കേശോച്ചോനെ ദഹിപ്പിച്ചപ്പോള്‍ കൂടെ ജീവിച്ചിരുന്ന രഹസ്യങ്ങളും ദഹിച്ചില്ലാതായി. അവ കേശോച്ചോനൊപ്പം വര്‍ഷങ്ങളോളം ഉണ്ടുറങ്ങി, തെങ്ങ് ചെത്തി, കിടപ്പിലായപ്പോള്‍ കൂടെ കിടന്നു, മരിച്ചപ്പോള്‍ കൂടെ മരിച്ചു. ദഹനം തുടങ്ങിയപ്പോള്‍ ആ രഹസ്യങ്ങളാണ് ആദ്യം ദഹിച്ചത്. ചിതയില്‍ നിന്നും ആദ്യമുയര്‍ന്ന പുകക്ക് ശവദാഹത്തിന്റെ മണമായിരുന്നില്ല. കാലങ്ങള്‍ കൂടി തട്ടിന്‍ പുറം വൃത്തിയാക്കി പഴയതെല്ലാം തീയിടുമ്പോള്‍ വരുന്ന ഗന്ധമാണുയര്‍ന്നത്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു കയറിയതേയുള്ളായിരുന്നു ഞാന്‍. ഓടി വീടിനു പുറത്തിറങ്ങി നോക്കിയപ്പോള്‍ രഹസ്യങ്ങള്‍ കത്തിത്തീര്‍ന്നു ശരീരം കരിയുന്നതിന്റെ ഗന്ധം തുടങ്ങിയിരുന്നു. രഹസ്യങ്ങളുടെ പുക ആകാശത്തിലെത്തി മേഘങ്ങള്‍ക്കിടയില്‍ ലയിച്ചു തീര്‍ന്നു. അങ്ങനെ കേശോച്ചോന്‍ മനസ്സില്‍ കൊല്ലങ്ങളോളം താഴിട്ടു പൂട്ടി ഭൂമിക്ക് കൊടുക്കാതെ വെച്ചിരുന്ന രഹസ്യങ്ങള്‍ ആകാശത്തിനു സ്വന്തമായി.
എന്റെ കൂട്ടുകാരന്‍ സത്യാര്‍ത്ഥിയുടെ അച്ഛനാണ് കേശോച്ചോന്‍. ഞങ്ങളുടെ വീട് തൊട്ടു തൊട്ട്. രണ്ടു വീടിന്റെയും അതിരില്‍ നിറയെ താമരകള്‍ വിരിഞ്ഞ് നില്‍ക്കുന്ന താമരക്കുളവും. സത്യാര്‍ത്ഥി എന്ന പേര് എന്റെ നാട്ടില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ വെച്ച് ഇതാരാടാ നിനക്കീ പേരിട്ടതെന്ന് ഗോമതി ടീച്ചര്‍ ചോദിച്ചപ്പോള്‍
“എന്‍റച്ഛന്‍.” എന്ന് സത്യാര്‍ത്ഥി അഭിമാനത്തോടെ പറഞ്ഞത് ഞാനോര്‍ക്കുന്നു.
ടീച്ചറിനത് കേട്ടപ്പോള്‍ അത്ഭുതമായി. ചെരുപ്പിടാതെ, മുടി ചീകാതെ, ഷര്‍ട്ടിന്റെ ബട്ടന്‍ പോലും ശരിയായി ഇടാതെ നടക്കുന്ന ചെറുക്കന് ഇത്രേം കൂടിയ പേരോ...?
“നിന്റച്ഛനെന്താ ജോലി..?”
“തെങ്ങുചെത്ത്.”
“ഓ.....ഈ പേരൊക്കെ കേട്ടപ്പോള്‍ ഞാനോര്‍ത്തു ഏതാണ്ട് വെല്യ ആളാണന്ന്...”
ടീച്ചര്‍ പിറുപിറുക്കുന്നത് പിന്‍ ബെഞ്ചിലിരുന്ന സത്യാര്‍ത്ഥി കേട്ടില്ല. ഒന്നാം ബഞ്ചില്‍ ഒന്നാമതായി ഇരുന്ന എന്റെ ചെവിയില്‍ ആ വാക്കുകള്‍ വന്നു വീണപ്പോള്‍ നല്ല ദേഷ്യമാണ് തോന്നിയത്. കേശോച്ചോന്‍ വലിയ ആളല്ല എന്നാരാണ് ടീച്ചറിനോട് പറഞ്ഞത്...? നല്ല വീതിയുള്ള ചുട്ടിക്കരയന്‍ ചെത്ത് തോര്‍ത്തുടുത്ത് എല്ലും ചെത്തുകത്തിയും പുറകില്‍ വെച്ചുകെട്ടി നടക്കുന്ന നല്ല തണ്ടും തടിയുമുള്ള കേശോച്ചോനെങ്ങനെ ചെറിയാളാകും..? അതോ ചെത്തുകാര്‍ വലിയവരല്ല എന്നുണ്ടോ ..?
