6.9.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (അവസാന ഭാഗം)


ധുള്‍ ഗ്രാമത്തിലെ മനുഷ്യര്‍

എനിക്ക് കാശ്മീരില്‍ നിന്നും തിരിച്ചു പോരാറായ സമയം. അപ്പോഴാണ്‌ വെള്ളത്തിന്റെ ഒഴുക്ക് കൊണ്ടു പ്രവര്‍ത്തിക്കുന്ന അവിടത്തെ ഗ്രാമങ്ങളിലെ ‘അട്ടാ-ചക്കി’ (ധാന്യം പൊടിക്കുന്ന യന്ത്രം) യെപ്പറ്റി ഓര്‍മ്മ വന്നത്. ഉയരമേറിയ മലമുകളില്‍ പണ്ട് കാലത്ത് വൈദ്യുതി വരുന്നതിന് മുമ്പേ   അവരുടെ പരമ്പരാഗതമായ പൊടി യന്ത്രമാണത്. കുറെ നാളായി ഞാനതിനെക്കുറിച്ച് കേട്ടിട്ട്. അത് കാണാന്‍ ഇന്ന് പോകാം നാളെ പോകാം എന്ന് വിചാരിച്ച് നീണ്ടു പോയി. പോരുന്നതിന്റെ തലേ ദിവസം അത് കാണുവാന്‍ വേണ്ടി ഞാന്‍ ഡ്രൈവര്‍ റാണെയെയും കൂട്ടി ദുള്‍ ഗ്രാമത്തിലേക്ക് പോയി. കുറച്ചകലെ റോഡരികില്‍ തന്നെയുണ്ട് അട്ടാ-ചക്കി. ഒരു മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ അവിടെ എത്തി. പുല്ലു മേഞ്ഞ ഒരു ചെറിയ കെട്ടിടം. അതിനടുത്തു കൂടെ ഒഴുകുന്ന ചെറിയൊരു തോട്. അതിനരികിലാണ് ആ കൊച്ചു കെട്ടിടം. എന്റെ കഷ്ടകാലത്തിന് അന്നതടഞ്ഞു കിടന്നു. പിറ്റേന്ന് നാട് വിടുന്ന ഞാന്‍ അത്രയും യാത്ര ചെയ്തു ചെന്നിട്ട് അങ്ങനെയായല്ലോ എന്ന വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ഗ്രാമീണന്‍ അത് വഴി വന്നത്. “എന്റെ കൂടെ വരൂ കുറച്ചങ്ങു നടന്നാല്‍ വേറെ ഒരെണ്ണം ഉണ്ട് അത് കാണാം” എന്നായി അയാള്‍. “എത്ര ദൂരം...?” എന്ന് ചോദിച്ചപ്പോള്‍ “കുറച്ചേ ഉള്ളു” എന്ന മറുപടി. കാശ്മീരിലെ ഗ്രാമങ്ങള്‍ തീരെ സുരക്ഷിതമല്ല എന്നറിയാവുന്ന റാണെ പോകണമോ എന്ന് സംശയിച്ചു നില്‍ക്കെ പോകാം എന്നായി ഞാന്‍.
                                     വഴിയരികിലെ കൈതോടുകളില്‍ ഒന്ന്

