കയ്യിലിരുന്ന കാലന്‍ കുട ചുരുക്കി ഇറയത്തു വെച്ച് വരാന്തയിലെ ചാരു കസേരയില്‍ ക്ഷീണത്തോടെ ചാഞ്ഞിരുന്നുകൊണ്ട് മാത്തച്ചന്‍ ചേട്ടന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
“മറിയക്കുട്ടീ…… കുടിക്കാനിത്തിരി കഞ്ഞിവെള്ളം..”
പുറത്തെ വെയിലിന്റെ പൊള്ളല്‍ ഏല്പ്പിച്ച ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനെന്നവണ്ണം കസേരയില്‍ കണ്ണടച്ചു ആലോചനയില്‍ മുഴുകി കിടന്ന അയാളെ വെള്ളവുമായി വന്ന മറിയക്കുട്ടിയാണ് ഉണര്ത്തിയത്
“തേങ്ങ എത്രയുണ്ടായിരുന്നു പറമ്പില്..? സൊസേറ്റിക്കാര്‍ എന്നത്തേന് കാശു തരും..?
“ങേ..?കാശോ...?” തെല്ലൊന്നു പതറിയ ശേഷം അയാള്‍ പെട്ടെന്ന് പറഞ്ഞു.
“ഓ...അതവരു ബാങ്കിലേക്ക് ഇടാറല്ലേ പതിവ്..? രണ്ടാഴ്ചയെടുക്കുമായിരിക്കും.”
“ഇതിയാന്റെ ഒരു കാര്യം.... ഇപ്രാവശ്യം നേരത്തെയാണെന്നെ. കഴിഞ്ഞ തവണ തേങ്ങാ മുഴുവന്‍ വീണു കഴിയാറായപ്പോഴാ പോയി ഇടീപ്പിച്ചത്.”
മാത്തച്ചന്‍ മറിയക്കുട്ടിയുടെ തോളില്‍ കിടന്ന കുറിയ മുണ്ടെടുത്തു വെപ്രാളത്തോടെ മുഖം തുടക്കുന്ന പോലെ കാണിച്ച ശേഷം അകത്തേക്ക് കയറിപ്പോയി. എന്നിട്ട് മുറിയില്‍ ചെന്ന് നിന്ന് അവരെ ഒന്ന് പാളി നോക്കി.
ഹോ... ഇപ്രാവശ്യം നുണ പൊളിയുമെന്നു പേടിച്ചു പോയിരുന്നു. തേങ്ങയിടീര്, തെങ്ങിന് വളം ഇടീര്, റബര്‍ തോട്ടത്തില്‍ കള പറിപ്പീര് ഇങ്ങനെ ഓരോ പേരും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി പെരുന്നാള്‍ പറമ്പുകളില്‍ അലയുവാണെന്നു അവള്ക്കറിയില്ലല്ലോ. അറിയേണ്ട. വര്ഷങ്ങള്ക്കു മുന്പ് താന്‍ അവള്ക്കു നഷ്ടപ്പെടുത്തിയ നിധി കയ്യില്‍ തിരിച്ചേല്പ്പിക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. കഴിഞ്ഞ ദിവസം അതിരമ്പുഴ പള്ളീല്‍ പെരുന്നാള് കഴിഞ്ഞു പോരുമ്പോള്‍ കിട്ടിയ നേര്ച്ചയില്‍ കുറച്ചു മറിയക്കുട്ടിക്കു കൊടുക്കുവാന്‍ തൂവാലയില്‍ പൊതിഞ്ഞെടുത്തതാണ്. പിന്നെ ബസ്സിലിരുന്നു അത് തിന്നു തീര്ത്തു. പതിവില്ലാതെ അതിരമ്പുഴ പെരുന്നാള് കൂടാന്‍ പോയതെന്തിനാനെന്നു ചോദിക്കുമ്പോള്‍ എന്ത് ഉത്തരം പറയും...? എന്നെങ്കിലും ഈ തേടലിന് ഒരവസാനം ഉണ്ടാകാതിരിക്കുമോ..?. അന്ന്‍ അവളോടു പറയണം രണ്ടു കൊല്ലമായി നടത്തിയ ഈ അലച്ചിലിനെക്കുറിച്ച്. സേവിച്ചന്‍ “അമ്മച്ചീ”ന്നു വിളിച്ചു കൊണ്ടു അടുക്കളയിലേക്ക് കയറിചെല്ലുമ്പോള്‍ മറിയക്കുട്ടിയുടെ മുഖത്തെ അന്ധാളിപ്പ് അയാള്‍ പലതവണ മനസ്സില്‍ കാണും. അത് ചിരിയായിരിക്കുമോ..? അതോ മുപ്പതു കൊല്ലം അടക്കിപ്പിടിച്ച കണ്ണുനീരായിരിക്കുമോ..? അവള്‍ക്ക് അവനെ തിരിച്ചറിയാനാകുമോ..? മുപ്പതിലധികം വര്ഷങ്ങള്‍ അവനില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും വരുത്തിയിട്ടുണ്ടാകുക...? ജരാനര കയറിയ ചാച്ചനെയും അമ്മച്ചിയെയും അവനും അത്ഭുതത്തോടെയായിരിക്കും നോക്കുക. ഉറപ്പ്.
