7.7.25

ഫാദേഴ്സ് ഡേ

  


പതച്ച മുട്ടയിൽ മുങ്ങി, റൊട്ടിപ്പൊടിയിൽ തോർന്ന കട്ട്ലെറ്റുകൾ ഓട്ടുരുളിയിലെ ചൂട് എണ്ണയിൽ  പതകൾ സൃഷ്ടിച്ചു.  മൊരിഞ്ഞിരുണ്ട അവയോരോന്നായി പ്രോത്താസ് ചേട്ടൻ കണ്ണാപ്പയിൽ കോരി, തമ്മിൽ മുട്ടാതെ ഓരോന്നായി മുറത്തിൽ നിരത്തി. ആ നേരത്താണ്  ദീപാവലി ആഘോഷം കഴിഞ്ഞ ചൊക്കലിംഗം പതിവ് പോലെ സഞ്ചി നിറയെ അതിരസവും മുറുക്കുമായി പ്രത്യക്ഷപ്പെട്ടത്.


മുറ്റത്തെ അലങ്കാരവും വർണ്ണ വിരിപ്പിട്ട വട്ടമേശകളും കണ്ട് അമ്പരന്നാണ് അയാൾ വീട്ടുമുറ്റത്തേക്ക് കയറിയത് തന്നെ.


"ചൊക്കാ…നേരം കളയാതെ  വേഗം പ്രോത്താസ് ചേട്ടൻറെ കൂടെ കൂട്."


 ശ്വാസം വിടാൻ കിട്ടിയ നേരത്ത് അടുക്കളയിൽ നിന്നും ട്രീസ വിളിച്ചു പറഞ്ഞു. 


വർക്കേരിയായിലെ വറപൊരി ബഹളത്തിൽ  അന്തം വിട്ട ചൊക്കലിംഗം പലഹാര സഞ്ചി അവിടെ വെച്ച് ഔട്ട് ഹൗസിലേക്ക് പോയി. വേഷ്ടി മാറുന്നതിനിടയിൽ തനിയെ പറഞ്ഞു. 


 "ഒന്നുമേ പുരിയില്ലയെ…."


രണ്ടാഴ്ച മുമ്പ്  തൂത്തുക്കുടിക്ക് പോകുമ്പോൾ ഇതല്ലായിരുന്നു ആ വീടിന്റെ  അന്തരീക്ഷം.  കലി തുള്ളി നടക്കുന്ന നിക്കോളാച്ചൻ, നിസ്സഹായതയിൽ കൊന്തയുരുട്ടുന്ന  ട്രീസ, മുഖം വീർപ്പിച്ച് മുകളിൽ നിന്നിറങ്ങാതെ കൂസലില്ലാതെ നീന. 


മണിയ്ക്ക് പുല്ലിട്ട് കൊടുത്തപ്പോൾ അവനും തിന്നാൻ മടി.


"സൊല്ലാമൽ എപ്പടി പുരിയും മണി... നീനാക്കുട്ടി കൂടെ വെളിയിൽ വരല…"


 വെളിയിലിറങ്ങി ബീഡി പുകച്ചു വെറുതെ നിൽക്കുമ്പോഴാണ് ഒരടക്കിയ വിളി.


"കൊക്കാ…."


മുകളിൽ ബാൽക്കണിയിൽ നീന.


"എന്നാച്ച്..?"


 ആംഗ്യത്തിലും ഒതുങ്ങിയ ശബ്ദത്തിലും അവൾ കാര്യം പറഞ്ഞു.


അതാണ്. ഫെല്ലോഷിപ്പ് കിട്ടി വിഷ്ണു അമേരിക്കയിൽ പോകുന്നു. അതിനു മുമ്പ് റെജിസ്ട്രേഷൻ എങ്കിലും നടന്നിരിക്കണം. പക്ഷെ, പപ്പാ അടുക്കുന്നേയില്ല. 

ആത്മഹത്യ ചെയ്യുമെന്ന് നിക്കൊളാച്ചനും നീനാക്കുട്ടിയും അങ്ങോട്ടുമിങ്ങോട്ടും പോർ വിളിച്ചു. 


കാതൽ. അത് താൻ. നീനാക്കുട്ടി പെരിയ കാതലി. കാതലുക്കാഹ ഉയിർ കൊടുപ്പവൾ. 

 

ചൊക്കലിംഗം അറിയാത്തതൊന്നും ആ വീട്ടിലില്ല. നിക്കോളാച്ചന്റെ  അപ്പന്റെ കാലത്ത് തുടങ്ങിയ ഫാം ഇപ്പോഴുമവിടെയുള്ളത് അയാളെയോർത്താണ്. ചൊക്കലിംഗവും പശുക്കളും അയാളുടെ തമിഴ് മലയാളവും ഇല്ലാത്ത  വീട് അവർക്കു ചിന്തിക്കാൻ പോലുമാവില്ല.


 ട്രീസ പുതുമാണവാട്ടിയായി വന്ന  കാലത്തേ ചൊക്കലിംഗം അവിടെയുണ്ട്. അയാളുടെ പേരായിരുന്നു ട്രീസയ്ക്ക് വലിയ പ്രശ്നം.  


"അയ്യേ...ഇതെന്തൊരു പേര്. .."


പുതുമണവാട്ടി ചൊക്കലിംഗം എന്ന പേരിന്റെ രണ്ടാം പകുതി വിളിക്കാൻ മടിച്ചു. അങ്ങനെചൊക്കലിംഗം  ചൊക്കനായി. നീനയുണ്ടായി സംസാരിക്കാൻ തുടങ്ങിയപ്പോൾ പപ്പാ മമ്മാ എന്ന് വിളിക്കുന്നതിന് മുമ്പേ അവൾ   "കൊക്കാ..കൊക്കാ…" എന്ന് വിളിച്ചയാളുടെ പിന്നാലെ നടന്നു. 

 

പത്തോ പന്ത്രണ്ടോ  വയസ്സുള്ളപ്പോൾ തൂത്തുക്കുടിയിലെ കോവങ്കാടു നിന്ന് ഇഞ്ചക്കാലയിൽ വേല തേടിയെത്തിയതാണ് ചൊക്കലിംഗം. "കണ്ടയിടത്തെല്ലാം തെണ്ടിത്തിരിഞ്ഞു നടന്ന പാണ്ടിയെ വീട്ടിൽ കേറ്റി പണിയിപ്പിക്കരുത്" എന്ന മറ്റുള്ളവരുടെ മുന്നറിയിപ്പ് നീനയുടെ വെല്യപ്പൻ വകവെച്ചില്ല. അന്നു തൊട്ടിന്നു വരെ ചൊക്കനവിടെയുണ്ട്. ഇഞ്ചക്കാലയിലെ  പണിക്കാരനും കാര്യസ്ഥനും എല്ലാമായി. നീനയുടെ ഭാഷയിൽ 'ആൾ ഇൻ ആൾ ഓഫ് ഇഞ്ചക്കാല'. 


എല്ലാ ദീപാവലിയ്ക്കും ചൊക്കലിംഗം  തൂത്തുക്കുടിയിൽ പോയി, പടക്കം പൊട്ടിച്ചും പലഹാരങ്ങൾ തിന്നും തമിഴ് മകനായി മതി മറന്നു നടന്നു. അവധിയ്ക്ക് പോകും  മുമ്പേ ഫാം നോക്കാൻ തൽക്കാലത്തേയ്ക്ക് ആളെ  കണ്ടു പിടിക്കുന്ന ജോലിയും അയാളുടേത് തന്നെ. തള്ളയും ക്ടാക്കളുമായി ഒന്നും രണ്ടുമല്ല, പത്തുപതിനഞ്ചാണ് ഉരുക്കൾ.


അങ്ങനെയൊരു അവധിക്കാലത്തായിരുന്നു പൂങ്കനിയുമായുള്ള തിരുമണം. ചൊക്കലിംഗത്തിന്റെ കൂടെ വന്ന മല്ലിപ്പൂ മണവും മഞ്ഞൾ തേച്ച മുഖമുള്ള തേൻ നിറക്കാരിയെ  ഇഞ്ചക്കാലക്കാർ കൗതുകത്തോടെ നോക്കി. മക്കൾ പിറന്ന് സ്കൂളിൽ പോകാൻ പ്രായമായപ്പോൾ അവർ തൂത്തുക്കുടിക്ക് പോയി.


"എന്തിനാ ചൊക്കാ അവരെ അങ്ങോട്ട് കൊണ്ടു പോകുന്നത്..? ഇവിടെ നീനയുടെ സ്‌കൂളിൽ പഠിപ്പിച്ചാൽ പോരെ..? അവർക്ക് നല്ല  വിദ്യാഭ്യാസം കിട്ടില്ലെ..?''


കുട്ടികളെ വിടുന്നതിൽ  ആർക്കും താത്പര്യമുണ്ടായിരുന്നില്ല. നീനയ്ക്കാണെങ്കിൽ വലിയ സങ്കടവും.


"മുടിയാത് അയ്യ… എന്റെ മക്കൾ തമിള് എഴുതാനും വായിക്കാനും അറിയാത്തവരായിപ്പോകില്ലേ. തമിള് മക്കൾക്ക് തായ് മൊഴി താൻ ഉയിർ"


പിന്നീട് എല്ലാവർഷവും  തമിഴ്നാട്ടിലെ സ്‌കൂൾ അവധിക്കായി നീന കാത്തിരുന്നു. ഓരോ അവധിക്കാലത്തും  ചൊക്കലിംഗത്തിന്റെ മൂന്നു മക്കളും പൂങ്കനിയും മുടങ്ങാതെ അവിടെയെത്തും. അങ്ങനെ അവർക്ക് മലയാളത്തിലും നീനക്ക് തമിഴിലും അറിവേറിക്കൊണ്ടിരുന്നു. 



വേഷ്ടി മാറി വന്ന ചൊക്കനെ ബാൽക്കണിയിൽ നിന്നും നീന ഉറക്കെ വിളിച്ചു. 


" സമ്മതിപ്പിച്ചു കൊക്കാ…. അവരെല്ലാം 

ഉടനെ തന്നെ എത്തും. എൻഗേജ്മെന്റ് പാർട്ടിക്ക്. നാളെ രാവിലെ  റെജിസ്ട്രേഷൻ.  കല്യാണം വിഷ്ണു അടുത്ത ലീവിന് വരുമ്പോൾ."


"കടവുളേ.. ഇവളോ ശീഘ്രമാ..ഗെട്ടിക്കാരി...."


പകലിരുണ്ടു വരുന്ന മുറ്റത്ത് തെളിഞ്ഞ ദീപാലങ്കാരങ്ങൾ ഒന്നായി അവളുടെ മുഖത്ത് മിന്നി. തിളങ്ങുന്ന മനോഹരമായ അലുക്കുകളുള്ള പുതുവസ്ത്രവും ചേർന്ന ചമയങ്ങളും. 



ചൊക്കലിംഗം ഉത്സാഹത്തോടെ അടുക്കളയിലേക്കോടി. 

നീനാക്കുട്ടി ഭാഗ്യവതി. കാതലിന് വേണ്ടി പൊരുതി ജയിച്ചവൾ.


കഴിഞ്ഞ കൊല്ലം താമരഭരണി നദിയിൽ നിന്നും പൊക്കി എടുത്ത രാജാമണി.  കേരളാവിൽ നിന്നും അപ്പാ വരാനായി  വെള്ളത്തിൽ കുതിർന്നു വീർത്ത ശരീരം  അയാളെ കാത്തു കിടന്നു. കടവുളെ വിളിച്ചും ശപിച്ചും തല തല്ലുന്ന അയാളെ ചലനമറ്റ പാതി കണ്ണുകൾ   തുറന്ന് രാജാമണി നോക്കുന്നുണ്ടായിരുന്നു. 


"കോളേജില് ഒരു പൊണ്ണ് എമാത്തിനോം,  വേറെ കല്യാണം പണ്ണി പോയ്ട്ടോം..."


 അവന്റെ കൂട്ടുകാർ  അടക്കം പറഞ്ഞു.


കടിഞ്ഞൂൽ മകന്റെ വേർപാട് മുങ്ങി മരണം എന്ന് കേട്ടോടി വന്ന അയാളുടെ തൊണ്ടയിൽ തിങ്ങിയ കരച്ചിൽ വലിയ ശാപങ്ങളായി പുറത്തേക്ക് വന്നു. മകനെ കൊലക്ക് കൊടുത്ത അജ്ഞാതയായ  പെൺകുട്ടിയെയും അവളുടെ വരാനിരിക്കുന്ന തലമുറയേയും ശപിച്ചു. 


"ഇത് തർക്കൊലയല്ലെയ്…കൊലൈ താൻ…കൊലൈ …"

അയാൾ രണ്ട്‌ കൈ കൊണ്ടും തലയിൽ തല്ലി.


രണ്ട് മാസം കഴിഞ്ഞു തോട്ടം നോക്കാൻ മധുരയിൽ കുടുംബസമേതം പോയ നിക്കോളാച്ചൻ  തൂത്തുക്കുടിയിൽ ചെന്ന് വിളിച്ചപ്പോഴാണ് ചൊക്കലിംഗം  തിരികെ വന്നത്. ചൊക്കലിംഗത്തെ തിരികെ കൊണ്ടുവരാൻ വേണ്ടിത്തന്നെയായിരുന്നു 

ആ മധുരയ്ക്ക് പോക്ക്.  കരഞ്ഞു തൂങ്ങി നിന്ന ചൊക്കന് അഴയിൽ കിടന്ന വേഷ്ടിയും ഷർട്ടും നീന എടുത്തു കൊടുത്തപ്പോൾ മറുത്തൊന്നും പറയാനില്ലാതായി. നിലയ്ക്കാത്ത നിലവിളിയോടെ പൂങ്കനിയോടും  മക്കളോടും ഭിത്തിയിലിരിക്കുന്ന രാജാമണിയോടും യാത്രപറഞ്ഞു തുണി നിറച്ച സഞ്ചിയുമായി അയാൾ അവർക്കൊപ്പമിറങ്ങി.


ഫാമിലെത്തിയ ചൊക്കനെ കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു. തലേയാഴ്ച്ച ഉണ്ടായ സുന്ദരൻ കാളക്കുട്ടൻ. അയാൾ തൊഴുത്തിലേക്ക് കയറിയതോടെ മറ്റു പശുക്കൾ സ്നേഹത്തോടെ അമറി, രണ്ടുമാസം ഉപേക്ഷിച്ചതിന്റെ പരിഭവം പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ആ കുഞ്ഞു കറുമ്പൻ മൂരിക്കുട്ടൻ തുള്ളിച്ചാടി അയാൾക്കരികെ വന്നത്.

"യാര്… നീ.."അയാൾ അതിനെ അരുമയോടെ നോക്കി. അത് അയാളെ തലയുയർത്തി നോക്കി "എന്നെ മനസ്സിലായില്ലേ…"  എന്ന ഭാവത്തിൽ ഒന്നു കൂടി ചേർന്നു നിന്നു. വാത്സല്യത്തോടെ അതിനെ തലോടിയ അയാൾ പെട്ടെന്ന് കുനിഞ്ഞ് അതിന്റെ കഴുത്തിൽ കൈപിണച്ച് ഇടറിയ സ്വരത്തിൽ വിളിച്ചു.

