13.4.11

അമ്മത്തൊട്ടില്‍

മഴ. ഒരു ചാറ്റലായായി രാവിലെ തുടങ്ങിയതാണ്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ലക്ഷണം ആകെ മാറി. ചന്നം പിന്നം പെയ്തു തുടങ്ങിയ മഴ സാവധാനം കരുത്താര്ജ്ജിച്ചു പെരുമഴയായി. ഇത്രയധികം വെള്ളത്തുള്ളികള്‍ ആ കുഞ്ഞു മഴക്കാറിനുള്ളില്‍ ഒളിച്ചു വെച്ചിട്ടുണ്ടായിരുന്നെന്നോ..? ഇപ്പോള്‍ തുള്ളിക്കൊരു കുടം എന്ന കണക്കില്‍ അവ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നു. ഉച്ച കഴിഞ്ഞതോടെ വഴികളെല്ലാം മഴവെള്ളത്തില്‍ മുങ്ങിത്തുടങ്ങി.
സാബു കടക്കുള്ളിലിരുന്നു കൈ രണ്ടും കൂട്ടിത്തിരുമ്മി തണുപ്പകറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇടക്ക് വീശുന്ന തണുത്ത കാറ്റ്‌ നേര്ത്ത മഴക്കുഞ്ഞുങ്ങളെ കടക്കുള്ളിലേക്ക് അടിച്ചു കയറ്റുകയാണ്. ഒരു ചൂടു ചായ കിട്ടിയിരുന്നെങ്കില്‍ കുറച്ച് ആശ്വാസമായേനെ. എന്നും ചായയുമായി കടകളില്‍ എത്താറുള്ള റോണിയെയും ഇന്ന് കാണുന്നില്ല. അവന്റെ അമ്മ ചായക്കടക്കാരി റീത്തചേച്ചി മഴകാരണം അവനെ പുറത്തേക്ക് വിട്ടിട്ടുണ്ടാകില്ല.
നോക്കി നില്ക്കെ് വെള്ളം കടകളുടെ നടയിലേക്ക് കയറി. വൈകുന്നേരമായിട്ടുള്ളെങ്കിലും സന്ധ്യയുടെ പ്രതീതി. തൊട്ടടുത്ത ‘റീമാസ് ഫാന്സി സ്റ്റോറിലെ’ റഷീദിക്ക കട പൂട്ടുന്നത് കണ്ട് അവന്‍ കാര്യം വിളിച്ചു ചോദിച്ചു.
“ഇക്കാ...ഇന്നെന്താ നേരത്തെ..? സമയം അഞ്ചര ആയതല്ലേ ഉള്ളൂ..?’
“വഴിയെല്ലാം വെള്ളം കേറി ബ്ലോക്കായിക്കൊണ്ടിരിക്കുകയാ. ഇപ്പൊ കട അടച്ചില്ലേല്‍ വീട്ടില്‍ ചേരലുണ്ടാകില്ല.”
ക്യാരിയറില്‍ നിന്നും മഴക്കോട്ടെടുത്തിട്ട് ബൈക്കു സ്റ്റാര്ട്ടു ചെയ്തു വെള്ളം തെറിപ്പിച്ചു കൊണ്ടു നീങ്ങുന്നതിനിടെ റഷീദ്‌ വിളിച്ചു പറഞ്ഞു
“വേഗം കടയടച്ചു പോകാന്‍ നോക്ക്. ഇല്ലെങ്കില്‍ വല്ല വഴിയിലും കുടുങ്ങിപ്പോകും.”
അതെ എല്ലാവരും കടകളടച്ചു തുടങ്ങി. ജെ ക്കെ ഗാര്മെന്റ്സില്‍ ജോലിക്ക് നില്ക്കുന്ന പെണ്കുട്ടികള്‍ ബാഗും ചുരിദാറിന്റെ ഷോളും കുടയും എല്ലാം ബാലന്സ് ചെയ്തു പിടിച്ച് വസ്ത്രങ്ങളില്‍ വെള്ളം തെറിക്കാതെ അവനു മുന്നിലൂടെ നടന്നു പോയി. തൊട്ടടുത്ത് വീടുള്ള ഉടമ ജെ.ക്കെ സോമന്‍ ചേട്ടന്‍ പോലും പോകാനുള്ള തയ്യാറെടുപ്പിലാണ്.
അവന്‍ പെട്ടെന്നു ലാന്ഡ് ഫോണെടുത്ത് കടയുടമസ്ഥന്‍ ജോസേട്ടനെ വിളിക്കാന്‍ ശ്രമിച്ചു.
ഫോണിനു ഡയല്‍ ടോണ്‍ ഇല്ല.വണ്ടു മൂളുന്ന പോലെ ഒരു മൂളക്കം മാത്രം. മഴ വെള്ളം കേറി ആകെ നാശമായിക്കാണും.
ഒടുവില്‍ ബാലന്സു കുറവാണെങ്കിലും അവന്‍ സെല്‍ ഫോണെടുത്തു ഡയല്‍ ചെയ്തു
”ജോസേട്ടാ..കട പൂട്ടട്ടെ..? എല്ലാവരും കട അടച്ചു പോയി. നമ്മുടെ കട മാത്രമേ ഈ റോഡില്‍ ഇപ്പോള്‍ അടക്കാത്തതായുള്ളു. ചേട്ടനെപ്പോഴാ ഇങ്ങോട്ട് വരുന്നത് “
