മേശപ്പുറത്തെ
വലിയ പ്ലേറ്റില്‍ ഉരുളന്‍ കിഴങ്ങ് ഉള്ളില്‍ വെച്ച് കറുമുറാ വറുത്ത ചൂടു
സമൂസ, ചെറിയ സോസറില്‍ എണ്ണയില്‍ വറുത്ത് തിളങ്ങുന്ന പച്ചമുളകുകള്‍, വെളുത്ത
നിറത്തിലെ കട്ടോരി നിറയെ ചുവന്നു കുറുകിയ തക്കാളി സോസ്. നാല് ചെറിയ
കപ്പുകളില്‍ ഇഞ്ചി മണം പൊങ്ങുന്ന ചായ കൂടി കൊണ്ടു വെച്ചതോടെ ചെറിയ മേശ
നിറഞ്ഞു.
“നീയും
കൂടെ വേണമായിരുന്നു ഞങ്ങളുടെ കൂടെ. രുചി അറോറ ഒന്നും മിണ്ടാതെയിരിക്കുന്ന
സോണാലിയെ നോക്കിപ്പറഞ്ഞു. സോണാലി ഉമംഗിനെ നോക്കി. ഇതിനുള്ള മറുപടി അവനറിയാം
എന്ന ഭാവത്തില്‍. അവന് ഒരു സമൂസയുടെ ഉള്ളിലെ ഉരുളക്കുഴങ്ങു മുഴുവന്‍
ഒരുമിച്ചു വായിലേക്കിട്ടു അടുത്തിരുന്ന പച്ചമുളകില്‍ ഒന്നു കടിച്ചു തല
കുടഞ്ഞു.
“ഓ...അവള്‍ക്കങ്ങനെ
വരാനാകില്ല. അവളുടെ മൌസി കൂലിപ്പണി ചെയ്തുണ്ടാക്കുന്ന കാശു കൊണ്ട്
കൂട്ടുകാരുടെ കൂടെ കറങ്ങി നടന്നിട്ട് പാട്നയില്‍ ചെന്ന് കഴിഞ്ഞു മൌസിയുടെ
മുഖത്ത് നോക്കാന്‍ പറ്റില്ലെന്ന്.”
അവന്റെ ശബ്ദത്തില്‍ പച്ചമുളകിന്റെ എരിവും നിരാശയും ചേര്‍ന്ന ഒരു രോഷം കൊഴുത്തു കിടന്നപോലെ സോണാലിക്ക് തോന്നി.
രുചിയുടെ അടുത്തിരിക്കുന്ന സൌരഭ് പുച്ഛം കലര്‍ന്ന സഹതാപത്തില്‍ അവളോടു ചോദിച്ചു.
“ഇങ്ങനെയെങ്കില്‍
നീയെങ്ങനെ ഉമംഗിന്റെ കാര്യം മൌസിയുടെ മുന്നില്‍ അവതരിപ്പിക്കും...? ഒന്നോ
രണ്ടോ മാസം കഴിഞ്ഞാല്‍ ഈ റിസേര്‍ച്ചെല്ലാം തീരില്ലേ...? രുചിയെ കണ്ടു
പഠിക്ക്. അവളുടെ വീട്ടിലെ പട്ടിക്കുഞ്ഞിനു പോലും എന്റെ സര്‍വ ബയോഡാറ്റയും
അറിയാം. അല്ലെങ്കില്‍ എന്നോടു ചോദിക്ക് അങ്ങ് പഞ്ചാബിലെ അവളുടെ വയലില്‍
ട്രാക്ടര്‍ ഓടിക്കുന്ന ഡ്രൈവര്‍ സുഖ്ദേവ് സിംഗിന്റെ പ്ലസ് ടൂ പഠിക്കുന്ന
മകളുടെ മാര്‍ക്ക് എത്രയെന്ന്. നിനക്കിത്ര ധൈര്യമില്ലേ
മേരി..ബേട്ടീ...സോണാലീ....”
അവന് അവളെ താളാത്മകമായി പരിഹസിച്ചു.
“സാരെ ഉമംഗ് കോ ജാന്താ ഹേ..നാ.....?”
സോണാലിക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു...
“അരെ...യാര്....കൂള്‍ ഡൌണ്‍...കൂള്‍ ഡൌണ്‍....”
രുചി
രംഗം തണുപ്പിക്കുവാന്‍ ശ്രമിച്ചു. ഒന്നും കഴിക്കാതെ ഇരിക്കുന്ന സോണാലിയുടെ
കയ്യില്‍ ചായക്കപ്പ് എടുത്തു കൊടുത്ത് സൌരഭിനെ ദേഷ്യത്തില്‍ നോക്കിയിട്ട്
അവളും ചായ കുടിച്ചു തുടങ്ങി.
പിങ്ക്
നഗരത്തിലെ യൂണിവേര്സിറ്റി കാമ്പസിനടുത്തുള്ള ബാബുലാല്‍ ഭയ്യയുടെ ചെറിയ
റസ്റ്റോറന്റില്‍ ടൂറിസ്റ്റുകളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടം.
