![]() |
പതച്ച മുട്ടയിൽ മുങ്ങി, റൊട്ടിപ്പൊടിയിൽ തോർന്ന കട്ട്ലെറ്റുകൾ ഓട്ടുരുളിയിലെ ചൂട് എണ്ണയിൽ പതകൾ സൃഷ്ടിച്ചു. മൊരിഞ്ഞിരുണ്ട അവയോരോന്നായി പ്രോത്താസ് ചേട്ടൻ കണ്ണാപ്പയിൽ കോരി, തമ്മിൽ മുട്ടാതെ ഓരോന്നായി മുറത്തിൽ നിരത്തി. ആ നേരത്താണ് ദീപാവലി ആഘോഷം കഴിഞ്ഞ ചൊക്കലിംഗം പതിവ് പോലെ സഞ്ചി നിറയെ അതിരസവും മുറുക്കുമായി പ്രത്യക്ഷപ്പെട്ടത്.
മുറ്റത്തെ അലങ്കാരവും വർണ്ണ വിരിപ്പിട്ട വട്ടമേശകളും കണ്ട് അമ്പരന്നാണ് അയാൾ വീട്ടുമുറ്റത്തേക്ക് കയറിയത് തന്നെ.
"ചൊക്കാ…നേരം കളയാതെ വേഗം പ്രോത്താസ് ചേട്ടൻറെ കൂടെ കൂട്."
ശ്വാസം വിടാൻ കിട്ടിയ നേരത്ത് അടുക്കളയിൽ നിന്നും ട്രീസ വിളിച്ചു പറഞ്ഞു.
വർക്കേരിയായിലെ വറപൊരി ബഹളത്തിൽ അന്തം വിട്ട ചൊക്കലിംഗം പലഹാര സഞ്ചി അവിടെ വെച്ച് ഔട്ട് ഹൗസിലേക്ക് പോയി. വേഷ്ടി മാറുന്നതിനിടയിൽ തനിയെ പറഞ്ഞു.
"ഒന്നുമേ പുരിയില്ലയെ…."
രണ്ടാഴ്ച മുമ്പ് തൂത്തുക്കുടിക്ക് പോകുമ്പോൾ ഇതല്ലായിരുന്നു ആ വീടിന്റെ അന്തരീക്ഷം. കലി തുള്ളി നടക്കുന്ന നിക്കോളാച്ചൻ, നിസ്സഹായതയിൽ കൊന്തയുരുട്ടുന്ന ട്രീസ, മുഖം വീർപ്പിച്ച് മുകളിൽ നിന്നിറങ്ങാതെ കൂസലില്ലാതെ നീന.
മണിയ്ക്ക് പുല്ലിട്ട് കൊടുത്തപ്പോൾ അവനും തിന്നാൻ മടി.
"സൊല്ലാമൽ എപ്പടി പുരിയും മണി... നീനാക്കുട്ടി കൂടെ വെളിയിൽ വരല…"
വെളിയിലിറങ്ങി ബീഡി പുകച്ചു വെറുതെ നിൽക്കുമ്പോഴാണ് ഒരടക്കിയ വിളി.
"കൊക്കാ…."
മുകളിൽ ബാൽക്കണിയിൽ നീന.
"എന്നാച്ച്..?"
ആംഗ്യത്തിലും ഒതുങ്ങിയ ശബ്ദത്തിലും അവൾ കാര്യം പറഞ്ഞു.
അതാണ്. ഫെല്ലോഷിപ്പ് കിട്ടി വിഷ്ണു അമേരിക്കയിൽ പോകുന്നു. അതിനു മുമ്പ് റെജിസ്ട്രേഷൻ എങ്കിലും നടന്നിരിക്കണം. പക്ഷെ, പപ്പാ അടുക്കുന്നേയില്ല.
ആത്മഹത്യ ചെയ്യുമെന്ന് നിക്കൊളാച്ചനും നീനാക്കുട്ടിയും അങ്ങോട്ടുമിങ്ങോട്ടും പോർ വിളിച്ചു.
കാതൽ. അത് താൻ. നീനാക്കുട്ടി പെരിയ കാതലി. കാതലുക്കാഹ ഉയിർ കൊടുപ്പവൾ.