”ഞാനെങ്ങനെ വരാനാ സാബൂ..? ഇവിടത്തെ വഴിയെല്ലാം മുട്ടോളം വെള്ളം. വണ്ടി ഇറക്കുന്ന കാര്യം ആലോചിക്കാനേ പറ്റില്ല. നീ ഒരു കാര്യം ചെയ്യ്‌ കടപൂട്ടി താക്കോല് കയ്യില്‍ വെച്ചോ. നാളെ രാവിലെ തന്നെ വന്നു തുറന്നാല്‍ മതി. കളക്ഷനെല്ലാം എണ്ണി കൃത്യമായി പെട്ടിയിലെ സെയിഫ്‌ ലോക്കറില്‍ വെച്ചേരെ. അതിന്റെ ഡബിള്‍ ലോക്കിടുവാന്‍ മറക്കല്ലേ. പെട്ടിയും ലോക്ക് ചെയ്യണം..”
മഴ കാരണമെന്ന് തോന്നുന്നു .സെല്‍ ഫോണില്‍ കൂടെയുള്ള ശബ്ദംപോലും അത്ര വ്യക്തമല്ല. എങ്കിലും ജോസേട്ടന്‍ പറഞ്ഞതെന്തെന്നു അവനു മനസ്സിലായി.
അവന്‍ ധൃതിയില്‍ അന്നത്തെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി. മഴക്കാലത്ത്‌ എപ്പോഴും കളക്ഷന്‍ കുറവായിരിക്കും. പുരാവസ്തുക്കള്‍ വില്ക്കുന്ന ആ കടയില്‍ മഴയത്ത്‌ ആര് വരാനാണ്...? രാവിലെ ഒന്നോ രണ്ടോ പേര്‍ വന്നു. കുറച്ചു പഴയ നാണയം ചിലവായി. പിന്നെ പല വര്ണ്ണങ്ങളിലുള്ള ഗോളാകൃതിയില്‍ ഉള്ള പഴയ ബള്ബുകള്ക്ക് അഡ്വാന്സ് തന്നിട്ട് പോയി. ഇപ്പോള്‍ വണ്ടി കൊണ്ടു വന്നിട്ടില്ല, അടുത്ത തവണ വരുമ്പോള്‍ കൊണ്ടു പൊയ്ക്കൊള്ളാം എന്ന കണ്ടീഷനില്‍. ടൂറിസ്റ്റു സീസനാണെങ്കില്‍ പിന്നെ നോക്കേണ്ട വരുന്ന കസ്റ്റമേഴ്സിനെ മാനേജു ചെയ്യുവാന്‍ അവന്‍ വിഷമിക്കും അപ്പോള്‍ ജോസേട്ടന്‍ അനന്തിരവന്‍ ഷിജോയെയും കൂടെ അവന്റെ സഹായത്തിനു നിര്ത്തും . എന്നിട്ട് അവനോടു ചെവിയില്‍ പറയും “ഷിജോ കാശടിച്ചു മാറ്റുന്നുണ്ടോന്നു ഒന്ന് ശ്രദ്ധിച്ചോ..മഹാ തല്ലിപ്പോളിയാ..”
പൈസ എണ്ണി തിട്ടപ്പെടുത്തി പൂട്ടി വെച്ചു കട ഷട്ടറിട്ടു കഴിഞ്ഞപ്പോഴാണ് അവന്‍ അത് കണ്ടത്‌. റോഡില്‍ ഏകദേശം മുട്ടോളം വെള്ളം. ബസ്സ് സ്റ്റോപ്പിലേക്ക് വെള്ളത്തിലൂടെ പോകാമെന്ന് വെച്ചാലും കടയില്‍ നിന്ന് കാണാവുന്ന ആ വെയിറ്റിംഗ് ഷെഡ്ഡില്‍ ആരുമില്ല. ആ വഴി വണ്ടികള്‍ ഒന്നും ഓടുന്നില്ലെന്നു അപ്പോഴാണവന് മനസ്സിലായത്‌. കഷ്ടം ജോസേട്ടനെ കുറച്ചു നേരത്തെ ഫോണ്‍ ചെയ്തു കട അടച്ചു പോകേണ്ടതായിരുന്നു. ഇനിയിപ്പോള്‍ താമസ സ്ഥലത്തെത്തുവാന്‍ എന്താണ് വഴി...?അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള അവിടം വരെ ഈ മഴയത്ത് നടക്കാനാവുമോ..? പെട്ടെന്നവന്റെ ഫോണ്‍ ചിലച്ചു. ജോഷിയാണ് അവന്‍ മുറിയില്‍ എത്തിയിരിക്കുന്നു. മഴ കാരണം അവരുടെ ഓഫീസെല്ലാം നേരത്തെ വിട്ടത്രെ.
“ഞാനിവിടെ കുടുങ്ങിപ്പോയടാ. കട അടച്ചു വന്നപ്പോള്‍ നേരം വൈകി. വഴി നിറയെ വെള്ളവും. ഞാന്‍ ജോസേട്ടനെ വിളിച്ചു നോക്കട്ടെ. ഇനി എന്ത് ചെയ്യണമെന്നു.”
സാബു ഫോണ്‍ കട്ട് ചെയ്തു വീണ്ടും ജോസേട്ടനെ വിളിച്ചു.
