11.6.11

പിതൃ ദേവോ ഭവ:

മുറ്റമാകെ കാടു പിടിച്ചു കിടന്നിരുന്ന “ഗ്രീന്‍ കോട്ടേജി”ന്റെ ജനലും വാതിലും തുറന്നു കിടക്കുന്നത് കണ്ട അയല്പക്കക്കാര്‍ അമ്പരന്നു. അതിലെ താമസക്കാരനായിരുന്ന ഗ്രിഗറി അങ്കിള്‍ മരിച്ചിട്ട് ഇപ്പോള്‍ മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു. അതിനു ശേഷം ആ വീട്ടില്‍ ആരും വരവുണ്ടായിരുന്നില്ല. ഇതിപ്പോള്‍ ആരാ വന്നിരിക്കുന്നതെന്നറിയാതെ കോളനിയിലുള്ളവര്‍ പരസ്പരം നോക്കി. അങ്കിള്‍ മരിച്ച കുറച്ചു നാളേക്ക് ആ വീടിന്റെ ഹാളില്‍ സീറോ ബള്ബിന്റെ നീല നിറത്തില്‍ മങ്ങിയ വെളിച്ചമുണ്ടായിരുന്നു. പിന്നീട് അത് എപ്പോഴോ കേടായി അവിടമാകെ ഇരുള്‍ മൂടി കിടക്കുകയായിരുന്നു .

ഗ്രിഗറി അങ്കിളിന്റെ വീട്ടില്‍ വന്നയാളെ അറിയുന്നതിന് മുന്പേ അറിയേണ്ടത്‌ ഗ്രിഗറി അങ്കിളിനെയല്ലേ. ഗ്രിഗറി അങ്കിള്‍ നഗരത്തിലെ പേരു കേട്ട കമ്പനിയില്‍ നിന്നും റിട്ടയറായ എന്ജിനീയര്‍. “ഗ്രീന്‍ കോട്ടേജി”ല്‍ തനിയെ താമസം. ഭാര്യയും രണ്ടു മക്കളും കൊല്ലങ്ങള്ക്ക് മുന്പേ പിണങ്ങിപ്പോയതാണ്. അന്ന് തൊട്ടു അങ്കിള്‍ തനിയെ. അയല്പക്കക്കാരുമായി യാതെരു ബന്ധവുമില്ലാതെയാണ് അദ്ദേഹത്തിന്റെ ജീവിതം. ആരോടും ആവശ്യമില്ലാതെ സംസാരിക്കില്ല. എല്ലാ ദിവസവും വൈകുന്നേരം നടക്കുവാന്‍ പോകും. തിരിച്ചു വരുമ്പോള്‍ കയ്യില്‍ കടയില്‍ നിന്ന് വാങ്ങിയ പാല്‍ കവര്‍ കാണും. പച്ചക്കറികള്‍ ഒന്നും വാങ്ങേണ്ട ആവശ്യം അങ്കിളിനില്ല. എല്ലാം വീട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറികള്‍ മാത്രമല്ല അങ്കിളിന്റെ മുറ്റത്തുള്ളത്. നല്ലൊരു പൂന്തോട്ടവും. വിശാലമായ മുറ്റത്തിന്റെ ഒരു ഭാഗം നിറയെ പുല്ത്തകിടിയാണ്. നല്ല പച്ച നിറത്തില്‍ അതങ്ങനെ കണ്ണിനു കുളിര്മ നല്കി പരന്നു കിടക്കുന്നു. ആ കോളനിയിലെ വീടുകളും ഫ്ലാറ്റുകള്ക്കും അഞ്ചോ ആറോ സെന്റില്‍ കൂടുതല്‍ സ്ഥലിമില്ലാത്തപ്പോഴാണ് ഗ്രിഗറി അങ്കിളിന്റെ ഇരുപത്തഞ്ചു സെന്റിലെ പച്ച നിറത്തില്‍ പെയിന്റടിച്ച ആ ഒറ്റ നില വീടും അതിനു ചുറ്റുമുള്ള തോട്ടവും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആ കോളനി ഒരു റെസിഡെന്ഷ്യല്‍ ഏരിയ ആകുന്നതിനു മുന്പേ അങ്കിള്‍ വാങ്ങിയതാണത്രേ ആ സ്ഥലം. പിന്നീട് അത് ജനവാസകേന്ദ്രമായപ്പോള്‍ പലരും അതില്‍ നിന്ന് കുറച്ചു വില്ക്കു്മോ എന്ന് ചോദിച്ചു വന്നപ്പോള്‍ അങ്കിള്‍ കൊടുത്തില്ലെന്ന് മാത്രമല്ല. ചോദിച്ചു ചെന്നവരെ മുഷിപ്പിച്ചു വിടുകയും ചെയ്തു. പിന്നീട് ആര്ക്കും സ്ഥലം കൊടുക്കുവാനുണ്ടോ എന്ന് ചോദിച്ച് ചെല്ലുവാനുള്ള ധൈര്യം ഉണ്ടായില്ല.

