അന്നും അയാള്‍ ആ ചെറിയ മുറിക്കു കാവല്‍ കിടക്കുന്ന മുഷറഫ് അലി എന്ന വൃദ്ധനോട് എന്തൊക്കെയോ ചോദിക്കുവാന്‍ ശ്രമിച്ചു. അയാളുടെ ചോദ്യങ്ങളെല്ലാം മനസ്സിലായെന്ന മട്ടില്‍ വൃദ്ധന്‍ തന്റെ ഭാഷയില്‍ മറുപടി പറയാനും തുടങ്ങി. ഇതിപ്പോള്‍ കുറെ ദിവസമായിട്ടുള്ള ഒരു പതിവായിരിക്കുന്നു.മനസ്സിലാകാത്ത ഭാഷകളിലുള്ള ഈ സൌഹൃദ സംഭാഷണം. ആദ്യമൊക്കെ ഇതു കേള്ക്കുന്ന ഒരാള്ക്ക് ഭാഷയറിയാത്ത രണ്ടു പേര്‍ തമ്മില്‍ എന്തോ ചോദിക്കുന്നു എന്നേ തോന്നുകയുള്ളു. പക്ഷേ നാളുകളായുള്ള പതിവാണ് .അയാളുടെ സംഭാഷണം ഹിന്ദിയില്.വൃദ്ധന്റേത് കാശ്മീരിയില്. എന്നെങ്കിലും കാശ്മീരി പിടികിട്ടും എന്നു കരുതിയാണ് അയാള്‍ ഈ വൃദ്ധനോട് സംസാരിക്കുവാന് ശ്രമിക്കുന്നത്.
ഒരു ചെറിയ ഒറ്റമുറിയിലാണ് വൃദ്ധന്റെ താമസം. സിമിന്റും കുറച്ചു പണിസാധനങ്ങളും വെച്ചിട്ടുള്ള ഒരു ഗോഡൌണില്‍.തൊട്ടപ്പുറത്തു നടക്കുന്ന നിര്മ്മാണ പ്രവര്ത്തനം പെട്ടെന്നു നിറ്ത്തിവെക്കേണ്ടി വന്നതു കൊണ്ട് വൃദ്ധനെ കാവലേല്പ്പിച്ചു പോയിരിക്കുകയാണ് അധികൃതര്‍.ഒരിക്കല്‍ അയാള്‍ ആമുറിയുടെ അകത്തേക്കു കയറി നോക്കി.ഒരു മൂലയില്‍ സിമന്റു ചാക്കും മറ്റു പണിയുപകരണങ്ങളും. മറ്റേമൂലയില്‍ നല്ല കട്ടിയില്‍ കുറേ ഉണക്കപ്പുല്ലുകള്‍ നിരത്തിയിരിക്കുന്നു. ഒരു കിടക്കയുടെ രൂപത്തില്‍. അതിനു മേലെ ഒരു ഷീറ്റ് നിവര്ത്തിയിട്ടിട്ടുണ്ട്. അസ്സല് പുല്മെത്ത.
അയാള് കുറച്ചു സമയം കൂടെ അവിടെ വെറുതെ നിന്നു. അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ ഒരു കൂട്ടം ചെമ്മരിയാടുകള്‍ വളവു തിരിഞ്ഞു വരുന്നതു കണ്ടു. വൃദ്ധന്‍ പെട്ടെന്ന് എഴുന്നേറ്റ് ചുറ്റും നോക്കി. പിന്നീട് ആടുകളുടെ അടുത്തേക്കു ചെന്ന് അവയെ മല മുകളിലേക്കുള്ള വഴിയിലേക്ക് തെളിച്ചു. എന്തോ പിറു പിറുത്തു കൊണ്ട് വീണ്ടും അയാളുടെ അടുത്തേക്കു വന്നു. ആടുകള്‍ അനുസരണയുള്ളവരെപ്പോലെ മലമുകളിലേക്കുള്ള നടവഴിയേ ഓടിയും ചാടിയും നീങ്ങി. താമസിയാതെ തന്നെ കൌമാര പ്രായം കഴിഞ്ഞെന്നു തോന്നിക്കുന്ന ഒരു പെണ്കുട്ടി കയ്യില്‍ വടിയുമായി ആടുകള്‍ വന്ന വഴിയിലൂടെ ഓടി വരുന്നതു കാണായി. അവളുടെ വസ്ത്രമാകെ ചെളിയും മണ്ണും പുരണ്ടിട്ടുണ്ട്. ഇട്ടിരുന്ന ചുവന്ന കമ്മീസിന്റെ കൈമുട്ടിന്റെ ഭാഗം ഉരഞ്ഞു കീറിയിരിക്കുന്നു. കീറിയിടത്ത് രക്തം പനിച്ചു നില്ക്കുന്നു. വൃദ്ധന് അവള് ഓടിവരുന്നത് ദേഷ്യത്തൊടെ നോക്കി നില്ക്കുകയായിരുന്നു.അടുത്തു വന്നപ്പോള്‍ അവളുടെ വസ്ത്രത്തിലെ അഴുക്കും കൈമുട്ടിലെ രക്തവും സൂക്ഷിച്ചു നോക്കിക്കൊണ്ട് ശാന്തനായി എന്തോ ചോദിച്ചു. അവള്‍ കൈമുട്ട് കാണിച്ചികൊണ്ട് വല്ലായ്കയോടെ തിരിച്ചെന്തോ മറുപടി പറഞ്ഞു.