തൊട്ടടുത്ത
മേശക്കരികില്‍ വന്നിരുന്ന വിദേശി പെണ്‍കുട്ടികളെ ശ്രദ്ധിച്ചു
കൊണ്ടിരിക്കുന്ന സൌരഭിനു നേര്‍ക്കായിരുന്നു രുചിയുടെ കണ്ണുകള്‍. നീളം
കുറഞ്ഞ കടും നിറത്തിലെ നിക്കറിനു താഴെ കാണുന്ന മെലിഞ്ഞ ഭംഗിയുള്ള
കാലുകളില്‍ അവന്റെ കണ്ണുകള്‍ തറഞ്ഞപ്പോള്‍ രുചി അവന്റെ തോളിനൊരു തട്ട്
കൊടുത്തു. സ്വര്‍ണ്ണ മുടിയും നീല കണ്ണുകളുമുള്ള ‘ഗോരി’ ആലൂ പൊറോട്ട
തൈരില്‍ മുക്കി കഴിക്കുന്നത് നോക്കി അവന് പറഞ്ഞു.
“ഇന്ത്യന്‍ ചില്ലി ഫുഡ് വിദേശികള്‍ക്ക് കഴിക്കാന്‍ പ്രയാസമാണെങ്കിലും ഇവര്‍ തിന്നുന്നത് കണ്ടില്ലേ.”
“മതി...കണ്ടു...കണ്ടു..
നമുക്ക് സ്റ്റഡി ട്രിപ്പ് പോയ വിശേഷങ്ങള്‍ സോണാലിയോടു പറയാം. എന്നിട്
മതി ആലൂ പൊറോട്ടയില്‍ മുളകിടുന്നത്. രുചി കടുപ്പിച്ച് പറഞ്ഞപ്പോള്‍
എല്ലാവരും ഉറക്കെ ചിരിച്ച് പെട്ടെന്ന് മൂഡിലേക്ക് തിരിച്ചെത്തി.
“നീ...പാട്നക്കാരിയത്
കൊണ്ടല്ലേ നിന്നെ നിര്‍ബന്ധിച്ചത്. ഞങ്ങള്‍ക്ക് ഒരു ഗൈഡായേനെ നീ. നിന്റെ
കാന്താമൌസിക്ക് അതൊന്നും ഇഷ്ടമല്ല എന്നൊക്കെ അറിയാം. കുറെയേറെ സ്ഥലങ്ങള്‍
പോകാനുണ്ടായിരുന്നല്ലോ. സാരമില്ല. എല്ലാ ഡീറ്റയില്‍സും ഞങ്ങള്‍ കലക്റ്റ്
ചെയ്തു കഴിഞ്ഞു. അജ്മീര്‍ ദര്‍ഗ. ഗുരു ഗോബിന്ദ് ജിയുടെ ജന്മസ്ഥാന്,
ബുദ്ധഗയ....അങ്ങനെ നിന്റെ നാട് കൊണ്ടു ഇപ്പോള്‍ ഞങ്ങളുടെ ലാപ് നിറഞ്ഞു“
രുചി ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.
അതൊരു
നീണ്ട യാത്ര തന്നെയായിരുന്നു. ഒരു വലിയ സംസ്ഥാനം മൊത്തം ചുറ്റിക്കറങ്ങിയ
ഗവേഷണ കുതുകികളായ വിദ്യാര്‍ത്ഥി സംഘം. ഒറ്റ സംസ്ഥാനത്തില്‍ വിവിധ ഭാഷ
സംസാരിക്കുന്ന ജനങ്ങള്‍. ഉമംഗും രുചിയും അടങ്ങുന്ന കൂട്ടത്തിന് ബീഹാര്‍
തിരഞ്ഞെടുത്തപ്പോഴേ ഉത്സാഹമായി. അതോടെ സൌരഭും കൂട്ടരും പുണ്യസ്ഥലങ്ങളുടെ
പഠനത്തിനു അതെ സംസ്ഥാനം തന്നെ തിരഞ്ഞെടുത്തു. കണക്കില്‍ ഗവേഷണം ചെയ്യുന്ന
സോണാലിയെ പോലെ കുറച്ചു പേര് ഒഴികെ ഒട്ടു മിക്ക ഗവേഷണ വിദ്യാര്‍ഥികളും ആ
സംഘത്തില്‍ ചേര്‍ന്നു . ശരിക്കും ഒരു പ്ളഷര്‍ ട്രിപ്പ്. രണ്ടാഴ്ചത്തെ
ചുറ്റിക്കറങ്ങലിനൊടുവില്‍ അവര്‍ ഭാഷാ വൈവിധ്യം പഠിക്കുന്നതിനിടെ ആ ഭാഷകളും
കുറേശ്ശെ സ്വായത്തമാക്കി.
ട്രിപ്പ്
അവസാനിക്കുന്നതിന്റെ തലേ ദിവസത്തെ ക്യാമ്പ് ഫയറില്‍ സംഘമവതരിപ്പിച്ച ലഘു
നാടകത്തില്‍ പടിഞ്ഞാറന്‍ ബീഹാറില്‍ നിന്നുള്ള വധു ആദ്യരാത്രിയില്‍
ഭോജ്പുരിയില്‍ കൊഞ്ചിക്കുഴഞ്ഞപ്പോള്‍ മൈഥിലി മാത്രമറിയാവുന്ന മധുപനി
ജില്ലക്കാരന് വരന് കണ്ണുമിഴിച്ചു നില്ക്കുന്ന കാഴ്ചകണ്ട് എല്ലാരും
ആര്‍ത്തു ചിരിച്ചു.