അയല്ക്കാരുമായി യാതൊരു സമ്പര്ക്കവുമില്ലാത്ത അങ്കിളിനു അയല്ക്കാര്‍ ആരെന്നു പോലും ശരിക്ക് അറിയില്ല എന്നതാണ് സത്യം. ആരും തന്റെ വീടിന്റെ ഗെയിറ്റ് തുറക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. പത്രക്കാരനല്ലാതെ ആരും ആ ഗെയിറ്റ് അങ്ങനെ തുറക്കാറുമില്ല. കോളനി അസ്സോസ്സിയേഷനില്‍ അംഗത്വമില്ലാത്ത ഏകയാള്‍ ഗ്രിഗറിഅങ്കിളാണ്. “ഞാന്‍ ഈ പറമ്പ് വാങ്ങി വീട് വെച്ചത് ആരും സഹായിച്ചിട്ടല്ല. അതുകൊണ്ട് തന്നെ എനിക്ക് ആരുടെയും സഹായം വേണ്ട” എന്ന് മുഖത്തടിച്ചു പറയുവാന്‍ അദ്ദേഹത്തിനു ഒരു മടിയുമില്ല.
എന്തിനു ഏറെ പറയുന്നു, അയല്പ്ക്കത്തെ കുട്ടികളുടെ സ്കൂള്‍ ബസ്സിന്റെ ഡ്രൈവര്ക്ക് പോലും അദ്ദേഹത്തെ പേടിയായിരുന്നു. കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങുവാന്‍ താമസിച്ച ഒരു ദിവസം ഹോണ്‍ അടിച്ചതിനു ഡ്രൈവര്‍ കേട്ട ചീത്തക്ക്‌ കണക്കില്ല. അയല്പക്കത്ത് താമസിക്കുന്നവരെ ഇങ്ങനെ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി കൊടുക്കുമെന്ന് വരെ അങ്കിള്‍ അയാളെ ഭീഷണിപ്പെടുത്തി. അതിനു ശേഷം സ്കൂള്‍ ബസ്സ് കുറച്ചു ദൂരെക്ക് മാറ്റിയെ അയാള്‍ നിറുത്തിയിട്ടുള്ളു.
ഗ്രിഗറി അങ്കിള്‍ തനിയെ ആ വീട്ടില്‍ താമസിച്ചു , തനിയെ പാചകം ചെയ്തു, വീട് വൃത്തിയാക്കി, ബാക്കിയുള്ള സമയം മുഴുവനും തോട്ടം പരിചരണത്തില്‍ മുഴുകി.
അങ്കിളിനെ ശല്യപ്പെടുത്തുന്നതില്‍ പ്രധാനിയാണ് രണ്ടു വീടുകള്ക്കപ്പുറമുള്ള തമിഴന്‍ നാരായണസ്വാമിയുടെ മകന്‍ ബാലമുരളി. ബുദ്ധിയില്‍ കുറച്ചു കുറവുള്ള ബാല പത്താം ക്ലാസ്സ് തോറ്റതോടെ പഠിപ്പ് നിറുത്തി വെറുതെ കറങ്ങി നടപ്പാണ്. ബാല ഗ്രിഗറി അങ്കിളിന്റെ സ്വഭാവമൊന്നും കണക്കാക്കാതെ ചിലപ്പോള്‍ ആ ഗെയിറ്റ് തുറന്നു തോട്ടത്തിലൂടെ ഒരു ചുറ്റല്‍ നടത്തി ചെടികളുടെയും പൂക്കളുടെയും കണക്കെടുപ്പ്‌ നടത്തും. പുല്‍ത്തകിടിയിലൂടെ നടക്കുന്ന അവന്റെ നേരെ “നിന്നോടു പറഞ്ഞിട്ടില്ലേടാ പാണ്ടി..എന്റെ പറമ്പില്‍ കാലു കുത്തരുതെന്ന്‍...” എന്ന്‍ പറഞ്ഞു അങ്കിള്‍ സിംഹത്തെപ്പോലെ ഗര്ജ്ജിപച്ചു ചെന്നാലും അവന്‍ ഒരു നാണവുമില്ലാതെ തരം കിട്ടുമ്പോഴെല്ലാം ഗെയിറ്റ് തുറന്നു ഉള്ളില്‍ കയറും. അങ്കിള്‍ പല പ്രാവശ്യം ഇക്കാര്യം പറഞ്ഞു നാരായണ സ്വാമിയുടെ വീട്ടില്‍ ചെന്ന് വഴക്കുണ്ടാക്കിയിട്ടുണ്ട്. നാരായണസ്വാമിയുടെ ഭാര്യ ആനന്ദലക്ഷ്മി “എനിക്ക് എന്ത് ചെയ്യാനാവും ”എന്ന ഭാവത്തില്‍ അങ്കിളിനെ ദയനീയമായി നോക്കും. “മക്കളെ മര്യാദക്ക് വളര്ത്താനറിയാത്ത വര്ഗം” എന്ന്‍ പിറുപിറുത്തു കൊണ്ടു അങ്കിള്‍ അവിടെ നിന്നും ഇറങ്ങിപ്പോരുകയും ചെയ്യും.
അങ്ങനെ ഒരു ഉച്ചകഴിഞ്ഞ നേരം, ബാല ശബ്ദമുണ്ടാക്കാതെ ഗെയിറ്റ് തുറന്നു തോട്ടത്തിലൂടെ ചുറ്റി നടപ്പെല്ലാം കഴിഞ്ഞിട്ടും ഗ്രിഗറി അങ്കിളിനെ വഴക്ക് പറയാന്‍ കാണുന്നില്ലല്ലോ എന്ന്‍ അതിശയിച്ച് വീടിനു ചുറ്റും നടന്നു ജനലിലൂടെ നോക്കിയപ്പോഴാണ് അത് കണ്ടത്‌ അങ്കിള്‍ അവന്‍ കയറിയതൊന്നും അറിയാതെ ഒരു കസേരമേല്‍ ഇരുന്നു ഉറങ്ങുന്നു !!!! ജനലിനടുത്ത് ചെന്ന് നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ നിന്നും വല്ലാത്ത ദുര്ഗ്ഗന്ധം.
പേടിച്ചു പോയ ബാല കോളനിയിലാകെ വിവരം അറിയിച്ചതിന്റെയ ഫലമായി “ഗ്രീന്‍ കോട്ടേജി”ന്റെ മുന്നില്‍ ആദ്യമായി ഒരു ചെറിയ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടു. കസേരയില്‍ ഇരുന്നു വായിക്കുമ്പോള്‍ ആള്‍ മരണപ്പെട്ടതാണെന്നു വ്യക്തം. മരണം നടന്നിട്ട് രണ്ടു ദിവസത്തിലധികമായിരിക്കുന്നു. വീടിനു മുന്നിലെ വരാന്തയില്‍ തുറന്നു നോക്കാതെ കിടക്കുന്ന പത്രങ്ങള്‍ അത് ശരി വെച്ചു. മൂന്ന് ദിവസം മുന്പ് നടത്തം കഴിഞ്ഞു വന്ന അങ്കിള്‍ വീടിനു മുന്നില്‍ ഫുട്ബോള്‍ കളിച്ച കുട്ടികളോടു
“നിന്നോടൊക്കെ എത്ര പ്രാവശ്യം പറയണം എന്റെ വീടിന്റെ മുന്നില്‍ കളിച്ചാല്‍ പന്ത്‌ അകത്ത് പോയി എന്‍റെ ചെടികള്‍ നശിപ്പിക്കുമെന്ന്..?” എന്ന് ശാസിച്ചശേഷം വീടിനുള്ളിലേക്ക് കയറിപ്പോയത് കണ്ടവരുണ്ട്.
പിന്നെ ആകെ ഒരു ബഹളമായിരുന്നു. ബഹളം മുഴുവനും വീടിനു മുന്നിലെ റോഡിലായിരുന്നു. ദുര്ഗന്ധം വമിക്കുന്ന വീടിനുള്ളിലേക്ക് കയറുവാന്‍ ആളുകള്‍ മടിച്ചു നിന്നു. ഒടുവില്‍ അസ്സോസ്സിയേഷന്‍ സെക്രട്ടറി ഭാര്ഗവന്‍ “ഇങ്ങനെ ഇരുന്നാല്‍ കാര്യങ്ങള്ക്ക് നീക്കുപോക്കുണ്ടാവില്ല”. എന്ന് പറഞ്ഞു വീടിനുള്ളിലേക്ക് കയറി ഗ്രിഗറി അങ്കിളിന്റെ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച് ആരെയൊക്കെയോ മരണ വിവരം അറിയിച്ചതിന്റെ് ഫലമായി വൈകുന്നേരത്തോടെ വിവധ വാഹനങ്ങളിലായി ബന്ധുക്കള്‍ എത്തിച്ചേര്ന്നു.