ചൊക്കലിംഗം അറിയാത്തതൊന്നും ആ വീട്ടിലില്ല. നിക്കോളാച്ചന്റെ അപ്പന്റെ കാലത്ത് തുടങ്ങിയ ഫാം ഇപ്പോഴുമവിടെയുള്ളത് അയാളെയോർത്താണ്. ചൊക്കലിംഗവും പശുക്കളും അയാളുടെ തമിഴ് മലയാളവും ഇല്ലാത്ത വീട് അവർക്കു ചിന്തിക്കാൻ പോലുമാവില്ല.
ട്രീസ പുതുമാണവാട്ടിയായി വന്ന കാലത്തേ ചൊക്കലിംഗം അവിടെയുണ്ട്. അയാളുടെ പേരായിരുന്നു ട്രീസയ്ക്ക് വലിയ പ്രശ്നം.
"അയ്യേ...ഇതെന്തൊരു പേര്. .."
പുതുമണവാട്ടി ചൊക്കലിംഗം എന്ന പേരിന്റെ രണ്ടാം പകുതി വിളിക്കാൻ മടിച്ചു. അങ്ങനെചൊക്കലിംഗം ചൊക്കനായി. നീനയുണ്ടായി സംസാരിക്കാൻ തുടങ്ങിയപ്പോൾ പപ്പാ മമ്മാ എന്ന് വിളിക്കുന്നതിന് മുമ്പേ അവൾ "കൊക്കാ..കൊക്കാ…" എന്ന് വിളിച്ചയാളുടെ പിന്നാലെ നടന്നു.
പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ തൂത്തുക്കുടിയിലെ കോവങ്കാടു നിന്ന് ഇഞ്ചക്കാലയിൽ വേല തേടിയെത്തിയതാണ് ചൊക്കലിംഗം. "കണ്ടയിടത്തെല്ലാം തെണ്ടിത്തിരിഞ്ഞു നടന്ന പാണ്ടിയെ വീട്ടിൽ കേറ്റി പണിയിപ്പിക്കരുത്" എന്ന മറ്റുള്ളവരുടെ മുന്നറിയിപ്പ് നീനയുടെ വെല്യപ്പൻ വകവെച്ചില്ല. അന്നു തൊട്ടിന്നു വരെ ചൊക്കനവിടെയുണ്ട്. ഇഞ്ചക്കാലയിലെ പണിക്കാരനും കാര്യസ്ഥനും എല്ലാമായി. നീനയുടെ ഭാഷയിൽ 'ആൾ ഇൻ ആൾ ഓഫ് ഇഞ്ചക്കാല'.
എല്ലാ ദീപാവലിയ്ക്കും ചൊക്കലിംഗം തൂത്തുക്കുടിയിൽ പോയി, പടക്കം പൊട്ടിച്ചും പലഹാരങ്ങൾ തിന്നും തമിഴ് മകനായി മതി മറന്നു നടന്നു. അവധിയ്ക്ക് പോകും മുമ്പേ ഫാം നോക്കാൻ തൽക്കാലത്തേയ്ക്ക് ആളെ കണ്ടു പിടിക്കുന്ന ജോലിയും അയാളുടേത് തന്നെ. തള്ളയും ക്ടാക്കളുമായി ഒന്നും രണ്ടുമല്ല, പത്തുപതിനഞ്ചാണ് ഉരുക്കൾ.
അങ്ങനെയൊരു അവധിക്കാലത്തായിരുന്നു പൂങ്കനിയുമായുള്ള തിരുമണം. ചൊക്കലിംഗത്തിന്റെ കൂടെ വന്ന മല്ലിപ്പൂ മണവും മഞ്ഞൾ തേച്ച മുഖമുള്ള തേൻ നിറക്കാരിയെ ഇഞ്ചക്കാലക്കാർ കൗതുകത്തോടെ നോക്കി. മക്കൾ പിറന്ന് സ്കൂളിൽ പോകാൻ പ്രായമായപ്പോൾ അവർ തൂത്തുക്കുടിക്ക് പോയി.
"എന്തിനാ ചൊക്കാ അവരെ അങ്ങോട്ട് കൊണ്ടു പോകുന്നത്..? ഇവിടെ നീനയുടെ സ്‌കൂളിൽ പഠിപ്പിച്ചാൽ പോരെ..? അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടില്ലെ..?''
കുട്ടികളെ വിടുന്നതിൽ ആർക്കും താത്പര്യമുണ്ടായിരുന്നില്ല. നീനയ്ക്കാണെങ്കിൽ വലിയ സങ്കടവും.