സത്യാര്‍ത്ഥിയോടത് പറയണോ എന്ന് ഞാന്‍ കുറെ ആലോചിച്ചു. ദേഷ്യമുള്ളവരെ പട്ടിത്തെണ്ടി എന്നവന്‍ വിളിക്കുമെന്നെനിക്കറിയാം. കേട്ട പാതി ‘പട്ടിത്തെണ്ടി ഗോമതി’ എന്നവന്‍ ഉറക്കെ ക്ലാസ്സിലിരുന്നു വിളിക്കും. മോണിട്ടര്‍ രാജു അതു ടീച്ചറിനോടു പറഞ്ഞു തല്ലു വാങ്ങി കൊടുക്കും. പക്ഷെ മനസ്സില്‍ കിടന്നു പുകഞ്ഞ സംശയം അവസാനം കേശോച്ചോനോടു തന്നെ ചോദിച്ചു.
“എന്താ അപ്പൂനിപ്പോ ഇങ്ങനൊരു ഒരു സംശയം...?”
കേശോച്ചോന്‍ ചിരിക്കുന്നുണ്ടായിരുന്നു.
“ഞങ്ങള്‍ വെലിയവരല്ലേല്‍ ഇത്രേം പൊക്കോള്ള തേങ്ങീക്കേറി കള്ളു ചെത്തുവോ...?. തെങ്ങും മോളീരിക്കണ ഞങ്ങട കണ്ണുംവെട്ടത്ത് വരാത്ത കാര്യങ്ങളെന്താ ഒള്ളത്...? ഇക്കണ്ട ഭൂമി മലയാളത്തില്‍ ഞങ്ങക്കറിയാമ്മേലാത്തതെന്താ ഒള്ളത്..? അതെല്ലാം സൂക്ഷിച്ച് വെച്ച് വീഴാതെ ചെത്തിയെറങ്ങിപ്പോരണേല്‍ അതിലൂണ്ടൊരു രഹസ്യം.”
കള്ളുമാട്ടം തുളുമ്പാതെ സൂക്ഷിച്ചു നടക്കുന്നതിനിടെല്‍ കേശോച്ചോന്‍ പറഞ്ഞു.
‘എന്ത് രഹസ്യം...? അതെന്താ എന്നോടു പറഞ്ഞാല്....പറ..കേശോച്ചോനെ...പറ....”
കേശോച്ചോന്‍ നടത്തം നിര്‍ത്തി തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു.
“അപ്പുക്കുട്ടാ...രഹസ്യങ്ങള്‍ സൂക്ഷിക്കണേലല്ലേ ഒരാക്കട കഴിവ്. അതല്ലേ അയാളെ വലിയനാക്കണത്.”
കേശോച്ചോന്‍ പറഞ്ഞത് എനിക്ക് ശരിക്കും പിടി കിട്ടിയില്ല.
“പോട്ടെ.. അപ്പുക്കുട്ടാ. ഇനീം താമസിച്ചാല്‍ ഇന്നത്തെ കള്ളളവ് കഴീം...കേശോച്ചോന്റെ കാശു പോവില്ലേ...”
കേശോച്ചോന്‍ എന്റെ കവിളില്‍ കള്ളുമണമുള്ള വിരലുകള്‍ കൊണ്ട് പതുക്കെ തലോടി.
ഇക്കാര്യം സത്യാര്‍ത്ഥിയോടു പറഞ്ഞാലോ എന്നെന്നിക്കു തോന്നി. ഹോ...അപ്പൊ ഗോമതി ടീച്ചര്‍ ഇടയില്‍ വരും, സത്യാര്‍ത്ഥി അടി കൊള്ളും. എനിക്കും ഒന്ന് കിട്ടാന്‍ വകയുണ്ട്.
“പോട്ടെ... ഗോമതി ടീച്ചറിന് യാതൊരു വിവരവും ഇല്ല. കേശോച്ചോന്റെ പകുതി വിവരം പോലും ഇല്ല. സത്യാര്‍ത്ഥിയുടെ പേരില്‍ അവര്‍ക്ക് വല്ലാത്ത അസൂയ കാണും. ഞങ്ങളുടെ സ്കൂളില്‍ പഠിക്കുന്ന ടീച്ചറിന്റെ മക്കള്‍ രവിയുടെയും സുമയുടെയും പേര് വെച്ചു നോക്കുമ്പോള്‍ അത് അസൂയ തന്നെ. എന്റെ അനുമാനങ്ങളെ മനസ്സിലിട്ടു പെരുക്കി, ഒടുവില്‍ അതെല്ലാം അടുക്കിയൊതുക്കി. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ വലിയവരാണെന്ന് എനിക്ക് കുറേശ്ശെ തോന്നിത്തുടങ്ങി.