കസേരയില്‍ ഇരുന്നു മരിച്ച കാരണം ഗ്രിഗറി അങ്കിളിന്റെ ശവ സംസ്കാരത്തിന് സാധാരണ പെട്ടി സാധ്യമാകുമായിരുന്നില്ല .അത് കൊണ്ടു ആശാരിയെ വരുത്തി വലിയ ഒരു പെട്ടിയുണ്ടാക്കുന്ന ജോലിയും കോളനിക്കാരുടെ ഉത്തരവാദിത്വമായി. പള്ളിയും പട്ടക്കാരനും ഇല്ലാതെ ജീവിച്ച അങ്കിളിന്റെ സംസ്കാരത്തിന് പള്ളിക്കാര്‍ ചെറുതായി ഇടഞ്ഞെങ്കിലും അഴുകി തുടങ്ങിയ മൃതദേഹത്തെയോര്ത്ത് ‌ രാത്രി തന്നെ സംസ്കാരവും നടത്തി. അന്ന് രാത്രി തന്നെ വന്ന ബന്ധുക്കള്‍ സ്ഥലം വിടുകയും ചെയ്തു.

ദിവസങ്ങള്‍ നീങ്ങവേ വീടിന്റെ മുറ്റത്ത് നിന്നിരുന്ന പൂച്ചെടികള്‍ ഒന്നൊന്നായി വാടിക്കരിഞ്ഞു, ഉണങ്ങിയ കമ്പുകളുമായി ചെടിച്ചട്ടികള്‍ അവശേഷിച്ചു. മനോഹരമായ പുല്ത്തകിടി അവിടവിടെ കരിഞ്ഞു വികൃതമായി കിടന്നു, പിന്നീടവ പൂര്ണ്ണ മായി ഉണങ്ങി. അത്ര പെട്ടെന്ന് വാടാത്ത പലവര്ണ്ണത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്ന തെച്ചി,ചെമ്പരത്തി തുടങ്ങിയ ചെടികള്‍ കരിഞ്ഞു തളര്ന്നു നിന്നെങ്കിലും മഴക്കാലത്ത്‌ അവ ഉണര്‍വോടെ വീണ്ടും വളര്ന്നു . വേനലില്‍ അവ വീണ്ടും വെയിലേറ്റു മൃത പ്രായരായി. വീടിന്റെ മുറ്റത്ത് നിന്നിരുന്ന മാവുകളുടെ ഇലകള്‍ മുറ്റത്ത്‌ കരിഞ്ഞു കുമിഞ്ഞു കൂടി കിടന്നു.

ഒരു പ്രേത ഭവനം പോലെ ആ വീട് ഒരു ദു:ശകുനമായി കോളനിയില്‍ നിലകൊണ്ടു. സന്ധ്യ കഴിഞ്ഞാല്‍ ബാലക്ക് അതിനു മുന്നിലൂടെ തനിയെ നടക്കുന്നത് പോലും പേടിയായിരുന്നു. ഒരു ദിവസം രാത്രിയില്‍ ഹാളിലെ സീറോ ബള്ബിന്റെ വെളിച്ചത്തില്‍ അവന്‍ വീടിനുള്ളില്‍ നിഴലനക്കം കണ്ടത്രേ. മാമ്പഴക്കാലത്ത് മുറ്റത്തെ മാവുകളില്‍ നിന്ന് വീഴുന്ന പഴുത്ത മാങ്ങ പോലും ആരും എടുത്തില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഗ്രിഗറി അങ്കിളിനെ അവര്‍ ഒരു പോലെ ഭയപ്പെട്ടു. കുറെ മാസങ്ങള്ക്ക് ‌ ശേഷം ബള്ബിന്റെ ചെറിയ വെളിച്ചവും ഇല്ലാതായതോടെ രാത്രികളില്‍ ആ വീട് ഒരു ഇരുട്ട് കോട്ടയായി
അങ്ങനെ ആരോരുമില്ലാതെ കിടന്ന വീട്ടില്‍ ഇപ്പോഴിതാ ആരോ വന്നിരിക്കുന്നു..
“അന്ത ആള്‍ ലോക്ക്‌ ഉടച്ചിട്ടു താന്‍ ഉള്ളെ ഏറിയത്.. “
എന്ന ബാലയുടെ പ്രഖ്യാപനം കോളനിക്കാരെ വീണ്ടും വിഷമത്തിലാക്കി. ഒടുവില്‍ സെക്രട്ടറി ഭാര്ഗവന് പോയി കാരണം അന്വേഷിച്ചപ്പോഴാണ് ആ വിവരം കിട്ടിയത്‌. അത് അങ്കിളിന്റെ മകനാണത്രേ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു വാസുദേവന്‍.
“ഗ്രിഗറി അങ്കിളിന് എങ്ങനെ വാസുദേവന്‍ എന്നൊരു മകന്‍..? അങ്കിളിന്റെ് രണ്ടു മക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്. ഒരാണും ഒരു പെണ്ണും. രണ്ടു പേരും എറണാകുളത്ത് താമസിക്കുന്നു. പിന്നെയെങ്ങനെ ഈ വാസുദേവന്‍..?”
ഭാര്ഗവന്റെ ഭാര്യ സൌമിനിക്ക്‌ എത്ര ചിന്തിച്ചിട്ടും വന്നയാള്‍ പറഞ്ഞതിന്റെ സാംഗത്യം പിടികിട്ടുന്നില്ല.
വന്നയാള്‍ ഹോസില്‍ വെള്ളം ചീറ്റിച്ച് വീട്ടിലെ പൊടി വൃത്തിയാക്കിക്കൊണ്ടിരുന്നത് നോക്കി കോളനിക്കാര്‍ വീടിനു മുന്നില്‍ സംശയത്തോടെ നിന്നു.
ഒടുവില്‍ സെക്രട്ടറിക്ക് ഒന്നു രണ്ടു പേരെക്കൂട്ടി വീണ്ടും വീട്ടില്‍ ചെന്നു കാര്യം അന്വേഷിക്കേണ്ടി വന്നു.
“ഇതാ ഇത് നോക്കിക്കൊള്ളൂ സംശയം വെക്കേണ്ട കാര്യമില്ല”
എന്ന് പറഞ്ഞ വാസുദേവന്‍ ചെറു ചിരിയോടെ ബാഗില്‍ നിന്നും വീടിന്റെ പ്രമാണം എടുത്തു അവരെ കാണിച്ചു കൊടുത്തു. സുലോചന എന്ന സ്ത്രീയില്‍ ഉണ്ടായ തന്റെക മകനായ വാസുദേവന് പതിനഞ്ചു കൊല്ലം മുന്പ്ല അങ്കിള്‍ എഴുതി വെച്ച ഇഷ്ടദാനത്തിന്റെ രേഖയായിരുന്നു അത്. അതോടെ കോളനിക്കാര്ക്ക് അങ്കിളിന്റെ ഭാര്യയും മക്കളും പിണങ്ങി പോയതിന്റെന കാരണം പിടി കിട്ടിക്കഴിഞ്ഞു. അങ്കിളിന്റെ മറ്റൊരു ബന്ധത്തിലെ കുട്ടിയാണത്രേ ഈ അമേരിക്കക്കാരന്‍.
നാളെത്തന്നെ എന്റെ ഭാര്യയും മകളുമായി ഇവിടെ വന്നു താമസിക്കും” എന്ന് പറഞ്ഞു അയാള്‍ വൈകുന്നേരം പോകുകയും ചെയ്തു.
പിറ്റേ ദിവസം വാസുദേവന്‍ ഭാര്യയും മകളുമായി ആ വീട്ടില്‍ താമസമാക്കി. ഗ്രിഗറി അങ്കിളിന്റെ ഭാര്യയും മക്കളും താമസിയാതെ വീട്ടിലെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞു എത്തിക്കഴിഞ്ഞു. മൂന്നു കൊല്ലത്തിനു മുന്പ് ശവസംസ്കാരം കഴിഞ്ഞു പിന്നിടിങ്ങോട്ട് കടക്കാതിരുന്ന അവര്‍ വീടിന്റെ പുതിയ അവകാശിയുമായി ചില്ലറ വാക്കേറ്റം നടത്തി നോക്കിയെങ്കിലും “ഇനി അമേരിക്കക്ക് പോകാതെ ഇവിടെത്തന്നെ താമസിക്കും” എന്ന പ്രഖ്യാപനത്തോടെ വാസുദേവന്‍ വീടിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ അവര്‍ ഒന്നും പറയാനില്ലാതെ മങ്ങിയ മുഖവുമായി തിരിച്ചു പോയി.

