സെന്‍ട്രല്‍ പാര്‍ക്കിന്‍റെ എതിര്‍വശം കാണുന്ന ‘അരിഹന്ത് ’ എന്നു വലിയ അക്ഷരത്തില്‍ എഴുതിയ ഫ്ലാറ്റിന്‍റെ താഴത്തെ നിലയില്‍ നിന്നുമാണ് ആ വൃദ്ധ പേരക്കുട്ടിയുടെ കൂടെ സായാഹ്നങ്ങളില്‍ പാര്‍ക്കിലേക്ക് വരുന്നത്. എല്ലാ ദിവസവും വൈകുന്നേരത്തെ നടത്തത്തിന് ശേഷം ഞാന്‍ പാര്‍ക്കിലെ ബെഞ്ചില്‍ വന്നു കുറച്ചു നേരം വിശ്രമിക്കും. വൃദ്ധയുടെ കൈപിടിച്ചു വരുന്ന പേരക്കുട്ടി സൌമിത്രിയെയും എനിക്കറിയാം. മേഘ്ന മല്‍ഹോത്ര എന്നാണവളുടെ ശരിക്കുള്ള പേര്. സൌമിത്രി എന്നത് വീട്ടിലെ വിളിപ്പേരാണ് എന്‍റെ മകള്‍ ശില്പ്പയുടെ ക്ലാസ്സില്‍ തന്നെയാണ് അവളും. ഒരു പൂമ്പാറ്റയുടെ ചാരുതയുള്ള പന്ത്രണ്ടു വയസ്സുകാരി. അവളുടെ അച്ഛന്‍ ഡോ. അജയ് മല്‍ഹോത്രയും അമ്മ നേഹയും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളും.
പക്ഷെ ഈ വൃദ്ധ ആ വീട്ടില്‍ ഒരു പൊരുത്തക്കേട് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അധികം നിറമില്ലാത്ത പരുത്തി സാരിയിലാണ് അവര്‍ എന്നും. സാരിയുടെ പല്ലവ് എപ്പോഴും തലയിലൂടെ ഇട്ടിട്ടുണ്ടാകും. കാലില്‍ വില കുറഞ്ഞ വള്ളിച്ചെരുപ്പ്. ഒരു എണ്‍പത് വയസ്സിധികം കാണും അവര്‍ക്ക്. കുറച്ചു പ്രായമായതിനു ശേഷം ഉണ്ടായതാകണം ഈ ഡോക്ടര്‍. മകന്‍. ഞാന്‍ ആദ്യം കണ്ടപ്പോള്‍ അവരെ ഡോക്ടര്‍ മല്‍ഹോത്രയുടെ ദാദി എന്നാണു വിചാരിച്ചത്. എന്താ ഈ സ്ത്രീ ഇങ്ങനെ..? ഒരു ഡോക്ടറുടെ അമ്മയല്ലേ ..? ഇത്ര വില കുറഞ്ഞ നിറം മങ്ങിയ വസ്ത്രങ്ങളില്‍..?. അവരുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി എന്ന പതിനെട്ടുകാരിക്കുകൂടെ നല്ല ചുരിദാറുകള്‍ നേഹ വാങ്ങി കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിട്ടാണോ അവര്‍ ഈ വൃദ്ധയെ ഈ രീതിയില്‍ ..? മൂന്നു മാസം മുന്‍പ് മല്‍ഹോത്രയുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അവര്‍ ദില്ലിയില്‍ നിന്നും ഇവിടെ വന്ന് ഈ മകന്‍റെ കൂടെ താമസമാക്കിയത്. നേഹക്ക് ജോലിയുള്ളത് കൊണ്ടു അമ്മയുടെ കാര്യങ്ങള്‍ നോക്കാനാണ് മീനാക്ഷി എന്നാണു നേഹ എന്നോടു പറഞ്ഞിട്ടുള്ളത്. എന്നിട്ടാണ് ഈ വൃദ്ധയെ ഇങ്ങനെ. ഇക്കാര്യം നേഹയോടു പലവട്ടം ചോദിക്കാന്‍ ആഞ്ഞിട്ടുണ്ട് ഞാന്‍ .പക്ഷെ അതിന്റെ ഔചിത്യക്കുറവില്‍ അത് മനസ്സില്‍ അടക്കിയിട്ടെ ഉള്ളു.
അവധി ദിവസങ്ങളില്‍ ചിലപ്പോള്‍ അവരുടെ കൂടെ നേഹയും കാണും. ഒരു മണിക്കൂര്‍ നേരത്തെ നടത്തം കഴിഞ്ഞു തിരികെ വീട്ടിലേക്ക് പോകുന്നതിനു മുന്‍പ് ഞാന്‍ പാര്‍ക്കിലെ കൃത്രിമം എങ്കിലും മനോഹരമായി ഉണ്ടാക്കിയിട്ടുള്ള തടാകത്തിന്‍റെ കരയിലെ ബെഞ്ചിലിരുന്ന് വെള്ളത്തിലൂടെ നീന്തി നീങ്ങുന്ന മീന്‍ കുഞ്ഞുങ്ങളെ നോക്കി കുറച്ചു നേരം വിശ്രമിക്കും. വൃദ്ധ പാര്‍ക്കിലെ വിവിധ തരത്തിലുള്ള ഊഞ്ഞാലുകളില്‍ കുട്ടികള്‍ കളിക്കുന്നത് കൌതുകത്തോടെ നോക്കിയിരിക്കുന്നത് കാണാം. ഇതിനിടെ സൌമിത്രി വന്ന്‍ “ഹായ് ആന്റി..ശില്പ ആയി നഹീ..?” എന്നോ മറ്റോ കളിക്കിടെ വന്നു പറഞ്ഞിട്ട് ഓടിപ്പോകും. നിത്യവും കാണുന്ന മുഖമായത് കൊണ്ടു അവളുടെ ദാദി എന്നെ നോക്കി മന്ദഹസിക്കാറുണ്ട്.