ചായ
കുടി കഴിഞ്ഞു സംഘം പതിവ് പോലെ രണ്ടായി പിരിഞ്ഞു. പിങ്ക് നഗരത്തിലെ
സൂര്യന് ആറു മണിയായിട്ടും മങ്ങാതെ നഗരത്തെ പൊള്ളിക്കുന്നു. റോഡിലെ
ഡിവൈഡറുകളിലെ കടലാസു ചെടികളിലെ കടും ചുവപ്പ് നിറത്തിലെ പൂക്കളില്‍ വെയില്
തിളങ്ങി. റോഡിലാകെ ഉണങ്ങിയ പൂക്കള്‍ ചിതറി പറക്കുന്നു. സൌരഭും രുചിയും
ടൂറിസ്റ്റുകള്‍ തിക്കി തിരക്കുന്ന റോഡിലേക്ക് നീങ്ങിയപ്പോള്‍ ഉമംഗ്
സോണാലിക്കൊപ്പം യൂണിവേര്സിറ്റി കാമ്പസിനടുത്തുള്ള ഹോസ്റ്റലിലേക്ക് സാവധാനം
നടന്നു. ഏഴു മണിക്കുള്ളില്‍ ഹോസ്റ്റലില്‍ എത്തിയാല്‍ മതി. ആണ്‍കുട്ടികളുടെ
ഹോസ്റ്റല്‍ കഴിഞ്ഞു ലൈബ്രറി കെട്ടിടവും കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ
ഹോസ്റ്റലായി.
“മിണ്ടാതെ നടക്കുന്ന സോണാലിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ടു ഉമംഗ് പറഞ്ഞു.
“ച്ചോഡോ...സോനൂ...
സൌരഭ് പറഞ്ഞത് നീ കാര്യമാക്കേണ്ട. ഞാനും അപ്പോള്‍ അവനൊപ്പം
കൂടിപ്പോയി.സോറി. ട്രിപ്പില്‍ നിന്നെ വല്ലാതെ മിസ്സ് ചെയ്തത് കൊണ്ടല്ലേ.
സൌരഭിന് ദില്ലി മഹാ നഗരത്തിലെ അപ്പര്‍ ക്ലാസ്സ് ജീവിതം മാത്രമല്ലേ
പരിചയമുള്ളൂ. എന്നെപ്പോലെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ലൈഫോ,നിന്റെ കാന്ത
മൌസിയെപ്പോലെ ഗ്രാമത്തിലെ പൊരി വെയിലില്‍ കിടന്നു വയലില്‍
പണിയെടുക്കുന്നവരെപ്പറ്റിയോ ഒന്നും അറിഞ്ഞു കൂടാ. വായില്‍
വെള്ളിക്കരണ്ടിയുമായി പിറന്നു വീണവന്റെ വിവരക്കേട്.”
സോണാലി ഒന്നും മിണ്ടാതെ കേട്ടു നിന്നു. പിരിയാന്‍ നേരം അവളുടെ മുഖത്തെ അവളുടെ മുഖത്ത് നിസ്സഹായത കണ്ട് ഉമംഗിനു വിഷമം തോന്നി.
“എങ്കില്‍ നീ ഇപ്പോള്‍ ഹോസ്റ്റലില്‍ പോകണ്ട. വാ...നമുക്ക് ഒരു റൌണ്ട് കൂടെ നടന്നിട്ട് വരാം.. “ചലോ.. സോനൂ..”
മടിച്ചു നിന്ന സോണാലിയുടെ അരക്കെട്ടില്‍ ചേര്‍ത്തു പിടിച്ച് അവന് നടന്നു തുടങ്ങി. റോഡിലെ തിരക്കിലേക്ക് അവര്‍ ആഴ്ന്നു
ക്യാമ്പസിലെ പടര്‍ന്നു കിടക്കുന്ന ജാമുന് വൃക്ഷത്തിന് കീഴിലെ ചാരുബെഞ്ചിലിരുന്നു സംസാരിക്കുന്ന ഉമംഗ്.
“സോനൂ...ഇന്നലെ
ട്രിപ്പിന്റെ കാര്യങ്ങള്‍ പറഞ്ഞു മുഴുവനാക്കിയില്ലല്ലോ. ഞങ്ങള്‍
പോയിപ്പോയി ദൂരെ നേപ്പാള്‍ ബോര്‍ഡര്‍ കടന്നു മിഥില കാണുവാന്‍ പോയി. മിഥിലാ
രാജാവ് ജനകന് മകള്‍ സീതയെ മണ്ണില്‍ നിന്നും കിട്ടിയ ഇടമല്ലേ...?
മുസാഫിര്‍പൂറിലും ഒരു ദേവീ മന്ദിര്‍ ഉണ്ട്. അവിടെപ്പോയിട്ടു കാര്യമായി
ഒന്നും കിട്ടിയതും ഇല്ല. പക്ഷേ അവിടടുത്ത് ഒരു വിചിത്ര സ്ഥലത്ത് പോയി.