”ഇന്ന് നീ കടയിലെങ്ങാനും കിടക്ക് സാബൂ. അല്ലാതെ മഴയത്ത് താമസ സ്ഥലത്ത് എങ്ങനെ ചെന്നെത്താനാ. നാളെ രാവിലെ വെള്ളം തോരുമായിരിക്കും.ഞാന്‍ രാവിലെ തന്നെ എത്തിക്കോളാം. എന്നിട്ട്‌ നീ പോയി ഉച്ച കഴിഞ്ഞു വന്നാല്‍ മതി.”
സാബു മടുപ്പോടെ ഷട്ടര്‍ തുറന്നു കടയിലേക്ക് കയറി ലൈറ്റിട്ടു. റോഡു മിക്കവാറും വിജനമായിരിക്കുന്നു. നന്നായി വിശക്കുന്നുമുണ്ട്. രാത്രി ഭക്ഷണം കിട്ടുവാനും വഴിയില്ല. അവന്‍ ഷട്ടറടച്ചു വന്നു കടക്കുള്ളിലൂടെ അങ്ങിങ്ങ് നടന്നു.
ചിത്രപ്പണി ചെയ്ത പഴയ പാത്രങ്ങള്‍ ,ആമാടപെട്ടികള്‍, അതി മനോഹരമായ ഫോട്ടോ ഫ്രെയിമുകള്‍, മുറുക്കാന്‍ ചെല്ലങ്ങള്‍, ഉപ്പ് മരവികള്‍, തൊട്ടിലുകള്‍, കൊത്തു പണിചെയ്ത പീഠങ്ങള്‍ ,അങ്ങനെ പലതും. എല്ലാം തന്നെ രാവിലെ കടതുറക്കുമ്പോഴേ അവന്‍ തുടച്ചു മിനുക്കി വെക്കുന്നതാണ്. ഓരോ വസ്തുവിനും പ്രത്യേകം സ്ഥാനമുണ്ട്. ഒന്നു വിറ്റു പോയാല്‍ ആ സ്ഥാനത്ത്‌ ഗോഡൌണിനുള്ളില്‍ നിന്നും ഏതെങ്കിലും കൊണ്ടു വെക്കും. ഓരോ ഉരുപ്പിടിയുടെയും വളവു തിരിവുകള്‍ പോലും അവനു മനപാഠമാണ്.
അവന്‍ കടക്കുള്ളില്‍ തന്നെയുള്ള ഗോഡൌണിന്റെ വാതില്‍ തുറന്നു ലൈറ്റിട്ടു. വല്ലാത്ത ഒരു പഴയ ഗന്ധം അതിനുള്ളില്‍ നിറഞ്ഞു നിന്നിരുന്നു. കടയുടെ അടുക്കും ചിട്ടയുമൊന്നുമില്ല ആ മുറിക്ക്. നിറയെ സാധനങ്ങള്‍ വാരി നിറച്ചിരിക്കുകയാണ്
എത്രയോ വര്ഷുങ്ങള്ക്കു മുന്പ് ഏതൊക്കെയോ പ്രഭുക്കന്മാര്‍ ഉപയോഗിച്ച തളികകള്‍, പണപ്പെട്ടികള്‍, കസേരകള്‍. ഓരോന്നിനും എന്തു പ്രൌഡി!!! അതെല്ലാം ഉപയോഗിച്ചിരുന്നവരുടെ അടുത്ത തലമുറപോലും ഇപ്പോഴുണ്ടാകുമോ..? ഒരറ്റത്ത്‌ തൂക്കിയിട്ടിരിക്കുന്ന ചിത്രപ്പണി ചെയ്ത മനോഹരമായ തൊട്ടില്‍. അതിനടുത്ത്‌ ചിത്രപ്പണിചെയ്ത ഒരു കട്ടില്‍. കട്ടിലിനടുത്ത് ലോഹച്ചുറ്റുള്ള വാക്കിംഗ് സ്റ്റിക്ക്. ഈ തൊട്ടിലില്‍ കിടന്ന കുഞ്ഞു തന്നെയായിരിക്കുമോ ഈ കട്ടില്‍ ഉപയോഗിച്ചിരിക്കുക,,? ഭാഗ്യം ചെയ്ത ഒരു കുഞ്ഞായിരിക്കും അവന്‍. അവന്‍ മുതിര്ന്നു ഏതോ ഒരു പ്രഭുകുമാരനായി മാറിക്കാണും. തന്റെ ഇണയെ ആശ്ലേഷിച്ചു കൊണ്ടു എത്ര രാവുകള്‍ ഈ കട്ടിലില്‍ കിടന്നു കാണും..? പിന്നീടവന്‍ ഈ വാക്കിംഗ് സ്റ്റിക്കൂന്നി ഗാംഭീര്യത്തോടെ നടന്ന ഒരു വൃദ്ധനായി മാറിക്കാകാണും. അയാളുടെ ആജ്ഞകള്‍ അനുസരിക്കുവാന്‍ പരിചാരകര്‍ കാതോര്ത്ത് നിന്ന് കാണും.
ഇണയും സ്നേഹവുമെല്ലാം ഭൂമിയില്‍ ഭാഗ്യം ചെയ്തവര്ക്കാ്യി വീതം വെച്ച് നല്കുപ്പെട്ടിരിക്കുന്നു.
“ആരുമില്ലാതെ ഭൂമിയില്‍ നിന്നും പൊട്ടി മുളച്ചത് പോലെ ഒരുത്തന്‍....”