"മണീ…എൻ രാജാമണി…."


അവൻ മണിയായി  ചൊക്കന്റെ കൂടെ വളർന്നു.  കരഞ്ഞു തളർന്നു വന്നയാൾ ഇത്ര പെട്ടെന്ന് മാറിയതെങ്ങനെയെന്ന് നിക്കോളാച്ചനും ട്രീസയ്ക്കും മനസ്സിലായില്ല. 

 മണി എന്ന പേരും അവനോടുള്ള വത്സല്യവും ചൊക്കലിംഗത്തിന്റെ മാത്രം രഹസ്യമായിരുന്നു. താമരഭരണിയിൽ നഷ്ടപ്പെട്ട നിധി തിരികെ കിട്ടിയപ്പോൾ ആരുമറിയാതെ അയാൾ അത് മനസ്സിലൊളിപ്പിച്ചു. 


സന്ധ്യയോടെ പ്രോത്താസ്‌ ചേട്ടന്റെ പാചക യജ്ഞം അവസാനിച്ചു. ചൊക്കലിംഗം കട്ട്ലറ്റുകൾ ഭംഗിയായി ട്രേയിൽ അടുക്കി വെച്ചു. ആവി പറക്കുന്ന ചാപ്‌സ് പോർസിലിൻ പാത്രങ്ങളിൽ പകർന്നു വെച്ചു. ബീഫ് വരട്ടിയതും കോഴി വറുത്തതും സവാളയുടെയും തക്കാളിയുടെയും  വളയങ്ങൾ  കൊണ്ടലങ്കരിക്കപ്പെട്ടു. 


കേറ്ററിങ്ങുകാരെയൊന്നും നിക്കോളാച്ചന് വിശ്വാസം പോരാ. നിക്കോളാച്ചന്റെ കല്യാണത്തിനും പ്രോത്താസ് ചേട്ടനായിരുന്നു കോക്കി. പിന്നീട് ഇടക്കിടെ വരുന്ന വിശേഷങ്ങൾക്ക് പ്രോത്താസ് ചേട്ടന്റെ ഫിഷ്‌ മോളിയും കട്ട്ലറ്റും ചാപ്സുമില്ലാതെ അവിടെയൊരു സദ്യയില്ല.


വിരുന്നുകാർ എത്തിയതോടെ വിശാലമായ  മുറ്റത്ത് ചെറിയൊരു ജനക്കൂട്ടം. സ്റ്റേജിൽ ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ വിഷ്ണുവിന്റെ കൈ കോർത്തു പിടിച്ച് നീന. 


"കൊക്കാ..ഇങ്ങുവാ…"


മേശമേൽ ഭക്ഷണം നിരത്തുന്ന  ചൊക്കനെ അവൾ സ്റ്റേജിലേക്ക് വിളിച്ചു വിഷ്ണുവിന് പരിചയപ്പെടുത്തി. 


"പല്ലാണ്ട് വാഴ്ക"എന്ന ചൊക്കന്റെ ആശംസയ്ക്ക് ചെന്നൈ ടെക്കി വിഷ്‌ണു നൻട്രി ചൊല്ലി.


രാത്രി ഏറെ വൈകിയാണ് ജനക്കൂട്ടം പിരിഞ്ഞത്. വിഷ്ണുവിന്റെയും നീനയുടെയും കൂട്ടുകാരുടെ പാട്ടിനും ആട്ടത്തിനുമൊപ്പം വീട് മൊത്തം ഇളകിച്ചവിട്ടി. അവർക്കൊപ്പം  ഡപ്പാംകൂത്തുമായി ചൊക്കലിംഗവും. ഒടുവിൽ  മുറ്റത്ത് ചൊക്കനും  അലങ്കാരങ്ങളും മാത്രം അവശേഷിച്ചു.


"മതി ചൊക്കാ…നേരം പാതിരയായി.  ഇനി നാളെ. … പോയി കിടന്നുറങ്ങ്."


ഒഴിഞ്ഞ മുറ്റം വൃത്തിയാക്കുന്ന ചൊക്കനെ നിക്കോളാച്ചൻ പറഞ്ഞു വിട്ടു.


സാധാരണ നാട്ടിൽ പോയി വന്നാൽ അയാൾ ഫാമിലേക്കാണ് ആദ്യം പോവുക. മണിയും  പശുക്കളും അയാളെ കാത്തിരിപ്പുണ്ടാകും. അവന് കൊടുക്കാൻ പിള്ളയാർ കോവിലിൽ നിന്ന് കൊണ്ടുവന്ന പ്രസാദം ബാഗിലിരിക്കുന്നു. ഔട്ട്ഹൗസിൽ ചെന്നതേ യാത്രാക്ഷീണവും സദ്യവട്ടത്തിന്റെ തിരക്കും

അയാളെ  ഗാഢമായ ഉറക്കത്തിലേക്ക് വലിച്ചിട്ടു. 


എത്ര വൈകി കിടന്നാലും ചൊക്കനും അയാളുടെ പശുക്കൾക്കും രാവിലെ ഉണരുന്നതിന് കൃത്യ സമയമുണ്ട്. ഔട്ട്ഹൗസിലെ വെളിച്ചം കണ്ടതോടെ ചൊക്കൻ വന്നതറിഞ്ഞ  പശുക്കൾ അയാളെ വിളിച്ചു സന്തോഷം പ്രകടിപ്പിച്ചു. ഓരോ ശബ്ദവും അയാൾ തിരിച്ചറിഞ്ഞ് 

"വാറേൻ…വാറേൻ.."  എന്നുറക്കെ മറുപടി  പറഞ്ഞു കൊണ്ടിരുന്നു. 


മണിയുടെ  ഉറക്കം ഇനിയും കഴിഞ്ഞില്ലേ..? അതോ അപ്പവോട് പിണങ്ങിയോ…?  എന്നാലോചിച്ചു കൊണ്ട് ബാഗിൽ നിന്നും കോവിലിലെ പ്രസാദവുമായി അയാൾ ധൃതിയിൽ ഫാമിലേക്ക് നടന്നു. നേരം അപ്പോഴും വെളുത്തിട്ടില്ല. മുറ്റത്തെ ദീപാലങ്കാരങ്ങൾ തെളിഞ്ഞു നിൽക്കുന്നു 


ഫാമിനുള്ളിൽ ഓരോന്നിനും ഓരോരോ സ്ഥലമുണ്ട് . എല്ലാ വൈകുന്നേരങ്ങളിലും ഒരു പശുവോ കിടാവോ അത് തെറ്റിക്കാതെ അതതിന്റെ സ്ഥലത്ത്‌കാണും. പകരക്കാരൻ  ഇന്നും പശുക്കളെ അങ്ങോട്ടും ഇങ്ങോട്ടും മാറിയയാണ് കെട്ടിയിരിക്കുന്നത്. അവധികഴിഞ്ഞു വരുന്നാൽ  ചൊക്കലിംഗം ആദ്യം ചെയ്യുന്ന പണിയും അവരെ യാഥാസ്ഥാനങ്ങളിൽ മാറ്റിക്കെട്ടലാണ്. 


ഫാമിനുള്ളിൽ ആകെ കണ്ണോടിച്ചപ്പോൾ ഒരു ശൂന്യത അയാളെ വേവലാതിപ്പെടുത്തി.

"മണീ…….രാജാമണീ.."

അയാൾ തെല്ലുറക്കെ വിളിച്ചു. പശുക്കൾ ഓരോരുത്തരും പരസ്പരം നോക്കി, പിന്നെ ദയനീയമായി അയാളെ നോക്കി..


"രാജാമണി എങ്കടീ…എങ്കടാ…"


അയാൾ വേവലാതിയോടെ ആ നാൽക്കാലികളോട് ആരാഞ്ഞു കൊണ്ടിരുന്നു.


"മണീ..എൻ മകനേ…നീ എങ്കെ …"


അയാളുടെ കരച്ചിലും പരിഭ്രമവും വീടിനുള്ളിലെത്തിക്കഴിഞ്ഞു.


"എന്താ..ചൊക്കാ..തൊഴുത്തിനുള്ളിൽ ബഹളം.. വല്ല പാമ്പും കേറിയോ..?"


നിക്കോളാച്ചനും ട്രീസയും ഉറക്കച്ചടവോടെ ഫാമിലേക്കോടിയെത്തി. 


"നമ്മുടെ ആ കറുത്ത മൂരിക്കുട്ടൻ എവിടെ അയ്യാ.... അവനെ കാണുന്നില്ല…?"


"അതിനാണോ ഈ ബഹളം..? അതിനെയല്ലേ ഇന്നലെ പ്രോത്താസ് ചേട്ടൻ കറിയാക്കിയത്. അധികം മൂക്കാത്തത് കൊണ്ട് കട്ട്ലറ്റും ചാപസും ഒക്കെ സൂപ്പറായിരുന്നു. അല്ലേ ചൊക്കാ…"


ട്രീസയുടെ വാക്കുകൾ ഉരുക്കിയ ഈയമായി ചൊക്കലിംഗത്തിന്റെ ചെവിയിൽ പതിച്ചു. അയാളുടെ വയറ്റിൽ നിന്നും വലിയൊരോക്കാനം തൊണ്ടയിലേക്ക് വന്നു,  ഉടലിനെ എടുത്തു കുടഞ്ഞു ഛർദ്ദിച്ചു.

ദഹനരസങ്ങൾക്ക് ദഹിപ്പിക്കാനാവാത്ത മണിയുടെ ശേഷിപ്പുകൾ പുറത്തേക്ക് വന്നു.


"എന്ത് പറ്റി ചൊക്കാ…സുഖമില്ലെങ്കിൽ ഇന്നൂടെ ആ രാജനോട് വരാൻ പറയാം. നീ റെസ്റ്റ് എടുക്ക്." 


ഉറക്കച്ചടവ് മാറാതെ വീട്ടിലേക്ക് നടക്കുന്നതിനിടെ ട്രീസ പറഞ്ഞു.അവർ  പറയുന്നതോന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല. പ്രസാദം കൊണ്ടുവന്ന പ്ലാസ്റ്റിക്ക് ഡബ്ബയിലേക്ക് ആ ശേഷിപ്പുകൾ അയാൾ

സൂക്ഷിച്ചെടുത്ത് വെച്ചു


"നീയിതെന്താ ചൊക്കാ ചെയ്യുന്നത്….?"


നിക്കോളാച്ചന്റെ ശബ്ദം അയാളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു.

അയാൾ തലയുയർത്തി പകയോടെ നിക്കോളാച്ചനെ  നോക്കി. എന്തോ ചോദിക്കാനാഞ്ഞ അയാൾക്ക്‌ നേരെ വിറളി പൂണ്ട  കാളക്കൂറ്റനായി ചൊക്കൻ പാഞ്ഞു ചെന്ന് തല കൊണ്ടിടിച്ചു താഴെ വീഴ്ത്തി. അയാൾക്കൊന്ന് ശബ്ദിക്കാൻ പോലും സമയം കൊടുക്കാതെ  തല കൊണ്ടാഞ്ഞാഞ്ഞു കുത്തികൊണ്ടിരുന്നു. ഒടുവിൽ തളർന്നവശനായ ആ കാളക്കൂറ്റൻ ചോരയൊലിപ്പിച്ചു ഫാമിനുള്ളിലേക്കു കയറി, പേടിച്ചമറുന്ന നാൽക്കാലികളോട് ചേർന്നു. 

(ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്)


.





























ഞണ്ടും തേളും


ചേര്മലക്കുള്ളിൽ ഞണ്ടും തേളും 

പകയോടെ മുഖാമുഖം നിന്നു.  ഞണ്ട് ഇറുക്ക് കാലുകൾ നീട്ടി തേളിന് നേർക്ക് ചെന്നപ്പോൾ തേൾ വിഷ വാൽ ഞണ്ടിന്റെ കണ്ണിന് നേർക്ക് നീട്ടി. കാലങ്ങളെത്രയായി അവരിങ്ങനെ. ഒരുനാൾ ഞണ്ട് തേളിന്റെ വാലിൽ ഇറുക്കും. അത് പെരുമഴയുടെ കാലമായിരിക്കും.  അതോടെ അവർ മലയുടെ ഗർത്തത്തിലേക്കിറങ്ങിയ വഴി തുറക്കപ്പെടും. പേമാരി അപ്പാടെ മലക്കുള്ളിലേക്കിറങ്ങും,  ചേര്മല  പൊട്ടും. വലിയ ഉരുളുകൾ നാടിനെ കുത്തിയൊലിപ്പിച്ച് താഴേക്കൊഴുകും. അങ്ങനെ ചേര്മല ഇല്ലാതാകും. 


“ചേര്മല പൊട്ടണേ

ഞണ്ടും തേളും ചാകണേ

പണക്കാരുടെ പെട്ടിയൊഴുകി 

പാവങ്ങൾക്ക് കിട്ടണേ“


അന്നമ്മ വല്യമ്മ  പുറത്തെ മഴയെ നോക്കി ഉറക്കെപ്പാടി


“എന്റെ വെല്യമ്മച്ചീ….എന്തായീ പാടണേ..? ഉരുളു പൊട്ടുമ്പോ പണപ്പെട്ടി തന്നെ ഒഴുകി വരുവോ…? മലേടെ ചോട്ടി കെടക്കണ നമ്മളല്ലേ ആദ്യം ഒഴുകാൻ പോണത്... ?”


റാന്തൽ വിളക്കിന്റെ  മുന്നിലിരുന്ന് പകർത്ത്  എഴുതികൊണ്ടിരുന്ന വർക്കിക്കുഞ്ഞ് എഴുത്തു നിർത്തി ഉറക്കെ ചോദിച്ചു. 


അന്നമ്മ വല്യമ്മയുടെ തിമിരം ബാധിച്ചു പാതി കാഴ്ച്ച മറഞ്ഞ കൃഷ്ണമണികൾ ചുളിവ് വീണ കൺപോളകൾക്കുള്ളിൽ നിന്നും പുറത്തേക്ക് തള്ളി. വെളിപാടുണ്ടായത് പോലെ മെഴുകുതിരി വെളിച്ചത്തിൽ തെളിഞ്ഞു നിൽക്കുന്ന മൺചുവരിലെ തിരുഹൃദയ രൂപത്തിലേക്ക് നോക്കി ഉറക്കെ വിളിച്ചു.


”രക്ഷകനേ….”


 പിന്നെ ധൃതിയിൽ കരിമണിക്കൊന്ത കഴുത്തിൽ നിന്നൂരി താഴ്ന്ന സ്വരത്തിൽ കൊന്ത ചൊല്ലാൻ തുടങ്ങി. കൊന്തയുടെ നിറം മങ്ങിയ ചരടു കെട്ടുകൾ അവരുടെ ചൂണ്ടു വിരലും തള്ള വിരലും ചേർന്ന് തള്ളിമാറ്റി കരിമണികളെ ഒന്നൊന്നായി ഉരുട്ടിക്കൊണ്ടിരുന്നു. 