അങ്ങനെ കേശോച്ചോന്‍ കൊല്ലങ്ങളായി സൂക്ഷിച്ചിരുന്ന എത്രയെത്ര രഹസ്യങ്ങളാണ് ഇന്നാ ചിതയില്‍ കത്തിയമാര്‍ന്നു പോയത്. മരിക്കാറായപ്പോഴെങ്കിലും കേശോച്ചോന്‍ അതെല്ലാം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ. ഇല്ല തീരെ സാധ്യതയില്ല. ഞാന്‍ കഴിഞ്ഞ അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ കേശോച്ചോന്‍ അവശനായിരുന്നു. പക്ഷേ, ഓര്‍മ്മക്കോ ബുദ്ധിക്കോ യാതൊരു കുഴപ്പവും തോന്നിയില്ല. ഗള്‍ഫില്‍ ജോലിയുമായി സത്യാര്‍ത്ഥി അവിടെ. മംഗളന്‍ പട്ടാളത്തില്‍. പെങ്ങന്മാര്‍ കല്യാണം കഴിഞ്ഞ് ഓരോരോ ദിക്കിലും. തറവാട്ടില്‍ നില്‍ക്കുന്ന സത്യാര്‍ത്ഥിയുടെ ഭാര്യക്ക് അച്ഛനെ തീരെ കണ്ട് കൂടാ.
“ഒക്കെ അയാക്കടെ കയ്യീരിപ്പിന്‍റെല്ലേ. കള്ളുകുടി കാരണല്ലേ അവളാ കുഞ്ഞുകൊച്ചിനേം കൊണ്ട് ആ കടും കൈ ചെയ്തത്..? അവളോണ്ടായിരുന്നേല്‍ മുഖം കറുപ്പിക്കാതെ ഒരു ഗ്ലാസ് വെള്ളമെങ്കിലും അനത്തിക്കൊടുവില്ലായിരുന്നോ...?
സത്യാര്‍ത്ഥിയുടെ പെണ്ണ് അവക്കടമ്മായിയെ കൊലക്ക് കൊടുത്തയാളെ തിരിഞ്ഞു നോക്കീല്ലേല്‍ അതാരുടേം കുറ്റോമല്ല. ഇതിപ്പോ നാട്ടിപ്പട്ടി വീട്ടിക്കൊള്ളില്ലാ എന്ന് പറഞ്ഞപോലായി.”
ഞാനും സത്യാര്‍ത്ഥിയും ആറില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ വീടിന്റെ അതിരിലെ കുളത്തില്‍ സരോജിനിചേച്ചിയും മൂന്ന്‍ വയസ്സ് മാത്രമുള്ള സ്വര്‍ണ്ണലതയും പൊങ്ങിക്കിടന്നു. സ്വര്‍ണ്ണലത ഒരു ഷഡ്ഢി മാത്രമേ ഇട്ടിരുന്നുള്ളൂ. വാടിയ താമരപ്പൂപോലെ അവള്‍ താമരവള്ളിയില്‍ പിണഞ്ഞു കിടക്കുകയായിരുന്നു. കഴുത്തിനൊപ്പം നീണ്ട് കിടന്നിരുന്ന ചുരുളന്‍ തമുടിയില്‍ നിന്നും ഇറ്റു വീണ വെള്ളം അവളെ എടുത്തു പൊക്കിയ വാസു കൊച്ചച്ചന്റെ തോളിലേക്ക് വീണു കൊണ്ടിരുന്നു. വാസുക്കൊച്ഛച്ചന്‍ ധൃതിയില്‍ കരയിലേക്ക് കയറിയപ്പോള്‍ നിറയെ മണികളുള്ള അവളുടെ പാദസ്വരം വല്ലാതെ ശബ്ദമുണ്ടാക്കി. സരോജിനിചേച്ചിയെ പൊക്കി എടുത്തത് മൂന്നാല് പേര്‍ ചേര്‍ന്നാണ്. അവരെ കരയില്‍ കിടത്തിയപ്പോള്‍ എല്ലാവരും ഉറക്കെ കരഞ്ഞു. സത്യാര്‍ത്ഥിയും കേശോച്ചോനും വീടിന്റെ തിണ്ണയില്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. ഞാനടുത്തേക്ക് ചെന്നപ്പോള്‍ അവന്‍ അച്ഛന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു.
എന്തിനാണ് സരോജിനി ആ കടുംകൈ ചെയ്തതെന്ന് ആര്‍ക്കും മനസ്സിലായില്ല. ആ വീട്ടില്‍ ഒരു വഴക്ക് പോലും ആരും കണ്ടിട്ടില്ല. കേശോച്ചോനു കുടി കുറച്ചു കൂടുതലായിരുന്നുനെന്നു എല്ലാര്‍ക്കുമറിയാം. കള്ളു വിറ്റ് കിട്ടുന്ന കാശു മുഴുവനും ചിതംബരന്റെ പട്ട ഷാപ്പില്‍ കൊണ്ട് കൊടുക്കുവാന്ന് ഒരിക്കല്‍ മാത്രം സരോജിനി അമ്മയോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാലും ഇളയ കൊച്ചുമായി വെള്ളത്തില്‍ ചാടാന്‍ മാത്രം... സരോജിനി ചേച്ചിയുടെ മരണത്തെപ്പറ്റി കേശോച്ചോന്‍ ആരോടും മനസ്സ് തുറന്നില്ല. കേശോച്ചോന്‍ അത് രഹസ്യപ്പെട്ടിയില്‍ താഴിട്ടു പൂട്ടി വെച്ചു.