ശരീരം വില്‍പ്പന ഉപജീവനമാക്കിയ സ്ത്രീകളുള്ള ചതുര്‍ഭുജ്സ്ഥാന്‍ എന്ന
ഗ്രാമത്തില്‍.
സോണാലി അവനെ തുറിച്ചു നോക്കി. അവന് ശബ്ദം താഴ്ത്തി പരിസരം ശ്രദ്ധിച്ചിട്ട് തുടര്‍ന്നു .
“
അവിടെ അതൊരു തെറ്റേ അല്ല. അതവരുടെ നൂറ്റാണ്ടുകളായുള്ള കുലത്തൊഴില്‍.
അമ്മയും എല്ലാ പെണ്മക്കളും വേശ്യകള്‍. മുസാഫിര്‍പൂറിലെ ഒരു കോഫീ ഷോപ്പില്‍
നിന്നാണ് ഞങ്ങള്‍ക്കീ വിവരം ലഭിച്ചത്. അത് കേട്ടപ്പോള്‍ സൌരഭിനു ഒരാഗ്രഹം
ഒന്ന് പോയി കണ്ടാലോ എന്ന്. ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും ഞാനും കൂടെ
കൂടി. അവന് തന്ന ധൈര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരും കൂടി രഹസ്യമായി ഒരു
ടാക്സിയെടുത്തു അവിടെപ്പോയി.’
“അപ്പോള്‍ പ്രൊഫസറും മറ്റു കുട്ടികളും....? രുചി അറിഞ്ഞില്ലേ ഇത്..? അവള് സമ്മതിച്ചോ..?” സോണാലിയുടെ നെഞ്ചിടിപ്പ് കൂടി.
“അവസാന
രണ്ടു ദിവസം പ്രൊഫസര്‍ കൂടെയില്ലായിരുന്നു. അദ്ദേഹം പാട്നയിലെ ബന്ധു
വീട്ടില്‍ തങ്ങി. രുചിയെ സൌരഭ് വിദഗ്ദമായി മറ്റു ഗേള്‍സിന്റെ കൂടെ
റൂമിലാക്കി. അവര്‍ക്ക് സംഗതി മനസ്സിലായതെ ഇല്ല..”
“എന്നിട്ട്...?”അവളുടെ ശബ്ദം തളര്‍ന്നു.
“ഹേയ്.....വാട്ട്...ഹാപ്പെന്‍ഡ് ടു യു...? ഞങ്ങള്‍ അങ്ങനെയുള്ള ഗായ്സ് ആണോ..? നീ പേടിച്ചോ..?”
“ഇല്ല.”അവള് ചിരിക്കാന്‍ ശ്രമിച്ചു.
“ഞങ്ങള്‍
ഒരു ഉച്ച കഴിഞ്ഞ നേരത്താണ് അവിടെയെത്തിയത്. ആയിരത്തോളം വേശ്യകളുണ്ട് ആ
നാട്ടില്‍. അവിടത്തെ പുരുഷന്മാരുടെ ജോലിയോ ഈ സ്ത്രീകളുടെ പിമ്പുകള്‍. ആ
നാട്ടിലെ കുട്ടികളുടെ അച്ഛനാരെന്നു അമ്മമാര്‍ക്ക് നിശ്ചയമില്ലത്രേ.
ചെന്നിന്നിറങ്ങിയതോടെ പിമ്പുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. റെയിറ്റ്
പറഞ്ഞു ഒരു വീട്ടില്‍ കൊണ്ടു പോയി. അവിടെ ചെറിയൊരു വീട്ടില്‍ രണ്ടു
സ്ത്രീകള്‍. രണ്ടു പേരും അണിഞ്ഞൊരുങ്ങി ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു.
ആര്‍ക്കു് ആരെ വേണം എന്നായി ചോദ്യം. ഇത്രയും ആയപ്പോള്‍ ഞങ്ങള്‍ക്ക്
പേടിയായി. ഭക്ഷണം വാങ്ങി ഇപ്പൊ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ സൂത്രത്തില്‍
സ്ഥലം വിട്ടു. സൌരഭിന് അവിടെ കുറച്ചു നേരം തങ്ങണം എന്നുണ്ടായിരുന്നു. അവന്
ആ നേരം കൊണ്ടു രഹസ്യമായി അവിടം മൊബൈലില്‍ പകര്‍ത്തി . ഇത് നോക്കൂ...”
ഫോണിന്റെ
സ്ക്രീനില്‍ തെളിയുന്ന കടും നിറത്തിലെ ചായം തേച്ച ചുണ്ടുകള്‍, തിളങ്ങുന്ന
സാരികള്‍, കല്ല് മാലകള്‍, വിരിച്ചിട്ട ചൂടിക്കട്ടിലുകള്‍....
”പ്ലീസ്...ഉമംഗ്...രുക്കോ....ബന്ദ് കരോ..”
ഫോണിലെ ചലിക്കുന്ന ചിത്രങ്ങളില്‍ നോക്കിയതും സോണാലി കരച്ചിലിന്റെ വക്കോളം എത്തി.