“ചോറുണ്ടായിരുന്നോ..?” മറിയക്കുട്ടി വിളിച്ചു ചോദിച്ചു.
“വഴീന്നു കഴിച്ചു..”
കട്ടിലിലേക്ക് ക്ഷീണത്തോടെ ചാഞ്ഞുകൊണ്ടയായാള്‍ പറഞ്ഞു. ക്ഷീണം ശരീരത്തിനു മാത്രമേ ഉള്ളു. വയസ്സ് എഴുപതു കഴിഞ്ഞെങ്കിലും മനസ്സ് ഇപ്പോഴും ചെറുപ്പം. ഇതു പോലെ എത്ര പെരുന്നാള്‍ പറമ്പിലും അലയാന്‍ തയ്യാര്‍.
സത്യം പറഞ്ഞാല്‍ മൂന്ന് കൊല്ലം മുന്പ് ഒരു ഉച്ച കഴിഞ്ഞ നേരം വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ വന്ന തമിഴത്തിയാണ് ഇതിന്റെ തുടക്കക്കാരി. മുറ്റത്തിരുന്നു മറിയക്കുട്ടി കൊടുത്ത കഞ്ഞി കുടിച്ചു പോകാതെ അവള്‍ ഓരോന്ന് പറഞ്ഞിരുന്നതേ അയാള്ക്ക് പിടിച്ചില്ല. അവളുടെ തമിഴ് വര്ത്തമാനം കേട്ട് നില്ക്കാന്‍ മറിയക്കുട്ടിയും. കള്ള വര്ഗങ്ങളായിരിക്കും. പകല്‍ ഓരോന്ന് കണ്ടു വെച്ച് രാത്രി കളവിന് വരുന്ന കൂട്ടങ്ങള്‍. “പറഞ്ഞു വിടാന്‍ നോക്ക്” എന്ന് മറിയക്കുട്ടിയെ സ്വകാര്യത്തില്‍ ശാസിക്കകൂടി ചെയ്തു. ഒടുവില്‍ തമിഴത്തി ലക്ഷണം പറയാന്‍ തുടങ്ങി. അതോടെ അയാള്ക്ക് ക്ഷമ നശിച്ചു
”പോയ്ക്കൊളണം ഇവിടന്ന്‍...തോമാശ്ലീഹാ വിശുദ്ധ ഗ്രന്ഥം വെച്ച സത്യ ക്രിസ്ത്യാനിയുടെ തറവാട്ടില്‍ വന്നിരുന്നു മുഖ ലക്ഷണം പറയുന്നോ..? അത് കേള്ക്കാന്‍ ഇവിടൊരുത്തിയും.... “
ഉറക്കെയുള്ള തന്റെ ശകാരം കേട്ടിട്ട് മറിയക്കുട്ടി നീരസത്തോടെ വീടിനുള്ളിലേക്ക് വലിഞ്ഞു. തമിഴത്തിയെ പുറത്താക്കി ഗേറ്റടക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ പറഞ്ഞ വാചകം അയാളെ നടുക്കിക്കളഞ്ഞു.
“നാന്‍ പോയ് സൊല്ലമാട്ടെ. വീടു വിട്ടു പോയ ഉങ്ക പയ്യന്‍..... അവാ വന്തിടുവാങ്ക..കട്ടായമാ..”
കൊല്ലങ്ങളായി മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞുകിടന്ന എന്തോ ഒന്ന് ഒരു നിമിഷം കൊണ്ട് ലാവയായി ഉരുകി അതിന്റെ ഉപരിതലത്തേക്ക് ഇരച്ചെത്തി. ആ ഇരപ്പിന്റെറ ശക്തിയില്‍ അയാള്‍ ചെറുതായി കിതച്ചു. ശ്വാസം തടയുന്ന പോലെ..ശരീരത്തിന് ഭാരം നഷ്ടപ്പെടുന്നുവോ...? നടന്നു നീങ്ങുന്ന തമിഴത്തി കണ്ണില്‍ നിന്നും മാഞ്ഞു. അപ്പന്റെ തനി പകര്പ്പെന്നു നാട്ടുകാര്‍ വാല്‍സല്യത്തോടെ പറഞ്ഞിരുന്ന ആ പൊടി മീശക്കാരന്‍. “ചാച്ചാ..”എന്ന ആ വിളി...”