അരമണിക്കൂറിലധികം നടക്കേണ്ടി വന്നു ഞങ്ങള്‍ക്ക് അവിടെ എത്താന്‍. ഗോതമ്പും ചോളവും നട്ടിരിക്കുന്നു മലഞ്ചരിവിലൂടെ ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു. വഴി എന്ന് പറയുവാന്‍ ഒരു നടവഴി പോലും ഇല്ല. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ ഏതു സമയവും കാല്‍ വഴുതി വീഴും.ചരിവുകളില്‍ വീണും വീഴാതെയും ചിലയിടങ്ങളില്‍ കൂടെയുള്ളവരുടെ കയ്യില്‍ പിടിച്ച് ഇപ്പോള്‍ വീഴും എന്ന പേടിയോടു കൂടെയും  നാലോ അഞ്ചോ കൈത്തോടുകളും മറികടന്ന് വലിയ കയറ്റം കയറി ഞങ്ങള്‍ ലകഷ്യ സ്ഥലത്തെത്തി. ആദ്യത്തേത് പോലെതന്നെ കൈത്തോടിനടുത്ത് ഒരു ചെറിയ കെട്ടിടം. കുറച്ചു മാറി കല്ലും കളിമണ്ണും കുഴച്ചുണ്ടാക്കിയ ഒരു ചെറിയ വീടും. ഞങ്ങളെ കൂട്ടിക്കൊണ്ടു പോയ ആള്‍ പറമ്പില്‍ പണിയുന്ന അബ്ദുള്ള എന്ന വീട്ടുകാരനെ വിളിച്ചു കൊണ്ടു വന്നു. അട്ടാ ചക്കി കാണുവാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഉത്സാഹമായി. ഉഴുതു കൊണ്ടിരുന്ന യാക്കുകളെ നുകത്തില്‍ നിന്നും മാറ്റി മരത്തില്‍ കെട്ടിയിട്ട് അയാള്‍ വേഗം വന്നു. അട്ടാച്ചക്കി കാണാന്‍ വന്നിരിക്കുന്നു എന്ന് കേട്ടപ്പോള്‍ അയാളുടെ കൂടെ ജോലിയില്‍ സഹായിച്ചിരുന്ന  അയല്‍വാസികളായ രണ്ടു യുവാക്കളും ഞങ്ങളുടെ അടുത്തേക്ക് വന്നു. 

                                                യാക്കുകള്‍ നിലം ഉഴുന്നു.
 ജോലിക്കിടയില്‍ ശല്യപ്പെടുത്തിയതിന് ഞാന്‍ ക്ഷമ പറഞ്ഞു. “ഇത്രയും ദൂരം നടന്നു ചക്കി കാണുവാന്‍ വന്ന എന്നെ അത് കാണിക്കേണ്ടത് തന്റെ ചുമതലയല്ലേ” എന്ന് പറഞ്ഞ് ചക്കിയുടെ മുറി തുറന്നിട്ടിട്ട് അയാള്‍ വീട്ടിലേക്ക് ഓടിപ്പോയി ഒരു ചെറിയ ചാക്ക് ഉണങ്ങിയ ചോളവുമായി വന്നു. അര്‍ത്ഥ ഗോളാകൃതിയിലുള്ള രണ്ടു കല്ലുകള്‍ ചേര്‍ത്തു വെച്ച് അതിനടിയില്‍ വെള്ളത്തിന്റെ ഒഴുക്കില്‍ കറങ്ങുന്ന തടി കൊണ്ടുള്ള പല്‍ച്ചക്രം ഘടിപ്പിച്ചതാണ് അട്ടാ ചക്കി. 

                                      അട്ടച്ചക്കിയിലേക്ക് ചോളം ഇട്ടുകൊടുക്കുന്നു.

അതിലുള്ള വലിയ ദ്വാരത്തിലേക്കു ഇട്ടുകൊടുക്കുന്ന ഉണക്ക ധാന്യം കറങ്ങുന്ന കല്ലുകള്‍ക്കിടയില്‍ ഉരഞ്ഞ് പൊടിയുന്നു.  കാശ്മീരില്‍ ചെന്ന ശേഷം കല്ലില്‍ ഉരഞ്ഞു പൊടിയുന്ന ചോളമാവ് കൊണ്ടുള്ള രുചികരമായ ചപ്പാത്തി ഞാന്‍ കഴിച്ചിട്ടുണ്ട്. അബ്ദുള്ളയുടെ അട്ടാ-ചക്കിയില്‍ നിന്നും പൊടിഞ്ഞു താഴെ വീഴുന്ന ചോളമാവ് ഭസ്മം പോലെ നനുത്തതായിരുന്നു.
                                    അബ്ദുള്ള അട്ടാ ചക്കിക്കരികെ