ഗ്രിഗറി അങ്കിളിന്റെ വീടിന്റെ മാറ്റം വളരെ പെട്ടെന്നായിരുന്നു. പുതിയ പച്ച നിറത്തിലെ കര്ട്ടനുകള്‍ ആ വീടിനു ഒരു പ്രത്യേക ഭംഗി നല്കി. വാസുദേവന്റെ അഞ്ചു വയസ്സുള്ള മകള്‍ സ്നേഹയും ഭാര്യ രാഗിണിയും കോളനിക്കാരുടെ പ്രിയപ്പെട്ടവരായി മാറി. കോളനിയിലെ റോഡിലൂടെ തന്റെ കൊച്ചു സൈക്കിളില്‍ ചുറ്റി നടന്ന സ്നേഹ എന്ന കൊച്ചു സുന്ദരിക്ക്‌ വളരെ വേഗം കളികൂട്ടുകാരെ കിട്ടി. വേനലാധിക്കാലമായതിനാല്‍ കോളനിയിലെ കുട്ടികള്‍ മിക്കവാറും സ്നേഹയുടെ കൂടെ കളിച്ചു കൊണ്ട് ഗ്രിഗറി അങ്കിളിന്റെ വീട്ടില്‍ തന്നെയായിരിക്കും. അവര്‍ വീടിന്റെ മുറ്റത്തെ മാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടി, മാഞ്ചുവട്ടില്‍ പുല്പായയില്‍ ഇരുന്നു കഥകള്‍ പറഞ്ഞു, ചിത്ര പുസ്തകങ്ങളില്‍ കളര്‍ പെന്സി്ലുകള് കൊണ്ട് ചായം തേച്ചു.
വാസുദേവന്‍ മിക്ക സമയവും തോട്ടത്തില്‍ തന്നെയായിരുന്നു. കൂടെ രണ്ടു മൂന്നു പണിക്കാരും കാണും. നശിച്ചു കിടന്നിരുന്ന പുല്ത്തകിടി നന്നാകുവാനുള്ള നടപടികളാണ് അയാള്‍ ആദ്യം തുടങ്ങിയത്‌. ചെടിച്ചട്ടികളില്‍ ഉണങ്ങി കരിഞ്ഞു കിടന്നിരുന്ന ചെടികള്ക്ക് പകരം പല വര്ണ്ണത്തില്‍ പൂത്തുനില്ക്കുന്ന റോസചെടിയും അന്തൂറിയവും ഓര്ക്കിഡുകളും എന്ന് വേണ്ട അതി മനോഹരന്മായ ആ പൂന്തോട്ടം ആഴ്ചകള്ക്കുള്ളില്‍ പുനസൃഷിക്കപ്പെട്ടു. ഉച്ച നേരത്ത്‌ ശബ്ദമുണ്ടാക്കാതെ ഗെയിറ്റ് തുറന്നു പതുങ്ങി വരുമായിരുന്ന ബാല സ്നേഹമോളുടെ ചങ്ങാതിയായി മിക്കപ്പോഴും അവിടെത്തന്നെ കാണും. മാങ്ങ പഴുക്കുന്ന സമയമായിരുന്നു അത്. രാഗിണി കൊടുത്തയച്ച മാങ്ങകള്‍ കോളനിക്കാര്‍ രുചിയോടെ തിന്നു. അടുത്ത ദിവസം തന്നെയായിരുന്നു സ്നേഹമോളുടെ അഞ്ചാം പിറന്നാള്‍. കോളനിക്കാരെയെല്ലാം വിളിച്ചു വൈകുന്നേരം വീട്ടില്‍ ഗംഭീര പാര്ട്ടിയുണ്ടായിരുന്നു. ആ കോളനിയില്‍ പത്തും പതിനഞ്ചും കൊല്ലമായി താമസിച്ചിരുന്നവര്‍ അങ്ങനെ ആദ്യമായി ഗ്രിഗറി അങ്കിളിന്റെ വീട്ടിലെ ഒരു സല്ക്കാരത്തില്‍ പങ്കു കൊണ്ടു.
ഗ്രിഗറി അങ്കിളിന്റെ വീട്ടില്‍ അവര്‍ എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. അടുത്ത ആഴ്ച കുട്ടികളുടെ സ്കൂള്‍ തുറക്കുകയാണ്. സ്നേഹമോളെ ഏത് സ്കൂളില്‍ ചേര്ക്കുന്നതെന്ന് അന്വേഷിക്കാനെത്തിയതായിരുന്നു അയല്പക്കത്തെ വിലാസിനിചേച്ചി.
“എന്റെ ഒരു ബന്ധു ഇവിടത്തെ സെന്റ്‌ മേരീസ്‌ പബ്ലിക്‌ സ്കൂളിലെ ഹെഡ്‌മിസ്ട്രസ്സാ. നമ്മുടെ സ്നേഹമോള്ക്ക് അഡ്മിഷന്റെ കാര്യത്തില്‍ ഒരു പ്രയാസവും വരില്ല രാഗിണീ. ഞാന്‍ അവരോടു മോളുടെ കാര്യം ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്.”