പുറത്ത് ഇടിയും മഴയും കനത്തു. ചേര്മലയിലെ തെരുവപ്പുല്ലുകളും പൊന്തക്കാടുകളും  അവയെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാൽവള്ളികളും ഇടി മിന്നലിൽ തെളിയുകയും കാറ്റിൽ ഉലയുകയും ചെയ്തു. ആകാശം മുട്ടെ നിൽക്കുന്ന കാട്ടുമരങ്ങൾ തലയുറഞ്ഞാടുന്ന ഭീകര സത്വങ്ങളായി. ആഞ്ഞിലി മരങ്ങളിൽ നിന്നും ആനിക്കാവിളകൾ തലങ്ങും വിലങ്ങും ചിതറി.  അന്നമ്മ വല്യമ്മ അടുക്കള വാതിൽ തുറന്ന് ഇടിമിന്നലിൽ കാറ്റിലാടുന്ന സത്വങ്ങളെ നോക്കി,  ആകാശങ്ങളിലേക്ക് കണ്ണുകൾ ഉയർത്തി ഒന്നൂടെ വിളിച്ചു.


“രക്ഷകനേ….. “


‘വാതിലടക്കമ്മച്ചീ… വീട്ടിനുള്ളിലേക്ക് ഊത്തല് കേറണ കണ്ടില്ലേ…? അല്ലേൽത്തന്നെ മുറീലപ്പിടി ചോർച്ച വെള്ളാ.”


കൊരണ്ടിപ്പുറത്തിരുന്ന് അത്താഴക്കഞ്ഞി കുടിക്കുകയായിരുന്ന മരുമകൾ ഉപ്പ് കല്ലിനൊപ്പം ഞെരടിച്ചേർത്ത കാന്താരി മുളകിന്റെ എരിവിനൊപ്പം ഒച്ചയിട്ടു. വീടിനുള്ളിൽ നിവർത്തി വെച്ച അലുമിനിയം പത്രങ്ങളിൽ ബ്ലും..ബ്ലും..ശബ്ദമായി മഴ തകർത്തു.


രാവിലെ ആനിക്കാവിള പെറുക്കുന്ന വർക്കിക്കുഞ്ഞിനെ നോക്കി വല്യമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.


“എടാ...ചെറുക്കാ..സൂക്ഷിച്ച് കാല് വെയ്. എഴജാതികള് വല്ലോം കാണും “


“ ആരാ വെല്യമ്മച്ചീ… ഞണ്ടും തേളുമാണോ..?”

“പോടാ...ചെറുക്കാ.. അതുങ്ങള് അടീലല്ലേ. ഇത് മൂർക്കന്റെ കുഞ്ഞുങ്ങളാ….ഇന്നലെ കൂടെ ഞാങ്കണ്ടതാ”


“എടക്കൊന്നു മാറ്റി കെട്ടണേടാ…”


 ആട്ടിൻ കുഞ്ഞുങ്ങളെ പാൽവള്ളിക്കടുത്തു വട്ടയിൽ കെട്ടിയിട്ട് പോകുമ്പോൾ വല്യമ്മ ഓർമ്മിപ്പിച്ചു. പാൽ വള്ളി ആർത്തിയോടെ ചവച്ചിറക്കിയ ആടിന്റെ കടവായിൽ കൂടി പാൽവള്ളിപ്പശ കൊഴുത്ത പാലായി ഒലിച്ചിറങ്ങി. 


സത്യത്തിൽ ചേര്മല ആരുടേതാണ്…?


 അത് പോതം പുല്ലയവിറക്കി മരച്ചുവട്ടിൽ വിശ്രമിക്കുന്ന പശുക്കളുടേതാണ്. അതിനുള്ളിലെ പാൽവള്ളി ചവച്ചിറക്കുന്ന അസംഖ്യം ആടുകളുടേതാണ്. ആനിക്കാ വിളക്കായി ആഞ്ഞിലി മരത്തിൽ വലിഞ്ഞു കയറുന്ന തല തെറിച്ച ചെറുക്കന്മാരുടേതാണ്. ഞായറാഴ്ച്ച  വേദപാഠം കഴിഞ്ഞു മല കയറി കട്ടക്കാരമുള്ളു ചെടികൾക്കിടയിൽ നിന്നും  ഞാറപ്പഴവും മൈലൂമ്പിപ്പഴവും  പാവാടക്കുമ്പിളിൽ പറിച്ചു കൂട്ടുന്ന പെണ്കുട്ടികളുടേതാണ്. കപ്പ വാട്ടിന്റെ കാലത്ത്  വാട്ട് കപ്പക്കഷണങ്ങൾ കുട്ടയിൽ ചുമന്ന് കയറ്റി നിരപ്പായ പാറപ്പുറത്തുണക്കുന്ന  അദ്ധ്വാനികളുടേതാണ്. കശുമങ്ങാച്ചാറിൽ നിന്നും തെളി നീരിന്റെ നിർമ്മലതയിൽ തല കുഴച്ചു മറിക്കുന്ന വീര്യമുള്ള കൊട്ടുവടിയുണ്ടാക്കുന്ന വാറ്റുകാരുടേതാണ്. അങ്ങനെ ആ മല  നാട്ടുകരുടേതാണ്. പക്ഷേ, ഏക്കറു കണക്കിനുള്ള ആ ഭൂമിയുടെ  അവകാശം ഒരൊറ്റ കുടുംബത്തിനാണ്. അത് പുല്ലേപ്പടി പത്രോസിന്റെ  വല്യപ്പൻ കുഞ്ഞയിപ്പിന്  രാജഭരണ കാലത്ത് പതിച്ചു കിട്ടിയതാണ്. കയ്യിൽ കിട്ടി നൂറ്റാണ്ട് ഒന്ന് കഴിഞ്ഞിട്ടും തൂമ്പാ സ്പർശമേൽക്കാത്ത സ്ഥലം. ചേര്മലയുടെ മണ്ണ് കന്നി മണ്ണാണ്. അവൾ കന്യകയാണ്. ഒരു  ഞണ്ടിനെയും തേളിനെയും ഗർഭത്തിൽ പേറുന്നെങ്കിലും കന്യകത്വം  നഷ്ടപ്പെടാത്തവൾ. അവൾ നിർമ്മലയാണ്. 


ചേര്മല പതിച്ചു കിട്ടിയ കാലത്ത്  വർക്കിക്കുഞ്ഞിന്റെ

വല്യമ്മച്ചി അന്നമ്മയുടെ മുത്തച്ഛൻ കണ്ടനായിരുന്നു പുല്ലേപ്പടിക്കാരുടെ   പണിക്കാരിൽ പ്രധാനി. പിന്നീട് കണ്ടൻ മാമ്മോദീസ മുങ്ങി തോമയായി, കേട്ട്യോൾ തേവി ഏലിയായി, ചട്ടയും മുണ്ടുമിട്ടു. പയ്യപ്പയ്യെ  ചേര്മലയുടെ ചുവട്ടിലെ മണ്ണിന്റെ മക്കൾ ഔസേപ്പും ചാക്കോയും മറിയയും ഒക്കെയായി പരിണമിച്ചു. അവർ കൂദാശകൾ സ്വീകരിച്ചു സ്ഥിരമായി പള്ളിയിൽ വന്ന് തുടങ്ങിയപ്പോഴാണ് എല്ലാത്തിനെയും ധൃതിയിൽ മാമ്മോദീസ വെള്ളമൊഴിച്ചു മാർക്കം കൂട്ടിയതിന്റെ ഏനക്കേട്  മുതലാളിമാർക്ക് മനസ്സിലായത്. 


വീടിന്റെ അടുക്കള വരാന്തയിൽ പോലും വന്ന് നിൽക്കാൻ ധൈര്യപ്പെടാത്തതുങ്ങൾ പള്ളിയിൽ ഒപ്പം നിന്ന് കുർബാന കാണുന്നു, പള്ളിപ്പാട്ടുകൾ പാടുന്നു. വെളുത്തു വെടിപ്പുള്ള  മുണ്ടുകൾക്കും തിളങ്ങുന്ന  കസവ് കവിണികൾക്കുമൊപ്പം ചെറുമണമുള്ള  മങ്ങിപ്പഴകിയ തുണികളുടെ ശേല് കേട് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ മുതലാളിമാർ   മാർഗ്ഗവാസികൾക്കായി ചേര്മലയുടെ ചെരിവിൽ ഒരു പള്ളി തട്ടിക്കൂട്ടി.  തലപ്പള്ളിയിലെ അസ്സേന്തിയച്ചനെ ചട്ടം കെട്ടി ഞായറാഴ്ച കുർബാനയും തരപ്പെടുത്തി.


 പറമ്പിൽ പണിയെടുക്കുന്നവന് നിത്യ കുർബാനയുടെ ആവശ്യമൊന്നുമില്ലല്ലോ.  ഞായറാഴ്ച കുർബാന മുടക്കരുതെന്നേ സഭയുടെ നിയമത്തിൽ പറഞ്ഞിട്ടുള്ളു.  സ്ഥിരമായി പാൽപ്പൊടിയും ചോളപ്പൊടിയും കിട്ടണമെങ്കിൽ ഞായറാഴ്ച ഹാജർ എന്ന കണിശം മാത്രം. അങ്ങനെ അവരെല്ലാം അനുസരണയുള്ളവരായി ഞായറാഴ്ച 'കുറുവാന'യിൽ പങ്കു കൊണ്ടു. പൊടിപ്പാലും ചോളക്കുറുക്കും കഴിക്കാൻ തുടങ്ങിയതോടെ അവരുടെ കുഞ്ഞുങ്ങൾ തമ്പ്രാന്റെ മക്കളെപ്പോലെ കൊഴുത്തു വന്നു. 


 അധിനിവേശത്തിന്റെ ആ  നാട്ടിൽ എങ്ങനെയാണ് ചേര്മലയ്ക്ക് കാലങ്ങളോളം പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവുക..? തൂമ്പയും കോടാലിയുമായി ആദ്യമായി ചേര്മല തെളിക്കാൻ  പോയ കണ്ടനും കൂട്ടരും വലിയ വായിൽ കരഞ്ഞു കൊണ്ട് താഴെ വന്ന് കഥ വിവരിച്ചപ്പോൾ നാട് നടുങ്ങി. മലയുടെ ഒത്ത മുകളിൽ  ഭീമൻ ഞണ്ടും തേളും തമ്മിൽ അതിഭയങ്കര മൽപ്പിടുത്തം. പണിക്കാരെ കണ്ടയുടനെ അതുങ്ങൾ   മലയുടെ  ഗർത്തത്തിനുള്ളിലേക്ക് മറഞ്ഞത്രേ. വലിയ വാർപ്പിന്റെ മുഴുപ്പുള്ള ഞണ്ടിനെയും  അതിനൊത്ത തേളിനെയും കണ്ട  കഥ കേട്ട കാരണവർ കിടുങ്ങിപ്പോയി. പിന്നീടങ്ങോട്ട് കയറാൻ നാളുകളോളം ആരും ധൈര്യപ്പെട്ടിട്ടില്ല. 


കൊല്ലങ്ങൾക്ക് ശേഷം ധൈര്യശാലിയായ കുടുംബ കാരണവർ ഈപ്പച്ചൻ തേക്കുംമൂട്ടിലച്ചനെ കൊണ്ട് ഒരു ശ്രമം കൂടി  നടത്തി നോക്കി.  ഏത് ഒഴിയാ ബാധയും  അച്ചന്റെ മുന്നിൽ ഒഴിഞ്ഞു പോയിട്ടുള്ളതാണ് ചരിത്രം.  പക്ഷെ,അച്ചനും ഇവിടെ തോറ്റു.  മലയിൽ കുരിശ് നാട്ടി ഹനാൻ വെള്ളം തളിച്ചു  വെഞ്ചരിച്ച ശേഷം അദ്ദേഹം മൗനിയായി നിന്നതേയുള്ളൂ. അങ്ങനെ തൂമ്പാ സ്പർശമേൽക്കാതെ ചേര്മല നാടിന്റെ കാടായി.  കുറുക്കനും  മുയലും കീരിയും കാട്ടു കോഴിയും നാട്ടുകാരുടെ ആടുമാടുകൾക്കൊപ്പം സ്വൈര്യവിഹാരം നടത്തി. 


കൃഷിയില്ലെങ്കിലും വിസ്തൃതമായി  കിടക്കുന്ന മലയിൽ നിന്നും പുല്ലേപ്പടിക്കാർ കാശ് കൊയ്തു കൊണ്ടിരുന്നു. വളർന്നു മുറ്റിയ വൻ വൃക്ഷങ്ങൾ വെട്ടിയിറക്കി അവർ നേട്ടം കണ്ടു. കൊല്ലങ്ങൾക്ക് ശേഷം പൊന്തക്കാടും കൽക്കൂട്ടങ്ങളും മാത്രമായി തണലും തണുപ്പും നഷ്ടപ്പെട്ട ചേര്മല ഒരു  ഉടുക്കാക്കുട്ടിയായി വെയിലിൽ പൊള്ളി നിന്നു. 



ചേര്മല ഇടിച്ചു നിരപ്പാക്കിയ ചരിവിലൂടെ കരിങ്കൽ  ലോറികൾ നഗരത്തിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. ആദ്യമവിടെ വന്നത് ഒരു ലോറിക്ക് മാത്രം പോകാവുന്ന ഒരു ചെമ്മൺ പാതയാണ്.  എൻജിനീയറിങ്ങ് കോളേജ് പണിത കാലത്ത്‌ ചെമ്മൺ പാതക്ക് വീതി കൂട്ടി ടാറിട്ടു. മലയുടെ പാതി  നിരത്തി പണിതിരിക്കുന്ന കോളേജിലേക്കുള്ള വാഹനങ്ങളാണ് ഇപ്പോൾ വഴി നിറയെ.  അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ.പീറ്റർ പുല്ലേപ്പടിയും  സഹോദരൻ മാത്യു പുല്ലേപ്പടിയുമാണ്  മലയുടെ ഇപ്പോഴത്തെ അവകാശികൾ. കോളേജിന്റെ പണി തുടങ്ങിയപ്പോഴേ മലയുടെ താഴെ ആർക്കും വേണ്ടാതെ കിടന്ന പല സ്ഥലങ്ങൾക്കും പൊന്നും വിലയായി. ചേരിലെ തൊഴിലില്ലാതിരുന്നവരൊക്കെ  സ്ഥലം ബ്രോക്കർമാരുമായി.


പഴയ മാർഗ്ഗവാസിപ്പള്ളി പുതിക്കിപ്പണിത് ഫ്രാൻസിസ്പുരം പള്ളിയായതോടെ ദൂരെയുള്ള  തലപ്പള്ളിയിൽ നിന്നും പിരിഞ്ഞ് ചേരുകാർ പുതിയ  പള്ളിയിൽ ഇടവക  ചേർന്നു. എൻജിനീയറിങ്ങ് കോളേജിൽ ജോലിക്കാരായി വന്ന പലരും പണ്ട് തമ്പ്രാൻ കുടികിടപ്പ് കൊടുത്ത “മാർക്കവാസി കോളനി”യിൽ തലയെടുപ്പുള്ള വീടുകൾ വെച്ചു താമസമാക്കി.  നാട്ടിൽ ചറപറ മുളച്ച എൻജിനീയറിങ്ങ് കോളേജുടെ ഗതി സെന്റ് ഫ്രാൻസിസ് എൻജിനീയറിങ്ങ് കോളേജിന് സംഭവിച്ചില്ല. നല്ല വിത്തുകൾ നല്ല വിളവ് തരും എന്ന തിരിച്ചറിവ് പുല്ലേപ്പടിക്കാർക്കുണ്ടായിരുന്നു. അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക ഭദ്രതയിൽ ഫീസിളവോടെ അഡ്മിഷൻ നേടിയ മിടുക്കരെ തേടി പേരുകേട്ട കമ്പനികൾ കാമ്പസ് സെലക്ഷന് ചെന്നു. 