ഇപ്പോള്‍ ആളുകള്‍ വലിയ പുരോഗമനമായിപ്പറയുന്ന “ലിവിംഗ് ടു ഗെതര്‍” ഞങ്ങളുടെ നാട്ടില്‍ പ്രയോഗത്തില്‍ വരുത്തിയ ദമ്പതികളായിരുന്നു കേശോച്ചോനും സരോജിനി ചേച്ചിയും. സരോജിനിചേച്ചിയുടെ കഴുത്തില്‍ താലിയുണ്ടായിരുന്നില്ല. പകരം ഗുരുവായൂരപ്പന്റെ ഒരു ലോക്കറ്റായിരുന്നു. നേര്‍ത്ത ചെയിനിന്റെ അറ്റത്ത് സ്വര്‍ണ്ണം ചുറ്റിയ ചുവന്ന ആ ലോക്കറ്റ് സരോജിനിചേച്ചിയുടെ വെളുത്ത കഴുത്തില്‍ മുലകള്‍ക്ക് മുകളിലായി കിടന്നു. താലിയും രേജിസ്ട്രാഫീസും ഇല്ലെങ്കിലും കുടുംബം ഉണ്ടാകും എന്നെനിക്ക് മനസ്സിലായത് അവരില്‍ നിന്നാണ്. ഇരുപതു വയസ്സിന് മൂത്ത കേശോച്ചോനെ പ്രേമിച്ച് എങ്ങനെയാണ് സരോജിനിചേച്ചി “ഓടിക്കൂടി”യത് എന്ന് മാത്രം എനിക്ക് മനസ്സിലായിട്ടില്ല. കേശോച്ചോകോന്‍ സുന്ദരനായിരുന്നു, വയസ്സ് കൂടുതല്‍ ഉണ്ടെങ്കിലും എന്റെ അച്ഛനേക്കാളും ചെറുപ്പമായിരുന്നു. കേശോച്ചോനെപ്പോലെ സരോജിനി ചേച്ചിയെ ചോത്തി ചേര്‍ത്തു വിളിക്കുന്നത് അവര്‍ക്കിഷ്ടമല്ല. എന്നാല്‍ ചേട്ടാന്നു വിളിച്ചാല്‍ അത് കേശോച്ചോനും ഇഷ്ടമല്ല. വയസ്സ് വ്യത്യാസം കൊണ്ടായിരിക്കും എന്നാണമ്മ പറഞ്ഞത്.
എനിക്ക് സത്യാര്‍ത്ഥിയോട് ഒരേയൊരു കാര്യത്തിലെ അസൂയ തോന്നിയിരുന്നുള്ളൂ. അതവന്റെ അച്ഛന്റെ കാര്യത്തില്‍. എപ്പോഴും മക്കളോടും സരോജിനിചേച്ചിയോടും കളിയും ചിരിയുമാണ് കേശോച്ചോന്. അവരുടെ വീട്ടില്‍ ചിരി ഒഴിഞ്ഞ നേരമില്ല. എന്റെ വീട്ടിലാണെങ്കില്‍ നേരെ മറിച്ചും. ഞങ്ങളുടെ അച്ഛന്‍ ജോലിക്ക് പോയിക്കഴിഞ്ഞാലെ ഞാനും അനിയനും ചേച്ചിയും ഒന്ന് ഉറക്കെ ചിരിക്കുക പോലും ചെയ്യുകയുള്ളൂ. സ്കൂള്‍ വിട്ടുവന്ന് എന്നും സന്ധ്യ വരെ ഞങ്ങളെല്ലാവരും കൂടി സത്യാര്‍ത്ഥിയുടെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കും. പാവക്കുട്ടിയേപ്പോലിരിക്കുന്ന സ്വര്‍ണ്ണലതയും ഞങ്ങള്‍ക്കിടയില്‍ കാണും. അവള്‍ കളിക്കിടയില്‍ ഇടക്കോടിപ്പോയി സരിജിനി ചേച്ചിയുടെ ബ്ലൌസ് പൊക്കി മുല കുടിക്കും. അതേ വേഗത്തില്‍ തിരിച്ചോടി കളിക്കാര്‍ക്കിടയില്‍ വന്നിരിക്കും. അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കുളിച്ച് പുസ്തകത്തിന്റെ മുന്നില്‍ കണ്ട് കൊള്ളണം എന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് കളി നിര്‍ത്തി സന്ധ്യക്ക് മുമ്പേ ഞങ്ങള്‍ താമരക്കുളത്തിലേക്ക് ചാടും.