“അയ്യോ..അത്.. വിലാസിനിചേച്ചീ..”രാഗിണി വാക്കുകള്ക്കായി തപ്പിത്തടഞ്ഞു.
“അതെന്താ ..? ഞാന്‍ മോള്ക്ക് ‌ അഡ്മിഷന്‍ ശരിയക്കിയത് ഇഷ്ടപ്പെട്ടില്ലേ..?സ്നേഹമോള് ഞങ്ങളുടെ സ്വന്തം കുഞ്ഞല്ലേ രാഗിണി..?”
“അതല്ല ചേച്ചി...ഞങ്ങള്‍ അടുത്ത ആഴ്ച തിരിച്ചു പോവുകയാണ്. നിങ്ങളോടൊക്കെ അത് എങ്ങനെ പറയും എന്നോര്ത്ത് ‌ ആകെ വിഷമിച്ചിക്കുകയായിരുന്നു ഞങ്ങള്‍ ഈ ദിവസങ്ങളില്‍.”
വിലാസിനി സ്തംഭിച്ചു നിന്നു. അവര്‍ അമേരിക്കക്ക് തിരിച്ചു പോകുന്നെന്നോ..?
അവര്‍ വന്നപ്പോള്‍ ഉണ്ടായതിലും വലിയ വാര്ത്തയായി അത് കോളനിയില്‍ പെട്ടെന്ന് പരന്നു. ആ വീട്ടിലേക്ക്‌ കാര്യമറിയാന്‍ കോളനിക്കാര്‍ എത്തിക്കഴിഞ്ഞു. ഇരുപത്തഞ്ചു വര്ഷകങ്ങളോളം അവിടെ ജീവിച്ചിട്ട് ഒരു നന്മ പോലും ഓര്മ്മിപ്പിക്കാനില്ലാത്ത ഗ്രിഗറി അങ്കിളിന്റെ മകന്‍ വെറും രണ്ടു മാസത്തെ പരിചയം അവസാനിപ്പിച്ച് തിരിച്ചു പോകുന്നത് കോളനിയെ ദുഖത്തിലാഴ്ത്തി.
ഒടുവില്‍ വാസുദേവന്‍ സാവധാനം അവരെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു
ഏതാനും മാസങ്ങള്ക്ക് മുന്പ് മാത്രമാണ് പപ്പാ മരിച്ച കാര്യവും വീട് അയാള്ക്ക് നല്കിയ വിവരവും അവര്‍ അറിയുന്നത്. കൊല്ലങ്ങള്ക്ക് മുന്പ് അമ്മ മരിച്ച അയാള്ക്ക് നാട്ടില്‍ പറയത്തക്ക ബന്ധുക്കളും ഇല്ല. കുഞ്ഞായിരുന്നപ്പോള്‍ അയാള്‍ ഒരിക്കല്‍ ഇവിടെ അമ്മയുടെ കൂടെ വന്നിട്ടുണ്ട്. അപ്പോള്‍ മുതല്‍ പപ്പയുടെ വീട് എന്നാല്‍ അയാള്ക്ക് ‌ പൂത്തുലഞ്ഞു നില്ക്കുന്ന ആ പച്ചപ്പിന്റെ ലോകമായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോള്‍ കണ്ട ഭാര്ഗവീനിലയം അയാളെ മറ്റൊരു മനുഷ്യനാക്കി മാറ്റി.
അമേരിക്കയില്‍ താമസിക്കുന്ന തനിക്ക്‌ ഈ വീടിന്റെ ആവശ്യമേ ഇല്ല എന്ന ധാരണയില്‍ അത് വിറ്റിട്ട് പോകുവാനായി വന്ന അയാള്ക്ക് തന്റെ തീരുമാനം മാറ്റേണ്ടി വന്നു. ഈ വീടിന്റെ മുറ്റത്ത് കണ്ട കരിഞ്ഞ ഇലകളും ചെടികളും മറഞ്ഞു പോയ ആ ജന്മം എന്തൊക്കെയോ ആവശ്യപ്പെടുന്നതായി അയാള്ക്ക് ‌ അനുഭവപ്പെട്ടു. അതു വിറ്റുകളഞ്ഞാല്‍ തന്റെ പപ്പയുടെ ആത്മാവിന് പൊറുക്കാനാകില്ല എന്ന സത്യം അയാള്‍ മനസ്സിലാക്കി. ഒരു അച്ഛന്റെ മനസ്സ് മനസ്സിലാക്കാത്ത പുത്ര ജന്മം ഭൂമിയില്‍ പാഴാണെന്ന തിരിച്ചറിവില്‍ അയാള്‍ തന്റെ പപ്പയുടെ ലോകം പുനര്‍ സൃഷിക്കുകയായിരുന്നു.