“ക്യാ ഹുവാ..?“ അയാളവളോട് ചോദിച്ചു.
അയാളെ അമ്പരപ്പിച്ചു കൊണ്ട് അവള്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു. ആടുകളുമായി ചരിവ് ഇറങ്ങുമ്പോള് വീണു പോയതാണ്.
“നിനക്കു ഹിന്ദി അറിയാമോ..?” അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു.
“അറിയാം. ഈ നാട്ടില്‍ സ്കൂളില്‍ പഠിച്ചിട്ടുള്ളവര്ക്കെല്ലാം അറിയാം.“ തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട നേരെയാക്കിക്കൊണ്ടവള്‍ പറഞ്ഞു
“നീ എത്രവരെ പഠിച്ചിട്ടുണ്ട്..?”
“ഒന്പത് വരെ..”
“പിന്നീടെന്തേ പഠിച്ചില്ല...?.”
“പിന്നെ പറ്റിയില്ല.” വിഷാദത്തോടവള് പറഞ്ഞു
വൃദ്ധന്‍ വീണ്ടും അയാളെ നോക്കി എന്തോ പറഞ്ഞു. അയാള്ക്ക് അതു മനസ്സിലായില്ലെന്ന് തോന്നിയ അവള് അയാളുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാന്‍ അപ്പൂപ്പന്റെ പേരക്കുട്ടിയാണെന്നാണ് പറഞ്ഞത്.”
“ഓ...” അയാള് സന്തോഷത്തോടെ തലയാട്ടി.
“എന്താ നിന്റെ പേര്..?”
“മെഹക്ക്”
“മെഹക്ക്...കുശ്ബൂ...സുഗന്ധം..”അയാള്‍ ആത്മഗതം ചെയ്തു
വീണ്ടു വൃദ്ധനോടെന്തോ പറഞ്ഞിട്ട് അവള്‍ ആടുകള് പോയ വഴിയെ വീട്ടിലോക്കോടൊപ്പോയി. അവളുടെ ചുവന്ന ദുപ്പട്ട മലയുടെ ചരിവിലുള്ള ഷീറ്റു മേഞ്ഞ ചെറിയ വീടിനുള്ളിലേക്ക് അപ്രത്യക്ഷമാകുന്നത് അയാള് കണ്ടു. വൃദ്ധന്‍ വീണ്ടും അയാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള് മെഹക്ക് ഒരു മൊന്തയില് വൃദ്ധനു കുടികാനുള്ള ചായയുമായി വന്നു.
ചായ പകരുമ്പോള് വൃദ്ധന് അയാളോടെന്തോ ചോദിച്ചു.
“ചായ കുടിക്കുന്നോ എന്നാണ് അപ്പൂപ്പന് ചോദിക്കുന്നത്“ അവള്‍ അയാളോടു പറഞ്ഞു
“വേണ്ട ഞാന്‍ ചായ കുടി കഴിഞ്ഞാണ് സവാരിക്കിറങ്ങിയത്“
അയാള്‍ ഉപചാരം പറഞ്ഞു. അവള്‍ അതു സമ്മതിക്കാതെ അയാള്ക്ക് ചായ പകര്ന്നു കൊടുത്തു. നല്ല രുചിയുള്ള ഖാവ(കാശ്മീരി കട്ടഞ്ചായ). ചായ കുടിച്ചു കഴിഞ്ഞ് ഒഴിഞ്ഞ പാത്രങ്ങളുമായി അവള് പോകുന്നതു നോക്കി വൃദ്ധന്‍ ദു:ഖത്തോടെന്തോ പറഞ്ഞു. അയാള്ക്ക് ഒന്നും മനസ്സിലായില്ലെന്നു തോന്നിയപ്പോള്‍ നിറഞ്ഞ കണ്ണുകളുമായി വിദൂരത്തിലേക്ക് നോക്കി വെള്ളിപോലെ നരച്ച തന്റെ നീണ്ട താടിരോമങ്ങള്‍ തടവിക്കൊണ്ട് നിന്നു. കുറച്ചു സമയം കൂടെ അവിടെ നിന്നിട്ട് അയാള്‍ തിരിച്ചു പോയി.
പിറ്റെ ദിവസം ഓഫീസിലേക്ക് പോകുമ്പോള് അയാള് മെഹക്കിനെ വീണ്ടും കണ്ടു പുറത്ത് അടുക്കിയ വിറകു കെട്ടുമായി മലഞ്ചരിവിറങ്ങി വരുന്നു. അവള് അയാളെ നോക്കി പരിചിതയെപ്പോലെ ചിരിച്ചു.
“സാര് ഓഫീസില്‍ പോവുകയാണല്ലേ..?” അവള്‍ ചോദിച്ചു.
“അതേ..നിന്റെ ആടുകള് എവിടെ..?”
“അവ അവിടെ മേയുന്നുണ്ട്..ഞാന് അതിനിടെ വിറകു ശേഖരിക്കുവാന്‍ പോയതാണ്.”
മലയിലേക്കു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. വീട്ടിലേക്കുള്ള പോപ്ലര് മരങ്ങള്‍ തണല്‍ വിരിച്ച വഴിയിലൂടെ അവള്‍ പോകുന്നത് അയാള്‍ കൌതുകത്തോടെ നോക്കി നിന്നു. സ്കൂള്‍ കുട്ടികള്‍ ബാഗ് പിന്നില്‍ തൂക്കിയിട്ടിരിക്കുന്നതു പോലെ മുതുകില്‍ വിറകടുക്കി വെച്ചിരിക്കുകയാണ്. വിറകിന്റെ ഭാരം മൂലം അല്പം കൂനിയാണ് അവള് നടക്കുന്നത്.