ഇതെന്തൊരച്ഛനാണ് എന്ന് ഞാന്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. ആരോടും ഒരു സംസര്‍ഗവും ഇല്ല. എന്നും ജോലിക്ക് പോകുന്നു, തിരിച്ചു വരുന്നു. അമ്മയോട് എന്തെങ്കിലും സീരിയസ്സായി സംസാരിക്കുന്നു, ബാക്കിയുള്ള സമയം പത്രം വായിക്കുന്നു. എന്നാല്‍ സത്യാര്‍ത്ഥിയുടെ വീട്ടിലോ ”അച്ഛാ സിനിമ കാണണം” എന്ന് കുട്ടികളാരെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി പിറ്റേ ദിവസം അവരെല്ലാം ബാബൂ ടാക്കീസില്‍ ഉണ്ടായിരിക്കും. ഒരിക്കല്‍ ഞങ്ങള്‍ അച്ഛനോട് എത്ര കെഞ്ചിയിട്ടാണ് ഒന്ന് ബാബുവില്‍ സിനിമക്ക് പോയത്. അച്ഛന്‍ കൂടെ വന്നില്ല. കേശോച്ചോന്റെ കൂടെ പോകുവാനുള്ള അനുവാദം കിട്ടി. അത് തന്നെ വലിയ കാര്യം.
മാറ്റിനി കഴിഞ്ഞു തിരികെ പോരുമ്പോള്‍ കേശോച്ചോന്‍ സത്യാര്‍ത്ഥിയെ തോളിലിരുത്തി നടന്നു. അവന്‍ അച്ഛന്റെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എനിക്കു ശരിക്കും അസൂയ തോന്നി. പിന്നെ അവന്റെനിയന്‍ മംഗളാനന്ദന്റെ ഊഴമായി, അതിനിളയവള്‍ പുഷ്പവല്ലി ചിണുങ്ങിയപ്പോള്‍ മംഗളനെ താഴെ ഇറക്കി അവളെ തോളിലിരുത്തി. ഒടുവില്‍ സ്വര്‍ണ്ണയെ തോലിളിരുത്താന്‍ തുനിഞ്ഞപ്പോള്‍ മാത്രം
“വേണ്ട... വേണ്ട... എന്റെ കൊച്ചിനെ വീഴിക്കാന്‍...”
എന്ന് പറഞ്ഞു സരോജിനിച്ചേച്ചി അവളെയെടുത്തു എളിയില്‍ വെച്ചു.
“എന്നാ കൊച്ചിനേം എടുത്ത് നീ ഇങ്ങിരുന്നോടീ..” എന്നായി കേശോച്ചോന്‍. ഞങ്ങള്‍ കേള്‍ക്കുന്നത് കൊണ്ട് സരോജിനിചേച്ചിക്ക് നാണം വരുന്നുണ്ടായിരുന്നു.
“ഒന്ന് പോ..എന്റെ മനുഷ്യാ...”എന്ന് പറഞ്ഞ് അവര്‍ കേശോച്ചോന്റെ കൈ തട്ടിമാറ്റി. സ്വര്‍ണ്ണ പക്ഷെ കേശോച്ചോന്റെ തോലിളിരിക്കാന്‍ വീട് വരെ കരഞ്ഞു.
അവധി ദിവസം അവരുടെ വീട്ടില്‍ ഒച്ചയും ബഹളവുമാണ്. ചെത്തും കഴിഞ്ഞു ഉച്ചയോടെ എത്തുന്ന കേശോച്ചോന്‍ കുടിച്ചുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആ വീടും കൂടെ അവരോടൊപ്പം ചിരിക്കും. വായ തുറന്നു ചിരിക്കുന്ന വാതില്‍പ്പടിയും തുറന്ന് കിടക്കുന്ന ജനാല കണ്ണുകളും അവധി ദിവസങ്ങളില്‍ ആ വീടിനെ ചിരിയില്‍ കുലുക്കിക്കൊണ്ടിരിക്കും.
അമ്മ മരിച്ച കുറെ ദിവസത്തേക്ക് സത്യാര്‍ത്ഥി സ്കൂളില്‍ വന്നില്ല. ഒടുവില്‍ ഞാനവനെ വീട്ടില്‍ ചെന്ന് വിളിച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് അവന്റെ വീട് കുലുങ്ങി വിറക്കുന്നു. അത് ശബ്ദമില്ലാതെ വിതുമ്പുന്നു. പടിവാതിലിന്റെ ചിരിയില്ലാത്ത ആ രൂപമാറ്റം എനിക്ക് ഉള്‍ക്കൊള്ളാനായില്ല. വലിയൊരു കരച്ചില്‍ ജനാലകണ്ണുകള്‍ അടക്കി പിടിച്ചിരിക്കുന്നു. ഇനി സ്കൂളിലേക്കില്ല എന്ന് സത്യാര്‍ത്ഥി തീര്‍ത്തു പറഞ്ഞു. ഒടുവില്‍ കേശോച്ചോന്‍ വടിയെടുത്തപ്പോഴാണ് അവന്‍ എന്റെ കൂടെ വന്നത്. കേശോച്ചോന്‍റെ ദേഷ്യം ആദ്യമായി ഞാന്‍ കണ്ടു.