അതിനുശേഷം അബ്ദുള്ള ഞങ്ങളെ വീട്ടിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചു. ഒരു മുറി മാത്രമുള്ള ആ കൊച്ചു വീടിന്റെ അടുക്കളയും കിടപ്പു മുറിയും ഒന്നുതന്നെ. വീടിനോട് ചേര്‍ന്ന് തന്നെ ചെമ്മരിയാട്ടിന്‍ കൂടും കോഴിക്കൂടും. വൃത്തി തീരെയില്ലാത്ത ആ വീടിന്റെ വരാന്തയില്‍  അവരുടെ അഥിതിയായി ഞാന്‍ അവിടെ കുറച്ചു നേരം ഇരുന്നു. ചുറ്റും ഈച്ചകള്‍ പറക്കുന്നു. പത്തുവയസ്സില്‍ താഴെ പ്രായമുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു അവിടെ. വളരെ ദൂരെയായതിനാല്‍ ആ കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല. ഗൃഹനാഥന്‍ മലഞ്ചാരിവുകളില്‍ കാലാവസ്ഥ അനുസരിച്ച് എന്തെങ്കിലും കൃഷി ചെയ്യും. സമീപത്തെങ്ങും വീടുകളില്ല. അടുത്ത് താമസക്കാരില്ലേ എന്ന  എന്റെ ചോദ്യത്തിന് ഉണ്ടല്ലോ,ദാ...ഇവിടെ അവിടെ..എന്നൊക്കെ ഓരോ ദിക്കുകളിലേക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു. 


ഗൃഹനാഥ വളരെ സ്നേഹത്തോടെ രണ്ടു സ്റ്റീല്‍ ഗ്ലാസ്സില്‍ ആട്ടിന്‍ പാലിന്റെ ലസ്സി (പഞ്ചസാരയിട്ട തൈര്) കൊണ്ടു വന്നു തന്നു. ആ ഗ്ലാസ്സിനും തീരെ വൃത്തിയുണ്ടായിരുന്നില്ല. റാണെ ചുളിഞ്ഞ മുഖത്തോടെ അത് കുടിക്കണോ എന്ന മട്ടില്‍ എന്നെ നോക്കി. സാരമില്ല കുടിക്കാം എന്ന് ആഗ്യം കാണിച്ച് ഞാനത് കുടിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ റാണെയും കുടിച്ചു.അതിനു മുമ്പ് ആട്ടിന്‍ പാലിന്റെ തൈര് കണ്ടിട്ട് പോലും ഇല്ലാതിരുന്ന ഞാന്‍ പഞ്ചസാരക്കൊപ്പം ആവോളം സ്നേഹം ചേര്‍ത്തു കലക്കിയ തൈര് യാതൊരു ഭാവഭേദവും കാണിക്കാതെ കുടിച്ചു തീര്‍ത്തു.

                                             വഴിയരികില്‍ കണ്ട വൃദ്ധന്‍
അവരോടു യാത്ര പറഞ്ഞു തിരികെ നടക്കുമ്പോള്‍ വഴിയരികില്‍ ഒരു വൃദ്ധന്‍. ഞങ്ങള്‍ ആരാ..? എന്താ...? എന്നൊക്കെ തിരക്കി. ആട്ടാ-ചക്കി കാണുവാന്‍ ചെന്നതാണെന്ന് കേട്ടപ്പോള്‍ ദൂരെ ഉയരത്തില്‍ നില്‍ക്കുന്ന വീട് കാണിച്ച് അങ്ങോട്ട്‌ ചെല്ലുവാന്‍ നിര്‍ബന്ധിക്കുവാന്‍ തുടങ്ങി. ഇത്രയും ദൂരം നടന്ന് വന്നതല്ലേ കുറച്ചു തൈരെങ്കിലും കഴിച്ചിട്ട് പോകാം എന്നദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞു. “സമയം പോയി, ഇനി വരുമ്പോഴാകട്ടെ...” എന്നദ്ദേഹത്തോടു ഒഴിവു പറഞ്ഞു. ഞങ്ങള്‍ കൂടെചെല്ലാത്തതിന്റെ പരിഭവംപറയുന്നതിനിടക്കും  പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്തു. തിരികെ മടങ്ങുമ്പോള്‍ ഇനി വരുമ്പോള്‍ വരാതിരിക്കരുത് എന്നോര്‍പ്പിക്കാന്‍ അദ്ദേഹം മറന്നില്ല. 