“മാജീ..കൈസി ഹേ..?”
എന്ന എന്‍റെ സ്ഥിരം ചോദ്യത്തിന്
”ട്ടീക്ക് ഹും..ബേട്ടീ”
എന്നവര്‍ പതിവ് മറുപടിയും പറയും. അതില്‍ കൂടുതല്‍ ഉപചാരങ്ങളോ സംഭാഷണങ്ങളോ ഞങ്ങള്‍ തമ്മില്‍ ഇല്ല.
പക്ഷെ ഇന്നെന്തോ അവര്‍ എന്‍റെ അടുത്തു വന്നിരുന്നു. സംസാരിക്കാനുള്ള താത്പര്യം കാണിച്ചു. എന്‍റെ നാട് എവിടെയെന്നു ചോദിച്ചു. ഞാന്‍ കേരള്‍, കൊച്ചിന്‍ എന്നൊക്കെ അവരോടു പറഞ്ഞു.
“കേരളാ...ഗോഡ്സ് ഓണ്‍ കണ്‍ട്രി... ഈസ്‌ന്‍റ് ഇറ്റ്....?”
“ഹാം..ജീ...” ഞാന്‍ മറുപടി പറഞ്ഞു.
നല്ല ആംഗലേയ ഉച്ചാരണത്തിലെ അവരുടെ സംസാരം എന്നെ തെല്ല് അമ്പരപ്പിച്ചു. ഈ വൃദ്ധ ആളു ഞാന്‍ വിചാരിച്ചപോലെ അല്ലല്ലോ. സാധാരണ വടക്കെ ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നുമുള്ള വിദ്യാഭ്യാസം ഇല്ലാത്ത ഒരു സ്ത്രീ എന്നാണു ഞാന്‍ അവരെപ്പറ്റി കരുതി ഇരുന്നത്. ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി. നിറം കുറഞ്ഞ സാരിയുടെ പല്ലവിനുള്ളിലെ മുഖത്ത് ഒരു കുലീനത്വം ഉണ്ട്.
“മാജീ...നിങ്ങള്‍ ദില്ലിക്കാരാണ് അല്ലെ...?”
ഞാന്‍ അവരോടു സംസാരിക്കുവാന്‍ തുടങ്ങി.
“അല്ല ഞങ്ങള്‍ ശരിക്കും ഗുജറാത്തുകാരാണ്. ദില്ലിയില്‍ വന്നു താമസിക്കുന്നു എന്നേ ഉള്ളു.” അവര്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു..
“ഓ..അപ്പോള്‍ നിങ്ങള്‍ ഗുജറാത്തികള്‍ ആണല്ലെ..? അതെനിക്കറിയില്ലായിരുന്നു. നേഹയും അത് പറഞ്ഞിട്ടില്ല. ”
“അല്ല ബേട്ടീ..ഞങ്ങള്‍ നിങ്ങളുദ്ദേശിക്കുന്ന ഗുജറാത്തികള്‍ അല്ല.”
“പിന്നെ..?”
എനിക്കവര്‍ എന്താണ് പറഞ്ഞതെന്നു മനസ്സിലായില്ല. ഗുജറാത്തില്‍ നിന്നും ദില്ലിയില്‍ പോയി താമസിക്കുന്നവര്‍ ഗുജറാത്തികള്‍ അല്ലാതെ പിന്നെ ആരായിരിക്കും...? ഞാന്‍ ചോദ്യ ഭാവത്തില്‍ അവരെ നോക്കി. അത് മനസ്സിലായി എന്നവണ്ണം അവര്‍ വിശദമാക്കി.
“ഞങ്ങള്‍ റാവല്‍പിണ്ടിയിലെ ഗുജറാത്ത് എന്ന സ്ഥലത്ത് നിന്നും ദില്ലിയില്‍ താമസമാക്കിയവരാണ്. “
ഒരു നിമിഷം എടുത്തു എനിക്ക് അവര്‍ പറഞ്ഞത് മനസ്സിലാകുവാന്‍.. റാവല്‍ പിണ്ടി...പാക്കിസ്ഥാനിലെ...? പിന്നെ സംശയത്തോടെ ആരാഞ്ഞു
“അപ്പോള്‍..? നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും വിഭജനത്തില്‍....?” എനിക്ക് വാക്കുകള്‍ തടഞ്ഞു.
“അതെ.”