പിന്നീടെപ്പോഴെക്കെയോ അയാള്‍ മെഹക്കിനെ കണ്ടു മുട്ടി. മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകള്ക്ക് ഇടയിലുള്ള സായാഹ്ന സവാരിക്കിടയില്‍,ഓഫീസിലേക്കുള്ള വഴിയില്‍ ധൃതിയില്‍ നടന്നു പോകുമ്പോള്‍ അങ്ങനെ പലയിടങ്ങളില്‍ വച്ച്. .ചിലപ്പോള്‍ അവളുടെ കൂടെ ചെമ്മരിയാട്ടിന്‍ പറ്റങ്ങള്‍ കാണും. .മറ്റു ചിലപ്പോള്‍ വിതരണം ചെയ്യാനുള്ള പാല്‍ നിറച്ച പാത്രങ്ങളായിരിക്കും. .അവളെ കാണാതിരുന്ന ദിവസങ്ങള്‍ അയാള്ക്ക് വിരസമായി അനുഭവപ്പെട്ടു. തുടുത്ത ആപ്പിള്‍ പോലുള്ള അവളുടെ മനോഹരമായ മുഖവും നിഷ്കളങ്കത നിറഞ്ഞു നില്ക്കുന്ന വെള്ളാരം കണ്ണുകളും അലസമായി ചീകിയൊതുക്കാതെ, തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ടയുടെ പുറത്തേക്കു ശീതക്കാറ്റില്‍ പറന്നു കളിക്കുന്ന അവളുടെ ഇളം ചെമ്പന്‍ നിറമുള്ള മുടിയിഴകളേയും അയാള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഏതു രീതിയിലുള്ള ഇഷ്ടം എന്ന് അയാള്ക്കു തന്നെ മനസ്സിലായില്ല. അതു വിശകലനം ചെയ്യാന് ശ്രമിച്ചില്ല എന്നു പറയുന്നതാണ് കൂടുതല് ശരി.
“ഈ ഗോഡൌണ് കാവലിനു മുന്പ് അപ്പൂപ്പന് കുങ്കുമപ്പൂ വയലിനു കാവല്‍ പോകുമായിരുന്നു. അതു കുറച്ചു ദൂരെയായിരുന്നു. ഞാന്‍ വീട്ടില്‍ തനിച്ചാകും എന്നു വിചാരിച്ചാണ് ആ പണി ഉപേക്ഷിച്ചത്.” ഒരിക്കല്‍ വിശേഷങ്ങള്ക്കിടെ മെഹക്ക് പറഞ്ഞു.
“കുങ്കുമപ്പൂ വയലോ..? ഇവിടെയോ..?അതിനെന്തിനാ കാവല്..?” അയാള്ക്കതു മനസ്സിലായില്ല.
“അതു വിലയേറിയതല്ലേ...അതു കൊണ്ടു തന്നെ...പക്ഷേ അപ്പൂപ്പന് ഞാനാ അതിലും വിലപ്പെട്ടത്.“മെഹക്ക് ചിരിച്ചു. പിന്നെ ചോദിച്ചു സാറിതുവരെ കുങ്കുമപ്പൂ വയല് കണ്ടിട്ടില്ലേ..?”
“ഇല്ല..ഒന്നു കാണാനെന്താ വഴി..?”
“എന്റെ വീട്ടിലേക്കുള്ള വഴിതന്നെ..“ മെഹക്ക് വീണ്ടും ചിരിച്ചു.”എന്റെ വീട്ടിലുമുണ്ട് ഒരു ചെറിയ തോട്ടം. ഇവിടെ എല്ലാവര്ക്കും തന്നെ കുറച്ചെങ്കിലും അതിന്റെ കൃഷിയുണ്ട്. സാര്‍ വീട്ടിലേക്കു വരൂ ഇപ്പോള്‍ പൂക്കുന്ന സീസണാണ്”
അന്നു വൈകുന്നേരം തന്നെ മെഹക്ക് മലഞ്ചെരിവിലുള്ള അവളുടെ ചെറിയ വീടിന്റെ പിന്ഭാഗത്ത് വിളഞ്ഞു കിടക്കുന്ന ആപ്പിള്‍ മരങ്ങള്ക്കും പിന്നിലുള്ള കുങ്കുമപ്പൂക്കളുടെ ചെറിയ വയല് കാണുവാനായി അയാളെ കൂട്ടിക്കൊണ്ടു പോയി. താഴെ വീണുകിടന്ന ആപ്പിളുകളിലൊന്നെടുത്തു കടിക്കാന് തുടങ്ങിയപ്പോള്‍ മെഹക്ക് അടുത്തുതന്നെയുള്ള മറ്റൊരു മരത്തില് നിന്ന് അപ്പിള് പൊട്ടിച്ച് അയാള്ക്കു കൊടുത്തു കൊണ്ടു പറഞ്ഞു
“അതു കഴിക്കേണ്ട...അതിനു പുളിയാണ്.ചട്ണി അരക്കാനുള്ളത്..ദാ..ഇതു തിന്നു നോക്കൂ നല്ല മധുരമില്ലേ..?”