ക്ഷണനേരം കൊണ്ടു എങ്ങുനിന്നോ ഒരു ഉര്ജം ശരീരത്തിലേക്ക് വന്നു നിറഞ്ഞു. അത് അയാളുടെ കാലുകളിലേക്ക് ഒഴുകി ഇറങ്ങി, അവയെ ചലിപ്പിച്ചു തുടങ്ങി. പിന്നെ ഒറ്റ കുതിപ്പായിരുന്നു. ഒരു നിമിഷം കൊണ്ടു പറമ്പിന്റെ തെക്കേ മൂലയില്‍ എത്തി.
വളവു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയ തമിഴത്തിയെ കൈ തട്ടി വിളിച്ചു ഒരിക്കല്‍ കൂടി പറയിപ്പിച്ചപോഴും അവള്‍ അത് തന്നെ ആവര്ത്തിച്ചു.
“കവലപ്പെടാതിങ്കേ....വരുവാങ്ക ..” മാറാപ്പില്‍ കിടക്കുന്ന കുഞ്ഞിന്റെ വായില്‍ മറിയക്കുട്ടി കൊടുത്ത പലഹാരം വച്ച് കൊടുത്തു കൊണ്ടവള്‍ നടന്നു നീങ്ങി.
തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ മറിയക്കുട്ടിയുടെ നീരസം മാഞ്ഞിട്ടുണ്ടായിരുന്നില്ല. “
ഇങ്ങനെ മനസ്സലിവില്ലാത്ത ഒരാള്. ആ തമിഴത്തി പാവം. ഇങ്ങനാണോ പാവങ്ങളോട് പെരുമാറുന്നെ..?”
വീണ്ടും അവള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എങ്ങനെ കേള്ക്കാന്‍..? മനസ്സ് മൂന്ന് ദശാബ്ദങ്ങള്‍ക്കപ്പുത്തെത്തിക്കഴിഞ്ഞല്ലോ.
”എന്നെ തല്ലല്ലേ ചാച്ചാ..” എന്ന സേവിച്ചന്റെ നിലവിളി.
‘പിള്ളേരെ കാര്യം പറഞ്ഞു മനസ്സിലാക്കിയാല്‍ മതി തല്ലേണ്ട കാര്യമൊന്നുമില്ല” എന്ന് പറഞ്ഞു തടസ്സം പിടിക്കുന്ന കറിയാച്ചന്‍.
സാലമ്മയുടെ ട്യൂഷന്‍ സാറാണത്രേ പുസ്തകത്തില്‍ നിന്നും കത്ത് കണ്ടു പിടിച്ചു കറിയാച്ചനെ ഏല്പ്പിച്ചത്. ചോദിച്ചിട്ട് സാലമ്മ ഒന്നും പറയുന്നുമില്ല. കരച്ചില് മാത്രം.
“സാലമ്മക്കൊച്ചും സേവിച്ചനും കുഞ്ഞു നാളിലേ അറിയുന്നവരല്ലേ. അവളെ എന്റെ മരുമകളായി ഞാന്‍ എന്നേ കണ്ടതാ കറിയാച്ചാ...” എന്നൊക്കെ പറഞ്ഞു മറിയക്കുട്ടി കറിയാച്ചനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു .
“ഓ..പിന്നേ...വെല്ല്യ കാര്യായിപ്പോയി. അതൊക്കെ അവര്‍ക്ക് പ്രായമാകുമ്പോള്‍ ആലോചിക്കേണ്ട കാര്യമാ. അല്ലാതെ കുടുംബത്തില്‍ പിറന്നവര്ക്ക് ചേരണ പണിയാണോ ഇത് ..?”
എന്ന കറിയാച്ചന്റെ ദേഷ്യപ്പെട്ടിട്ടുള്ള ചോദ്യം കേട്ട് മറുപടി ഇല്ലാതെ നിന്നപ്പോഴാണ് കുളക്കടവില്‍ നിന്നും വൈകിട്ടത്തെ കുളി കഴിഞ്ഞ സേവിച്ചന്‍ കയറി വന്നത് .
കറിയാച്ചന്റെ കയ്യിലെ കത്ത് കണ്ടു അവന്‍ കുറ്റവാളിയെപ്പോലെ പതറുന്നത് കണ്ടപ്പോള്‍ അഭിമാനം ഒലിച്ചു പോകുന്നത് പോലെ തോന്നി.