അവര്‍ ഉത്തരം നല്കിയിട്ടു ഒനും പറയാനില്ലാതെ വെറുതെ കുറെ നേരം നെടുവീര്‍പ്പ് ഇട്ടു കൊണ്ടിരുന്നു. ആ ഭാവമാറ്റം മനസ്സിലാക്കിയ ഞാന്‍ അവരോടു ക്ഷമ ചോദിച്ചു.
“മാഫ് ദീജിയേ..മാജീ...മേം അപ് കോ തംഗ് കിയാ..?” (ക്ഷമിക്കൂ മാജീ...ഞാന്‍ നിങ്ങളെ വിഷമിപ്പിച്ചോ) എന്നിട്ട് പോകുവാന്‍ ഒരുങ്ങി.
“രുക്കോ..ബേട്ടീ ..അപ് നേ ഹം കോ ക്യാ തംഗ് കിയാ..?”(നില്‍ക്കൂ മോളെ...നീ എന്നെ എന്ത് വിഷമിപ്പിച്ചു)
എന്നെ പിടിച്ചിരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു തുടങ്ങി. റാവല്‍ പിണ്ടിയിലെ ഗുജറാത്തിലെ ജന്മിയുടെ മകളായി ജീവിച്ച ബാല്യകാലം. വെള്ളക്കുതിരകള്‍ പൂട്ടിയ വണ്ടിയില്‍ ഭൃത്യന്‍മാരുടെ അകമ്പടിയോട് കൂടെ വെള്ളക്കാരായ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ പോയത്. പതിനാറു വയസ്സ് കഴിഞ്ഞപ്പോള്‍ പെഷവാറിലെ സമ്പന്ന കുടുംബാഗമായ ദീന്‍ദയാല്‍ മല്‍ഹോത്രയെ വിവാഹം കഴിച്ചത്,
“അജയിന്‍റെ ചേച്ചിയെ പ്രസവിച്ചു മൂന്നു മാസം കഴിയുന്നതിനു മുന്‍പായിരുന്നു ഞങ്ങള്‍ക്ക് അവിടം വിട്ടു പോരേണ്ടി വന്നത്. അവര്‍ പറഞ്ഞു നിര്‍ത്തി.”
“അപ്പോള്‍ അജയ് നിങ്ങള്‍ പക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ വന്നതിനു ശേഷം ഉണ്ടായ മകനായിരിക്കും അല്ലെ..?
പൊടുന്നനെ അവരുടെ ശബ്ദത്തില്‍ രോഷം കലര്‍ന്നു .
“ഏതു ഇന്ത്യയും പാക്കിസ്ഥാനും...? അന്ന് ഒരു ഭാരതം മാത്രമേ ഇവടെ ഉണ്ടായിരുന്നുള്ളൂ. ഭാരതീയര്‍ മാത്രമേ ഇവിടെ ജീവിച്ചിരുന്നുള്ളൂ. റാവല്‍പിണ്ടിയും ലാഹോറും അലഹബാദും ദില്ലിയും എല്ലാം ചേര്‍ന്ന ഭാരതം.”
പെട്ടെന്നവര്‍ പ്രകോപിതയായതില്‍ ഒന്നും മിണ്ടാനാവാതെ ഞാന്‍ അവരെ തന്നെ നോക്കി നിന്നു. പ്രായാധിക്യം ഉണ്ടെങ്കിലും ഒരു കാലത്ത് സുന്ദരിയായിരുന്നു എന്ന് തെളിയിക്കുന്ന ആ വെളുത്ത സുന്ദര മുഖം നിമിഷം കൊണ്ടു ചുവന്നു. കണ്ണുകളില്‍ ജലരേഖകള്‍ തെളിഞ്ഞു. സാരിയുടെ തുമ്പ് കൊണ്ടു അത് തുടച്ചു കളഞ്ഞിട്ടു അവര്‍ മെല്ലെ ചിരിച്ചു.
“മാഫ് ദീജിയേ ബേട്ടീ...(ക്ഷമിക്കൂ മോളേ..)നിങ്ങള്‍ ഭാരതത്തിന്‍റെ ഒരററത്തു ജീവിച്ചവര്‍ക്ക് ഞങ്ങളുടെ ദു:ഖം എത്ര പറഞ്ഞാലും മനസ്സിലാകില്ല.”
“അതൊക്കെ ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് ഇന്ത്യാ വിഭജനത്തെ പറ്റി.”
ഞാന്‍ എന്‍റെ സാമൂഹിക പാഠവിജ്ഞാനം അവരെ അറിയിക്കുവാന്‍ ശ്രമിച്ചു.