“ഇതോ..ഇതാണോ കുങ്കുമപ്പൂവ്...?“ അപ്പിള് തിന്നു കൊണ്ട് ചെറിയ പുല്ലു പോലെയുള്ള ചെടികളില് വിരിഞ്ഞു നില്ക്കുന്ന ഇളം വയലറ്റു നിറത്തില് ഒരു കനകാമ്പരപ്പൂവിനോളം വലിപ്പമുള്ള പൂക്കള് നോക്കി ആയാള് ആരാഞ്ഞു.
“അതേ ഇതിന്റെ കേസരങ്ങള് നോക്കൂ ..ഈ കേസരങ്ങളാണ് ഉപയോഗിക്കുന്നത്.”അവള് ഒരു പൂവടര്ത്തി മഞ്ഞ നിറത്തില്‍ പൂമ്പൊടികള്‍ നിറഞ്ഞു നില്ക്കുന്ന അതിന്റെ ചുവന്ന കേസരങ്ങള്‍ കാണിച്ചു കൊടുത്തു. കുറച്ചു പൂക്കള് കൂടെ പൊട്ടിച്ചെടുത്ത് അയാള്ക്ക് കൊടുത്തു കൊണ്ടവള്‍ പറഞ്ഞു.
“ഈ കേസരങ്ങള്‍ പാലില് തിളപ്പിച്ചു കുടിച്ചാല് മതി. ഇവിടത്തെ തണുപ്പറിയില്ല”
“എന്റെ നാട്ടില്‍ ഇതു പാലില്‍ തിളപ്പിച്ചു കുടിക്കുന്നത് അമ്മമാരാകുവാന്‍ പോകുന്ന സ്ത്രീകളാണ്. നല്ല വെളുത്ത കുഞ്ഞിനെ ലഭിക്കുവാന്.ഈ നാട്ടില് പിന്നെ അതിന്റെ ആവശ്യമില്ലോ. എല്ലാവരും കുങ്കുമപ്പൂവിനെ തോല്പ്പിക്കുന്ന സുന്ദരികളും സുന്ദരന്മാരുമല്ലേ..”
മെഹക്കിന്റെ വീട്ടില് അവളുടെ അപ്പൂപ്പനോട് കുറച്ചു സമയമയാള് സംസാരിച്ചിരുന്നു.
മെഹക്ക് തടികൊണ്ടുണ്ടാക്കിയ അലങ്കാരപ്പണികള്‍ ചെയ്ത ചെറിയ പാത്രങ്ങളില്‍ ഉണങ്ങിയ ബദാമും വാള്നട്ടും പഞ്ചസാരയില് വിളയിച്ച ഉണക്ക ആപ്പിള് കഷണങ്ങളും കൊണ്ടു വച്ചു.
അവളുടെ വീട്ടില് അപ്പൂപ്പനും അവളും മാത്രമേ ഉള്ളു എന്ന് അയാള്ക്കറിയാമായിരുന്നു.എങ്ങനെയായിരിക്കും ഈ പെണ്കുട്ടിക്ക് അച്ഛനുമമ്മയും നഷ്ടപ്പെട്ടത്..? അറിയാന്‍ ജിജ്ഞാസയുണ്ടെങ്കിലും ചോദിച്ചില്ല.
ഒരിക്കല്‍ വഴിയില്‍ നില്ക്കുന്ന പോപ്ലര്‍ മരങ്ങള്‍ കാണിച്ചു കൊണ്ട് അയാള്‍ അവളോടു പറഞ്ഞു
“ഈ മരങ്ങളുടെ മര്മ്മരം കേള്ക്കുമ്പോള്‍ ഞാന്‍ അങ്ങു ദൂരെയുള്ള എന്റെ നാടിനെക്കുറിച്ചോര്ക്കും. ഇതേ ഇലകള്‍ തന്നെയാണ് എന്റെ നാട്ടിലെ ആലിന്റെ ഇലകള്ക്ക്. മരത്തിന്റെ രൂപത്തിനേ വ്യത്യാസമുള്ളു.”
“അങ്ങു കേരളത്തിലെ കാര്യമാണോ പറയുന്നത്..?”
“അതേ...അവിടെ ഞാന് പഠിച്ച പ്രൈമറി സ്കൂളിനടുത്ത് ഒരു തണ്ണീര്‍ പന്തലുണ്ടായിരുന്നു “
“എന്നു പറഞ്ഞാലെന്താ..?”
“വഴി യാത്രികര്ക്ക് കുടിക്കുവാനുള്ള വെള്ളം കൊടുക്കുന്ന സ്ഥലം. അതിനടുത്ത് ഒരു ആല്‍മരവും ഉണ്ട്. ഞങ്ങള്‍ കുട്ടികള്‍ അതിന്റെ ഉണങ്ങിയ ചെറിയ കായ്കള്‍ പെറുക്കുവാന്‍ അവിടെപോകുമായിരുന്നു. എന്നിട്ടു തണ്ണീര്‍ പന്തലില് നിന്ന് ഉപ്പിട്ട സംഭാരം കുടിക്കും”
“സാറിന്റെ നാട് കാണുവാന്‍ എനിക്ക് കൊതി തോന്നുന്നു.“
“ഇപ്പോള് ആ ഓടിട്ട തണ്ണീര്‍ പന്തല് മാത്രമേ ഉള്ളു.ദാനവെള്ളത്തിന്റെ ഏര്പ്പാടൊക്കേ എന്നേ നിന്നുപോയി. നിന്റെ ഈ കാശ്മീര്‍ ഭൂമിയിലെ സ്വര്ഗ്ഗമാണെങ്കില്‍ എന്റേത് ദൈവത്തിന്റെ സ്വന്തം നാടാണ്“
“സ്വര്ഗ്ഗമല്ലേ ദൈവത്തിന്റെ നാട്..? അപ്പോള്‍ എന്റെയും സാറിന്റെയും നാട് ഒന്നു തന്നെ...”പൊട്ടിച്ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു” ചിരിപ്പോള്‍ അവളുടെ കൈകളില് കിടന്ന ചുവന്ന കുപ്പി വളകള്‍ കിലുങ്ങി.