“ഇവനെക്കൊണ്ട് ഞാന്‍ പറയിപ്പിച്ചിട്ടെ ഉള്ളു കാര്യം” എന്നു പറഞ്ഞു തലങ്ങും വിലങ്ങും അടിച്ചിട്ടും കലി അടങ്ങിയില്ല. തടയാന്‍ വന്ന മറിയക്കുട്ടിക്കും കിട്ടി കണക്കിന്.
അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും വരാന്‍ കൂട്ടാക്കാതെ സേവിച്ചന്‍ കട്ടിലില്‍ ചുരുണ്ടു കിടന്നു. “കൊച്ചിന് വേണ്ടേല്‍ എനിക്കും വേണ്ട” എന്നു പറഞ്ഞു കൊണ്ടു മറിയക്കുട്ടിയും. കൊണ്ടു വെച്ച കഞ്ഞി രണ്ടു വറ്റ് കഴിച്ചു പോയിക്കിടന്നപ്പോഴും സേവിച്ചന്റെ മുറിയില്‍ നിന്നും തേങ്ങലിന്റെ അലകള്‍ കേള്ക്കാമായിരുന്നു.
പിറ്റേന്ന് പള്ളിയില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ സേവിച്ചന്‍ കട്ടിലില്‍ ഇല്ല. ഇനി നേരത്തെ എഴുന്നേറ്റു പള്ളീല്‍ പോയിരിക്കുമോ..? പള്ളീല്‍ കഴിഞ്ഞപ്പോള്‍ പള്ളി മുററത്തൊന്നും അവനെ കണ്ടതുമില്ല. ആവലാതിയോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ പരിഭ്രാന്തയായി മുറ്റത്ത് നില്ക്കുന്ന മറിയക്കുട്ടി. കൂടെ കറിയാച്ചനും കുറച്ച് അയല്ക്കാരും ഉണ്ട്.
“ചെറുക്കനെ കാണാനില്ല” എന്നു പറയുമ്പോള്‍ അവള്‍ വിതുമ്പുന്നുണ്ടായിരുന്നു.’
‘എവിടെപ്പോകാനാ മറിയക്കുട്ടീ...?” എന്നു പറഞ്ഞു അവളെ ആശ്വസിപ്പിക്കുമ്പോഴും എന്നെന്നേക്കുമായി അവന്‍ നഷ്ടപ്പെട്ടു എന്ന സത്യം അപ്പോഴും അയാള്‍ അറിഞ്ഞിരുന്നില്ല. അന്വേഷിച്ചു പോയവര്‍ ഉത്തരമില്ലാതെ മുന്നില്‍ വന്നു നിന്നപ്പോഴും പിണക്കം മറന്നു അവന്‍ വരും എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു.
എവിടെയെല്ലാം അന്വേഷിച്ചു. നിരങ്ങി നീങ്ങിയ ദിവസങ്ങളും ആഴ്ചകളും. ചിരിമാഞ്ഞ മറിയക്കുട്ടിയുടെ മുഖമായിരുന്നു ആ സമയങ്ങളില്‍ അയാളുടെ ഉറക്കം കെടുത്തിയത്. അവള്‍ തന്നെയൊന്നു കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ എന്നയാള്‍ അക്കാലങ്ങളില്‍ ആശിച്ചിട്ടുണ്ട്.
സേവിച്ചന്റെ ഷര്ട്ടും മുണ്ടും പഠിച്ചു കൊണ്ടിരുന്ന പുസ്തകങ്ങളും അത് പോലെ തന്നെ അവന്റെ മുറിയിലെ അലമാരയില്‍ ഇരുന്നു. മറിയക്കുട്ടി അയാള്‍ കാണാതെ ആ പുസ്തകങ്ങള്‍ ഇടക്കിടക്ക് പൊടി തട്ടി വെക്കുകയും തുണികള്‍ അലക്കി ഇസ്തിരി ഇടുന്നുണ്ടെന്നും അയാള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. കുറച്ചു കൊല്ലങ്ങള്ക്ക് ശേഷം വീട് വെള്ള പൂശല്‍ കഴിഞ്ഞ് അവള്‍ അതെല്ലാം അവിടെത്തന്നെ അടുക്കി വെക്കുന്നത് കണ്ടപ്പോള്‍ വിഷമത്തോടെ ആണയാള്‍ ചോദിച്ചത്.
“എന്റെ മറിയക്കുട്ടീ...ഇനീം എന്തിനാ....?”