“നതിംഗ്
ഹാപ്പെന്‍ഡ് സോണാലീ...ഞങ്ങള്‍ ഒരു പത്തു മിനിട്ട് പോലും ആ വീട്ടില്‍
തങ്ങിയില്ല. നിന്നോടിത് പറയേണ്ടിയിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നു. നീ
എന്തിനാ ഇങ്ങനെ കരയുന്നത്...?
‘കുച്ച് നഹീ...ഉമംഗ്...കുച്ച് നഹീ....” സോണാലി അയാളുടെ തോളില്‍ ചാരി തേങ്ങി. അവളുടെ ഉടല് ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
“സോണാലി... രോവോ മത്....രോവോ മത്.” അവളുടെ കണ്ണീരടങ്ങാത്ത മുഖത്തേക്ക് നോക്കി ഉമംഗ് പറഞ്ഞു കൊണ്ടിരുന്നു.
ഹോസ്റ്റല്‍
മുറിയിലെ ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്കിടയില്‍ കാന്താമൌസിയുടെ പഴയൊരു കത്ത്.
രുപാലി പഠിക്കാന്‍ തീരെ മോശം. നിന്നെപ്പോലെ പഠിച്ചിരുന്നെങ്കില്‍ കുറച്ചു
കഷ്ടപ്പെട്ടിട്ടെങ്കിലും അവളെയും കോളേജിലയക്കാമായിരുന്നു. ഇനി എന്റെ കൂടെ
ജോലി ചെയ്യാം എന്നാണവള്‍ പറയുന്നത്. ഞാന്‍ സമ്പാദിക്കുന്നത് കൊണ്ടു നിന്റെ
ഫീസടക്കാന്‍ വിഷമിക്കുന്നത് അവള്‍ക്കറിയാം. ഞാന്‍ ആവതു വിലക്കി. അവള്
പക്ഷെ കൂട്ടാക്കുന്നില്ല.
സോണാലി
അടുത്ത കത്ത് കയ്യിലെടുത്തു. രുപാലിയുടെ കത്ത്. ‘മേരീ...പ്യാരീ ദീദീ...’
എന്ന് തുടങ്ങുന്ന സംബോധന. ഒടുവില്‍ ഞാന്‍ കാന്താ മൌസിയെ സഹായിക്കാന്‍
തീരുമാനിച്ചു. മൌസി തടഞ്ഞതാണ്. സാരമില്ല. മൌസി കഷ്ടപ്പെടുന്നത് എത്ര കാലം
കണ്ട് നില്ക്കാനാവും. ഈ പ്രാവശ്യം അയക്കുന്ന പൈസയില്‍ എന്റെ കൂടെ
സമ്പാദ്യമുണ്ട്. അതുകൊണ്ടു മൌസിക്ക് ഈ മാസം ആരോടും കടം വാങ്ങേണ്ടി വന്നില്ല
എന്ന വരികള്‍ വായിച്ചപ്പോള്‍ സോണാലിയുടെ കണ്ണുകള്‍ നിറഞ്ഞു. അവള് ആ
കത്തും പിടിച്ചു കിടക്കയില്‍ ഇരുന്നു.
അവധി
ദിനങ്ങളിലെ നാട്ടിലേക്കുള്ള യാത്ര. ബസിനുള്ളിലെ ആളുകളുടെ തുറിച്ചു
നോട്ടങ്ങള്‍. ‘ഹമാരീ കാന്താ കി ചോക്രി ഖൂബ് പക്ക് ഗയീ....’ (നമ്മുടെ
കാന്തയുടെ പെണ്ണ് നല്ല പാകമായിരിക്കുന്നല്ലോ)എന്ന ബസ് ഡ്രൈവര്‍ ഭോലാ
റാമിന്റെ കമന്റ്. താന്‍ വന്നെന്നറിഞ്ഞാല്‍ വീട്ടില്‍ വന്നു മൌസിയെ
ശല്യപ്പെടുത്തുന്ന ബല്‍വാന്‍ സിംഗ് .
“നിങ്ങള്‍
വെറുതെ കിടന്നു കഷ്ടപ്പെടാതെ ഈ പെണ്ണിനെക്കൂടി കൂട്ടിക്കൂടെ..? ഇവള്‍ക്ക്
ചോദിക്കുന്ന കാശ് ഞാന്‍ മേടിച്ചു തരാം. നിങ്ങള്‍ക്ക് വയസ്സേറി വരുകയാണെന്ന
ഓര്‍മ്മ വേണം. കുറച്ചു കൂടി പ്രായമായാല്‍ നിങ്ങളെയൊക്കെ ആര്‍ക്കു
വേണം...? ഇവള്‍ക്കിളയത് ഇനി എന്ന് വളര്‍ന്നു വന്നിട്ടാണ്...? വയറ് നിറച്ച്
റൊട്ടി തിന്നണമെങ്കില് കാശ് വേണം..കാശ്... നെഞ്ച് ദുപ്പട്ട കൊണ്ടു
മൂടിപ്പൊതിഞ്ഞു പതുങ്ങി നടക്കാതെ പുറത്തിറങ്ങുപോള്‍ നേരേ നടക്കുവാന്‍ പറയ്
ഇവളോട്. ആവശ്യക്കാര്‍ ശരിക്കൊന്നു കാണട്ടെ. ഇവളൊന്നൊരുങ്ങി നിന്നാല്‍ മതി
കാശ് മടിയില്‍ വീഴും.”