വീടിന്റെ വരാന്തയിലിരുന്ന് വർക്കിക്കുഞ്ഞ് പണ്ട് വെല്യമ്മച്ചി പറഞ്ഞ ഞണ്ടിന്റെയും  തേളിന്റേയും കഥ  ഓർത്തു. ഈ പാറയെല്ലാം മലയിൽ നിന്നും പൊട്ടിച്ചിറക്കിയ നേരത്ത് അതുങ്ങൾ എന്ത് ചെയ്‌തു  കാണും..? മല എടുത്തു കുലുക്കുന്ന  വെടിയൊച്ച കേട്ട്  പേടിച്ചു വിറച്ച് ചത്തു പോയിക്കാണും. അതോ  ലോറിയിൽ കയറി   പാറക്കല്ലുകളുടെ കൂടെ  എങ്ങോട്ടെങ്കിലും രക്ഷപെട്ടു പോയോ….?


ഇടവപ്പാതിക്ക് നട്ട വള്ളി വീശാൻ തുടങ്ങിയ വാടിയ  പയർ ചെടികൾക്ക്  വെള്ളമൊഴിച്ചു കൊണ്ടയാൾ പിറുപിറുത്തു.


“ ഇക്കൊല്ലത്തെ ഞാറ്റു വേല എങ്ങോട്ട് പോയി…?“


“അപ്പച്ചാ..മഴ പെയ്തോളും. ഇത് മുഴുവനും നനക്കുന്നത് എളുപ്പാണോ”


അനീഷിന്റെ ഭാര്യ സിജി ജോലി കഴിഞ്ഞു വന്ന് സ്‌കൂട്ടർ പോർച്ചിൽ വെക്കുന്നതിനിടെ ചോദിച്ചു.


“മഴേം നോക്കിയിരുന്നാൽ ഓക്കെ ഉണങ്ങി കരിയുവല്ലോടീ പെണ്ണേ..”


“ഒണങ്ങണേൽ അങ്ങനെ, കടേൽ കിട്ടാത്തതെന്നാ ഉള്ളത്…? അനീഷിന് നേരമില്ലേൽ അവധി ദിവസം ടൗണിൽ സൂപ്പർ മാർക്കറ്റിൽ പോയി ഞാൻ വാങ്ങിത്തരാല്ലോ.”


അവള് പറഞ്ഞത് നേരാണ്. അനീഷിന് എവിടെയാണ്  സമയം…?  ചേര്മലയിലെ ക്വാറിയുടെ നടത്തിപ്പ്, നാല് ടിപ്പർ ലോറികൾ, രണ്ട് ജെസിബി. അയാൾക്ക് ഒരു ദിവസം പോലും വീട്ടിലിരിക്കാൻ സമയമില്ല.


 വാടിത്തുടങ്ങിയ ഇലകളെ നോക്കി വർക്കിക്കുഞ്ഞ് നൊമ്പരപ്പെട്ടു. അപ്പന്റെ കാലത്തെ ഇടവപ്പാതിക്ക് മുമ്പുള്ള കാലാ ഒരുക്കലും ഇഞ്ചി നടീലും.  പപ്പാതിയാണ് പുല്ലേപ്പടിക്കാർക്ക് പാട്ടം. പറമ്പ് കിളച്ച് അപ്പൻ മനോഹരമായി വരിപ്പ് മാടി ഇഞ്ചി കണ്ടമൊരുക്കുന്നത്  ഒരു കാഴ്ചയായിരുന്നു. കൃഷി ഒരു കലയാണെന്നു പഠിച്ചത് അപ്പനിൽ നിന്നാണ്.  ഇടവപ്പാതിക്ക് മുമ്പേ ചാണകപ്പൊടി ചേർത്തൊരുക്കി  കൊച്ചു കൊച്ചു കണ്ടങ്ങളിൽ പതിച്ച ഇഞ്ചി വിത്തുകൾ മഴയെയും കാത്തങ്ങനെ ഇരിക്കും. ഇഞ്ചിക്കണ്ടത്തിനിടക്കാണ് പയറ് വിത്തിടൽ. 

ആദ്യ മഴ കഴിഞ്ഞ് മൂന്നാം നാൾ മണ്ണിനടിയിൽ നിന്നും  പരിപ്പുകളോടെ പയർ മുള വളഞ്ഞു പൊങ്ങുന്ന കാഴ്ച,  നോക്കി നിൽക്കേ ഇലകൾ വളർന്ന് വള്ളി വീശുന്നത് ഒക്കെ അന്നത്തെ ആവേശങ്ങളാണ്.  സൂചി മുന പോലെയുള്ള  ഇഞ്ചി മുള പൊങ്ങിവരാൻ പിന്നെയും ദിവസമെടുക്കും. ഓരോ  തൈയ്യുടെ കടയിലും അപ്പന്റെ കണ്ണെത്തും. കളകൾ ഭൂമിക്ക് മുകളിൽ പൊങ്ങുമ്പോഴേ വേരോടെ പിഴുതെടുത്തിരിക്കും. പയർ വിളവെടുപ്പാകുമ്പോൾ  നാലു മണി  വിട്ട് വീട്ടിലെത്തുന്ന നേരം വീടിന് പയർ മണികൾ ഉപ്പ് ചേർത്ത്  തേങ്ങാപ്പീരയിൽ പുഴുന്ന മണമായിരിക്കും.  പിഞ്ഞാണത്തിൽ തേങ്ങാപ്പീര പൊതിഞ്ഞിരിക്കുന്ന ആവി പറക്കുന്ന പയർ മണികൾ. വല്ലപ്പോഴും വല്യമ്മച്ചി അതിന് മേലെ പനഞ്ചക്കര ചീവിയിട്ട് തരും. 

 

 കഴിഞ്ഞ ദിവസം മുറ്റത്തു കാടുപിടിച്ച പുല്ല് പറിക്കുന്നത്  കണ്ട അനീഷ് പിറ്റേ ദിവസം തന്നെ മരുന്നടിക്കാരൻ  ജോബിയെക്കൊണ്ട് പറമ്പെല്ലാം 

കളനാശിനിയടിപ്പിച്ചു വെടിപ്പാക്കി. അവൻ കാൺകെ പുല്ലു പറിക്കാനിരുന്ന മണ്ടത്തരത്തെ അയാൾ പഴിച്ചു. തലയും മുഖവും  മൂടിക്കെട്ടി മരുന്നടി യന്ത്രവുമായി വന്ന ജോബി, പിള്ളേര് ടിവിയിൽ കാണുന്ന ഇംഗ്ലീഷ് സിനിമയിലെ കൊള്ളക്കാരനെപ്പോലെ. എല്ലാ പുല്ലും പിറ്റേന്ന് തന്നെ  വാടി നിന്നു. പിന്നെ കരിഞ്ഞുണങ്ങി.  കളനാശിനി  മണ്ണിലെ  ജീവനുകൾക്ക്  തീമഴയാണെന്ന് എത്ര വട്ടം പറഞ്ഞു കൊടുത്തിരിക്കുന്നു. ഒക്കെ ചത്തടിഞ്ഞു കാണും. പുൽച്ചാടിയും പൂമ്പാറ്റയും വെയിൽ പക്കിയുമില്ലാത്ത പറമ്പുകൾ.



മണ്ണൊന്നനക്കിയാൽ ഞാഞ്ഞൂലുകൾ പൊങ്ങി വന്നിരുന്ന പറമ്പായിരുന്നു. ചിരട്ടയിൽ ഞാഞ്ഞൂലുമായി പെരുമറ്റം തോട്ടിൽ ചൂണ്ടയിട്ടു കുടം നിറയെ കുറവപരലുകളെ പിടിച്ചിരുന്ന പുതുമഴക്കാലം.  തോട്ടിലൂടെ തെന്നിക്കളിക്കുന്ന വെള്ളിപ്പരലുകളുടെ വീർത്ത വയറിലെ പനഞ്ഞിൽ  വറുക്കുന്നതിന്റെ കൊതിപ്പിക്കുന്ന മണം. പച്ചക്കുരുമുളകും പുളിയിലക്കുരുന്നും അരച്ചു പുരട്ടി വെളിച്ചെണ്ണയിൽ മൊരിയുന്ന മീൻ മുട്ടകൾ. അപ്പന് കുടംപുളിയിട്ടു  വറ്റിക്കുന്ന കുറുകിയ ചാറുള്ള പരൽ കറിയാണിഷ്ടം. വെണ്ണ പോലെ വെന്തുടഞ്ഞ കപ്പപ്പുഴുക്ക്  ചുവന്ന് കൊഴുത്ത മീൻ ചാറിൽ  കുഴഞ്ഞു കിടക്കും. അയാൾക്ക്  പെരുമറ്റം തോട്ടിൽ പോയി പരലിനെ പിടിച്ചു  വറുത്തു തിന്നാൻ കൊതി തോന്നി. 


എത്ര നേരം പരതിയിട്ടും ഒരു മണ്ണിര കുഞ്ഞിനെപ്പോലും കിട്ടാതെ നിരാശനായി വരാന്തയിൽ ചെന്നിരുന്നു മുകളിലേക്ക് നോക്കിയപ്പോൾ ആകാശം ഇരുണ്ട് കയറി വരുന്നു. ഇന്നെന്തായാലും നല്ല മഴ കിട്ടും. മിഥുനത്തിലും മഴയിങ്ങനെ മാറിയിരുന്ന കാലം ഓർമ്മയിലില്ല.


സർവനാശത്തിന്റെ പെരുമഴ. ദിവസങ്ങളോളം  കനമുള്ള തുള്ളികൾ പാതിയായ ചേര്മലയെയും നാടിനെയും പേടിപ്പിച്ചു കൊണ്ട് പേമാരിയായി പെയ്തിറങ്ങി.  വർക്കിക്കുഞ്ഞ് ആയാസപ്പെട്ടു രണ്ടാം നില കയറി ചേര്മലയെ നോക്കി. മലനിരത്തിയിടത്ത് മനോഹരമായ കോളേജ് കെട്ടിടം. തൊട്ടടുത്ത് ആൺകുട്ടികളുടെയും പെൺകുട്ടിയുടെയും ഹോസ്റ്റലുകൾ. അവക്കിടയിലെ പന്ത് കളി സ്ഥലം പെരുമറ്റം പാടം പോലെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. പെരുമഴയിൽ കോളേജിന് അവധി കൊടുത്തത് കൊണ്ട് എല്ലാം ഇരുട്ടിൽ അനക്കമറ്റു കിടപ്പാണ്. വീട്ടുമുറ്റത്ത് ജെസിബികളും ടിപ്പർലോറികളും കിടക്കാൻ തുടങ്ങിയിട്ടും ദിവസങ്ങളായി.


പണ്ടത്തെ മഴയോർമ്മയിൽ അയാൾ വെല്യമ്മച്ചിയുടെ പാട്ട് വെറുതെ  മൂളി. വലിയൊരു ഇടിമിന്നൽ പരിസരത്തെ ഞെട്ടി വിറപ്പിച്ചു കൊണ്ട് ചേര്മലക്ക് മുകളിൽ ഇരുട്ടിനെ പകലാക്കി.  ഒരൊറ്റ നിമിഷത്തിന്റെ ആ  മിന്നിത്തെളിച്ചത്തിൽ മലയിലേക്ക് കണ്ണിമ വെക്കാതെ നോക്കി നിന്ന വർക്കിക്കുഞ്ഞ്, കൈയ്യും കാലും മുറിഞ്ഞില്ലാതായ ഒരു കുട്ടി കണ്ണീരൊലിപ്പിച്ച് മലയിൽ ഇരിക്കുന്നത് കണ്ടു. അത് മായാ കാഴ്ചയോ നേരിന്റേതോ.…?  സംശയ നിവൃത്തിക്കായി അടുത്ത മിന്നലിനെ കാത്ത് മുഷിഞ്ഞ അയാൾ മുറിയിൽ ചെന്നിരുന്നപ്പോൾ എങ്ങു നിന്നോ ഒരു കുട്ടിയുടെ കരച്ചിൽ. അടുത്ത മുറിയിൽ ദിവ്യയും ദീപ്തിയും  മഴത്തണുപ്പിൽ കെട്ടിപ്പിടിച്ചു കിടപ്പിടിച്ചുറങ്ങുന്നുണ്ട്. ആ കരച്ചിൽ അപ്പോഴും ചെവിയിൽ.


വാതിലിലെ തുടർച്ചയായ മുട്ട് കേട്ട്  സിജിയാണ് ഉണർന്നത്.


“നിങ്ങള് പിള്ളേരെ എഴുന്നേപ്പിച്ചു വേഗം വാ...നമുക്ക് പോകാം. കൊച്ചു കരേണത് കേക്കണില്ലേ…?”


“ഏത് കൊച്ച്..? ഇവിടെവിടെയാ കൊച്ച്…? ഇതെന്നാ അപ്പച്ചാ…തലേം വാലുമില്ലാതെ..?”


“എന്താ…? എന്താ… ഈ രാത്രീല്…?”


ഉറക്കം മുറിഞ്ഞ അനീഷിന് ദേഷ്യം.


“പിള്ളേരെ വിളിക്കടാ..പോകാമെടാ….കൊച്ചു കരേണടാ...”


അയാളുടെ ശബ്ദം ദയനീയമായി.


“പോയി കിടക്കപ്പച്ചാ..”


അനീഷിന്റെ ശബ്ദത്തിൽ ഉറക്കം കുഴഞ്ഞു.


“ഇന്നാളത്തെപ്പോലെ സോഡിയത്തിന്റെ കുറവാണെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം ആ കള മരുന്നടിക്കാരനോട് വഴക്കുണ്ടാക്കിയത് ഞാൻ പറഞ്ഞില്ലായിരുന്നോ. ” 


വാതിലിനപ്പുറം സിജിയുടെ ശബ്ദം.


വീടിന്റെ പുറത്തേക്കുള്ള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന വർക്കിക്കുഞ്ഞ് കുട നിവർത്തി ഇരുട്ടിലേക്കിറങ്ങി. മഴയുടെ ഇരമ്പലിന് മേലെ, പിന്നിൽ  അപ്പോഴും കുട്ടിയുടെ കരച്ചിൽ. കാൽപാദം മൂടുന്ന വെള്ളത്തിലൂടെ ഇരുട്ടിനെ താണ്ടി അയാൾ ധൃതിയിൽ നടന്നു.  ദൂരേക്ക്, കരച്ചിൽ കേൾക്കാനാവാത്തതിനപ്പുറം അങ്ങ് ദൂരേക്ക്….