“അതേ...മനസ്സുകള് തമ്മില്‍ അടുപ്പമുണ്ടെങ്കില് ദൂരം കുറഞ്ഞു വരും“ അയാള്‍ അവളുടെ ചിരിക്കുന്ന വെള്ളാരം കണ്ണുകളിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
പെട്ടെന്ന് സങ്കടത്തോടെ അവള്‍ പറഞ്ഞു.ഈ പോപ്ലര്‍ മരങ്ങള്‍ കാണുമ്പോള് ഞാന്‍ എന്റെ അച്ഛന്റെ മരണമോര്ക്കും”
“എങ്ങനെയാണ് നിന്റെ അച്ഛന് മരിച്ചത്…? എന്തായിരുന്നു അദ്ദേഹത്തിനു ജോലി...?”
അയാള്‍ ആരാഞ്ഞു.
“അച്ഛന്‍...“ അവളൊന്നു നിറുത്തി. പിന്നെ ശാന്തതയോടെ പറഞ്ഞു..”അച്ഛന്‍ മരിക്കുമ്പോള് ഒരു തീവ്രവാദിയായിരുന്നു”
“ങേ...സത്യമോ..”അയാള്‍ ശരിക്കും ഞെട്ടിപ്പോയി.
“അതേ..അദ്ദേഹം മരിക്കുന്നതു വരെ ഞങ്ങള്ക്കിതറിഞ്ഞു കൂടായിരുന്നു. ശ്രീനഗറിലെ ഒരു കമ്പനിയില്‍ ജോലിയായി, മാസത്തിലൊന്നേ വരുവാന്‍ സാധിക്കുകയുള്ളു എന്ന് അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച് അച്ഛന്‍ അവരുടെ കൂടെ ചേര്ന്നു. വല്ലപോഴും വീട്ടില്‍ വരുന്ന അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അപ്പൂപ്പനോ അമ്മക്കോ മനസ്സിലാക്കാനായില്ല. ഒരു ദിവ്സം ഇലപൊഴിച്ചു കൊണ്ടിരുന്ന പോപ്ലര്‍ മരത്തിന്റെ മഞ്ഞ ഇലകളില്‍ കിടന്ന വെടിയേറ്റ അച്ഛന്റെ മൃതദേഹം കണ്ടപ്പോഴാണ് ഞങ്ങള്‍ കഥയെല്ലാമറിഞ്ഞത്“
“ഇതായിരുന്നു അവനെങ്കില്‍ മരിച്ചതു നന്നായി എന്നാണ് കണ്ണീര്‍ പൊഴിച്ചുകൊണ്ട് അപ്പൂപ്പന്‍ പറഞ്ഞത്. അമ്മ ആ സംഭവത്തോടെ മൌനിയായി ,രോഗിണിയുമായി.ഒരു വര്ഷത്തിനുള്ളില്‍ അമ്മയും പോയി. ഇപ്പോള്‍ എനിക്കു അപ്പൂപ്പനും അപ്പൂപ്പന് ഞാനും മാത്രം. ഞാന്‍ ഒന്പതാം ക്ലാസ്സില് പഠിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്“
അന്നു സായാഹ്ന സവാരി കഴിഞ്ഞു തിരികെ റൂമിലേക്കു നടക്കുമ്പോള്‍ മെഹക്കിനെക്കുറിച്ചായിരുന്നു അയാളുടെ ചിന്ത മുഴുവന്‍. ഒരു തീവ്രവാദിയുടെ മകള്. അയാള് ഒരു തീവ്രവാദിയായിരുന്നു എന്ന് മരണശേഷം മാത്രം അറിയുക.!!!
റെയില് വേ സ്റ്റേഷനില് നിന്ന് അയാളുടെ കൂടെ ടാക്സിയില്‍ വീട്ടില്‍ വന്നിറങ്ങുമ്പോഴും മെഹക്കിന്റെ പരിഭ്രമം മാറിയിരുന്നുല്ല. ചുറ്റുമുള്ള പരിസരം അവള്‍ വിസ്മയത്തോടെ നോക്കിക്കാണുന്നുണ്ടായിരുന്നു. സമയം സന്ധ്യയാകുന്നു. തുളസി തറയില്‍ വിളക്കുവെച്ചു കൊണ്ട് അമ്മ മുറ്റത്തു തന്നെയുണ്ട്. അമ്മയെ കണ്ടപ്പോള് മെഹക്ക് തലയിലൂടെ ഇട്ടിരുന്ന അലുക്കുകളുള്ള ദുപ്പട്ട ഒന്നു കൂടെ പിടിച്ചു നേരെയാക്കി.
“രാജീവാ...നീ വരുന്ന കാര്യം എന്തേ അറിയിച്ചില്ലാ..ആരായിത്..?” അമ്മ സംശയത്തോടെ മെഹക്കിനെ നോക്കി.
“അമ്മേ...ഇത്..മെഹക്ക്..ഇവളെ ഞാന്‍ കൂടെ കൊണ്ടുപോന്നു...പാവം കുട്ടിയാണ്..”