ചുണ്ടു നനച്ചു കൊണ്ടു അവളെ അടിമുടി നോക്കി മൌസിയെ പ്രലോഭിപ്പിക്കുന്ന ബല്‍വാന്‍ സിംഗ്.
“വേണ്ടാ... ബല്‍വാന്‍ ഭയ്യാ അവള്‍ക്കത് വേണ്ട. അവള് പഠിച്ച് ഉദ്യോഗസ്ഥയാകും.”
“അരെ...വാ..ഹ്..ബഡിയാ ബാത്ത്!!! ”
ബലവാന്
സിംഗ് തുടയില്‍ വലതു കൈ കൊണ്ട് അടിച്ചു കൊണ്ട് ശരീരം കുലുക്കി ഉറക്കെ
ചിരിച്ചു. അയാളുടെ വൃത്തികെട്ട നിറം മങ്ങിയ പല്ലുകള്‍ക്കിടയില്‍ നിന്നും
പാനിന്റെ ചുവന്ന തുള്ളികള്‍ ചുറ്റും ചിതറി.
“ഹും...ചതുര്ഭുജസ്ഥാനിലെ
ഒരു ഉദ്യോഗസ്ഥ!!!!” ഇവിടെ ഉള്ളതിലും ഏതു വലിയ ഉദ്യോഗത്തിനാ ഇവള്
പോകുന്നത്..? എവിടെ പോയാലും ഇവളീ നാട്ടുകാരിയല്ലേ..? ഇവളുടെ തന്നെ
പ്രായമുള്ള ആ കൌസല്യയുടെ പെണ്ണിന് കിട്ടുന്ന കാശ് എത്രയാണെന്ന്
ഇവളോടൊന്നു പറഞ്ഞു കൊടുക്ക്. നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശു
മുഴുവന്‍ ഇവള് വെള്ളത്തില്‍ കൊണ്ടു കളയുകയെ ഉള്ളു. ഒരു കോളേജു
പഠിത്തക്കാരി”.
സന്ധ്യക്ക്
മുമ്പേ മുറിയടച്ചിരിക്കുന്ന രാത്രികളില്‍ മൌസി കിടക്കുന്ന ചാര്‍ത്തില്‍
നിന്നും ചൂടിക്കട്ടിലിന്റെ മുരളലുകള്‍. പൈസ എണ്ണികൊടുക്കുന്ന ശബ്ദങ്ങള്‍.
കഴിഞ്ഞ അവധിക്കാലം തൊട്ടു വീടിനോടു ചേര്‍ന്ന പുതിയൊരു ചാര്ത്തു കൂടി പണിത്
ചേര്‍ത്തിരിക്കുന്നു. അതിനുള്ളില്‍ പുതിയൊരു കട്ടില്, അലമാരയില്‍ അടുക്കി
വെച്ചിരിക്കുന്ന രുപാലിയുടെ വസ്തങ്ങള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളുടെ
പാക്കറ്റുകള്‍. അണിഞ്ഞൊരുങ്ങുന്നതിനുള്ള കോപ്പുകള്‍. കടുത്ത വാസനയുള്ള കടും
നിറമുള്ള സൌന്ദര്യ വര്‍ദ്ധക സാമഗ്രികള്‍. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്ന്
ഉറകള്‍ സൌജന്യമായി കിട്ടുന്നതില്‍ പുതിയ സര്‍പഞ്ചിനു നന്ദി പറയുന്ന മൌസി.
നിങ്ങളുടെ അമ്മയുടെ കാലത്ത് ഇതൊന്നും അറിയാതെയിരുന്നത് കൊണ്ടു
ചെറുപ്പത്തിലെ എന്റെ പൂനം ദീദി ചെറുപ്പത്തിലെ മഹാ രോഗം വന്നു മരിക്കേണ്ടി
വന്നു എന്ന് ഇടക്കിടെ പറഞ്ഞു പതം പറഞ്ഞു കരയുന്നു.
മുസാഫിര്‍പൂറിലെ
സര്‍ക്കാരാശുപത്രിയിലെ അഴുക്കു പിടിച്ച വാര്‍ഡില്‍ കടുത്ത ക്ഷയ രോഗം
ബാധിച്ചു മരണം കാത്ത് കിടക്കുന്ന എല്ലിച്ച രൂപം.. കുഞ്ഞായ രുപാലിയെ
എടുത്ത് എട്ടു വയസ്സുള്ള സോണാലിയെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന
കാന്താദേവി എന്ന യുവതി. “യെ ബച്ചോം കോ ഭീ ടെസ്റ്റ് കേലിയെ ലേജവോ..” എന്ന്
അവരെ നോക്കി അറപ്പോടെ പറഞ്ഞ നേഴ്സിനെ അവള് ഭയപ്പാടോടെ
നോക്കുന്നു....ടെസ്റ്റ് റിസള്‍ട്ട് കിട്ടിയ ദിവസം ഭഗവാന് ബജായാ..."എന്ന്
പറഞ്ഞു കുട്ടികളെ കെട്ടിപ്പിടിച്ചു വിതുമ്പിയ കാന്താമൌസി.