തോരാ പെരുമഴയുടെ ആ രാത്രിയിൽ ഞണ്ടും തേളും നിസ്സഹായതയോടെ മുഖാമുഖം നിന്നു. മലയിടിക്കാനുള്ള  ആദ്യ വെടിയൊച്ചയിൽ തന്നെ ആ പാവങ്ങൾ ഭയന്നു വിറച്ച് യുദ്ധമവസാനിപ്പിച്ചിരുന്നു.

 

തേൾ: നിനക്ക് പെരുമറ്റം തോട്ടിലേക്ക് പോയി രക്ഷപ്പെട്ടു കൂടെ..? ഇനിയും  എന്തിനാണ് ഈ മലക്കുള്ളിൽ....?


ഞണ്ട്:  നീയില്ലാതെ ഞാനുണ്ടോ..? 

നമുക്കിപ്പോൾ പാതിയാണെങ്കിലും ചേര്മലയുണ്ടല്ലോ. 


“നീ എന്നെ അങ്ങ് ഇറുക്കി കൊന്നേക്ക്  ഞണ്ടേ..ഇനി എന്തിനാണ്…”


തേളിന്റെ ദയനീയമായ കരച്ചിൽ.


അന്ന് രാത്രി  ബാക്കിയായ ചേര്മല അതിഭയങ്കര ശബ്ദത്തോടെ  ഇടിഞ്ഞ് പെരുവെള്ളത്തിൽ ഒലിച്ചിറങ്ങി. അതിന് കീഴെ ഒരു കോളേജുണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ സാധിക്കില്ല എന്ന് ചാനലുകാർ വീണ്ടും വീണ്ടും ക്യാമറയെ നോക്കി പറഞ്ഞു കൊണ്ടിരുന്നു. പരിസരങ്ങളിലെ ഒലിച്ചു പോയ വീടുകളുടെ എണ്ണവും പറയുന്നുണ്ട്. മണ്ണിനടിയിൽ നിന്നും ജെസിബിയുടെ ഭാഗം ഉയർന്നു നിന്നിരുന്നത് കൊണ്ട് അനീഷിന്റെ വീടിരുന്ന സ്ഥലം വ്യക്തമായി.


പെരുമറ്റം തോട്ടിലേക്ക് കുത്തിയൊഴുകിയ ചെളിയിൽ ഒരു ഞണ്ടും തേളും ചത്തു കിടന്നു. അപ്പോഴും  തേളിൽ നിന്നും   ഞണ്ടിന്റെ ഇറുക്കിപ്പിടി വിട്ടിരുന്നില്ല. ചെളിയിലൂടെ  ആയാസപ്പെട്ടു നടന്ന രക്ഷാപ്രവർത്തകന്റെ ഗം ബൂട്ടിനടിയിൽ പെട്ട് അവർ മണ്ണിനടിയിൽ ഞെരിഞ്ഞമർന്നു. 


(WTPLive)


18.3.24

ആത്മാക്കളുടെ അടക്ക്



പെട്ടെന്നില്ലാതായ അപ്പനെയോർത്തു വല്ലാതെ സങ്കടപ്പെട്ടിരുന്ന നാളുകളിലാണ് മരിച്ചു പോയവരെ തിരിച്ചു വിളിക്കാനുള്ള വിദ്യ അലോഷ്യസ്കണ്ടുപിടിച്ചത്. അതവന് കുറച്ചൊന്നുമല്ല സമാധാനം കൊടുത്തത്. 


അലോഷി മൂന്നിൽ പഠിക്കുമ്പോഴാണ് വള്ളമിറക്കാൻ പേടിക്കുന്ന ഒരു കർക്കിടക വറുതിക്കാലത്ത് കൂലിപ്പണികഴിഞ്ഞു മടങ്ങിയ ഗോമസിന് പാമ്പ് കടിയേറ്റത്. കറുത്ത ആകാശത്തെ കൂട്ടു പിടിച്ച് കടലും കറുത്തിരുണ്ട്, തിരയടിച്ച്  തീരത്തെ ഭയപ്പെടുത്തിയ ആ മഴ നേരത്ത്, ഇരുട്ടിനെ കൂട്ടുപിടിച്ചാണ് ആ ദുഷ്ടജന്തു അയാളുടെ കാലിൽ കൊത്തിയത്. ചെരിപ്പിടുന്ന ശീലം പണ്ടേയില്ലാതിരുന്ന ഗോമസിന് ചവിട്ടി എന്ന് മനസ്സിലാക്കിയപ്പോഴേ പാമ്പിന്റെ കടിയും കഴിഞ്ഞിരുന്നു. തീപ്പെട്ടി ഉരച്ചു നോക്കിയ അയാൾക്ക് മുന്നിൽ  അത്  പാഞ്ഞിഴഞ്ഞു മറഞ്ഞു.


 "ഡീ… മർഗ്ഗലിയെ...ന്നെ ഏതാണ്ട് കടിച്ചടീ…."


 അപ്പന്റെ ശബ്ദം കേട്ട് കഞ്ഞിക്കൊരണ്ടിപ്പലകയിൽ  നിന്നും  ഓടിച്ചെന്ന് ചമ്മന്തിക്കൈ 

കൊണ്ട് താങ്ങിയ അലോഷിയുടെ തോളിൽ  അപ്പൻ തളർന്നു കിടന്നു. കടൽത്തിര മടങ്ങുമ്പോൾ തീരത്തവശേഷിക്കുന്ന നുര പോലുള്ള വെള്ളം അപ്പന്റെ വായിൽ നിന്നും ഒഴുകിയിറങ്ങി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലെ അമ്മയുടെ എട്ടു മാസം നിറഞ്ഞ വയറിനുള്ളിൽ ബെറ്റിമോൾ വെപ്രാളത്തോടെ കാലിട്ട് തുഴഞ്ഞു. 


 ബെറ്റിമോൾ പിറന്ന ദിവസം അപ്പന്റെ പോലെയുള്ള അവളുടെ പിരുപിരാ ചുരുണ്ട മുടി കോതി കൊണ്ട് അമ്മ വലിയ വായിൽ കരഞ്ഞപ്പോൾ അവൻ അസ്വസ്ഥതയോടെ കടൽക്കരയിലേക്ക് നടന്നു. പെരുമഴക്കാലത്തെ വിജനമായ കടപ്പുറം അവന്റെ സമാധാനമായിരുന്നു.  കരച്ചിലൊഴിയാത്ത വീട്ടിൽ പെരുംകരച്ചിലുകാരി ബെറ്റിമോളുടെ കൂടെ  മിക്കപ്പോഴും അമ്മയും  കരഞ്ഞു. കരച്ചിലും കടലിരമ്പവും കേട്ട് ഉറക്കമില്ലാതെ കിടക്കപ്പായയിൽ 

തിരിഞ്ഞു മറിയുമ്പോഴാണ് അപ്പനെ മരിച്ചവനായി വിടാതെ തിരിച്ചു കൊണ്ടു വരാൻ അവൻ തീരുമാനിച്ചത്. 


അങ്ങനെ  അലോഷി അപ്പനെ വീട്ടിലാക്കി. അപ്പനെയോർത്ത്  അമ്മ കരയുമ്പോൾ 

അപ്പനെങ്ങോട്ടും പോയിട്ടില്ലെന്നു പറഞ്ഞവൻ അമ്മയെ ആശ്വസിപ്പിച്ചു. 


അലോഷി ഒമ്പതിലേക്ക് ജയിച്ച വർഷമാണ് ബെറ്റിമോളെ ഒന്നാം ക്ലാസ്സിൽ ചേർത്തത്.


"നോക്കണേടാ... അപ്പനില്ലാതെ നമ്മള് വളർത്തിയ കൊച്ചാ...  "

 സ്‌കൂൾബാഗും  വാട്ടർ ബോട്ടിലുമായി അവളെ ഏൽപ്പിക്കുമ്പോൾ കണ്ണീരും ചിരിയുമായി അമ്മ ഓർമ്മിപ്പിച്ചു.


 അപ്പനിവളെ എപ്പോഴും  കാണുന്ന കാര്യം  ഈ അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നാലോചിച്ച് അലോഷി ബെറ്റിമോളുടെ കൈ പിടിച്ച് സ്‌കൂളിലേക്ക് നടന്നു.


  സ്‌കൂൾ വിട്ടു കഴിഞ്ഞുള്ള അലോഷിയുടെ കടപ്പുറത്തെ ഫുട്‌ബോൾ കളിയും കൂട്ടുകാർക്കൊപ്പമുള്ള കറക്കവും മുടങ്ങിയത് അക്കൊല്ലം മുതലാണ്. കടപ്പുറത്തെ പൊരി വെയിലിൽ  മീനുണക്കിയും പള്ളിയിൽ നിന്ന് കിട്ടുന്ന ചെറിയ സഹായവും കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന അമ്മക്ക് വലിയ ആശ്വാസമായിരുന്നു ബെറ്റിമോളുടെ സ്‌കൂളിൽപ്പോക്ക്.  വൈകിട്ട് ഐസുകമ്പനിപ്പണി കഴിഞ്ഞ് അമ്മ വരുമ്പോഴേ ബെറ്റിമോളിൽ നിന്ന് അവനൊരു മോചനം കിട്ടിയുള്ളു.  അവളുടെ കൂടെ അക്കുത്തിക്കുത്തും ഉറുമ്പുറുമ്പു കാതു കുത്താൻ പോയതും കളിച്ച് അവന് ബോറടിച്ചു.


" ഇവിടെ കുത്തിയിരിക്കണ നേരത്തു കൊച്ചിനെ നോക്കാമ്മേലെ..?"

അലോഷി അപ്പനോട് പിണങ്ങി.


" കാണലും നോക്കലും ഒന്നാണോടാ….? എന്നാപ്പിന്ന ഞാനങ്ങു പോയേക്കാം. ചുമ്മാ ഇവട നിക്കണ കൊണ്ടെന്താ പ്രയോജനം…?"


"അപ്പൻ പോയാപ്പിന്നെ എനിക്ക് സങ്കടാവില്ലേ..?"


"ഓ…  ആതൊക്കെ എത്ര നാളത്തേക്ക്…. മർഗ്ഗലി പോലും ആണ്ടിന്റന്നു മാത്രേ  ഇപ്പൊ കരയാറുള്ളൂ. ഭൂമിയിൽ കൊറയാത്ത ഏത് സങ്കടാ ഒള്ളത്. നിന്റേം വെഷമം  അങ്ങു മാറിക്കോളും."


"എന്താണേലും അപ്പനിങ്ങ വന്നതല്ലേ..എനിക്ക് മേല ഒരാക്ക് വേണ്ടി രണ്ട് പ്രാവശ്യം കരയാൻ."


ഗോമസ് പിന്നെയും അവിടെ കഴിഞ്ഞു. ആരുമില്ലാത്ത നേരത്ത് അവനുമായി കളി പറഞ്ഞു നേരം കളഞ്ഞു.


പള്ളിപ്പെരുന്നാൾ നാടകങ്ങളിൽ അപ്പനെ  പല പ്രായത്തിലെ വേഷപ്പകർച്ചകളിൽ കണ്ടിട്ടുള്ള അലോഷി കൊല്ലങ്ങൾ പോകുന്നതിനൊപ്പം അപ്പനെയും പ്രായത്തിനൊത്തു കൂടെക്കൂട്ടി.


"അപ്പന്റെ മുടിയൊക്കെ നരച്ചു കഷണ്ടീം കേറി. എന്താ...അങ്ങേ ലോകത്തേക്ക് പോകാറായാ..?" 


"ദേ.. എന്നെ കൊണ്ടെന്നും പറയിപ്പിക്കല്ലേ  ചെക്കാ….അങ്ങോട്ട്  പോയിട്ടും  പിടിച്ചോണ്ട് വന്ന്  ഇരുത്തിയെക്കുവല്ലേ.  വേറാർക്ക് കാണും ഈ ഗതികേട്..?"


"ഞാനിവിടെ പിടിച്ചു വെച്ചേക്കണ കൊണ്ട് അപ്പന് ബെറ്റിമോളെ  കാണാൻ പറ്റണില്ലേ. അങ്ങേ ലോകത്ത് പോയിരുന്നാ  ഇത് വല്ലോം നടക്കുവോ..?"



"അതിലപ്പന് നന്ദിയൊണ്ടടാ … അവളുടെ കൊഞ്ചല് കേട്ടാന്നാപ്പിന്ന മരിച്ചത് പോലും മറന്ന് പോകും. അവളെ എടുത്തൊന്ന്  ഉമ്മ വെക്കാൻ   പറ്റുവേത്തതാ ഒരു വെഷമം."


"അപ്പൻ കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്ക്. "


 "ദേ.. ഇവൻ പിന്നേം…"


മരിച്ചവനോട് ജീവിക്കാൻ ഉപദേശിക്കുന്ന മകനെ നോക്കി ഗോമസ് അടക്കിച്ചിരിച്ചു.. 


പ്ലസ് ടു  പരീക്ഷ കഴിഞ്ഞ് അലോഷി കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ച് നേരം വൈകി വീട്ടിൽ വന്ന് കയറിയത്  ബെറ്റിമോളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു കൊണ്ടാണ്. പണി കഴിഞ്ഞു വീട്ടിൽ വന്നയുടനെ കുഴഞ്ഞു വീണ അമ്മയെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു അവൾ.  


സർക്കാർ  മെഡിക്കൽ കോളേജിൽ  തളർന്നു കിടന്ന മർഗ്ഗലി അനാഥരാകാൻ പോകുന്ന മക്കളെ നോക്കി വിങ്ങിപ്പൊട്ടി. 


"ഞാനെങ്ങാനും അപ്പന്റടുത്തേക്ക് പോയാൽ ബെറ്റിമോളെ നോക്കിക്കൊള്ളണേ അലോഷി...."


"അതിനമ്മേനെ മരിക്കാൻ ഞങ്ങള് വിട്ടിട്ടു വേണ്ടേ .."


അലോഷി മർഗ്ഗലിയെ സമാധാനിപ്പിച്ചു



"അമ്മ മരിക്യോന്നും ഇല്ലമ്മേ"

ബെറ്റിമോൾ അമ്മയുടെ കട്ടിലിനോട് ചേർന്നു  നിന്നു. 


മർഗ്ഗലിയുടെ ഓപ്പറേഷൻ തീയതിയുടെ തലേന്ന്  ലോകത്തിന്റെ മുന്നിൽ അലോഷിയും ബെറ്റിമോളും ഒറ്റയ്ക്കായി.


അമ്മ മരിച്ചു കിടക്കുന്നത് കണ്ടിട്ട് അലോഷിക്ക് വലിയ സങ്കടമൊന്നും  തോന്നിയില്ല.  അപ്പനൊരു കൂട്ടാകുമല്ലോ എന്നോർത്തു സമാധാനിച്ചു. 


അമ്മയുടെ പെട്ടിക്കരുകിൽ വലിയ വായിൽ  കരയുന്ന ബെറ്റിമോളെ സമാധാനിപ്പിക്കാൻ അവൻ വല്ലാതെ വിഷമിച്ചു. 


" പാവം...അലോഷി ചെക്കന്റെ ഒരു പാട്"


മരിച്ചടക്കിന് വന്നവർ കണ്ണീർ തുടച്ചു.