“എന്റെ ജനനമായിരുന്നല്ലോ പപ്പയുടെ ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചു പോകുവാന്‍ കാരണം. എകാന്തവാസമാണ് പപ്പയെ ഒരു ഒറ്റയാനാക്കി തീര്ത്തതെന്ന് ഞാന്‍ കരുതുന്നു. പപ്പ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നപോലെ അതെ നിലയില്‍ തന്നെ സംരക്ഷിച്ചു കൊള്ളാമെന്ന വ്യവസ്ഥയില്‍ അദേഹത്തിന്റെ ഭാര്യക്കും മക്കള്ക്കും ഈ വീട് തിരികെ നല്കി്ക്കഴിഞ്ഞു. എന്റെ പപ്പാ ഇവടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളമായ ഈ വീട് വിറ്റു കളഞ്ഞാല്‍ പിന്നെ മകനായിരിക്കാന്‍ എനിക്കെന്തു യോഗ്യതയാണുള്ളത്..?. ഞാന്‍ ജീവിച്ചിരിക്കുന്നത്രയും കാലം ഈ വീട് ഒരു മാറ്റവുമില്ലാതെ ഇവിടെത്തന്നെ ഉണ്ടാകും ”

“ഇനി നിങ്ങള്‍ ഇങ്ങോട്ടേക്ക് എന്നു വരും രാഗിണി..?
കോളനിയിലെ സ്ത്രീകള്ക്ക് അവരുടെ വിയോഗം ചിന്തിക്കനായില്ല. അതിനു മറുപടി പറഞ്ഞത് വാസുദേവനാണ്.
“എന്റെ പപ്പാക്ക് ജീവിച്ചിരുന്നപ്പോള്‍ എന്നെ മകനായി അംഗീകരിക്കാന്‍ കഴിയാത്തതിന്റെ ദുഃഖമുണ്ടായിരുന്നു. പപ്പയെ വിഷമിപ്പിക്കാതിരിക്കുവാന്‍ ഞാനും അമ്മയും അദ്ദേഹത്തില്‍ നിന്നും അകന്നു തന്നെയാണ് ജീവിച്ചത്. അമ്മയുടെ കൂടെ ഒരേ ഒരു പ്രാവശ്യമേ ഞാന്‍ ഈ വീട്ടില്‍ വന്നിട്ടുള്ളൂ. ഈ ഓരോ ചെടിയും എന്റെ വാസുദേവനാണെന്നാണ് അന്ന്‍ അദ്ദേഹം എന്നോടു പറഞ്ഞത്. എനിക്ക് തരാനുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്നോര്ത്താനയിരിക്കും ചിലപ്പോള്‍ പപ്പാ ഈ ചെടികളെ മാത്രം സ്നേഹിച്ചു കൊണ്ട് നിങ്ങളില്‍ നിന്നൊക്കെ അകന്നു ജീവിച്ചത്. അടുത്ത അവധിക്കാലത്ത്‌ ഞങ്ങള്‍ പപ്പയുടെ മൂന്നു മക്കളും ഒരുമിച്ച് ഈ വീട്ടിലുണ്ടാകും.”

യാത്രക്കൊരുങ്ങി നില്ക്കുന്ന വാസുദേവന്‍ നിറകണ്ണുകളോടെ നില്ക്കുന്ന കോളനിക്കാര്‍ ഓരോരുത്തരോടും യാത്ര പറഞ്ഞു.
അകന്നു പോകുന്ന കാറില്‍ നിന്നും സ്നേഹമോളുടെ കൈകള്‍ റ്റാറ്റാ പറഞ്ഞു കൊണ്ടിരുന്നു. ഗേറ്റ് കടക്കവേ ഒരിക്കല്‍ കൂടി വാസുദേവന്‍ വീട്ടിലേക്ക്‌ തിരിഞ്ഞു നോക്കി. പൂക്കളെ തഴുകി വരുന്ന കുളിര്‍ കാറ്റ് തങ്ങളെ അനുഗമിക്കുന്നുണ്ടോ..?

36 comments:

 1. പിതാവിനോടുള്ള ഒരു മകന്റെ കര്‍ത്തവ്യം. അത് പാലിക്കാന്‍ വേണ്ടിയെടുക്കുന്ന ചെറിയ ചെറിയ ത്യാഗങ്ങള്‍. ഒടുവില്‍ എല്ലാവരെയും വിട്ടുപോകുമ്പോള്‍ സ്നേഹിച്ചിരുന്നവര്‍ വിട്ടുപോകുമ്പോള്‍ ഉണ്ടാക്കുന്ന ശൂന്യത.. ഇതെല്ലാം നന്നായി പറഞ്ഞു. കഥയുടെ ആദ്യ ഭാഗങ്ങള്‍ കണ്ടപ്പോള്‍ പണ്ട് എട്ടാം ക്ലാസ്സിലോ മറ്റോ പഠിച്ച ഒരു മലയാളം സെക്കന്റ് പാഠത്തിലെ ആദ്യ കഥ മനസ്സില്‍ ഓടിയെത്തി. എത്രയോര്‍ത്തിട്ടും പേരു കിട്ടുന്നില്ല. ഒരു രാക്ഷസക്കോട്ടയുടെ കഥ.

  ReplyDelete
 2. നേരെ പറഞ്ഞു പറഞ്ഞു പോയ ഒരു മുഴുവന്‍ കുടുമ്പത്തിന്റെ നീണ്ട കഥ. വാസുദേവന്‍ എല്ലാം മനസ്സിലാക്കി തിരിച്ചറിഞ്ഞ് തിരിച്ച് പോകുമ്പോള്‍ ദുഖിതരാകുന്ന ഒരു കൂട്ടം. വളവും തിരിവും ഇല്ലാതെ ഒഴുകി.

  ReplyDelete
 3. അതീവ ഹൃദയം ആയി പറഞ്ഞ ഒരു കഥ. മനസ്സിന്റെ കോണിലെവിടെയോ ഒരു ചെറു നൊമ്പരം ബാക്കി വെച്ചു, ഈ കഥ

  ReplyDelete
 4. മനോഹരമായ കഥ... സ്നേഹത്താല്‍ വിളക്കിച്ചേര്‍ക്കുന്ന ഹൃദയബന്ധങ്ങളെ വളരെ ഭംഗിയായി വരച്ചുകാണിച്ചു. മുരടനായ ഗ്രിഗറി അങ്കിളിനോട് ദേഷ്യം തോന്നിയെങ്കിലും മകന്റെ വാക്കുകള്‍ അത് മായിച്ചുകളഞ്ഞു. ആശംസകള്‍..

  ReplyDelete
 5. ഒരു കുഞ്ഞ് നൊമ്പരം ബാക്കിയാക്കുന്നുണ്ട് മനസ്സില്‍. അത് കഥയുടെ വിജയം..

  ആശംസകള്‍

  ReplyDelete
 6. ഒരു കഥയുടെ ഏതാണ്ടെല്ലാ ചേരുവകളും ചേര്‍ക്കണം എന്ന് എഴുത്ത് തുടങ്ങുന്നതിനു മുമ്പ് മനസ്സില്‍ കരുതിയിട്ടുണ്ട്...അതിലെത്ര വിജയിച്ചു എന്ന് ആത്മ വിമര്‍ശനം നടത്തുന്നത് ഇനിയുള്ള രചനകള്‍ക്ക് സഹായകമാകും...വായന കഴിയുമ്പോള്‍ ബാക്കിയാകുന്ന നൊമ്പരം എഴുത്തിന്റെ മേന്മയുടെ സാക്ഷിപത്രം തന്നെയാണ്... ആശംസകള്‍...!

  ReplyDelete
 7. സ്നേഹിക്കുന്നവരുടെ സന്തോഷം എന്നും നിലനില്‍ക്കാന്‍ വേണ്ടി പലരും ബന്ധത്തില്‍ ന്നിന്നും അകന്നു നില്‍ക്കുന്നു ചിലര്‍ക്ക് വീണ്ടു വിചാരം ഉണ്ടാകുംപോഴേക്കും എല്ലാം അവസാനിചിരിക്ക്കും.. ജീവിതത്തില്‍ നമുക്ക് ചുറ്റും സാധാരണ കണ്ടു വരാറുള്ള അവസ്ഥകള്‍.. അവതരണ ശൈലി കൊണ്ട് മെച്ചപ്പെടുത്തി .. വളരെ നന്നായി പറഞ്ഞിരിക്കുന്നു..ആ കോളനിയും അവിടുത്തുകാരും മനസ്സില്‍ മായാതെ നില്‍ക്കുന്നു കൂടെ ഗ്രീന്‍ കൊട്ടെജും ഗ്രിഗറി അങ്കിളും സ്നേഹമോളും എല്ലാം ... നല്ല പോസ്റ്റു സമ്മാനിച്ചതിനു .. നന്ദി..ആശംസകള്‍

  ReplyDelete
 8. നല്ല കഥ. നേരെ പറഞ്ഞു ബ്രേക്കിട്ട് നിർത്തി. പലയിടത്തും ഒരു ലേഖനത്തിന്റെ സ്വഭാവം വരുന്നുണ്ട്.