ചതുര്ഭുജസ്ഥാനിലെ
ഒരു പെണ്‍കുട്ടി ജയ്പൂര്‍ കാമ്പസില്‍ എത്തിയാല്‍ അവളുടെ പൂര്‍വ ചരിത്രം
മാറുമോ...? ഉമംഗിന്റെ മുന്നില്‍ മൂന്നു കൊല്ലം കൊണ്ടു പണിത് തീര്‍ത്ത
നുണകളുടെ കടലാസ് കൊട്ടാരം എരിഞ്ഞടങ്ങുവാന്‍ ഇനിയും എത്ര നാള്...?
സോണാലിയുടെ നെഞ്ചിലെ എരിയുന്ന സത്യത്തിന്റെ കനല് കട്ടകള്‍ നിറഞ്ഞ
നെരിപ്പോടിന്റെ ചൂട് അവളെ പൊള്ളിയുരുക്കുന്നു. എരിഞ്ഞു കൊണ്ടിരിക്കുന്ന
നെരിപ്പോടാണ് അഗ്നിയുടെ ഏറ്റവും ഭീകരമായ അവസ്ഥയെന്നവള്‍ തിരിച്ചറിയുന്നു.
മൂന്നു വര്‍ഷം കൊണ്ടു ഉമംഗിനൊപ്പം പണിത് കൂട്ടിയ സ്നേഹ ലോകം. അത് ഈ
നെരിപ്പോടിപ്പോടിനു മുകളിലായിരുന്നു എന്നവന് അറിയുമ്പോള്‍. ഉമംഗിന്റെ
സ്നേഹത്തിന്റെ കാറ്റടിക്കുമ്പോള്‍ ജ്വലിക്കുന്ന ആ കനലിനെ അതി ജീവിക്കാന്‍
ഇനി അവള്‍ക്കാവില്ല.
ഒറ്റ
നിമിഷത്തില്‍ ആളിപ്പടരുന്ന അഗ്നി.... പടരുന്ന ഒരു വെളിച്ചത്തില്‍ എല്ലാം
വിഴുങ്ങുന്ന അഗ്നി.... എല്ലാ ചൂടും ഒരുമിച്ച്... എല്ലാം അതില്‍
കത്തിയമരുന്നു. സോണാലി ഒരു നിമിഷം അവളുടെ തീരുമാനമെടുത്തു. ഈ നെരിപ്പോട്
ആളുന്ന അഗ്നിയാകട്ടെ. ഒരു കാറ്റില്‍, ഒരു നിശ്വാസത്തില്‍ ആളുന്ന നാവു
കൊണ്ടു എല്ലാറ്റിനെയും അത് തുടച്ചെടുക്കട്ടെ .
“തല
വേദനെയെന്നു പറഞ്ഞു ക്ലാസ്സില്‍ നിന്നും നേരത്തെ ഇറങ്ങിയ നിനക്കെന്തു
പറ്റി...? സോനൂ... വരൂ... നിന്റെ മുഖം വല്ലാതിരിക്കുന്നു നമുക്ക് ഡോക്ടറെ
കാണാം.”
ഉമംഗിന്റെ ശബ്ദത്തില്‍ ആര്‍ദ്രത.
“ഉമംഗ്..എനിക്കിനിയും
താങ്ങാനാവില്ല നിന്റെ ഈ സേന്ഹം. അടുത്ത മാസം കാമ്പസ് വിട്ടു നാട്ടില്‍
ചെല്ലുമ്പോള്‍ എനിക്ക് മൌസിയെക്കണ്ടു നിന്റെ കാര്യം പറയണം. സൌരഭ് പറയുന്ന
പോലെ ഞാന്‍ ഇത്ര ധൈര്യമില്ലാത്തവളായാല്‍ ഇനിയും ശരിയാവില്ല.”
“ഇതിനാണോ നീ ഇത്ര ടെന്‍സ് ഡ് ആകുന്നത്. നിനക്ക് പറയാന്‍ പേടിയെങ്കില്‍ ഞാന്‍ കൂടെ വരാം..ഞാന്‍ സംസാരിക്കാം നിന്റെ മൌസിയോട്”
“നീ..നീ വന്നേ പറ്റൂ..ഉമംഗ്. എനിക്ക് മൌസിയെ പേടിയില്ല. എനിക്കിപ്പോൾ നിന്നെയാണ് പേടി.”
അവള് ചിലമ്പിച്ച ശബ്ദത്തില്‍ പറഞ്ഞു.
“എന്നെയോ..? ഞാൻ നിന്റെയല്ലേ..എന്നെ എന്തിനാണ് പേടിക്കുന്നത്...? നിനക്കെന്തോ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.“
“ഒന്നുമില്ല.