“പുസ്തകക്കണക്കുകളിലും കഥകളിലും സിനിമകളിലും നിന്നല്ലേ നിങ്ങള്‍ അറിഞ്ഞിട്ടുള്ളൂ. അതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നെന്നോ ഞങ്ങള്‍ അനുഭവിച്ചത്. പെട്ടെന്നൊരു ദിവസം ഉള്ളതെല്ലാം ഉപേക്ഷിച്ച് എവിടേക്കെന്നു പോലും അറിയാതെ. കൈക്കുഞ്ഞിനേയും എടുത്താണ് ഞാന്‍ ആ യാത്ര തുടങ്ങിയത്. നാട്ടില്‍ ലഹള തുടങ്ങിയപ്പോള്‍ എന്നെയും മകള്‍ ഊര്‍മിളയെയും മാതാപിതാക്കള്‍ക്കൊപ്പം അതിര്‍ത്തി കടത്തി രക്ഷിക്കുവാന്‍ എന്‍റെ മൂത്ത സഹോദരന്‍ ബുഭേന്ദറെ എല്പ്പിച്ച ശേഷം തന്‍റെ വൃദ്ധരായ മാതാപിതാക്കളെ അന്വേഷിച്ചു പെഷവാറിലേക്ക് പോയ അജയിന്‍റെ പാപ്പയെ ഞാന്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കണ്ടത്. രണ്ടാമത് കണ്ടു മുട്ടുന്നത് വരെ അദ്ദേഹം മരിച്ചു പോയി എന്ന് തന്നെയാണ് എല്ലാവരും വിശ്വസിച്ചിരുന്നത്.
ഒരേ സഹോദരങ്ങളായി കഴിഞ്ഞിരുന്നവര്‍ എങ്ങനെയാണ് ആ ദിവസങ്ങളില്‍ ശത്രുക്കളെപ്പോലെ പെരുമാറിയതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. എങ്ങോട്ടെന്നറിയാത്ത ആ യാത്രയില്‍ വഴിയില്‍ കുന്ത മുനകളില്‍ കുത്തി നിറുത്തിയിരുന്ന കുഞ്ഞുങ്ങളുടെ ജഡം വരെ കാണേണ്ടി വന്നു. ആ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്ക് ഹിന്ദുക്കുഞ്ഞുങ്ങളോ മുസ്ലീം കുഞ്ഞുങ്ങളോ ആയിരുന്നില്ല. മനുഷ്യ കുഞ്ഞുങ്ങളായിരുന്നു. കിണറുകള്‍ ശവശരീരങ്ങള്‍ കൊണ്ടു നിറഞ്ഞു. കൈയ്യില്‍ കൊള്ളുന്നത് പെറുക്കി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീടിന്‍റെ പിന്നിലെ വയലില്‍ കണ്ണെത്താ ദൂരം വിളഞ്ഞു കിടക്കുന്ന ഗോതമ്പിന്‍റെയും ചോളത്തിന്‍റെയും കതിരുകള്‍ നോക്കി അമ്മ പൊട്ടി കരഞ്ഞു. എരുമത്തൊഴുത്തില്‍ നിന്നിരുന്ന എരുമക്കൂട്ടങ്ങള്‍ക്ക് ഇറങ്ങുന്നതിനു മുന്‍പ് വെള്ളം കൊടുക്കുവാന്‍ വേലക്കാരെ എല്‍പ്പിക്കുവാനും അമ്മ മറന്നില്ല. ഇറങ്ങുന്നതിനു മുന്‍പ് എന്‍റെ പാപ്പ എന്‍റെ കയ്യില്‍ ഒരു കുപ്പി വിഷം ഒരു ചരടിലാക്കി എന്‍റെ കഴുത്തില്‍ കെട്ടിയിട്ടു തന്നു. വഴിയില്‍ മാനം നഷ്ടപ്പെടുന്നതിനു മുന്‍പ് ഉപയോഗിക്കുന്നതിന് വേണ്ടി. സഞ്ചിയില്‍ മൂര്‍ച്ചയുള്ള ഒരു കഠാരയും ”
ഞാന്‍ തരിച്ചു നിന്ന് അവരുടെ വിവരണം കേള്‍ക്കുകയാണ്. ഇപ്പോള്‍ ഒരു തുള്ളി കണ്ണീരോ വാക്കുകളില്‍ വികാര വിക്ഷോഭമോ ഇല്ല അവര്‍ക്ക്. ശബ്ദത്തില്‍ തെല്ലും ഇടര്‍ച്ചയില്ലാതെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു.
“പോകുന്ന വഴിയിലും ആളുകള്‍ പരസ്പരം കൊന്നു. എന്റേത് നശിപ്പിച്ച നീയും നശിക്കണം എന്ന ഒരു ചിന്ത മാത്രമേ എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നുള്ളൂ.. ചലനമറ്റു കിടക്കുന്ന ശരീരങ്ങളില്‍ തട്ടാതെ കുതിരയെ നീയന്ത്രിക്കാന്‍ ഞങ്ങളുടെ കുതിരക്കാരന്‍ വിഷമിക്കുന്നുണ്ടായിരുന്നു. കൈക്കുഞ്ഞായിരുന്ന ഊര്‍മിള ഒന്നുമറിയാതെ എന്റെ മാറില്‍ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങുകയായിരുന്നു അപ്പോഴും. കഴുത്തില്‍ കിടക്കുന്ന വിഷക്കുപ്പിയും സഞ്ചിയിലെ കഠാരയും ഓരോ നിമിഷവും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
പോകുന്ന വഴി ലഹോറിലുള്ള ചാച്ചയുടെ(ഇളയച്ഛന്‍) വീട്ടില്‍ കയറി അവരെ കൂടി കൂട്ടാം എന്നു ഭയ്യ പറഞ്ഞതനുസരിച്ചു അവിടെ ചെന്ന ഞങ്ങള്‍ കണ്ട കാഴ്ച.... വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും അതെന്നെ വിടാതെ പിന്‍ തുടരുകയാണ്.
