസും കയ്യിലേന്തിയ ദീപങ്ങളുടെ വെളിച്ചത്തില് വെട്ടിത്തിളങ്ങി. അനിലേച്ചി കല്യാണമടുത്തതോടെ കൂടുതല്‍ സുന്ദരിയായ പോലെ.

രാത്രിയില്‍ വൈകി അമ്പല പറമ്പില്‍ നിന്നും ഉയര്‍ന്ന “കൃഷ്ണാവതാരം ബാലെ“യുടെ പാട്ടും കേട്ട് ഞാന്‍ ഉറങ്ങാതെ കിടന്നു.
“യശോധാ നന്ദനാ..എന്‍ ചാരേ വാ…വാ…“എന്ന പാട്ടുകേട്ടപ്പോള്‍ അമര്‍ചിത്രകഥയിലെ ഉണ്ണിക്കണ്ണന്‍ മഞ്ഞ പട്ടുചേലയുമുടുത്ത് ഗോപികമാരുടെ ഇടയില്‍ നിന്നു കളിക്കുന്ന സ്റ്റേജ് ഞാന്‍ മനസ്സില്‍ കണ്ടു. അനിത എനിക്ക് ഉത്സവപ്പറമ്പില്‍ നിന്നും ഒരു ഡസന്‍ സ്പ്രിങ്ങ് വളയും ഒരു കല്ലുമാലയും വാങ്ങിത്തന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ഇടവക പള്ളിയിലെ പെരുന്നാളായി. പെരുന്നാളിന്റെ പ്രദിക്ഷിണത്തിനു നിരയായി റോഡിലൂടെ നടക്കുന്നതിനിടയില്‍ പുത്തന് പെരുന്നാളു കൂടാന്‍ വന്ന പുതുമണവാട്ടികളുടെ പട്ടു സാരികളും നോക്കി ഞാന്‍ നടന്നു. അവരുടെ മണവാളന്മാരും സ്റ്റൈലന്‍ പാന്റും ഷര്‍ട്ടുമിട്ട് അവരെ മുട്ടിയുരുമ്മി നടന്നു നീങ്ങുന്നുണ്ടായിരുന്നു.



പ്രദിക്ഷണം കഴിഞ്ഞ് പള്ളിയില്‍ തിരിച്ചു വന്നപ്പോള്‍ അയല്പക്കത്തെ ശാന്തകുമാരിച്ചേച്ചിയും അമ്മ ഊലിച്ചോത്തിയും നല്ല സെറ്റു മുണ്ടൊക്കെ ഉടുത്ത് പള്ളിയില്‍ നില്‍ക്കുന്നു. ശാന്തകുമാരിച്ചേച്ചി നെറ്റിയില് ചാന്ത് തൊട്ടിട്ടുണ്ട്.
“പെരുന്നാളു കാണാന്‍ വന്നതാ…” ഞാന്‍ അവരോട് കുശലം ചോദിച്ചു
“അല്ല കൊച്ചേ…ഞങ്ങള് അമ്പെടുക്കാന്‍ വന്നതാ..” ഊലിച്ചോത്തി മറുപടി പറഞ്ഞു
“നിങ്ങള് അമ്പെടുക്കുകേ….” എനിക്കതിശയം
“പിന്നെന്താ..ഞങ്ങള്‍ എല്ലാക്കൊല്ലവും വന്ന് പുണ്യാളന്റെ അമ്പെടുക്കാറുള്ളതല്ലേ..അല്ലെങ്കില്‍ വസൂരി വിത്തു വാരിയെറിയില്ലേ….” ഊലിച്ചോത്തി ഭയഭക്തിയോടെ പറഞ്ഞു.
പ്രദിക്ഷണം കഴിഞ്ഞ് സെബസ്റ്റിയാനോസ് പുണ്യാളന്റെ രൂപക്കൂടോടെയുള്ള പ്രതിമ പള്ളി മുറ്റത്തെ അലങ്കരിച്ച പന്തലില്‍ കൊണ്ടു വെക്കുന്നുണ്ടായിരുന്നു. മരത്തില്‍ കെട്ടപ്പെട്ട് അമ്പുകളേറ്റു നില്‍ക്കുന്ന കരുണാമയമായ ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്കു അവരു പറഞ്ഞത് വിശ്വസിക്കാന് പറ്റിയില്ല.

“പുണ്യാളന്‍ ഇത്ര ദുഷ്ടനോ!!!!! “

അനിതക്കായി ഞാന്‍ ക്യൂട്ടക്സും ഇരട്ട ഡിസൈന്‍ തെളിയുന്ന വളകളും വാങ്ങി. പെരുന്നാളു കൂടാന്‍ വന്ന ത്രുപ്പൂണിത്തുറയിലെ ക്ലാരമ്മക്കുഞ്ഞമ്മയും വൈക്കത്തെ ചിന്നമ്മ അമ്മായിയും തന്ന പൈസയത്രയും ഞാന്‍ പൊടിപൊടിച്ചു.

വീണ്ടും രണ്ടു വട്ടം കൂടി ഉത്സവവും പെരുന്നാളും വന്നു പോയി. ഞങ്ങള് പത്താം ക്ലാസ്സിലാണിപ്പോള്‍ പഠിക്കുന്നത്. എല്ലാ ടീച്ചര്‍മാര്‍ക്കും പരീക്ഷയെക്കുറിച്ചു മാത്രമേ പറയാനുള്ളു. പത്താം ക്ലാസ്സെന്നു പറഞ്ഞാല് കുട്ടികളെ വിഴുങ്ങാന്‍ വരുന്ന ആരോ എന്ന മട്ടിലാണ് എല്ലാവരുടെയും സംസാരം. എനിക്കും അനിതക്കും കണക്കിനു റ്റ്യൂഷനുണ്ട്. എന്റെ ചേട്ടന്റെ കൂട്ടുകാരനായ രാജുച്ചേട്ടനാണ് റ്റ്യൂഷനെടുക്കുന്നത്. രാജുച്ചേട്ടന്‍ ലോ കോളേജില് വക്കീലാകുവാന്‍ പഠിക്കുകയാണ്. കോളേജ് കഴിഞ്ഞു വന്നിട്ട് വൈകുന്നേരമാണ് റ്റ്യൂഷന്‍.