അവന് എല്ലാവരോടും കുറെ നാളത്തേക്ക് ദേഷ്യമായിരുന്നു. ഒരു ദിവസം ഇംഗ്ലീഷ് കോമ്പോസിഷന്‍ ബുക്കില്‍ ജോസഫ് സാര്‍ “മൈ ഫാമിലി” എഴുതി തന്നപ്പോള്‍ സത്യാര്‍ത്ഥി അവന്റെ ബുക്കില്‍ നിറയെ മഷി കുടഞ്ഞ് കുത്തി വരച്ചു. അന്നവന് സാറിന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ലു കിട്ടി. തല്ലു കൊണ്ടിട്ടും സത്യാര്‍ത്ഥി കരഞ്ഞില്ല. കരിങ്കല്ല് പോലെ നിന്നു. സാറിനെ പട്ടിത്തെണ്ടീന്ന് ചീത്തയും പറഞ്ഞില്ല.
സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴി ആരുമില്ലാത്ത താഴത്ത് പാടത്തെത്തിയപ്പോള്‍ അവന്‍ ശബ്ദം താഴ്ത്തി എന്നോടത് പറഞ്ഞു.
“എടാ അപ്പൂ.... നിന്റച്ഛന്‍ കാരണാ അമ്മേം സ്വര്‍ണ്ണേം മരിച്ചത്”.
എനിക്കൊന്നും മനസ്സിലായില്ലെന്ന് അവന് തോന്നി.
“ഞാന്‍ തന്നെയാ അച്ഛനെ വിളിച്ചത് കാണിച്ചു കൊടുത്തത്. കുറച്ച് നാളായി ഞാനിത് കാണുന്നു. പക്ഷെ അമ്മ അങ്ങനെ ചെയ്യുമെന്നൊരിക്കലും ഓര്‍ത്തില്ല”.
പട പടാ മിടിക്കുന്ന നെഞ്ചുമായി കേട്ടു നിന്ന എന്നോടു അവനൊന്നു കൂടെ പറഞ്ഞു.
“അവള് നിനക്കും അനുജത്തിയായിരുന്നെടാ. അമ്മ എല്ലാം അച്ഛനോട് സമ്മതിച്ചു. മൂന്നു വയസ്സ് വരെ സ്വന്തമെന്നോര്‍ത്ത് വളര്‍ത്തിയ അവള് പോയത് സഹിക്കാന്‍ മേല എന്ന് ഇന്നലേം അച്ഛനെന്നോട് പറഞ്ഞടാ...”
രഹസ്യങ്ങള്‍ക്ക് ഒരു വലിയ കൂടത്തെക്കാള്‍ ഭാരമുണ്ടെന്നു അപ്പോഴാണ് എനിക്ക് മനസ്സിലായത്.
“ആരും അറിയണ്ടന്നാ അച്ഛന്‍ പറഞ്ഞേക്കണത്. വീട്ടിലും വേറാര്‍ക്കും അറിഞ്ഞു കൂടാ. നിന്റമ്മയോട് ഒരിക്കലും പറേല്ലേ..... അമ്മയില്ലാണ്ട് ജീവിക്കാന്‍ ഒരു സുഖോം ഇല്ലപ്പൂ....”
അമ്മ മരിച്ചതിന് ശേഷം സത്യാര്‍ത്ഥി കരയുന്നത് അപ്പോഴാണ്. അവന്റെ വലിയ വായിലെ കരച്ചിലിനെക്കാള്‍ വലിയൊരു കരച്ചില്‍ ശബ്ദമില്ലാതെ എന്റെ നെഞ്ചില്‍ കുടുങ്ങി.
ആണ്‍ പെണ്‍ ബന്ധങ്ങള്‍ പതിയെ മനസ്സിലാക്കി വരുന്ന പതിനൊന്ന് വയസ്സിന്റെ പ്രായത്തില്‍ അറിഞ്ഞ കൈയ്ക്കുന്ന അറിവുകള്‍. “ഇറങ്ങിപ്പോടോ...പട്ടി” എന്നലറുന്ന കേശോച്ചോന്റെ കത്തുന്ന കണ്ണുകള്‍. അവരുടെ വീട്ടിലെ ചായ്പ്പ് മുറിയില്‍ നിന്നും തലയും താഴ്ത്തി ഇറങ്ങി ഓടിയ എന്‍റെ അച്ഛന്‍... ഭയന്ന് വിളറിയ സരോജിനിച്ചേച്ചി....
ഒരടി പോലും നടക്കാനാവാതെ ഞാന്‍ പാട വരമ്പത്തിരുന്നു.
ദുര്‍മരണം കഴിഞ്ഞ വീടിനടുത്ത് താമസിക്കാന്‍ കൊള്ളില്ല, താമരക്കൊളത്തിനരികത്ത് കൂടെ പോയാ മക്കള് പേടിക്കും എന്നൊക്കെ പറഞ്ഞു വീട് വില്‍ക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍. ചിത്രങ്ങള്‍ എല്ലാം വ്യക്തമാകുകയാണ്.