"മുടിയാത് അയ്യ… എന്റെ മക്കൾ തമിള് എഴുതാനും വായിക്കാനും അറിയാത്തവരായിപ്പോകില്ലേ. തമിള് മക്കൾക്ക് തായ് മൊഴി താൻ ഉയിർ"
പിന്നീട് എല്ലാവർഷവും തമിഴ്നാട്ടിലെ സ്‌കൂൾ അവധിക്കായി നീന കാത്തിരുന്നു. ഓരോ അവധിക്കാലത്തും ചൊക്കലിംഗത്തിന്റെ മൂന്നു മക്കളും പൂങ്കനിയും മുടങ്ങാതെ അവിടെയെത്തും. അങ്ങനെ അവർക്ക് മലയാളത്തിലും നീനക്ക് തമിഴിലും അറിവേറിക്കൊണ്ടിരുന്നു.
വേഷ്ടി മാറി വന്ന ചൊക്കനെ ബാൽക്കണിയിൽ നിന്നും നീന ഉറക്കെ വിളിച്ചു.
" സമ്മതിപ്പിച്ചു കൊക്കാ…. അവരെല്ലാം
ഉടനെ തന്നെ എത്തും. എൻഗേജ്മെന്റ് പാർട്ടിക്ക്. നാളെ രാവിലെ റെജിസ്ട്രേഷൻ. കല്യാണം വിഷ്ണു അടുത്ത ലീവിന് വരുമ്പോൾ."
"കടവുളേ.. ഇവളോ ശീഘ്രമാ..ഗെട്ടിക്കാരി...."
പകലിരുണ്ടു വരുന്ന മുറ്റത്ത് തെളിഞ്ഞ ദീപാലങ്കാരങ്ങൾ ഒന്നായി അവളുടെ മുഖത്ത് മിന്നി. തിളങ്ങുന്ന മനോഹരമായ അലുക്കുകളുള്ള പുതുവസ്ത്രവും ചേർന്ന ചമയങ്ങളും.
ചൊക്കലിംഗം ഉത്സാഹത്തോടെ അടുക്കളയിലേക്കോടി.
നീനാക്കുട്ടി ഭാഗ്യവതി. കാതലിന് വേണ്ടി പൊരുതി ജയിച്ചവൾ.
കഴിഞ്ഞ കൊല്ലം താമരഭരണി നദിയിൽ നിന്നും പൊക്കി എടുത്ത രാജാമണി. കേരളാവിൽ നിന്നും അപ്പാ വരാനായി വെള്ളത്തിൽ കുതിർന്നു വീർത്ത ശരീരം അയാളെ കാത്തു കിടന്നു. കടവുളെ വിളിച്ചും ശപിച്ചും തല തല്ലുന്ന അയാളെ ചലനമറ്റ പാതി കണ്ണുകൾ തുറന്ന് രാജാമണി നോക്കുന്നുണ്ടായിരുന്നു.
"കോളേജില് ഒരു പൊണ്ണ് എമാത്തിനോം, വേറെ കല്യാണം പണ്ണി പോയ്ട്ടോം..."
അവന്റെ കൂട്ടുകാർ അടക്കം പറഞ്ഞു.
കടിഞ്ഞൂൽ മകന്റെ വേർപാട് മുങ്ങി മരണം എന്ന് കേട്ടോടി വന്ന അയാളുടെ തൊണ്ടയിൽ തിങ്ങിയ കരച്ചിൽ വലിയ ശാപങ്ങളായി പുറത്തേക്ക് വന്നു. മകനെ കൊലക്ക് കൊടുത്ത അജ്ഞാതയായ പെൺകുട്ടിയെയും അവളുടെ വരാനിരിക്കുന്ന തലമുറയേയും ശപിച്ചു.
"ഇത് തർക്കൊലയല്ലെയ്…കൊലൈ താൻ…കൊലൈ …"
അയാൾ രണ്ട് കൈ കൊണ്ടും തലയിൽ തല്ലി.
രണ്ട് മാസം കഴിഞ്ഞു തോട്ടം നോക്കാൻ മധുരയിൽ കുടുംബസമേതം പോയ നിക്കോളാച്ചൻ തൂത്തുക്കുടിയിൽ ചെന്ന് വിളിച്ചപ്പോഴാണ് ചൊക്കലിംഗം തിരികെ വന്നത്. ചൊക്കലിംഗത്തെ തിരികെ കൊണ്ടുവരാൻ വേണ്ടിത്തന്നെയായിരുന്നു
ആ മധുരയ്ക്ക് പോക്ക്. കരഞ്ഞു തൂങ്ങി നിന്ന ചൊക്കന് അഴയിൽ കിടന്ന വേഷ്ടിയും ഷർട്ടും നീന എടുത്തു കൊടുത്തപ്പോൾ മറുത്തൊന്നും പറയാനില്ലാതായി. നിലയ്ക്കാത്ത നിലവിളിയോടെ പൂങ്കനിയോടും മക്കളോടും ഭിത്തിയിലിരിക്കുന്ന രാജാമണിയോടും യാത്രപറഞ്ഞു തുണി നിറച്ച സഞ്ചിയുമായി അയാൾ അവർക്കൊപ്പമിറങ്ങി.