അമ്മയുടെ അടക്കം കഴിഞ്ഞു വീട്ടിലെത്തിയ അലോഷി അപ്പനടുത്തേക്ക് ചെന്നു.


 "എന്ത് ചെയ്യാനാപ്പാ..ഓപ്പറേഷന് കാശുണ്ടാക്കി ഇന്നലെ വൈന്നേരം ആസ്പത്രീല് ചെന്നതാ..."


"എന്നാപ്പിന്നെ അവളേം കൂടി ഇങ്ങു വിളി. ഞങ്ങക്കിവിടെ മിണ്ടീം പറഞ്ഞുമിരിക്കാല്ലോ."


അങ്ങനെ  അപ്പനൊരു  കൂട്ടായി.  


ബെറ്റിമോളേയും അലോഷിയെയും വിട്ടു പോന്ന ദുഃഖത്തിൽ ഗോമസിനെ കണ്ടിട്ടും മർഗ്ഗലിക്ക് സന്തോഷമൊന്നും തോന്നിയില്ല.


"ഒക്കെ മരിപ്പിന്റെ പുതുമോടിയാ മർഗ്ഗലിയേ.. കൊറച്ചങ്ങ് കഴീമ്പം മാറിക്കോളും."


"എന്റെ മക്കള്...."


മർഗ്ഗലി വിങ്ങിപ്പൊട്ടി


"മരിച്ചയുടനെ ഓരോ ആത്മാവും ഭൂമീലൊള്ളോരോർത്ത് കരയും. സത്യം പറഞ്ഞാ  സ്നേഹിക്കുന്നോര് ഭൂമീലൊള്ള കാലത്തോളം മരിച്ചോര് മരിക്കുകേല.  അതല്ലേ നമ്മക്കിവിടെ തിരിച്ചു വരാമ്പറ്റിയത്. നമ്മളെ സ്നേഹിക്കുന്നോര് ഇല്ലാതാകുമ്പോളാ  നമ്മള് ശരിക്കും മരിക്കണത്. അപ്പോ നമ്മള് ആത്മാക്കളുടെ ലോകത്ത് സ്ഥിര വാസികളാകും. തമ്മിത്തമ്മീ ആരാന്നും ഏതാന്നും അറിയാണ്ട്."


"എനിക്ക് നിങ്ങള് പറയണതൊന്നും പിടി കിട്ടണില്ല മനുഷ്യാ.."


മർഗ്ഗലിയുടെ സങ്കടത്തിന് ദേഷ്യം കൂട്ടായെത്തി.


"ഒക്കെ വഴിയേ പിടികിട്ടിക്കോളും.  നീ ചുമ്മാ വെഷമിക്കാതെ.അലോഷി നോക്കിക്കോളും കൊച്ചിനെ."


"നിങ്ങക്ക് അതൊക്കെ പറയാം. എന്റെ കൊച്ചു കെടന്നു സങ്കടപ്പെടണത് കാണാമ്മേല."


"അതും കൊറഞ്ഞോളും. ഞാമ്മരിച്ചിട്ട് ആണ്ട് കഴിഞ്ഞതോടെ നിന്റെ സങ്കടം കൊറഞ്ഞില്ലേ"


"അത് പിന്നെ സങ്കടപ്പെട്ടിരിക്കാൻ നേരമില്ലാഞ്ഞിട്ടാ. സങ്കടപ്പെട്ടോണ്ടിരുന്നാൽ കൊച്ചുങ്ങൾക്കെന്തെടുത്ത്  തിന്നാങ്കൊടുക്കും..? "


"ങാ...അത് പോലെ ബെറ്റിമോൾക്കും നേരമില്ലാണ്ടാകണ കാലം വരും അവൾക്ക് പഠിക്കണം, വളർന്ന് വലുതായി ആണൊരുത്തന്റെ കൂടെ പൊറുക്കണം, മക്കളെ പോറ്റണം. അപ്പോ  അമ്മേടെ മരിപ്പൊക്കെ  ഓർമ്മയായി മാറും. പിന്നെപ്പിന്നെ  മരിച്ച ദിവസം കുർബാനക്കും കുഴിക്കലൊപ്പീസിനും പള്ളീ കാശു കൊടുക്കുന്ന ചടങ്ങായി മാറും."


മർഗ്ഗലി അതൊന്നും  ഉൾക്കൊള്ളാനാവാതെ ബെറ്റിമോൾക്കരികിൽ പോയിരുന്നു. അവളുടെ കണ്ണീർ തുടയ്ക്കാനാവാത്ത  നിസ്സഹായതയിൽ അവർ വീണ്ടും കരഞ്ഞു.


 ജീവിച്ചിരിക്കുന്ന രണ്ടു പേരും അല്ലാത്ത രണ്ടു പേരുമായി നാലു പേരുള്ള  ആ വീട്. പണ്ട് ഗോമസിന്റെ വീടെന്നും പിന്നീട് മർഗ്ഗലിയുടെ വീടെന്നും ഒടുവിൽ  അലോഷിയുടെയും ബെറ്റിമോളുടെയും വീടെന്നും എന്ന പേര് മാറ്റം മാത്രമാണ്  അതിന് സംഭവിച്ചത്. മരിച്ചവരെ  സിമിത്തേരിയിൽ കൊണ്ടടക്കിയാലും തീരാത്ത കെട്ടുപാടുകളെ അലോഷി വല്ലാതിഷ്ടപ്പെട്ടു. അപ്പന്റെയും അമ്മയുടെയും ഓർമ്മ ദിനങ്ങളായിരുന്നു അവനെ കുഴക്കിയത്. അവരുടെ കുഴിക്കൽ പോയി നിന്ന് ആത്മാവിന്റെ മോക്ഷ പ്രാപ്തിക്കുള്ള പ്രാർത്ഥനകളിൽ അവൻ നിശ്ശബ്ദനായി.



"ഈ ചേട്ടനെന്താ ഇങ്ങനെ..? എന്നും രാത്രി കടലീപ്പോക്കും കാശുണ്ടാക്കലും ഉച്ചവരെ ഉറക്കോം. എല്ലാക്കൊല്ലോം അപ്പന്റെമമ്മേടെം ആണ്ടോർമ്മിപ്പിക്കാൻ ഞാൻ വേണം."


"കാശില്ലാതെ നിന്റെ കല്യാണമെങ്ങനെ നടത്തുമടീ… നിന്റെ ശല്യം തീർത്തിട്ട് വേണം എനിക്കൊന്നു കെട്ടാൻ."


"ഓ… പിന്നേ… ജോലിയാവാതെ എന്നെ കെട്ടിച്ചാലൊണ്ടല്ലോ…"


കെറുവിച്ചു പോകുന്ന അവളെ നോക്കി അവൻ ചുണ്ട് കൊണ്ടോരു വാത്സല്യഗോഷ്ടി കാണിച്ചു.


"ദേഷ്യക്കാരിയാ…"


അങ്ങേ മുറിയിൽ കേട്ടു നിന്ന അപ്പനോടും അമ്മയോടും പറഞ്ഞപ്പോൾ അവന് ചിരി.


"നീ കൊഞ്ചിച്ചു വഷളാക്കീട്ട്...."


അമ്മക്കവളുടെ തർക്കുത്തരം അത്ര പിടിച്ചില്ല.


"അവള് പറഞ്ഞത് നേരല്ലേ...അവള്  പഠിക്കട്ടെ. ഉദ്യോഗസ്ഥയാകട്ടെ."


"ന്നാലും നോക്കിയന്വേഷിക്കണവനോട് തർക്കുത്തരം പറഞ്ഞിട്ടുള്ള പഠിപ്പൊന്നും വേണ്ടാന്നവളോട് പറഞ്ഞേര്"



"പഠിപ്പും ജോലീം കാത്തിരുന്ന് പെങ്കൊച്ചു വല്ലോന്റേം കൂടെ പോകാതെ നോക്കണേ  അലോഷി.."


അമ്മക്ക് ആധി.


"ഒന്ന് മിണ്ടാതിരി മർഗ്ഗലീ...ഇത്രേം നോക്കിയവന് ബാക്കീം നോക്കാനറിയാം"

അപ്പൻ ശുണ്ഠിയെടുത്തു.


" അവള് നല്ലോണം പഠിക്കുന്ന കൊച്ചല്ലേ.ഡിഗ്രി ഒന്ന് കഴിഞ്ഞോട്ടമ്മേ."

 

 "അത് കഴിഞ്ഞു നിന്റേം താമസിപ്പിക്കണ്ട അലോഷി.''


പിന്നെയും പിന്നെയും മക്കളെക്കുറിച്ചുള്ള ആധിയിൽ ആ ആത്മാവ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഭൂമിയിൽ ജീവിച്ചിരിന്ന കാലത്ത് 'മരിച്ചാൽ മതി' എന്ന് പറയുന്നവരെ മർഗ്ഗലി ഓർത്തു. തീരാത്ത സ്നേഹവും തീർക്കാത്ത കടമകളും ബാക്കിയുള്ളപ്പോൾ മരണം പോലും  ഒരാൾക്ക് സമാധാനം കൊടുക്കുമോ..?


അലോഷി കടലിൽ പോയ ഒരു വെളുപ്പിനാണ് അയാളുടെയും കൂടെ പാർക്കുന്ന രണ്ടാത്മാക്കളുടെയും സ്വപ്നങ്ങൾ തകർത്ത് ഒരു സൂചന പോലും നൽകാതെ ബെറ്റിമോൾ മരിച്ചവരുടെ ലോകത്തേക്ക്  സ്വയം നടന്ന് പോയത്. 


ബെറ്റിമോളുടെ തകർന്ന പ്രണയകഥ അവളുടെ കോളേജിൽ നിന്നും വന്ന കൂട്ടുകാരിൽ നിന്നും അലോഷി ആദ്യമായി കേട്ടു. അന്നയാളുടെ കല്യാണമായിരുന്നു എന്ന് പറഞ്ഞവർ കണ്ണീരൊഴുക്കി.


അടക്കം  കഴിഞ്ഞെത്തിയ അലോഷി അപ്പന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് വീട്ടിനുള്ളിൽ കയറിയത്. ഒന്നും മിണ്ടാതെ അനങ്ങാതെ  അമ്മ തൊട്ടടുത്തും.



"മതി, ഒന്ന് മിണ്ടാതിരിക്കാമോ..."


അലോഷി കയർത്തു.


"നീ….പോടാ...ആത്മാക്കൾക്കും  ഉണ്ട് സങ്കടങ്ങൾ. ഭൂമിയിലെ കെട്ടുപാടുകൾ തീരാതെ മരിച്ചവർ  ഇടക്കിങ്ങനെ ഉറക്കെ കരയുന്നുണ്ട്.  അതാര് കേൾക്കാൻ…? അറിയാൻ…? "



ബെറ്റിമോളോട്  ക്ഷമിക്കാൻ അലോഷി ഒരുക്കമല്ലായിരുന്നു. അവളുടെ മരണാനന്തര നിയമക്രമങ്ങൾ എന്തെന്നവൻ തിരക്കിയില്ല. അവളെ മൂടിയ മണ്ണ്  കള വളർന്ന്  മാഞ്ഞു പോകാൻ അവൻ ആഗ്രഹിച്ചു. ഒന്നും സംഭവിക്കാത്ത പോലെ പിറ്റേന്നവൻ കടലിൽ പോയി. സഹതാപം പറഞ്ഞു വന്നവരെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞോടിച്ചു. ഓർമ്മകളിൽ നിന്നും  ബെറ്റിമോളെ അടർത്തി മാറ്റി ഭൂത കാലത്തെ അവൻ പൊളിച്ചെഴുതി. ഗോമസ്, മർഗ്ഗലി, അവരുടെ  മകൻ അലോഷ്യസ്, അവരുടെ വീട്, അവരുടെ ലോകം എന്ന പുതിയൊരു കിളച്ചുമറി മനസ്സിൽ നടത്തി. 


വീട്ടിലോ പരിസരത്തോ അവളുടെ യാതൊരു ശേഷിപ്പും ഇല്ലാതെ, പുതിയൊരു വർത്തമാനത്തിൽ  ജീവിക്കാൻ തുടങ്ങിയപ്പോഴാണ് അപ്പന്റെയും അമ്മയുടെയും കണ്ണീർ തോരാത്ത മുഖങ്ങൾ അയാളെ ശല്യം ചെയ്തു തുടങ്ങിയത്. സങ്കടമൊതുക്കാൻ മരിച്ചവരെ വീട്ടിൽ കൊണ്ടിരുത്തിയ അലോഷിക്ക് അവരെക്കൊണ്ടിപ്പോൾ  സമാധാനമില്ലാതായി. കടലിൽ പോയി വന്ന് ക്ഷീണിച്ചുറങ്ങുമ്പോൾ കേൾക്കുന്ന തേങ്ങലുകൾ അവന്റെ  ഉറക്കം മുറിച്ചു


"രണ്ടെണ്ണത്തിനേം വന്നേടത്തേക്ക് പറഞ്ഞു വിടും ഞാൻ"


 അവന്റെ ഭീഷണി  തെല്ലും ഫലിച്ചില്ല. 


അവരുടെ നിർബന്ധത്തിനൊടുവിൽ ബെറ്റിമോളെ   തിരിച്ചു വിളിച്ചപ്പോഴാണ്  മുഖമില്ലാത്ത ഒരു കുഞ്ഞിനെ  അടക്കിപ്പിടിച്ചവൾ കടന്ന്  വന്നത്. 


"ഇതിനെ ഉപേക്ഷിച്ചുകളയാൻ മനസ്സില്ലാതിരുന്നത് കൊണ്ടല്ലേ ചേട്ടാ... ഞാൻ…" 


  അലോഷി വാക്കുകൾ നഷ്ടപ്പെട്ടവനായി  ആ കുഞ്ഞാത്മാവിനെ നോക്കി. ജീവിതത്തിൽ നിന്നും തനിയെ  പിൻവാങ്ങിയവർ  തിരികെ വന്നാൽ  വെളിവാക്കുന്ന കയ്ക്കുന്ന യാഥാർഥ്യങ്ങൾ  ജീവിച്ചിരിക്കുന്നവരെ തകർത്തു കളയും  എന്നവനറിഞ്ഞു. ഒടുവിൽ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകത്തിന്റെ  അതിരിന്റെ  തിരിച്ചറിവിൽ,  ആ നാലാത്മാക്കളെയും ഒരുമിച്ചടക്കം ചെയ്തത് ഭൂമിയിൽ ഒറ്റപ്പെട്ടവാനായി തന്റെ സങ്കടങ്ങൾക്കവൻ പരിഹാരം കണ്ടു. 


അന്ന് മുതൽ ആ നാലുപേർ ആത്മാക്കളുടെ ലോകത്ത് ആരെന്നും ഏതെന്നും  അറിയാതെ... പരസ്പരം അറിയാതെ...ദുഃഖങ്ങൾ അറിയാതെ….



റോസിലി ജോയ്‌

(മൂല്യശ്രുതി, ഡിസംബർ ലക്കം,2023)







ഷഡ്പദം


ഭാസിച്ചേട്ടൻ റോഡരുകിൽ സ്‌കൂട്ടർ നിർത്തി പറമ്പിലേക്ക് പാഞ്ഞു പോകുന്നത്  ജെനി വീടിനുള്ളിലിരുന്ന് കണ്ടിരുന്നു. ഉടനെ  തുടങ്ങി പറമ്പിൽ നിന്നുള്ള  വിളിച്ചു പറച്ചിൽ.