പള്ളിയിലെ ക്വയറിന്റെ നടുവില്‍ നിന്ന് കൂമ്പിയടഞ്ഞ കണ്ണുകളുമായി ആരോരുമില്ലാത്തവരെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചു എല്ലാം മറന്നു പാടുന്ന നീന. തൊട്ടടുത്ത് നിന്ന് പാടുന്ന തന്റെ കൈ ആരും കാണാതെ കുസൃതിയോടെ കോര്ത്തു പിടിച്ചവള്‍. ആരുമില്ലാത്തവനെന്ന കാര്യം അവള്‍ അറിഞ്ഞിരുന്നില്ലത്രേ. അനാഥനെന്ന കാര്യം മറച്ചു പിടിച്ചതെന്തിനായിരുന്നു എന്ന് പറഞ്ഞായിരുന്നു ആവള്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവനെ പരിഹസിച്ചത്‌. അവളെ മറ്റുള്ളവര്‍ ‘ചന്ദ്രികയുടെ പുതിയ അവതാരം’ ഏന്നു പറഞ്ഞു പരിഹസിച്ചത്‌ അവള്ക്കു പൊറുക്കാനാവില്ലത്രേ.
അവന്‍ ഓര്മ്മകളില്‍ നിന്ന് വേര്പെട്ട് മുറിയിലുള്ള സാധനങ്ങളെ തുറിച്ചു നോക്കി. ഏതോ പുരാതന ലോകത്തെത്തിയ ഒരു ഏകാന്ത പഥികനാണ് താനെന്നവനു തോന്നി. എങ്ങനെയോ നശിച്ചു പോയ ഒരു ലോകത്ത്‌ തനിയെ എത്തപ്പെട്ടവന്‍. ഇവിടെ വേറാരും ജീവിച്ചിരിപ്പില്ല. ആരൊക്കെയോ ജീവിച്ചിരുന്നു എന്ന അടയാളങ്ങള്‍ മാത്രം. അവിടെ സ്നേഹമുണ്ടായിരുന്നു. ജീവിതമുണ്ടായിരുന്നു. പരിഭവങ്ങളും സമാശ്വസിപ്പിക്കലും ഉണ്ടായിരുന്നു. ചിരിയും കണ്ണീരും ഉണ്ടായിരുന്നു. അവര്‍ ഇതെല്ലാം ഉപേക്ഷിച്ച് ഏതു ലോകത്തേക്ക് കടന്നു പോയി..? .അവന്‍ ആ വസ്തുക്കളെ ആദ്യമായി കാണുന്നപോലെ തുറിച്ച കണ്ണുകളോടെ നോക്കി.അകാരണമായ ഒരു ഭയം അവനെ ഗ്രസിച്ചു. ഇതിന്റെയെല്ലാം യഥാര്ത്ഥ ഉടമസ്ഥര്‍ കൂട്ടത്തോടെ വന്ന്‍ കാവലാളായ അവനെ ഇവിടെ നിന്നും ആട്ടിപ്പായിക്കുമോ..? ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ട അവന് ഒന്ന് ഉറക്കെ കരയണം എന്ന് തോന്നി.
പെട്ടന്നവന്റെ കണ്ണുകള്‍ വീണ്ടും തൊട്ടിലിലേക്ക് പോയി. ആ തൊട്ടില്‍ അവനെ ആശ്വസിപ്പിക്കുന്നത് പോലെ. അവന്‍ സാവധാനം അതിനടുത്തു ചെന്ന്‍ കൈകള്‍ കൊണ്ട് ആ തൊട്ടിലിനെ മൃദുവായി ചലിപ്പിച്ചു. ഏതോ ഒരമ്മയുടെ താരാട്ട് കേട്ട് പാതി മയങ്ങുന്ന കണ്ണുകളുമായി ഒരു കുഞ്ഞു തൊട്ടിലില്‍ കിടന്നുറങ്ങുന്നു. ആ കുഞ്ഞിന്റെ കണ്ണില്‍ നിറയെ കരിമഷി. കാലില്‍ കിലുങ്ങുന്ന തളകള്‍..അവന്റെ അമ്മ ഈണത്തിലുള്ള പാട്ട് ഇടക്ക് നിറുത്തുമ്പോള്‍ അവന്‍ കണ്ണ് തുറക്കാതെ തന്നെ ചിണുങ്ങി കരയുന്നു. ഉടനെ തന്നെ അവന്റെ അമ്മ പാട്ട് തുടരുന്നു. ആ കുഞ്ഞിനു ശേഷം എത്രയോ കുഞ്ഞുങ്ങള്‍ ഇതില്‍ കിടന്നു താരാട്ട് പാടു കേട്ടു കാണും .എത്രയോ അമ്മമാര്‍ ഇതില്‍ നിന്നുള്ള കരച്ചില്‍ കേട്ട് ഓടിവന്നു അമ്മിഞ്ഞ വായില്‍ വെച്ച് കൊടുത്ത് ആശ്വസിപ്പിച്ചു കാണും. അവരുടെ ഇളം തുടയില്‍ താളത്തില്‍ താളം പിടിച്ചു ഉറക്കി കാണും.
പിറന്ന ദിവസം തന്നെ അമ്മ നഷ്ടപ്പെട്ട ഒരു പിഞ്ചുബാലന്‍ ഉറക്കത്തില്‍ ഞെട്ടി ഉണര്ന്നു് ഇരുട്ടിനെ നോക്കി പേടിച്ചു കരയുന്നു.
“നാശം പിടിച്ചവന്‍ ഉറങ്ങാനും സമ്മതിക്കില്ല..എന്ന് പറഞ്ഞു അടുത്തു വന്ന്‍ ദേഷ്യത്തില്‍ തലങ്ങും വിലങ്ങും അടി കൊടുത്ത ശേഷം സ്വന്തം കുഞ്ഞിന്റെ അടുത്തുപോയി കിടക്കുന്ന അവന്റെ രണ്ടാനമ്മ. അടിയുടെ വേദനയും പേടിയും ചേര്ന്ന രാവുകള്‍...