സയന്‍സിന്റെ കുറേ നോട്ട് എഴുതി തീര്‍ക്കാന്‍ ഞാന്‍ ഒരുദിവസം അനിതയുടെ ബുക്കു കടം വാങ്ങി .അവളുടെ എല്ലാ പുസ്തകങ്ങളിലും ചേച്ചിയുടെ മോന്‍ സൂരജ് കുത്തി വരച്ചിട്ടുണ്ടാകും. അവള്‍ക്ക് എപ്പോഴും അവന്റെ കാര്യം പറയാനേ നേരമുള്ളു.

ഞാന്‍ വീട്ടിലിരുന്ന് അനിതയുടെ ബുക്കു നോക്കി നോട്ടു പകര്‍ത്തിയെഴുതുകയായിരുന്നു .പെട്ടെന്നാണ് അതില്‍ നിന്നും ഒരു മടക്കിയ കടലാസ് കഷണം താഴെ വീണത്. ഞാനതെടുത്ത് നിവര്‍ത്തി നോക്കി
.“എന്റെ അനിതക്ക്“ എന്നു തുടങ്ങുന്ന ആ കത്ത് വായിച്ചു അന്തം വിട്ടു പോയി. ഞങ്ങളുടെ റ്റ്യൂഷന്‍ സാറ് രാജുച്ചേട്ടന്റെ കത്തായിരുന്നു അത്. ഞാനാദ്യമായിട്ടാണ് ഒരു പ്രേമ ലേഖനം കാണുന്നത്. കള്ളി… എന്നോടൊന്നും പറയാതെ മറച്ചു വച്ചു. ഒരുമിച്ച് റ്റ്യൂഷന്‍ ക്ലസ്സിലിരുന്നിട്ടും എനിക്കിതൊരിക്കലും കണ്ടു പിടിക്കാന് പറ്റിയില്ലോ എന്നു ഞാന് അതിശയിച്ചു. കത്തിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന എനിക്കു മറ്റൊന്നു കൂടി മനസ്സിലായി. സുധാകരന്‍ ചേട്ടന്‍ അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ട്. ഉടനെ തന്നെ ചേച്ചിയോടോ അച്ഛനോടോ തുറന്നു പറയണം എന്ന് രാജുച്ചേട്ടന്‍ എഴുതിയിരിക്കുന്നു.

പിറ്റേ ദിവസം പുസ്തകം തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് കത്തിനെക്കുറിച്ച് ചോദിച്ചു
“നീ വഴക്കു പറയും എന്നു പേടിച്ചാ നിന്നോട് പറയാതിരുന്നത്“. അവള്‍ ചമ്മലോടെ പറഞ്ഞു…
“പ്രേമിച്ചു നടക്കുമ്പോള്‍ പരീക്ഷ അടുക്കാറായി എന്നോര്‍മ്മ വേണം. നിന്റെ അച്ഛനറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി..? “ ഞാനവളോട് ചോദിച്ചു
“ഇതു തന്നെയാ നിന്നോട് പറയാന് മടിച്ചതിന്റെ കാരണം..” അവള് പറഞ്ഞു
ഞാന്‍ പെട്ടെന്ന് അവളോട് സുധാകരന്‍ ചേട്ടനെക്കുറിച്ച് ചോദിച്ചു.
“നീ ആ കത്തു മുഴുവന്‍ വയിച്ചോ…”അവള്‍ വിഷമത്തോടെ എന്നോട് ചോദിച്ചു
“വായിച്ചു. നിനക്ക് അച്ഛനോടോ ചേച്ചിയോടോ പറഞ്ഞു കൂടെ…”