മെഹക്ക് തെല്ലു നാണത്തോടെ അയാളുടെ പിന്നിലേക്കു മാറി നിന്നു.
“എന്റെ ദൈവമേ..എന്താ നീയീക്കാണിച്ചത്..കൊച്ചേട്ടനോടും ശ്രീജ മോളോടും ഞാനിനി എന്തു പറയും എന്റീശ്വരാ...”
അമ്മ മെഹക്കിനെ നോക്കി അലമുറയിട്ടു. പിന്നെ ബോധരഹിതയായി പിന്നോട്ടു മറഞ്ഞു.
“അമ്മേ...അയാള്‍ ചെന്ന് അമ്മയെ താങ്ങി..അമ്മ ഉണരുന്നില്ലെന്നു കണ്ടപ്പോള് അയാള്‍ വീണ്ടും ഉച്ചത്തില് വിളിച്ചു...”അമ്മേ..”
അയാളുടെ ശബ്ദം മുറിയാകെ പ്രകമ്പനം കൊണ്ടു. പെട്ടെന്നയാള്‍ കണ്ണു തുറന്നു. മുറിയില്‍ ചുവന്ന നിറത്തില്‍ കത്തുന്ന റൂം ഹീറ്റര്. അമ്മയും മെഹക്കുമെല്ലാം..? അതൊരു സ്വപ്നമായിരുന്നോ...? അയാള്‍ ശരീരത്തില് നിന്നും നീങ്ങിപ്പോയ കമ്പിളി ഒന്നു കൂടെ പുതച്ച് ആ സ്വപ്നത്തെക്കുറിച്ച് ഓര്ത്തു കൊണ്ടിരുന്നു. എന്തൊരു വിചിത്രമായ സ്വപ്നമായിരുന്നു അത്. മെഹക്കിനെ താന് നാട്ടിലേക്ക് കൊണ്ടു പോയെന്നോ..? അതിനവള്‍ തന്റെ ആരാണ്..? കാമുകിയോ..? ആണോ..? വെറും ഒരു സുഹൃത്തു മാത്രമാണോ അവള്‍ തനിക്ക്..? അതോ അതിനപ്പുറം ഒരു അടുപ്പം തങ്ങള്‍ തമ്മില്‍ വളര്ന്നിട്ടുണ്ടോ..?
അയാള്‍ പെട്ടെന്നു രാജനമ്മാവന്റെ മകള്‍ ശ്രീജയെ ഓര്ത്തു. ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും മടിയാണവള്ക്ക്.. തന്നെ കാണുമ്പോള്‍ യാതൊരടുപ്പവും കാണിക്കാറില്ല. കാണുമ്പോഴെല്ലാം വരാനിരിക്കുന്ന പരീക്ഷകളെപ്പറ്റിയും ചെയ്തു തീര്ക്കാനുള്ള പ്രൊജക്റ്റുകളെപ്പറ്റിയും മാത്രമേ അവള്ക്കു സംസാരിക്കാനുള്ളു. ഇനി അവളുടെ മനസ്സില്‍ മറ്റാരെങ്കിലും ഉണ്ടായിരിക്കുമോ..? ഒരിക്കല്‍ സംശയം തോന്നി അയാള്‍ അവളോടെ നേരിട്ട് ചോദിക്കിട്ടുണ്ട്. എന്താണവളുടെ മനസ്സിലെന്ന് .“സമയമാകുമ്പോള്‍ പറയാം “എന്നു പറഞ്ഞ് ഒരു ഒഴിഞ്ഞു മാറലാണ് അന്നു നടത്തിയത്.
പിറ്റേന്ന് ഓഫീസിലേക്ക് പോകുന്ന വഴിയിലും അയാള്‍ മെഹക്കിനെ കണ്ടു. അവളെ നോക്കി ഒരു വിളറിയ ചിരി സമ്മാനിക്കാനേ അയാള്ക്കു കഴിഞ്ഞുള്ളു.
“എന്താ...എന്തു പറ്റി..മുഖം വല്ലാതിരിക്കുന്നല്ലോ..?“ അവള്‍ അന്വേഷിച്ചു.
“ഒന്നുമില്ല മെഹക്ക് നിനക്കു തോന്നുന്നതായിരിക്കും”
“സാറു കള്ളം പറയുന്നു. ഇന്നലെ കണ്ട ആളല്ല ഇത്. ഈ മുഖത്തു വരുന്ന ചെറിയ മാറ്റം പോലും എനിക്കു മനസ്സിലാകും. എന്റെ കഥകള്‍ കേട്ടിട്ടാണോ എന്നോടൊന്നും സംസാരിക്കാത്തത്..?”
“അതല്ല മെഹക്ക്…അമ്മക്ക് സുഖമില്ലാതായി എന്നു ഞാന്‍ സ്വപ്നം കണ്ടു. അടുത്ത ദിവസം തന്നെ നാട്ടില് പോകണമെന്നു തോന്നുന്നു.”
“ഓ..വെറും സ്വപ്നമല്ലേ...പേടിക്കാതിരിക്കു... എന്നാ കേരളത്തിലേക്കു പോകുന്നേ..?”
“തീരുമാനിച്ചില്ല ഇന്നലെ രാത്രിയിലെ മഞ്ഞു വീഴ്ച കാരണമാണെന്നു തോന്നുന്നു ഫോണ്‍ ചെയ്യാന് ശ്രമിച്ചിട്ട് ടവര്‍ കിട്ടുന്നില്ല”. അവളോട് യാത്ര പറഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള് പെട്ടെന്ന് മെഹക്ക് ശാസനയുടെ ശബ്ദത്തില് ചോദിച്ചു.