ഇളയ മകള്‍ സൌമിത്രിയെ കിണറ്റിന്‍ കരയില്‍ നിര്‍ത്തിയിരിക്കുകയാണ് ചാച്ച. ലഹളയില്‍ മുറിവേറ്റു അവശനായ ചാച്ചയും അരികില്‍ ഉണ്ട്. മാനം നഷ്ടപ്പെടുന്നതില്‍ ഭേദം മരണം എന്ന തീരുമാനത്തില്‍ കിണറ്റില്‍ ചാടാന്‍ ഒരുങ്ങുകയായിരുന്നു അവര്‍. ചാച്ചിയെയും വിവാഹ നിശ്ചയം കഴിഞ്ഞ മൂത്ത മകള്‍ സാവിത്രിയെയും ലഹളക്കാര്‍ പിടിച്ചു കൊണ്ടു പോയിരുന്നു. പതിമൂന്നുകാരിയായ സൌമിത്രിയെ തൊഴുത്തിനരികിലെ വൈക്കോല്‍ കൂനയില്‍ ഒളിപ്പിച്ചു വെച്ചാണ് ചാച്ച രക്ഷിച്ചത്"
“അരുതെ....ചാച്ചാജീ....അവളെ ഞാന്‍ കൊണ്ടു പോകാം." എന്ന ബുഭേന്ദര്‍ ഭയ്യയുടെ യാചന ചെവികൊള്ളാതെ ഒരു കല്ല് പോലെ കണ്ണടച്ചു നിന്നു ചാച്ച കിണറ്റില്‍ കരയില്‍ നിന്നു. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന സൌമിത്രി ഞങ്ങളെ നോക്കി എങ്കിലും ഒരു പരിചയ ഭാവം പോലും കാണിച്ചില്ല. ഒരൊറ്റ ദിവസം കൊണ്ടു അവള്‍ ആകെ മാറിപ്പോയി. “അവളെ കൊല്ലല്ലേ ചാച്ചാ... “എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞിട്ടും ചാച്ചക്കും സൌമിത്രിക്കും തീരുമാനത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. രണ്ടു പെണ്‍കുട്ടികളെയും പ്രായമായ അച്ഛനമ്മമാര്‍ക്കൊപ്പം അതിര്‍ത്തി കടത്തുവാന്‍ ഭയ്യക്കാവില്ല എന്ന് മുഖം തരാതെ പറഞ്ഞു കൊണ്ടു അവളെ കിണറ്റിലേക്ക് തള്ളിയിട്ടു. “പാപ്പാ...” എന്നു അലറിക്കരഞ്ഞുകൊണ്ടുള്ള സൌമിത്രിയുടെ വിളി അവള്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദത്തേക്കാളും ഉയര്‍ന്ന് കിണറിനുള്ളില്‍ നിന്നും പ്രതിധ്വനിച്ചു. പിന്നാലെ അവളുടെ അവസാന ശ്വാസം ഉണ്ടാക്കിയ ഓളങ്ങള്‍...അത് നിലക്കുന്നത് വരെ ഞങ്ങള്‍ കണ്ണടച്ചിരുന്നു. പെട്ടന്ന് വീണ്ടും ഒരു വലിയ ശബ്ദം കേട്ട് കണ്ണ് തുറന്ന ഞങ്ങള്‍ കിണറ്റില്‍ കരയില്‍ നിന്ന ചാച്ചയെ കണ്ടില്ല. കിണറ്റില്‍ നിന്നും വീണ്ടും വായൂ കുമിളകള്‍ വെള്ളത്തില്‍ തിരയിളക്കങ്ങള്‍ സൃഷിക്കുന്ന ശബ്ദം കേള്‍ക്കുവാനാവാതെ ഞങ്ങള്‍ കാതു പൊത്തി. ഒടുവില്‍ തിരിച്ചു കുതിര വണ്ടിയില്‍ കയറി ഇരിക്കുമോഴും ആ കിണറ്റില്‍ കരയിലേക്ക് നോക്കുവാന്‍ പോലും എനിക്ക് ധൈര്യം ഉണ്ടായില്ല. സൌമിത്രിയുടെ “പാപ്പാ... “എന്ന കരച്ചില്‍ അപ്പോഴും ചെവിയില്‍ വന്നലച്ചു കൊണ്ടിരുന്നു.
ഞങ്ങളുടെ തന്നെ കുതിരക്കാരന്‍ അബ്ദുള്ളയാണ് അമൃതസറില്‍ എത്തിച്ചത്. വഴിയില്‍ ഞങ്ങളെ തടഞ്ഞു ഉപദ്രവിക്കാന്‍ വരുന്നവരില്‍ നിന്നെല്ലാം അബ്ദുള്ള തന്ന വേഷ വിധാനങ്ങള്‍ ഞങ്ങളെ രക്ഷിച്ചു. കുതിരകളുമായി തിരികെ പോരാന്‍ നേരം അബ്ദുള്ള എന്‍റെ ഭയ്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടു ചോദിച്ചു.