തീ പാറുന്ന ഒരു നോട്ടമായിരുന്നു മറുപടി. വിറകു പുരയില്‍ പെറ്റ് കിടന്നിരുന്ന പെണ് പട്ടിയുടെ അതേ കണ്ണുകള്‍ അവളുടെ മുഖത്ത്. പട്ടികുഞ്ഞിനെ ഒരെണ്ണം കറിയാച്ചന് എടുത്തു കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ അത് കടിക്കാന്‍ വന്നതാണ് അയാള്ക്കപ്പോള്‍ ഓര്മ്മ വന്നത്. മറിയക്കുട്ടി പൊട്ടിത്തെറിച്ചു എന്തെങ്കിലും പറയുമോ എന്നയാള്‍ ഭയന്നു. ഉച്ചത്തില്‍ കരഞ്ഞു കൊണ്ടാണവള്‍ പിന്നീടതെല്ലാം അടുക്കി വെച്ചത്. അവനെ കാണാതായ ദിവസങ്ങളില്‍ കേട്ട അതേ കരച്ചില്‍. അതിനു തീവ്രത എറിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നു അന്ന്‍ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. എങ്കിലും സേവിച്ചന്‍ എന്നൊരു വാക്ക് പിന്നീടും അവളുടെ നാവില്‍ നിന്ന് വീണില്ല. പിന്നീട് കാല ചക്രം ഉരുട്ടി നീക്കിയ എത്രയോ വര്ഷങ്ങള്‍. രണ്ടു മനുഷ്യ ജീവികള്‍ മാത്രമുള്ള ആ വലിയ വീട്ടിലെ കനത്ത നിശബ്ദത അവര്ക്ക് കൂട്ടായി. ആര്ക്കു വേണ്ടിയോ ഇരുണ്ടു വെളുക്കുന്ന ദിവസങ്ങള്‍.
സേവിച്ചനെ കാണാതായതിനു ശേഷം സാലമ്മ പഠിപ്പ് നിര്ത്തിയെന്ന് കറിയാച്ചന്‍ സങ്കടത്തോടെ വന്നു പറഞ്ഞപ്പോഴും മറിയക്കുട്ടി ഒന്നും പറഞ്ഞില്ല. പള്ളിയില്‍ പോകുമ്പോള്‍ ഇടക്ക് സാലമ്മയെകണ്ടാലും തല കുനിച്ചു നെറ്റ് കൊണ്ടു മുഖം മൂടി അവള്‍ നടന്നു നീങ്ങിക്കളയും. കുറച്ചു കൊല്ലങ്ങള്ക്ക് ശേഷം സാലമ്മയുടെ കല്യാണം വിളിക്കാന്‍ കറിയാച്ചന്‍ വീട്ടില്‍ വന്നപ്പോള്‍ മറിയക്കുട്ടി സന്തോഷപൂര്‍വം ചെറുക്കന്‍ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു.
കല്ലിച്ച മുഖവുമായി വെള്ള സാരിയും നെറ്റും മുടിയുമണിഞ്ഞ സാലമ്മ കല്യാണമിറങ്ങാന്‍ നേരത്ത് ഓരോരുത്തര്ക്കായി സ്തുതി കൊടുക്കുന്നു. അപ്പനുമമ്മക്കും സ്തുതി കൊടുത്തപ്പോഴും ആ മുഖത്ത് നിസ്സംഗ ഭാവം. താനും മറിയക്കുട്ടിയും സ്തുതിക്കായി അവളുടെ അടുത്തു വന്നപ്പോള്‍ മറിയക്കുട്ടിയെ കെട്ടിപ്പിടിച്ച് ആ പെങ്കൊച്ച് കരഞ്ഞ ഒരു കരച്ചില്‍. അവളുടെ മുഖത്തെ പൌഡറും കണ്‍ മഷിയുമെല്ലാം ആ കണ്ണു നീരില്‍ ഒലിച്ചിറങ്ങി. വാല്‍സല്യത്തോടെ അവളുടെ കണ്ണുനീരു തുടച്ചു കൊടുത്തു “പോട്ടെ...കുഞ്ഞു വീട് വിട്ടു പോകുന്നതിന്റെയാ...” എന്ന് പറഞ്ഞു കൊണ്ടു മറിയക്കുട്ടി അവളെ കാറില്‍ കൊണ്ടിരുത്തുമ്പോഴും അയാള്‍ കുറ്റബോധം കൊണ്ടു നീറി. കാറിലിരുന്നും കേട്ട സാലമ്മയുടെ നിര്ത്താതെയുള്ള തേങ്ങലുകള്‍ മൂര്ച്ചയുള്ള വാളായി അയാളുടെ ചങ്കില്‍ തറഞ്ഞു കയറി.