ഫാമിലെത്തിയ ചൊക്കനെ കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു. തലേയാഴ്ച്ച ഉണ്ടായ സുന്ദരൻ കാളക്കുട്ടൻ. അയാൾ തൊഴുത്തിലേക്ക് കയറിയതോടെ മറ്റു പശുക്കൾ സ്നേഹത്തോടെ അമറി, രണ്ടുമാസം ഉപേക്ഷിച്ചതിന്റെ പരിഭവം പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ആ കുഞ്ഞു കറുമ്പൻ മൂരിക്കുട്ടൻ തുള്ളിച്ചാടി അയാൾക്കരികെ വന്നത്.
"യാര്… നീ.."അയാൾ അതിനെ അരുമയോടെ നോക്കി. അത് അയാളെ തലയുയർത്തി നോക്കി "എന്നെ മനസ്സിലായില്ലേ…" എന്ന ഭാവത്തിൽ ഒന്നു കൂടി ചേർന്നു നിന്നു. വാത്സല്യത്തോടെ അതിനെ തലോടിയ അയാൾ പെട്ടെന്ന് കുനിഞ്ഞ് അതിന്റെ കഴുത്തിൽ കൈപിണച്ച് ഇടറിയ സ്വരത്തിൽ വിളിച്ചു.
"മണീ…എൻ രാജാമണി…."
അവൻ മണിയായി ചൊക്കന്റെ കൂടെ വളർന്നു. കരഞ്ഞു തളർന്നു വന്നയാൾ ഇത്ര പെട്ടെന്ന് മാറിയതെങ്ങനെയെന്ന് നിക്കോളാച്ചനും ട്രീസയ്ക്കും മനസ്സിലായില്ല.
മണി എന്ന പേരും അവനോടുള്ള വത്സല്യവും ചൊക്കലിംഗത്തിന്റെ മാത്രം രഹസ്യമായിരുന്നു. താമരഭരണിയിൽ നഷ്ടപ്പെട്ട നിധി തിരികെ കിട്ടിയപ്പോൾ ആരുമറിയാതെ അയാൾ അത് മനസ്സിലൊളിപ്പിച്ചു.
സന്ധ്യയോടെ പ്രോത്താസ് ചേട്ടന്റെ പാചക യജ്ഞം അവസാനിച്ചു. ചൊക്കലിംഗം കട്ട്ലറ്റുകൾ ഭംഗിയായി ട്രേയിൽ അടുക്കി വെച്ചു. ആവി പറക്കുന്ന ചാപ്‌സ് പോർസിലിൻ പാത്രങ്ങളിൽ പകർന്നു വെച്ചു. ബീഫ് വരട്ടിയതും കോഴി വറുത്തതും സവാളയുടെയും തക്കാളിയുടെയും വളയങ്ങൾ കൊണ്ടലങ്കരിക്കപ്പെട്ടു.
കേറ്ററിങ്ങുകാരെയൊന്നും നിക്കോളാച്ചന് വിശ്വാസം പോരാ. നിക്കോളാച്ചന്റെ കല്യാണത്തിനും പ്രോത്താസ് ചേട്ടനായിരുന്നു കോക്കി. പിന്നീട് ഇടക്കിടെ വരുന്ന വിശേഷങ്ങൾക്ക് പ്രോത്താസ് ചേട്ടന്റെ ഫിഷ് മോളിയും കട്ട്ലറ്റും ചാപ്സുമില്ലാതെ അവിടെയൊരു സദ്യയില്ല.
വിരുന്നുകാർ എത്തിയതോടെ വിശാലമായ മുറ്റത്ത് ചെറിയൊരു ജനക്കൂട്ടം. സ്റ്റേജിൽ ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ വിഷ്ണുവിന്റെ കൈ കോർത്തു പിടിച്ച് നീന.