“ഏതു ദൈവം ക്ഷമിക്കും ഇത്..? നമ്മുടെ രാജ്യത്തിന്‍റെ നെഞ്ചിലാണ് കോടാലി വെച്ച് പകുത്തത്. നമ്മളാരും ഈ കാലത്ത് ഭൂമിയില്‍ പിറക്കേണ്ടിയിരുന്നില്ല. ഇതിനു വളരെ മുന്‍പോ ശേഷമോ പിറന്നാല്‍ മതിയായിരുന്നു. എന്ത് പാപം ചെയ്തിട്ടാണ് നാം ഈ സമയത്ത് തന്നെ പിറന്നത്....?”
അബ്ദുള്ള കുതിര വണ്ടിയുമായി കണ്മുനില്‍ നിന്നു മറഞ്ഞ ശേഷം അമൃതസറിലെ അഭയാര്‍ഥി ക്യാമ്പ് കണ്ടു പിടിച്ച ഞങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു കഷണം റോട്ടിക്കും ഒരു കരണ്ടി ദാളിനും വേണ്ടി അവിടെ എല്ലാവരും തെരുവ് നായ്ക്കളെപ്പോലെ കടിപിടി കൂടി. ആദ്യമൊക്കെ ഉയര്‍ന്ന കുടുംബത്തില്‍ നിന്നും വന്നവര്‍ എന്ന നാട്യത്തില്‍ ഞങ്ങള്‍ ഭക്ഷണത്തിനു തല്ലു കൂടാറില്ലായിരുന്നു. പക്ഷെ പട്ടിണി അതിന്‍റെ എല്ലാ രൌദ്രഭാവത്തിലും ഞങ്ങളെ വേട്ടയാടിയപ്പോള്‍ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. അച്ഛനും അമ്മയും അപ്പോഴും റാവല്‍പിണ്ടിയിലെ സമൃദ്ധി ഓര്‍ത്ത് കരഞ്ഞു കൊണ്ടിരുന്നു. പട്ടിണിയും പകര്‍ച്ചവ്യാധിയും വളരെ സാധാരണമായിരുന്ന ആ അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് തന്നെ അവര്‍ രണ്ടു പേരും മരിച്ചു.
പിന്നെയും അഞ്ചെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു ദില്ലിയില്‍ ജോലി തേടിപ്പോയ ഭയ്യ യാദൃശ്ചികമായി അജയിന്‍റെ അച്ഛനെ കണ്ടു മുട്ടുന്നത് വരെ ഞാന്‍ ഭയ്യയുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഞങ്ങള്‍ മരിച്ചു പോയി എന്നാണു അദ്ദേഹവും വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിനു അവിടെ ഒരു ഒരു സര്‍ക്കാര്‍ ഉദ്യോഗവും തരപ്പെട്ടിരുന്നു. ലഹളക്കാലത്ത് പെഷവാറിലേക്ക് മാതാപിതാക്കളെ തേടിപ്പോയ അദ്ദേഹത്തിന് അവരെയും കണ്ടു പിടിക്കാനായിരുന്നില്ല. അന്ന് മരിച്ച ആറു ലക്ഷം മനുഷ്യരുടെ കൂടെ അവരും പോയിക്കാണും.
“ആറു ലക്ഷമോ..?”
“അതെ ആറു ലക്ഷം. ഒരു മഹാ യുദ്ധത്തില്‍ മരിച്ചതിലധികം ആളുകളാണ് അന്ന് രണ്ടിടത്തുമായി മരിച്ചു വീണത്. സഹോദരങ്ങള്‍ പരസ്പരം വെട്ടി വീഴ്ത്തിയത്. പിന്നീട് ഓരോ ആഗസ്റ്റ് മാസത്തിലും രാജ്യം അതിന്റെ സ്വാതന്ത്യം കൊണ്ടാടുമ്പോള്‍ ഞങ്ങള്‍ റാവല്‍ പിണ്ടിയിലെ നഷ്ടപ്പെട്ട സമൃദ്ധി ഓര്‍ത്ത് ദുഖിച്ചു. കിണറ്റിനുള്ളില്‍ നിന്നും കേട്ട സൌമിത്രിയുടെ കരച്ചിലിന്‍റെ പ്രതിധ്വനി വര്‍ഷങ്ങളോളം എന്‍റെ ഉറക്കം കെടുത്തി. ഇപ്പോള്‍ എനിക്ക് ഒരാഗ്രഹമേ ഉള്ളു. ഒരിക്കലും നടക്കില്ലെന്നറിയാം. എങ്കിലും മരിക്കുന്നതിനു മുന്‍പ് ഞാന്‍ ജീവിച്ച വീട്ടില്‍ ഒന്ന് പോകണം”
“അതൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ..?”
“ഉണ്ട്. അത് പോലെ തന്നെ”. അവര്‍ ഉത്സാഹത്തോടെ പറഞ്ഞു.
“പാക്കിസ്ഥാനില്‍ ഞങ്ങളുടെ വീടിരുന്ന സ്ഥലത്തു ഇപോള്‍ ഒരു യൂണിവേര്‍സിറ്റിയാണ് ഉള്ളത്. ഗുജറാത്ത് യുണിവേര്‍സിറ്റി. വീടിരുന്ന കെട്ടിടം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്നാണ് കേട്ടത്. വലിയൊരു വീടായിരുന്നല്ലോ അത്. അത് അവര്‍ ഓഫീസ് കെട്ടിടമാക്കി.”