പിറ്റേ ദിവസം, ഈ ചെറുക്കന്റെ ശല്ല്യം കാരണം നേരെ ചൊവ്വേ ഒന്നുറങ്ങാനും പറ്റുന്നില്ല” എന്ന അമ്മയുടെ പരാതി കേട്ടു കണ്ണുരുട്ടുന്ന അവന്റെ അച്ഛന്‍.
“കുറച്ചു ദിവസം തള്ളേടെ വീട്ടില്‍ കൊണ്ടു വിട്‌. അവര്ക്കുമില്ലേ കുറച്ചു ഉത്തരവാദിത്വം. അവരങ്ങിനെ കൈ കഴുകിയാലോക്കുമോ..?”
അമ്മയുടെ വീട്ടിലേക്കു തള്ളപ്പെടുന്ന ‘തള്ളക്കാലന്‍’' കുഞ്ഞു അവിടെയും ഒരു അധികപ്പറ്റായിരുന്നു. പൊരിച്ച മുട്ടയുടെ സുഗന്ധം കേട്ടു അടുക്കളയിലേക്കോടി ചെന്ന ഒരു ദിവസം”എന്താടാ..വിളിക്കാതെ ഇങ്ങു വരരുതെന്ന് പറഞ്ഞിട്ടില്ലേ?”എന്ന് കോപത്തോടെ ചോദിച്ച ശേഷം ഭക്ഷണം കൊടുത്തു കഴിഞ്ഞ സ്വന്തം മകന്റെ ചൊടി തുടച്ചു കൊടുക്കുന്ന അമ്മായിയുടെ മുഖമാണ് ആ വീടിനെക്കുറിച്ചോര്ക്കു്മ്പോള്‍ അവന്റെ മനസ്സിലേക്ക് വരിക.
ആരും പരിപാലിക്കാനില്ലാതെ, ജനിച്ചത്‌ കൊണ്ടു മാത്രം എങ്ങനെയൊക്കെയോ വളര്ന്ന കുട്ടി. വളര്ച്ചയുടെ വഴിയിലെപ്പോഴോ സ്വന്തമെന്നു പറയാന്‍ മാത്രമുണ്ടായിരുന്ന അച്ഛനും നഷ്ടപ്പെട്ടത്. ഇടക്കെപ്പോഴോ സ്കൂള്‍ പഠിത്തം നിന്നുപോയ അവന്‍ ആരുടെയൊക്കെയോ കരുണയാല്‍ ജോസേട്ടന്റെ കടയില്‍ ജോലി തരപ്പെട്ടു. കൂട്ടുകാരൊപ്പമുള്ള താമസം. ആരുടെയും ശകാരവും ‘തള്ളക്കാലിന്റെ’ പഴിയും കേള്ക്കാതെ സമാധാനമായി ഉറങ്ങുവാന്‍ പറ്റുന്നതില്‍ ജോസേട്ടനോടു നൂറു നന്ദി മനസ്സില്‍ പറയും.
അവന്റെ കൈകള്‍ അപ്പോഴും ആ തൊട്ടിലിനെ ആട്ടിക്കൊന്ടിരുന്നു. എവിടെ നിന്നോ ഒരു താരാട്ട് പാടിന്റെ ഈണം അവന്റെ ചെവിയില്‍ വന്ന്‍ അലയടിച്ചു കൊണ്ടിരുന്നു. കണ്ടിട്ടില്ലാത്ത മുഖമുള്ള ആരുടെയോ കൈകള്‍ അവന്റെ പുറത്ത്‌ മെല്ലെ താളം പിടിച്ചു കൊണ്ടിരുന്നു.ആ കൈകള്ക്ക് ഇളം ചൂടുണ്ടായിരുന്നു.ഒരു പൂവിന്റെ മാര്ദ്ദവമുണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ താനെ അടഞ്ഞു പോയി. അത്രയും ഗാഡമായ ഒരു ഉറക്കം ജീവിതത്തില്‍ ഒരിക്കലും അവന്‍ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.
രാവിലെ മഴതോര്ന്നയുടന്‍ കടയിലെത്തിയ ജോസേട്ടന്‍ കടയുടെ ഷട്ടര്‍ അത്രയും നേരമായിട്ടും തുറക്കഞ്ഞത് കണ്ട് അത്ഭുതപ്പെട്ടു.
ഷട്ടറില്‍ ഉച്ചത്തില്‍ തട്ടുന്ന ശബ്ദം കേട്ടാണ് സാബു ഉറക്കം വിട്ടു കണ്ണു തുറന്നത് . തൊട്ടിലിനുള്ളില്‍ വളഞ്ഞു കൂടി കിടന്ന കൈകലുകള്‍ ആയാസപ്പെട്ട് നിവര്ത്തിയെടുത്ത് തെല്ല് ജാള്യത്തോടെ തൊട്ടിലിനെ ഒന്നു നോക്കിയശേഷം അവന്‍ ഷട്ടറിനടുത്തേക്ക് നടക്കുമ്പോള്‍ ജോസേട്ടന്റെ ശബ്ദം കേട്ടു.
“എടാ..സാബൂ..ഇതുവരെ നിന്റെ ഉറക്കം കഴിഞ്ഞില്ലേ..? എഴുന്നേക്കടാ...”
അവന്‍ കണ്ണു തിരുമ്മിക്കൊണ്ട് ധൃതിയില്‍ ഷട്ടര്‍ തുറക്കുവാന്‍ തുടങ്ങി