“എങ്ങനെ ഞാനിതവരോട് പറയും. അടുത്ത വര്ഷം പ്രീ ഡിഗ്രിക്കു ചേര്‍ന്നു കഴിഞ്ഞാല് എന്താണെങ്കിലും ഹോസ്റ്റലിലായിരിക്കും. അതോടെ അയാളില്‍ നിന്നും രക്ഷപ്പെടാം. ഏറിയാല്‍ മൂന്നു മാസം .ഇത്രയും നാള് രക്ഷപ്പെട്ടു നിന്നതുപോലെ അങ്ങു പോട്ടെ. എന്റെ പാവം അനിലേച്ചിയെ വിഷമിപ്പിക്കാനെനിക്കു മനസ്സു വരുന്നില്ല.” അവള്‍ നിറ കണ്ണുകളോടെ പറഞ്ഞു
“ചേച്ചിയോട് പറയാന്‍ വിഷമമാണെങ്കില്‍ അച്ഛനോട് പറയ് .”
“എന്തോ…. എങ്ങിനെയാ..അച്ഛനോടിങ്ങനത്തെ കാര്യങ്ങള്‍ പറയുന്നത്. അച്ഛന്റെ മുന്‍പില്‍ സുധാകരന്‍ ചേട്ടന്‍ നല്ല പിള്ളയല്ലേ... അയാളുടെ ഉദ്ദേശമെങ്ങാനും നടന്നാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. ആ നിമിഷം ഞാന്‍ ചത്തു കളയും. മരിച്ചു പോയ എന്റെ അമ്മയാണെ സത്യം..” അവള്‍ പെട്ടെന്നു പറഞ്ഞു.
“നീ…ചുമ്മാ അതുമിതും പറയാതെ അനിതേ..ഒന്നും ഉണ്ടാകില്ല.“ പേടിയോടെയാണെങ്കിലും ഞാന്‍ അവളെ ആശ്വസിപ്പിച്ചു.
എസ്സ്.എസ്സ്.എല്‍.സി. പരീക്ഷക്ക് ഇനി ഒരു മാസം പോലുമില്ല. ഞങ്ങളുടെ മോഡല്‍ പരീക്ഷ നടക്കുകയാണ്. രാവിലെ സ്കൂളില്‍ ചെന്ന ഞാന്‍ ഗെയിറ്റില് കരിങ്കൊടി കെട്ടിയിരിക്കുന്നതു കണ്ടു. സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ അവിടവിടെയായി കൂടിനിന്ന് അടക്കം പറയുന്നു.
“എന്താ… എന്തു പറ്റി ..?”ഞാന്‍ ചോദിച്ചു
ഷര്‍മ്മിളായാണു മറുപടി പറഞ്ഞത്
“ഇന്നത്തെ മോഡല്‍ പരീക്ഷ മാറ്റി വെച്ചു. അനിത കുമാരി.കെ.സ്സ്. തൂങ്ങി മരിച്ചു. കാരണമെന്തെന്നാര്‍ക്കുമറിയില്ല.“
“പരീക്ഷപ്പേടിയായിരിക്കും എന്നൊക്കെ ടിച്ചര്‍മാരു പറയുന്നണ്ട്“. സുലേഖ പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടികളെല്ലാം അവളുടെ വീട്ടിലേക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഞാന്‍ ഒന്നും മിണ്ടാതെ അവരുടെ നിരയിലൊരാളായി.

“ഇല്ലാ.. സുധാകരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും എന്നത്തെയും പോലെ അവള്‍ രക്ഷപെട്ടിട്ടുണ്ടാകും. ആ ഒറ്റക്കയ്യന്‍ അറുകൊലയായിരിക്കും അവളെ കൊണ്ടു പോയത്“. നടക്കുന്നതിടയില്‍ ഞാന്‍ എന്റെ മനസ്സിനെ സ്വാന്തനിപ്പിക്കുവാന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. പണ്ടു തൂങ്ങി മരിച്ച ദാസപ്പന്‍ ചേട്ടന്റെ വീടും മനക്കപ്പറമ്പും താണ്ടി കുട്ടികളും ടിച്ചര്‍മാരും അടങ്ങിയ നീണ്ട നിര അനിതയുടെ വീട്ടിലേക്കു നീങ്ങിക്കൊണ്ടിരുന്നു. മനക്കപ്പറമ്പിലെ തുടലിമുള്‍ക്കാടിനടുത്തെത്തിയപ്പോള്‍ എന്റെ മനസ്സ് ചോദിച്ചു.

“എന്തിനാ അറുകൊലേ…നീ എന്റെ അനിതയെ കൊണ്ടു പോയത്…? എന്തു ദ്രോഹമാണവള്‍ നിന്നോട് ചെയ്തത്…? നീ സുധാകരന്‍ ചേട്ടന്റെ രൂപത്തില്‍ അവളുടെ വീട്ടില്‍ ചെന്നു കയറിയത് ഇതിനായിരുന്നോ…?”

എല്ലാവരും അവളുടെ വീടിനു മുന്നിലെത്തി. ഞങ്ങളുടെ റ്റ്യൂഷന്‍ സാര്‍ രാജുച്ചേട്ടന്‍ റോഡരികിലെ ആള്‍ക്കൂട്ടത്തില്‍ തളര്‍ന്നു നില്ക്കുന്നുണ്ടായിരുന്നു. എല്ലാ കുട്ടികളും ഗെയിറ്റു കടന്ന് അകത്തേക്കു കയറി. അവളുടെ വീട്ടിലേക്ക് കയറാന്‍ ധൈര്യമില്ലാതെ ഞാന്‍ റോഡരികില്‍ത്തന്നെ നിന്നു. തനിയെ നില്‍ക്കുന്നത് കണ്ട് രാജുച്ചേട്ടന്‍ എന്റെ അരികിലേക്ക് വന്നു കുറ്റബോധത്തോടെ പറഞ്ഞു.

“അവള്‍ക്ക് അച്ഛനോട് പറയാന്‍ ബുധിമുട്ടുണ്ടായിരുന്നു എന്നറിഞ്ഞപ്പോഴെങ്കിലും ഞാന്‍ അവളുടെ അച്ഛനെ കാര്യങ്ങള്‍ അറിയിക്കേണ്ടതായിരുന്നു. ആ ദുഷ്ടന്റെ കയ്യില്‍ നിന്നും നമുക്കവളെ രക്ഷിക്കാമായിരുന്നു. ഞാനാണവളുടെ മരണത്തിനു കാരണക്കാരന്‍.”

“അല്ലാ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയാണിത്. അയാള്‍ക്കവളെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.“ ഞാന്‍ പറയാന്‍ ശ്രമിച്ചു. എന്റെ ശബ്ദം ഒരു വലിയ തേങ്ങല്‍ മാത്രമായി.