“ഞങ്ങക്കാര്‍ക്കും ഒരു പേടീം ഇല്ല...അവള് സരോജിനി എനിക്ക് കൂടപ്പിറപ്പിനെപ്പോലാ. പാവം അതിനൊരു പൊട്ട ബുദ്ധി തോന്നി അവളെന്നാ ചെയ്യുമെന്നാ നിങ്ങളീ പറയുന്നത്..? നിങ്ങക്കെന്നാ പറ്റി..?.”
അമ്മ. പാവം...വിഡ്ഢി...പരമ വിഡ്ഢി...
അച്ഛന്‍ കേശോച്ചോന്‍റെ കണ്ണില്‍ പെടാതെ മാറി നടക്കുന്നത് അറിയാവുന്ന രണ്ടേ രണ്ടു പേര്‍ മാത്രം. അച്ഛന്‍ മരിച്ചിട്ടും കേശോച്ചോന്‍ കാണാന്‍ വന്നില്ല. മരണ ദിവസം വീടിന് മുന്നില്‍ കൂടിയ ആള്‍കൂട്ടത്തില്‍ കണ്ടതോര്‍മ്മയുണ്ട്.
രഹസ്യങ്ങള്‍ക്ക് അങ്ങനെയും ചില ഗുണങ്ങളുണ്ട്. അത് പലരുടെയും രക്ഷകനാകും. അച്ഛന്‍റെ പൊയ്മുഖത്തിന്റെ, അമ്മയുടെ ജീവന്റെ. ഞങ്ങളുടെ ജീവിതത്തിന്റെ. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് കൊണ്ട് വലിയവനാകാം എന്ന് പറഞ്ഞു നടന്ന കേശോച്ചോന് രഹസ്യങ്ങളെന്താണ് കൊടുത്തത്...?
താമരക്കുളത്തിനപ്പുറത്തെ പുക അടങ്ങിയിരിക്കുന്നു. ആ കുളം ഇപ്പോള്‍ ഏതാണ്ട് നികന്ന മട്ടാണ്. പുല്ലും പൊന്തയും കയറി കുളമേത് കരയേത് എന്ന് തിരിച്ചറിയാന്‍ പ്രയാസം. സ്വര്‍ണ്ണയും സരോജിനിച്ചേച്ചിയും മരിച്ച ശേഷം ഞങ്ങളാരും അതിലിറങ്ങിയിട്ടില്ല.
സത്യാര്‍ത്ഥി ചിതക്കരികില്‍ നില്‍ക്കുന്നത് കണ്ട് ഞാനങ്ങോട്ട് ചെന്നു.
“അച്ഛനിന്നലേ വരെയും നല്ല ബോധമുണ്ടായിരുന്നു. സ്വര്‍ണ്ണയുടേം അമ്മേടേം കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. അന്നു രാത്രിയും സ്വര്‍ണ്ണയെ നെഞ്ചില്‍ കിടത്തി ഉറക്കിയ കാര്യം പറഞ്ഞു. ക്ഷമിച്ചേനെ......ഒക്കെ ക്ഷമിച്ചേനേ... എന്ന് പറഞ്ഞ് കുറെ നേരം കരഞ്ഞു.
ഞാന്‍ മറുപടി ഒന്നും പറയാതെ തീയും പുകയും അടങ്ങിയ ചിതയിലേക്ക് നോക്കിയിരുന്നു. ഒരു ശരീരം കത്തിത്തീരാന്‍ ഇത്ര കുറഞ്ഞ സമയം മതിയെന്നോ...? എത്ര പെട്ടെന്നാണ് കേശോച്ചോനെ അഗ്നി വിഴുങ്ങി തീര്‍ത്തത്.. കൊല്ലങ്ങളോളം ഹൃദയത്തില്‍ അഗ്നി വഹിച്ചു നടന്ന പാവം വൃദ്ധനെ ഭൌതികമായ ഒരു ജ്വാലക്ക് എന്താണ് കാര്യമായി ചെയ്യാനുണ്ടാവുക...?.
മനുഷ്യ ജീവിതം ചിലഅവസരങ്ങളിൽ രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ്.ലാളിത്യമാർന്ന നല്ല കഥ റോസിലി
ReplyDeleteGood one. Best wishes.
ReplyDeleteമനോഹരമായി റോസിലി.ഒരു തടസ്സവുമില്ലാതെ വായിച്ചു.ഏതായാലും കുറച്ചു ദിവസം മനസ്സിലുണ്ടാവും
ReplyDeleteഒക്കെ ക്ഷമിച്ചേനെ എന്ന മനസുള്ള കേശോച്ചോനെ ഇഷ്ടമായി . നീയും കേറിക്കോടി കൊച്ചിനേം കൊണ്ട് എന്ന തോൾ വിരിവുള്ള കേശോച്ചൊനൊട് ചെറിയ അസൂയ ചേർത്തു നേർപ്പിച്ച ആരാധന .