27 comments:

 1. ശരിക്കും ഒരു അമ്മത്തൊട്ടിൽ തന്നെ,

  ReplyDelete
 2. ഒറ്റപ്പെടലും ആർക്കും വേണ്ടാത്തവനായുള്ള ജീവിതവും .. വികാരങ്ങളെല്ലാം മനസ്സിലേക്കു വന്നു... ആശംസകൾ

  ReplyDelete
 3. റോസാ പൂവേ , എന്താ പറയുക ?
  മനോഹരമായ ക്രാഫ്റ്റും കാമ്പും ഉള്ള കഥ..സന്ദര്ഭ വിവരണം ഒക്കെ എ ക്ലാസ് നിലവാരത്തില്‍ തന്നെ പോയി ..തുടക്കത്തിലേ ഇടിയും മഴയും തന്നെ കഥയെ വല്ലാത്തൊരു അവസ്ഥയില്‍ കൊണ്ടുവന്നു ..വളരെ നാടകീയമായി ഒരു കടയിലെ ശ്വാസം മുട്ടുന്ന ചുറ്റുപാടില്‍ തന്നെ കഥാ തന്തു വിടര്‍ത്തി എടുത്തു മനോഹരമായ ഒരു ശില്പമായി വായനക്കാരുടെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു ..അവന്‍ ആ തൊട്ടിലില്‍ കയറിയ ആ നിമിഷം തന്നെ എന്റെ ഉള്ളൊന്നു പിടഞ്ഞു ..കണ്ണില്‍ ഒരിറ്റു നീര് പൊടിഞ്ഞു ...ഇഷ്ടമായി ..ഒരുപാട് ..

  ReplyDelete
 4. വളരെ നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ റോസിലിൻ.
  നല്ലൊരു രീതിയിൽ ക്രാഫ്റ്റ് ക്രിയേറ്റ് ചെയ്ത് ക്രിയാത്മകമായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ...
  അഭിനന്ദനങ്ങൾ...

  ReplyDelete
 5. ഉള്ളവന് അതിന്റെ വില അറിയില്ല. ഇല്ലാതെ പോകുമ്പോള്‍ നൊമ്പരപ്പെടാന്‍ മാത്രം.. നല്ല കഥ റോസിലി.