വീടിനു മുന്നിലെ ഉയര്‍ത്തിയ കെട്ടിയപന്തലും ആള്‍ക്കൂട്ടവും നോക്കി ഞാന്‍ ആ റോഡരികില്‍ത്തന്നെ നിന്നു….. ഒറ്റക്കയ്യന്‍ അറുകൊലകൊണ്ടുപോയ അനിതയുടെ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കൈവിരലുകളും കാണുവാന്‍ ശക്തിയില്ലാതെ…

11.10.09

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍

ഗുല്‍മോഹറുകള്‍ പൂക്കുന്ന കാലമായിരുന്നു അത്. ആര്‍ട്ട്സ് കോളേജിന്റെ മുന്നിലുള്ള പൂത്തുലഞ്ഞ ഗുല്‍മോഹറുകള്‍ ചുവന്ന തലപാവണിഞ്ഞു നില്‍ക്കുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെ നടയിലിരിക്കുന്ന സതീഷും ജയന്തിയും ചുവന്ന പൂക്കള്‍ വിരിച്ച പരവതാനിയിലാണിരിക്കുന്നതെന്നു തോന്നും.

ഷര്‍ട്ടിലേക്കു വീണ പൂവ് തട്ടി കളഞ്ഞുകൊണ്ട് സതീഷ് ജയന്തിയോടു ചോദിച്ചു.

“ജയന്തിക്കു ബസ്സിനു സമയമായോ…?”
“ഇല്ല …അരമണിക്കൂര്‍ കൂടി കഴിയണം“. ജയന്തി വാച്ചില്‍ നോക്കി പറഞ്ഞു.

സതീഷ് എന്നും അഞ്ചരക്കുള്ള ട്രെയിനിനാണ് പോകുന്നത്. ജയന്തിപോയിക്കഴിഞ്ഞ് പതുക്കെ റെയില്‍ വേസ്റ്റേഷനിലേക്കു നടന്നാല് ട്രെയിനിനുള്ള സമയമാകും. കോളേജ് മിക്കവാറും വിജനമാണ്. കുറച്ചകലെയുള്ള കാന്റ്റീനില്‍ നിന്നും കുട്ടികളുടെ ശബ്ദം കേള്‍ക്കുന്നതൊഴിച്ചാല്‍. മരത്തണലുകളില് അങ്ങിങ്ങിരുന്ന പ്രണയ ജോടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു.

“ഈ മരത്തിന്റെ കീഴില്‍ നമ്മളെപ്പോലെ എത്ര പേര്‍ ഇരുന്നു കാണും സതീഷ്..?” ജയന്തി സതീഷിനോട് തമാശയായി ചോദിച്ചു
“അവോ..മരത്തിനറിയാമായിരിക്കും…. മൂന്നു തലമുറകള്‍ക്കായി ഈ വയസ്സന്‍ മരം എത്ര തണലൊരുക്കിയിരിക്കുന്നു”
“അവരൊക്കെ ഇപ്പോള്‍ മക്കളൊക്കെയായി സുഖമായി ജീവിക്കുന്നുണ്ടാകും അല്ലേ…?”
“ഉണ്ടായിരിക്കും“ സതീഷ് കുറച്ചൊരു ഗൌരവത്തോടെ പറഞ്ഞു. പിന്നെയേതോ ചിന്തയില്‍ മുഴുകി ഒന്നും മിണ്ടാതെയിരുന്നു.
“സതീഷ്…. ഞാനൊരു കാര്യം പറയാന്‍ മറന്നു പോയി. ഇന്നലെ രാത്രിയില് ഒരു സ്വപ്നം കണ്ടു. നമ്മള്‍ രണ്ടു പേരും കൂടി സതീഷിന്റെ വീട്ടില്പോകുന്നതാ‍യിട്ട്…”
“ഓഹോ…എന്നിട്ട്..?“ അവനവളെ അവളെ കളിയാക്കി
“സത്യം…വീടിനടുത്തുള്ള അബ്ദുക്കായുടെ പീടിക പോലും ഞാന്‍ കണ്ടു..അബ്ദുക്ക നമുക്ക് ഐസിട്ട നാരങ്ങാവെള്ളം തന്നു, നമ്മള്‍ അബ്ദുക്കായോട് യാത്രപറഞ്ഞിറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണു തുറന്നു പോയി.”
“അതു വലിയ കഷ്ടമായിപ്പോയി“ അയാള്‍ വീണ്ടുമവളെ കളിയാക്കി.
“കളിയക്കണ്ട…കണ്ണു തുറന്നു പോയില്ലായിരുന്നെങ്കില്‍ നേരെ വീട്ടിലെത്തിയേനെ. എന്നാലും അബ്ദുക്കയുടെ പീടികയെങ്കിലും കാണാന്‍ പറ്റിയല്ലോ”
“പക്ഷേ…അതിനു നീ അബ്ദുക്കായെ കണ്ടിട്ടില്ലല്ലോ…”
“അതിനെന്താ..സതീഷ് എത്ര പ്രാവശ്യം എന്നോട് അബ്ദുക്കയുടെ പീടികയെ പറ്റി പറഞ്ഞിരിക്കുന്നു“
.
ഒരു നിമിഷം മിണ്ടാതിരുന്നിട്ട് ജയന്തി പരിഭവത്തോടെ പറഞ്ഞു
“എത്രനാളായി ഞാന്‍ പറയുന്നു എന്നെയൊന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍“
“സമയമാകട്ടെ.. വീട്ടിലിതുവരെ നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല.“ അയാള്‍ വിഷണ്ണനായി.
“നോക്കിക്കൊളൂ …ഒരിക്കല്‍ ഞാന്‍ തനിയെ അവിടെ വരും. എല്ലാവരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട്”
“ശരി..എങ്ങനെ എത്തുമെന്നു പറയൂ..” സതീഷ് ചിരിച്ചുകൊണ്ടവളെ പ്രോത്സാഹിപ്പിച്ചു
“വഴിയെല്ലാം സതീഷ് പലവട്ടം പറഞ്ഞു തന്നിട്ടില്ലേ…താമരക്കുളങ്ങര റെയില്‍ വേസ്റ്റേഷന്,മുന്നില്‍ ചെമ്മണ് പാത ,കുറച്ചു നടന്നാല്‍ പഞ്ചായത്ത് കിണര്‍, കുരിശുമ്മൂട് കവല. അവിടെ നിന്നും വലത്തോട്ട് തിരിയുമ്പോള്‍ ട്രാന്‍സ്ഫോര്‍മറിനടുത്ത് അബ്ദുക്കായുടെ പെട്ടിക്കട. ഞാന്‍ അബ്ദുക്കായോട് ചോദിക്കും ആര്‍ട്ട്സ് കോളേജില്‍ എം.എ.ക്കുപഠിക്കുന്ന സതീഷിന്റെ വീടെവിടെയാണെന്ന്.“
സതീഷിന്റെ വീടിനടുത്തുള്ള റെയില്‍വേസ്റ്റേഷനും വീട്ടിലേക്കുള്ള വഴിയും അബ്ദുക്കായുടെ പെട്ടിക്കടയും എല്ലാം അവള്‍ക്കു മനപ്പാഠമാണ്.