ReplyDeleteഹൃദയത്തിൽ അഗ്നി ഒളിച്ചു വച്ചവനെ ദഹിപ്പിക്കാൻ അഗ്നിക്കെത്ര എളുപ്പം എന്ന ശൈലി ഇഷ്ടമായി
ആൺ പെൺ ബന്ധങ്ങളിലെ കാണാ കെട്ടുകൾ അഴിയ്ക്കാനോ മുറുക്കാനോ ഉള്ള ശ്രമം അത്ര വിജയിച്ചില്ല എന്നു വേണമെങ്കിൽ പറയാം . വിമർശനം കുടിയേ കഴിയൂ എങ്കിൽ. അയൽപക്കത്തെ ചേട്ടനിലേക്ക് വളർന്ന കാമത്തിന്റെ വള്ളികൾക്ക് വേരുപിടിക്കാൻ നിലം ഒരുക്കിയില്ല ശരിയായിട്ട് എന്നൊരു തോന്നൽ ...
ഹൃദ്യം. രണ്ടു വീടിന്നിടയിലെ ആമ്പൽക്കുളം
ReplyDeleteഈ പേരു കണ്ടു ഞെട്ടിപ്പോയി ട്ടോ!!!
Deleteവളരെ ഹൃദ്യമായി പറഞ്ഞ അയലക്ക വിശേഷണങ്ങളിൽ
ReplyDeleteകൂടി മനുഷ്യ മനസ്സിനുള്ളിലെ വികാരങ്ങളുടെ താളമേളങ്ങൾ
ശരിക്കും തുടി കൊട്ടി പാടിയിരിക്കുന്ന അസ്സൽ കഥയാണിത് കേട്ടോ ..!
അസ്സലെഴുത്ത്, കേശവച്ചോനും ആപ്പും, സത്യാർദ്ധിയും അവരുടെ രഹസ്യങ്ങളും മനസ്സിൽ കയറിക്കൂടി... ആയമ്മ മരിച്ച് പൊങ്ങിയതും ആ കുട്ടിയുടെ മരണം അതിന്റെ രഹസ്യം പറഞ്ഞുള്ള സത്യ യുടെ കരച്ചിൽ ഹോ നെഞ്ചിൽ തട്ടി കേട്ടോ
ReplyDeleteനന്നായി പറഞ്ഞു
ReplyDeleteആശംസകൾ..
വായിച്ചു.
ReplyDeleteVoww .. speechless
ReplyDeleteമനസ്സിനൊപ്പം മരിച്ചുപോകുന്ന ഒരുപാട് രഹസ്യങ്ങള്‍ ഓരോ മനുഷ്യനും ഉണ്ടാകും..കേശോച്ചന്റെ സങ്കടങ്ങള്‍ ഒരുപാട് ജീവിതങ്ങളുടെ സങ്കടങ്ങള്‍ ദുരന്തങ്ങള്‍ ഒക്കെ ഹൃദയത്തില്‍ കനക്കുന്നു..നല്ല കഥ.
ReplyDeleteവളരെ ലളിതമായ അവതരണം. സാധാരണ സംഭവം എങ്കിലും വളരെ പരത്തിപറയാതെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്ത എഴുത്ത് നന്നായിരിക്കുന്നു.
ReplyDeleteതുറന്നുവിട്ടാല്‍ സ്പോടനവും പിന്നെ ദുസ്സഹമായ ദുര്‍ഗന്ധവും ഉണ്ടാകുമായിരുന്ന
ReplyDeleteമൂടിവച്ചരഹസ്യച്ചെപ്പ് കത്തിയമര്‍ന്നപ്പോള്‍......
ഹൃദയസ്പര്‍ശിയായ അവതരണം
ആശംസകള്‍
ഉഗ്രൻ കഥ റോസിലിച്ചേച്ചീ.
ReplyDeleteചെറിയ ജീവിതം നയിക്കുന്നവർക്കിടയിൽ എത്ര മനോഹരമായ വർണ്ണപ്രപഞ്ചങ്ങളാണു വിടർന്നു നിൽക്കുന്നത്.അതിനിടയിൽ അവയെ മായ്ച്ചു കളയാൻ ചില അശനിപാതങ്ങളും...
കുറേക്കാലം കൂടി വായിച്ച മനസ്സിൽ തട്ടുന്ന കഥ.
ഭാര്യയോടും വായിക്കാൻ പറഞ്ഞിട്ടുണ്ട്.
നല്ലൊരു വായനയ്ക്ക് നന്ദി!!!
ഒരു തട്ടും തടയുമില്ലാതെ മനോഹരമായി വായിച്ചുപോയി.. കഥാപാത്രങ്ങളെയെല്ലാം എവിടെയെല്ലാമോ പരിചയമുള്ളതുപോലെ. പക്ഷേ 'സത്യാർത്ഥി' എന്ന പേരിൽ ആകെ കൈലാഷ് സത്യാർത്ഥിയെ മാത്രമേ കേട്ടിട്ടുള്ളു ;-)
ReplyDelete