  ReplyDelete
 6. ഒരുപാടിഷ്ടായി കഥ... ചില സമയം ഞാന്‍ സാബുവായു മാറി. മഴയത്ത് വീട്ടില്‍ എത്താനുള്ള ഒരു വ്യഗ്രത എനിക്കും അനുഭവപ്പെട്ടു. തൊട്ടിലയില്‍ കിടന്ന് ആട്ടിയപ്പോള്‍ അമ്മയുടെ സാമീപ്യം അനുഭവപ്പെട്ടത് വല്ലാതെ ഫീല്‍ ചെയ്തു. എനിക്കുമുണ്ടൊരു സൂത്രം ഉമ്മയുടെ സാമീപ്യമറിയാന്‍... പക്ഷേ പറയില്ല...

  ReplyDelete
 7. കഥ ഇഷ്ട്ടമായി.

  ReplyDelete
 8. റോസിന്റെ കഥകളില്‍ ഏറ്റവും കൂടുതല്‍ എനിക്കിഷ്ടപ്പെട്ട കഥ. അത്ര മനോഹരമായിരിക്കുന്നു അവതരണം. പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന ഇടുങ്ങിയ ഒരു കടയില്‍ ഒതുങ്ങിക്കൂടുന്ന അവസ്ഥ ജീവിതവും പഴയകാലങ്ങളും ഒന്നുകൂടി ഓര്‍മ്മകളില്‍ ഊഞ്ഞാലാടുന്ന ആ ഒരു ദൃശ്യം വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ വരച്ചിടാന്‍ കഴിഞ്ഞു.നല്ല മഴയും മഴയുടെ ഭീകരത നിറച്ച വെള്ളത്തിന്റെ ഭാവം എല്ലാം ഒരു ചിത്രം പോലെ മനസ്സില്‍ എത്തി. ജീവിതം പറയുന്ന രീതി വളരെ നാന്നായി.
  ആശംസകള്‍.

  ReplyDelete
 9. ഒരു നല്ല കഥ. നല്ല കാമ്പുള്ള എഴുത്ത്. ആശംസകള്‍ .lll

  ReplyDelete
 10. റോസിലി,

  ഒട്ടേറെ പറഞ്ഞു പഴകിയ ഒരു വിഷയത്തെ നൂതനമായ ഒരു പ്ലാറ്റ്ഫോമിലൂടെ മനോഹരമാക്കി. ചിലയിടങ്ങിളില്‍ വരികളില്‍ വന്ന ചില പാളിച്ചകള്‍ (ഒരു രാണ്ടാം വായനക്ക് റോസിലിക്ക് സമയം കിട്ടാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കുന്നു) ഒന്ന് ശരിയാക്കിയേക്കണം. ഉദാഹരണമായി (”എന്താടാ..വിളിക്കാതെ ഇങ്ങു വരരുതെന്ന് പറഞ്ഞിട്ടില്ലേ?”എന്ന് കോപത്തോടെ ചോദിച്ച ശേഷം ഭക്ഷണം കൊടുത്തു കഴിഞ്ഞ സ്വന്തം മകന്റെ ചൊടി തുടച്ചു കൊടുക്കുന്ന ചോദിക്കുന്ന അമ്മായിയുടെ മുഖമാണ് ആ വീടിനെക്കുറിച്ചോര്ക്കു്മ്പോള്‍ അവന്റെ മനസ്സിലേക്ക് വരിക.) ഇവിടെ ചോദിച്ച എന്നത് രണ്ട് വട്ടം അബദ്ധത്തില്‍ കയറിപ്പറ്റിയെന്ന് തോന്നുന്നു. അത്തരത്തിലെ ചില മിസ്റ്റേക്കുകള്‍ തിരുത്തിയാല്‍ റോസിലിയുടെ പതിവ് പ്ലാറ്റ് ഫോമില്‍ നിന്നും മാറിയുള്ള ഒരു കഥ വായിച്ചതിന്റെ സുഖമുണ്ട്.

  ReplyDelete
 11. നന്ദി,
  മിനി,നസീഫ്,രമേഷ്‌,മുരളി മുകുന്ദന്‍ ,ജയരാജ്‌,ബിജിത്‌,ഷബീര്‍,ജിത്തു,റാംജി,ഇസ്മൈല്‍,മനോരാജ്.
  മനോ..തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി.തിരുത്തി

  ReplyDelete
 12. ഭദ്രമായ ഒരു കഥാശിൽപ്പം തികഞ്ഞ കൈയടക്കത്തിൽ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ട് റോസാപ്പൂവേ! അങ്ങനെ നല്ല നല്ല കഥകളുമായി ഇനിയും വരൂ, വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.

  ReplyDelete
 13. വളരെ നന്നായിരിക്കുന്നു റോസിലി...വല്ലാത്ത വേദനയോടെ ആണ് വായിച്ചു തീര്‍ന്നത്.... കുട്ടികളുടെ നൊമ്പരം വല്ലാതെ വിഷമിപ്പിക്കും നമ്മളെ അല്ലെ.... പാവം ആ കുട്ടി.....