“അപ്പോള്‍ കാണാം യഥാര്‍ത്ഥ അല്‍ഭുതം.നിന്റെ കാര്‍ഷെഡ്ഡിന്റത്രയുമുള്ള എന്റെ കൊച്ചു വീട്.”
“തുടങ്ങി കോമ്പ്ലക്സ്..” ജയന്തി ദേഷ്യപ്പെട്ടു

വീട്ടില്‍ കൊണ്ടുപോകുന്ന കാര്യം എപ്പോള്‍ പറഞ്ഞാലും സതീഷ് അവസാനിപ്പിക്കുന്നത് ഇതു പറഞ്ഞായിരിക്കും

“ഇനി എന്നു ഇതുപോലെ സ്വപ്നം കാണുന്നുവോ ..അന്നു ഞാന്‍ സതീഷിന്റെ വീട്ടിലെത്തിയിരിക്കും.രാവിലെ ഉണര്‍ന്നെണീക്കുന്ന സതീഷ് ചിലപ്പോള്‍ എന്നെയായിരിക്കും കണി കാണുന്നത്…”

“എങ്കില്‍ എന്റെ അന്നത്തെ ദിവസം പോക്കായിരിക്കും” അവന്‍ അവളെ ചൊടിപ്പിച്ചു.
“ഞാന്‍ പോകുന്നു..എന്റെ ബസ്സിപ്പൊ വരും.. “

ജയന്തി എഴുന്നേറ്റ് കോളേജിനു മുന്നില്‍ത്തനെയുള്ള ബസ്സ്റ്റോപ്പിലേക്ക് ധൃതിയില്‍ നടന്നു പോകുന്നതു നോക്കി സതീഷ് ചെറു പുഞ്ചിരിയുമായി അവിടത്തന്നെയിരുന്നു.

ട്രെയിനിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ടിരുന്ന ജയന്തി വിചാരിച്ചു സതീഷ് അല്‍ഭുതപ്പെടും തന്നെ കാണുമ്പോള്‍. പറഞ്ഞത് കളിയായിരുന്നില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ. എത്രപ്രാവശ്യം പറഞ്ഞിരിക്കുന്നു ഒന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍.സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും അവള്‍ക്ക് സൈഡില്‍ത്തന്നെ സീറ്റുകിട്ടി. ചുറ്റുമുള്ള ആരെയും അവള്‍ ശ്രദ്ധിക്കാന്‍ പോയില്ല.ആരെങ്കിലും പരിചയമുള്ളവരെ കണ്ടാല്‍പ്പിന്നെ എവിടെപ്പോകുന്നു എന്ന് പറയേണ്ടി വരും. അച്ഛന്റെ ചെവിയില് അതെത്താനും മതി. ഏതോ പരിചയമുള്ള മുഖം അവളെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ അവള്‍ പുറത്തേക്ക് തലതിരിച്ചു കാഴ്ചകള്‍ നോക്കിയിരുന്നു.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളും പുഴയും താണ്ടി ട്രെയിന് ഓടിക്കൊണ്ടിരുന്നു. എത്ര പ്രകൃതിഭംഗിലുള്ള നാടാണ് സതീഷിന്റേത്.വയലില്‍ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെ ജയന്തി കൌതുകത്തോടെ നോക്കി. താമരക്കുളങ്ങരക്കു മുന്‍പുള്ള സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ജയന്തി തയ്യാറായി നിന്നു. കുറെ ആളുകള്‍ അവളോടൊപ്പം ഇറങ്ങി. അതിലധികം ആളുകള്‍ കയറുകയും ചെയ്തു. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി സതീഷ് പറഞ്ഞ പോലെ അത്രക്കങ്ങു ചെറിയ സ്റ്റേഷന്‍ അല്ല അതെന്ന്. കടകകളും ബുക്ക് സ്റ്റാളും എസ്സ്.സ്റ്റി.ഡി ബൂത്തുമൊക്കെയായി ഒരു ഇടത്തരം സ്റ്റേഷന്. ഓട്ടോകളും ടാക്സികളും അവിടെ യാത്രക്കാരെ കാത്തു നിരയായി കിടക്കുന്നു. ചെമ്മണ്ണിട്ട വഴി കാണുന്നില്ല. ടാറിട്ട ഒരു റോഡാണ് മുന്നില്. റോഡ് ടാറിട്ട കാര്യം സതീഷ് എന്തേ പറയാന്‍ മറന്നത്. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ പഞ്ചായത്ത് കിണര്‍ കണ്ടു. പിന്നെ കവലയും. വഴി തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. വലത്തേക്കു തിരിഞ്ഞപ്പോള്‍ രണ്ടു മൂന്നു കടകള്‍. ട്രാന്‍സ്ഫോര്‍മറിന്റെ അടുത്ത് പെട്ടിക്കട കാണുന്നില്ല .പകരം ഒരു സ്റ്റേഷനറിക്കട. ഈ സതീഷിന്റെ ഒരു കാര്യം എല്ലാം ചെറുതാക്കി പറഞ്ഞിരിക്കുന്നു. അവള്‍ മനസ്സിലോര്‍ത്തു.