“എന്താ ഇത്..? ഈ തണുപ്പത്ത് തൊപ്പി ധരിക്കാതെ നടക്കുന്നത്..? ദാ ഇതു വച്ചോളൂ…”
അവള്‍ ധരിച്ചിരുന്ന കമ്പിളി തൊപ്പിയൂരി അയാള്ക്കു കൊടുത്തു കൊണ്ടു നടന്നു നീങ്ങി. സാവധാനം തൊപ്പി തയില്‍ വെക്കുമ്പോള് അതിന് ഇളം ചൂടുണ്ടായിരുന്നു. മെഹക്കിന്റെ സ്നേഹത്തിന്റെ ഊഷ്മളത.
ഓഫീസിലേക്ക് നടക്കുന്ന വഴിയില് അയാളുടെ ഫോണ്‍ ശബ്ദിച്ചു.കണ്ക്ഷന്‍ ശരിയായത് അറിഞ്ഞില്ലല്ലോ എന്നോര്ത്ത് അയാള്‍ ഫോണ് ചെവിയോടു ചേര്ത്തു
“രാജീവേട്ടാ...ഇതു ഞാന് ശ്രീജ...”
“ഓ..നീയോ...എന്താ പതിവില്ലാതെ..?”
“കാരണമുണ്ട്..എന്റെ പരീക്ഷ കഴിഞ്ഞ ദിവസം കഴിഞ്ഞു. എനിക്കു കാമ്പസ്സ് സെലെക്ഷനുമായി.ഞാനിപ്പോ ഫ്രീയാണ് കേട്ടോ..ബാക്കി അമ്മായി പറയും. അവള് ചിരിച്ചുകൊണ്ടവള്‍ ഫോണ്‍ അമ്മക്കു കൈമാറി.
“മോനേ...രാജീവാ..അമ്മയുടെ സന്തോഷത്തോടെയുള്ള ശബ്ദം. കൊച്ചേട്ടനും സൌമിനിയേടത്തിയും ശ്രീജ മോളുമെല്ലാം ഇവിടെയുണ്ട്. നിങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാണവര്‍ വന്നത്.”
“കല്യാണമോ..?“ അയാള് അത്ഭുതത്തോടെ ചോദിച്ചു.”പക്ഷേ...ശ്രീജ…അവളൊരിക്കലും ഒരു സൂചന പോലുമെനിക്ക് തന്നില്ലല്ലോ അമ്മേ...”
“അവളു പണ്ടേ അങ്ങനെയായിരുന്നില്ലേ മോനേ..നിനക്കറിയില്ലേ അവളെ....? കഴിയുമെങ്കില്‍ നാളെത്തന്നെ നീയിങ്ങു പോരേ..”
അയാള്‍ ഒരു നിനിഷം മിണ്ടാതെ നിന്നെ. മനസ്സിലേക്ക് ചിരിക്കുന്ന വെള്ളാരം കണ്ണുകളും കാറ്റിലുലയുന്ന ചെമ്പന് മുടിയിഴകളും കടന്നു വരുന്നു. അതു കണ്ടില്ലെന്നു നടിക്കാനാവുമോ തനിക്ക്. ഇല്ലാ…അമ്മയോട് മെഹക്കിനെപ്പറ്റി പറഞ്ഞേ പറ്റൂ.
“അമ്മേ…”പെട്ടന്നയാള്‍ ശ്രീജ അവിടെയുണ്ടല്ലോ എന്നോര്ത്തു .”ധൃതി പിടിക്കേണ്ട ലീവാകട്ടെ”
“ധൃതിയില്ല രാജിവാ.. നിശ്ചയമെ നടത്തുള്ളു ഇപ്പോള്”
ആകെ അസ്വസ്ഥനായി ഫോണ് തിരികെ പോക്കറ്റില്‍ വെക്കുമ്പോഴും, പെണ്മനസ്സിന്റെ പിടി കിട്ടാക്കയങ്ങളെക്കുറിച്ച് അയാള്‍ ആലോചിച്ചു കൊണ്ടിരുന്നു. ഒരിക്കലും ഇഷ്ടം പുറത്തു കാണിക്കാതിരുന്ന ശ്രീജ...മെഹ്ക്കോ അവളും ശ്രീജയെപ്പോലെ ഇഷ്ടം തുറന്നു കാണിക്കാത്തതായിരിക്കുമോ...? അവള്ക്കു താന്‍ എന്തെങ്കിലും പ്രതീക്ഷ കൊടുത്തിട്ടുണ്ടോ...? ഇന്ന് അവളുടെ മനസ്സറിഞ്ഞേ പറ്റൂ. കല്യാണക്കാര്യം അറിയിക്കുമ്പോള് അവള്‍ എങ്ങനെ പ്രതികരിക്കും....? അയാള്‍ മെഹക്ക് കൊടുത്ത തൊപ്പിയൂരി കയ്യില്‍ പിടിച്ചു. പതുക്കെ അത് കവിളോട് ചേര്ത്തു. അതിന് ഇപ്പോഴും അവളുടെ സ്നേഹത്തിന്റെ ചൂടുണ്ടോ..? ആത്മസംഘര്ഷത്തിന്റെ ചുഴിലൂടെ നീങ്ങവേ അയാള് ഓഫീസില് പോകാതെ തിരികെ റൂമിലെക്കു നടന്നു. മെഹക്കിനെ ഉടനെ കണ്ടേ പറ്റൂ.. അവള്ക്ക് ഒരു ചെറിയ പ്രതീക്ഷയെങ്കിലും താന്‍ നല്കിയിട്ടുണ്ടെങ്കില് അവളെ തനിക്ക് തള്ളിക്കളയാനാവില്ല. ആരെതിര്ത്താലും. അന്നു വൈകിട്ട് നടക്കാനിറങ്ങപ്പോള്‍ ആടുകളുമായി തിരികെ പോകുന്ന മെഹക്കിനെ കണ്ടു.