 

"നിങ്ങള് പറമ്പിന് മതില് കെട്ടാതെ ഓരോരോ വിചിത്രപ്പണി കാണിച്ചു മറ്റുള്ളോർക്ക് സമാധാനം കൊടുക്കരുത്. കേട്ടാ…"


ജെനി കേൾക്കാൻ വേണ്ടി സാമാന്യം ഉച്ചത്തിലാണ് പറയുന്നത്. അതവൾ കേട്ടുകാണില്ലേ എന്ന സന്ദേഹത്തിൽ അയാൾ വീണ്ടും വിളച്ചു കൂവാൻ തുടങ്ങിയപ്പോൾ  അവൾ വരാന്തയിലേക്ക് ചെന്നു.


"എന്താ ഭാസി ചേട്ടാ..?"


താൻ സൃഷ്ടിച്ച ശബ്ദകോലാഹലത്തിന് തീരെ ചേരാത്ത ജെനിയുടെ ശാന്തത ഭാസിച്ചേട്ടനെ ഒന്നുകൂടി പ്രകോപിച്ചു. അയാൾ വീണ്ടും ഉച്ചസ്ഥായിയിൽ കത്തിക്കേറി. 


"ഒന്നും അറിയില്ല അല്ലേ..? ഇന്നലെ എന്റെ കെട്ട്യോളെ വിളിച്ചു നിങ്ങട പറമ്പിലേക്ക് പുല്ലും കാടും കയറീന്ന് പരാതി പറഞ്ഞതോ..?"


"അതുള്ളതല്ലേ.. ചേട്ടനോട് ഇവിടെ വരെ  വന്ന് നോക്കാനല്ലേ പറഞ്ഞുള്ളു."


"അതാ പറഞ്ഞത്, പറമ്പിന് മതില് കെട്ടണോന്ന്. അതിരേൽ കമ്പി വേലി കെട്ടി, അതിലേക്ക് കൊറേ ചെടി കേറ്റി വിട്ടേച്ച്  അയലോക്കപ്പറമ്പീന്ന് കാട് വന്നേ,പുല്ല് വന്നേന്നും പറഞ്ഞു മറ്റുള്ളോരെ മെനക്കെടുത്താനായിട്ടു…"


ഇടക്കിടെ പറമ്പ് സന്ദർശനം നടത്തുമ്പോൾ

"എന്തെടുക്കുവാ കൊച്ചേന്ന്"   ലോഹ്യം പറയാറുള്ള ഭാസിച്ചേട്ടന് ഇതുവരെ കണ്ടിട്ടില്ലാത്ത  ഭാവം. കൂടെയുള്ളത്  സ്ഥിരം ജോലിക്കാരൻ രമേശനല്ല. പുതിയൊരു പയ്യൻ.


"ചേട്ടൻ ഒച്ചവെക്കാതെ പുല്ല് വെട്ടിച്ചിട്ട് പോ...മുറ്റത്ത് പല പ്രാവശ്യം പാമ്പിനെ കണ്ടത് കൊണ്ടല്ലേ. മിനിങ്ങാന്ന്  സന്ധ്യയ്ക്ക് ഈ നടയിലായിരുന്നു മൂർഖന്റെ കിടപ്പ്. ചവിട്ടാതിരുന്നത്  ഭാഗ്യം."


ജെനിയുടെ സൂക്ഷിച്ചടക്കിപ്പിടിച്ച ദേഷ്യം കുറേശ്ശേയായി പുറത്തേക്ക് വന്നു.


 "പുല്ലു വെട്ടാനോ..? ഏയ്‌...അതൊന്നും നടപ്പില്ല കൊച്ചേ... ഈ മഴേത്ത് പുല്ലു വെട്ടിയങ്ങ് നീങ്ങണേന്റെ പിറ്റേയാഴ്ച്ച കാടായിരിക്കും.  നിങ്ങക്ക് പുല്ലും വെട്ടി തന്നോണ്ടിരിക്കാൻ ഇവിടാർക്കാ നേരം..? 

ദേ.. ഇവൻ മരുന്നടിക്കാരനാ. ഒരൊറ്റ ആഴ്ച്ച, എല്ലാം കരിഞ്ഞു സൂപ്പറാകും. പിന്നെ ഉടനേങ്ങും  പുല്ല് കേറുകേല."


"അയ്യോ..മരുന്നോ…? അത് വിഷമല്ലേ ചേട്ടാ...അപ്പോ ഈ കമ്പി അതിരിലെ  എന്റെ ചെടികളോ..?"


"ഓ.. അതാണോ...അതിന് ചെടിയേൽ വീഴാതെ നോക്കിയെപ്പോരെ..? ഇപ്പോ എല്ലാടത്തും മരുന്നടിയല്ലേ…"


ജനിക്ക് മറുപടി അവസരം കൊണ്ടുക്കാതെ, ഉള്ളിലെ നീരസത്തിന് ചേർന്ന വിധം സ്‌കൂട്ടർ രണ്ടു മൂന്ന് പ്രാവശ്യം ഉച്ചത്തിൽ ഇരപ്പിച്ച ഭാസിച്ചേട്ടൻ ഒറ്റപ്പോക്ക്. മരുന്നടിക്കാരൻ പയ്യൻ അവളെ ദയനീയമായി  നോക്കി.


"ഞാനെന്ത് ചെയ്യാനാ ചേച്ചി…ഇങ്ങനൊരു പൊല്ലാപ്പായിരുന്നേൽ വരൂല്ലായിര്ന്ന്. കഴിഞ്ഞ കൊല്ലോം ഞാനാ  ഇവിടെ വന്ന് മരുന്നടിച്ചത്. അപ്പൊ ഈ വീട് പണിതോണ്ടിരിക്കുവായിര്ന്ന്. ചേച്ചി തടസ്സം പറഞ്ഞ് എന്റെ ഒരു ദിവസത്തെ പണി കളയല്ലേ."


 ആ നേരം വരെ പെയ്ത പെരുമഴക്കു ശേഷമുള്ള തോർച്ചയിൽ വലിയൊരു അത്യാഹിതം മുൻകൂട്ടി കണ്ടപോലെ കമ്പി വേലിയിലെ വള്ളിച്ചെടികൾ പരസ്പരം നോക്കി. പുറത്തു ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന വേലക്കാരികളുടെ പതിവില്ലാത്ത  സംസാരം കേട്ട്  റാണി പുറത്തേക്ക് തല നീട്ടി. 


"എന്റെ റാണിയേ… നീയിതൊന്നും അറിയാത്തപോലെ ഇരുന്നോ.."


 മറുപടിയായി കൂട്ടിൽ നിന്നും ഒരു നീണ്ട മൂളൽ കേട്ടു.


ചാമ്പച്ചുവട്ടിൽ  തേനീച്ചപ്പെട്ടി വെച്ചിട്ട് അധികം നാളായിട്ടില്ല. റാണിയുടെ നേതൃത്വത്തിൽ ആ സമാന്തര രാജ്യം രൂപപ്പെടുന്നതേയുള്ളൂ. അധ്വാനിക്കുന്നവർ ഭരണം കയ്യാളുന്ന സുന്ദരരാജ്യം. 

കഠിനാധ്വാനികളായ വേലക്കാരികളും  തീറ്റ മാത്രം ശരണമായ  കുറെ മടിയന്മാരും നിറഞ്ഞൊരു ലോകം. രാജ്യത്തിന്റെ വളർച്ച നിയന്ത്രിക്കുന്നത് കുറെ മിടുക്കിപ്പെണ്ണുങ്ങളാണ്. തടിമിടുക്കുള്ള സുന്ദരി റാണിയെ വല്ലപ്പോഴുമേ പുറത്തു കാണാൻ കിട്ടാറുള്ളൂ. വേലക്കാരികൾ  രാവിലേ തന്നെ പണിക്കിറങ്ങും. മുറ്റത്തെ പൂക്കൾ മുഴുവൻ അവരുടേതാണ്.  മൂളക്കവുമായി ഒന്നിൽ നിന്നൊന്നിലേക്ക്  പറന്നു കൊണ്ടിരിക്കും. 


ജെനി വരാന്തയിലിരുന്ന് പയ്യൻ 

വിഷമടിക്കാൻ  കോപ്പു കൂട്ടുന്നത് നോക്കി. 'പറ്റില്ല' എന്ന ഒരൊറ്റ വാക്ക് ഭാസിച്ചേട്ടന് നേരെ നോക്കിപ്പറയാൻ കഴിയാത്ത ബുദ്ധിശൂന്യതയെ അവൾ പഴിച്ചു. ഓഫീസിൽ പോയ അലക്സിനെ വിളിച്ചു കാര്യം പറഞ്ഞാലോ എന്നാലോചിച്ചു നിൽക്കുമ്പോൾ പയ്യന്റെ പ്രതിവിധി.


"ചേച്ചി വിഷമിക്കാതെ. മരുന്നടിച്ചു പോകുന്ന പുറകെ ഹോസെടുത്ത്  വെളളം ചീറ്റിച്ചാ മതി. ചെടികൾക്കൊന്നും പറ്റൂല്ലന്നേ..."


മൂക്കിനുള്ളിലേക്ക് കുത്തിക്കയറുന്ന രൂക്ഷ വിഷഗന്ധം. ഓരോ ഇലക്കും വള്ളിക്കും കുറെയേറെ നേരം ഹോസിലൂടെ  വെള്ളം ഒഴുക്കികൊടുത്തു.  ഈ മഴക്കാലത്ത് എന്തിനാ ഞങ്ങളെ കുളിപ്പിക്കുന്നത് എന്ന് ചോദിച്ചു നിൽപ്പാണെല്ലാം. ഇതുങ്ങളടെ മൂക്കടഞ്ഞിരുപ്പാണോ…? അവരുടെ സുഗന്ധം കൂടാതെ ലോകത്തിൽ ഇങ്ങനെ നാശത്തിന്റെ ഗന്ധവും ഉണ്ടെന്നറിയില്ലേ..?


പയ്യൻ പോകാൻ നേരം വന്ന് ബെല്ലടിച്ചു.


"ചേച്ചീ.. ഒരിത്തിരി വെളിച്ചെണ്ണ തന്നേ. ആ അതിരേൽ കടന്നാലോ തേനീച്ചയോ... ഒരു   കുത്തു കിട്ടി."


അവന്റെ വലത് തള്ളവിരൽ തിണർത്തു നീര് വെച്ചിരിക്കുന്നു. 


"മുള്ളപ്പഴേ എടുത്തു മാറ്റിട്ടും നല്ല കടച്ചില്. ആശൂത്രീ പോണോന്നാ തോന്നണത്."


അവൻ പോയിക്കഴിഞ്ഞ് ഒന്നൂടെ ചെടികളിൽ വെള്ളം ചീറ്റിച്ചു കൊണ്ട് ജെനി തേനീച്ചപ്പെട്ടിയിലേക്ക് നോക്കി. 


"അത് കടന്നലൊന്നുമല്ല, ഞങ്ങളാ..ഞങ്ങക്ക് ശ്വാസം മുട്ടീട്ടാ കുത്തിയത്. കുത്തിയവർ അവരുടെ ജീവൻ തന്നെ കളഞ്ഞാ കുത്തുന്നത്. കൂട്ടക്കാരെ രക്ഷിക്കാൻ പോകുന്ന ചാവേറുകൾക്ക് ജീവനും ജീവിതത്തിനും കൊതിയില്ലാഞ്ഞിട്ടല്ല."


പെട്ടിക്കുള്ളിൽ  നിന്നും കടുത്ത ദേഷ്യത്തിലാണ് മൂളക്കം. 


"ങാ..അതപ്പഴേ തോന്നി. ഒന്ന് പേടിപ്പിച്ചാ പോരായിരുന്നോ..? ഇതിപ്പോ അവന് കുത്തും കുത്തിയവർക്ക് മരണവും. "


"ഹും.. ഈ ഭൂമിയുണ്ടല്ലോ..അത് നിങ്ങടെ മാത്രമല്ല എന്ന് മനസ്സിലാകാത്തവരാ  കൂടുതലും.  അങ്ങനേള്ളോരെ ജീവൻ കളഞ്ഞും കുത്തണം. ഈ തീമഴയിൽ എത്ര പേര് വിഷമിച്ചെന്ന് വല്ല തിട്ടോമുണ്ടോ..? ചിറകുള്ളോര് പറന്നു രക്ഷപ്പെട്ടു. അതില്ലാത്തോരോ…? മണ്ണിനടീൽ കിടന്നു ശ്വാസം മുട്ടിയ പാവങ്ങളെപ്പറ്റി ആരെങ്കിലും ഓർക്കുന്നുണ്ടോ..? ഇപ്പോഴും ഞങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ട്. പണിക്കിറങ്ങിയ എന്റെ വേലക്കാരികളിൽ  കുറേപ്പേരെ കാണാനുമില്ല."


 റാണി തീരെ സൗഹൃദമില്ലാതെ കൂടിനുള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.


"അതിന് ഞാനയാളോട് പറഞ്ഞിട്ട് കേൾക്കേണ്ടേ റാണീ....നീ കേട്ടതല്ലേ എല്ലാം..?"


"എതിർക്കേണ്ട സമയത്ത് എതിർക്കുക തന്നെ വേണം. പിന്നീട്‌ പശ്ചാത്തപിച്ചിട്ടെന്ത് കാര്യം…? ഞങ്ങൾ എതിർക്കേണ്ടയിടത്ത്, അതാരായാലും  ജീവൻ വെടിഞ്ഞും  എതിർക്കുക തന്നെ ചെയ്യും. ഇവിടെ സമയത്തിനാണ് വില. നിങ്ങളുടെ  മൗനത്തിന്റെ ധൈര്യത്തിലാണ് ഈ പാതകം നടന്നത്. ചിലനേരങ്ങളിലെ നിശ്ശബ്ദത വലിയ കുറ്റമാകുന്നത് ഇങ്ങനെയാണ്. "


"അതായാളുടെ പറമ്പല്ലേ..?എന്റെ എതിർപ്പിന്  പരിധിയില്ലേ..?"


"അതിരും അധികാരവും കയ്യിലുണ്ടെങ്കിൽ നിങ്ങൾ മനുഷ്യർക്ക് എന്തുമാകാമല്ലേ..?"


അവളുടെ മൂളക്കം ഒന്നുകൂടെ പരുക്കനായി.


റാണിയുടെ ചോദ്യം ചെയ്യലിൽ  ജെനിയുടെ നാവിറങ്ങിപ്പോയി. ഭാസിച്ചേട്ടന്റെ പറമ്പിലെ മണ്ണിലും കാടുപടലങ്ങൾക്കിടയിലുമുള്ള അനേകം ചെറു ലോകങ്ങൾ എളുപ്പവഴിയുടെ ബുദ്ധി ശൂന്യതയിൽ നിമിഷങ്ങൾ കൊണ്ട്  നിശ്ചലമായിക്കഴിഞ്ഞു. 