ഒരു നിമിഷം അവള്‍ സംശയിച്ചു നിന്നിട്ട് സ്റ്റേഷനറികടയിലേക്ക് കയറി. കടയില് സാധനങ്ങള് വാങ്ങാന്‍ വന്നിരിക്കുന്നവരോട് സംസാരിച്ചു നിന്ന ചെറുപ്പകാരനോട് ചോദിച്ചു.
“അബ്ദുക്കായുടെ കട ഇതല്ലേ…?“ അവള്‍ സംശയത്തോടെ തന്നെ ചോദിച്ചു
“അതേ…ബാപ്പ ഇപ്പോള്‍ വരാറില്ലല്ലോ..ഇപ്പോള്‍ ഞാനാ കട നോക്കുന്നത്…”.പിന്നെ അയാള്‍ അവളെ ചോദ്യ ഭാവത്തില് നോക്കി.
“ആര്‍ട്സ് കോളേജിലെ സതീഷിന്റെ വീട്…?”
“സതീഷ് സാറ് കുറച്ചു മുന്‍പ് കോളേജിലേക്കു പോയല്ലോ..”
“ഇത്ര നേരത്തേയോ..?”
ജയന്തിക്ക് അതിശയം തോന്നി. എപ്പോഴും ഫസ്റ്റവര്‍ കഴിഞ്ഞ് കോളേജിലെത്താറുള്ള കക്ഷിയാണ്
പെട്ടെന്ന് പുറത്തേക്ക് നോക്കി അവന്‍ പറഞ്ഞു
“ദാ…സതീഷ് സാറിന്റെ ഭാര്യയും മകനും വരുന്നു. സ്റ്റേഷനിലേക്കാണെന്നു തോന്നുന്നു…..അവരോട് ചോദിച്ചോളൂ.”
മിറര്‍ വര്‍ക്ക് ചെയ്ത വയലറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഒരു യുവാവും നടന്നടുക്കുന്നുണ്ടായിരുന്നു. ഇയാളിതെന്താ പറയുന്നതെന്ന ഭാവത്തില്‍ ചെറുപ്പക്കാരനെ നോക്കിയിട്ട് ജയന്തി കടയുടെ പുറത്തേക്കിറങ്ങി. അവള്‍ക്കു ചിരിവന്നു. ഭാര്യയും മുതിര്‍ന്ന മകനും. അയാള്‍ക്കു തെറ്റിയതായിരിക്കും. വേറെയാരുടെയെങ്കിലും കാര്യമായിരിക്കും അയാള്‍ പറഞ്ഞത്.
പക്ഷേ ആ മകന് സതീഷിന്റെ അതേ ഛായ. ആ താടിയില്ലെന്നു മാത്രം. നടത്തയും അതുതന്നെ. പിന്നില്‍ നിന്നു നോക്കിയപ്പോള് സതീഷ് നടന്നു പോകുകയാണെന്നു തോന്നി. അവള്‍ക്കൊന്നും മനസ്സിലായില്ല. സ്റ്റേഷനിലേക്കുളള വഴിയേ നടന്നു പോകുന്ന അവരെ നോക്കി നിന്ന ജയന്തി കുറച്ചു നേരം അതേ നില്‍പ്പില്‍ത്തന്നെ നിന്നു………………
എത്രസമയം അവള്‍ അങ്ങനെ നിന്നു കാണും…? അരോ അവളുടെ കയ്യില്‍ പിടിച്ചു. ഞെട്ടിത്തിരിഞ്ഞു നോക്കിയ ജയന്തി കണ്ടത്..വിഷ്ണുവിനെ!! വളരെ പരിഭ്രാന്തനായിരുന്നു അയാള്‍.
വിഷ്ണുവോ……? അപ്പോള് സതീഷിന്റെ വീട്..? ഇന്നലത്തെ രാത്രിയിലെ സ്വപ്നം….? താനിപ്പോഴെവിടെയാണ്...? ഒന്നിനും ഉത്തരമില്ല. മുന്‍പിലുള്ള റോഡും ട്രാന്‍സ്ഫോര്‍മറും കീഴ്മേല് മറിയുന്നു. അവര്‍ മകന്റെ തോളിലേക്കു ചാഞ്ഞു.

“അമ്മേ..അമ്മയെങ്ങനെ തനിയെ ഒരു പരിചയവുമില്ലാത്ത ഈ സ്ഥലത്തു വന്നു ..? അതും ആരോടും പറയാതെ!! രാവിലെ അമ്പലത്തില്‍ പോയതായിരിക്കും എന്നു ഞങ്ങള് വിചാരിച്ചിരിക്കുകയായിരുന്നു. ഷൈലയോടെങ്കിലും പറയാമായിരുന്നില്ലേ…”.വിഷ്ണുവിന്റെ ചോദ്യത്തിനു ജയന്തിക്കു മറുപടിയുണ്ടായിരുന്നില്ല.