“ഞാന്‍ നാളെ രാവിലെയാണ് നാട്ടില്‍ പോകുന്നത്. അമ്മക്ക് കുഴപ്പമൊന്നുമില്ല. അമ്മ ഫോണ്‍ ചെയ്തായിരുന്നു. ഇനി ഒരു മാസം കഴിഞ്ഞേ തിരികെ വരുകയുള്ളു.
“ഒരു മാസം….ഇനി ഒരു മാസം കഴിഞ്ഞേ തമ്മില്‍ കാണുകയുള്ളൂ..?”
“അതേ...”
മെഹക്കിന്റെ വിഷാദം നിറഞ്ഞ മുഖത്തേക്ക് അയാള്‍ വിഷണ്ണനായി നോക്കി നിന്നു. ഇല്ല ഇവളെ ഉപേക്ഷിക്കാന് തനിക്കാവില്ല. അയാള്‍ മനസ്സില്‍ പറഞ്ഞു.
“ഇത്രയും നാള്‍ കാണാതിരിക്കണമല്ലോ...എനിക്കു വല്ലാത്ത വിഷമം തോന്നുന്നു.” അവള്‍ ദു:ഖത്തോടെ പറഞ്ഞു.
അയാള്‍ ആകെ വിഷമവൃത്തത്തിലായി. ഒരു നിമിഷം സന്ദേഹിച്ചു നിന്നിട്ട് പെട്ടെന്നു പറഞ്ഞു.
“മെഹക്ക്,എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്നു.“ .അതു പറഞ്ഞപ്പോള്‍ അയാളുടെ ശബ്ദം കുറച്ചു താണു പോയി.
“ഉവ്വോ..? എന്നിട്ട് ഇക്കാര്യം എന്തേ ആദ്യം പറഞ്ഞില്ല..?” സങ്കടം വെടിഞ്ഞ് അതീവ സന്തോഷത്തിലുള്ള മെഹക്കിന്റെ ചോദ്യം. ആ കണ്ണുകളില്‍ മഴവില്ലു വിരിഞ്ഞ ഉണര്‍വ്.
അയാള്‍ സ്തബ്ദനായി അവളെ നോക്കി നിന്നു. ഒന്നും മനസ്സിലാവാതെ അവളുടെ വെള്ളാരം കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
“കല്യാണക്കാര്യം പറഞ്ഞിട്ട് സാറിന്റെ മുഖത്തെന്താ ഒരു സന്തോഷമില്ലാതെ…? എന്താ ഇങ്ങനെ നോക്കി നില്ക്കുന്നത്..?”
“ഒന്നുമില്ല..മെഹക്ക് ഒന്നുമില്ല ..”അയാള്‍ മന്ത്രിച്ചു
അയാള് പെട്ടെന്ന് അവളുടെ കൈയ്യില് പിടിച്ചുകൊണ്ട് ചോദിച്ചു
“മെഹക്ക് നീ തുറന്നു പറയൂ….നിനക്കെന്തെങ്കിലും വിഷമമുണ്ടോ ഇതു കേട്ടിട്ട്..? നിന്റെ തീരുമനമനുസരിച്ചേ ഞാനെന്തും ചെയുകയുള്ളു.”
അവള്‍ അയാളുടെ കണ്ണുകളിലേക്ക് അല്ഭുതത്തോടെ നോക്കി. പിന്നെ പറഞ്ഞു.
“എന്താ ഇത് സാര്‍….? ഈ ചോദ്യം എനിക്കു മനസ്സിലാകുന്നില്ലല്ലോ..എനിക്കൊരു ഭാഭിജി(ചേട്ടന്റെ ഭാര്യ) വരുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമല്ലേ…?”
അയാള്‍ അവളുടെ മുന്നില്‍ വാക്കുകള്‍ നഷ്ടപ്പെട്ടു നിന്നു.
“ തിരികെ വരുമ്പോള് എന്റെ ഭാഭിജിയെ കൂട്ടിക്കൊണ്ടു വരുമല്ലോ..?”
“കൊണ്ടു വരാം..”
അയാള്ക്ക് അവളുടെ മുന്നില്‍ വളരെ ചെറുതായിപ്പോയതു പോലെ തോന്നി. സംസാരിച്ചു നടന്നു കൊണ്ടിരിക്കേ അവര്‍ അപ്പൂപ്പന്‍ കാവല്‍ കിടക്കുന്ന ഗോഡൌണിനു മുന്നിലെത്തി. അവള്‍ അപ്പൂപ്പനെ നോക്കി സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.“
“അപ്പൂപ്പാ സാര്‍ കല്യാണം കഴിക്കുവാന്‍ നാട്ടില്‍ പോകുന്നു.ഉടനെ തന്നെ ഭാഭീജിയുമായി തിരികെ വരും.”
ആടുകളെ മലയിലേക്കുള്ള നടപ്പാതയിലൂടെ തെളിച്ച് മെഹക്ക് ഉല്ലാസത്തോടെ നടന്നു പോയി