  ചിലത് ചൂണ്ടി കാണിച്ചോട്ടെ.

  ആദ്യത്തെ വരി
  ‘കാടു പിടിച്ചു കിടന്നിരുന്ന ഗ്രിഗറി അങ്കിൾ..’ ഇവിടെ ഒരു കോമ ഇട്ടാൽ ശരിയാകുമെന്നു തോന്നുന്നു.

  ‘അവിടമാകെ ഇരുട്ടി മൂടി..’
  ഇരുൾ മൂടി ആണു ശരി.

  ‘ലോണിലൂടെ’ ..ഇടയ്ക്ക് ഇംഗ്ലീഷ് വന്നുവല്ലൊ.

  ‘ആരെക്കെയോ’
  ആരെയൊക്കെയോ അല്ലെ ശരി?

  ബാല നല്ല മലയാളം പറയുന്നു. തമിഴ് പറഞ്ഞിരുന്നെങ്കിൽ ഉചിതമായിരുന്നേനെ.

  ‘എതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ്‌ പപ്പ മരിച്ച വിവരവും വീട് അയാൾക്ക് നല്കിയ കാര്യവും..’
  എന്നാൽ അതിനു മുൻപു പറഞ്ഞു - പതിനഞ്ചു കൊല്ലം മുൻപ് അങ്കിൾ എഴുതി വെച്ച വില്പത്രം എന്ന്..
  അതു ഒത്തു പോകുന്നില്ലല്ലൊ..ശ്രദ്ധിക്കൂ.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഹൃദ്യമായ ആവിഷ്കാരം, കഥ മനോഹരം , ഭാവുകങ്ങള്‍

  ReplyDelete
 11. മനോരാജ്,റാംജിആസ്,ഷാനവാസ്‌,തിരിച്ചിലാന്,വില്ലേജ്‌ മാന്‍,ഉമ്മു അമ്മാര്‍,നിശാസുരഭി,സാബു,സിദ്ധിക്ക്.

  മനോ,പണ്ടത്തെ സെല്ഫിഷ് ജെയിന്‍റ് എന്നാ കഥയാണോ ഓര്‍മ്മ വന്നത്.ഇതിലെ അങ്കിള്‍ ചെന്നെയില്‍ ഞാന്‍ താമസിച്ചിരുന്ന വീടിനടുത്ത് ജീവിച്ചിരുന്ന ആളാണ്.കഥയില്‍ അദ്ദേഹത്തിന്‍റെ മരണം വരെ എനിക്ക് കാര്യമായ ഭാവന ചേര്‍ക്കേണ്ടി വന്നില്ല.

  സാബു,പറഞ്ഞപോലെ തിരുത്തുകള്‍ വരുത്തിയിട്ടുണ്ട്. പക്ഷെ പതിനഞ്ചു കൊല്ലം മുന്‍പ്‌ഗ്രിഗറി അങ്കിള്‍ മരണ ശേഷം വീട് നല്‍കിയത്‌ വാസുദേവന്‍ അറിഞ്ഞിരുന്നില്ല എന്ന് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്‌.(ഇവിടെയും വാചകം ഒന്ന് തിരുത്തിയിട്ടുണ്ട്)എത്രയോ പേര്‍ ഉടമസ്ഥന്‍ മരിച്ചശേഷം അവര്‍ എഴുതിയ ഇഷ്ടദാനം പോലുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു .

  ReplyDelete
 12. മനോഹരമായി കഥ. വാസുദേവനെന്ന നല്ലൊരു മകന്റെ പിൻബലത്തിൽ ഗ്രിഗറിയങ്കിളിനെ നാം ഇഷ്ടപ്പെടുന്നത് കഥാകാരിയുടെ വിജയം.തുട ക്കത്തിൽ മനോരാജ് പറഞ്ഞ ആ കഥയുടെ ഓർമ എനിക്കും ഉണ്ടായി. ഓസ്ക്കാർ വൈൽഡിന്റേതാണ് സെൽഫിഷ് ജയന്റ് എന്ന ആ കഥ. പക്ഷേ പ്രമേയത്തിന്റെ ഊന്നൽ ഇതിൽ തീർത്തും വ്യത്യസ്തം. അഭിനന്ദനം പ്രിയപ്പെട്ട കഥാകാരി.

  ReplyDelete
 13. ഗ്രിഗറിയോടു, കഥ വായിച്ചു തീര്‍ന്നപ്പോള്‍ ഇച്ചിരി ഇഷ്ടം തോന്നുന്നു. ഇഷ്ടമായ കഥ

  ReplyDelete
 14. നല്ല ഒരു കഥ.... എന്തൊരു കൂള്‍ ആയി പറഞ്ഞിരിക്കുന്നു.. ഒരുപാട് ഇഷ്ടമായി....

  ReplyDelete
 15. നല്ലൊരു കഥ ..പക്ഷെ അത് സമ്മതിച്ചു തരാന്‍ ദോഷൈക ദൃക്കു ആയ ബ്ലോഗിലെ മഹാ സാഹിത്യകാരന്റെ കുശുമ്പു സമ്മതിക്കുന്നില്ല .കുറെ കുറ്റം നിരത്തിയത് കണ്ടു .ഇരുട്ട് ശരിയല്ല ഇരുള്‍ ആണത്രേ ശരി !
  ലോണ്‍ എന്ന അതിഭയങ്കരമായ ഇന്ഗ്ലിഷ് വാക്ക് കഥാകാരി ഉപയോഗിച്ചത് വലിയ തെറ്റായി പോയത്രേ !
  അദ്ദേഹം ജൂണ്‍ പതിനാലിന് ഇട്ട പോസ്റ്റില്‍ ഒറ്റ ഇന്ഗ്ലിഷ് വാക്ക് പോലും ഇല്ല കേട്ടോ ..മിനിട്ട് ,ട്രാഫിക് ,ഡ്രൈവിംഗ് , എന്നീ പച്ച മലയാളം വാക്കൊക്കെ അതില്‍ ഉണ്ട് .അത് കുഴപ്പമില്ല ..അദ്ദേഹത്തിനൊക്കെ എന്തും ആവാല്ലോ ..കഷ്ടം !
  റോസിലിയുടെ നല്ലൊരു കഥ ..കഴമ്പില്ലാത്ത വിമര്‍ശനങ്ങളെ ശര്‍ദ്ദിച്ച മഹാന്‍ സ്വന്തം കാലിലെ പെരുമന്തു കാണുന്നില്ല .