“എങ്ങനെ അറിഞ്ഞു മാജീ ഇതെല്ലം...?”
“അജയിന്‍റെ അച്ഛന്‍ മരിക്കുന്നത് വരെ അവിടെയുള്ള സുഹൃത്തുക്കളുമായി കത്തിടപാടുണ്ടായിരുന്നു. ശത്രു രാജ്യത്തായിപ്പോയി എന്ന് വെച്ച് അവര്‍ എങ്ങനെ ഞങ്ങള്‍ക്ക് ശത്രുക്കളാകും...? അവരുമായി ഇണങ്ങിക്കഴിഞ്ഞ നാളുകളും ആ ഓര്‍മകളും ഇല്ലാതാമോ..? ഒരുമിച്ചു ദീപാവലിയും ഈദും ആഘോഷിച്ച ആ നല്ല നാളുകള്‍. അവരുമായുള്ള സൗഹൃദം മരിക്കുന്നത് വരെ അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. അതിനു ശേഷം ഒരു വിവരവും അറിയാറില്ല. അവരൊക്കെ സുഖമായി ഇരിക്കുന്നുണ്ടോ ആവോ.. ?“
സ്നേഹം നിറഞ്ഞ പഴയ സുഹൃത്തുക്കളെപ്പറ്റി അറിയാനുള്ള ഉത്ക്കണ്ഠ അവരുടെ വാക്കുകളില്‍ തെളിഞ്ഞു നിന്നു.
“എന്തിനായിരുന്നു ഒരു രാജ്യത്തിന്‍റെ മനസ്സില്‍ ഇങ്ങനെ കോടാലി വെച്ച് പകുത്തത്..? പെഷവാറും ദില്ലിയും ലാഹോറും മുംബൈയും ഉള്ള ഭാരതം അതായിരുന്നില്ലേ നമ്മുടെ രാജ്യം. തമ്മിലടിപ്പിച്ചു വിഭജിച്ചിട്ടു ആര് എന്ത് നേടി..? ഇവിടെയും അവിടെയും ഇന്നും ലഹളകള്‍ തുടരുകയല്ലേ..? ഓരോ ആഗസ്റ്റ് മാസവും എനിക്ക് സൌമിത്രിയുടെ കരച്ചിലിന്‍റെ മാറ്റൊലിയാണ് അമൃതസറിലെ റൊട്ടിക്കഷണത്തിന് വേണ്ടിയുള്ള കടി പിടിയാണ്. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ രക്ഷപ്പെട്ടു എന്‍റെ അച്ഛന്‍ തന്ന വിഷക്കുപ്പിയും കഠാരിയും എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല. ആ ക്യാമ്പിലെ മിക്ക സ്ത്രീകളും മാനം നഷ്ടപ്പെട്ടു ജീവന്‍ മാത്രം തിരിച്ചു കിട്ടിയ ജീവച്ഛവങ്ങളായിരുന്നു. “
തെല്ലൊരു നിശബ്ദതക്ക് ശേഷം അവര്‍ തുടര്‍ന്നു.
“ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ എന്തെന്ന് മനസ്സിലാകിയതോടെ പിന്നെ എനിക്ക് അര്‍ഭാടമേ വെറുപ്പായി. പട്ടു വസ്ത്രങ്ങള്‍ അണിഞ്ഞു പട്ടു മെത്തയില്‍ കിടന്നു ശീലിച്ച ഞാന്‍ പിന്നെ ഈ പരുത്തി വസ്ത്രങ്ങളെ ധരിചിട്ടുള്ളു. അജയിന്‍റെ പാപ്പയെ വീണ്ടും കണ്ടു മുട്ടി ദാരിദ്ര്യത്തിന്‍റെ നാളുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പട്ടു വസ്ത്രങ്ങളും ആര്‍ഭാടവും ഞാന്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും.”
അനുഭവത്തില്‍ നിന്നും ജീവിതത്തിന്‍റെ യഥാര്‍ത്ഥ പാഠങ്ങള്‍ അറിഞ്ഞ ആ സ്ത്രീയെ ഞാന്‍ വിസ്മയത്തോടെ നോക്കി. എന്താണ് ജിവിതം...? അക്ഷരങ്ങളിലൂടെ വായിച്ചു പഠിക്കുന്നതോ കെട്ടുകഥകള്‍ കേട്ട് വിസ്മയിക്കുന്നതോ അതോ ഇത് പോലെ തീച്ചൂളയില്‍ സ്ഫുടം ചെയ്തവരില്‍ നിന്ന് അറിയുന്നതോ..?
എന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു കൊണ്ടു അവര്‍ തുടര്‍ന്നു.