കല്യാണ വിരുന്നു വന്ന കാലത്തും സാലമ്മയുടെ മുഖത്ത് സാധാരണ മണവാട്ടി പെണ്ണുങ്ങളുടെ മുഖത്ത് കാണാറുള്ള യാതൊരു പ്രസരിപ്പും കണ്ടില്ല.പക്ഷേ കുറെ നാളുകള്ക്കു ശേഷം കറിയാച്ചന്റെ വീട്ടില്‍ സാലമ്മയുടെ കുഞ്ഞിനെ കാണാന്‍ ചെന്നപ്പോഴേക്കും പെണ്ണാകെ മാറിയിരുന്നു. കുഞ്ഞിനു മുല കൊടുത്തു കൊണ്ടിരുന്ന അവള്ക്കു തന്നോടും മറിയക്കുട്ടിയോടും ഒന്ന് മിണ്ടാന്‍ കൂടി സമയമില്ലായിരുന്നു എന്നതായിരുന്നു സത്യം. ഭര്ത്താവിന്‍റെ കൂടെ കുഞ്ഞിനേയും കളിപ്പിച്ചിരുന്ന അവള്‍ അവരു പോരാന്‍ നേരം വിഷമിച്ചു വന്നൊന്നു മിണ്ടി. മാതൃത്വം ഒരു പെണ്ണിനെ എങ്ങനെ മാറ്റിക്കളയും മറിയക്കുട്ടിയെക്കാള്‍ ഏറെ അയാളെ പഠിച്ചത് സാലമ്മ തന്നെ. അല്ലെങ്കിലും മറിയക്കുട്ടിയുടെ ഉള്ളിലെ വിചാര വിചാരങ്ങള്‍ അളക്കുവാന്‍ താന്‍ ആളല്ലെന്ന് പല പ്രാവശ്യം അയാള്ക്ക് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സേവിച്ചനെ ഓര്ത്ത് ഒരു നെടുവീര്പ്പു പോലും സാലമ്മയില്‍ ബാക്കിയില്ലാതെ ആക്കിയ അവളുടെ കുഞ്ഞ്. അവനെയോര്ത്തു ദുഖമടക്കുന്ന മറിയക്കുട്ടിയെക്കുറിച്ച് ഓര്‍ത്ത് അപ്പോഴും അയാള്‍ നടുങ്ങി.
സാലമ്മയുടെ ഭര്ത്താവിനു അമേരിക്കയില്‍ ജോലി കിട്ടി അവരെല്ലാവരും അങ്ങോട്ട് പോകുന്ന സമയത്ത് യാത്ര പറയാന്‍ നേരത്താണ് ഒടുവില്‍ അവളെ കണ്ടത്. അവളുടെ മകള്ക്ക് അപ്പോള്‍ പത്തു വയസ്സായിക്കാണുമെന്നു തോന്നുന്നു. ഇളയ ആണ്‍ കൊച്ചിന് ഒരു എട്ടു വയസ്സും. ഇരുത്തം വന്ന ഒരു വീട്ടമ്മയായിക്കഴിഞ്ഞിരുന്നു സാലമ്മ അപ്പോള്‍. നേരെ നോക്കി സംസാരിക്കുവാന്‍ മടിച്ചിരുന്ന അവള്‍ വിശേഷങ്ങള്‍ ഓരോന്ന് പറഞ്ഞിരുന്നു. ഭിത്തിയില്‍ ഇരുന്ന സേവിച്ചന്റെ ഫോട്ടോയിലേക്ക് അവള്‍ ഒന്ന് നോക്കുക കൂടി ചെയ്തില്ല.
പിന്നെയും വര്ഷങ്ങള്‍ എത്ര കഴിഞ്ഞു പോയി. സേവിച്ചന്‍ വീട് വിട്ടു പോയി എന്നത് എപ്പോഴോ സംഭവിച്ച ഒരു സത്യമായി മനസ്സ് പാകപ്പെട്ടു കഴിഞ്ഞു. അപ്പോഴാണ് പ്രതീക്ഷയുടെ മിന്നല്‍ പിണറായി തമിഴത്തി വന്നു പെട്ടത്.