  ReplyDelete
 16. നന്നായിട്ടുണ്ട്‌! ഒരു നൊമ്പരം അവശേഷിപ്പിച്ചു കൊണ്ടാണു പറഞ്ഞു നിറുത്തിയതും. എങ്കിലും ഗ്രിഗറി അങ്കിൾ ഒരു എഞ്ചിനിയർ ആയിരുന്നത്‌ വ്യക്തിപരമായി എനിയ്ക്കിഷ്ടമായില്ല. :)

  ReplyDelete
 17. വീണ്ടും നല്ലൊരു കഥയുമായി റോസിലി ,,
  നല്ലൊരു വായനാനുഭവം .:)

  ReplyDelete
 18. മുഴുവന്‍ വായിച്ചു.
  വളവില്ലാത്ത എഴുത്ത്.
  കഥ എന്നെ സ്പര്‍ശിച്ചില്ല.

  ReplyDelete
 19. നന്മയുടെ കഥ.... അഭിനന്ദനങ്ങൾ.

  ReplyDelete
 20. അതാ വിണ്ടും ഒരു നല്ല കഥ ഇനിയും എഴുതാന്‍
  സര്‍വശക്തന്‍ ശക്തി ഏകട്ടെ
  ഭാവുകങ്ങള്‍

  ReplyDelete
 21. Harikrishnan

  നല്ല കഥ...

  ReplyDelete
 22. നന്നായ് എഴുതി ..ആശംസകള്‍

  ReplyDelete
 23. നല്ല സ്നേഹ കഥ.

  ReplyDelete
 24. വായനക്ക് നന്ദി,
  ശ്രീനാഥന്‍മാഷ്‌,ബിജിത്‌,മഞ്ജു,ടോം,
  ബിജു,എച്ചുമുകുട്ടി,കവിയൂര്‍,ഗൂഗിള്‍ സേര്‍ച്ച്‌,ഹാഷിം,ഈഗ്ഗോയ്,അബ്ദുല്‍ ജബ്ബാര്‍

  ReplyDelete
 25. നേരും നന്മയുമുള്ള ഒരു കഥ
  കഥ മുഴുവന്‍ വായിച്ചപ്പോള്‍
  യഥാര്‍ത്തത്തില്‍ സഹതാപം തോന്നിയത്
  ഗ്രിഗറി അങ്കിളിനോടാണ്

  ഭാവുകങ്ങള്‍

  ReplyDelete
 26. "പിതൃ ദേവോ ഭവ:" അടുത്തിടെ വായിച്ച നല്ല ഒരു ബ്ലോഗ്‌ കഥ. ചില സ്ഥലങ്ങളില്‍ വലിച്ചു നീട്ടിയിട്ടുണ്ട് എങ്കിലും ബോറായില്ല. റോസാപ്പൂവിന് ഭാവുകങ്ങള്‍ നേരുന്നു.

  ReplyDelete
 27. I am new in this blog world.Here i want to type in Malayalam like others but i don't know how to type in Malayalam here so i writes my comment in English.Rosappukkal is the first blog i reads, after reading the first post here I like this blog.And this blog inspired me to create my blog.The posts here are excellent.

  ReplyDelete
 28. നന്നായിട്ടുണ്ട് കഥ! ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെ.

  ReplyDelete
 29. മനസ്സില്‍ എവിടെയൊക്കെയോ ഒരു നൊമ്പരം അവശേഷിപ്പിച്ച കഥ. നല്ല രീതിയില്‍ വിഷ്വലൈസ് ചെയ്തിട്ടുള്ളതുകൊണ്ട്, ഒരു നല്ല മൂവി കാണുന്നതുപോലെ തോന്നി. വായിക്കുന്നതിനേക്കാള്‍ കണ്ടുപോയ കഥ. ഹൃദ്യമായ അവതരണം.

  ReplyDelete
 30. തിരക്കുകളില്‍പ്പെട്ടു ഇടക്ക് എപ്പോഴോ നഷ്ടപ്പെട്ടു പോയ വായനാ ശീലത്തിലേക്ക് ഒരു മടങ്ങി വരവിനു തുടക്കം കുറിക്കാന്‍ ഈ ബ്ലോഗ്‌ സഹായിച്ചു.റോസാപ്പൂക്കളില്‍ എത്തിപ്പെട്ടത് കേരളകൗമുദി വഴി ആണെന്നത് പറയാതിരിക്കാന്‍ വയ്യ.
  nb: മലയാളത്തില്‍ എഴുതാന്‍ ഉള്ള വഴി പറഞ്ഞു തന്നതിന് നന്ദി.

  ReplyDelete
 31. pathivu pole oru nalla katha.vayichu teernnithum ath teerunnilla

  ReplyDelete
 32. നല്ല കഥ...മനോഹരം...ഒരുപാട് ഇഷ്ടമായി..മനസ്സിലൊരു നൊമ്പരം ബാക്കിയുണ്ട്...
  വായനക്ക് നല്ല ഒഴുക്കുണ്ടായിരുന്നു..മനോരാജ് പറഞ്ഞ കഥയാ ആദ്യം എന്റെയും മനസ്സില്‍ തെളിഞ്ഞത്...കുട്ടികള്‍ കയറാത്ത ആ രാക്ഷസക്കോട്ടയില്‍ ഒടുവില്‍ കയറുന്നതൊക്കെ ഓറ്മ്മ വന്നു..
  കഥാകാരിക്ക് ആശംസകള്‍..

  ReplyDelete
 33. നന്ദി
  റഷീദ്‌,കണക്കൂര്‍,നിലാവ്,സോണി,അനശ്വര,സുലേഖ,ആദര്ശ്.
  ആദര്ശ് മലയാളം ടൈപ്പ്‌ ചെയ്യാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

  ReplyDelete
 34. കഥ വ്യത്യാസമുണ്ടെങ്കിലും അപ്പ്‌ എന്ന സിനിമയാണ് വായിക്കുമ്പോള്‍ എനിക്ക് ഓര്മ വന്നത്.അങ്കിളും പൂന്തോട്ടവും പട്ടണത്തിനു നടുവിലെ സുന്ദരമായ വീടും,ഒറ്റയ്ക്കുള്ള താമസവും മറ്റുള്ളവരോടുള്ള പെരുമാറ്റവും എല്ലാം.ആ സിനിമ കണ്ടിട്ടില്ലെങ്കില്‍,ഒന്ന് കാണൂ ..................
  എന്തായാലും കഥ ഇഷ്ട്ടപെട്ടു

  ReplyDelete
 35. സത്യസന്ധമായി കമന്റ് ഇഷ്ടപെടുന്ന ഒരാള്‍ എന്ന നിലയില്‍ പറയാം ,,ഇത്രയും നല്ല ഒരു കഥ ഞാനെന്തേ കാണാതെ പോയത് എന്ന് സങ്കടം തോന്നുന്നു !!

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