അമ്മയെ താങ്ങിപ്പിടിച്ചു കൊണ്ട് വിഷ്ണു കാറിനടുത്തേക്കു നടന്നു. സീറ്റിലിരുത്തി. ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പെട്ടെന്നുള്ള തിരിച്ചു വരവ് അവരെ വല്ലാതെ ഉലച്ചു കളഞ്ഞു.അതു താങ്ങാനാവാതെ തകര്‍ന്നു പോയ അവര്‍ തല പിന്നിലേക്ക് ചായ്ച്ച് കണ്ണടച്ചു കിടന്നു. ഡ്രൈവു ചെയ്യുന്നതിനിടയില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു
“അമ്മ ട്രെയിന്‍ കയറി പോന്ന കാര്യം സണ്ണിയാണ്
എന്നെ അറിയിച്ചത്. സണ്ണി അതേ ട്രെയിനിലുണ്ടായിരുന്നു. എവിടെപ്പോകുന്നു എന്നു ചോദിച്ചിട്ട് അമ്മ മറുപടിയൊന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നപ്പോള് സംശയം തോന്നി എന്നെ അവന്‍ ഉടനെ വിളിക്കുകയായിരുന്നു. ഉടനെ തന്നെ ഞാന്‍ കാറുമെടുത്തു കൊണ്ട് പായുകയായിരുന്നു. ഭാഗ്യത്തിന് ട്രെയിന്‍ ക്ലിയറന്‍സിനു നിറുത്തിയിരുന്നതുകൊണ്ട് ഒപ്പമെത്തുവാന്‍ പറ്റി“

ജയന്തി ഒന്നും മിണ്ടാതെ വാക്കുകള്‍ നഷ്ടപ്പെട്ടവളായി കിടന്നു. തലക്കുള്ളില്‍ കടന്നലുകള്‍ ഇരമ്പുന്ന ശബ്ദം…ഇന്നലെ രാത്രിയിലെ മനോഹര സ്വപ്നത്തിന്റെ മറക്കാനാവാത്ത ദൃശ്യങ്ങള്‍… …ചെമ്മണ്‍ പാത….. അബ്ദുക്കായുടെ പെട്ടിക്കട…ഐസിട്ട നാരങ്ങാ‍വെള്ളത്തിന്റെ സ്വാദ്…ട്രിം ചെയ്ത മനോഹരമായ താടിയുള്ള സതീഷിന്റെ സുന്ദരമായ മുഖം…അവന്റെ കണ്ണുകളുടെ സ്നേഹാദ്രമായ നോട്ടം…അതില്‍ അലിഞ്ഞില്ലാതാവുന്ന, അവനോടൊപ്പമുള്ള ജീവിതം മോഹിച്ചു നടക്കുന്ന ജയന്തിയെന്ന പെണ്‍കുട്ടി.…സ്വപ്നത്തിന്റെ തുടര്‍ച്ചയെന്നോണം സതീഷിന്റെ വീട്ടിലേക്കുള്ള യാത്ര…രാത്രിയും കഴിഞ്ഞ് പകലിലേക്കു നീണ്ട ആ സ്വപ്നം ഇപ്പോള്‍ ഇവിടെ പെട്ടെന്ന് അവസാനിച്ചിരിക്കുന്നു…

തലക്കുള്ളിലെ കടന്നലുകള്‍ മനസ്സിനെ വീണ്ടും അനുഭവിച്ചു തീര്‍ത്ത, ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് പറപ്പിച്ചുകൊണ്ടു പോയി..
“ഏതോ ദരിദ്രവാസിയുടെ കൂടെ ഒളിച്ചോടാന്‍ തയ്യാറെടുത്തു നിന്ന പെണ്ണിനെ തലയില്‍ കെട്ടി വെച്ചു തന്ന കിഴവന്‍..” മദ്യത്തിന്റെ ലഹരിയില്‍ കുഴഞ്ഞ ശങ്കറിന്റെ ശബ്ദം…
ചിലപ്പോള്‍ പന്ത്രണ്ടു വസ്സുകാരനായ വിഷ്ണുവിനോടായിരിക്കും കഥ പറച്ചില്‍ മുഴുവനും.
“ചത്തുപോയ നിന്റെ അപ്പൂപ്പനുണ്ടല്ലോ ആ..വലിയ പ്രതാപി..വലിയ കൊമ്പത്തെ തറവാട്ടുകാരനാണത്രേ… അയാള്‍ ഓഫര്‍ ചെയ്ത കാറും ബംഗ്ലാവുമെല്ലാം കണ്ട് ഞാന്‍ ആ കെണിയില്‍ ഞാന്‍ വീണുപോകുകയായിരുന്നു.“
ഒന്നും മിണ്ടാതിരുന്ന വിഷ്ണുവിനോട് വീണ്ടും അയാള്‍ തുടരുന്നു
“ഒരു കാര്യത്തില്‍ മാത്രം ഞാന്‍ രക്ഷപ്പെട്ടു. ഇവള്‍ പ്രസവിച്ചത് കല്യാണം കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞാ..അല്ലെങ്കില്‍ ഞാന്‍ ആ തെണ്ടിയുടെ മകനെ ചുമക്കേണ്ടി വന്നേനെ…..അയാളിപ്പോ നിന്റമ്മയുമായി പ്രേമിച്ചുനടന്ന അതേ കോളേജിലെ സാറാ…ഇടക്കുപോയി പ്രേമം പുതുക്കാന്‍ പറ..നിന്റമ്മയോട്…“