പിന്നെയും ഒരു കൊല്ലം കഴിഞ്ഞാണ് അര്ത്തുങ്കല്‍ പള്ളി പെരുന്നാളിന് പോയ ദേവസ്സിക്കുട്ടി ആ സംശയം വന്നു പറഞ്ഞത്. സേവിച്ചനെപ്പോലെ ഒരാളെ പെരുന്നാള്‍ ബാന്റു സംഘത്തില്‍ കണ്ടത്രേ..ആരോ “സേവ്യറെ” ന്നു വിളിക്കുന്നതും കേട്ടു..ആളുടെ രൂപം കുറച്ചു മാറിയിട്ടുണ്ട് പക്ഷെ മാത്തച്ചന്‍ ചേട്ടന്റെ അതേ കഷണ്ടിത്തലയുള്ള ആ കൊച്ചനെ കണ്ടാല്‍ എനിക്കറിയാമ്മേലെ..?
“എന്നിട്ടോ..? ദേവസ്സിക്കുട്ടീ..? മറിയക്കുട്ടി കേള്ക്കാതെ അവനെ മുറ്റത്തേ മാഞ്ചുവട്ടിലേക്ക് മാറ്റി നിര്ത്തി യാണ് അയാള്‍ ബാക്കി കാര്യങ്ങള്‍ ചോദിച്ചത്.
“എന്നാ പറയാനാ മാത്തച്ചാ... പിന്നെ രണ്ടാമതൊന്ന്‍ നോക്കിയപ്പോള്‍ ആളെ കണ്ടതുമില്ല. ഒരേ പോലത്തെ യൂണിഫാറം അണിഞ്ഞ ബാന്റുകാരല്ലേ..? എങ്ങനെ കണ്ടു പിടിക്കാനാ..?”
അന്ന് തുടങ്ങയതാണീ അലച്ചില്‍. പെരുന്നാള്‍ പറമ്പുകളില്‍ നിന്നും പെരുന്നാള്‍ പറമ്പുകളിലേക്ക്. ഒന്ന് രണ്ടു ബാന്റുകാരോട് ചോദിക്കുക കൂടെ ചെയ്തു. “ഏതു ബാന്റ് സംഘം എന്നറിയാതെ എങ്ങനെ കണ്ടു പിടിക്കും..?” എന്നവര്‍ കളിയാക്കിയതോടെ അതും നിറുത്തി.
വേണ്ടാ...എന്റെ സേവിച്ചനെ കണ്ടു പിടിക്കാന്‍ ആരുടെയും സഹായം വേണ്ട. അവനെ മറിയക്കുട്ടിയുടെ മുന്നില്‍ ഒരു നിമിഷം നിറുത്തിയാല്‍ മതി എനിക്ക്. അന്നിട്ടവന്‍ എങ്ങോട്ടാണെന്ന് വെച്ചാല്‍ തിരിച്ചു പൊയ്ക്കോട്ടേ. മുപ്പതു വര്ഷത്തിലധികം ഈ അപ്പനെയും അമ്മയെയും ശിക്ഷിച്ചത് മതി എന്നവനോടു പറയണം. അവനിപ്പോള്‍ ഭാര്യയും മക്കളുമൊക്കെ കാണും. മക്കള്‍ വളര്ന്നു വലിയ പിള്ളേരായിക്കാണും. തന്റെ പിന്‍ തുടര്ച്ചക്കാര്‍... ചിതറിപ്പോയ കണ്ണികളായി എങ്ങോ വളരുന്ന തന്റെ പേരക്കുട്ടികള്‍.... മറിയക്കുട്ടിയുടെയും തന്റെയും മുഖച്ഛായയുള്ള കുഞ്ഞുങ്ങളെ അയാള്‍ മനസ്സില്‍ സങ്കല്പ്പിച്ചു നോക്കി. എന്നിട്ട് ആ സുഖമുള്ള ഓര്മ്മയില്‍ തനിയെ ചിരിച്ചു.
ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ കണ്ണു തുറന്നു കിടക്കുകയായിരുന്നു മാത്തച്ചന്‍ ചേട്ടന്‍. സ്വീകരണ മുറിയില്‍ വിരുന്നുകാരുടെ ശബ്ദം. കറിയാച്ചന്റെ കൂടെ എങ്ങോ കണ്ടു മറന്ന ആ മുഖങ്ങളെ ശബ്ദങ്ങളിടയിലൂടെ ഉറക്കച്ചടവില്‍ വേര്‍ തിരിച്ചെടുക്കുമ്പോള്‍ സാലമ്മയും ഭര്ത്താവും മക്കളും പുഞ്ചിരി മായാതെ അയാളെ ഉറ്റു നോക്കുന്നു. സാലമ്മ മുടിയൊക്കെ മുറിച്ചു ആകെ പരിഷ്കാരിയായിരിക്കുന്നു. ഇവള്ക്ക് പണ്ടത്തേലും ചെറുപ്പമായോ..? കൂടെയുള്ള പത്തിരുപതു വയസ്സുകഴിഞ്ഞ ചെറുക്കന് കാതില്‍ കടുക്കനും കെട്ടി വെച്ച നീണ്ട മുടിയും. തൊട്ടടുത്ത് നില്ക്കു ന്ന അവളുടെ മകളെ കണ്ടാല്‍ ശരിക്കും ഒരു മദാമ്മ പെണ്ണാണെന്നേ തോന്നൂ. അവളുടെ മുഖവും ശരീരവും മാത്രമേ പെണ്ണിനെപ്പോലുള്ളൂ. വേഷ ഭൂഷാദികളെല്ലാം തനി ആണിന്റെത്. അമേരിക്കയില്‍ ആണ് പെണ്ണിനെപ്പോലെയും പെണ്ണ് ആണിനെപ്പോലെയും ആയിരിക്കുമോ..? അടുത്ത മാസം അവളുടെ കല്യാണമാണത്രേ.