"കൊക്കാ..ഇങ്ങുവാ…"
മേശമേൽ ഭക്ഷണം നിരത്തുന്ന ചൊക്കനെ അവൾ സ്റ്റേജിലേക്ക് വിളിച്ചു വിഷ്ണുവിന് പരിചയപ്പെടുത്തി.
"പല്ലാണ്ട് വാഴ്ക"എന്ന ചൊക്കന്റെ ആശംസയ്ക്ക് ചെന്നൈ ടെക്കി വിഷ്‌ണു നൻട്രി ചൊല്ലി.
രാത്രി ഏറെ വൈകിയാണ് ജനക്കൂട്ടം പിരിഞ്ഞത്. വിഷ്ണുവിന്റെയും നീനയുടെയും കൂട്ടുകാരുടെ പാട്ടിനും ആട്ടത്തിനുമൊപ്പം വീട് മൊത്തം ഇളകിച്ചവിട്ടി. അവർക്കൊപ്പം ഡപ്പാംകൂത്തുമായി ചൊക്കലിംഗവും. ഒടുവിൽ മുറ്റത്ത് ചൊക്കനും അലങ്കാരങ്ങളും മാത്രം അവശേഷിച്ചു.
"മതി ചൊക്കാ…നേരം പാതിരയായി. ഇനി നാളെ. … പോയി കിടന്നുറങ്ങ്."
ഒഴിഞ്ഞ മുറ്റം വൃത്തിയാക്കുന്ന ചൊക്കനെ നിക്കോളാച്ചൻ പറഞ്ഞു വിട്ടു.
സാധാരണ നാട്ടിൽ പോയി വന്നാൽ അയാൾ ഫാമിലേക്കാണ് ആദ്യം പോവുക. മണിയും പശുക്കളും അയാളെ കാത്തിരിപ്പുണ്ടാകും. അവന് കൊടുക്കാൻ പിള്ളയാർ കോവിലിൽ നിന്ന് കൊണ്ടുവന്ന പ്രസാദം ബാഗിലിരിക്കുന്നു. ഔട്ട്ഹൗസിൽ ചെന്നതേ യാത്രാക്ഷീണവും സദ്യവട്ടത്തിന്റെ തിരക്കും
അയാളെ ഗാഢമായ ഉറക്കത്തിലേക്ക് വലിച്ചിട്ടു.
എത്ര വൈകി കിടന്നാലും ചൊക്കനും അയാളുടെ പശുക്കൾക്കും രാവിലെ ഉണരുന്നതിന് കൃത്യ സമയമുണ്ട്. ഔട്ട്ഹൗസിലെ വെളിച്ചം കണ്ടതോടെ ചൊക്കൻ വന്നതറിഞ്ഞ പശുക്കൾ അയാളെ വിളിച്ചു സന്തോഷം പ്രകടിപ്പിച്ചു. ഓരോ ശബ്ദവും അയാൾ തിരിച്ചറിഞ്ഞ്
"വാറേൻ…വാറേൻ.." എന്നുറക്കെ മറുപടി പറഞ്ഞു കൊണ്ടിരുന്നു.
മണിയുടെ ഉറക്കം ഇനിയും കഴിഞ്ഞില്ലേ..? അതോ അപ്പവോട് പിണങ്ങിയോ…? എന്നാലോചിച്ചു കൊണ്ട് ബാഗിൽ നിന്നും കോവിലിലെ പ്രസാദവുമായി അയാൾ ധൃതിയിൽ ഫാമിലേക്ക് നടന്നു. നേരം അപ്പോഴും വെളുത്തിട്ടില്ല. മുറ്റത്തെ ദീപാലങ്കാരങ്ങൾ തെളിഞ്ഞു നിൽക്കുന്നു
ഫാമിനുള്ളിൽ ഓരോന്നിനും ഓരോരോ സ്ഥലമുണ്ട് . എല്ലാ വൈകുന്നേരങ്ങളിലും ഒരു പശുവോ കിടാവോ അത് തെറ്റിക്കാതെ അതതിന്റെ സ്ഥലത്ത്‌കാണും. പകരക്കാരൻ ഇന്നും പശുക്കളെ അങ്ങോട്ടും ഇങ്ങോട്ടും മാറിയയാണ് കെട്ടിയിരിക്കുന്നത്. അവധികഴിഞ്ഞു വരുന്നാൽ ചൊക്കലിംഗം ആദ്യം ചെയ്യുന്ന പണിയും അവരെ യാഥാസ്ഥാനങ്ങളിൽ മാറ്റിക്കെട്ടലാണ്.