പന്ത്രണ്ടു വയസ്സുകാരന്‍ മകന്റെ മുന്നില്‍, അവന്റെ അമ്മയെ ക്രൂരമായി അപമാനിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ഭര്‍ത്താവ്.അപമാന ഭാരം കൊണ്ട് മകന്റെ മുഖത്തു നോക്കുവാന്‍ കഴിയാതെ നിസ്സഹയയായി എരിയുന്ന അമ്മ. ഒരക്ഷരം ഉരിയാടാതെ മുറിയില്‍ കയറി വാതിലടച്ചിരിക്കുന്ന മകന്‍. പെട്ടെന്നൊരു ദിവസം ഡിവോര്‍സ് എന്ന ആവശ്യവുമായി ശങ്കര്‍ വന്നപ്പോള്‍
“അമ്മ രക്ഷപ്പെട്ടു” എന്നു വിഷ്ണുവിനോട് ആശ്വാസത്തോടെ പറഞ്ഞ ജയന്തിക്ക്.
“അമ്മ മാത്രമല്ല ഞാനും“ എന്ന മറുപടിയാണ് ലഭിച്ചത്.

കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി ഹോണടിച്ചപ്പോള്‍ പുറത്തേക്കു വന്ന ഷൈലയോട് വിഷ്ണു പറഞ്ഞു
“ഷൈലേ..അമ്മക്കു നല്ല സുഖമില്ല…ബെഡ് റൂമില്‍ കൊണ്ടു കിടത്തൂ…”

കാറില്‍നിന്നും ഇറങ്ങി ഒരു പ്രതിമയെപ്പോലെ നിന്ന ജയന്തിയെ താങ്ങിപ്പിടിച്ച് ഷൈല സാവധാനം മുറിയില്‍ കൊണ്ടുപോയിക്കിടത്തി. മുറിയിലേക്കു നടക്കുമ്പോള് ആതിര മോള്‍ “അച്ഛമ്മേ..” എന്നു പറഞ്ഞ് അടുത്തേക്കുവന്നതും അവര്‍ അറിഞ്ഞില്ല.

കട്ടിലില്‍ കിടന്നുകൊണ്ട് അടുത്തമുറിയില്‍ നിന്നും വിഷ്ണുവിന്റെയും ഷൈലയുടെയും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കാമായിരുന്നു
“ഇന്നലത്തെ കല്യാണത്തിന് അച്ഛനെയും ഭാര്യയെയും കണ്ടപ്പോള്‍ മുതല്‍ അമ്മക്കുണ്ടായ മൌനം നമ്മള്‍ ശ്രധിക്കണമായിരുന്നു ഷൈലേ….സണ്ണി കണ്ടില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായേനേ സ്ഥിതി..?”

“കുറച്ചു നാളായി അമ്മ വളരെ നോര്‍മല്‍ ആയിരുന്നല്ലോ…അതുകൊണ്ട് ഞാനും അത്രങ്ങു ശ്രദ്ധിച്ചില്ല.. ഷൈലയുടെ വാക്കുകളില്‍ കുറ്റബോധത്തിന്റെ ധ്വനിയുണ്ടായിരുന്നു.
”അച്ഛനുമായുള്ള ഡിവോര്‍സ് അമ്മക്ക് ആശ്വാസമായിരുന്നു എന്നല്ലേ വിഷ്ണുവേട്ടന്‍ പറഞ്ഞിട്ടുള്ളത് എന്നിട്ടിപ്പോള്‍ എന്തു പറ്റിയാവോ?“
“അതൊക്കെ ശരി തന്നെ..പഴയ അസുഖകരമായ ഓര്‍മ്മകള്‍ വീണ്ടും അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കും. അമ്മയുടെ പഴയ ഡോക്ടര്‍ക്ക് ഇപ്പോള്‍ത്തന്നെ വിളിച്ച് വൈകുന്നേരത്തേക്ക് ഒരു അപ്പോന്മെന്റ് എടുത്തേക്കാം“
“വിഷ്ണുവേട്ടന്‍ ഇന്നു കുറച്ചു നേരത്തെ ഓഫീസില്‍നിന്നും വന്നാല്‍ മതി.ഞാന്‍ അമ്മയെ തയ്യാറാക്കി നിറുത്തിയേക്കാം“

അവരുടെ സംസാരം കേട്ടു കിടന്ന ജയന്തി ഭൂതകാല യാത്രകളുടെ തളര്‍ച്ചയില്‍ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു പോയി.

ഏന്തോ ശബ്ദം കേട്ട് കണ്ണു തുറന്നപ്പോള്‍ മേശപ്പുറത്ത് കുടിക്കുവാനുള്ള വെള്ളം നിറച്ച ജഗ്ഗു വച്ചിട്ടു ഷൈല പോകുന്നത് കണ്ടു. എനിക്കസുഖമൊന്നുമില്ല ഷൈലേ. എന്നു പറയണം എന്നവര്‍ക്കു തോന്നി. ജീവിതത്തില്‍ ഒരിക്കല് മാത്രം അനുഭവിച്ച സ്നേഹലോകത്തേക്ക് കുറച്ചു സമയത്തേക്ക് എന്നെ സ്നേഹിക്കുന്ന ഏതോ ശക്തി ഒന്നു കൂട്ടിക്കൊണ്ടു പോയി. അതിനായി ലോകം പോലും എനിക്കായി എന്റൊപ്പം പിന്നോട്ടു സഞ്ചരിച്ചു. എനിക്കായി മാത്രം. അവര്‍ വീണ്ടും മയക്കത്തിലേക്കു വഴുതി വീണു…