ഉമംഗ്. ഈ സോണാലിക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. ചതുര്ഭുജസ്ഥാനിലെ
ഒരു പെണ്‍കുട്ടി എങ്ങനെ മാറിയാലും അവള് എന്നും അത് തന്നെയല്ലേ...?. കാന്താ
മൌസി മാനം വിറ്റു വളര്‍ത്തി പഠിപ്പിച്ച സോണാലി. പിന്നീട് രുപാലിയുടെയും
ശരീരത്തിന്റെ വിലയില്‍ കോളേജിലെയും ഹോസ്റ്റലിലെയും ഫീസടക്കാന്‍
കഷ്ടപ്പെടുന്ന ചതുര്ഭുജസ്ഥാനിലെ ഏക പഠിപ്പുകാരി.”
കനല്ക്കട്ടപോലെ പൊള്ളുന്ന അവളില്‍ നിന്ന് വാക്കുകള്‍ ചിതറി വീണു.
കിതക്കുന്ന വാക്കുകള്‍ തീയില്‍ പൊട്ടിച്ചിതറി ചിലമ്പിക്കുന്നു. അമ്പരന്നു
നിന്ന ഉമംഗിന്റെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ചൂണ്ടിക്കാണിച്ചു കാണിച്ചു
അവള് തുടര്‍ന്നു ..
“ഇതിലെ
കാന്താമൌസിയുടെ വീട്ടിലേക്കുള്ള വഴി ഒരു വട്ടം പോയ നിനക്ക് ഇനി പറഞ്ഞു
തരേണ്ട കാര്യമില്ലലോ. പക്ഷെ ഇത്തവണ പോകുമ്പോള്‍ സൌരഭ് കൂടെ വേണ്ട ഞാന്‍
മതി.”
കണ്ണുകളടച്ച്
നില്ക്കുന്ന സോണാലി. അവള് ഉമംഗിന്റെ അകന്നു പോകുന്ന കാലടി ശബ്ദം
കാതോര്‍ക്കുന്നു. വലിയൊരു അഗ്നി വന്നു തന്നെ വലയം ചെയ്യുന്നത്
കാത്തിരിക്കുകയാണവള്‍. ഒരൊറ്റ ആളല്‍. പിന്നെ അവിടെ ഒന്നുമില്ല. ഒരു
ഭസ്മക്കൂന. ഉമംഗിന്റെയും സോണാലിയുടെയും സ്നേഹത്തിന്റെ ചിതാ ഭസ്മം.
സോണാലി
ഇപ്പോള്‍ എവിടെയാണ്...? ചുറ്റുമുള്ള ഈ ഇരുട്ടില്‍ അവള് എവിടെയെന്ന്
അവള്‍ക്കു പോലും അറിയില്ല. ചതുര്ഭുജസ്ഥാനിലെ ചെറിയ വീട്ടിലെ അവളുടെ
കുടുസ് മുറിയിലോ..? അടുത്ത മുറികളില്‍ നിന്ന് വരുന്ന ചൂടിക്കട്ടിലുകളുടെ
മുറുമുറുപ്പ് ശബ്ദം കേട്ട് ഉറക്കം വരാത്ത കണ്ണുകള്‍ ഇറുക്കിയടച്ച് നിറം
മങ്ങിയ തലയിണയിലാണോ അവള് മുഖം പൂഴ്ത്തി കിടക്കുന്നത്...? അവള്
കേള്‍ക്കുന്ന ശബ്ദം ഏതാണ്...? അത് ബല്‍വാന്‍ സിംഗിന്റെ പ്രലോഭിപ്പിക്കുന്ന
വാഗ്ദാനങ്ങളല്ല. ഉമംഗിന്റെ സാന്ത്വന സ്വരം ഒരു നനുത്ത മഞ്ഞിൻ കണം പോലെന്നപോലെ അവളിലെ അഗ്നിയെ തണുപ്പിക്കുന്നത് അവള് തിരിച്ചറിയുന്നുണ്ട്.
ചതുർഭുജസ്ഥാനിലെ അവളുടെ വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ട
രുപാലിക്കൊപ്പമുള്ള അവളുടെ ഫോട്ടോ സൌരഭ് കണ്ടിട്ടില്ല എന്നവന്
ആണയിടുന്നുണ്ട്. സൌരഭ് അറിയാതെ ഒരിക്കല്‍ കൂടി അവിടെ പോയി ജോലി
കിട്ടിയാലുടനെ അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടു വരാനാകും എന്ന്
പറഞ്ഞപ്പോള്‍ മൌസിയുടെ കണ്ണുകള്‍ നിറഞ്ഞത് അവന് വീണ്ടും വീണ്ടും
പറയുന്നുണ്ട്. രുപാലിയെ പഠിപ്പിക്കാനയക്കാം എന്ന് പറഞ്ഞപ്പോള്‍ അവളുടെ
കണ്ണുകള്‍ പ്രതീക്ഷ കൊണ്ടു തിളങ്ങിയത് അവന് കണ്ടതാണ്. അതേ, അവള്
കേള്‍ക്കുന്ന ശബ്ദം ഉമംഗിന്റെതാണ്. അത് ഉറച്ചതും വ്യക്തവുമാണ്. കണ്ണ്
തുറന്ന് അവള് അയാളെ കാണുകയാണ്.സോണാലി പ്രേമത്തിന്റെ പുതിയ നിർവ്വചനങ്ങൾ പഠിക്കുകയാണ്.