ഫാമിനുള്ളിൽ ആകെ കണ്ണോടിച്ചപ്പോൾ ഒരു ശൂന്യത അയാളെ വേവലാതിപ്പെടുത്തി.
"മണീ…….രാജാമണീ.."
അയാൾ തെല്ലുറക്കെ വിളിച്ചു. പശുക്കൾ ഓരോരുത്തരും പരസ്പരം നോക്കി, പിന്നെ ദയനീയമായി അയാളെ നോക്കി..
"രാജാമണി എങ്കടീ…എങ്കടാ…"
അയാൾ വേവലാതിയോടെ ആ നാൽക്കാലികളോട് ആരാഞ്ഞു കൊണ്ടിരുന്നു.
"മണീ..എൻ മകനേ…നീ എങ്കെ …"
അയാളുടെ കരച്ചിലും പരിഭ്രമവും വീടിനുള്ളിലെത്തിക്കഴിഞ്ഞു.
"എന്താ..ചൊക്കാ..തൊഴുത്തിനുള്ളിൽ ബഹളം.. വല്ല പാമ്പും കേറിയോ..?"
നിക്കോളാച്ചനും ട്രീസയും ഉറക്കച്ചടവോടെ ഫാമിലേക്കോടിയെത്തി.
"നമ്മുടെ ആ കറുത്ത മൂരിക്കുട്ടൻ എവിടെ അയ്യാ.... അവനെ കാണുന്നില്ല…?"
"അതിനാണോ ഈ ബഹളം..? അതിനെയല്ലേ ഇന്നലെ പ്രോത്താസ് ചേട്ടൻ കറിയാക്കിയത്. അധികം മൂക്കാത്തത് കൊണ്ട് കട്ട്ലറ്റും ചാപസും ഒക്കെ സൂപ്പറായിരുന്നു. അല്ലേ ചൊക്കാ…"
ട്രീസയുടെ വാക്കുകൾ ഉരുക്കിയ ഈയമായി ചൊക്കലിംഗത്തിന്റെ ചെവിയിൽ പതിച്ചു. അയാളുടെ വയറ്റിൽ നിന്നും വലിയൊരോക്കാനം തൊണ്ടയിലേക്ക് വന്നു, ഉടലിനെ എടുത്തു കുടഞ്ഞു ഛർദ്ദിച്ചു.
ദഹനരസങ്ങൾക്ക് ദഹിപ്പിക്കാനാവാത്ത മണിയുടെ ശേഷിപ്പുകൾ പുറത്തേക്ക് വന്നു.
"എന്ത് പറ്റി ചൊക്കാ…സുഖമില്ലെങ്കിൽ ഇന്നൂടെ ആ രാജനോട് വരാൻ പറയാം. നീ റെസ്റ്റ് എടുക്ക്."
ഉറക്കച്ചടവ് മാറാതെ വീട്ടിലേക്ക് നടക്കുന്നതിനിടെ ട്രീസ പറഞ്ഞു.അവർ പറയുന്നതോന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല. പ്രസാദം കൊണ്ടുവന്ന പ്ലാസ്റ്റിക്ക് ഡബ്ബയിലേക്ക് ആ ശേഷിപ്പുകൾ അയാൾ
സൂക്ഷിച്ചെടുത്ത് വെച്ചു
"നീയിതെന്താ ചൊക്കാ ചെയ്യുന്നത്….?"
നിക്കോളാച്ചന്റെ ശബ്ദം അയാളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു.
അയാൾ തലയുയർത്തി പകയോടെ നിക്കോളാച്ചനെ നോക്കി. എന്തോ ചോദിക്കാനാഞ്ഞ അയാൾക്ക് നേരെ വിറളി പൂണ്ട കാളക്കൂറ്റനായി ചൊക്കൻ പാഞ്ഞു ചെന്ന് തല കൊണ്ടിടിച്ചു താഴെ വീഴ്ത്തി. അയാൾക്കൊന്ന് ശബ്ദിക്കാൻ പോലും സമയം കൊടുക്കാതെ തല കൊണ്ടാഞ്ഞാഞ്ഞു കുത്തികൊണ്ടിരുന്നു. ഒടുവിൽ തളർന്നവശനായ ആ കാളക്കൂറ്റൻ ചോരയൊലിപ്പിച്ചു ഫാമിനുള്ളിലേക്കു കയറി, പേടിച്ചമറുന്ന നാൽക്കാലികളോട് ചേർന്നു.
(ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്)
.