പിറ്റേന്ന് രാവിലെ ചാമ്പക്കരികിലൂടെ നടന്നപ്പോഴാണ് ജെനിയെ ഞെട്ടിച്ച ആ കാഴ്ച്ച. ഒരു മധുരസാമ്രാജ്യത്തിന്റെ മഹാറാണി അവളുടെ കൊട്ടാരത്തിനു മുന്നിൽ കൊല്ലപ്പെട്ടു കിടക്കുന്നു. ചിറകുകൾ കൊണ്ട് മറയാത്ത കൊഴുത്തു ഭംഗിയുള്ള ശരീരം  രാത്രിയിൽ പെയ്ത മഴയിൽ മണലിൽ പുരണ്ടിട്ടുണ്ട്.  കൂടിനരികിൽ ആകെ താളപ്പിഴ. ദുഃഖിച്ചു മുരളുന്ന കാമുകന്മാരും  പണി മുഴുവനാക്കാതെ മടങ്ങി വരുന്ന ദാസിമാരും. ഇതിങ്ങനെ എത്ര നേരം തുടരുമെന്നറിഞ്ഞു കൂടാ. അരാജകത്വം  പൊറുക്കാത്ത കൂട്ടരാണ്. ഭരിക്കാൻ  റാണിയില്ലാതെ, പ്രേമിക്കുവാൻ കാമുകിയില്ലാതെ നിർദ്ദേശിക്കാൻ  യജമാനത്തിയില്ലാതെ  നിലനിൽക്കാനാവാത്ത സാമ്രാജ്യം. 


ജെനി ഓടിപ്പോയി തേനീച്ചപ്പെട്ടിക്കാരൻ സോമനെ ഫോൺ ചെയ്തു കാര്യം പറഞ്ഞു.


"അയ്യയ്യോ...ഒരു രക്ഷേമില്ല മാഡം. ഞങ്ങൾ വീട്ടിലെല്ലാവരും കോവിഡ് പോസിറ്റീവാ. പെട്ടെന്നൊരു റാണിയെ കൊണ്ടു വന്നു വെച്ചാൽ തീരുന്ന പ്രശ്നേയുള്ളു. പക്ഷേ ഇവിടെ നിന്ന് അനങ്ങാൻ പറ്റണ്ടേ….? ഇനീപ്പ പുതിയ സെറ്റ് വെക്കാം. ഒന്ന് സുഖാവട്ടെ."


ആ സാമ്രാജ്യത്തിന്റെ തകർച്ച പൂർണ്ണമാകാൻ പോകുന്നു. ശത്രുവിന്റെ  ആക്രമണത്തിൽ ദുരന്തമേറ്റു വാങ്ങിയ  റാണിയും കൂട്ടരും  ജീവനുമായി പലായനം ചെയ്യാനൊരുങ്ങുന്ന അവശേഷിച്ച   പ്രജകളും. നിങ്ങൾക്ക് ഞാനുണ്ട് എന്നൊരുറച്ച ശബ്ദമില്ലാത്ത രാജ്യം എങ്ങനെ പുലരാനാണ്..?


രണ്ടാം ദിവസം  തേനീച്ചപ്പെട്ടി ശൂന്യമായി. ചാമ്പച്ചുവട്ടിൽ മരണവീടിന്റെ  നിശ്ശബ്ദത. കൂടിനു മുന്നിൽ മരണപ്പെട്ടു കിടന്ന റാണിയുടെ ശവഘോഷയാത്ര  ഉറുമ്പുകൾ ഏറ്റെടുത്തു.  ഒഴിഞ്ഞ കൂടിന്റെ ആധിപത്യവും. പൂമ്പൊടിയും തേനും മൂക്കറ്റം കുടിച്ച അവർ അതിനുള്ളിൽ മത്തരായി മദിച്ചു നടന്നു. 


 പക്ഷേ, പിറ്റേന്ന് നേരം വെളുത്തപ്പോൾ  പൂക്കൾക്കിടയിൽ തേനുണ്ണാൻ ഈച്ചകൾ ഹാജർ. കാലിയായ  പഴയ കൂട്ടിലേക്കൊന്ന് നോക്കു പോലും ചെയ്യാതെ എങ്ങോട്ടോ അവർ പറന്നു മറഞ്ഞു. 


"ഇവിടെവിടെയോ അവരുണ്ട്. നമുക്ക് പറമ്പ് മൊത്തമൊന്നു നോക്കാം. ഏതെങ്കിലും മരക്കൊമ്പിൽ കൂട് കൂട്ടുന്നുണ്ടാകും. പുതിയ റാണിയേയും കിട്ടിക്കാണും". 


പറമ്പ് മുഴുവൻ അരിച്ചു പെറുക്കി നോക്കാൻ അലക്‌സും കുടെക്കൂടി.     

ക്ഷമയോടെ പൂച്ചെടികൾക്കരികിലിരുന്ന് അവരുടെ പറക്കൽ നിരീക്ഷിച്ചു. പൂക്കൾക്കിടയിൽ നിന്ന് തേനുമായി ഇവർ എങ്ങോട്ടാണ് പാഞ്ഞൊളിക്കുന്നത്..? 


 വെള്ളം എത്ര ചീറ്റിയൊഴിച്ചിട്ടും വിഷബാധയുടെ ഇരുണ്ട പുള്ളിക്കുത്തുകൾ കമ്പിവേലിയിലെ ചെടികളിലും പൂക്കളിലും  പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭാസിച്ചേട്ടന്റെ പറമ്പിലെ കാടും പടലും കരിഞ്ഞുണങ്ങി,  നിലം പൊത്തി, മണ്ണടിഞ്ഞ ജീവലോകത്തിന് മേലെ ഉണങ്ങിയ പുഷ്പചക്രങ്ങളായി.  

പെരുമഴക്കാലത്തെ വിചിത്രമായ ഒരു കരിഞ്ഞുണങ്ങൽ


 ഒരു മാസം കഴിഞ്ഞപ്പോൾ  പതിവ് ജോലിക്കാരൻ രമേശനുമായി ഭാസിച്ചേട്ടൻ പറമ്പിൽ പ്രത്യക്ഷപ്പെട്ടു. 


"ഇപ്പോ എങ്ങനെയുണ്ട്..? എല്ലാം ക്ലീനായില്ലേ കൊച്ചേ...പുല്ലു വെട്ടിക്കുവായിരുന്നേൽ  പഴയ പടിയായേനെ. ആ പ്ലാവേല് രണ്ട് ചക്ക മൂത്ത് കിടക്കുന്നു. ഈ മഴേത്ത് മധുരം കുറവാണ്. എന്നാലും പുഴുക്കിന് ബെസ്റ്റാ."


കഴിഞ്ഞ തവണ വഴക്കുണ്ടാക്കിയ ആളുടെ ഒരു കുശലം. ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും കരിഞ്ഞുണങ്ങിയ ചെടികൾ പൂർവ്വ സ്ഥിതിയിലാകുമോ…? മണ്ണു പുരണ്ടു നിലത്തു കിടന്ന റാണി ജീവൻ വെച്ച് പ്രജകളെ കൂട്ടിലേക്ക് തിരികെ കൊണ്ടു വരുമോ..? ഒന്നുറപ്പിച്ചു. അടുത്ത കൊല്ലം ഇതാവർത്തിക്കില്ല. അതിന് മുമ്പ് കാര്യങ്ങൾ പറഞ്ഞു തീർപ്പാക്കണം. 


ജെനി മുറ്റത്തു നിൽക്കെത്തന്നെ പ്ലാവിൽ നിന്നും രമേശന്റെ വിളി.


"ഭാസിച്ചേട്ടാ.. പ്ലാവിന്റെ പൊത്തിലൊരു തേനീച്ചക്കൂട്. ആ മൂലേൽ നിക്കണ പാണലില കൊറച്ചിങ്ങു പറിച്ചു താ…"


"ആഹാ....അത് കൊള്ളാല്ലോടാ.. തേനെടുക്കാൻ മാത്രോണ്ടോ..?"


"അതിനീ മഴക്കാലത്ത് എവിടെയാ ചേട്ടാ തേൻ..? "


"ഈ മഴയങ്ങു കഴിയട്ടെ. അപ്പൊ തേൻ റെഡിയാകും. ഇപ്പൊ നല്ല തേനെങ്ങും കിട്ടാനില്ല."


റോഡരികിൽ  സംസാരിച്ചു നിന്ന ഭാസിച്ചേട്ടൻ വിളച്ചു പറഞ്ഞു. 


ജെനി പ്ലാവിലേക്ക് സൂക്ഷിച്ചു നോക്കി. കുറച്ചുയരത്തിലായി  പൊത്തിലുണ്ട് തേനീച്ചക്കൂട്ടം. പൂക്കൾക്കിടയിലെ വേലക്കാരികൾക്ക് കള്ളി വെളിച്ചത്തായതിന്റെ പരുങ്ങൽ.


 പാണലില കയ്യിൽ തിരുമ്മി, അത് കടിച്ചു പിടിച്ചു  മുകളിലേക്ക് കയറുകയാണ് രമേശൻ. തേനീച്ചകൾ കൂട്ടത്തോടെ  പ്ലാവിൽ നിന്നും പറന്ന് പുറത്തേക്കു പറന്ന്  പൂത്തു നിൽക്കുന്ന മഴലില്ലികളെ ചുറ്റിപ്പറക്കാൻ തുടങ്ങി. 


"കള്ളക്കൂട്ടങ്ങളെ... എന്റെ പൂക്കളിൽ നിന്ന് തേനും കട്ടോണ്ടു ഭാസിച്ചേട്ടന്റെ പ്ലാവിൽപ്പോയി ഒളിച്ചിരുപ്പാ..ല്ലേ…?"


"പിന്നല്ലാതെ..പുതിയ റാണി പറഞ്ഞാൽപ്പിന്നെ ഞങ്ങള് കേൾക്കണ്ടേ…?"


 കോറസ്സായി മൂളിയ അവർ ലില്ലിപ്പൂക്കൾ കയറിയിറങ്ങി.


വീടിനുള്ളിലേക്ക് പോയ ജെനി, 

നിമിഷനേരം കൊണ്ട് റോഡരുകിൽ പെട്ടെന്ന് രൂപപ്പെട്ട  ആൾക്കൂട്ടവും  ശബ്ദവും  അറിഞ്ഞതേയില്ല. പരിഭ്രമശബ്ദം വീടിനുള്ളിൽ  തേടിയെത്തിയ നേരം അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി, അന്തം വിട്ടു. അവശനായ ഭാസിച്ചേട്ടനെ രമേശനും വേറൊരാളും ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി പാഞ്ഞു പോകുന്നു. 


"എന്താ..ഭാസിച്ചേട്ടനിതെന്തുപറ്റി…?  ഇപ്പൊ ഇവിടെ നിൽക്കുന്നത് കണ്ടതാണല്ലോ..?"


"തേനീച്ച കുത്തിയതാ ചേച്ചീ. ആ ചേട്ടന്റെ കരച്ചില് കേട്ടാ ഞങ്ങളോടി വന്നത്. പ്ലാവിൽ ചക്കയിട്ടപ്പോൾ കൂടനങ്ങിയതായിരിക്കും."


ജെനി പെട്ടെന്ന് ലില്ലിക്കൂട്ടത്തിലേക്ക് നോക്കി. അവിടാരുമില്ല. ഭാസിച്ചേട്ടനരുകിലേക്ക് എപ്പോഴാണ് ഈ കൂട്ടം പറന്നത്...?


അന്ന് വൈകുന്നേരം ഭാസിച്ചേട്ടന്റെ പറമ്പിൽ നിന്നും ചക്കയേറ്റി വരുന്ന രമേശൻ. 


ഭാസിച്ചേട്ടന് എങ്ങനെയുണ്ട് രമേശാ..?


"ഏയ്‌..കൊഴപ്പോന്നൂല്ല. ആളിപ്പോഴും സെന്റ് ജോസപ്പിലാ."


"കുത്തു കുറെയുണ്ടായിരുന്നോ..?"


"ങാ... നല്ല കുത്തു കിട്ടി. മൊഖോക്കെ അങ്ങു ചീർത്തു. ആർക്കും അങ്ങോട്ടടുക്കാൻ പറ്റിയില്ല. ഓടിച്ചിട്ട് കുത്തുവല്ലാര്ന്നോ. എന്റെ ചേച്ചീ, ഭാസിച്ചേട്ടന്റെ ഭാഗ്യത്തിനാ കൃത്യ നേരത്ത് ആ ഓട്ടോ കിട്ടിയത്."


"ചക്കയിട്ടപ്പോൾ കൂട്ടിലെങ്ങാനും തട്ടിയോ..?"


"അതിന് കൂട് പൊക്കത്തിലല്ലേ… ചക്കയിട്ടു തിരിഞ്ഞപ്പോഴേ റോഡരികിൽ നിന്നും ചേട്ടന്റെ കരച്ചിൽ കേട്ട്.  ഇതെങ്ങനെ കുത്തു കിട്ടീന്നാ എനിക്ക്  മനസ്സിലാകാത്തത്."


"അതേ, എനിക്ക് മനസ്സിലാകുന്നുണ്ട് ആ ചാവേറുകളെ."


സ്‌കൂട്ടറിൽ പോകുന്ന  രമേശനെ നോക്കി ജെനി മന്ത്രിച്ചു. അപ്പോഴാണ് ചാമ്പച്ചുവട്ടിലെ തേനീച്ച കൂട്ടിലെ  ഇരമ്പം ജെനി ശ്രദ്ധിച്ചത്.  അവിടെ പുതിയ റാണിയുടെ നേതൃത്വത്തിൽ നഷ്ട സ്വർഗ്ഗം  പുനഃസ്ഥാപിക്കുന്നതിന്റെ ആരവം..


പിറ്റേന്ന് തേനീച്ചപ്പെട്ടിക്കാരൻ സോമന്റെ വിളി.

 

"നാളെ ഞാൻ അതിലേ വരുന്നുണ്ട് മാഡം. നമുക്ക് പുതിയ സെറ്റ് ഈച്ചകളെ വെക്കേണ്ടെ..?"


"വേണ്ട സോമൻ ചേട്ടാ... ഈച്ചകളെല്ലാം കൂട്ടിലുണ്ട്. എങ്ങും പോയിട്ടില്ല."


"അപ്പോ റാണി ചത്തു, എല്ലാം പറന്ന് പോയീന്ന് കഴിഞ്ഞ മാസം പറഞ്ഞതോ..?"


"ഓ..അതോ….അവൾ കൂട്ടിൽ തന്നെയുണ്ട്. ചത്തത് വേറ ഈച്ച.".


അവൾ നോക്കിനിൽക്കേ തേനീച്ചക്കൂട്ടം ഒരിരമ്പലോടെ കൂടിനു വെളിയിലിറങ്ങി,  പലതായി ചിതറി.  കുറെപ്പേർ റോസാപ്പൂക്കളിൽ,കുറേപ്പേർ ലില്ലിപ്പൂകളിൽ, ഇനിയും കുറേപ്പേർ ജമന്തിപ്പൂക്കളിൽ, പിന്നെ കുറേപ്പേർ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിത്തിരിഞ്ഞങ്ങനങ്ങനെ….


(mediaoneonline.com,1stJanuary 2023)