“എന്‍റെ ഈ പേരക്കുട്ടി സൌമിത്രി അവള്‍ പഴയ സൌമിത്രി പുനര്‍ജ്ജനിച്ചതു തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവളുടെ അതേ മുഖവും ശബ്ദവും ആണ് ഇവള്‍ക്ക്. എന്നെ ദീദി എന്ന് വിളിച്ചിരുന്ന പഴയ സൌമിത്രി ദാദി എന്ന് വിളിച്ചു കൊണ്ടു പുര്‍ജ്ജീവിക്കുന്നു. എന്‍റെ മരണത്തോടെ വിഭജനത്തിന്‍റെ ഓര്‍മകള്‍ എന്‍റെ കുടുംബത്തിലും അവസാനിക്കും. അത് അങ്ങനെ അവസാനിക്കട്ടെ. വിഭജിച്ചു പോയെങ്കിലും ഇപ്പോള്‍ നാം എവിടെയാണോ അതാണ് നമ്മുടെ രാജ്യം, നമ്മുടെ നാട്. പണ്ടു എന്‍റെ പാപ്പ തന്ന ആ കഠാരി ഇപ്പോഴും എന്‍റെ പെട്ടിയുടെ അടിയില്‍ ഉണ്ട്. ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ ചിതയില്‍ ഇട്ടു കളയണം എന്ന് ഞാന്‍ അജയിനോടു പറഞ്ഞിട്ടുണ്ട്. ലോഹം കൊണ്ടുണ്ടാക്കിയ ആ കഠാരിക്ക് എന്‍റെ ഭസ്മത്തിനോടു അലിഞ്ഞു ചേരാനാവില്ല. എന്നാലും എന്‍റെ മരണ ശേഷം എന്‍റെ വീട്ടില്‍ അതിനു സ്ഥാനമില്ല. ഒരു രാജ്യം പകുത്തു കീറിയപ്പോള്‍ സാക്ഷിയായി നിന്ന ആ കഠാരിയും ആ ഓര്‍മകളും എന്‍റെ മരണത്തോടെ തീര്‍ന്നു പോകട്ടെ.” അവര്‍ ദൃഡതയോടെ പറഞ്ഞു.
ഞാന്‍ പെട്ടെന്ന് എന്‍റെ പഴയ സ്കൂള്‍ കാലത്തേക്ക് പോയി ഓരോ ഓഗസ്റ്റ് പതിനഞ്ചിനും സ്കൂള്‍ അസംബ്ലിയില്‍ വരി വരിയായി നിന്നു ജനഗണ പാടിയ നാളുകള്‍. പതിനഞ്ചാം തീയതിക്കും ദിവസങ്ങള്‍ക്ക് മുന്‍പേ ദേശ ഭക്തി ഗാനങ്ങളും പ്രസംഗവും കാണാതെ പഠിക്കുന്നതിന്‍റെ തിരക്കുകള്‍. ഏറ്റവും ഭംഗിയായി സ്കൂള്‍ യൂണിഫോം ഒരുക്കുന്ന കുട്ടികള്‍. ഇരുപത്തി അഞ്ചു അന്‍പതും ഇപ്പോള്‍ അറുപത്തിയഞ്ചും വര്‍ഷത്തെ സ്വാതന്ത്യം ആഘോഷിച്ച നമ്മളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു. ഹൃദയങ്ങള്‍ തമ്മില്‍ വേര്‍പെടുന്നതിനേക്കാള്‍ ദുഖത്തോടെ രാജ്യത്തെ മുറിച്ചു മാറ്റിയതില്‍ സങ്കടപ്പെട്ട ഒരു ജനതയെ പറ്റി. കാലം ചെല്ലുന്നതോടെ ഇവരുടെ എണ്ണം കുറഞ്ഞു വരും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവര്‍ തീരെ ഇല്ലാതായി ആ തലമുറയേ ഭൂമുഖത്ത് നിന്നും നീക്കം ചെയ്യപ്പെടും. റാവല്‍പിണ്ടിയെയും ലാഹോറിനെയും പെഷവാറിനെയും ഗൃഹാതുരത്വത്തോടെ മാത്രം ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന അവസാനിച്ചു കൊണ്ടിരിക്കുന്ന ഈ തലമുറ ഓര്‍മ്മ മാത്രം ആകും. അത് കാലത്തിന്‍റെ മാറ്റാനാത്ത അനിവാര്യത.
പാര്‍ക്കിലെ പൂച്ചെടികള്‍ക്കിടെ നാട്ടിയിരുന്ന അലങ്കാര ബള്‍ബുകള്‍ തെളിഞ്ഞു. സംസാരിച്ചിരുന്നു സമയം സന്ധ്യയായത് ഞങ്ങള്‍ അറിഞ്ഞേ ഇല്ല. സൌമിത്രി കളി നിര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു.
“ചലിയേ ദാദീജി..അന്ധേരെ ഹോ രഹാഹെ.. “(വരൂ അമ്മൂമ്മേ..സന്ധ്യയാകുന്നു)
എന്ന് പറഞ്ഞു കൊണ്ടു അമ്മൂമ്മയുടെ കൈപിടിച്ചു നടക്കുന്ന സൌമിത്രിയെ ഞാന്‍ ആദ്യം കാണുന്നത് പോലെ നോക്കി. ഈ സുന്ദരമായ മുഖം ഈ പ്രസരിപ്പ്. അതെ ഇത് തന്നെയായിരിക്കും അവളുടെ ദാദിജിയുടെ ആ പഴയ സൌമിത്രി. മരിക്കുന്നതിനു മുന്‍പ് അതെങ്കിലും അവര്‍ക്ക് തിരികെ കിട്ടിയല്ലോ.