പിറ്റേന്ന് പുലര്‍ച്ചെ, എന്റെ  പ്രവാസ ജീവിതത്തിലെ മൂന്ന്‍ വര്‍ഷങ്ങള്‍ ജമ്മു-കാശ്മീരിലെ കിസ്തവാര്‍ഡ്  എന്ന സ്വര്‍ഗ്ഗ ഭൂമിക്ക് കൊടുത്ത് തീര്‍ത്ത് ഞങ്ങള്‍ ജമ്മുവിലേക്ക് യാത്രയായി. വീണ്ടും ആ മടുപിക്കുന്ന എട്ടു മണിക്കൂര്‍ മലയിറക്കം.പതിവ് പോലെ  ചര്‍ദ്ദിക്കുള്ള ഗുളികകള്‍  കഴിച്ച്  തയ്യാറെങ്കിലും കൃത്യം 'പട്ണി ടോപ്‌ 'ഇറങ്ങുമ്പോള്‍ ഓരോ തവണ നാട്ടിലേക്ക് പോകുമ്പോഴും ചെയ്യുന്ന പോലെ വാഹനം നിര്‍ത്തിച്ച് എന്റെ പതിവ് ചര്‍ദ്ദി.  എങ്കിലും മൂന്ന് വര്‍ഷം മുമ്പ് ആദ്യമായി ഹിമാലയം കയറിയപ്പോഴത്തെ ഒരു പ്രയാസവും മനസ്സില്‍ തോന്നിയില്ല.മറിച്ച്, ഇനി ഒരു യാത്ര ഇനി ഇങ്ങോട്ടില്ലല്ലോ എന്ന ദു:ഖം മാത്രമായിരുന്നു മനസ്സില്‍. ജമ്മുവിലെത്തി,  പറന്നുയര്‍ന്ന വിമാനത്തില്‍ ഇരിക്കുമ്പോള്‍ ആ വൃദ്ധന്‍ എന്നെ കാത്തിരിക്കുമോ എന്ന് ഞാന്‍ വേവലാതിപ്പെട്ടു. നന്മനിറഞ്ഞ മനുഷ്യരുടെ ആ ലോകത്തെപ്പറ്റിയുള്ള ഓര്‍മ്മ എന്റെ കണ്ണുകളെ ഈറനാക്കിക്കൊണ്ടിരുന്നു. സുന്ദരമായ ലോകം, എത്ര സ്നേഹമുള്ള മനുഷ്യര്‍. അവരില്‍ ചിലരിലാണല്ലോ തിന്മയുടെ ശക്തികള്‍ തങ്ങളുടെ വിഷവിത്ത്‌ വിതച്ച് വളര്‍ത്തുന്നത്...? ഏതു വിഷത്തെയും അതിജീവിക്കുവാന്‍ ഷായെപ്പോലെ, ധുള്‍ ഗ്രാമത്തിലെ മനുഷ്യരെപ്പോലെയുള്ള ആളുകളെക്കൊണ്ട് കാശ്മീര്‍ നിറയട്ടെ എന്ന് മാത്രമേ നമുക്ക് പ്രാര്‍ഥിക്കാനാവൂ... 

(അവസാനിച്ചു)