  ReplyDelete
 14. ഇഷ്ടപ്പെട്ടു റോസാപ്പൂവേ, മഴവീണ കവലക്കടകളുടെ അന്തരീക്ഷം വളരെ കൃത്യം, അന്റീക്കുകളുടെ കടയിൽ ഓർമ്മകളിൽ നഷ്ടപ്പെട്ട് മയങ്ങിപ്പോയവന്റെ കണ്ണീർ കഥ നന്നായി പറഞ്ഞു. കഥയുടെ ക്രാഫ്റ്റ് വളരെ നന്ന്!

  ReplyDelete
 15. വളരെ വൈകിയെത്തിയതാണിവിടെ...ഇടയ്ക്കൊരിക്കൽ വന്നു അമ്മത്തൊട്ടിൽ വായിച്ചു...അഭിപ്രായം എഴുതാൻ കൈ വിറച്ചു...മടങ്ങിപ്പോയി...പലവുരു വീണ്ടും വരാനാഞ്ഞു...കഴിഞ്ഞില്യ...ഇന്നിതാ വീണ്ടും....ഇത്തവണ രണ്ടു വാക്കെഴുതിയേ പോകുള്ളൂ എന്നുറപ്പിച്ചു...കഥയിൽ പരിചയമുള്ള മുഖം...വാക്കുകളില്ലാ...

  ReplyDelete
 16. nalla kadha..vishamippichu!

  ReplyDelete
 17. കൊള്ളാം മനോഹരം

  ReplyDelete
 18. മഴയുടെ ആഗമനവും, തോരാത്ത പേമാരിയും, മഴക്കാലത്തെ അവസ്ഥകളും, ഒരു മനുഷ്യന്റെ ജീവിതവും അവസ്ഥകളും എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചു...നല്ല കഥ..അഭിനന്ദനങ്ങള്‍..
  www.ettavattam.blogspot.com

  ReplyDelete
 19. വായനക്ക് നന്ദിഎച്ചുമു,മഞ്ജു ,ശ്രീനാഥന്‍ മാഷ്‌,സീത,ശിവാനന്‍,നുണച്ചിസുന്ദരി,ഷിജു.
  ഇതില്‍ കുറച്ചു പേര്‍ എന്റെ പുതിയ വായനക്കരാണെന്നതില്‍ കൂടുതല്‍ സന്തോഷം

  ReplyDelete
 20. ആദ്യമായി വരുകയാണിവിടെ..കഥയെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല..അത്ര മനോഹരവും ഹൃദയസ്പർശിയും..

  ReplyDelete
 21. ഇരുത്തം വന്ന ഒരു കഥാകാരനെ/കഥാകാരിയെ വായിച്ച അനുഭവം. കഥാപാത്രങ്ങളെ പിടിച്ച് വായനക്കാരന്റെ മനസ്സിലേക്കെത്തിക്കുകയല്ല, മറിച്ച് വായനക്കാരെ കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം നടത്തുക എന്നതാണ്‌ യഥാർത്ഥ എഴുത്തിന്റെ ശക്തി എന്ന് ഞാൻ വീണ്ടും അറിയുന്നു ഈ കഥയിലൂടെ.

  നമിച്ചു മാഷേ.
  എല്ലാ ആശംസകളും.
  satheeshharipad.blogspot.com

  ReplyDelete
 22. maമനോഹരം... അസൂയ തോന്നുന്ന രചനാ ശൈലി.....

  ReplyDelete
 23. വായനക്ക് നന്ദി
  അനശ്വര,സതീഷ്‌,നീര്‍വിളാകന്‍

  ReplyDelete
 24. Padmakumar VROctober 18, 2011

  കൊള്ളാം നല്ല കഥ

  ReplyDelete
 25. പുതിയ പോസ്റ്റ്‌ ആണെന്നാണ്‌ കരുതിയത്‌ ,അത് തന്നെ കഥയുടെ ബലം തെളിയിക്കുന്നു ,മികച്ച കഥ .ഹൃദയത്തിലേക്ക് ഇടിച്ചു കയറുന്ന ഭാഷ ,അഭിനന്ദനങ്ങള്‍ .ഉപ്പു മരവി ഹാ ഐ ലവ് ഇറ്റ്‌ ..ആ പ്രയോഗം ഒരു പാട് നാളുകള്‍ക്കു ശേഷം കേട്ടത് കൊണ്ടാവാം ...

  ReplyDelete
 26. മനോഹരമായ കഥാശില്‍പ്പത്തിനും രചയിതാവിനും എന്റെ പ്രണാമം... ഈ ബ്ലോഗില്‍ പലതവണ വന്നിട്ടുണ്ടെങ്കിലും മനോഹരമായ ഈ രചന എന്തുകൊണ്ടോ ശ്രദ്ധയില്‍ പെട്ടിരുന്നില്ല... ഇപ്പോള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതുകൊണ്ട്.. ഈ നല്ല വായനാനുഭവം ലഭിച്ചു.....

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