“എവിടാ കറിയാച്ചാ ചെറുക്കന്റെട തറവാട്..? നല്ല കുടുംബക്കാരാ..?”
”അതിനു ചെറുക്കന്‍ നമ്മുടെ നാട്ടുകാരനല്ല മാത്തച്ചാ..അമേരിക്കക്കാരനാ..” കറിയാച്ചന്റെ സന്തോഷത്തോടെയുള്ള മറുപടി.
“അയ്യയ്യോ..അന്യ നാട്ടുകാരന്‍ സായിപ്പോ..?”
‘അതിനെന്താ മാത്തച്ചാ...കാലം മാറിയില്ലേ... ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനാ. നമ്മളവരുടെ ഇഷ്ടത്തിനങ്ങു വിട്ടു കൊടുത്തേക്കണം. “
മാത്തച്ചന്‍ ഒന്നും മിണ്ടാതെ കറിയാച്ചനെ നോക്കി നിന്നു. പിന്നെ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി.. കയ്യിലിരുന്ന അമൂല്യമായ നിധി എവിടെയോ കൊണ്ടു കളഞ്ഞ വിഡ്ഢി. കാലങ്ങള്‍ കൊണ്ട് മണ്ണിനടിയില്‍ പുതഞ്ഞു പോയ അതിന്റെ ദിക്ക് പോലുമറിയാതെ തേടി നടക്കുന്നവന്‍. അതോ എന്നെന്നേക്കുമായി അത് മറഞ്ഞു പോയോ..? കാലം മാറുമ്പോള്‍ തെറ്റ് ശരിയാകുന്ന മാന്ത്രിക വിദ്യയില്‍ നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങളെ ആര്ക്കു തിരിച്ചു പിടിക്കാനാവും...?
കറിയാച്ചനും കൂട്ടരും യാത്ര പറയുമ്പോഴും മറിയക്കുട്ടിയുടെ മുഖത്ത് നോക്കുവാന്‍ അയാള്ക്ക് ധൈര്യമില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് അയാള്‍ സാവധാനം അവരുടെ മുഖത്തേക്ക് തല ഉയര്ത്തി നോക്കി. പെറ്റു കിടക്കുന്ന പെണ് പട്ടിയുടെ കണ്ണുകള്‍ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു. അതയാളെ കടിച്ചു കീറുന്നതിനു മുന്പ് തിടുക്കത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു മുറിക്കുള്ളിലേക്ക് പാഞ്ഞു. എന്തെന്നില്ലാത്ത തളര്ച്ചയോടെ കട്ടിലിലേക്ക് വീഴുമ്പോള്‍ അവിടെ കിടന്ന അന്നത്തെ പത്രത്താളില്‍ കണ്ണുകള്‍ ഉടക്കി.
”നാളെ കുറവിലങ്ങാട് പള്ളിയില്‍ മൂന്ന് നോയമ്പ് തിരുനാള്‍. രാവിലെ പത്തിന് തിരുനാള്‍ കുര്ബ്ബാന, പ്രദിക്ഷണം, ലദീഞ്ഞു.......”
മാത്തച്ചന്‍ ചേട്ടന്‍ വര്ദ്ധിച്ച ഉത്സാഹത്തോടെ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“മറിയക്കുട്ടീ....തേപ്പ്‌കാരന്‍ ഇസ്തിരിയിട്ട മുണ്ടും ഷര്ട്ടും ഇരിപ്പില്ലേ....നാളെ ആ റബ്ബര്‍ തോട്ടം വരെ ഒന്ന് പോണം. അത് കടും വെട്ടു കൊടുക്കാറായെന്നു വെട്ടുകാരന്‍ പറഞ്ഞത് ശരിയോ എന്ന് നോക്കീട്ട് വരാം.”